“അമ്മേ… ഈ ചിന്നു എൻ്റെ മുടി പിടിച്ചു വലിക്കാ… “അമ്മിണികുട്ടീടെ പിണക്കം കേട്ട് മുറ്റമടിച്ചു നിന്ന ലക്ഷ്മി തിരിഞ്ഞ് നോക്കി…
“ചിന്നൂട്ടി.. ചേച്ചി പാവല്ലേ അങനെ ചെയ്യല്ലേ..” അവൾ ചെറുതായി കണ്ണുരുട്ടി കാണിച്ചു പറഞ്ഞതും കുഞ്ഞിപെണ്ണും കുഞ്ഞരി പല്ല് കാണിച്ചു ചിരിച്ചു…
അവൻ വീണ്ടും തൻ്റെ ജോലിയിലേക്ക് കടന്നു… മക്കൾ വീണ്ടും കളിയും തുടങ്ങി… അവർക്ക് അടുത്തേക്ക് വിവേക് ചായയുമായി വന്നിരുന്നു.
” എന്തുവാ അച്ഛേടെ കുട്ടന്മാര് അടികൂടുവാണോ…” അവൻ മക്കളോട് ചോദിച്ചു.
“അച്ഛേ ഈ ചിന്നു എൻ്റെ മുടി വലിച്ചു…” അവൾ അച്ഛനോട് പരാതി പറഞ്ഞു.. പിന്നെ അച്ഛനും മക്കളും ആയി… അത് ചിരിയോടെ നോക്കി തൻ്റെ ജോലി തുടർന്നു ലക്ഷ്മി…
ഇടയ്ക്കിടെ അവളെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ട് വിവേക്… അതിന് തിരികെ കണ്ണുരുട്ടി കാണിക്കയും ചെയ്തവൾ…
മുറ്റമടിച്ച ശേഷം കൈയും കാലും വൃത്തിയാക്കി അവൾ അവരുടെ അടുത്തേക്ക് നടന്നു… ഇടയ്ക്ക് വച്ച് അവൾക്ക് എന്തോ കണ്ണിൽ ഇരുട്ടു കയറുന്നപോലെ തോന്നി… അവളെ തന്നെ നോക്കി ഇരുന്ന വിവേക് വേഗം അവളുടെ അടുത്തേക്ക് പോയി…
“ലച്ചൂ.. എന്താടാ എന്ത് പറ്റി….” അവൻ അവളെ താങ്ങി പിടിച്ചു തിണ്ണയിലേക് ഇരുത്തി..
“അറിയില്ല വിവിയേട്ടാ എന്തോ… “അവൾ തളർചയോടെ അവൻ്റെ മേലേക്ക് ചാഞ്ഞു.
“അമ്മിണി വേഗം പോയി അച്ചമ്മയോട് വെള്ളം കൊണ്ട് വരാൻ പറയ്…” വിവേക് മോളോട് പറഞ്ഞു.
” അച്ചമ്മേ…” അവൾ അകത്തേക്ക് ഓടിപ്പോയി…
ദേവകിയമ്മ വേഗം കുറച്ച് വെള്ളവുമായി വന്നു.
“എന്താ മോളെ എന്ത് പറ്റി..” അവർ വെള്ളം അവൾക്ക് കൊടുത്തു. അവൾ കുറച്ചു വെള്ളം കുടിച്ചു.
“അറിയില്ലമ്മേ…” അവരോട് പറയവേ അവൾ വായ പൊത്തി പിടിച്ചു കൊണ്ട് കുറച്ചു അപ്പുറത്തേക്ക് ഓടി പോയി…
ദേവകിയമ്മ അവളുടെ ഒപ്പം പോയ്… കയ്പ്പ് നിറഞ്ഞ മഞ്ഞവെള്ളം അവൾ ശർദ്ധിച്ചു.
കുറച്ചു കഴിഞ്ഞു അൽപം ആശ്വാസം തോന്നി അവൾ വീണ്ടും തിണ്ണയിൽ വന്നിരുന്നു… ദേവകിയമ്മയിൽ ചെറു ചിരി തെളിഞ്ഞു…
” കുളിതെറ്റീട്ട് എത്രയായി മോളേ… ” അവരത് ചോദിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി… അവൾ വേഗം വിവേകിനെ നോക്കി.
അവിടെ ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇരിക്കയാണ് അവൻ. അവൾ അവനെ നോക്കി കണ്ണുരുട്ടി.
” പറയ് മോളേ.. എത്രയായി.. അവർ വീണ്ടും ചോദിച്ചു.
“അത് പത്തിരുപത് ദിവസം കഴിഞ്ഞമ്മേ ഞാൻ ഓർത്തില്ല… “അവളും പറഞ്ഞു.
“ഹാ എങ്കിൽ ഇത് അത് തന്നെയാണ്. രണ്ട് ദിവസം കൊണ്ട് ഞാൻ ശ്രദ്ധിക്കുന്നു ഒരുവാട്ടവും വിളർച്ചയും ഒക്കെ… മക്കള് വച്ച് വൈകിക്കാതെ പോയ് ഒരു ഡോക്ടറെ കാണ്…” അവർ ചിരിയോടെ എണീറ്റ് പോയി.
“അമ്മയെന്താടി അങ്ങനെ പറഞ്ഞത്…” അവൻ ചോദിച്ചു.
“നിങ്ങള് പൊട്ടനായിട്ട് അഭിനയിക്കുവാണൊ അതൊ ശരിക്കും പൊട്ടനാണോ… “അവൾ ചോദിച്ചു.
“നീ കാര്യം പറയ് ലച്ചൂ…” അവൻ വീണ്ടും ചോദിച്ചു.
“എൻ്റെ പൊന്ന് വിവിയേട്ടാ രണ്ട് പിള്ളേരെ തന്തയായ നിങ്ങൾക്ക് ഇനീം മനസിലായില്ല എന്താന്ന്…” അവൾ തിരിച്ചു ചോദിച്ചതും അവൻ ഒന്നാലോചിച്ചു എന്നിട്ട് അവളെ നോക്കി.
“കുഴപ്പായോ… ”
“ആ കുഴപ്പായീന്നാ തോന്നണേ, എന്തായാലും ഹോസ്പിറ്റലിൽ പോവാം…” അവനോടു പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി.
“അമ്മയ്ക്ക് എന്താ അച്ചേ…” അമ്മിണിയും ചിന്നുവും അവനോടു ചോദിച്ചു.
“അതോ നിങ്ങൾക്ക് കൂടെ കളിക്കാനെ ഒരു വാവ കൂടെ വരാൻ പോവാ.. അതാ…” അവൻ രണ്ടാളെയും വാരിയെടുത്ത് കൊണ്ട് അകത്തേക്ക് പോയി…
ഡോക്ടർ ലക്ഷ്മിയെ പരിശോധിച്ച ശേഷം വിവേകിന് മുന്നിൽ വന്നിരുന്നു..
“കഴിഞ്ഞ രണ്ട് പ്രഗ്നസി സമയത്തും വിവേക് നാട്ടിൽ ഉണ്ടായിരുന്നില്ലല്ലേ…” ഡോക്ടർ സ്മിത അവനോടു ചോദിച്ചു.
“ഇല്ല ഡോക്ടർ, ഡെലിവറി കഴിഞ്ഞശേഷമാണ് വന്നത്…” അപ്പോഴേക്കും ലക്ഷ്മി വസ്ത്രം ശരിയാക്കി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.
വിവേക് അവളുടെ കൈയിൽ പിടിച്ചു, അവളും അവനെ നോക്കി ചിരിച്ചു.
“മ്.. ഇപ്പൊ ആറാഴ്ച ഗ്രോത്ത് ഉണ്ട്, രണ്ടാഴ്ചയ് ക്ക് ശേഷം ഫസ്റ്റ് സ്കാനിംഗ് നടത്താം… ഇപ്പൊ തൽക്കാലം ഞാൻ തരുന്ന വൈറ്റമിൻ ടാബ്ലറ്റ് കഴിച്ചാൽ മതി പിന്നെ ഫോളിക് ആസിഡും… പിന്നെ ലക്ഷ്മിയ്ക്ക് പ്രത്യേകിച്ച് പറഞ്ഞ് തരണ്ടല്ലൊ, ഫസ്റ്റ് ട്രൈമസ്റ്റർ നന്നായി ശ്രദ്ധിക്കണം… “ഡോക്ടറുടെ നിർദേശങ്ങൾക്ക് തലയനക്കി സമ്മതിച്ചു രണ്ടാളും…
യാത്ര പറഞ്ഞു പോകുമ്പോൾ ഡോക്ടർ അവളെയും അവൾ ഡോക്ടറേയും
നോക്കി…
കാറിൽ ഇരിക്കുമ്പോഴും എന്തോ ചിന്തയിൽ ആയിരുന്നു അവൾ…
“എടോ… താൻ എന്താ ഈ ചിന്തിക്കണേ…”
ഏയ് ഒന്നുമില്ല, മക്കൾക്ക് എന്തെങ്കിലും വാങ്ങണം വിവിയേട്ടാ.. അവൻ വേറെ ഒന്നും ചോദിക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു.
വീട്ടിൽ എത്തുമ്പോൾ ദേവകിയമ്മയും മക്കളും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു…
എന്തായി മോളെ അത് തന്നെയല്ലേ… കാറിൽ നിന്നും ഇറങ്ങേണ്ട താമസം ദേവകിയമ്മ അവളോട് ചോദിച്ചു.
മ്, അതെയമ്മേ… അവളും ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആഹ്… ഇത്തവണ എൻ്റെ പ്രാർത്ഥന ദൈവം കേൾക്കും ഇതൊരു ഉണ്ണിക്കണനാവും എനിക്ക് ഉറപ്പാ… അതുവരെ പുഞ്ചിരിയോടെ ഇരുന്ന ലക്ഷ്മിയുടെ മുഖം ദേവകിയമ്മയുടെ വാക്കുകൾ കൊണ്ട് മങ്ങി.
ആണായാലും പെണ്ണായാലും കുഞ്ഞിന് ഒരു കുഴപ്പവുമില്ലാതെ കിട്ടിയാൽ പോരെ അമ്മേ… അവൾ ചോദിച്ചു.
ആ നിനക്ക് അങ്ങനെയൊക്കെ പറയാം പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഒരാൺ കുഞ്ഞ് തന്നെ വേണം… ഇത് എന്തായാലും ആൺകുട്ടിയാ… ദേവകിയമ്മതീർപ്പെന്നോണം പറഞ്ഞിട്ട് പോയി…
വിവേക് അവളുടെ തോളിൽ പിടിച്ചു. അവൾ അവൻെറ കൈ തട്ടിമാറ്റി അകത്തേക്ക് പോയി…
ഹലോ വിനിയേച്ചി… ലക്ഷ്മീ മുറിയിൽ എത്തിയപാടെ വിവേകിന്റെ സഹോദരി വിനിതയെ വിളിച്ചു…
എന്തായി ലച്ചു കൺഫേം ചെയ്തോ… മറുവശത്ത് നിന്നും ചോദിച്ചു.
” ആ ചേച്ചി ഒന്നരമാസം ആയി..
ലച്ചൂ… നീ അവനോടു അന്ന് നടന്നത് ഒന്നും പറഞ്ഞില്ലേ… അവളുടെ ചോദ്യത്തിന് ലക്ഷ്മി മൗനം പാലിച്ചു…
” പറഞ്ഞില്ലല്ലേ…”
” ഇല്ല..”
” ഇനി എന്ത് ചെയ്യാനാ നിൻ്റെ തീരുമാനം…”
“അത് പിന്നെ…”
” ലച്ചു നിന്നോട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല നിൻറെ ജീവിതം നീ തന്നെ തീരുമാനിക്ക് എന്ത് വേണം എന്ന്…” അതും പറഞ്ഞു വിനിത ഫോൺ വച്ചു.
ആലോചനയോടെ നിൽക്കവേ അവളുടെ വയറിൽ കൂടി രണ്ട് കൈകൾ ചുറ്റി പിടിച്ചു…
” എന്തേ ആലോചിച്ചു നിക്കുന്നേ…”
” ഏയ് ഒന്നൂല്ല…” അവൾ ചിരിയോടെ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
” എടോ തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ?..”
” എന്തിന്..”
” അത് പിന്നെ… ഇപ്പൊ ഇങ്ങനെ… അമ്മിണിയും ചിന്നുവും ഒന്ന് വലുതായിട്ടേ ഉള്ള്, ഇപ്പൊഴാണ് നീയൊന്ന് സ്വസ്ഥമായി ഇരിക്കാൻ പോലും തുടങ്ങിയത് അപ്പോഴേക്കും… അതാ ഞാൻ… പറ്റിപ്പോയടോ ഞാൻ ശ്രദ്ധിക്കണമായിരുന്നു…” അവൻ്റെ കണ്ണ് നിറഞ്ഞു.
” ശ്ശേ… വിവിയേട്ടൻ എന്താ ഇങ്ങനെ… ഇത്… ഇത് നമ്മുടെ കുഞ്ഞല്ലേ.. ഏട്ടനെ പോലെ ഞാനും ഇതിൽ പങ്കാളിയല്ലേ എന്ന് വച്ച് എനിക്ക് എന്നോട് ദേഷ്യം തോന്നുമോ… കാര്യം ഞാൻ ഇപ്പോഴാണ് ഇത്തിരി റെസ്റ്റ് എടുക്കുന്നത് പക്ഷേ ഈ കുഞ്ഞ്… അതൊരു ബുദ്ധിമുട്ടല്ല എനിക്ക്… എപ്പോഴും ഇതേപോലെ ചേർത്ത് പിടിക്കാൻ കൂടെ ഉണ്ടായാൽ മതി…” അവൾ അവൻ്റെ മുഖം കൈയിൽ എടുത്തു നെറ്റിയിൽ ഉമ്മ കൊടുത്തു…
” അച്ഛേ..” അപ്പോഴേക്കും രണ്ടെണ്ണം ഓടി വന്ന് വിവേകിനെ തള്ളി മാറ്റി പിന്നെ അവർക്ക് സംശയങ്ങളായി.. ഉത്തരങ്ങളായി…
രണ്ടാഴ്ചയ്ക് ശേഷം ലക്ഷ്മിയുടെ സ്കാനിങ് കഴിഞ്ഞു… കുഞ്ഞ് ആരോഗ്യത്തോടെ തന്നെയാണ്… വിശേഷം അറിഞ്ഞ നാൾമുതൽ ദേവകിയമ്മ വളരെ സന്തോഷത്തിലാണ് തനിക്ക് ഒരു ഉണ്ണി തന്നെ പേരക്കുട്ടിയായി വരും എന്ന ധാരണയിൽ ആണ് അവർ ഇടയ്ക്കിടെ ലക്ഷമിയേയും അവളുടെ ചെറിയ വയറിൽ നോക്കിയും പറയുന്നത് ഇനി വരുന്നത് ആൺ കുട്ടിയാണ് ആൺകുട്ടിയാണെന്ന്…. അതിൽ ഗമയോടെ ചിരിച്ചു കൊണ്ട് വിവേകും…
മാസങ്ങൾ അതിവേഗം കടന്ന് പോയി, നാൾക്ക് നാൾ ലക്ഷ്മിയുടെ ആരോഗ്യം വളരെ മോശമായികൊണ്ടിരുന്നു…
എട്ടാം മാസത്തെ ചെക്കപ്പിനു ശേഷം, വീട്ടിൽ വന്നതാണ് ലക്ഷ്മിയും വിവേകും ഒപ്പം വിനിതയും, അപ്പോഴും പതിവ് പോലെ ദേവകിയമ്മയുടെ ആണ് കുഞ്ഞ് പുരാണം കേട്ട് സഹിക്കാൻ വയ്യാതെ ലക്ഷ്മി എണീറ്റ് മുറിയിലേക്ക് പോയി…
” ഒന്ന് നിർത്തുന്നുണ്ടോ അമ്മ, അമ്മ അവളുടെ അവസ്ഥ കാണുന്നില്ലേ. അതോ മോൻ്റെ കുഞ്ഞ് എന്ന ഒറ്റ വിചാരം മാത്രമേയുള്ളോ അമ്മക്ക്… അവള് ഓരോ ദിവസം കഴിയുന്തോറും എന്തൊക്കെ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നറിയോ നിങ്ങൾക്ക്… അവരെ വിട് നീയോ പഠിത്തവും ബോധവും ഉള്ളവനല്ലേടാ നീ… നീ പോലും അവളുടെ കൂടെ നിൽക്കാതെ അമ്മ പറയുന്നത് കേട്ട് ആണത്വത്തിൽ ഊറ്റം കൊണ്ടു നടക്കുവല്ലേ..” വിനിത അമ്മയോടും സഹോദരനോടും പൊട്ടിത്തെറിച്ചു.
” അതിന് വേണ്ടി ഇവിടെ ഇപ്പൊ എന്തുണ്ടായി.. സാധാരണ ഈ സമയത്ത് പെണ്ണുങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ തന്നയെ അവൾക്കും ഉള്ളു…” ദേവകിയമ്മ നിസാരമായി പറഞ്ഞു..
” അമ്മ ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയാണോ അതോ മോന്റെ കുഞ്ഞു മാത്രം മതിയെന്ന് ചിന്തിക്കുകയാണോ…. ചിന്നു മോളെ പ്രസവിക്കുന്ന സമയത്ത് ഡോക്ടർ പറഞ്ഞത് ഓർമ്മയില്ലേ ഇനിയൊരു പ്രഗ്നൻസി ലച്ചുവിന്റെ ജീവന് തന്നെ അപകടാണെന്ന് മറന്നുപോയോ…” ചോദിക്കുമ്പോൾ വിവേക് ഞെട്ടി കൊണ്ട് അവൻറെ അമ്മയെ നോക്കി..
” ചേച്ചി എന്തൊക്കെയാ പറയുന്നത്?..”
” എടാ അന്ന് ചിന്നു മോളുടെ ഡെലിവറി ടൈമിൽ നിനക്ക് ദുബായിലെ ജോലിയിൽ ഉണ്ടായ പ്രശ്നങ്ങളും ഒക്കെയായി വിളിക്കാനും നാട്ടിലേക്ക് വരാൻ കഴിയാതെ നിന്ന് സമയമല്ലായിരുന്നോ… അന്ന് അവൾക്ക് ഓവർ ബ്ലീഡിങ് കാര്യങ്ങളുമായി ഒരുപാട് ബുദ്ധിമുട്ടയിരുന്നു, അതുകൊണ്ടുതന്നെ അവളുടെ ഹെൽത്ത് കണ്ടീഷൻ വളരെ മോശമായിരുന്നു ഡോക്ടർ സ്മിത പ്രത്യേകം പറഞ്ഞിരുന്നു ഇനിയൊരിക്കലും അവൾക്ക് ഒരു പ്രഗൽ ഉണ്ടാവാൻ പാടില്ല എന്ന്… അവൾക്കായിട്ട് ഒരിക്കലും പ്രസവം നിർത്താൻ സാധിക്കുകയില്ല, നീ സാവധാനം നാട്ടിലെത്തി നിന്നോട് സമാധാനത്തിൽ എല്ലാം പറയാമെന്നാണ് അവൾ കരുതിയിരുന്നത് നീ വന്നശേഷം ഇവിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ നിനക്കറിയാമല്ലോ പിന്നെ നിൻറെ പുതിയ ബിസിനസ് തുടങ്ങുന്നതിന്റെ തിരക്കിലും മറ്റുമായി അവൾക്ക് നിന്നോട് ഒന്നും പറയാൻ സാധിച്ചില്ല അപ്രതീക്ഷിതമായിട്ടാണ് ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചത്… ഇപ്പോൾ അവളുടെ മാത്രമല്ല അവളുടെ വയറ്റിൽ വളരുന്ന നിൻറെ രണ്ടു കുഞ്ഞുങ്ങളുടെ ജീവനും കൂടെ അപകടത്തിലാണ്…”
” ചേച്ചി…”
” അതേടാ ആദ്യമാസത്തെ സ്കാനില് തന്നെ അവൾ അറിഞ്ഞതാണ് അവളുടെ വയറ്റിളരുന്നത് ഇരട്ടക്കുഞ്ഞുങ്ങൾ ആണെന്ന് പക്ഷേ പ്രഗ്നൻസി കടന്ന് കൊണ്ടുപോകുന്നതോറും അവളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്… എന്തു പ്രശ്നം വന്നാലും ഈ കുഞ്ഞുങ്ങളെ അവൾ പ്രസവിക്കുന്ന തീരുമാനത്തിൽ തന്നെയാണ് ഇപ്പോഴും… അതിൻറെ കൂടെ അമ്മയുടെ ഒരു ആൺകുഞ്ഞ് പുരാണം…” അവളെല്ലാം പറയുമ്പോൾ അമ്മയ്ക്കും മകനും വല്ലാത്ത ഞെട്ടലായിരുന്നു ഒരു നിമിഷം തൻറെ സ്വാർത്ഥതയെ കുറിച്ച് ഓർത്ത് ദേവകിയമ്മ പൊട്ടിക്കരഞ്ഞു…
” നീ കൂടെ ഇല്ലാത്ത സമയത്ത് അന്ന് അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ അവൾ ഒട്ടും തളർന്നിട്ടില്ല പക്ഷേ ഇന്ന് നീ കൂടെ ഉണ്ടായിട്ട് പോലും അവൾ തളർന്നു പോവുകയാണെന്ന് എന്നോട് പറഞ്ഞത് ഇനിയെങ്കിലും അവളെ മനസ്സിലാക്കി അവളുടെ കൂടെ നിൽക്ക് നീ…”
” മോളേ…” മുറിയിൽ ഇരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ദേവകിയമ്മ വന്നു.
” എന്താമ്മേ..”
” അമ്മയോട് പൊറുക്കടി… എൻ്റെ മോളെ മനസ് വിഷമിപ്പികാനല്ല ഉള്ളിലെ ആഗ്രഹം കൊണ്ട് അങ്ങനെ ഒക്കെ… ഇനി ഒരിക്കലും അമ്മ അങ്ങനെ ഒന്നും പറയില്ല… എൻ്റെ മോള് ഒന്ന് കൊണ്ടും പേടിക്കണ്ട അമ്മയുടെ പ്രാർഥനയെപ്പോഴും ഉണ്ട് കൂടെ…” അവർ ചേർത്ത് പിടിച്ചു പറയുമ്പോൾ നഷ്ടമായി കൊണ്ടിരുന്ന ആത്മവിശ്വാസം വീണ്ടെടുക്കാൻ തുടങ്ങിയവൾ.
രാത്രിയിൽ അവൾ കിടന്ന ശേഷമാണ് അവൻ മുറിയിൽ എത്തിയത് ഒരു കൈയാൽ വയറിൽ പൊതിഞ്ഞു കിടക്കുന്ന ലക്ഷ്മിയുടെ കാൽക്കൽ ഇരുന്നവൻ നിശബ്ദമായി മാപ്പ് പറഞ്ഞു… അവളും അതറിഞ്ഞു…
ലേബർ റൂമിൻ്റെ വാതുക്കൽ അക്ഷമയോടെ അതിലേറെ ജീവൻ കൈയിൽ പിടിച്ച് നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു അവരെല്ലാം… പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു…
” ഒരാൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ്… ”
” ഡോക്ടർ.. ലക്ഷ്മി…”
” ഷീ ഈസ്… ഫൈൻ…” അതായിരുന്നു അവർക്ക് അറിയേണ്ടിയിരുയുന്നത്…
ആശുപത്രി മുറിയിലെ കട്ടിലിൽ തൻ്റെ നാല് മക്കളെയും ഒരുപോലെ ചേർത്ത് പിടിച്ചു കിടക്കുന്ന അവളെ കണ്ണിമയ്ക്കാതെ അവൻ നോക്കി നിന്നു.
അതിലൂടെ അവൻ മനസിലാക്കിയിരുന്നു സ്വന്തം ജീവൻ നഷ്ടമാകും എന്നറിഞ്ഞിട്ടും ഉള്ളിലെ ജീവനെ പുറത്ത് കൊണ്ട് വരാൻ തുടിച്ച ആ മനസ്സിനെ…
ശുഭം 🙏
✍️തൂലിക
