എല്ലാ ആഴ്ചയും മുടങ്ങാതെ പെണ്ണ് കാണാൻ കൊണ്ടോകുന്ന അമ്മാവൻ രാവിലെ തന്നെ മുന്നിൽ കണിയായി വന്ന് നിന്നപ്പോൾ ആകെ കിട്ടുന്ന ഒരു

(രചന: ദേവൻ)

എല്ലാ ആഴ്ചയും മുടങ്ങാതെ പെണ്ണ് കാണാൻ കൊണ്ടോകുന്ന അമ്മാവൻ രാവിലെ തന്നെ മുന്നിൽ കണിയായി വന്ന് നിന്നപ്പോൾ ആകെ കിട്ടുന്ന ഒരു ഒഴിവ്ദിവസത്തെ കെണി ആയിട്ടാണ് എനിക്ക് തോന്നിയത്.

ഞായറാഴ്ച ആവാൻ കാത്തിരിക്കുന്ന പോലെ ആണ് അമ്മാവൻ. രാവിലെ ഇങ്ങു പോരും. പിന്നേ കാണാൻ പോകുന്ന പെണ്ണിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഇച്ചിരി പൊക്കിപ്പറയൽ. ( അത് അമ്മയോടാണെ )..

പിന്നേ പെണ്ണിനും ചെക്കനും ഇഷ്ടപ്പെട്ടാൽ ഇത് ശര്യാവും എന്നൊരു പാഴ് വാക്കും..

അമ്മാവനായിപ്പോയില്ലേ.. ഒന്നും പറയാനും കഴിയില്ല. ഇനി അമ്മയോട് പറഞ്ഞാലോ, ആകെ ഉള്ള ഒരാങ്ങളയാണ്. അവരോട് എങ്ങനാടാ എതിർത്തു വല്ലോം പറയുക എന്ന സ്ഥിരം പല്ലവിയും.

സത്യം പറഞ്ഞാൽ പെണ്ണുകാണൽ തുടങ്ങിയതിൽ പിന്നേ ഒരു ഞായറാഴ്ചയും കൂട്ടുകാരുടെ ഒന്ന് അടിച്ചുപൊളിക്കാൻ പറ്റാറില്ല.
ഇതിപ്പോ അമ്മാവനൊരു കാരണം മാത്രമാണ് പെണ്ണ് കാണൽ.

ആ പേരും പറഞ്ഞ് സ്വന്തം പോക്കറ്റിൽ നിന്നും ചിലവാക്കുന്ന ഞായറാഴ്ചചിലവ് കാശ് മരുമോനായ എന്റെ പോക്കറ്റിൽ നിന്നും വലിക്കുന്ന ഏർപ്പാടായി മാറിയിരിക്കുന്നു ഈ പറഞ്ഞ പെണ്ണുകാണൽ.

” ഏട്ടാ, ഇതെങ്കിലും ശരിയാവോ, എന്നും ങ്ങനെ പോണതല്ലാതെ ഒന്നും നടക്കണില്ലല്ലോ ” എന്ന് അമ്മ എവിടേം തൊടാതെ പറയുമ്പോൾ അമ്മാവൻ ഇച്ചിരി ഗൗരവക്കാരനാവും.

” അതെന്താ സരസ്വത്യേ, നീയ് അങ്ങനെ പറയണേ.. ങ്ങനെ ഒക്കെ കുറെ പോയാലല്ലേ ന്തേലും ഒക്കെ ശരിയാകൂ. അല്ലാതെ നമ്മള് ചെല്ലുമ്പോഴേക്കും ആരും കാത്തിരിക്കൊന്നും അല്ലല്ലോ പെണ്ണിനെ തരാൻ.

വല്ല ഗവണ്മെന്റ് ജോലി ഒക്കെ ഉണ്ടെങ്കിൽ ഒന്നുടെ നമുക്ക് നിവർന്നിരുന്നു ചെക്കനെ ഒന്ന് പൊക്കി പറയാമായിരുന്നു . ഇതിപ്പോ പെയിന്റ്പണിക്ക് പോണ ഇവനെ ഞാനിനി ന്ത്‌ പൊക്കി പറയാനാ.

പൊക്കത്ത്‌ കേറി പെയിന്റ് അടിക്കാനല്ലേ ഇവന് അറിയൂ… ആഹ്.. പെയിന്റ് അടിക്കണ സമയം ഏതെലും ഒരു പെണ്ണിനെ സൈറ്റ് അടിച്ചിരുന്നേൽ പിള്ളേരിപ്പോ രണ്ട് ഓടിക്കളിച്ചേനെ… ”

അമ്മാവൻ കാട് കേറി കാടടച്ചു വെടിവെപ്പ് തുടങ്ങി എന്ന് മനസിലായപ്പോൾ ഞാൻ വേഗം ഉള്ളത് വാരിച്ചുറ്റി പുറത്തേക്ക് ചാടി ” പോവാം ” എന്നും പറഞ്ഞ് അമ്മാവനെ പിടിച്ചു ബൈക്കിന്റെ പിന്നിൽ കയറ്റി.

എങ്ങോട്ടാന്ന് പോലും ചോദിക്കാൻ നിന്നില്ല.. ചായ കുടിക്കാനും പെട്രോൾ തീർക്കാനും മാത്രം ഓടുന്ന ഈ ഓട്ടത്തിൽ സ്ഥലത്തിന് ന്ത്‌ പ്രസക്തി. വഴികാട്ടിയായി അമ്മാവൻ ഉണ്ടല്ലോ.

ന്തായാലും പെണ്ണിന്റ വീട്ടിൽ ചെന്ന് കേറുമ്പോൾ വീടിന്റ മുന്നിൽ ഒരു പത്തിരുപതു പേര്. ഇനി ആരേലും മരിച്ചോ ന്ന് സംശയത്തോടെ ആണ് ബൈക്കിൽ നിന്ന് ഇറങ്ങിയത്.

കാര്യം അന്വേഷിക്കാൻ അമ്മാവനെ ഉന്തിതള്ളി മുന്നോട്ട് വിട്ടു. തള്ള് കൊണ്ട അമ്മാവൻ തിരിച്ചു വരുമ്പോൾ ചുണ്ടിൽ ഒരു പരിഹാസചിരി ഉണ്ടായിരുന്നു.

” മോളെ പെണ്ണ് കാണാൻ വരുന്ന പയ്യനെ കാണാൻ വന്ന കുടുംബക്കാരാ… ”

സത്യത്തിൽ നിന്ന നിൽപ്പിൽ ഉരുകിപ്പോണപ്പോലെ ആണ് തോന്നിയത്. ഞാൻ വെറുതെ തിരിഞ്ഞു നോക്കി.

കഴുകാത്ത, മഡ്ഡ്ഗാടും ഇന്റിക്കേറ്ററും ഒന്നുമില്ലാത്ത ഒരു ബൈക്കിൽ വന്ന് ഇറങ്ങിയ നായകനെ കാണാൻ കൂടി നിൽക്കുന്ന ആരാധകരെ ഞാൻ വ്യസനത്തോടെ ഒന്ന് നോക്കി.

” അമ്മാവാ.. നമുക്ക് തിരികെ പോയാലോ.. ചോദിച്ചാൽ വണ്ടി പെട്രോൾ തീർന്നു നിന്നതാ. വെറും വഴിപോക്കർ ആണെന്ന് പറഞ്ഞാൽ മതി ” എന്ന് പറഞ്ഞപ്പോ അമ്മാവനൊരു നോട്ടം.

” പെണ്ണ് കാണാൻ വന്ന് നാലാലെ കണ്ടപ്പോൾ തന്നെ ഇത്ര നാണോം പേടീം ആണെങ്കിൽ കല്യാണദിവസം ആള് കൂടിയാൽ നീ കല്യാണചെക്കൻ അല്ലെന്നും പറഞ്ഞ് ഓടുമല്ലോ… ”

അമ്മാവൻ ആക്കിയതാണെന്ന് മനസ്സിലാക്കാൻ യൂണിവേഴ്സിറ്റിയിൽ ഒന്നും പോവേണ്ട ആവശ്യം ഇല്ലാത്തോണ്ട് വന്ന ദേഷ്യം ഒന്ന് കടിച്ചമർത്തി.

അപ്പോഴേക്കും അമ്മാവൻ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുന്നോട്ട് നടന്നിരുന്നു.

പിന്നേ വേറെ വഴി ഇല്ലല്ലോ.. പോവന്നെ… കൂടെ ഞാനും നടന്നു. കയറി ഇരിക്കുമ്പോൾ ഓരോരുത്തരും ഏട്ടാമത്തെ അത്ഭുതം കണ്ടപോലെ ആണ് എന്നെ നോക്കുന്നത്. ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.

” അല്ല, ചെറുക്കനെന്ത് ചെയ്യുന്നു…. ”

കൂടെ ഇരിക്കുന്ന ഒരു കഷണ്ടി കേറിയ ചേട്ടന്റെ ചോദ്യം ഞാൻ അവഗണിച്ചു.
പക്ഷെ, മറുപടി നൽകിയത് പെണ്ണിന്റ അച്ഛൻ ആണ്.

” പെയിന്റ് വർക്ക്‌ കോൺട്രാക്ട് എടുത്ത് ചെയ്യുവാ…”

അയാളുടെ മറുപടി കേട്ട് ” അതെപ്പോ ” എന്ന അർത്ഥത്തിൽ ഞാൻ അമ്മാവനെ ഒന്ന് ചുഴിഞ്ഞു നോക്കുമ്പോൾ പെയിന്റ്കോൺട്രാക്ടറുടെ അമ്മാവൻ ഞെളിഞ്ഞിരുന്നു കേൾക്കുന്നു ആ തള്ള്.

അപ്പഴേ മനസ്സിലായി അമ്മാവൻ നേരത്തെ തള്ളിയ തള്ളിന്റെ ബാക്കിയാണ് ഇപ്പോൾ പെണ്ണിന്റ അച്ഛൻ തള്ളിയതെന്ന്.

ന്തായാലും കാത്തിരുന്നു പെണ്ണ് വന്നു. ചായ തന്നു. മനോഹരമായൊരു ചിരിയും തന്നു.
പോരാൻ നേരം പറയാം എന്നൊരു വാക്കും തന്നു.

പോരുന്ന വഴി അമ്മാവന് സ്ഥിരം പരിപാടി ആയ ഷാപ്പിൽ കേറലും.. ന്തായാലും ഈ പെണ്ണുകാണലും ‘ ചിയാ ചലെ മൂഞ്ചലേ ‘ ആയ സ്ഥിതിക്ക് ഒരു കള്ളും കപ്പയും ഞാനും പറഞ്ഞു.

രണ്ട് ദിവസത്തെ ക്കൂലിക്കാശ് രണ്ട് മണിക്കൂർ കൊണ്ട് തീർത്തു വീട്ടിലെത്തുമ്പോ ൾ ദേ, പെണ്ണുംവീട്ടിൽ നിന്ന് കാൾ.

” പെണ്ണിന്റെ അമ്മാവൻ സമ്മതിക്കുന്നില്ല.. പെണ്ണ് പഠിക്കട്ടെ എന്നാ പറയുന്നേ ”

സ്ഥിരം പല്ലവി തന്നെ….

ഒന്നുങ്കിൽ പെണ്ണിന് ജോലിക്കാരെ മതി, അമ്മാവന് താല്പര്യം ഇല്ല. പെണ്ണ് പഠിക്കട്ടെ.. ”

ഇതൊക്ക എത്ര കേട്ടതാ…. ചെക്കന്റെ ജോലിയും പെണ്ണിന്റ പഠിപ്പും തമ്മിൽ ഇത്രയേറെ ലിങ്ക് ഉണ്ടെന്ന് അറിയുന്നത് ഈ സമയത്താണ്….

ന്തയാലും അമ്മാവനും പറഞ്ഞു പെണ്ണ് പഠിക്കട്ടെ എന്ന്…

പിന്നേ ഫോൺ വെച്ച് എന്നോടും പറഞ്ഞു
“ഞായറാഴ്ച ഇനീം ഉണ്ടല്ലോ. നാട്ടിൽ വേറെ പെണ്ണുങ്ങളും… നിനക്കുള്ള പെണ്ണ് വേറെ എവിടെയോ ഉണ്ടെടാ ” എന്ന്….

അതും സ്ഥിരം പല്ലവി തന്നെ…. ഞായറാഴ്ച ഇനിയും വരും.. പെണ്ണുകാണലും ചായ കുടിയും ഇനിയും നടക്കും….

പക്ഷെ എനിക്ക് വേണ്ടി ഒരു പെണ്ണ് എന്ന് വരും…..! എന്റെ കല്യാണം എന്ന് നടക്കും…….

ഏല്ലാം ഒരു ചോദ്യചിന്ഹത്തിൽ ഒതുങ്ങി നിൽക്കുന്നു …. അടുത്ത ഞായറാഴ്ചയും കാത്ത്…!!

Leave a Reply

Your email address will not be published. Required fields are marked *