ഒരിക്കൽ മാത്രം ഒന്ന് സംസാരിക്കാമോ എന്നുള്ള നിരന്തരമായ മെസ്സേജ് കണ്ട് മടുത്ത ഞാൻ അയാളെ ബ്ലോക്ക്‌ ചെയ്യാൻ തീരുമാനിച്ചു.. മെസ്സേജുകൾക്ക് മറുപടി ഇല്ലെങ്കിൽ സംസാരിക്കാൻ താല്പര്യമില്ല എന്ന്…..

മുരളീധരൻ എന്നൊരാൾ എല്ലാദിവസവും എനിക്ക് മെസ്സേജ് അയയ്ക്കും….

ഒരിക്കൽ മാത്രം ഒന്ന് സംസാരിക്കാമോ എന്നുള്ള നിരന്തരമായ മെസ്സേജ് കണ്ട് മടുത്ത ഞാൻ അയാളെ ബ്ലോക്ക്‌ ചെയ്യാൻ തീരുമാനിച്ചു..

മെസ്സേജുകൾക്ക് മറുപടി ഇല്ലെങ്കിൽ സംസാരിക്കാൻ താല്പര്യമില്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും മനുഷ്യർക്കില്ലേയെന്ന് ഞാൻ ഓർത്തുപോയി.

പുതിയ തലമുറയിലെ മനുഷ്യർ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നവരല്ല, എന്നാൽ നാല്പതുകൾക്ക് മുകളിലേക്കുള്ള മിക്ക മനുഷ്യരും മറ്റുള്ളവരെ വീക്ഷിക്കുന്നവരാണ്…

ഉള്ളത് പറയാമല്ലോ പ്രായമായ മനുഷ്യരെക്കൊണ്ടാണ് ഒരു രക്ഷയും ഇല്ലാത്തത് …..

ബ്ലോക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് വീണ്ടും അയാളുടെ വോയിസ്‌ മെസ്സേജ്

ഞാനത് ഓപ്പൺ ചെയ്തു,

സദാ സ്നേഹത്തെ കുറിച്ച് മാത്രം എഴുതുമെങ്കിലും,സഹജീവികളോട് ഒരല്പം പോലും കരുണ കാണിക്കാൻ പറ്റാത്ത നിങ്ങൾക്ക് സ്നേഹം വാക്കുകളിൽ വർണ്ണിക്കാൻ മാത്രമേ അറിയൂ അല്ലെ, സത്യത്തിൽ നിങ്ങൾ വെറും പൂജ്യമാണ് വട്ടപ്പൂജ്യം…

എന്റെ ഹൃദയത്തിലാ വാക്കുകൾ കൊണ്ടു എന്നുള്ളത് ശരിയാണ്.

എന്റെ എഴുത്തുകളിൽ മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ,
ജീവിതത്തിൽ അത് കിട്ടുകയോ, പകർന്നു കൊടുക്കാൻ കഴിയുകയോ ചെയ്യാത്ത ഒരു സ്ത്രീയാണല്ലോ ഞാനെന്ന് വേദനയോടെ ഞാൻ ഓർത്തു.

അല്ലെങ്കിൽത്തന്നെ കള്ളങ്ങൾ മെനഞ്ഞ് കഥകൾ എഴുതുന്ന ഒരാളെ സ്നേഹമുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണ്

ഞാൻ അയാളുടെ പ്രൊഫൈൽ എടുത്തു നോക്കി..

കൊമ്പൻ മീശയുള്ള, ഗൗരവം നിറഞ്ഞ മുഖഭാവമുള്ള ഒരു മനുഷ്യൻ
പക്ഷെ, കണ്ണുകളിൽ ഒളിഞ്ഞു കിടക്കുന്ന ദയനീയത ഒറ്റ നോട്ടത്തിൽ എനിക്ക് കണ്ടുപിടിക്കാനായി..

ഞാൻ അയാൾക്ക് വോയിസ്‌ മെസ്സേജ് അയച്ചു.

എന്താണ് എന്നോട് പറയാനുള്ളത്..??

അപ്പോൾ മാത്രമെന്റെ ശബ്ദം ഞാൻ ഏറ്റവും മൃദുലമാക്കി…

എന്റെ പിഞ്ചു കുഞ്ഞുങ്ങളോട് പോലും ഞാൻ അത്രയും മൃദുലമായി സംസാരിക്കാറില്ലല്ലോയെന്ന് എനിക്കപ്പോൾ തോന്നി.

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്
ദേഷ്യം വരുന്ന, ശബ്ദമുയർത്തി സംസാരിക്കുന്ന,എനിക്ക് മൃദുലമായി സംസാരിക്കാൻ തീരെ അറിയുമായിരുന്നില്ല….

അല്ലെങ്കിലും അറിവില്ലായ്മകളിൽ ജീവിക്കുന്ന ഒരാളായിരുന്നല്ലോ ഞാൻ..

അയാൾ കുറെ ചിത്രങ്ങൾ എനിക്കയച്ചു തന്നു..

ഒരു വട്ടമേ അതിലേക്ക് നോക്കാനെനിക്കായുള്ളൂ,
വീണ്ടും ഒന്നുകൂടി നോക്കാനുള്ള കരളുറപ്പ് എനിക്കുണ്ടായിരുന്നില്ല..

അയാൾ വീണ്ടും വോയിസ്‌ മെസ്സേജ് അയച്ചു…

അണലി കടിച്ചതാണത്രേ…
കടിച്ച ഭാഗം ഇപ്പോഴും വ്രണങ്ങങ്ങൾ വരും..
വ്രണങ്ങൾ കൂടിക്കൂടി, കുറേ മാംസം പുറത്തേക്കുന്തി ആ ഭാഗം കണ്ടാൽ ഭയം തോന്നും..
കുറെയേറെ വർഷങ്ങളായത്രേ..
ആ ഒറ്റക്കാരണക്കൊണ്ട് കാമുകിയും ഉപേക്ഷിച്ചു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം അനിയന്റെ കൂടെയായിരുന്നു താമസം, അവന്റ ഭാര്യക്ക് താനൊരു അധിക ബാധ്യതയാണെന്ന് തോന്നിയപ്പോൾ അവിടെ നിന്നും ഇറങ്ങി.

പൊളിഞ്ഞു വീഴാറായ തറവാട്ടുവീട് ഇപ്പോഴും അവശേഷിക്കുണ്ട്…അതുകൊണ്ട് കിടന്നുറങ്ങാൻ ഒരിടമുണ്ട്..

ഞങ്ങളെപ്പോലെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യരെക്കുറിച്ച് കൂടെ കുട്ടി എഴുതണം.

ഞാൻ മ.രി .ച്ചാൽ ആ.ദ.രാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എന്റെയൊരു ഫോട്ടോ കുഞ്ഞിന് പോസ്റ്റ് ചെയ്യാൻ ഒക്കുമോ??
കുഞ്ഞത് പോസ്റ്റ്‌ ചെയ്താൽ ഒരുപാട് ആളുകൾ കാണുമത്രേ…കൂട്ടത്തിൽ പഴയ ആ കാമുകിയും അറിഞ്ഞോളുമെന്ന്…

എനിക്കാ വാക്കുകൾ കേട്ടപ്പോൾ ഹൃദയത്തിലെവിടെയോ കട്ടുറുമ്പ് കടിക്കും പോലെ നൊന്തു

ചേട്ടന്റെ നമ്പർ തരുമോ എന്ന് ചോദിക്കുമ്പോൾ…
എനിക്കത്ഭുതം തോന്നി.

ആരോടും സ്നേഹം കാണിക്കാൻ അറിയാത്ത ഞാൻ ഒരു മനുഷ്യനോട് സ്നേഹപൂർവം സംസാരിക്കുന്നു.

അയാൾ നമ്പറയച്ചു…

അപ്പോൾ തന്നെ ഞാൻ വിളിച്ചു…

ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ കാത്തിരുന്നതുപോലെ ആ മനുഷ്യൻ പറഞ്ഞു കൊണ്ടേയിരുന്നു..
ആരും ജോലി കൊടുക്കാൻ തയ്യാറാവാത്തതിനെക്കുറിച്ച്…

അയൽവക്കക്കാരുടെ കരുണ കൊണ്ട് വിശപ്പാറ്റുന്നതിനെക്കുറിച്ച്…

അയലത്തെപയ്യനാണത്രെ അവന്റെ പഴയ ഫോൺ അദ്ദേഹത്തിന് കൊടുത്തത്.

ഫോൺ ചാർജ് ചെയ്തു കൊടുക്കുന്നതും അവനാണത്രെ…

പുതിയ തലമുറയെ കുറ്റം പറയുന്നവരോടൊക്കെ എനിക്കപ്പോൾ പുച്ഛം തോന്നി….

പുതിയ തലമുറയിലെ കുറച്ച് പേർ മാത്രം വഴിപിഴച്ചു പോയി എന്ന് വച്ച് എല്ലാവരെയും കുറ്റം പറയുകയും , പഴയതലമുറയാണ് ഏറ്റം നല്ലതെന്ന് പറയുകയും ചെയ്യുന്നവരെയോർത്ത് എനിക്ക് ചിരി വന്നു.

ഒറ്റയ്ക്കിരിക്കുമ്പോൾ വായനയാണത്രെ
ഇപ്പോഴത്തെ കൂട്ട്….

ഇപ്പോഴിപ്പോൾ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് മനസ്സ് സ്വയം ചോദിച്ചു തുടങ്ങി….
മറ്റുള്ളവരുടെ കാരുണ്യത്തിൽ മാത്രം ജീവിക്കേണ്ടി വരുന്നതാണ് കുഞ്ഞേ ഏറ്റവും വേദന…

എനിക്ക് മനസ്സിലായി ,
അയാൾക്ക് ആ മനസ്സൊന്ന് തുറക്കണമായിരുന്നു…..
അത്രയേ അയാൾ ആഗ്രഹിച്ചിട്ടുള്ളൂ…..

പുരുഷമാരൊക്കെ വെറും കോഴികളാണെന്ന് വിചാരിക്കുന്ന ഞാൻ എന്തൊരു പുരുഷവിരോധിയാണെന്ന് എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി…

രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞ് അയാളുടെ വീടന്വേഷിച്ചു ചെല്ലുമ്പോൾ അയാൾ നഖം കടിച്ചുകൊണ്ട് മുറ്റത്ത് ഇരിക്കുകയായിരുന്നു…

എന്നെക്കണ്ട് ഒന്ന് പകച്ചു, പിന്നെ ചിരിച്ചു…

ഒരിടത്ത് സഹായി ആയി നിൽക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു..

എനിക്കാരും ജോലി തരില്ല മോളെയെന്ന് മാത്രം പറഞ്ഞു

ശരിയാണ്… കാലുകണ്ടാൽ ഭയവും അറപ്പും തോന്നും…മാത്രമല്ല ഇടത് കാലിന് അധികം ബലം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.
ചികിത്സ കൊണ്ടൊന്നും ഒരു കുറവും ഉണ്ടായിട്ടില്ലത്രേ.

ജോലി ശരിയാക്കിയിട്ടാണ് ഞാൻ വന്നതെന്ന് പറഞ്ഞിട്ടും വിശ്വസിക്കാനാവാതെ അയാളെന്നെ നോക്കി…

ഞാൻ തന്നെ അദ്ദേഹത്തെ സ്കൂട്ടറിൽ
ആ ജോലിസ്ഥലത്ത് കൊണ്ടാക്കി.

ഇടത്തരംവലിപ്പമുള്ള ചായക്കടയാണ്.

അടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാനായി
ഒരുപാട് ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ്…അതുകൊണ്ട് അത്യാവശ്യം തിരക്കുണ്ട്…

ലഘുഭക്ഷണവും, ചായയും ധാരാളമായി വിറ്റഴിയുന്നുണ്ട്..

അവിടെ അതൊക്കെ എടുത്തുകൊടുക്കാൻ നിന്നാൽ മതി…..

സ്വന്തം കാലിലേക്ക് നോക്കിയിട്ട്,
ഞാനിവിടെ നിന്നാൽ ഇവിടുത്തെ വരുമാനം നിലയ്ക്കും കുഞ്ഞേ… ഈ കാലും കണ്ടോണ്ട് ചായ കുടിക്കാൻ ആരെങ്കിലും വരുമോ
എന്ന് പറയുന്ന ആ മനുഷ്യനിലാണ് ഞാൻ നന്മയുടെ തിളക്കം കണ്ടത്…

മുണ്ട് മടക്കിക്കുത്താതെ ഇരുന്നാൽ മതിയല്ലോ… അങ്ങനെ കാലിലേക്കൊന്നും ആരും നോക്കില്ല..ഞാൻ ഗൗരവത്തോടെ പറഞ്ഞു.

ആ മനുഷ്യൻ എന്നെ അത്ഭുതത്തോടെ നോക്കി… സ്നേഹത്തെക്കുറിച്ച് മാത്രം എഴുതുന്ന ഒരുവൾ ഇത്രയും മൂശാട്ട
പിടിച്ച സ്ത്രീയോ എന്ന് കരുതിയിരിയ്ക്കാം…

പിന്നെയൊരിക്കലും ഞാനായാളെ കാണാൻ പോയില്ല…

ഞാൻ പറഞ്ഞില്ലേ ഞാൻ മനുഷ്യരിൽ നിന്നും അകന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്.. ശീലം അതാണ്…

പക്ഷെ ഞാൻ അറിയുന്നുണ്ടായിരുന്നു…
നിരാശയിൽ മുങ്ങിക്കിടന്ന ആ മനുഷ്യൻ ജീവിക്കാൻ പഠിച്ചു തുടങ്ങിയെന്ന്…

മതി.. ഇനിയൊരു നന്ദിവാക്ക് പോലും എനിക്കാവശ്യമില്ല…

ആ മനുഷ്യന്റെ മെസ്സേജുകൾ ഇപ്പോഴും വരാറുണ്ട്..

ഞാൻ നോക്കാറില്ല…..

ഞാൻ ഇതിന് മുൻപും പലവട്ടം പറഞ്ഞിട്ടില്ലേ..
സ്നേഹം എഴുത്തിൽ മാത്രമേ ഉള്ളൂ, ഉള്ളുകൊണ്ട് ഞാനൊരു മുരടത്തി മാത്രമാണ്….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *