എടാ.. എനിക്കിനി പിടിച്ചു നിൽക്കാൻ പറ്റില്ല… വീട്ടിൽ കല്യാണാലോചനകളുടെ പൂരമാണ്. എന്തേലും ഉടനെ ചെയ്തെ പറ്റുള്ളൂ.. ” ഏറെ ആശങ്കയിലായിരുന്നു ലക്ഷ്മി അന്ന് .….

“നിതിൻ… നീ …. ”

” ലക്ഷ്മി… ”

ഒരു നിമിഷം അവർ പരസ്പരം ഞെട്ടലോടെ നോക്കി നിന്നു.

ഇപ്പോഴുള്ള ഈ ഞെട്ടലിന് പിന്നിൽ ഒരു കുഞ്ഞു കഥയുണ്ട്.

കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് നിതിനും ലക്ഷ്മിയും തമ്മിൽ. ഇപ്പോൾ വർഷങ്ങൾ മൂന്ന് കഴിയുന്നു. നിതിൻ ഒരു കാർ ഷോ റൂമിൽ മാനേജർ ആയി ജോലി നോക്കുന്നു ലക്ഷ്മിയാകട്ടെ ടെക്നോ പാർക്കിലും വർക്ക്‌ ചെയ്യുന്നു. രണ്ടാക്കും തങ്ങളുടെ പ്രണയം വീട്ടിൽ അവതരിപ്പിക്കണമെന്നും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകാണമെന്നുമൊക്കെ വലിയ ആഗ്രഹമുണ്ട് പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്.. നിതിന്റെ അച്ഛൻ ദിവാകരനും ലക്ഷ്മിയുടെ അച്ഛൻ രാജേന്ദ്രനും വലിയ ചങ്ങാതിമാരായിരുന്നു. നാട്ടിലെ ക്ഷേത്രത്തിലെ പ്രധാന ഭാരവാഹികളായിരുന്ന രണ്ട് പേരും ഒരിക്കൽ ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ പരിശോധിക്കുന്ന സമയം പരസ്പരം ഒന്ന് തെറ്റി. ചെറിയൊരു പിണക്കമായിരുന്നെങ്കിലും തമ്മിലുള്ള ഈഗോ അവരെ വല്യ ശത്രുക്കളാക്കി. അങ്ങനുള്ളപ്പോൾ തങ്ങളുടെ പ്രേമം രണ്ട് വീട്ടിലും പറഞ്ഞാലുള്ള പുകിലെന്താകുമെന്ന് അവർക്ക് തന്നെ ഊഹിക്കാവുന്നതേ ഉള്ളു.

” എടാ.. എനിക്കിനി പിടിച്ചു നിൽക്കാൻ പറ്റില്ല… വീട്ടിൽ കല്യാണാലോചനകളുടെ പൂരമാണ്. എന്തേലും ഉടനെ ചെയ്തെ പറ്റുള്ളൂ.. ”

ഏറെ ആശങ്കയിലായിരുന്നു ലക്ഷ്മി അന്ന് .

” എന്റെയും അവസ്ഥ ഇത് തന്നെയാണ് ദേ ഇന്ന് വൈകുന്നേരം ഒരു പെണ്ണ്കാണലിനു പോകണം ന്ന് പറഞ്ഞേക്കുവാ അച്ഛൻ.. ഒഴിഞ്ഞു മാറാൻ നോക്കീട്ട് നടന്നിട്ടില്ല… ”

നിതിൻ പറഞ്ഞത് കേട്ട് അവന്റെ അരികിലായി ഇരുന്നു ലക്ഷ്മി.

“ഇത് തന്നാ വീട്ടിലും സീൻ.. ഇന്നൊരു പെണ്ണ് കാണൽ. ഒഴിവാക്കാൻ പറ്റുന്നില്ല…. ഇനി വൈകിച്ചൂടാ.. നമ്മുടെ കാര്യത്തിൽ ഉടനെ തീരുമാനമാക്കണം. ”

അവൾ പറഞ്ഞത് കേൾക്കെ അതേ തീരുമാനം തന്നെ മനസ്സിൽ ഉറപ്പിച്ചു നിതിനും.

” നമുക്ക് രെജിസ്റ്റർ ചെയ്യാം… അതാകുമ്പോ നിയമപരമായി ഒരു പരിരക്ഷ കിട്ടും.. ”

“കൊള്ളാം…കൊള്ളാം.. അതിന്റെ നൂലാ മാലകളെ പറ്റി അറിയോ നിനക്ക്.. ആ എന്തോ ആകട്ടെ എന്തായാലും ഇന്നത്തെ പെണ്ണ് കാണൽ നമുക്ക് രണ്ടാൾക്കും കുളമാക്കണം… ബാക്കിയൊക്കെ പിന്നേ തീരുമാനിക്കാം.. ദൈവം കൈ വിടില്ല നമ്മളെ…”

ലക്ഷ്മി വല്ലാത്ത ആത്മവിശ്വാസത്തിലായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ട് അവൾ നിതിനു നേരെ തിരിഞ്ഞു.

” അതേ… മോൻ കൂടുതൽ അണിഞ്ഞൊരുങ്ങാനൊന്നും നിൽക്കേണ്ട കേട്ടോ.. ചിലപ്പോ പെണ്ണിന് നിന്നെ ഇഷ്ടമായാൽ എല്ലാം കൈവിട്ട് പോകും.. ”

കുസൃതി ചിരിയോടെ ലക്ഷ്മിയത് പറയുമ്പോൾ അവളെ നോക്കി പുഞ്ചിരിച്ചു നിതിനും.

” നീ നോക്കിക്കോ.. ഏറ്റവും കൂതറ ലുക്കിൽ തന്നെ ഞാൻ ഇന്ന് പോകും… ഒറ്റ നോട്ടത്തിൽ പെണ്ണ് നോ പറയണം അതാണ്‌ എന്റെ ലക്ഷ്യം ”

“അത് കലക്കി… ഞാനും അത് തന്നാ പ്ലാൻ.. പിന്നേ അവസരം ഒത്തു കിട്ടിയാൽ നമ്മടെ പ്രണയം തുറന്ന് പറഞ്ഞു ആ ചെക്കനെ സ്വയം പിന്മാറാൻ നിർബന്ധിക്കണം. ”

ലക്ഷ്മിയും പദ്ധതി മെനഞ്ഞിരുന്നു.

” അപ്പോ ശെരി മോളെ.. എല്ലാം മംഗളമാകട്ടെ… രാത്രി വിളിക്കാം.. ”

യാത്ര പറഞ്ഞു കൊണ്ട് നിതിൻ ബൈക്കിലേക്ക് കയറുമ്പോൾ തന്റെ സ്‌കൂട്ടിയ്ക്ക് അരികിലേക്ക് പോയി ലക്ഷ്മിയും.

” ലവ് യൂ…. ”

ചെറു പുഞ്ചിരിയോടെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ആ ബൈക്ക് കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു ലക്ഷ്മി.

വൈകുന്നേരം സിറ്റിയിലെ ഒരു കോഫി ഷോപ്പിലായിരുന്നു നിതിന്റെ പെണ്ണുകാണൽ. പ്ലാൻ ചെയ്ത പ്രകാരം തലമുടി ചീകാതെ… ഷർട്ടിനു ഒട്ടും മാച്ച് അല്ലാത്തൊരു പാന്റുമിട്ട് അവൻ റെസ്റ്റുറെന്റിൽ എത്തി. ഒപ്പം ബ്രോക്കറും ഉണ്ടായിരുന്നു.

” മോനെ.. ദേ നോക്ക് ആ ലാസ്റ്റ് ടേബിളിൽ പുറം തിരിഞ്ഞിരിക്കുന്നതാണ് കുട്ടി.. നീ ചെന്ന് സംസാരിക്ക് ഞാൻ ഇവിടെ നിൽക്കാം.. ”

ബ്രോക്കർ ചൂടിക്കാട്ടിയ ഭാഗത്തേക്ക്‌ നോക്കിയ നിതിന്റെ നെറ്റി ചുളിഞ്ഞു കാരണം ആ ഇരിക്കുന്ന പെൺകുട്ടി.. മുഖം കണ്ടില്ലെങ്കിൽ പോലും പിൻതിരിഞ്ഞിരിക്കുന്ന അവളെ ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞു നിതിൻ.

” അത്.. അത് ലക്ഷ്മിയല്ലേ…”

സംശയത്തിൽ ഒരു നിമിഷം നോക്കി നിന്നു അവൻ.

” ലക്ഷ്മി… ”

ശേഷം ഉറക്കെ വിളിച്ചു കൊണ്ട് നിതിൻ അവൾ ക്കരികിലേക്ക് അടുത്തു.

ആരംഭത്തിൽ സൂചിപ്പിച്ച ഞെട്ടൽ ഇവിടെ ഉടലെടുത്തതായിരുന്നു.

” എടാ.. നീ.. നീ എന്താ ഇവിടെ…. ”

സംശയത്തിൽ അതിലേറെ അതിശയത്തിൽ ലക്ഷമി ചോദിക്കുമ്പോൾ സന്തോഷത്തിൽ നിതിന്റെ മിഴികൾ തുളുമ്പിയിരുന്നു.

” ലക്ഷ്മി.. ഇത്.. എനിക്ക് ഒന്നും മനസിലാകുന്നില്ല.. ഇത് നമ്മുടെ വീട്ടുകാർ നമുക്ക് വച്ച സർപ്രൈസ് ആണെന്ന് തോന്നുന്നു … ഞാൻ.. ഞാൻ കാണാൻ വന്ന പെണ്ണ് അത് നീയാണ്… നീ കാണാൻ വന്ന ചെക്കൻ ഞാനും. ”

ഇത്തവണ നിതിൻ പറഞ്ഞത് കേൾക്കെ ലക്ഷ്മിയും ഒന്ന് ഞെട്ടി..

“എടാ… അതെങ്ങിനെ.. നമ്മുടെ വീട്ടുകാർ വഴക്കിലല്ലേ… അപ്പോ പിന്നേ എങ്ങിനെ… ”

ആ ചോദ്യത്തിന് മറുപടിയില്ലായിരുന്നു നിതിന്റെ പക്കൽ എന്നാൽ ചെറു പുഞ്ചിരിയിൽ അകലെ നിൽക്കുന്ന ബ്രോക്കറെ നോക്കവേ.. അതുറപ്പിച്ചു അവൻ. അപ്പോഴേക്കും ഫോൺ പെട്ടെന്ന് റിങ് ചെയ്തു. ദിവാകരനായിരുന്നു വിളിച്ചത്. അതോടെ ഇതവരുടെ പ്ലാൻ തന്നെയാണെന്ന് നിതിൻ പൂർണ്ണമായും മനസിലാക്കി..

” അച്ഛാ.. ”

സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല അവന്.

” ടാ മോനെ.. എങ്ങിനുണ്ട് പെണ്ണ് കാണൽ ”

ആ ചോദ്യത്തിന് മുന്നിൽ. മറുപടിയില്ലായിരുന്നു നിതിനു. അത് മനസിലാക്കവേ പതിയെ തുടർന്ന് ദിവാകരൻ

“എടാ മോനെ…ശെരിയാ ഞാനും രാജേന്ദ്രനും തമ്മിൽ പിണക്കത്തിലാണ്… പക്ഷെ അത് വെറും ഈഗോ പ്രശ്നമാണ്. ഒന്നാകാൻ ഒരു അവസരം കിട്ടിയാൽ ഞങ്ങൾ രണ്ടാളും അത് വിടില്ല.. നിങ്ങൾക്കിടയിൽ ഇങ്ങനൊരു ഇഷ്ടമുണ്ടെങ്കിൽ ആ പിണക്കത്തിന്റെ അവസാനം ഇങ്ങനെ ആകട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു. എനിക്കൊപ്പം ദേ രാജേന്ദ്രനും ഉണ്ട്.. നിങ്ങടെ ഇഷ്ടം എന്നോട് പറഞ്ഞത് ഇവനാണ്… അങ്ങിനെയാണ് ഈ സർപ്രൈസ് ഞങ്ങൾ പ്ലാൻ ചെയ്തത്.. ”

ദിവാകരൻ ഒന്ന് നിർത്തുമ്പോൾ സന്തോഷത്തിൽ നിതിന്റെയും ലക്ഷ്മിയുടെയും മിഴികൾ ഒരുപോലെ നിറഞ്ഞു.

” മക്കളേ നിങ്ങൾ സന്തോഷത്തോടെ ഇരിക്ക് നിങ്ങടെ ഇഷ്ടം ഞങ്ങൾക്കും സമ്മതമാണ് “.

അത് പറഞ്ഞത് രാജേന്ദ്രനായിരുന്നു.

” അച്ഛാ.. അച്ഛൻ എങ്ങിനെ അറിഞ്ഞു ഞങ്ങടെ ഇഷ്ടം…. ആരും അറിയാതെ രഹസ്യമായി സൂക്ഷിച്ചതാണ് ഞങ്ങൾ ”

ലക്ഷ്മിയുടെ ആ ചോദ്യം കേട്ട് പൊട്ടിച്ചിരുന്നു രാജേന്ദ്രൻ.

” എന്റെ മോളെ ഈ അടുത്ത് നമ്മൾ കണ്ട ഒരു സിനിമയിലെ കഥ പോലാ ആ സംഭവം… നിങ്ങടെ ഇഷ്ടം നിങ്ങൾ രഹസ്യമാക്കി വച്ചു . പക്ഷെ എ ഐ ക്യാമറ അത് പരസ്യമാക്കി. നിന്റെ സ്‌കൂട്ടി എന്റെ പേരിൽ അല്ലെ.. രണ്ടും കൂടി അതിൽ ഹെൽമറ്റ് വയ്ക്കാതെ കറങ്ങിയതിന്റെ ഫൈൻ വീട്ടിൽ വന്നു വിത്ത് ഫോട്ടോ.. അതോടെ നിങ്ങടെ രഹസ്യം പരസ്യമായി.. ”

ആ മറുപടി കേൾക്കെ അറിയാതെ തലയിൽ കൈ വച്ചു പോയി ലക്ഷ്മി. നിതിനും അറിയാതെ ചിരിച്ചു പോയി.

” രണ്ടാളും വേഗം ഇങ്ങ് പോര്.. ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്.. ”

അത് പറഞ്ഞത് ദിവാകരനാണ്.. കോൾ കട്ട്‌ ആകുമ്പോൾ അതിയായ സന്തോഷത്തിൽ പരസ്പരം നോക്കിപ്പോയി നിതിനും ലക്ഷ്മിയും.

“ഞാൻ പറഞ്ഞില്ലേ നിതിൻ ദൈവം നമ്മളെ കൈ വിടില്ല.. കണ്ടില്ലേ എല്ലാം ഓക്കേ ആയത് ”

ആ ചോദ്യം കേൾക്കേ അതിയായ സന്തോഷത്തിൽ ലക്ഷ്മിയേ വാരി പുണർന്നു നിതിൻ.

” അയ്യയ്യേ.. ഈ പിള്ളേര് കൊളമാക്കോ . ”

നാണത്താൽ ചുറ്റും നോക്കി ബ്രോക്കറും

“ഇതെന്തോന്ന് കൂതറ പെർഫ്യൂമാടാ നീ അടിച്ചേക്കുന്നേ… തലവേദനയെടുക്കുന്നു”

കരവലയത്തിനുള്ളിൽ നിന്നുകൊണ്ട് ലക്ഷ്മിയത് ചോദിക്കുമ്പോൾ പൊട്ടിച്ചിരിച്ചു പോയി നിതിൻ..

” അത് പിന്നേ ഒരു കാരണവശാലും കാണാൻ വരുന്ന പെണ്ണ് എന്നെ കണ്ടിട്ട് യെസ് പറയരുത്.. അതിനു വേണ്ടി ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്‌തു പെണ്ണെ..”

” ബെസ്റ്റ്.. ”

അറിയാതെ പറഞ്ഞു പോയി ലക്ഷ്മി…

അങ്ങിനെ ആ പ്രേമവും വിജയിച്ചു….

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *