“നിന്നെ അവൻ കേറി പിടിച്ചെന്നോ.. എന്നിട്ടാണോ രേവതി നീ ഇങ്ങനെ കരഞ്ഞോണ്ട് മൂലയ്ക്കിരിക്കുന്നത്. നമുക്ക് ഇത് ഇഷ്യൂ ആക്കണം ”
അരവിന്ദ് ആകെ ദേഷ്യത്തിലായിരുന്നു. എന്നാൽ ചുറ്റും കൂടി നിന്ന വിദ്യാർത്ഥികൾക്കാർക്കും ഒരു പ്രശ്നത്തിന് താത്പര്യമില്ലായിരുന്നു. അതിനു കാരണം ഈ പ്രശ്നത്തിൽ വില്ലൻ വികാസ് ആയിരുന്നത് കൊണ്ടാണ്. കോളേജിലെ പ്രമുഖ ഗ്യാങ്ങിന്റെ ലീഡർ.. ടീച്ചേർസ് പോലും അവനെതിരെ ഒരു ആക്ഷൻ എടുക്കാൻ ഭയന്നിരുന്നു. അതിനു കാരണം അവന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനങ്ങൾ കൂടിയായിരുന്നു…
“അരവിന്ദേ… വേണ്ട.. നീ എന്തിനാ വെറുതെ പ്രശ്നമുണ്ടാക്കുന്നത്. അവന്മാർക്കെതിരായി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നീയും കൂടി എന്തിനാ പ്രശ്നങ്ങൾ വരുത്തി വയ്ക്കുന്നത്.”
കൂട്ടത്തിൽ നിന്നൊരുവാൻ അരവിന്ദിനെ താക്കീത് ചെയ്തു.
“എന്താ… എന്താടാ ചെയ്യാൻ പറ്റാത്തത്.. ഇവനൊക്കെ കോളേജിൽ എന്തും ചെയ്യാം എന്നാണോ വിചാരം പെൺകുട്ടികളെ കയറി പിടിക്കാനും അപമാനിക്കാനും ഇവനാരാ അധികാരം കൊടുത്തത്”
അവന്റെ ശബ്ദം രോഷത്താൽ അല്പം. ഉയർന്നിരുന്നു.
” വേണ്ട അരവിന്ദ്.. എന്റെ പേരിൽ ഇനിയൊരു പ്രശ്നം വേണ്ട… എനിക്ക് ഉണ്ടായത് ഞാൻ തന്നെ സഹിച്ചോളാം ”
ഒക്കെയും കേട്ട് മിഴികൾ തുടച്ചു കൊണ്ടാണ് രേവതി അത് പറഞ്ഞത്…
” പറ്റില്ല രേവതി. ഇതിപ്പോ ആദ്യത്തെ സംഭവം അല്ല.. നിന്നെപ്പോലെ പലർക്കും അവനെ കൊണ്ട് ഉപദ്രവങ്ങൾ. വന്നിട്ടുണ്ട്.. ഇനിയും മൗനമായാൽ അത് കൂടി വരികയേ ഉള്ളു മറിച്ചു നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ അവന്റെ ശല്യം ഈസിയായി ഒഴിവാക്കാം ”
ഇത്തവണ അരവിന്ദ് എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു. എന്നാൽ ചുറ്റും കൂടി നിന്നവർ അപ്പോഴും ശാന്തരായി തന്നെ നിന്നു.
” നീ കുറെ ഉണ്ടാക്കും.. ”
പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞവർ അവടെ വികാസിനെയാണ് കണ്ടത്. അതോടെ എല്ലാവരും ഒന്ന് പരുങ്ങി. പതിയെ അവൻ നടന്നു അരവിന്ദിന്റെ മുന്നിലേക്കെത്തി.
” എടാ.. കൊച്ചേർക്കാ.. വെറുതേ എന്റെ കൈയ്ക്ക് പണി ഉണ്ടാക്കി വയ്ക്കല്ലേ നീ… നിനക്ക് അറിയില്ല എന്റെ റേഞ്ച് എന്താണെന്ന്.. ”
എന്നാൽ ആ ഭീക്ഷണിയ്ക്ക് മുന്നിൽ പതറുവാൻ തയ്യാറല്ലായിരുന്നു അരവിന്ദ്.
“വികാസേ… ഇതുവരെ നീ കാണിച്ചുകൂട്ടിയതൊക്കെ പേടിച്ചിട്ട് ആരും പ്രതികരിക്കാത്തതുകൊണ്ടുള്ള ധൈര്യത്തിന്മേലാണ്.. അതിനർത്ഥം നീ വലിയ ആളാണെന്നല്ല. നിനക്ക് എതിരെ സംസാരിക്കാൻ ഒരാൾ വന്നാൽ തീരാവുന്നതേ ഉള്ളു.. ഈ ഗുണ്ടായിസമൊക്കെ..”
“ഡാ…”
ആ മറുപടി കേട്ട് രോഷത്തോടെ മുന്നോട്ട് കുതിച്ചെങ്കിലും അരവിന്ദിന്റെ കണ്ണുകളിലെ ജ്വാല കാൺകെ ഒരു നിമിഷം വികാസുമൊന്നു പതറി.
അപ്പോഴേക്കും രേവതി പിന്നിൽ നിന്നും അരവിന്ദിന്റെ കൈയിൽ പിടിച്ചു.
“വേണ്ട അരവിന്ദേ… എനിക്ക് വേണ്ടി നീ പ്രശ്നത്തിലാകണ്ട.”
അവളുടെ കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നു
“ഇത് നിനക്ക് വേണ്ടി മാത്രമല്ല രേവതി… ഇനി ഒരു പെൺകുട്ടിയ്ക്കും ഈ കോളേജിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത് അതിനു പ്രതികരിച്ചേ മതിയാകൂ…. നിങ്ങളൊന്നു ഒപ്പം നിന്നു തന്നാൽ മതി ”
അരവിന്ദ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് പതിയെ തിരിഞ്ഞു നടന്നു ആ സമയം അവന്റെ മനസ്സിൽ മറ്റൊരു തീരുമാനമുണ്ടായിരുന്നു. പല്ലിറുമ്മി നോക്കി നിന്നു വികാസും.
അന്നത്തെ രാത്രി അരവിന്ദ് ഉറങ്ങിയില്ല. വികാസിനെ പൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തിൽ അവൻ കെണി മെനഞ്ഞു.
അടുത്ത ദിവസം രാവിലെ കോളേജിൽ ഒരു അസാധാരണ കാഴ്ചയായിരുന്നു. വലിയ നോട്ടീസ് ബോർഡ് നിറയെ പലവട്ടം വികാസ് കോളേജിൽ കാട്ടി കൂട്ടിയ കൊള്ളരുതായ്മകളുടെ ഫോട്ടോകൾ പതിപ്പിച്ചിരുന്നു. അതിൽ മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും തുടങ്ങി.. കോളേജിലെ അടിപിടികളുടെ ഫോട്ടോസ് വരെ ഉണ്ടായിരുന്നു.
പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ വലിയൊരു കൂട്ടം തന്നെ കൂടിയിരുന്നു.
അരവിന്ദ് രേവതിയോടൊപ്പം പ്രിൻസിപ്പലിന് മുന്നിലെത്തി. അവന്റെ കയ്യിൽ ഒരു പെൻഡ്രൈവ് കൂടി ഉണ്ടായിരുന്നു.
“സർ, ഇന്നലെ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഈ കോളേജിൽ വികാസ് എന്ന വിദ്യാർത്ഥി കുറേക്കാലമായി നടത്തിവരുന്ന അതിക്രമങ്ങളുടെ തെളിവുകളാണ് ഞങ്ങളുടെ കൈയിലുള്ളത്. അവന്റെ കൊള്ളരുതായ്മകൾ കൂടി വന്നപ്പോൾ പലപ്പോഴായി ഞാൻ ശേഖരിച്ച തെളിവുകളാണ് ഇവയൊക്കെ. ഈ പെൻഡ്രൈവിൽ അവൻ മയക്ക് മരുന്ന് ഉപയോഗിക്കുന്നത് മുതൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന വീഡിയോകൾ വരെയുണ്ട്. ഒക്കെയും വിശദമായി പരിശോധിച്ച് സാർ ഒരു നടപടി എടുക്കണം. ”
ഒക്കെയും ശ്രദ്ധയോടെ കേട്ടിരുന്ന പ്രിൻസിപ്പൽ ആ പെൻഡ്രൈവ് കയ്യിലേക്ക് വാങ്ങി. അതിലെ വീഡിയോസെല്ലാം ചെക്ക് ചെയ്തു. അതോടെ രേവതി പതിയെ തന്റെ ബാഗിൽ നിന്നും കുറച്ചു പേപ്പറുകൾ പുറത്തേക്കെടുത്തു.
” സർ… ഇത് ഞാനുൾപ്പെടെയുള്ള പെൺകുട്ടികളുടെ പരാതികളാണ് വികാസിനെതിരെ.. ഇനിയും അവനെ വെറുതെ വിടരുത്.. ”
തെളിവുകൾ അതിനു ശക്തമായിരുന്നു.
“ഇതൊക്കെ നേരത്തെ എന്തുകൊണ്ട് നിങ്ങൾ റിപ്പോർട്ട് ചെയ്തില്ല”
ഒക്കെയും പരിശോധിക്കവേ പ്രിൻസിപ്പലിന്റെ ചോദ്യം അതായിരുന്നു.
“റിപ്പോർട്ട് ചെയ്യാൻ മുതിർന്നവരെയെല്ലാം അവൻ ഭയപ്പെടുത്തി പക്ഷേ ഇത്തവണ രേവതി പിൻമാറിയില്ല..അവളുടെ ഈ ധൈര്യം മറ്റുള്ളവർക്ക് കൂടി ഊർജ്ജമായി.. ”
മറുപടി പറഞ്ഞത് അരവിന്ദ് ആണ്.
അപ്പോഴേക്കും പ്രിൻസിപ്പലിന്റെ ഓഫീസ് വാതിൽ തള്ളി തുറന്ന് വികാസ് അകത്തേക്ക് കയറിയിരുന്നു.
“എന്താ സർ ഇവിടെ നടക്കുന്നത്.. എന്റെ കുറെ എഡിറ്റ് ചെയ്ത ഫോട്ടോസ് നോട്ടീസ് ബോർഡിൽ കണ്ടു.. ആരാണ് ഇതൊക്കെ ചെയ്തത്… ”
അവന്റെ അഭിനയം കാൺകേ അറിയാതെ ചിരിച്ചു പോയി പ്രിൻസിപ്പൽ.
” വികാസ്.. കൊള്ളാം നല്ലത് പോലെ അഭിനയിക്കുന്നുണ്ട് നീ.. ഫോട്ടോസ് എഡിറ്റഡ് ആകാം പക്ഷെ ഈ പെൻഡ്രൈവിലെ വീഡിയോസ് എല്ലാം ഒർജിനലാണ്.. ഇത് പണിയാണ് മോനെ.. ”
ആ മറുപടി കേൾക്കെ ഒന്ന് പതറി വികാസ്.
“ഇത്രേം മതി വികാസേ.. ഇനി നീ ഇവിടെ കിടന്ന് വിളയാൻ നിൽക്കേണ്ട… ഒരു ഡിസ്മിസലിനുള്ള എല്ലാ പ്രൂഫും ആൾറെഡി ഇവർ സബ്‌മിറ്റ് ചെയ്തു കഴിഞ്ഞു.. നിന്റെ പേപ്പർ വൈകാതെ തരാം.”
പുച്ഛത്തോടെ പ്രിൻസിപ്പൽ അത് പറയുമ്പോൾ അടങ്ങാത്ത രോഷത്തിൽ പല്ലിറുമ്മി വികാസ്.
” പന്ന.. #&%@ മക്കളേ.. എനിക്കിട്ട് പണിയുവാ അല്ലെ കാണിച്ചു തരാം രണ്ടിനേം ഞാൻ.. ഈ വികാസ് ആരാണെന്ന് ഇനി നിങ്ങൾ അറിയാൻ പോണതേ ഉള്ളു ഓർത്തോ ”
വെല്ലു വിളിയോടെ അവൻ അരവിന്ദിന്റെ ഷർട്ടിൽ പിടുത്തമിട്ടു. എന്നാൽ ഒന്ന് പതറിയത് പോലുമില്ല അരവിന്ദ്. അപ്പോഴേക്കും പ്രിൻസിപ്പൽ പതിയെ എഴുന്നേറ്റ് അവർക്കരികിലെത്തി
” മോനെ.. വികാസേ… കാരിക്കാട് കോളനി ന്ന് കേട്ടിട്ടുണ്ടോ നീ… കേട്ടിട്ടില്ലേ നിന്റെ പിടിപാടുകാരൻ തന്തയോട് ചോദിക്ക് അയാൾക്ക് നല്ലത് പോലെ അറിയാം.. പണ്ട് എം എൽ എ ആയിരുന്ന സമയത്ത് കോളനിക്കാര് ഉടു മുണ്ട് ഉരിഞ്ഞു വിട്ടിട്ടുണ്ട് അങ്ങേരെ. ”
ഇത്തവണ പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് അറിയാതെ വികാസിന്റെ കൈകൾ അയഞ്ഞിരുന്നു. കാരണം അത്രത്തോളം പ്രശ്നം പിടിച്ച സ്ഥലമാണ് ആ കോളനിയെന്ന് അച്ഛൻ പറഞ്ഞു അവന് അറിയാം..
” എടാ അവിടുത്തെ ചെക്കനാ ഈ അരവിന്ദ്. ഇവനെതിരെ നീ എന്തേലും ചെയ്യാൻ മുതിർന്നാൽ നിന്നെമാത്രമല്ല നിന്റെ തന്തയെ വരെ വീട് കേറി കത്തിക്കും കോളനിക്കാര്.. ജീവനിൽ കൊതി ഉണ്ടേൽ ഇവരോട് മുട്ടാൻ നിൽക്കാതെ കിട്ടുന്ന ഡിസ്മിസലും വാങ്ങി വിട്ടോ ”
ഇത്തവണ ആകെ ഭയത്തിൽ പൂർണമായും അവൻ പിടുത്തം വിട്ടു. ആ സമയം പുച്ഛത്തിൽ അവന്റെ നേരെ മുഖം കുനിച്ചു അരവിന്ദ്
” മതി വികാസേ… ഇനി ഈ കോളേജിൽ നീ വേണ്ട… നീ വിട്ടോ… ഇല്ലേൽ വീട് കേറി എടുക്കും ഞാൻ ”
ചിരിച്ചു കൊണ്ട് ഒരു ഭീഷണി മുഴക്കി അവൻ അതോടെ ആകെ പതറിയ വികാസ് അപമാന ഭാരത്തിൽ പെട്ടെന്ന് അവിടെ നിന്നും പുറത്തേക്ക് നടന്നു പോയി. കാരണം ഇനി അരവിന്ദുമായി പ്രശ്നം ഉണ്ടാകുന്നത് ആപത്താണെന്ന് ഒറ്റ നിമിഷം കൊണ്ടവൻ മനസിലാക്കിയിരുന്നു.
വികാസ് പിന്മാറിയതോടെ ഒറ്റ ദിവസം കൊണ്ട് കോളേജിൽ ഒരു ഹീറോയായി മാറി അരവിന്ദ്.
” താങ്ക് യൂ.. താങ്ക് യൂ അരവിന്ദ്… നീ തന്ന സപ്പോർട്ട് കൊണ്ടാണ് എനിക്ക് സ്ട്രോങ്ങ് ആയി നിൽക്കാൻ പറ്റിയത് ”
രേവതിയുടെ ആ നന്ദി പ്രകടനം കണ്ട് പുഞ്ചിരിയോടെ നടന്നകന്നു അരവിന്ദ്.
കോളേജിലെ ആഹ്ലാദ പ്രകടന്നങ്ങളൊക്കെ കണ്ട് നിന്ന പ്രിൻസിപ്പൾ അറിയാതെ ചിരിച്ചു പോയി
” ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നു… ഇത്രയും നാൾ ഒരു വികാസ്.. ഇനിയുള്ള കാലം ചിലപ്പോ അത് അരവിന്ദ് ആയേക്കും. അത്രയ്ക്ക് പ്രോത്സാഹനമാണ് കുട്ടികളുടെ വക അവന് കിട്ടുന്നത് ”
ആത്മഗതത്തോടെ അയാൾ ഓഫീസ് മുറിയിലേക്ക് പോയി.
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
