(രചന: ആവണി)
ഒരിക്കൽ കൂടി അവൻ ആ നമ്പറിലേക്ക് ഡയൽ ചെയ്തു നോക്കി. വീണ്ടും വീണ്ടും സ്വിച്ച് ഓഫ് എന്ന് കേൾക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്നൊരു ഭാവം അവനിൽ വന്നു ചേർന്നു കഴിഞ്ഞിരുന്നു.
” എന്നാലും അവൾക്ക് എന്താവും സംഭവിച്ചത്..? ഇനി അവരെല്ലാം പറഞ്ഞതു പോലെ അവൾ എന്നെ ഒഴിവാക്കിയതാണോ..?”
ആ ഒരു ചിന്ത മനസ്സിലേക്ക് വന്നപ്പോൾ തന്നെ അവന് സ്വയം വെറുപ്പ് തോന്നിപ്പോയി. കാര്യങ്ങൾ അങ്ങനെയാണെങ്കിൽ അവളെ കൊന്നു കളയാൻ പോലും അവൻ മടിക്കില്ല എന്ന് അവന് തന്നെ തോന്നുന്നുണ്ടായിരുന്നു.
ആ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് വന്നപ്പോൾ തന്നെ ആ പെൺകുട്ടിയുടെ മുഖവും അവന് ഓർമ്മ വന്നു.
“അവൾ… അവളെ എങ്ങനെയെങ്കിലും ഉപദ്രവിക്കാൻ എനിക്ക് കഴിയുമോ..? എന്റെ ജീവൻ തന്നെ അവൾ അല്ലേ…?”
അവൻ സ്വയം ചോദിച്ചു.
അപ്പോൾ തന്നെ അവന്റെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
അവന്റെ മനസ്സിലൂടെ ആ പെണ്ണിന്റെ രൂപം മാത്രം കടന്നുപോയിക്കൊണ്ടിരുന്നു.
അവൾ നിള. അവന്റെ പ്രണയം… പ്രണയം എന്നതിനേക്കാൾ അവന്റെ പ്രാണൻ എന്ന് തന്നെ വേണം പറയാൻ.
കോളേജിൽ വച്ചുള്ള പരിചയമാണ് രണ്ടുപേരും തമ്മിൽ. അവൾ തന്നെയാണ് അവനോട് ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നത്.
നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ മകളായ അവളെ മോഹിക്കാനും മാത്രം ഉള്ള യോഗ്യത ഒന്നും തനിക്കില്ല എന്ന് സ്വയം അറിയുന്നതു കൊണ്ടുതന്നെ അവൻ അവളെ വിലക്കാൻ ആണ് ശ്രമിച്ചത്.
എന്നാൽ എന്തൊക്കെ സംഭവിച്ചാലും അവനല്ലാതെ മറ്റാരും അവളുടെ ജീവിതത്തിലേക്ക് വരില്ല എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. അവനിൽ നിന്ന് അവൾ പ്രണയം പിടിച്ചു വാങ്ങുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
അവൾ വാശി പിടിച്ചു നേടിയെടുത്തതാണെങ്കിലും അവന്റെ കാര്യത്തിൽ അവൾ അത്രത്തോളം ആത്മാർത്ഥമായിരുന്നു.
അവൾ അവനെ ആത്മാർത്ഥതയോടെ തന്നെയാണ് ഇഷ്ടപ്പെട്ടത്. ആ കോളേജിൽ ഇരുവരും കണ്ടു തീരാത്ത കാഴ്ചകളോ, പ്രണയം പങ്കിടാത്ത ഇടനാഴികളോ ഉണ്ടായിരുന്നില്ല.
അവനെ സംബന്ധിച്ച് അവന്റെ ലോകം അവളായിരുന്നു. അവളുടെ ലോകം അവനും..!
കോളേജ് കഴിഞ്ഞപ്പോൾ തന്നെ അവനോട് എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടുപിടിക്കണം എന്ന് അവൾ ആവശ്യപ്പെട്ടിരുന്നു.
അതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണെന്ന് അറിയുന്നതുകൊണ്ട് തന്നെ എതിർവാക്ക് ഒന്നും പറയാതെ നല്ലൊരു ജോലിക്ക് വേണ്ടിയാണ് അവൻ ശ്രമിച്ചത്.
പരിശ്രമം ചെയ്താൽ എന്തിനെയും നമുക്ക് നേടാൻ കഴിയും എന്നുള്ള വചനം പോലെ, അവൻ ആത്മാർത്ഥമായി പരിശ്രമിച്ചത് കൊണ്ട് തന്നെ അധികം വൈകാതെ അവന് നല്ലൊരു ജോലി കിട്ടി.
തുടർന്നു പഠിക്കണം എന്ന് പറഞ്ഞുകൊണ്ട് അവൾ അപ്പോഴും പഠിക്കുകയായിരുന്നു. രണ്ടു വർഷത്തെ പിജി കഴിയുമ്പോഴേക്കും, അവനും ജോലിയിൽ അത്യാവശ്യം ഒന്ന് സെറ്റിൽ ആകും എന്നുള്ളതായിരുന്നു അവരുടെ പ്ലാനിങ്.
പക്ഷേ കാര്യങ്ങളൊക്കെ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരു ദിവസം രാവിലെ അവൾ അവനെ ഫോൺ ചെയ്തത് വെപ്രാളത്തോടെ ഒരു വിവരം അറിയിക്കാനായിരുന്നു.
“എടാ.. വീട്ടിൽ കല്യാണ ആലോചനകൾ ഒക്കെ തുടങ്ങിയിട്ടുണ്ട്. ഇതുവരെ എനിക്ക് ഒരു സൂചനയും കിട്ടിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ, ഏതോ ഒരു ബന്ധം ഏകദേശം ഉറപ്പിക്കുകയാണ് എന്നാണ് പറഞ്ഞത്. എത്രയും പെട്ടെന്ന് നീ വീട്ടിലേക്ക് വരണം.”
അവൾ പറഞ്ഞത് അത്രയും ആയിരുന്നു.
” ഞാൻ വീട്ടിലേക്ക് വന്നിട്ട് എന്തിനാടി..?”
അവനു അവളുടെ അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു.
“നീ അച്ഛനോട് സംസാരിക്കണം. നമ്മുടെ വിവാഹം നടത്തി തരാൻ പറയണം.”
അവൾ പറഞ്ഞപ്പോൾ ആദ്യം ഒന്ന് പകച്ചു പോയെങ്കിലും, ഇതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല എന്ന് അറിയുന്നതു കൊണ്ട് തന്നെ അവൻ അതിനു സമ്മതം അറിയിച്ചു.
അവൾ പറഞ്ഞത് പ്രകാരം പിറ്റേന്ന് തന്നെ അവൻ അവളുടെ വീട്ടിലെത്തി.
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. ഞാനും നിളയും തമ്മിൽ ഇഷ്ടത്തിലാണ്. ഞങ്ങളുടെ വിവാഹം നടത്തി തരണം.”
അവളുടെ അച്ഛനോട് അത് പറയാൻ അവനെ ധൈര്യം എങ്ങനെ കിട്ടി എന്ന് ഇപ്പോഴും അവനറിയില്ല.
” വീട്ടിൽ കയറി വന്ന് തോന്ന്യാസം പറയുന്നോ..? എന്റെ മകൾക്ക് അങ്ങനെ ആരോടും ഒരു ഇഷ്ടവുമില്ല.
അങ്ങനെ ഉണ്ടെങ്കിലും നിന്നെപ്പോലുള്ള അവനൊന്നും അവളെ കെട്ടിച്ചു കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവളെ കെട്ടാൻ യോഗ്യതയും കഴിവും ഉള്ളവർ വേറെയുണ്ട്. ”
അച്ഛൻ പുച്ഛത്തോടെ പറഞ്ഞപ്പോൾ അവന് സ്വയം വല്ലായ്മ തോന്നി.
” മക്കളുടെ ഇഷ്ടം നോക്കാതെ ആരെയെങ്കിലും അവരുടെ തലയിൽ കെട്ടിവയ്ക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് സന്തോഷം കിട്ടുമായിരിക്കും.
പക്ഷേ പിന്നീടുള്ള ജീവിതം മുഴുവൻ നരകിച്ചു ജീവിക്കേണ്ടത് ഈ മക്കളാണെന്ന് നിങ്ങളൊന്ന് ഓർക്കുന്നത് നല്ലതാണ്.”
അവൻ വാശിയോടെ പറഞ്ഞപ്പോൾ അയാൾ പുച്ഛത്തോടെ ചിരിച്ചു.
” എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ഞാൻ തീരുമാനിച്ചോളാം. ഈ വീടിന്റെ മുറ്റത്ത് കയറി നിൽക്കാൻ പോലും യോഗ്യതയില്ലാത്ത നീ ഇവിടെ നിന്ന് ചിലക്കാതെ ഇറങ്ങി പോകാൻ നോക്ക്.”
പുഴുത്ത പട്ടിയെ ആട്ടിയിറക്കുന്നതു പോലെ അയാൾ പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു.
അതിനെക്കാൾ ഏറെ അവനെ വേദനിപ്പിച്ചത് അവൾ ആ വീട്ടിൽ ഉണ്ടായിരുന്നിട്ടും അവനു വേണ്ടി ഒരു വാക്ക് പോലും സംസാരിക്കാതിരുന്നതാണ്.
കണ്ണീരോടെ ആ വീട്ടിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ അവൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു.
അവൾ അല്ലാതെ മറ്റാരും തന്റെ ജീവിത സഖിയായി മാറില്ല എന്ന്. തന്നെയല്ലാതെ മറ്റാരെയെങ്കിലും അവൾ വിവാഹം കഴിക്കുകയാണെങ്കിൽ പിന്നീട് തനിക്ക് ഇങ്ങനെയൊരു ജീവിതം വേണ്ട എന്ന് പോലും അവൻ തീരുമാനിച്ചു.
അന്നേ ദിവസം അവൾ ഫോൺ വിളിക്കാത്തത് ആ സങ്കടം കൊണ്ടായിരിക്കും എന്നാണ് അവൻ കരുതിയത്. എന്നാൽ അവൻ അങ്ങോട്ട് വിളിക്കുമ്പോൾ ഒക്കെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ദിവസങ്ങളും ആഴ്ചകളും അത് തന്നെ തുടർന്നപ്പോൾ അവളും തന്നെ പറ്റിക്കുകയായിരുന്നു എന്ന് അവന് തോന്നി.
അതിനിടയിൽ അവളുടെ വിവാഹം ഉറപ്പിച്ചു എന്നൊരു വാർത്ത കൂടി കേട്ടപ്പോൾ തന്റെ തോന്നൽ ശരിയായിരുന്നു എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
മുന്നോട്ട് ഒരു ജീവിതത്തിനെ കുറിച്ച് ഒരു പ്രതീക്ഷ പോലും ഇല്ലാതെയാണ് അവൻ ദിവസങ്ങൾ തള്ളി നീക്കിയത്.
അവളുടെ വിവാഹത്തിന് മുൻപ് തന്നെ എങ്ങനെയാണ് തന്റെ മരണം തന്നെ തേടിയെത്തേണ്ടത് എന്നായിരുന്നു അവൻ ചിന്തിച്ചത്. അതിൽ ഏറ്റവും എളുപ്പമുള്ള മാർഗമായി അവൻ കണ്ടുപിടിച്ചത് ഉറക്കഗുളിക കഴിക്കുക എന്നുള്ളതായിരുന്നു.
അമിതമായ ഡോസിൽ മരുന്നു കഴിച്ചാൽ അത് ശരീരത്തിന് കേടാണെന്ന് അവനു അറിയാമായിരുന്നു.
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ അല്ലാതെ ഉറക്കഗുളിക കിട്ടില്ല എന്നൊരു കാര്യം മനസ്സിലേക്ക് വന്നപ്പോൾ ഒരു കൂട്ടുകാരന്റെ സഹായത്തോടെയാണ് അത് സംഘടിപ്പിച്ചത്.
അബദ്ധങ്ങളൊന്നും കാണിക്കരുത് എന്ന്, പല ആവർത്തി ആ സുഹൃത്ത് അവനോട് പറഞ്ഞിരുന്നു. താൻ വേണ്ടാത്തതൊന്നും ചിന്തിക്കുക പോലും ഇല്ല എന്ന് അവൻ ഉറപ്പു കൊടുത്തു. ഒരു വെറും വാക്കാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ…!
അവളുടെ കല്യാണ തലേന്ന് അവൻ ആകെ വിഷമത്തിലായിരുന്നു. നാളെ അവൾ മറ്റൊരാൾക്ക് സ്വന്തമാകും. അതേ മുഹൂർത്തത്തിൽ തന്നെ തന്റെ മരണവും സംഭവിക്കും എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
പക്ഷേ അവനെ ഞെട്ടിച്ചു കൊണ്ട് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എന്നൊരു വാർത്തയാണ് അവന്റെ കാതിലേക്കെത്തിയത്.
ഒരു സുഹൃത്തിനോടൊപ്പം ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോൾ അറിഞ്ഞു,അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന്..!
അതോടൊപ്പം ഒരു കത്തും അവൾ എഴുതിവച്ചിരുന്നു.
” എന്റെ മരണം നിങ്ങൾക്കുള്ള പാഠം ആയിരിക്കണം. എന്റെ ഇഷ്ടം എന്നിൽ നിന്ന് അടർത്തി മാറ്റി നിങ്ങളുടെ ഇഷ്ടം എന്നിൽ അടിച്ചു ഏൽപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജീവനുള്ള കാലത്തോളം നിങ്ങൾ നീറി നീറി ജീവിക്കണം. അതാണ് ഞാൻ നിങ്ങൾക്ക് വിധിക്കുന്ന ശിക്ഷ..”
ആ കത്ത് വായിച്ചപ്പോൾ അവളുടെ മാതാപിതാക്കൾക്ക് വല്ലാത്ത വേദന തോന്നി. തങ്ങളാണ് തങ്ങളുടെ മകളുടെ അവസ്ഥയ്ക്ക് കാരണക്കാർ എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ഹോസ്പിറ്റലിൽ എത്തി അവളെ കണ്ട നിമിഷം അവൻ പൊട്ടിക്കരഞ്ഞു പോയി. അവനെ കണ്ടപ്പോൾ അവളും വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
ചുറ്റുമുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ പരസ്പരം കെട്ടിപ്പിടിച്ച് അവർ പൊട്ടി കരയുമ്പോൾ, തങ്ങളുടെ മകളുടെ സന്തോഷങ്ങളെ അവളിൽ നിന്ന് അകറ്റാൻ ശ്രമിച്ചതിന്റെ പേരിൽ വേദനിക്കുകയായിരുന്നു ആ മാതാപിതാക്കൾ…