നീനേ.. നിന്റെ കെട്ട്യോനെങ്ങാനും പ്രതീക്ഷിക്കാതെ വന്ന് കേറോ… എനിക്കൊരു പേടി ഇല്ലാതില്ല… ” ജോസ് ആകെ പരുങ്ങലിൽ ആയിരുന്നു.….

“നീനേ.. നിന്റെ കെട്ട്യോനെങ്ങാനും പ്രതീക്ഷിക്കാതെ വന്ന് കേറോ… എനിക്കൊരു പേടി ഇല്ലാതില്ല… ”

ജോസ് ആകെ പരുങ്ങലിൽ ആയിരുന്നു.

” ഇല്ലെന്നേ.. ആ ടെൻഷൻ വേണ്ട.. ഇച്ചായൻ ചെന്നൈയിൽ ഒരു മീറ്റിങ്ങിനു പോയേക്കുവാ.. നാളെയേ തിരികെ എത്തുള്ളൂ.. ഞാനാന്നേൽ ഇന്ന് രാവിലെ തന്നെ എന്റെ വീട്ടിലേക്ക് തിരിച്ചു ന്ന് രാവിലെ വിളിച്ചപ്പോ പറഞ്ഞിട്ടുണ്ട്. അവിടെ പള്ളിയിൽ പെരുന്നാൾ ആണ്… സോ ചെന്നൈ ന്ന് ഇച്ചായൻ നേരെ അങ്ങ് വരും.. ഇവിടേക്ക് വരേണ്ട ന്ന് പറഞ്ഞിട്ടുണ്ട് ഞാൻ…”

“ആഹാ.. അപ്പോ നീ വെൽ പ്ലാൻഡ് ആണല്ലേ ”

ആശ്വാസത്തോടെ സെറ്റിയിലേക്കിരുന്നു ജോസ്.

” പിന്നല്ലാണ്ട്…. എന്റെ ജോസേ നിന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടാനായി ഇതല്ല ഇതിന്റെ അപ്പുറം പ്ലാനിങ് നടത്തും ഞാൻ..”

കുസൃതി ചിരിയോടെ പതിയെ അവന്റെ മടിയിലേക്കിരുന്നു നീന. ആകെയൊന്ന് കുളിരു കോരിപ്പോയി ജോസ് അപ്പോൾ. വിറയാർന്ന കൈകളാൽ അവളെ വാരി പുണർന്നു അവൻ.

” ഞെക്കി കൊല്ലോ കള്ളാ നീ… നമുക്ക് ഇന്ന് വൈകുന്നേരം വരെ സമയം ഉണ്ട് അത് മറക്കേണ്ട.. വൈകിട്ടെ ഞാൻ വീട്ടിലേക്ക് പോകുള്ളൂ.. ഇപ്പോ ഞാൻ നിനക്ക് കുടിക്കാൻ നല്ല തണുത്ത എന്തേലും എടുക്കാം… നിന്റെ എഞ്ചിൻ ചൂട് ആയി തുടങ്ങി.. ”

കുസൃതി ചിരി മായാതെ തന്നെ അവന്റെ പിടിയിൽ നിന്നും കുതറി തിരിഞ്ഞെഴുന്നേറ്റു നെറ്റിയിൽ ഒരു മുത്തം നൽകി കിച്ചനിലേക്ക് നടന്നു നീന. അവളെ കണ്ണാലുഴിഞ്ഞു കൊണ്ട് ആകെ കുളിരു കോരി ഇരുന്നു ജോസ് അപ്പോൾ

“ഞാനിന്നു തകർക്കും…”

ആവേശത്തിൽ തുള്ളിപ്പോയി അവൻ.

ആ സമയം താഴെ കാർ പാർക്കിങ്ങിൽ മറ്റൊരു രംഗം അരങ്ങേറുന്നുണ്ടായിരുന്നു.

“എന്റെ റോസേ വേഗം വാ നീ .. നീന ആൾറെഡി രാവിലേ തന്നെ അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ട് നമുക്ക് ഇന്ന് വൈകിട്ട് വരെ തകർക്കാം… വേണേൽ നൈറ്റും…. മീറ്റിംഗ് കഴിഞ്ഞു നാളെയെ ഞാൻ ഫ്രീ ആകുള്ളൂ ന്നാ പറഞ്ഞേക്കുന്നെ..സോ നാളെ അവളുടെ വീട്ടിൽ പോയാൽ മതി.”

ആകെ ആവേശത്തിലായിരുന്നു നീനയുടെ ഭർത്താവ് അലക്സ്.

” വരുവാ ചേട്ടായി.. പക്ഷെ എനിക്കെന്തോ ഒരു ടെൻഷൻ പോലെ.. നമ്മൾ ഫ്ലാറ്റിൽ കേറുന്നത് ആരേലും കാണില്ലായോ.. കണ്ടാൽ പ്രശ്നം അല്ലെ…”

റോസിന് ചെറിയ ഭയം തോന്നാതിരുന്നില്ല

“ഇല്ലന്നെ… ഞങ്ങടെ ഓപ്പോസിറ്റ് രണ്ട് ഫ്ലാറ്റ് കാലി ആണ്.. സോ ഇഷ്യൂസ് ഇല്ല.. നീ ധൈര്യമായി കേറി വായോ. ”

ലിഫ്റ്റിനരികിയ്ക്ക് നടക്കുമ്പോൾ തുള്ളിചാടി അലക്സ്.

” എന്നാലും വേണ്ട ചേട്ടായി…. ഒരുമിച്ചു പോകേണ്ട.. നിങ്ങള് മുന്നേ പോയി ഫ്ലാറ്റിൽ കേറ് ഞാൻ പിന്നാലെ വന്നോളാം.. ”

റോസിന്റെ ഭയം മാറിയിരുന്നില്ല…

“എന്നാൽ ഓക്കേ.. അത് തന്നാ നല്ലത് ഞാൻ ആദ്യം പോകാം അറിയാലോ.. സിസ്ത് ഫ്ലോർ ഫ്ലാറ്റ് നമ്പർ സിസ്ക് സി അങ്ങ് വന്നേക്കണം…”

വഷളൻ ചിരിയോടെ ലിഫ്റ്റിലേക്ക് കയറി അലക്സ്. വൈകാതെ മുകളിലേക്ക് കുതിച്ചു.

ഇതേ സമയം ഫ്ലാറ്റിൽ ജോസും നീനയും ആഘോഷം തുടങ്ങിയിരുന്നു.

“ഇങ്ങട് വാ കരളേ… എത്ര നാളായി കാത്തിരുന്നതാ ഇങ്ങനൊരു അവസരത്തിനു വേണ്ടി.. ”
നീനയെ വലിച്ചു തന്നോടടുപ്പിച്ചു ജോസ്.

” ഹോ.. ആക്രാന്തം കാട്ടല്ലേ ചെക്കാ… ”

അവനിൽ നിന്നും കുതറി മാറി നീന

” എന്താ മോനെ ഇപ്പോ നിന്റെ പേടിയൊക്കെ മാറി ആള് നല്ല ഫോമിൽ ആയല്ലോ…. ഇപ്പോ എന്റെ കെട്ട്യോൻ വരോ ന്ന് ഉള്ള പേടി ഇല്ലെ നിനക്ക്.. ”

അവളുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ജോസ്.

” ഇനീപ്പോ നിന്റെ കെട്ട്യോൻ അല്ല ദൈവം തമ്പുരാൻ വന്ന് മുന്നിൽ നിന്നാലും ഞാൻ പേടിക്കില്ല.. നിന്നെ ദേ ഇങ്ങനെ എടുത്ത് കറക്കും ഞാൻ അവരുടെ മുന്നിൽ വച്ച്.”

പറഞ്ഞ് നിർത്തവേ ഓടി ചെന്ന് നീനയെ എടുത്തുയർത്തി വട്ടം കറങ്ങി ജോസേ.

” ഹാ…ചെക്കാ.. താഴെ ഇറക്ക് എന്നെ.. കുറുമ്പ് കാട്ടല്ലേ…”

കൊഞ്ചലോടെ അവൾ എതിർക്കുമ്പോൾ അത് കൂടുതൽ ഹരമായി ജോസിന്. നീനയുമായി വട്ടം കറങ്ങി അവൻ. എന്നാൽ ആ സമയം ഡോറിന്റെ ലോക്കിൽ ചാവി തിരിയുന്ന ശബ്ദം അവർ അറിഞ്ഞതേ ഇല്ല.

റോസിനെ ഓർത്തു ആവേശത്തോടെ വാതിൽ തുറന്ന അലക്സ് കണ്ടതോ.. നീനയെ എടുത്തുയർത്തി വട്ടം കറങ്ങുന്ന ജോസിനെ. ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി അവൻ… കണ്മുന്നിൽ കാണുന്നത് വിശ്വസിക്കുവാൻ കഴിയാതെ.. ഒന്നും മിണ്ടുവാൻ പോലും കഴിയാതെ പ്രതിമ കണക്കെ നോക്കി നിന്നു പോയി അലക്സ്. എന്നാൽ ഇതൊന്നുമറിയാതെ ജോസും നീനയും ആഘോഷത്തിൽ തന്നെയായിരുന്നു.

” ടീ… ”

കണ്മുന്നിലെ കാഴ്ച അസ്സഹനീയമായപ്പോൾ അലറി വിളിച്ചു അവൻ. ആ നിമിഷം ഞെട്ടി തിരിഞ്ഞ ജോസും നീനയും അന്ധാളിച്ചു നിന്നു പോയി.

” ടീ നിന്റെ.. കെട്ട്യോൻ… അലക്സ് ”

ഞെട്ടി തരിച്ചു നിൽക്കെ ജോസിന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു

” ഇ.. ഇച്ചായാ… ”

നീനയും ആകെ ഭയന്ന് വിറച്ചു പോയി..

” ആരാടി ഇവൻ ഇതാണോ ടീ നിന്റെ പള്ളി പെരുന്നാള്… ഇതാണോ നീ രാവിലെ തന്നെ പോയെന്ന് പറഞ്ഞെ… നശിച്ചവളെ.. ഇത്രേം നാളും എന്നെ പറ്റിക്കുവായിരുന്നു അല്ലെ.. ഞാനില്ലാതെ നേരം നോക്കി കാമുകനെ വിളിച്ചു ഫ്ലാറ്റിൽ കയറ്റി.. വൃത്തികെട്ടവള് ”

അലറിക്കൊണ്ട് ഒറ്റ കുത്തിപ്പിന് നീനയുടെ മുടിക്കുത്തിൽ പിടുത്തമിട്ടു അലക്സ്.

” ഇച്ചായാ.. ക്ഷമിക്കണം.. ഒരു അബദ്ധം പറ്റിപ്പോയി… ”

കൈ കൂപ്പി കെഞ്ചുകയായിരുന്നു നീന. നേരെ തിരിഞ്ഞ് നടുങ്ങി നിന്നിരുന്ന ജോസിന്റെ ചെക്കിടടക്കം ഒന്ന് പൊട്ടിച്ചു അലക്സ്..

” ആരാ ടാ നാറി..നീ എന്റെ കുടുംബത്തിൽ കേറി കളിക്കാൻ നോക്കുന്നോ… കൊന്ന് കളയും നിന്നെ ഞാൻ … ”

അലറിക്കൊണ്ട് ജോസിന്റെ ഷർട്ടിൽ പിടുത്തമിട്ടു അവൻ.

” ഇച്ചായാ.. പ്ലീസ്.. പ്രശ്നമാക്കല്ലേ… ഒരു അബദ്ധം പറ്റിപ്പോയി.. ”

ആ സമയം അലക്സിന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു നീന..

പക്ഷേ അപ്പോഴായിരുന്നു അടുത്ത ട്വിസ്റ്റ്‌..

“ചേട്ടായി…. ചേ… ട്ടായി ”

നീട്ടി വിളിച്ചു കൊണ്ട് അടുത്ത ആളുടെ രംഗ പ്രവേശനം.. അലക്സിന്റെ സ്വന്തം റോസിയുടെ…..

കലി തുള്ളി വിറച്ചു നിന്നിരുന്ന അലക്സ് ഒരു നിമിഷം നടുങ്ങിപ്പോയി..

“പണി പാളി… ”

അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ഒപ്പം ജോസിന്റെ ഷർട്ടിലെ പിടുത്തവും അയഞ്ഞു . മുറിയിലേക്ക് വന്ന് കയറിയ റോസി ആകട്ടെ ആകെ മൊത്തത്തിൽ ഒരു പരിഭ്രമിച്ചു.

” ചേ.. ചേട്ടായി.. ആരാ ഇവരൊക്കെ… എന്തായിത്..”

സംശയത്തിൽ അവൾ ചോദിക്കുമ്പോൾ അതേ സംശയത്തോടെ നിലത്തു നിന്നും ഞെട്ടലോടെ എഴുന്നേറ്റു നീന.

” ആ…. ആരാ ഇച്ചായാ ഇത്.. ആരാ ഇവൾ…”

ആ ചോദ്യം അലക്സിന്റെ നെഞ്ചിലേക്ക് കത്തി പോലെ കുത്തിക്കയറി.

” ഇ… ഇത് എന്റെ ഫ്ര… ഫ്രണ്ട് നീന… ഛേ.. അല്ല റോസി.. വെറുതെ വീ.. വീട് കാണാൻ വന്നത്… “.

ആകെ പതറി പോയി അവൻ.

” ഇവളെ വീട് കാണിക്കാൻ ആണോ നിങ്ങള് വെപ്രാളപ്പെട്ടു രാവിലെ തന്നെ എന്നോട് വീട്ടിൽ പോകാൻ പറഞ്ഞത്… അല്ല നിങ്ങൾക്ക് മീറ്റിംഗ് ഇല്ലേ.. നാളെ അല്ലെ വരുള്ളൂ ന്ന് പറഞ്ഞത് പിന്നെങ്ങിനെ ഈ സമയം ഇവളുമായി ഇവിടെ… ”

ക്ഷണ നേരം കൊണ്ട് നീനയിലെ ഭാര്യയുണർന്നു. അതോടെ ആകെ മൊത്തത്തിൽ കുഴഞ്ഞു അലക്സ്. അതോടെ ജോസിന്റെ പാതി ജീവൻ തിരിച്ചു കിട്ടിയ പോലെ ആയി.

” അളിയാ.. സെറ്റപ്പ് ആയിരുന്നു അല്ലെ… എന്നിട്ട് ആണോ എന്നോട് ഈ ഷോ ഇറക്കിയത് ”

അവൻ കാതിൽ അടക്കം പറയുമ്പോൾ ഇളിഭ്യനായി നിന്നു പോയി അലക്സ്. പണി പാളി എന്ന് റോസിയും ഏകദേശം മനസിലാക്കി.

” കള്ളം പറഞ്ഞ് ഫ്ലാറ്റിൽ ന്ന് പോയിട്ട് എന്നെയും പറഞ്ഞ് വിട്ട് ഇവളുമായി വന്ന് അറുമാദിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു അല്ലെ… ”

നീനയുടെ ആ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു അലക്സിന്റെ പക്കൽ എന്നാൽ വളരെ വേഗത്തിൽ അവൻ തിരിച്ചടിച്ചു.

” അപ്പോ നീയോ…. രാവിലെ വീട്ടിൽ പോയെന്ന് പറഞ്ഞിട്ട് ഇവിടെ ഇവനുമായി എന്തായിരുന്നു പരിപാടി..”

ആ മറു ചോദ്യം നീനയെയും കുഴപ്പിച്ചു. പിന്നെ ഒരു ബഹളമായിരുന്നു. രണ്ടാളും കൂടി പരമാവധി ബിൽഡിങ്ങിൽ ഉള്ള എല്ലാവരെയും കാര്യങ്ങൾ അറിയിക്കുമാറ് കലഹിച്ചു. ഇതിനിടയിൽ അലക്സും റോസും ജീവനും കൊണ്ട് രക്ഷപ്പെടേം ചെയ്തു. ഒടുവിൽ ഫ്ലാറ്റ് സെക്രട്ടറിയും മറ്റു നിവാസികളും ചേർന്ന് ഒരു വിധം പ്രശ്നങ്ങൾ സോൾവ് ആക്കി.. പക്ഷെ ഒരു ഡിവോഴ്സിനുള്ള തിരി അവിടെ തെളിഞ്ഞിരുന്നു.

അല്ലേലും ഒരു കുടുംബത്തിൽ രണ്ട് അവിഹിതങ്ങൾ ആയാൽ പിന്നെന്ത് ചെയ്യാൻ ആണ്…. ഒന്നുകിൽ രണ്ടാളും അഡ്ജസ്റ്റ് ചെയ്യുക അല്ലേൽ അടിച്ച് പിരിയുക…

എന്തായാലും ആ ദിവസം നീനയ്ക്കും അലക്സിനും ജോസിനും റോസിനും എല്ലാം എന്നും ഓർക്കാനുള്ളത് തന്നെ സമ്മാനിച്ചു.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *