വെങ്കിടേഷ് താമസിക്കുന്ന ഹോട്ടൽ റൂമിൽ അവനവളെ കൊണ്ട് പോയി.പ്രണയ പാരമ്യത്തിൽ അവനവളെ എടുത്തു കട്ടിലിലേക്ക് എറിഞ്ഞു.അവളുടെ വസ്ത്രങ്ങൾ അനാവരണം ചെയ്യാൻ ശ്രമിച്ചു.മീനാക്ഷി അവനെ തള്ളി….

കരാള ഹസ്തങ്ങൾ

പരീക്ഷ കഴിഞ്ഞ്,പാടവരമ്പത്തൂടെ മീനാക്ഷി ഓടുകയായിരുന്നു.തന്റെ യൂണിഫോമിൽ ചിതറി കിടക്കുന്ന മഷിത്തുള്ളികളെ നോക്കി അവൾ പുഞ്ചിരിച്ചു.ചുരിദാറിന്റെ കൈകളിൽ കൂട്ടുകാരുടെ ഒപ്പുകൾ- നവീന,വൈഗ,താര,മാഹിൻ,ജോയൽ,ആമിന,വൈഷ്‌ണവി അങ്ങനെ എല്ലാവരും ഒപ്പിട്ടു.ഒരാൾ ഒഴികെ ആകാശ് , പതിവ് പോലെ അവനെ ഇന്നും മീനാക്ഷി അവഗണിച്ചു.ഇന്ന് പൊതുപരീക്ഷ അവസാനിച്ച ദിവസമാണ്.ഈ യൂണിഫോം ഇനി ഓർമ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാനുള്ളതാണ്.

തോട്ടിൽ നീന്തുന്ന മാനത്തുകണ്ണികളെ അവൾ നോക്കി ചിരിച്ചു.എന്തൊരു ജീവിതമാണ് അവയുടെ,ഒന്നിനേയും കുറിച്ച് വിഷമിക്കേണ്ട ആവശ്യമതിനില്ല.പഠനം,ജോലി അത്തരം ചിന്തകൾ അവയുടെ തലയിൽ ഉണ്ടാകില്ല.നീലാകാശവും തോട്ടിലെ തണുത്ത വെള്ളവും,പായലും,എന്തൊരു സമാധാനമാണ് ഇവയ്ക്ക്.

പിറകിലെ കാലടി ശബ്ദം അവളെ ചിന്തകളിൽ നിന്നുമുണർത്തി.അവൾ തിരിഞ്ഞു നോക്കി.കൈകുമ്പിളിലെടുത്ത മാനത്തു കണ്ണിയെ അവൾ തോട്ടിലേക്ക് തിരിച്ചെറിഞ്ഞു.അവളുടെ തൊട്ടു പിന്നിൽ ആകാശ് ,അവന്റെ മുഖത്തു ചെറിയൊരു പരിഭ്രമം.അവൻ നീട്ടിയ ചെറിയ ഗിഫ്റ്റ് ബോക്സ് വാങ്ങാൻ അവൾ വിസമ്മതിച്ചു.

“എന്താണ് ആകാശ് ഇത്.”

“മീനുവിന് ചെറിയൊരു സമ്മാനം.”

“എനിക്ക് വേണ്ട,ഞാൻ നിന്നോട് പറഞ്ഞതല്ലേ,എനിക്ക് നിന്നോട് അങ്ങനെയൊന്നുമില്ലെന്ന് ,നീ വെറുതെ എന്റെ പിറകെ നടക്കേണ്ട.എന്റെ വീട്ടിലെ അവസ്ഥ നിനക്ക് അറിയാമല്ലോ.എനിക്ക് പഠിക്കണം, നല്ലൊരു ജോലി മേടിയ്ക്കണം.എന്റെ അമ്മയെ സംരക്ഷിക്കണം.അത് കഴിഞ്ഞേ ഞാൻ മറ്റെന്തിനെക്കുറിച്ചും ചിന്തിക്കൂ.”

“മതി അത് മതി മീനുട്ടി,ഞാൻ കാത്തിരിക്കും,ഇതൊരു പെർഫ്യൂമാണ്.അച്ഛൻ ദുബായിൽ നിന്നും കൊണ്ട് വന്നത്.ഇത് നിനക്കായി കൊണ്ട് വരാൻ ഞാൻ പ്രത്യേകം പറഞ്ഞ് വിട്ടതാണ്.”

മീനാക്ഷി മനസില്ലാമനസോടെ അത് വാങ്ങി.ആകാശ് പാടവരമ്പത്ത് നിന്നും അവരുടെ തെങ്ങിൻ പറമ്പിലേക്കു കയറി പോകുന്നത് അവൾ നോക്കി നിന്നു.

“പാവം അവന് എന്നോട് വലിയ ഇഷ്ടമാണ്.എനിക്കെന്തോ അവനെ കാണുമ്പോൾ ഒരു അനിയനെ പോലെയാണ് തോന്നുന്നത്.”

മീനാക്ഷിയുടെ അമ്മ സരസ്വതി ചേച്ചി ഷാജിയേട്ടന്റെ ചായക്കടയിലെ സഹായിയാണ്.മീനാക്ഷിയുടെ അച്ഛൻ സോമേട്ടൻ മരിച്ചപ്പോൾ മുതൽ അവർ,ആ ചായക്കടയിൽ സഹായിയായി കൂടെ കൂടിയതാണ്.അവിടെ നിന്നും കിട്ടുന്ന പണം കൊണ്ടാണ് ആ വീട് പുലർന്നു പോകുന്നത്.മീനാക്ഷിയെ പഠിപ്പിക്കുന്നതും നിത്യ ചെലവുകൾ നടത്തുന്നതും ആ പണം കൊണ്ടാണ്.

ആറ് മണി കഴിഞ്ഞിട്ടും മീനാക്ഷി കിടന്നു ഉറങ്ങുന്നത് കണ്ടാണ് സരസ്വതി ചേച്ചി, വീടും പൂട്ടി പണിക്കു പോയത്.കോളേജിൽ അഡ്മിഷൻ ആകുന്നത് വരെ ഇവളിങ്ങനെ ഉണ്ടും ഉറങ്ങിയും നടന്നാൽ പോരല്ലോ,നാളെ മുതൽ അവളെ പണിക്ക് പോകുമ്പോൾ കൂടെ കൂട്ടാം.ജോലി ചെയ്തു കുറച്ചു പൈസ സമ്പാദിച്ചു വച്ചാൽ ജൂൺ മാസത്തിൽ കോളേജ് അഡ്മിഷന് പ്രയോജനപെടുമല്ലോ എന്ന് സരസ്വതി മനക്കോട്ട കെട്ടി.

പിറ്റേ ദിവസം മുതൽ മീനാക്ഷിയെ നിർബന്ധിച്ചെങ്കിലും അവൾ അമ്മയോടൊപ്പം പുലർച്ചേ എഴുന്നേറ്റു ജോലിക്കു പോകാൻ തയാറായില്ല.എന്നാലും എട്ടു മണിയാകുമ്പോൾ കടയിൽ ചെന്ന് പാത്രം കഴുകാനൊക്കെ സഹായിച്ചത് സരസ്വതിക്ക് ഇഷ്ടമായി.ഇരുട്ടത്ത് വീട്ടിലേയ്ക്ക് മടങ്ങി പോകാൻ ഇപ്പോൾ പേടിയില്ല ,മീനുട്ടി കൂടെയുണ്ടല്ലോ.പ്രായമായ പെണ്ണ് വീട്ടിൽ ഒറ്റയ്ക്കാണെന്നുള്ള ടെൻഷനുമില്ല.

ഈയിടെ മീനുട്ടിയുടെ സ്വഭാവത്തിൽ ചെറിയ മാറ്റം ഉണ്ട്.അവൾക്കു ഒരുങ്ങാനും വേഷം മാറാനും കൂടുതൽ സമയം വേണം.കവലയിലുള്ള കടയല്ലേ ദിവസവും ധാരാളം ആളുകൾ വരും ,അവളുടെ കൂട്ടുകാരും മാഷുമ്മാരും വരാറുണ്ട്.അതായിരിക്കും അവൾ വേഷത്തിലൊക്കെ ഇത്രയ്ക്ക് ശ്രദ്ധിക്കുന്നത് എന്ന് സരസ്വതി കരുതി.

“അമ്മേ എനിക്ക് രണ്ടു മൂന്നു പുതിയ ചുരിദാർ വാങ്ങി തരുമോ.”

രാത്രിയിൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ മീനാക്ഷി അമ്മയോട് ചോദിച്ചു.പോസ്റ്റിലെ വെട്ടത്തിൽ സരസ്വതി അവളുടെ മുഖഭാവം ശ്രദ്ധിച്ചു.

“കോളേജിൽ പോകുന്ന സമയത്ത് വാങ്ങിയാൽ പോരേ.”

“അപ്പോൾ ഫീസിന് കുറെ പൈസ ആവശ്യമായി വരും അമ്മേ ,ഞാൻ രണ്ടു മാസം എന്തെങ്കിലും ജോലിക്കു പോയാലോ.എനിക്കും ഒരു വരുമാനമാകും ,പഠിക്കാനായി കുറച്ചു പൈസ സമ്പാദിച്ചു വയ്ക്കാനും സാധിക്കും.

“എന്ത് ജോലിയാ കുഞ്ഞേ നീ ചെയ്യാൻ പോകുന്നേ.”

“ലതേച്ചിയുടെ കൂടെ..അവിടെ ഒരാളുടെ ഒഴിവുണ്ട്.ആൻസിയുടെ കല്യാണം കഴിഞ്ഞ് അവൾ പോയപ്പോൾ…”

“അയ്യേ ചെമ്മീൻ പൊളിക്കാനോ ,അതിനാണോ ഞാൻ നിന്നെ പഠിപ്പിച്ചത്.”

“കുറച്ചു നാളത്തേയ്ക്ക് അല്ലേയമ്മേ ,പിന്നെ ഗ്ലാസും പ്ലേറ്റും കഴുകുന്നത് അമ്മയ്ക്ക് അഭിമാനമാണല്ലോ.ഇതാകുമ്പോൾ ചെയ്യുന്ന ജോലിക്കു അനുസരിച്ചാണ് കൂലി.മിനിമം നാനൂറു രൂപ കിട്ടും,എന്തായാലും രണ്ടു മാസം കൊണ്ട് ഇരുപതിനായിരം രൂപ കരുതി വയ്ക്കണം.എനിക്ക് പട്ടണത്തിലെ കോളേജിൽ പോയി പഠിക്കണം അമ്മേ.”

പിറ്റേ ദിവസം മുതൽ മീനാക്ഷി വെളുപ്പിനെ ഉണർന്നു അയൽവാസിയായ ലതയോടൊപ്പം ചെമ്മീന് ഫാക്ടറിയിൽ പോയി തുടങ്ങി. അവൾ ആളാകെ മാറി ,നല്ല ഉത്തരവാദിത്വമായി തുടങ്ങി.ഞായറാഴ്ച പോലും അവൾ വീട്ടിൽ നിന്നില്ല.

“അല്ല ലതേ നീ ഇന്ന് ജോലിക്കു പോയില്ലേ.”

വേലിക്കു അടുത്ത് നിന്ന് മീൻ വെട്ടുന്ന ലതയോടു സരസ്വതി ചോദിച്ചു.

“ഇല്ല ചേച്ചി,ഇന്ന് ഞായറാഴ്ചയല്ലേ,ഇന്നെങ്കിലും ഒരു വിശ്രമം വേണ്ടേ ചേച്ചി.മീനു രാവിലെ പോയല്ലേ ,ഇന്നാകുമ്പോൾ കുറച്ചു കൂടുതൽ പൈസ കിട്ടും.അതാണ് അവൾ പോയത്.”

“പെണ്ണിന് പണം സമ്പാദിക്കുന്നതിൽ ഹരം തുടങ്ങിയിട്ടുണ്ട്.പഠിക്കാൻ വേണ്ടിയല്ലേ ,അതാ ഞാൻ പറഞ്ഞു വിട്ടത്.”

“അത് സാരമില്ല ചേച്ചി,അവൾക്കു വഴി തെറ്റത്തൊന്നുമില്ല.”

ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അവൾ എണ്ണായിരം രൂപ അമ്മയെ ഏൽപ്പിച്ചു.

“അമ്മേ ഇത് സൂക്ഷിച്ചു വച്ചോളു.ആ കവറിൽ അമ്മയ്ക്ക് ഒരു സാരിയുണ്ട്.എനിക്ക് രണ്ടു ചുരിദാറും….”

“നിന്റെ കയ്യിലെവിടുന്നാണ് ഒരു ഫോൺ,നീ അതും വാങ്ങിയോ.”

മീനാക്ഷിയുടെ മുഖം വിളറി.അവൾ ഫോൺ ചുരിദാറിന്റെ പോക്കറ്റിലിട്ടു.

“അമ്മയെ കാണിക്കാൻ കൊണ്ട് വന്നതാണ്,അമ്മ സമ്മതിച്ചാൽ…..ഇത് സെക്കൻഡ് ഹാൻഡ് വാങ്ങിയ്ക്കാം.”

“ഇതിനൊക്കെ കുറെ പൈസ ആകില്ലേ കൊച്ചെ.”

“ഇല്ലമ്മേ ഇപ്പോൾ ആയിരം കൊടുത്താൽ മതി.പിന്നെ മാസം തോറും അഞ്ഞൂറ് വച്ച്.നഗരത്തിലെ കോളേജിൽ പോകുമ്പോൾ അമ്മയ്ക്കെന്നെ വിളിക്കാലോ.”

“നമുക്കിതൊക്കെ വേണോ മോളെ,വിളിക്കാൻ ആണേൽ ഈ ചെറിയ ഫോൺ പോരെ,പിന്നെ ലത പറഞ്ഞ പോലെ ഇപ്പോൾ പഠിക്കാനുള്ള നോട്ടുകളൊക്കെ ഇതിലല്ലേ കോളേജിൽ നിന്നും വരുന്നത്.എല്ലാം നിന്റെ ഇഷ്ടം പോലെ.”

ചെമ്മീൻ ഫാക്ടറിയിൽ, പുതിയൊരു ലോറി ഡ്രൈവർ വന്നു ചേർന്നിരുന്നു വെങ്കിടേഷ്,പകുതി തമിഴനാണ്.പക്ഷെ തമിഴാണെന്ന് കണ്ടാൽ പറയില്ല ,നല്ല പൊക്കവും നിറവും,ഏകദേശം ഇരുപത്തെട്ടു വയസ്സ് കാണും,എപ്പോഴും കയ്യിലൊരു കത്തിച്ച സിഗരറ്റ് കാണും,കഴുത്തിൽ ഒരു സ്വർണമാല ,ഐ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു ഇടയ്ക്കിടയ്ക്ക് സെൽഫി എടുക്കും.അവിടെയുള്ള പെണ്ണുങ്ങളെ അവൻ മൈൻഡ് ചെയ്യാറില്ല.മുതലാളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്.

മയക്കു മരുന്ന് ഇടപാടുകൾ ഉണ്ടായിരുന്ന വെങ്കിടേഷ് മധുരൈ സ്വദേശിയാണ്.ക്രിമിനൽ പശ്ചാത്തലമുള്ള അവൻ രക്ഷപെട്ടു കേരളത്തിൽ താമസമാക്കിയതാണ്.വെങ്കിടേഷ് തമിഴ്നാട്ടിലേയ്ക്ക് പോയി വരുമ്പോൾ ലോറിയിൽ കഞ്ചാവ് കടത്തി കൊണ്ട് വരും.കൈയ്യിൽ എപ്പോഴും ധാരാളം പണം കാണും ,എല്ലാവരെയും സഹായിക്കും.എല്ലാവർക്കും അവനെ ഭയങ്കര ഇഷ്ടമാണ്.അവൻ അറിയാതെ മീനാക്ഷി അവനെ ശ്രദ്ധിച്ചിരുന്നു.

അവളെ തീരെ മൈൻഡ് ചെയ്യാതെ നടന്ന വെങ്കിടേഷ് അവളുടെ ഓരോ ചലനവും ക്യാമറയിൽ ഒപ്പിയെടുത്തു.അവളുടെ ശരീര ഭാഗങ്ങൾ സൂം ചെയ്തു അവൻ രഹസ്യമായി ആനന്ദിച്ചു.

ഒരു ഞായറാഴ്ച വേറെ ആരും ഇല്ലാത്ത ദിവസം ,പെണ്ണുങ്ങളിൽ മീനാക്ഷി മാത്രമേ പണിക്കു വന്നുള്ളൂ.അവളെ കൂടാതെ വെങ്കിടേഷും,ചെമ്മീൻ ഫാക്ടറി മുതലാളിയായ റഹ്മാൻ ചില സുഹൃത്തുക്കളേയും കൂട്ടി മദ്യപിക്കാനായി അവിടെയെത്തിയപ്പോൾ ഫാക്ടറിയിൽ അവൾക്കു കാവലായി വെങ്കിടേഷ് വന്നു നിന്നു.

“നിന്റെ പേരെന്താണ്?”

“മീനാക്ഷി.”

മീനാക്ഷി തല കുനിച്ചു.

“ആ നീ പെട്ടെന്ന് ജോലി മതിയാക്കി പൊയ്ക്കോ,മുതലാളിയുടെ കൂടെയുള്ളവന്മാർ അത്ര വെടിപ്പല്ല.പേടിയ്ക്കണ്ട,നീ ഇവിടെ ഒറ്റയ്ക്കല്ല,ഞാൻ കൂടെയുണ്ട്.”

വെങ്കിടേഷിന്റെ ആ കരുതൽ,ആ പുഞ്ചിരി,അവളെ നോക്കുമ്പോൾ അവൻ്റെ മുഖത്തു തെളിയുന്ന ഗൗരവഭാവം.അന്ന് രാത്രി മുഴുവൻ മീനാക്ഷിക്ക് ഉറക്കം വന്നില്ല.അവളുടെ മനസ്സിൽ നിറയെ വെങ്കിടേഷ് ആയിരുന്നു.അന്ന് തുടങ്ങിയ ബന്ധം ഒരാഴ്ച കൊണ്ട് തീവ്ര പ്രണയമായി മാറി.മീനാക്ഷിയെ കറക്കിയെടുക്കാൻ അവനു അത്ര പ്രയാസം തോന്നിയില്ല.ലതയുടെ കണ്ണ് വെട്ടിച്ചു അവർ തമ്മിൽ കാണാൻ തുടങ്ങി.ഫാക്ടറിയിൽ നിന്നും വൈകിയിറങ്ങുന്ന ദിവസങ്ങളിൽ മീനാക്ഷിയുടെ യാത്ര വെങ്കിടേഷിന്റെ ലോറിയിൽ ആയി.

ഞായറാഴ്ച മറ്റാരും വരാത്ത ദിവസങ്ങളിൽ ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്നുമിറങ്ങി അവർ ബൈക്കിൽ പലസ്ഥലത്തും കറങ്ങി.ഇതിനിടയിൽ മീനാക്ഷിയുടെ റിസൾട്ട് വന്നു.അവൾ നല്ലമാർക്കു വാങ്ങി പ്ലസ് ടു പാസ്സായി.ഇനി ജോലിക്കു പോകണ്ട എന്ന് സരസ്വതി വിലക്കിയിട്ടും മീനാക്ഷി ചെമ്മീൻ ഫാക്ടറിയിൽ പോയി.പണമല്ലായിരുന്നു അപ്പോൾ അവളുടെ ലക്‌ഷ്യം വെങ്കിടേഷിൻ്റെ സാമീപ്യം മാത്രമായിരുന്നു.

“നീ ഇനി പഠിക്കുന്നില്ലേ.”

“പഠിക്കണം .”

“ഇനി നിന്നെ എന്ന് കാണും.”

“അറിയില്ല.”

വെങ്കിടേഷ് സങ്കടപ്പെട്ടു.

“നീ പഠിക്കണം ,ഞാൻ നിന്നെ പഠിപ്പിക്കും,പണം എനിക്കൊരു പ്രശ്നമല്ല.”

അവൾ തുടർ പഠനത്തിന് പോകുകയാണെന്ന് അറിഞ്ഞപ്പോൾ വെങ്കിടേഷ് അവൾക്കൊരു പുതിയ ഫോൺ വാങ്ങി നൽകി.അവൾക്കു വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി നൽകി.രാത്രിയിൽ അവർ ഫോണിലൂടെ മണിക്കൂറുകൾ പരസ്പരം സംസാരിച്ചു.

മീനാക്ഷി നഗരത്തിലെ കോളേജിൽ ചേർന്നു.ആദ്യമൊക്കെ മീനുവിന് സന്തോഷമായിരുന്നു.നല്ല കോളേജ്,ധാരാളം സുഹൃത്തുക്കൾ,പിന്നെ വെങ്കിടേഷിന്റെ പ്രണയം.അവന്റെ പ്രേരണയാൽ അവൾ ക്ലാസുകൾ കട്ട് ചെയ്ത് സിനിമയ്ക്കും ബീച്ചിലും പോകാൻ തുടങ്ങി.ക്ലാസ്സിൽ അറ്റൻഡൻസ് കുറഞ്ഞു,പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു.അതൊന്നും മീനാക്ഷിയെ സങ്കടപെടുത്തിയില്ല.അവളുടെ മുന്നിലെ ചോദ്യങ്ങൾക്കു ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു ,വെങ്കിടേഷ്.

കടൽ തിരയിലെ കാറ്റേറ്റ് വെങ്കിടേഷിന്റെ മാറിൽ മയങ്ങുമ്പോൾ മീനാക്ഷി അവനോടു ചോദിച്ചു.

“നിനക്ക് എന്റെ വീട് കാണണ്ടേ,അമ്മയെ പരിചയപ്പെടണ്ടേ, നമ്മുടെ കാര്യം സംസാരിക്കണ്ടേ.”

“അതിനൊക്കെ ധാരാളം സമയമുണ്ടല്ലോ മീനു.”

ഒരിക്കൽ ,വെങ്കിടേഷ് താമസിക്കുന്ന ഹോട്ടൽ റൂമിൽ അവനവളെ കൊണ്ട് പോയി.പ്രണയ പാരമ്യത്തിൽ അവനവളെ എടുത്തു കട്ടിലിലേക്ക് എറിഞ്ഞു.അവളുടെ വസ്ത്രങ്ങൾ അനാവരണം ചെയ്യാൻ ശ്രമിച്ചു.മീനാക്ഷി അവനെ തള്ളി മാറ്റി.അവന്റെ കരവലയത്തിൽ നിന്നും അവൾ കുതറി മാറി.

“മീനു നീ എന്നെ വിശ്വസിക്കുന്നില്ലേ ,നീ എന്റെ പ്രണയത്തെ വിശ്വസിക്കുന്നില്ല അല്ലേ.”

വെങ്കിടേഷ് മീനാക്ഷിയുടെ കാലടികളിൽ ചുംബിച്ചു കുനിഞ്ഞിരുന്നു.അയാളുടെ കണ്ണുനീർ അവളുടെ കാലടികളെ നനയിച്ചു.മീനാക്ഷിക്ക് അവനോടു ദയ തോന്നി .അവനെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.

“അങ്ങനെ പറയരുത്.ഈ ലോകത്ത് നിന്നെ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ.”

പിന്നെ അതൊരു പതിവായി മാറി,അവർ ഹോട്ടൽ റൂമിൽ കണ്ടു മുട്ടുക പതിവായി.വെങ്കിടേഷ് ദൂരേയ്ക്ക് ഓട്ടത്തിന് പോകുന്ന സമയങ്ങളിൽ ,അവന്റെ സാമീപ്യമില്ലാതെ തനിക്കു ഭ്രാന്ത് പിടിക്കുന്ന പോലെ മീനാക്ഷിക്ക് തോന്നി തുടങ്ങി.

വെങ്കിടേഷിന്റെ സ്വഭാവം മാറി തുടങ്ങി.ഫോൺ വിളികൾ കുറഞ്ഞു.ഒരിക്കൽ അവളെ കാണാനായി അവൻ കോളേജിൽ വന്നു.അവൾ വെങ്കിടേഷിനോട് ദേഷ്യപ്പെട്ടു.

“നിനക്ക് എന്നെ ഇപ്പോൾ വേണ്ടാതായോ.നിനക്ക് വേറെ വല്ലവളുമാരുമായി അടുപ്പം തുടങ്ങിയോ.”

വെങ്കിടേഷ് ഒരു ബാഗ് അവളുടെ കയ്യിൽ കൊടുത്തു.

“എന്റെ മീനു ,എനിക്ക് ചെറിയ കുറച്ചു പ്രശ്നങ്ങളുണ്ട്,ഒരു പോലീസ് കേസുണ്ട്.ഇപ്പോഴും നീ മാത്രമാണ് എന്റെ മനസ്സിൽ.ഇത് നിന്റെ കയ്യിൽ കുറച്ചു ദിവസത്തേയ്ക്ക് സൂക്ഷിച്ചു വയ്ക്കൂ.എനിക്ക് ഇവിടെ നിന്നും കുറച്ച് ദിവസം മാറി നിൽക്കണം.ഞാൻ മടങ്ങി വരും.”

“ഇതിലെന്താണ്.”

“നിനക്കെന്നെ വിശ്വാസമില്ലേ.”

മീനാക്ഷി അവന്റെ മാറിലേക്ക് ചാഞ്ഞു.വെങ്കിടേഷ് അവളെ കെട്ടിപിടിച്ചു.

“നീ കരയരുത്,ഞാൻ മടങ്ങി വരും.ഈ നമ്പറിലേയ്ക്ക് നീ വിളിക്കരുത്.ഞാൻ മറ്റൊരു നമ്പർ തരാം.”

അഞ്ചാറ് ദിവസങ്ങൾ കഴിഞ്ഞ് വെങ്കിടേഷിന്റെ ഒരു മെസ്സേജ് മീനാക്ഷിക്ക് കിട്ടി.

“ഇന്ന് രാത്രി ഞാൻ വരും,എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട്.നീ ആ ബാഗുമായി പുഴക്കരയിൽ വരണം.”

മീനാക്ഷിക്ക് വലിയ സന്തോഷം തോന്നി.എത്ര നാളായി വെങ്കിടേഷിനെ കണ്ടിട്ട് അവനെയൊന്നു കെട്ടിപിടിക്കണം,ചുംബിക്കണം,ആ മാറിൽ കിടന്നു ഒന്ന് മയങ്ങണം.അവൾ ധാരാളം കിനാവുകൾ കണ്ടു.

രാത്രി അമ്മ ഉറങ്ങി എന്നുറപ്പായപ്പോൾ അവൾ പുതിയ വസ്ത്രം ധരിച്ചു,ഒരുങ്ങി സുന്ദരിയായി,ജനലരികിൽ വച്ചിരുന്ന ആകാശിന്റെ പെർഫ്യൂം കുപ്പി അവളുടെ കണ്ണിൽ പെട്ടു.അവൾ തന്റെ ശരീരത്തിൽ പെർഫ്യൂം പുരട്ടി.അവൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു.

പുതിയൊരു ജീവിതത്തിന്റെ പ്രത്യാശയുമായി അവൾ വീടിനു പുറത്തിറങ്ങി.അവളുടെ മനസ്സിൽ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടായി.അവനൊരു അച്ഛനാകാൻ പോകുന്നുവെന്ന രഹസ്യം വെങ്കിടേഷിനെ അറിയിക്കണം.അവളറിയാതെ അവളുടെ വലതു കൈ അടിവയറിൽ തഴുകി.

“അമ്മാ ”

അവൾ പുഞ്ചിരിയോടെ സ്വയം വിളിച്ചു.

പുഴയരികിൽ വെങ്കിടേഷ് കാത്ത് നിന്നിരുന്നു.അവൻ വല്ലാതെ ഗൗരവത്തിലായിരുന്നു.

“മീനു ഞാൻ പോകുകയാണ്.എന്നാണ് മടങ്ങി വരാൻ പറ്റുക എന്നൊന്നും എനിക്കറിയില്ല.തല്ക്കാലം കൽക്കത്തയിലേയ്ക്ക് പോകുന്നു.പ്രശ്നങ്ങൾ തണുക്കുമ്പോൾ ഞാൻ മടങ്ങി വരും.”

“അതെങ്ങനെ ശരിയാകും.”

അവൾ അവന്റെ കൈ തന്റെ വയറിൽ വച്ചു.

“നിന്നോടൊപ്പം ഞാനും വരുന്നുണ്ട്.തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് വയ്യ.ഞാൻ നിന്നെ തനിയെ വിടില്ല.”

മീനാക്ഷി വെങ്കിടേഷിനെ പിടിച്ച് വച്ചു.

“മീനു എന്റെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്.”

“എന്ത് സാഹചര്യമായാലും ഞാൻ നിന്നെ തനിച്ചു വിടില്ല,ഞാനൊപ്പം വരുന്നു.നീയില്ലാതെ…. ,തനിച്ചു എനിക്ക് പറ്റില്ല.”

“മീനു നീ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.”

“ബുദ്ധിമുട്ടോ? ഞാനോ.”

മീനാക്ഷിയും വെങ്കിടേഷും തമ്മിൽ പിടിവലിയായി.അന്ന് രാത്രി മീനാക്ഷി വീട്ടിലേയ്ക്കു മടങ്ങിയില്ല.

മീനാക്ഷിയെ കാണാനില്ല എന്ന് അമ്മ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞു പുഴയിൽ ഒരു ശവം പൊങ്ങി.മുഖം തിരിച്ചറിയാത്ത വിധം വികൃതമായ, മീനുകൾ കൊത്തി തിന്ന ഒരു സ്ത്രീ ശരീരം.ഗർഭിണിയുടെ വെള്ളത്തിൽ കിടന്ന് ചീർത്ത ശരീരം.

നാട്ടുകാരൊക്കെ സുന്ദരിയായ മീനാക്ഷിയെ അവസാനമായി കാണാനെത്തി.ആ നാട്ടിലെ ഒരാൾ മാത്രം വന്നില്ല,അവനെ കൊണ്ട് അവളെ ആ അവസ്ഥയിൽ കാണാൻ പറ്റില്ലായിരുന്നു.ആകാശിന് അതിന് ധൈര്യം വന്നില്ല.

രണ്ടു ദിവസം കഴിഞ്ഞു സരസ്വതി മാത്രം വീട്ടിലുള്ള സമയം ആകാശ് വീട്ടിലെത്തി.

“എന്റെ മോൾക്ക് എന്താണ് സംഭവിച്ചത് മോനേ.”

എല്ലാവരോടും സരസ്വതി ആ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു.

“അമ്മേ എനിക്കൊരാളെ സംശയമുണ്ട്.അവളുടെ ഫോൺ കിട്ടിയാൽ.”

സരസ്വതിയും ആകാശും കൂടി അവളുടെ മുറി പരിശോധിച്ചു .പോലീസ് കൊണ്ട് പോകാതിരുന്ന അവളുടെ ഫോണിൽ നിന്നും വെങ്കിടേഷിന്റെ ഫോട്ടോയും അവരുടെ ചാറ്റുകളും കണ്ടെത്തി.

പിറ്റേന്ന് തന്നെ ആകാശ് റഹ്മാൻ മുതലാളിയെ കണ്ടു.

“ഏത് വെങ്കിടേഷ്,അവൻ നാട് വിട്ടു.എന്റെ കമ്പനിയിൽ നിന്നും കുറച്ചു പണം അടിച്ചു മാറ്റി.അതിനാൽ ഞാൻ അവനെ ഇവിടെ നിന്നും പറഞ്ഞു വിട്ടു.അവൻ എന്റെ ലോറിയിൽ കഞ്ചാവും മറ്റു മയക്കു മരുന്നും കടത്തി എന്നറിഞ്ഞപ്പോൾ ഞാൻ പോലീസിൽ പരാതി പെട്ടു.”

“അയാളുടെ എന്തെങ്കിലും വിവരങ്ങൾ ,അയാളുടെ അഡ്രസോ,സുഹൃത്തുക്കളോ?”

“നീയാരാ പോലീസാണോ?ഇതൊക്കെ അന്വേഷിക്കാൻ.”

“ഞാൻ മീനാക്ഷിയുടെ കൂട്ടുകാരനാണ്.അവൾക്കെന്തു സംഭവിച്ചു എന്നെനിക്കു അറിയണം.ആരാണ് അവളെ ഉപദ്രവിച്ചതെന്ന്.മുതലാളിക്കും ഈ പ്രായത്തിൽ ഒരു മോൾ ഇല്ലേ.”

റഹ്മാന്റെ സഹായത്തോടെ ആകാശ്,മീനാക്ഷിയുടെ ഫോണിലുള്ള വിവരങ്ങൾ പൊലീസിന് കൈമാറി.മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ വെങ്കിടേഷിനെ ഒരു സിനിമ തീയറ്ററിൽ വച്ച് ആകാശ് കണ്ടു മുട്ടി.ആകാശ് വെങ്കിടേഷിനെ തടഞ്ഞു നിർത്തി.

“എന്താടാ ചെർക്കാ ,നീയാണോ.എന്നെ അന്വേഷിക്കുന്നത്.”

“മീനാക്ഷിക്ക് എന്താ സംഭവിച്ചത്.”

“അവൾ മരിച്ചു പോയി.അതിനിപ്പോൾ ഞാൻ എന്ത് ചെയ്യാനാ.ഞാൻ എല്ലാവർക്കും പണം കൊടുത്തിട്ടുണ്ട്.പോലീസ് എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.”

ആകാശ് പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു.ആകാശ് തടഞ്ഞു നിർത്തിയിട്ടും വെങ്കിടേഷ് മുന്നോട്ടു കുതിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു.ആകാശ് ഒരു നിമിഷം വെങ്കിടേഷിനെ നോക്കി നിന്നു.അവന്റെ മനസിലേയ്ക്ക് മീനാക്ഷി എന്ന പതിനെട്ട് കാരിയുടെ ചിരിച്ച മുഖം കടന്നു വന്നു.

ആകാശ് കയ്യിൽ കരുതിയിരുന്ന കത്തി വെങ്കിടേഷിന്റെ നെഞ്ചിലേക്ക് കയറ്റി.ഒന്നല്ല,രണ്ടല്ല,…നാലു തവണ.ചുറ്റും ആളുകൾ കൂടി ,ആകാശിനെ പിടിച്ചു മാറ്റി.

“എന്റെ മീനാക്ഷിയെ നശിപ്പിച്ചതിന്..ഞങ്ങളെ പോലെ അനേകം കൗമാരക്കാരുടെ ജീവിതം നശിപ്പിച്ചതിന്.നിനക്ക് മാപ്പില്ല വെങ്കിടേഷ്.നീ മരിക്കേണ്ടവനാണ് ,നിയമത്തിനു നിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ…അവൾക്കു വേണ്ടി ഞാൻ ആ കർമ്മം ചെയ്യുന്നു.”

വർഷങ്ങൾ കഴിഞ്ഞു.ആകാശ് ജയിലിൽ നിന്നും പുറത്തിറങ്ങി.പാട വരമ്പത്തുള്ള പഴയ വീട്ടിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച വൃദ്ധയെ മനസിലാക്കാൻ അവനു കുറെ സമയമെടുത്തു,അവരാകെ അവശയായിരുന്നു.ആ വൃദ്ധ ആകാശിനെ കണ്ട നിമിഷം ഓടി വന്നവനെ കെട്ടിപിടിച്ചു.

“എന്റെ മോനെ.”

മുറ്റത്തെ തേന്മാവിൻ അവൻ നോക്കി,അതിൽ പടർന്ന മുല്ല വള്ളിയിൽ നിറയെ പൂക്കൾ.അവൻ ഒരു കുടന്ന പൂക്കൾ പെറുക്കി മാവിൽ ചുവട്ടിലേക്ക് അർപ്പിച്ചു.

“എന്റെ മീനാക്ഷി.”

“അവൾക്കു നിന്നെ അങ്ങനെ കാണാൻ പറ്റിയില്ല മോനെ,അവളുടെ ഡയറിയിൽ നിന്റെ പേരുണ്ട്.അതവൾ പച്ച മഷി കൊണ്ട് വരച്ചിരുന്നു.അവൾക്കു നീ അനിയനെ പോലെയായിരുന്നു.”

ആ അമ്മയെ മാറോടു ചേർത്തപ്പോൾ ആകാശ് കരഞ്ഞു പോയി.

✍️നിഷ പിള്ള.

Leave a Reply

Your email address will not be published. Required fields are marked *