“ഇന്ന് ഫ്രീയാണോ..? എത്രയാ റേറ്റ്..?കഴിഞ്ഞ തവണ വന്ന സ്ഥലത്ത് തന്നെ വരാമോ?”
ക്ഷീണിച്ചവച്ചയായി കിടക്കുമ്പോൾ മായയുടെ ഫോണിൽ മെസേജുകൾ വന്നുകൊണ്ടിരുന്നു. മെസ്സേജുകൾ കോളുകൾ ആയി മാറിയപ്പോൾ അവൾ ഫോൺ സൈലന്റ് ആക്കിവെച്ചു.
ശരീരം എല്ലാം വരിഞ്ഞു മുറുകുന്നത് പോലെ.. കൺകോണിൽ എവിടെയോ നനവ് കിനിഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൾ കണ്ണുകൾ ഇറക്കി അടച്ചു.
മുപ്പത്തിരണ്ട് വയസ്സുള്ള മായ ഒരു ലൈംഗിക തൊഴിലാളി ആയിരുന്നു.അവൾ താമസിച്ചിരുന്നത് ഒരു ചെറിയ വാടക മുറിയിലാണ്.
അപ്പുറത്തെ രണ്ടു മുറികളിലും ഇതേ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളാണ്.അവർക്ക് കുറച്ചുകൂടി പ്രായമായതുകൊണ്ട് ഒട്ടുമിക്കപേർക്കും ആവശ്യം മായയെ ആണ്.
മായയ്ക്ക് പതിനെട്ടു വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ മരിച്ചത്. അമ്മ വീട്ടുപണിക്കു പോയി കിട്ടുന്ന നക്കാ പിച്ച കൊണ്ട് വേണമായിരുന്നു രണ്ടു പെൺമക്കളെ വളർത്താൻ.
മായക്ക് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ അവസ്ഥ കണ്ട് പ്രീഡിഗ്രിക്ക് ശേഷം പഠനം നിർത്തി അവൾ ഒരു തുണി കടയിൽ ജോലിക്ക് കയറി.
അവൾക്ക് അന്ന് വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. സ്വന്തം ശമ്പളം കൊണ്ട് അമ്മയ്ക്ക് നല്ലൊരു സാരി വാങ്ങണം, അനിയത്തിയെ നല്ലതുപോലെ പഠിപ്പിക്കണം ഇത്രമാത്രം.
അങ്ങനെയിരിക്കയാണ് അവൾ കൂടെ ജോലി ചെയ്യുന്ന ആന്റണിയുമായി ഇഷ്ടത്തിലാകുന്നത്. നല്ല സ്വഭാവം എല്ലാവരോടും നല്ല പെരുമാറ്റം. ആന്റണി ഒരു അനാഥനായിരുന്നു.അച്ഛനും അമ്മയും അവന് എട്ടുവയസ്സുള്ളപ്പോഴാണ് മരിച്ചത്.
അതുകൂടി അറിഞ്ഞപ്പോൾ മായയ്ക്ക് ആന്റണിയോടുള്ള ഇഷ്ടം ഇരട്ടിയായി. കുറേക്കാലം ആരും അറിയാതെ മായ തന്റെ പ്രണയം സൂക്ഷിച്ചെങ്കിലും ഒരിക്കൽ ആന്റണിയോടൊപ്പം യാത്ര ചെയ്യുന്നത് അച്ഛന്റെ അനിയനായ ശേഖര ചെറിയഛൻ കണ്ടു. പിന്നെ വീട്ടിൽ വഴക്കായി അടിയായി.
“ചേച്ചി…കണ്ട ക്രിസ്ത്യാനി ചെക്കന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ ആണോ നിങ്ങൾ മക്കളെ പഠിപ്പിച്ചത്? അതും ആരോരും ഇല്ലാത്ത അനാഥ ചെക്കൻ. എന്റെ ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇതിവിടെ നടക്കുമോ? ”
അയാളുടെ ചോദ്യത്തിന് മുന്നിൽ അപമാനം സഹിക്കവയ്യാതെ അന്ന് അമ്മ അവളെ പൊതിരേ തല്ലി.
ആ വാശിക്കാണ് അമ്മയും ചെറിയച്ഛനും കൂടി ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അവളുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. അവൾ കരഞ്ഞു കാലു പിടിച്ചെങ്കിലും സ്വന്തം അമ്മ പോലും അവളെ കേൾക്കാൻ തയ്യാറായില്ല.
വിവാഹശേഷം ആദ്യത്തെ കുറച്ചു ദിവസങ്ങൾ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.പിന്നീട് ഭർത്താവിന്റെ മദ്യപാനവും വഴക്കുകളും അതിരുകടന്നു. പല ദിവസങ്ങളും അയാൾ മദ്യപിച്ചു വന്ന് മായയെ ഉപദ്രവിക്കും.
അവൾ എവിടെയെങ്കിലും ജോലിക്ക് പോയാലും അത് പറഞ്ഞ് തല്ലും.എന്നാൽ അവൾ കൊണ്ടുവരുന്ന പണം മാത്രം അയാൾക്ക് കൃത്യമായി വേണമായിരുന്നു.
ഒരു ദിവസം ശമ്പളം മുഴുവൻ അയാൾ ബലം പ്രയോഗിച്ചു വാങ്ങിക്കൊണ്ടുപോയി.
“മുഴുവൻ കൊണ്ടുപോകല്ലേ എനിക്ക് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉള്ളതാണ്.” അവൾ കെഞ്ചി.
“നിന്റെ അമ്മയെ നോക്കാൻ നിന്റെ അനിയത്തിയില്ലേ അവിടെ..കെട്ടിച്ചുവിട്ട മോള് കൊണ്ടുവരണതും നോക്കിയിരിക്കുകയാണോ ആ വൃത്തികെട്ട തള്ള..”
അയാൾ മദ്യലഹരിയിൽ പുലമ്പി.അവൾ പിന്നെ ഒന്നും പറഞ്ഞില്ല എന്നും കേട്ട് തഴമ്പിച്ച വാക്കുകൾക്ക് എന്ത് മറുപടി പറയാൻ ആണ്.
അഞ്ചുവർഷം അവൾ അയാളോടൊപ്പം ഉള്ള നരകജീവിതം തള്ളിനീക്കി. വിവാഹമോചനത്തിന് കേസ് കൊടുക്കാൻ പണമില്ലായിരുന്നു. വീണ്ടും അയാളിലേക്ക് തന്നെ തിരികെ പോകാൻ മനസ്സും അനുവദിച്ചില്ല.
ഒടുക്കം എല്ലാം ഉപേക്ഷിച്ച് അവൾ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു.കുറച്ചുനാൾ സ്വന്തം വീട്ടിൽ നിന്നു.അവിടെയും ചെറിയച്ഛൻ പ്രശ്നമായി വന്നു.
“നല്ലൊരു ബന്ധം ഉണ്ടാക്കി കൊടുത്തിട്ട് അവളുടെ അഹങ്കാരം കൊണ്ട് ഇറങ്ങിപ്പോന്നതല്ലേ..?മറ്റവനെയും മനസ്സിൽ ഇട്ട് നടക്കുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകും. ഇങ്ങനെ ഇവിടെ നിന്നാൽ ഇളയവളുടെ കല്യാണം നടക്കുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ?”
അയാളുടെ ചോദ്യത്തിനു മുന്നിൽ അമ്മ പോലും മറുത്തു ഒരക്ഷരം മിണ്ടിയില്ല. അതാണ് അവളെ ഏറെ വേദനിപ്പിച്ചതും.
അവൾ വീണ്ടും ജോലിക്ക് ശ്രമിച്ചു.തുണിക്കടയിൽ പഴയ ശമ്പളത്തിൽ തിരിച്ചു കയറാൻ പറ്റിയില്ല.മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ വേറെയും. അപ്പോഴൊക്കെ ദൂരെ എവിടെയെങ്കിലും മാറിനിന്ന് ജോലി ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചു.എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ..
അങ്ങനെയാണ് അകന്ന ഒരു പരിചയക്കാരിയുടെ സഹായത്തോടെ അവൾ ദൂരെ ഒരിടത്ത് ജോലിക്ക് എത്തിയത്. തുണി കടയിലേക്കാണ് എന്ന് പറഞ്ഞാണ് അവർ അവളെ അങ്ങോട്ട് കൊണ്ടുപോയത്. പക്ഷേ അവിടെ എത്തിപ്പെട്ടപ്പോഴാണ് ചതിക്ക പെട്ടെന്ന് തിരിച്ചറിഞ്ഞത്.
രക്ഷപ്പെടാൻ കുറെവട്ടം ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.രക്ഷപ്പെട്ടാലും എങ്ങോട്ട് പോകാൻ.. തന്നെ മനസ്സിലാക്കാത്ത വീട്ടിലേക്കോ..?
ആദ്യമൊക്കെ അവൾ വേറെ ജോലി തേടി രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. പിന്നീട് ആ ശ്രമം കുറഞ്ഞു..
കാരണം അവൾക്ക് പണം ആവശ്യമായിരുന്നു.വിശക്കുമ്പോൾ ഭക്ഷണം കഴിക്കണമായിരുന്നു..ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ വീട്ടിലേക്ക് പൈസ അയക്കണമായിരുന്നു.. അങ്ങനെ ഇഷ്ടം ഇല്ലാതിരുന്നിട്ടും അവൾ സ്വന്തം ശരീരം മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച വെച്ചു.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച രാവിലെ അമ്മയുടെ ഫോൺ വന്നു
“നീ എപ്പോഴാണ് വീട്ടിലേക്ക് വരുന്നത്?”
” എന്തിനാണ്..? ” മായ ചോദിച്ചു.
“ദിവ്യയുടെ മോളുടെ പിറന്നാളാണ്.”
“ഞാൻ വരണോ?” അവൾ മടിച്ചു മടിച്ചു ചോദിച്ചു.
അമ്മ കുറച്ച് സമയം മിണ്ടാതിരുന്നു.
” നിന്റെ അനിയത്തിയുടെ കുഞ്ഞിന്റെ പിറന്നാളാണ്. എത്ര വർഷങ്ങളായി നീ ഇവിടെ നിന്ന് പോയിട്ട്.പൈസ അയക്കുകയല്ലാതെ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട് എത്രയായി.. ഇനി എല്ലാം നിന്റെ ഇഷ്ടം. “അവർ മൗനം പാലിച്ചു.
മായ ഫോൺ വെച്ചു. അവൾക്ക് പോകണമെന്നുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരുടെ ചോദ്യങ്ങളെ അവൾക്ക് ഭയമായിരുന്നു. ഓരോ ചോദ്യത്തിനും തനിക്ക് കള്ളം പറയേണ്ടി വരുമെന്ന് അവൾക്കറിയാമായിരുന്നു. സത്യം പറഞ്ഞാൽ എല്ലാവരും തന്നെ വെറുക്കുമെന്ന് അവൾ വിശ്വസിച്ചു.
അതേസമയം താൻ പടുത്തുയർത്തിയ കള്ളത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ജീവിക്കുന്നതും അവൾക്ക് മടുത്തു തുടങ്ങിയിരുന്നു. അവസാനം പോകേണ്ട എന്ന തീരുമാനത്തിൽ തന്നെ അവൾ എത്തി.
അന്ന് ജോലി കഴിഞ്ഞ് തളർന്ന് വന്ന് കിടക്കുമ്പോഴാണ് അവൾ ഫോൺ എടുത്തു നോക്കിയത്. അതിൽ അനിയത്തിയുടെ ഫോട്ടോ കണ്ടു. പിറന്നാൾ കേക്കിന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന അവളുടെ മകളും.
മായയുടെ കണ്ണുകൾ നിറഞ്ഞു ഒരിക്കൽ താനും ഇങ്ങനെ ഒരു നിമിഷം സ്വപ്നം കണ്ടതാണെന്ന് അവൾ ഓർത്തു. ഫോട്ടോയിൽ അമ്മയുണ്ടായിരുന്നു. മായ ചിത്രം സൂം ചെയ്തു നോക്കി. അമ്മയ്ക്ക് പ്രായം ആയിരിക്കുന്നു.
അവൾ ഫോൺ മാറ്റിവെച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറങ്ങാനേ കഴിഞ്ഞില്ല.അന്ന് രാത്രി അവൾ മദ്യപിച്ചു. പതിവില്ലാത്ത രീതിയിൽ ഒരുപാട് കുടിച്ചു. രാവിലെ ഉണർന്നപ്പോൾ വല്ലാത്ത തലവേദനയും ഛർദിയും ആയിരുന്നു. അവൾ ചുറ്റും നോക്കി.
ചുവരിൽ പഴയ ഒരു കലണ്ടർ,മേശപ്പുറത്ത് കാലിയായ വെള്ളം കുപ്പി, ജനലരികിൽ ഉണങ്ങാൻ ഇട്ട വസ്ത്രങ്ങൾ, ഒരു മൂലയിൽ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകൾ.
“ഇതാണോ എന്റെ ജീവിതം? ” അവൾ സ്വയം ചോദിച്ചു പക്ഷെ ആ ചോദ്യത്തിന് അവൾക്ക് ഉത്തരം കിട്ടിയില്ല.
“ഈ നശിച്ച ജോലി ഉപേക്ഷിച്ചേ മതിയാകൂ..” അവൾ മനസ്സിൽ ഉറപ്പിച്ചു.
” തനിക്കും മറ്റുള്ളവരെപ്പോലെ നല്ലൊരു ജീവിതം വേണം.എല്ലാവരുടെ മുന്നിലും തലയുയർത്തി നിൽക്കണം. വീട്ടുകാരോടൊപ്പം കഴിയണം ആരെങ്കിലും അറിയും മുന്നേ മറ്റെന്തെങ്കിലും ജോലി കണ്ടുപിടിച്ചേ മതിയാകു.. ” അവൾ തീരുമാനിച്ചു.
അങ്ങനെ രണ്ടുമൂന്നു ദിവസം അവൾ ജോലി തേടിയലഞ്ഞു. പക്ഷേ ഒന്നും ശരിയായില്ല സങ്കടവും കരച്ചിലും വന്നു മുറിയിൽ തളർന്നിരിക്കുമ്പോഴാണ് അമ്മയുടെ കോൾ വന്നത്. ആദ്യം അവൾ ഫോൺ എടുത്തില്ല.തുടർച്ചയായി രണ്ടുമൂന്നു തവണ വിളിച്ചപ്പോൾ അവൾക്ക് ദേഷ്യം വന്നു.ഒടുവിൽ ഫോൺ എടുത്തു.
“എന്താ അമ്മേ?”
“നീ എവിടെയാ?” അവർ ഗൗരവത്തോടെ ചോദിച്ചു.
” മുറിയിൽ.. “അവൾക്കെന്തോ പന്തികേട് തോന്നി.
” നിനക്ക് അവിടെ ശരിക്കും എന്താ പണി? “ദേഷ്യത്തോടെയുള്ള അവരുടെ ചോദ്യത്തിന് മായ മറുപടിയൊന്നും പറഞ്ഞില്ല.
“ഞാൻ ചോദിച്ചത് കേട്ടില്ലേ?”അവരുടെ ശബ്ദം ഉയർന്നു.
” ഞാൻ എന്റെ ജോലിക്ക് പോകുന്നു. ” അമ്മ എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത്? ” അവൾ പരുങ്ങി.
“എന്ത് ജോലി എന്നാണ് ചോദിച്ചത്?” അവരുടെ ശബ്ദം കൂടുതൽ ഉയർന്നു.മായയുടെ മൗനം അമ്മയെ കൂടുതൽ അസ്വസ്ഥയാക്കി.
” നാട്ടിൽ പല സംസാരങ്ങളും കേൾക്കുന്നുണ്ട്. നീ മാനംകെട്ട പണി ചെയ്താണ് അവിടെ ജീവിക്കുന്നത് എന്നൊക്കെയാണ് പലരും പറയുന്നത് അതൊക്കെ സത്യമാണോ? ”
മായ കണ്ണാടിയിൽ തന്നെ നോക്കി നിന്നു.. അവളുടെ ശരീരം വിറച്ചു.മേശപ്പുറത്ത് തുറന്നു വെച്ചിരുന്ന ലിപ്സ്റ്റിക്കിന്റെ അടപ്പ് അവൾ അടച്ചു.
“ആരാ പറഞ്ഞത്?” അവൾക്കുള്ളിൽ പരിഭ്രമം നിറഞ്ഞു.
” ആരു പറഞ്ഞു എന്നതാണോ വിഷയം? ഞാൻ നിന്റെ അമ്മയല്ലേ നാട്ടുകാരുടെ മുന്നിൽ എനിക്ക് തല ഉയർത്തി നടക്കണ്ടേ.?. ചെറിയച്ഛൻ വന്ന് എന്തൊക്കെയാണ് പറഞ്ഞതെന്നോ..? ”
ആ പേര് കേട്ടപ്പോൾ മായയുടെ മുഖം മാറി
“ഓഹോ അപ്പൊ അയാളാണ് പറഞ്ഞതല്ലേ.. എല്ലാരും കൂടി എന്റെ ജീവിതം തകർത്തിട്ട് ഇപ്പോൾ തല ഉയർത്തി നടക്കാൻ പറ്റുന്നില്ല അല്ലേ..?”
“നീ എന്തൊക്കെയാണ് പറയുന്നത്.. കള്ളത്തരം പിടിച്ചപ്പോൾ നല്ലവൾ ആകാൻ നോക്കേണ്ട…”അവരുടെ ശബ്ദം കടുത്തു.
“ഞാൻ നല്ലവൾ ആകാൻ ശ്രമിക്കുന്നില്ല അമ്മേ.. പക്ഷെ ഒരിക്കലെങ്കിലും നിങ്ങൾ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?ആരു മനസ്സിലാക്കിയില്ലെങ്കിലും എന്റെ അമ്മ എന്റെ കൂടെ നിൽക്കുമെന്ന് ഞാൻ കൊതിച്ചിരുന്നു.അതും വെറുതെയായി.
ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കണം എന്ന് ഞാൻ അന്ന് കാലുപിടിച്ച് കരഞ്ഞു പറഞ്ഞതല്ലേ.. കേട്ടോ നിങ്ങൾ? പോരാഞ്ഞിട്ട് അയാളുടെ വാക്കുകേട്ട് സ്വന്തം മകളെ കൊലയ്ക്ക് കൊടുക്കാനും കൂട്ടുനിന്നു.
ഒടുക്കം ആ കുടിയന്റെ പീഡനവും സഹിച്ചു അഞ്ചു വർഷം ഞാൻ ആ നരകത്തിൽ ജീവിച്ചപ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ചോദിച്ചിട്ടുണ്ടോ മോളെ നിനക്ക് സുഖമാണോ എന്ന്… രണ്ടും കൽപ്പിച്ച് അയാളിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ നിങ്ങളെന്നെ ചേർത്തു നിർത്തും എന്ന് ഞാൻ പ്രതീക്ഷിച്ചു. അവിടെയും എനിക്ക് തെറ്റി.
അയാളുടെ വാക്ക് കേട്ട് അവിടെ നിന്നും എന്നെ പുറംതള്ളിയില്ലേ?ഒടുക്കം ആത്മഹത്യ ചെയ്യാതിരിക്കാൻ ഞാൻ ഓടി രക്ഷപ്പെട്ടത് ഒരു പടുകുഴിയിലേക്ക് ആയിപ്പോയി.
എനിക്ക് ഭക്ഷണം കഴിക്കാൻ പണം വേണമായിരുന്നു അമ്മേ.. അന്ന് ആരെങ്കിലും എനിക്ക് നേരെ ഒരു കൈ നീട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല.ആരും എന്നെ മനസ്സിലാക്കിയില്ല.” അവളുടെ വാക്കുകൾ ഇടറി
“അപ്പോൾ ഞങ്ങളെല്ലാം നിന്റെ ശത്രുക്കൾ ആണെന്നാണോ..” അവർ ദേഷ്യത്തോടെ ചോദിച്ചു.
” ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.. സ്വന്തം ജീവിതം നശിച്ചിട്ടായാലും നിങ്ങൾ നന്നായിരിക്കണം എന്നാണ് ഞാൻ കരുതിയിരുന്നത്… അമ്മയ്ക്ക് വേണ്ടി..അനിയത്തിക്ക് വേണ്ടി..കുടുംബത്തിന് വേണ്ടി എന്റെ ഇഷ്ടങ്ങൾ പലതുംത്യജിച്ചു.
ഇഷ്ടമില്ലാത്ത കല്യാണത്തിന് സമ്മതിച്ചതും എല്ലാവരും സമാധാനത്തോടെ ജീവിക്കട്ടെ എന്ന് കരുതിയാണ്.പക്ഷേ അവസാനം എനിക്ക് മാത്രം എല്ലാം നഷ്ടമായി സ്വന്തം ജീവിതം പോലും . എന്നിട്ട് എല്ലാവർക്കും വേണ്ടത് പേരും മാനവും ആണ്. ” അവളുടെ ശബ്ദം ഉയർന്നു.
” നീ നിന്റെ തെറ്റിനെ ന്യായീകരിക്കുകയാണ്.. ” ആ വാക്ക് മായയെ നിശബ്ദയാക്കി. അമ്മ തുടർന്നു.
“നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് അതൊന്നും കേൾക്കണ്ട..”
” അമ്മയ്ക്ക് കേൾക്കണ്ട എങ്കിൽ കേൾക്കണ്ട.. പക്ഷേ എന്റെ ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോൾ അതിന്റെ മറുപടി തരേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. “മായയുടെ കണ്ണുകൾ നിറഞ്ഞു.
” ഇനി നാട്ടുകാരോട് ഞാനെന്തു മറുപടി പറയും.. നീ അത് പറഞ്ഞു താ
എനിക്ക്..”
“ഇപ്പോഴും അമ്മയ്ക്ക് ആവലാതി എന്റെ ജീവിതത്തെ കുറിച്ചല്ല.നാട്ടുകാരെ കുറിച്ചാണ്.”അവൾ പുച്ഛത്തോടെ പറഞ്ഞു
“നീ പരിധി വിടരുത് മായെ..”
അവൾ ചിരിച്ചു. “ഈ പരിധിക്കുള്ളിൽ ഞാൻ അകപ്പെട്ടിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞമ്മേ…എനിക്കിഷ്ടമില്ലാത്ത ജീവിതം ജീവിച്ചു. സഹിക്കാൻ പറ്റാത്തതൊക്കെയും സഹിച്ചു.എന്റെ ജീവിതം മറ്റുള്ളവർ വിധിയെഴുതി. ഇനി ഇതിൽ കൂടുതൽ എന്തുവേണം?.” അമ്മ മറുപടി പറഞ്ഞില്ല
“ഞാൻ അമ്മയെ ധിക്കരിച്ച് സംസാരിക്കുന്നതല്ല. ഈ ലോകത്ത് ഇതൊക്കെ പറയാൻ എനിക്ക് അമ്മ മാത്രമേയുള്ളൂ.. പക്ഷേ അമ്മയ്ക്കും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഞാൻ ആരോടാണ് പറയേണ്ടത്?”
അങ്ങേ തലയ്ക്കൽ കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം അവർ തുടർന്നു.
“ഈ നാറിയ ജീവിതം തുടരാനാണ് ഉദ്ദേശം എങ്കിൽ എന്നെ നീ ഇനി അമ്മ എന്ന് വിളിക്കണ്ട..എനിക്കും എന്റെ മോൾക്കും തല ഉയർത്തി നടക്കണം.”
“ശരി അമ്മേ..”അവൾ ഫോൺ വെച്ചു.
കുറച്ചുനേരം അവൾ അതേപടിയിരുന്നു. അമ്മ വീണ്ടും വിളിക്കുമോ എന്നറിയാൻ അവൾ ഫോണിലേക്ക് നോക്കി. ഒന്നും സംഭവിച്ചില്ല.
പിന്നീട് അവൾ അമ്മയുടെ നമ്പർ എടുത്തു. വിരൽ ബ്ലോക്ക് എന്ന ഓപ്ഷനിലേക്ക് പോകും മുന്നേ അവൾ ഒരിക്കൽ കൂടി അമ്മ എന്ന പേരിലേക്ക് നോക്കി.
ചെറുപ്പത്തിൽ പനി വന്നപ്പോൾ രാത്രി മുഴുവൻ കൂട്ടിരുന്ന അമ്മ..സ്കൂളിൽ പോകാൻ സ്നേഹം ആഹാരപൊതിയായി തന്ന അമ്മ..വിവാഹ ദിവസം കരഞ്ഞുകൊണ്ട് യാത്രയാക്കിയ അമ്മ.. ആ ഓർമ്മകൾ ഒന്നും അവൾക്ക് മറക്കാൻ കഴിയുമായിരുന്നില്ല.
എങ്കിലും അവൾ നമ്പർ ബ്ലോക്ക് ചെയ്തു. താൻ മകൾ ആണെന്ന് പറയാൻ അമ്മയ്ക്ക് നാണക്കേടാണെന്ന തിരിച്ചറിവ് വന്നതുകൊണ്ട് മാത്രം.
മുറിയിൽ നിശബ്ദത നിറഞ്ഞു. മായ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു.കണ്ണുകൾ ചുവന്നിരുന്നു. കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ അവൾ തുടച്ചു മാറ്റി , മുഖം കഴുകി,മുടി ചീകി.
മേശപ്പുറത്ത് കിടന്നിരുന്ന ലിപ്സ്റ്റിക്ക് ചുണ്ടുകളിൽ മെല്ലെ പുരട്ടി.കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് സ്വന്തം മുഖം തന്നെ അപരിചിതമായി തോന്നി.
അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചു. അപരിചിതമായ ഒരു നമ്പർ ആയിരുന്നു അവൾ കാൾ എടുത്തു.
“ഹലോ, ഇന്ന് ഫ്രീയാണോ?”
അവൾ കണ്ണാടിയിൽ നിന്ന് കണ്ണെടുക്കാതെ നിന്നു.
” എവിടെയ വരേണ്ടത്? “അവൾ ചോദിച്ചു.
അയാൾ സ്ഥലവും സമയവും പറഞ്ഞു. പിന്നെ ചോദിച്ചു
“റേറ്റ് എത്രയാണ്?”
മായ പതിവുപോലെ തുക പറഞ്ഞു. “ശരി.” കാൾ അവസാനിച്ചു.
കണ്ണുകളിൽ വീണ്ടും വെള്ളം നിറഞ്ഞു തുളുമ്പി കവിളിലൂടെ ഒലിച്ചിറങ്ങിയെങ്കിലും അവളത് തുടച്ചില്ല. ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു.
മുഖത്ത് ഒരു പുഞ്ചിരിയും വരുത്തി അവൾ പുറത്തേക്ക് ഇറങ്ങി. തീർത്തും ഒരു അനാഥയെ പോലെ…
✍️അംബിക ശിവശങ്കരൻ
