എന്റെ കാര്യത്തിൽ അവന്റെ ഒരു താലി വീഴുന്നതോടെ ഞാൻ അവന്റെ അടിമയാണെന്ന് അവന് സ്വയം തോന്നിത്തുടങ്ങും. ജീവിതം അവസാനം വരെ അങ്ങനെ ഒരു ജീവിതം ജീവിച്ചു തീർക്കാൻ തന്നെ കൊണ്ട് സാധിക്കുമോ..?’

(രചന: ആവണി)

“നീ പറയുന്നതൊന്നും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല കിച്ചു.. എനിക്ക് എന്റേതായ സ്വപ്നങ്ങൾ ഉണ്ട്. ഞാനെന്നത് ഒരു പ്രത്യേക വ്യക്തിത്വമാണ്. അങ്ങനെയുള്ള എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ടാവില്ലേ..?”

കാത്തുവിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

“നീ പറയുന്ന ഏത് കാര്യമാണ് ഞാൻ അംഗീകരിക്കാതിരുന്നത്..? പക്ഷേ എനിക്ക് ഈ ഒരു കാര്യം മാത്രം എന്തുകൊണ്ടോ സമ്മതിച്ചു തരാൻ പറ്റുന്നില്ല..നീയൊരു കാര്യം മനസ്സിലാക്കണം നമ്മുടെ വിവാഹത്തിന് ഇനി അത്രയ്ക്കുള്ള ദിവസങ്ങളാണ് ബാക്കിയുള്ളത്.. ഒന്നര മാസം.. ഈ നേരത്ത് എന്നെയും സ്വപ്നം കണ്ടിരിക്കുന്നതിനു പകരം നീ മറ്റു സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നു എന്ന് പറയുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല..”

കിച്ചു അസഹ്യതയോടെ പറഞ്ഞു.പക്ഷേ അത് കേട്ടപ്പോൾ കാത്തുവിനു വല്ലാത്ത നിരാശ തോന്നി.

“ഞാൻ നിന്നെ പരിചയപ്പെട്ട നാൾ മുതൽ നിന്നോട് ഞാൻ പങ്കുവയ്ക്കുന്ന എന്റെ സ്വപ്നത്തിന് പിന്നാലെ പോകണം എന്നാണ് ഞാൻ പറയുന്നത്.അന്നൊക്കെയും അതിനെ പ്രോത്സാഹിപ്പിച്ചിരുന്ന നീ ഇപ്പോൾ എന്തുകൊണ്ടാണ് അതിന് തടസ്സം പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല..”

കാത്തു സങ്കടത്തോടെ പറഞ്ഞിട്ടും അവന്റെ മനസ്സിൽ പ്രത്യേകിച്ച് അലിവൊന്നും തോന്നിയില്ല.

“കാത്തു.. നീ പറഞ്ഞതൊക്കെ ശരിയാണ്. നീയെന്നെ പരിചയപ്പെട്ട നാൾ മുതൽ നിന്റെ ആ സ്വപ്നത്തിനെ കുറിച്ച് പറയുന്നുണ്ട്. പക്ഷേ അന്നൊക്കെ ഞാൻ നിന്നെ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഞാൻ നിന്റെ ഭാവി വരനാണ്..”

കിച്ചു തർക്കിക്കാൻ തയ്യാറെടുക്കുകയായിരുന്നു.

” സൊ വാട്ട്‌..? നല്ലൊരു സുഹൃത്തിൽ നിന്ന്, എന്റെ കാമുകനായും ഭാവി വരനായും നിനക്ക് സ്ഥാനമാറ്റം കിട്ടിയപ്പോൾ, ഉള്ളു കൊണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല . നല്ലൊരു സുഹൃത്തിന് മാത്രമേ നല്ലൊരു ഭർത്താവാകാൻ കഴിയൂ എന്ന് ഞാൻ വിശ്വസിച്ചു. അതുകൊണ്ടുതന്നെ എന്റെ ആഗ്രഹങ്ങൾക്കൊപ്പം… സ്വപ്നങ്ങൾക്കൊപ്പവും നീ ഉണ്ടാകുമെന്ന് ഞാൻ കരുതി. നല്ല രണ്ടു സുഹൃത്തുക്കളെ പോലെ നമുക്ക് ജീവിതം മനോഹരമാക്കാൻ കഴിയും എന്ന് ഞാൻ വെറുതെ മോഹിച്ചു . എന്റെ പ്രതീക്ഷകൾ ഒക്കെ ഇപ്പോൾ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയിരിക്കുന്നു. ”

അത്യധികം സങ്കടത്തോടെ കാത്തു പറയുന്നുണ്ടെങ്കിലും കിച്ചുവിന് അവൾ പറയുന്നതൊന്നും അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“കാത്തു.. ട്രൈ റ്റു അണ്ടർസ്റ്റാൻഡ്. നീ കരുതുന്നതു പോലെ സിമ്പിൾ അല്ല കാര്യങ്ങൾ. ഒറ്റയ്ക്ക് ഒരു ട്രിപ്പ് പോണം എന്ന് ആഗ്രഹം തോന്നുന്നതൊക്കെ സ്വാഭാവികമാണ്. അത് നമ്മുടെ അടുത്ത ഏതെങ്കിലും പ്രദേശങ്ങളിലേക്ക് ആണെങ്കിൽ സന്തോഷത്തോടെ ഞാൻ സമ്മതിക്കുകയും ചെയ്തേനെ. ഇത് ഇപ്പോൾ കാശ്മീരിലേക്ക് ഒറ്റയ്ക്ക് പോണം എന്ന് പറഞ്ഞാൽ എന്ത് വിശ്വസിച്ചു ഞാൻ നിന്നെ ഒറ്റയ്ക്ക് പറഞ്ഞു വിടും..? എന്തൊക്കെ അപകടങ്ങളാണ് പതിയിരിക്കുന്നത് എന്ന് നിനക്ക് മനസ്സിലാക്കാൻ പോലും കഴിയില്ല.”

കിച്ചു തന്നെ തന്നെ ന്യായീകരിക്കുന്നുണ്ടായിരുന്നു.

” ഞാൻ സോളോ ട്രിപ്പ് പോകുന്നതാണ് നിന്റെ പ്രശ്നമെങ്കിൽ എന്റെ സുഹൃത്തുക്കളെ കൂടി കൂടെ കൂട്ടാം.. ”

ആവേശത്തോടെ അവൾ പറഞ്ഞു.

” ഏത് സുഹൃത്തുക്കൾ..? നിന്റെ ആ ട്രാവൽ ഗ്രൂപ്പിലുള്ള ആളുകളായിരിക്കും അല്ലേ..? ”

പുച്ഛത്തോടെയാണ് അവൻ അത് ചോദിച്ചതെങ്കിലും അത് മനസ്സിലാക്കാതെ അവൾ സന്തോഷത്തോടെ തലയാട്ടി.

“നിനക്ക് തലയ്ക്ക് സുഖമില്ലേ..? ഇന്നേ വരെ നീ അവരെ ആരെയെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ..?ആരുടെയെങ്കിലും പേഴ്സണൽ ഡീറ്റെയിൽസ് അറിയാമോ..? ഇതൊന്നുമറിയാതെ നീ എന്ത് വിശ്വസിച്ചാണ് അവരോടൊപ്പം ഒരു ട്രിപ്പ് പോകാം എന്നൊക്കെ പറയുന്നത്..?”

കിച്ചു ദേഷ്യത്തിൽ തന്നെയായിരുന്നു.

” അവരെ ആരെയും നേരിൽ കണ്ടിട്ടില്ല എന്നല്ലേ ഉള്ളൂ, എനിക്ക് എല്ലാവരുടെയും ഫോട്ടോ കണ്ട് പരിചയം ഉണ്ട്.. ”

ഒന്ന് പരുങ്ങിക്കൊണ്ടാണെങ്കിലും അവൾ മറുപടി പറഞ്ഞു.

” ആദ്യം നിന്നെ ആ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ചെയ്യിക്കുകയാണ് വേണ്ടത്. അവിടെ നിന്നാണല്ലോ നിനക്ക് ഇങ്ങനത്തെ ഓരോ ഐഡിയകൾ കിട്ടുന്നത്..! നീ എന്തൊക്കെ പറഞ്ഞാലും നിന്റെ ഈ ആഗ്രഹം സാധിച്ചു തരാൻ എനിക്ക് സാധിക്കില്ല. ഇനി നിനക്ക് കാശ്മീരിലേക്ക് പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ കല്യാണം കഴിഞ്ഞിട്ട് ഞാൻ കൊണ്ടു പോകാം… ”

ഒരു പ്രതിവിധി കണ്ടുപിടിച്ച സന്തോഷത്തോടെ അവൻ പറഞ്ഞു. പക്ഷേ അപ്പോഴും അവൾടെ മുഖം സങ്കടത്താൽ നിറഞ്ഞിരുന്നു.

” നിന്നോടൊപ്പം ട്രിപ്പ് പോകണം എന്നല്ല ഞാൻ ആഗ്രഹിച്ചത്. എനിക്ക് ഒറ്റയ്ക്ക് പോകണമെന്നാണ്. ഒറ്റയ്ക്കുള്ള യാത്രയും നിന്നോടൊപ്പം ഉള്ള യാത്രയും തമ്മിൽ വ്യത്യാസമുണ്ട്.”

അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.

” എന്ത് വ്യത്യാസമാണ് ആവോ ഭവതി കണ്ടുപിടിച്ചു വെച്ചിട്ടുള്ളത്..? ”

ചെറിയൊരു പരിഹാസം കലർന്നിരുന്നു ഇത്തവണ അവന്റെ സ്വരത്തിൽ..!

” ഞാൻ ഒറ്റയ്ക്ക് പോകുമ്പോൾ എനിക്ക് എത്ര സന്തോഷത്തോടെ വേണമെങ്കിലും മുന്നോട്ടു പോകാം. എന്റെ ഇഷ്ടങ്ങളും എന്റെ താല്പര്യങ്ങളും അനുസരിച്ച് മാത്രമാണ് കാര്യങ്ങൾ നടക്കുക. പക്ഷേ നിന്നോടൊപ്പം വരുമ്പോൾ ഒരിക്കലും അതായിരിക്കില്ല അവസ്ഥ. നിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് ഞാൻ എന്റെ ഇഷ്ടങ്ങൾ ഉള്ളിലടക്കി വെക്കേണ്ടി വരും. ഏറ്റവും ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ ചിലപ്പോൾ എനിക്ക് സ്ട്രീറ്റ് ഫുഡ് കഴിക്കണം എന്ന് ആഗ്രഹം തോന്നും. ഞാൻ ഒറ്റയ്ക്കാണെങ്കിൽ മറ്റൊരാളുടെ അഭിപ്രായത്തിന് കാത്തു നിൽക്കാതെ ഞാൻ തീർച്ചയായും അത് കഴിക്കും. പക്ഷേ നിന്നോടൊപ്പം ആണെങ്കിൽ ഞാൻ ഇങ്ങനെ ഒരെണ്ണം വേണമെന്ന് ആഗ്രഹം പറഞ്ഞാൽ അത് അൺഹൈജീനിക്കാണ് എന്ന് പറഞ്ഞ് അപ്പോൾ തന്നെ നീ പ്രശ്നമുണ്ടാക്കും. എനിക്ക് അത് വാങ്ങി തരുന്നതിന് പകരം ഒരു പക്ഷേ അത് ഉണ്ടാക്കുന്ന ആളിനെ വരെ നീ ചീത്ത വിളിച്ചെന്നു വരും.. ഇത് ഏറ്റവും ചെറിയ ഒരു ഉദാഹരണമാണ്. ഇതുപോലെ ഒരു നൂറായിരം കാര്യങ്ങൾ നമ്മുടെ ആ ട്രിപ്പിന് ഇടയിൽ സംഭവിക്കും.ഞാൻ പറഞ്ഞത് ശരിയല്ലേ..? ”

അവൾ ചോദിച്ചപ്പോൾ അത് സമ്മതിച്ചു കൊടുക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല.

” ഇത്തരത്തിലുള്ള എക്സ്പീരിയൻസുകൾ ഒക്കെ ഒറ്റയ്ക്ക് അനുഭവിക്കണം എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. പല ഭാഷകൾ പല സംസ്കാരം ഇതൊക്കെയും കണ്ടറിഞ്ഞ് ഇന്ത്യയുടെ ആത്മാവിലൂടെ യാത്ര ചെയ്യണം എന്നുള്ളത് എന്റെ എല്ലാകാലത്തെയും സ്വപ്നമാണ്. കോളേജിൽ വെച്ച് നമ്മൾ പരിചയപ്പെട്ടപ്പോൾ തന്നെ ഇതിനെക്കുറിച്ച് നമ്മൾ തമ്മിൽ സംസാരിച്ചിട്ടുള്ളതുമാണ്. എന്നിട്ടും ഇപ്പോൾ നീ ഇങ്ങനെ പറയുമ്പോൾ എനിക്ക് എത്രത്തോളം വിഷമം തോന്നുന്നു എന്ന് അറിയാമോ..? ”

സങ്കടത്തോടെ അവൾ ഒരിക്കൽ കൂടി പറഞ്ഞു.

“നീ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. നീ ഒറ്റയ്ക്ക് ഒരു ട്രിപ്പ് പോകുന്നതിനോട് എനിക്ക് താല്പര്യമില്ല. വേണമെങ്കിൽ ഭാവിയിൽ കല്യാണം കഴിഞ്ഞ് നിന്നെ ഞാൻ കൊണ്ടുപോകാം..”

അത്രയും പറഞ്ഞു ദേഷ്യപ്പെട്ട് ഒരു യാത്ര പോലും പറയാതെ അവൻ ബൈക്കോടിച്ച് മുന്നോട്ടു പോയി.

അവൻ പോയി കഴിഞ്ഞിട്ടും അവൾ അവിടെത്തന്നെ നിശ്ചലയായി നിൽക്കുകയായിരുന്നു. ആ നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയ ചിന്തകൾ മറ്റു പലതും ആയിരുന്നു.

‘ വിവാഹത്തിനു മുൻപ് തന്നെ എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയില്ല എന്ന് എന്നോട് പറയുന്ന ഒരുവൻ.. ഇന്നു വരെ പല കാര്യങ്ങളിലും അവൻ റെസ്ട്രിക്ഷൻസ് വെച്ചപ്പോൾ അതൊക്കെ ഭാവി ജീവിതത്തിൽ അത്യാവശ്യമായിരിക്കും എന്ന് കരുതി അവന്റെ വാക്കുകളെ അനുസരിച്ച ആളാണ് താൻ. പക്ഷേ ശരിക്കും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നൊരു തോന്നൽ…! എന്റെ ഏറ്റവും പ്രിയപ്പെട്ടതിനെ അവൻ ഉപേക്ഷിക്കാൻ പറഞ്ഞപ്പോൾ, മറുവാക്ക് പറയാതെ അത് അനുസരിച്ച ആളാണ് താൻ. അതൊക്കെ അനാവശ്യമായ ഒരു ചെയ്തി ആയിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെടുന്നുണ്ട്. വിവാഹത്തിനു മുൻപ് തന്നെ അവൻ അങ്ങനെയാണെങ്കിൽ വിവാഹത്തിന് ശേഷം ഒരുപക്ഷേ എന്നെ കൂട്ടിലിട്ട അവസ്ഥ ആയിരിക്കില്ലേ..?ഇപ്പോൾ പറയുന്നതൊക്കെ ചിലപ്പോൾ വിവാഹം കഴിയുമ്പോൾ കുറച്ചു കൂടി ശക്തമായി അവൻ പറയും. എന്റെ കാര്യത്തിൽ അവന്റെ ഒരു താലി വീഴുന്നതോടെ ഞാൻ അവന്റെ അടിമയാണെന്ന് അവന് സ്വയം തോന്നിത്തുടങ്ങും. ജീവിതം അവസാനം വരെ അങ്ങനെ ഒരു ജീവിതം ജീവിച്ചു തീർക്കാൻ തന്നെ കൊണ്ട് സാധിക്കുമോ..?’

അവളുടെ മനസ്സ് അവളോട് ചോദിക്കുന്നുണ്ടായിരുന്നു.

കുറച്ചു ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ വ്യക്തമായ ഒരു ഉത്തരം കണ്ടെത്തിയിരുന്നു.

അവൻ ഇനി എന്റെ ജീവിതത്തിൽ വേണ്ട എന്ന് അച്ഛനോട് തുറന്നു പറയാനുള്ള ആവേശത്തോടെ അവൾ വീട്ടിലേക്ക് പോയി.

✍️ ആവണി

Leave a Reply

Your email address will not be published. Required fields are marked *