പക്ഷേ അമ്മേ അയാൾക്കൊരു കുട്ടിയില്ലേ ? ജീവിതകാലം മുഴുവൻ അയാളുടെ കുട്ടിയേം വളർത്തി ഞാൻ ജീവിക്കണമെന്നാണോ അമ്മ പറയുന്നത് ?? “

രണ്ടാംഭാര്യ
(രചന: അഭിരാമി അഭി)

“അല്ല ഒരു കുട്ടിയുടെ അച്ഛനെന്നൊക്കെ പറയുമ്പോൾ അവൾ സമ്മതിക്കുമോ?

അവളൊരു കൊച്ചുകുട്ടിയല്ലേ മാത്രംവുമല്ല ഇപ്പോഴത്തേ പിള്ളേരടെയൊക്കെ മനസ്സിൽ എന്താണെന്ന് നമുക്ക് പറയാനൊക്കുമോ?”

ഉമ്മറപ്പടിയിൽ ചാരി നിന്ന് കോലായിലിരുന്നിരുന്ന ബ്രോക്കർ ഗോപാലേട്ടനോടായി രാധാമണി പറയുന്നത് കേട്ടുകൊണ്ടായിരുന്നു കയ്യിലൊരുഗ്ലാസ്‌ ചായയുമായി ഭാമയങ്ങോട്ട് വന്നത്. അവളെ കണ്ടതും ഗോപാലനൊന്ന് പുഞ്ചിരിച്ചു.

” ആഹ് മോൾടെ പഠിത്തമൊക്കെ എവിടെ വരെയായി ?? ”

” കഴിയാറായി ”

പുഞ്ചിരിയോടെ തന്നെ അവൾ മറുപടി പറഞ്ഞു.

” ആഹ് രാധേ ഞാൻ പറഞ്ഞതിനെപ്പറ്റി നീ നന്നായിട്ടൊന്നാലോചിക്ക്. നടന്നാൽ ഈ കുടുംബം തന്നെ രക്ഷപെടും. മോളെ ഉത്സവത്തിനോ മറ്റോ കണ്ടിട്ടുണ്ടെന്നാ പറഞ്ഞത്.

ഇതൊന്നുമിപ്പോ നാട്ടിൽ നടക്കാത്ത കാര്യമൊന്നുമല്ല മുപ്പത്തിനാല് വയസത്ര വലിയ പ്രായവുമല്ല. എന്തായാലും നീയൊന്നാലോചിക്ക്. ”

ചായ കുടിച്ച് ഗ്ലാസ്‌ തിണ്ണലേക്ക് വച്ച് തോളിൽ കിടന്ന തോർത്തുകൊണ്ട് ചുണ്ടും തുടച്ചെണീറ്റുകൊണ്ട് അയാൾ പറഞ്ഞു. മറുപടിയായി രാധയൊന്ന് മൂളുകമാത്രം ചെയ്തു.

” ഗോപാലൻ മാമനെന്തിനാ അമ്മേ വന്നത് ?? എന്താലോചിക്കുന്ന കാര്യാ പറഞ്ഞത് ??? ”

രാത്രിയുടെ ഇരുളിലേക്ക് മിഴിനട്ടുകിടന്നുകൊണ്ട് ഭാമ രാധാമണിയോട് ചോദിച്ചു.

” ആഹ് നിനക്കൊരു കല്യാണകാര്യം പറയാൻ വന്നതാ . ”

അല്പനേരത്തെ മൗനത്തിനൊടുവിൽ അവർ പറഞ്ഞു.

” ആഹ് ഇതാപ്പോ നന്നായെ… എന്താ ഇപ്പൊ കല്യാണം നടത്താനൊരു തിരക്ക് ??? എന്റെ പഠിത്തം കഴിയണെലും ഇനിയൊരു വർഷം കൂടിയില്ലേ ?? ”

” ആഹ് പഠിത്തമൊക്കെ കല്യാണം കഴിഞ്ഞാലും നടക്കും. ഇനി പഠിപ്പും നോക്കിയിരുന്നാൽ നല്ലൊരു ബന്ധമൊത്തുവന്നെന്ന് വരില്ല. ”

” അതിനിപ്പോ ഒത്തുവന്ന ബന്ധമേതാണാവോ ?? ”

ഒരു തമാശ പോലെ തന്നെ അവൾ ചോദിച്ചു.

” വൈഷ്ണോത്തെ സൂര്യനാഥാ ചെറുക്കൻ. അവർക്കൊക്കെ നിന്നെയൊരുപാടിഷ്ടാ കാവിലെ ഉത്സവത്തിനോ മറ്റോ നിന്നെ കണ്ടിട്ടുണ്ടെന്നാ ഗോപലേട്ടൻ പറഞ്ഞത്.”

ഒറ്റശ്വാസത്തിൽ രാധാമണി പറഞ്ഞുനിർത്തുമ്പോൾ വല്ലാത്തൊരമ്പരപ്പായിരുന്നു ഭാമയിൽ.

” അയാളോ അയാൾക്കൊരു കുട്ടിയുള്ളതല്ലേ ??? ”

” ആഹ് അതൊരു കൊച്ചുകുട്ടിയാ ”

നിസ്സാരമട്ടിൽ രാധാമണി പറഞ്ഞത് കേട്ട് ഭാമ വീണ്ടും ഞെട്ടി.

” എനിക്കൊന്നും വേണ്ടീ കല്യാണം പിന്നേ ഒരു കൊച്ചിന്റെ തന്തേ കെട്ടണ്ട ഗതികേടൊന്നും എനിക്കില്ല ”

ഭാമ ദേഷ്യത്തോടെ പറഞ്ഞു.

” അത് നീ തീരുമാനിച്ചാൽ പോരാ ഞാൻ നാളെയവർക്ക് വാക്ക് കൊടുക്കാൻ പോവാ. ഒരു കുട്ടി ഉണ്ടെന്നേയുള്ളൂ കണ്ടാൽ അത്ര പ്രായമൊന്നും പറയില്ല. നല്ല കുടുംബവുമാണ്. ”

” അമ്മയ്ക്കീ കുടുംബ മഹിമയും കുറേ പണവും മാത്രം മതിയോ ?? ഞാനും അയാളും തമ്മിൽ എത്ര പ്രായവ്യത്യാസമുണ്ട് അതമ്മ മനഃപൂർവമങ്ങ് വിഴുങ്ങിയോ?”

അവളുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും ഒരുപോലെ നിഴലിച്ചിരുന്നു.

” ആഹ് കുറച്ച് പ്രായമുള്ളത് തന്നെയാ നല്ലത്. പിന്നെ നിന്നേപ്പോലെ തന്നെ പാലുകുടി മാറാത്ത ഒരുത്തന്റെ കയ്യിൽ നിന്നേ പിടിച്ചേൽപ്പിക്കണോ?

നിന്നേപ്പോലൊരു കൊച്ചുപെണ്ണിനെ സംരക്ഷിക്കാൻ കഴിവുള്ളവനെ ഞാൻ നിന്നേ കൊടുക്കു. പണ്ടൊക്കെ ഉള്ള ആണും പെണ്ണും തമ്മിൽ എത്ര വയസിന് വ്യത്യാസം കാണുമെന്നറിയോ എന്നിട്ടെന്താ അവരാരും ജീവിക്കണില്ലേ ? ”

” പക്ഷേ അമ്മേ അയാൾക്കൊരു കുട്ടിയില്ലേ ? ജീവിതകാലം മുഴുവൻ അയാളുടെ കുട്ടിയേം വളർത്തി ഞാൻ ജീവിക്കണമെന്നാണോ അമ്മ പറയുന്നത് ?? ”

ഉള്ളിലെ അമർഷം മുഴുവൻ. വാക്കുകളിലാവാഹിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു.

” ഇനി അങ്ങനെയാണ് വിധിയെങ്കിൽ അങ്ങനെ തന്നെ നടക്കും. ”

കൂസലില്ലാതെ രാധാമണി പറഞ്ഞു.

” ഉവ്വാ കുറേ നടക്കും. അത്ര നിർബന്ധാണെങ്കിൽ അമ്മയങ്ങ് കെട്ടിക്കോ എന്തായാലും ഒരു കൊച്ചുള്ള ഒരാളെ കെട്ടാനൊന്നും എന്നേക്കിട്ടില്ല. ”

” അധികപ്രസംഗം പറഞ്ഞാലുണ്ടല്ലോ നീയെന്റെ കയ്യുടെ ചൂടറിയും. ഇതാണ് വിധിച്ചിട്ടുള്ളതെങ്കിൽ അതങ്ങനെ തന്നെ നടക്കും. അതല്ല ഇനി രാജകുമരൻ വന്ന് എഴുന്നള്ളിച്ചോണ്ട് പോകുമെന്ന് കരുതി കാത്തിരിക്കാൻ തന്തയൊന്നും സമ്പാദിച്ചുവച്ചിട്ടല്ലല്ലോ പോയത്.

കള്ളുമൂത്ത് ഒരു കയറിൻ തുമ്പിൽ അഭ്യാസം കാണിച്ച് എല്ലാമവസാനിപ്പിക്കുമ്പോൾ ഇങ്ങനൊരെണ്ണത്തിനെ ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന് ആ കാലനോർത്തോ. അന്ന് മുതൽ കിടന്നുവലിയുവാ ഞാൻ.

ഇനി വയ്യ ആവത് കെട്ടു. ഇങ്ങനൊരെണ്ണം ഉണ്ടെന്ന ഓർമയിൽ വലിച്ചുനീട്ടുവാ ഞാനെന്റെ ജീവിതം. ഇനി എത്രകാലം ഞാനിങ്ങനെ കിടന്ന് വലിയും ഇനിയെങ്കിലും എനിക്കീ ഭാരമൊന്നിറക്കി വെക്കണം.

അതിനീ കല്യാണം നടന്നേ മതിയാവൂ. അതിന് തയ്യാറല്ലെങ്കിൽ എന്താണെന്ന് വച്ചാൽ തീരുമാനിച്ചോ ഇനിയിങ്ങനെ വലിയുന്നില്ലെന്ന് ഞാനുമങ്ങ് തീരുമാനിക്കും. തന്ത പോയ വഴിയെ തന്നെ ഞാനുമങ്ങ് പോകും. ”

” മതിയമ്മേ എനിക്ക് ഒരെതിർപ്പുമില്ല. എപ്പോഴാണെന്ന് വച്ചാൽ ആർക്ക് മുന്നിലാണെന്ന് വച്ചാൽ പറഞ്ഞാൽ മതി മറുത്തൊരു വാക്ക് മിണ്ടാതെ കഴുത്ത് നീട്ടിക്കൊടുത്തോളാം.

ആഗ്രഹിക്കാൻ പോലും അർഹതയില്ലാത്തവളാണ് ഞാനെന്ന് ഒരുനിമിഷം ഞാൻ മറന്നുപോയി. അറിയാതെ എന്തൊക്കെയോ സ്വപ്നങ്ങൾ ഉള്ളിലെവിടൊക്കെയോ കൂട്ടിവച്ചുപോയി അതാ പെട്ടന്ന്…. സാരല്ല്യ അമ്മയെന്താച്ചാ തീരുമാനിച്ചോ എനിക്ക് സമ്മതാ. ”

അവളുടെയാ വാക്കുകൾ നെഞ്ചിനെ നോവിച്ചുവെങ്കിലും രാധയൊരക്ഷരം പോലും മറുപടി പറഞ്ഞില്ല.

പിന്നീട് ഭാമയിൽ നിന്നും ശബ്ദമൊന്നുമുണ്ടായില്ല എങ്കിലും ഇടയ്ക്കിടെ അടക്കിപ്പിടിച്ച തേങ്ങലുകൾ ഉയർന്നുകൊണ്ടിരുന്നു. അതവളെക്കാൾ രാധയുടെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.

” ഇപ്പൊ എന്റെ കുഞ്ഞിനെക്കാൾ എനിക്ക് നോവുന്നുണ്ട് മോളെ. പക്ഷേ ഇനിയും കാത്തിരിക്കാൻ അമ്മയ്ക്ക് വയ്യെടാ.

എത്ര നാൾ ഞാനെന്റെ കുഞ്ഞിന് കാവലിരിക്കും? നിന്നെ കാത്തുരക്ഷിക്കാൻ കെൽപ്പുള്ള ഒരുത്തന്റെ കയ്യിലേക്ക് നിന്നെ പിടിച്ചുകൊടുത്തിട്ട് വേണം ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനമായി അമ്മയ്‌ക്കൊന്നുറങ്ങാൻ. ”

കൂരിരുട്ടിൽ തലയിണയിലേക്ക് പെയ്തിറങ്ങുന്ന മിഴികളൊളിപ്പിച്ചുകൊണ്ട് രാധാമണിയുടെ മനസ് മന്ത്രിച്ചു.

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. വിവാഹഒരുക്കങ്ങൾക്കെല്ലാം ഒരു പാവയേപ്പോലവൾ നിന്നുകൊടുത്തു . തലേദിവസം ആ കൊച്ചുവീട്ടിലേക്ക് വന്ന സൂര്യന്റെ അമ്മയുടെ കൈയ്യിൽ കുറേ കവറുകൾ ഉണ്ടായിരുന്നു.

ഭാമയ്ക്കുള്ള വിവാഹവസ്ത്രവും ആഭരണങ്ങളുമായിരുന്നു അതിൽ. ആത്മാഭിമാനം മുറിപ്പെടുന്നതറിഞ്ഞിട്ടും അവളപ്പോഴുമൊരു പുഞ്ചിരിയോടെ തന്നെ നിൽക്കുകയായിരുന്നു.

പിറ്റേദിവസം അടുത്തുള്ള ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. മെറൂൺ നിറത്തിലുള്ള പട്ടുസാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് വധുവായലങ്കരിക്കപ്പെട്ട മകളെ കണ്ട് സന്തോഷം കൊണ്ട് ആ അമ്മയുടെ മിഴികൾ നിറഞ്ഞു.

നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ കൈകൾ കൂപ്പി മിഴികളടച്ച് നിന്നിരുന്ന അവളുടെ കഴുത്തിൽ വൈഷ്ണോത്ത് സൂര്യനാഥ്‌ താലി ചാർത്തി.

അവന്റെ വിരലുകളാൽ അവളുടെ സീമന്തരേഖയിൽ ചുവപ്പ് രാശി പടർന്നു. അപ്പോഴെല്ലാം മുന്നോട്ടുള്ള ജീവിതത്തേയോർത്ത് ആ പെൺമനം പിടയുകയായിരുന്നു.

ചടങ്ങുകളൊക്കെ കഴിഞ്ഞ് ഭർതൃഗ്രഹത്തിലേക്ക് പോകാനൊരുങ്ങുന്ന മകളെ കണ്ടതും ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന രാധാമണിയുടെ മിഴികൾ നിറഞ്ഞൊഴുകി.

ഒപ്പമവളുടെയും. ഇത്രനാളിനോടിടയിൽ ഒരിക്കൽ പോലും വിട്ടുനിന്നിട്ടില്ലാത്ത അമ്മയേ തനിച്ചാക്കി പോവുന്നതോർത്ത് അവളുടെ ഉള്ളമാർത്തുവിളിച്ചു.

” അമ്മേ വെറുക്കല്ലേ എന്റെ മോള് അമ്മയ്ക്ക് വേറെ വഴിയില്ലാഞ്ഞിട്ടാഡാ … പേടിയാ എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ കൊത്തിവലിക്കാൻ കാത്തുനിൽക്കുന്ന കഴുകന്മാരെ ഭയമായിരുന്നു അമ്മയ്ക്ക്. പക്ഷേ എന്റെ കുഞ്ഞിന് നല്ലതേ വരൂ…. ”

അരികിലേക്ക് വന്ന അവളെ നെഞ്ചോടമർത്തി വിതുമ്പലോടെ ആ പാവം സ്ത്രീ പറഞ്ഞു.

” അമ്മേ… ”

ഒരു തേങ്ങലോടെ അവളുടെ കൈകളും അവരെ വരിഞ്ഞുമുറുക്കി. “വൈഷ്ണോത്ത് ” എന്ന് പറഞ്ഞുമാത്രം കേട്ടിട്ടുള്ള ആ വലിയ തറവാടിന്റെ മുറ്റത്തേക്ക് വന്നിറങ്ങുമ്പോൾ എന്തുകൊണ്ടോ അവളുടെ കാലുകൾ വിറച്ചിരുന്നു.

പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ആ വലിയ തറവാടിനെ അവളാകെമാനമൊന്ന് നോക്കി. അതിനിടയിലെപ്പോഴോ കഴുത്തിൽ താലി ചാർത്തിയവൻ ഇനി നടക്കാൻ പോകുന്ന ചടങ്ങുകളിലൊന്നുമൊരു താല്പര്യമില്ലാത്തത് പോലെ അകത്തേക്ക് പോകുന്നതവൾ കണ്ടു.

” വലത് കാല് വച്ച് കയറി വാ മോളെ… ”

നിറപുഞ്ചിരിയോടെ പറഞ്ഞ സൂര്യന്റെ അമ്മയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി ആ വലിയ വീടിന്റെ പടി ചവിട്ടുമ്പോൾ ഏതൊരു പെണ്ണിനെയും പോലെ അവളുടെ ഉള്ളിലും പ്രാർത്ഥനകൾ നിറഞ്ഞിരുന്നു.

പൂജാമുറിയിൽ ചെന്നുള്ള പ്രാർത്ഥനയൊക്കെ കഴിഞ്ഞ് ഒരു പെൺകുട്ടിയാണ് അവളെ മുകളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.

” ഏട്ടനൊരൽല്പം ചൂട് കൂടുതലാണെന്നേയുള്ളൂ ട്ടൊ ഏടത്തി ആളൊരു പാവാ…. ”

പരിചയപ്പെട്ടില്ല എങ്കിലും വർത്തമാനത്തിൽ നിന്നും കല്യാണത്തിന് മുന്നേ തന്നെ പറഞ്ഞുകേട്ടിട്ടുള്ള സൂര്യന്റെ ഒരേയൊരനുജത്തി പൂജിതയാണതെന്ന് ഭാമ വേഗം തന്നെ മനസ്സിലാക്കി. മുറിയിലെത്തി ഡ്രസ്സ്‌ മാറ്റാനൊക്കെ അവൾ തന്നെയായിരുന്നു സഹായം.

അപ്പോഴൊക്കെയും ഭാമയുടെ കണ്ണുകൾ തന്റെ കഴുത്തിലെ താലിയുടെ അവകാശിയേ ആയിരുന്നു തേടിക്കൊണ്ടിരുന്നത്. പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. ആ ഭാഗത്തെവിടെയും അവനുണ്ടായിരുന്നില്ല.

” എടത്തീ ദാ ഇതാണ് ഇവിടുത്തെ താരം കൃതിക എന്ന ഞങ്ങടെ കിച്ചൂസ്. ഇന്നുമുതൽ ഏടത്തിയുടെ മകൾ. ”

അവൾക് മാറ്റാനുള്ള വസ്ത്രമൊക്കെ എടുത്തുകൊടുത്തിട്ട് പുറത്തേക്ക് പോയ പൂജയൊരു കുഞ്ഞിനെയൂമെടുത്ത് അകത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

അവളുടെ ഒക്കത്തിരുന്ന് കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന ആ കുസൃതിക്കുടുക്കയേ കണ്ടതും അറിയാതെയവളുടെ മുഖം വിടർന്നു. സ്വയമറിയാതെ ആ കുരുന്നിന് നേർക്കവൾ കൈകൾ നീട്ടി. ആ നിമിഷം തന്നെ ആ കുഞ്ഞിക്കുറുമ്പി പൊട്ടിച്ചിരിച്ചുകൊണ്ടവളുടെ മാറിലേക്ക് ചാടിയിരുന്നു.

” മ്മ്ഹ…..”

പെട്ടന്ന് തന്റെ മാറിൽ പരതിക്കൊണ്ട് ആ കുരുന്ന് വിളിച്ചതും അതുവരെയില്ലാത്തൊരു വികാരം തന്നെ വന്ന് മൂടുന്നതവളറിഞ്ഞു. വല്ലാത്തൊരാവേശത്തോടെ അവളാ കുഞ്ഞിനെ മാറോടമർത്തി ആ കുഞ്ഞിമുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി.

” ഒന്നൂടെ വിളിച്ചെടാ പൊന്നാ അമ്മയൊന്ന് കേൾക്കട്ടെ വിളിച്ചെ… ”

ആ കുരുന്ന് നാവിൽ നിന്നുമൊരിക്കൽ കൂടി ആ വിളി കേൾക്കാനായി അതിയായ ആർത്തിയോടവൾ കുഞ്ഞിനോട്‌ പറഞ്ഞു.

പക്ഷേ ആ കുറുമ്പിപ്പാറുവവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി കിലുങ്ങിച്ചിരിച്ചുകൊണ്ടിരുന്നു. അതേ നിഷ്കളങ്കമായ പുഞ്ചിരിയപ്പോൾ ഭാമയുടെ മുഖത്തും വിടർന്നിരുന്നു.

ഈ സമയമെല്ലാം അത്ഭുതത്തോടെ തന്നെ ആ അമ്മയെയും മകളെയും നോക്കി നിൽക്കുകയായിരുന്നു പൂജിത.

കാരണം അവരിരുവരുടെയും പെരുമാറ്റം കണ്ടാൽ ആരുമൊന്ന് സംശയിച്ച് പോകുമായിരുന്നു ആ കുരുന്നിന് ജന്മം നൽകിയത് ആ പെണ്ണ് തന്നെയോ എന്ന്. അത്രമേൽ ഒരാത്മബന്ധം ആ കുറച്ചുനിമിഷങ്ങൾ കൊണ്ട് തന്നെ അവർ തമ്മിലുണ്ടായി കഴിഞ്ഞിരുന്നു.

” മോളെ വേഷമൊക്കെ മാറ്റിയെങ്കിൽ വേഗം താഴേക്ക് വാ മോളെ കാണാൻ അയൽവക്കത്തുള്ളവരൊക്കെ വന്നിട്ടുണ്ട്. കല്യാണത്തിനോ ആരെയും വിളിച്ചിരുന്നില്ലല്ലോ മോളൊന്ന് വന്ന് തല കാണിച്ചുപോര്. ”

വാതിൽ തുറന്നകത്തേക്ക് വന്ന നന്ദിനി അപ്പോഴാണ് ഭാമയുടെ നെഞ്ചോടൊട്ടിയിരിക്കുന്ന കുഞ്ഞിനെ കണ്ടത്. പെട്ടന്ന് ഏതോ ഒരു വികാരത്തിൽ അവരുടെ മിഴികൾ നിറഞ്ഞു.

” അമ്മയ്ക്ക് സന്തോഷായി മോളെ… ഗംഗയ്ക്ക് പകരം മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലുമാവില്ലെന്ന് പറഞ്ഞ് വാശി പിടിച്ചുനിന്ന സൂര്യനെ ഈ കുഞ്ഞിന്റെ പേര് പറഞ്ഞാണ് എല്ലാവരും കൂടിയീ വിവാഹത്തിന് സമ്മതിപ്പിച്ചത്.

അവന്റെ ജീവിതത്തേക്കുറിച്ചുള്ള ആധിയിൽ അങ്ങനെ പറഞ്ഞവനെ സമ്മതിപ്പിച്ച് കല്യാണത്തിനൊരുങ്ങുമ്പോഴും ഉള്ളിൽ തീയായിരുന്നു. മോൾക്ക് കിച്ചുമോളെ അംഗീകരിക്കാൻ കഴിയുമോ ഇവളുടെ അമ്മയാവാൻ കഴിയുമോ എന്നൊക്കെയോർത്ത് നീറുവായിരുന്നു ഇതുവരെ.

പക്ഷേ ഇപ്പൊ എന്റെ നെഞ്ചിലെ ആ കനലെല്ലാമടങ്ങി. ഒരുപക്ഷേ ഗംഗയുണ്ടായിരുന്നെങ്കിൽ പോലും ഈ കുഞ്ഞിനെ ഇത്രത്തോളം ചേർത്ത് പിടിക്കില്ലായിരുന്നു. എന്റെ മക്കൾക്കെന്നും നല്ലതേ വരൂ ”

ആനന്ദക്കണ്ണീരോടെ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് നന്ദിനി പറഞ്ഞു. നിറഞ്ഞൊരു പുഞ്ചിരി ഭാമയിലും മൊട്ടിട്ടിരുന്നു അപ്പോൾ.

” ഡീ കുട്ടിക്കുറുമ്പീ ബാ ഇനി അച്ഛമ്മയെടുക്കാം… ”

കുഞ്ഞിന് നേർക്ക് കൈകൾ നീട്ടി അവർ വിളിച്ചു.

” മ്മ്മ്ഹൂം… മ്മ്മ ”

വിസമ്മതിച്ച് തലയാട്ടി അവ്യക്തമായി അമ്മ മതിയെന്ന് കൊഞ്ചിക്കൊണ്ട് കുഞ്ഞ് വീണ്ടും ഭാമയുടെ നെഞ്ചോടൊട്ടി. ലോകം കാൽക്കീഴിലാക്കിയ ആനന്ദത്തോടെ നിറപുഞ്ചിരിയോടെ അവളുമാ കുരുന്നിനെ അത്രമേൽ വാത്സല്യത്തോടെ മാറോടടുക്കി പിടിച്ചു.

” വേണ്ടാട്ടൊ അമ്മേടെ പൊന്നമ്മേവിട്ട് എങ്ങും പോണ്ടാ… ”

ആ കുരുന്നുനെറ്റിയിൽ ചുണ്ടുകളമർത്തിക്കൊണ്ട് പറഞ്ഞിട്ടവൾ കുഞ്ഞിനേയും കൊണ്ട് തന്നെ താഴേക്ക് നടന്നു. അപ്പോഴവൾ ആ വീട്ടിലേക്ക് കുറച്ചുമുന്നേ കയറി വന്ന മരുമകളേ ആയിരുന്നില്ല. ആ പൊടിക്കുഞ്ഞിന്റെ അമ്മ മാത്രമായിരുന്നു.

അവർ മൂന്നാളും താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങുമ്പോഴേ കണ്ടു ഹാളിൽ നിറന്നിരിക്കുന്ന പെൺപടകളെ.

ഭാമയുടെ മാറിലൊട്ടിചേർന്നിരിക്കുന്ന കുഞ്ഞിനെ കണ്ടതാണ് ആ മുഖങ്ങളിലോരോന്നിലും വിരിഞ്ഞ അത്ഭുതഭാവത്തിന് കാരണമെന്നത് വ്യക്തമായിരുന്നു. എങ്കിലും അവരോരോരുത്തരെയും നോക്കി അവൾ മൃദുവായൊന്ന് പുഞ്ചിരിച്ചു.

” ഇതാണ് സൂര്യന്റെ ഭാര്യ ഭാമ. കല്യാണത്തിന് വിളിക്കാതിരുന്നതിൽ എല്ലാവർക്കും മുഷിച്ചിലുണ്ടെന്നറിയാം. പക്ഷേ എന്തുചെയ്യാനാ സൂര്യന്റെ സ്വഭാവമറിയാല്ലോ ആളും ആരവവുമില്ലാത്ത ഒരു ചടങ്ങ് മതിയെന്ന് അവന്റെ നിർബന്ധമായിരുന്നു.

പിന്നെ അങ്ങനെയെങ്കിലും ഒരു വിവാഹത്തിനവൻ സമ്മതിച്ചല്ലോ എന്ന് കരുതി ഞാനും എതിർക്കാൻ പോയില്ല. അതുകൊണ്ട് ആർക്കും ഒന്നും തോന്നരുത്. ”

എല്ലാവരോടുമായി സൗമ്യ ഭാവത്തിൽ നന്ദിനി പറഞ്ഞു. പക്ഷേ അപ്പോഴും പല മുഖങ്ങളിലും എന്തോ ദഹിക്കാത്തത് കണ്ട ഭാവമായിരുന്നു. ഭാമ പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ആ പൊന്നുംകുടത്തിനെ മാറോടടുക്കി പിടിച്ചു.

” ഇതൊക്കെ എത്ര നാളത്തേക്ക് കാണുമെന്ന് കണ്ടറിയാം. രണ്ടാനമ്മയെത്ര ചമഞ്ഞാലും പെറ്റമ്മയാകുമോ ? ”

പൂജയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നുമാരോ പറഞ്ഞവാക്കുകൾ ഭാമയുടെ ഉള്ളിലേക്ക് തറഞ്ഞുകേറി.

പക്ഷേ നന്ദിനിയിൽ അതൊരു പുഞ്ചിരി മാത്രം വിരിയിച്ചു. അവിടെയുണ്ടായിരുന്ന ആർക്കും മനസ്സിലാക്കാൻ കഴിയാതിരുന്ന അർഥതലങ്ങളുള്ള ഒരു പുഞ്ചിരി.

” ആണോടാ വാവേ ഞാനെത്ര ശ്രമിച്ചാലും ഞാനൊരിക്കലുമെന്റെ പൊന്നിന്റെ സ്വന്തമമ്മയാവില്ലേ??? ”

ഉള്ളിലേക്ക് നടക്കുമ്പോൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി മൗനമായവൾ ചോദിച്ചു.

ആ പെണ്ണിന്റെ മനമറിഞ്ഞത് പോലെ പെട്ടന്നാ കുരുന്ന് ചുണ്ടുകൾ അവളുടെ കവിളിലമർന്നു. ആ നിമിഷം സന്തോഷം കൊണ്ടവളുടെ ഉള്ളം തുള്ളിത്തുളുമ്പി. അവളിലെ മാതൃവാത്സല്യം കവിളുകളെ നനച്ചുകൊണ്ട് പെയ്തിറങ്ങി.

” മ്മ്ഹ… മ്മ്ഹ്… ”

” എന്തെഡാ പൊന്നെ എന്റെ പൊന്നിനെന്താ വേണ്ടത്. അതേ അമ്മ എന്റെ ചക്കരേടമ്മതന്നെ… ”

കൊഞ്ചിവിളിച്ച ആ കുഞ്ഞിപ്പെണ്ണിനോടായി അവൾ കൊഞ്ചി. പേരിനൊരു ചടങ്ങ് മാത്രമായിരുന്നതിനാൽ അഥിതികളൊക്കെ വേഗം തന്നെ പിരിഞ്ഞുപോയി.

സൂര്യനും പുറത്തെവിടേക്കോ പോയി. ഇടയ്ക്കിടെയുള്ള കിച്ചുവിന്റെ പൊട്ടിച്ചിരികളും കൂക്കിവിളികളും ആ വലിയ വീട്ടിനെ മൂടിനിന്നിരുന്ന മൗനത്തെ ഉടച്ചുകൊണ്ടിരുന്നു.

സമയം സന്ധ്യമയങ്ങി. ആ സമയം കൊണ്ട് ഭാമയിൽ നിന്നുമൊരു നിമിഷം പോലുമകന്ന് നിൽക്കാൻ കഴിയാത്ത വിധം ആ കുഞ്ഞടുത്തിരുന്നു.

” മോളേ മക്കക്കീ ഈ നിവർത്തികെട്ട അമ്മയോട് വെറുപ്പ് തോന്നുന്നുണ്ടോഡീ?? ”

വൈകുന്നേരമായപ്പോഴേക്കും ആധികൾ വന്നുമൂടിയപ്പോൾ ഭാമയുടെ ഫോണിലേക്ക് വിളിച്ച രാധ നൊമ്പരത്തോടെ ചോദിച്ചു.

” എന്താന്റമ്മയീ പറയുന്നേ എനിക്കെന്റമ്മയോട് വെറുപ്പോ എന്തിന് ? ”

” അമ്മയുടെ നിവർത്തികേടല്ലേ എന്റെ കുഞ്ഞിനേയിപ്പോ മറ്റൊരാളുടെ കുഞ്ഞിന്റെ അമ്മ വേഷം കെട്ടിച്ചത് ?? ”

” അരുതമ്മേ… അമ്മയൊന്നുമോർത്ത് വിഷമിക്കരുത്. എനിക്കിവിടെ ഒരു കുഴപ്പോമില്ല. അമ്മയോടെനിക്ക് ദേഷ്യവും പരിഭവവുമൊക്കെ തോന്നിയെന്നുള്ളത് ശരിയാണ്. പക്ഷേ അതിനിവിടെ വന്ന് എന്റെ പൊന്നുമോളെ എന്റെ കയ്യിലേക്ക് കിട്ടും വരെയേ ആയുസുണ്ടായിരുന്നുള്ളു. ”

” മോളേ നീയെന്തൊക്കെയാ ഈ പറയുന്നത് ? ”

ആനന്ദം നിറഞ്ഞിരുന്ന മകളുടെ സ്വരം കേട്ട് ഒന്നും മനസ്സിലാവാതെ അവർ ചോദിച്ചു.

” അതേയമ്മേ ഈ ജന്മം എനിക്ക് തരാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇന്നമ്മയെന്റെ കയ്യിലേക്ക് വച്ചുതന്നിരിക്കുന്നത്. എന്റെ പൊന്നുമോൾ…

അമ്മ നേരത്തെ പറഞ്ഞില്ലേ ഞാൻ കെട്ടിയാടേണ്ടിവന്ന വേഷത്തെക്കുറിച്ച് പക്ഷേ അമ്മേ ഇപ്പൊ ഈ നിമിഷം ഞാനാവേഷത്തിൽ ജീവിക്കുകയാണ്. പ്രസവിക്കാതെ മുലയൂട്ടാതെ വെറും ആറുമണിക്കൂറുകൾ കൊണ്ട് ഞാനുമൊരമ്മയായിരിക്കുന്നു. എന്റെ പൊന്നുമോൾടമ്മ… ”

വല്ലാത്തൊരമ്പരപ്പിലായിരുന്നു ആ സമയമൊക്കെ രാധാമണി. ഇന്നലെ വരെ ഓരോചെറിയ കാര്യങ്ങൾക്ക് പോലും തന്നോട് വാശിപിടിച്ചിരുന്ന ആ കൊച്ചുപെണ്ണിനോട് തന്നെയാണോ താനിപ്പോ സംസാരിച്ചതെന്ന് പോലും ആ സ്ത്രീയൊരു നിമിഷം സംശയിച്ചുപോയി.

” മ്മ്ഹ്.. ഏഹ്… ഏഹ് തോ… ത്തോ ”

” അയ്യോടാ അമ്മേടെ പൊന്നിങ്ങ് വന്നോ ബാടാ ചക്കരേ… ”

സംസാരിക്കുന്നതിനിടയിൽ ഒരു കുരുന്നുകൊഞ്ചലും പിന്നാലെയുള്ള ഭാമയുടെ ഒച്ചയും കേട്ട് അവരുടെ മുഖം പ്രകാശിച്ചു. ആ അമ്മയുടെയും മകളുടെയും ലോകത്തിൽ താനൊരു കരടാവേണ്ടെന്ന് കരുതി നിറഞ്ഞ മനസോടെ അവർ ഫോൺ കട്ട് ചെയ്തു.

രാത്രി നന്ദിനിയെടുത്തുകൊടുത്ത ഒരുഗ്ലാസ്‌ പാലുമായിട്ടാണ് ഭാമ സൂര്യന്റെ റൂമിലെത്തിയത്.

ചാരിയിരുന്ന വാതിൽ തുറന്നവളകത്തേക്ക് ചെല്ലുമ്പോൾ കുഞ്ഞിനെയും നെഞ്ചിൽ കിടത്തി വെറുതെ ചിന്തിച്ചുകിടക്കുകയായിരുന്ന സൂര്യനേയാണ് കണ്ടത്. ചിന്തകൾക്കിടയിലും അവന്റെ കൈവിരലുകൾ കുഞ്ഞിന്റെ മുതുകിൽ താളമിട്ടുകൊണ്ടിരുന്നു.

” ആഹ്… മോള് രാത്രി പാല് കുടിക്കാറില്ല തന്നെയല്ല അവളുറങ്ങുവേം ചെയ്തു. ”

അകത്തേക്ക് വന്ന അവളുടെ കയ്യിലെ പാൽ ഗ്ലാസിലേക്ക് നോക്കി ഒന്നും മനസ്സിലാവാത്തത് പോലവൻ പറഞ്ഞു.

ഭാമയും അത് തിരുത്താൻ നിൽക്കാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അല്ലെങ്കിൽ തന്നെ അതങ്ങനെയല്ല എന്ന് സ്ഥാപിച്ചെടുത്തിട്ട് അവൾക്കുമൊന്നും സാധിക്കാനുണ്ടായിരുന്നില്ലല്ലോ.

” ഭാമേ എനിക്ക്… എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്. ”

” എന്തേ ?? ”

” അതിന് മുൻപ് നീ എന്നെയും എന്റെ ജീവിതവുമറിയണം. ഇപ്പൊ ഇവിടെയുള്ള എന്റമ്മ എന്റെ സ്വന്തം അമ്മയല്ല. എങ്കിലും കർമം കൊണ്ട് അമ്മ എനിക്കും സ്വന്തമാണ്. എന്റെ അഞ്ചാമത്തെ വയസിലാണ് എന്റമ്മ കാവിൽ വച്ച് വിഷം തീണ്ടി മരിക്കുന്നത്.

അതിന് ശേഷം വീട്ടുകാരുടെയൊക്കെ നിർബന്ധം കൊണ്ടാണ് അച്ഛൻ നന്ദിനിയമ്മേ വിവാഹം ചെയ്യുന്നത്. വന്നനാള് മുതൽ അമ്മയ്ക്ക് ഞാൻ സ്വന്തം മകനായിരുന്നു. ഇന്നും അതങ്ങനെ തന്നെ.

പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട് കൂട്ടുകാരുടെയൊക്കെ കുഞ്ഞനിയത്തിയേയും അനിയനേയുമൊക്കെ കണ്ട് വാശി പിടിച്ചുകരയാറുള്ള എന്റെ നിർബന്ധം കൊണ്ട് മാത്രമാണ് അമ്മ പിന്നീടൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചതെന്ന് പോലുമെന്ന്.

അതുകൊണ്ട് അത്രയേറെ ആത്മബന്ധം ഞാനും എന്റമ്മയും തമ്മിലുണ്ട്. ആ അമ്മയുടെ കണ്ണീര് കാണാൻ വയ്യാത്തത് കൊണ്ട് മാത്രമാണ് ഞാനീതാലി നിന്റെ കഴുത്തിൽ കെട്ടിയത്.

തുറന്നുപറയുമ്പോൾ വിഷമം തോന്നുമെന്നറിയാം എങ്കിലും പറയാതെ വയ്യ എന്റെ ഗംഗയുടെ സ്ഥാനത് മറ്റൊരു പെണ്ണിനെ കാണാൻ എനിക്കൊരിക്കലും കഴിയില്ല. ”

പറഞ്ഞിട്ട് എന്തോ അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാത്തത് പോലെ അവൻ നോട്ടം മറ്റെങ്ങോട്ടോ പായിച്ചു. പക്ഷേ അപ്പോഴും ഭാമയിലൊരു പുഞ്ചിരിമാത്രമായിരുന്നു ബാക്കിയായത്.

” ഗംഗചേച്ചി എങ്ങനാ…. ”

ചോദ്യമബദ്ധമായാലോ എന്ന് കരുതിയാവാം അവൾ പാതിയിൽ നിർത്തി.

” ഗംഗയെന്റെ കളിക്കൂട്ടുകാരിയായിരുന്നു. എപ്പോഴുമെന്റെ വിരലിൽ തൂങ്ങി നടന്നിരുന്നവൾ. ബല്യത്തിന്റെ അവസാനത്തിലോ കൗമാരത്തിന്റെ ആരംഭത്തിലോ മറ്റോ ആയിരുന്നു ഞങ്ങൾ പരസ്പരമുണ്ടായിരുന്ന സൗഹൃദത്തിന്റെ നിറം പ്രണയത്തിലേക്ക് മാറിയത്.

അങ്ങനെ ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ ഇരുകുടുംബങ്ങളുടെയും അനുവാദത്തോടെയാണ് ഞാനവളെ സ്വന്തമാക്കിയത്. പക്ഷേ എന്റമ്മയെ തട്ടിയെടുത്ത അതേ വിധി തന്നെ അവളെയുമെന്നിൽ നിന്നും പറിച്ചെടുത്തു.

എന്റെ പൊന്നുമോൾക്ക് ജന്മം നൽകിയിട്ട് അവളങ്ങ് പോയി. ഈ കുഞ്ഞിന്റെ മുഖം കാണും മുന്നേയായിരുന്നെങ്കിൽ ഒരുപക്ഷെ ഞാനുമവളുടെ അരികിലേക്കോടിയണഞ്ഞേനെ. ”

നെഞ്ചിൽ കിടന്ന കുഞ്ഞിന്റെ നെറുകയിൽ പതിയെ ഒന്ന് ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞവസാനിപ്പിച്ചു.

” ഇന്നെന്റെ മോള് മാത്രമാണെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . ”

” എന്നെയും. ”

അവളുടെയാ വാക്ക് അവനെ തെല്ലൊന്നമ്പരപ്പിക്കാതിരുന്നില്ല.

” ഞാനും ഈ താലിക്കുമുന്നിൽ കഴുത്ത് നീട്ടിത്തന്നത് എന്റമ്മയ്ക്ക് വേണ്ടി മാത്രമാണ്.

അല്ലാതെ ഇങ്ങനെയൊരു ജീവിതമൊന്നും എന്റെ സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. പക്ഷേ ഇവിടെ വന്നപ്പോ എന്റെ മോളെന്നെ അമ്മേന്ന് വിളിച്ചപ്പോൾ ഇവൾക്കമ്മയാവാൻ മാത്രമാണ് ഞാൻ ജന്മമെടുത്തതെന്ന് പോലും തോന്നിപ്പോയി.

പറഞ്ഞറിവ് മാത്രമുള്ള മാതൃത്വമെന്ന മഹാവികാരം ഒരു നിമിഷം കൊണ്ട് എന്റെ കുഞ്ഞിലൂടെ ഞാനനുഭിച്ചറിഞ്ഞു. എനിക്കൊന്നും വേണ്ട ഒരു സ്ഥാനവും വേണ്ട. എന്റെ കുഞ്ഞിന്റെ അമ്മ മാത്രമായാൽ മതി. ”

” പക്ഷേ ഭാമേ… ഇതൊക്കെ ഇപ്പോൾ തോന്നും പക്ഷേ നീയൊന്നോർക്കണം നീയുമൊരു പെണ്ണാണ് വികാരങ്ങളും വിചാരങ്ങളുമുള്ള വെറുമൊരു സാധാരണ പെണ്ണ്. നിനക്കും മോഹങ്ങളുണ്ടാവും പൂർണമായും ഒരു ഭാര്യയാവാൻ , ഒരു കുഞ്ഞിനെ ഉദരത്തിൽ പേറി മു ല യൂട്ടി വളർത്താൻ ഒക്കെ നീയും മോഹിക്കും.

പക്ഷേ ഭാമേ ഒരു ഭർത്താവെന്ന നിലയിൽ അതൊന്നും എന്നിലൂടെ നിനക്ക് ചിലപ്പോൾ സാധിച്ചുവെന്ന് വരില്ല. ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ അതെന്നായിരിക്കുമെന്ന് എനിക്കറിയില്ല. ”

” നിങ്ങൾക്ക് തെറ്റിപ്പോയി സൂര്യേട്ടാ… ഒരു കുഞ്ഞിനെ ഉദരത്തിൽ പേറുന്നതും മു ല യൂട്ടുന്നതുമാണ് മാതൃത്വമെന്നാണോ ഏട്ടൻ ധരിച്ചുവച്ചിരിക്കുന്നത്.

എങ്കിൽ അങ്ങനെയല്ല. വയറ്റിനിടം കൊടുക്കാതെയും നൊന്ത് പ്രസവിക്കാതെയും അമ്മയാവാം. അതിന് നന്ദിനിയമ്മയേക്കാൾ വലിയ തെളിവ് വല്ലതും ഏട്ടന് വേണോ ”

ഭാമയുടെ ആ ചോദ്യത്തിന് മുന്നിൽ ഒരു മറുപടിയുണ്ടായിരുന്നില്ല സൂര്യന്റെ കയ്യിൽ. അവന്റെ നിശബ്ദതതയിലേക്ക് ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

” എനിക്കീ വീട്ടിൽ ഒന്നേ വേണ്ടു അതാണ് ഏട്ടനീ പൊതിഞ്ഞുപിടിച്ചിരിക്കുന്നത്. അതിലപ്പുറം ഒരു മോഹങ്ങളും അവകാശങ്ങളും എനിക്കീവീട്ടിൽ വേണ്ട എനിക്കെന്റെയീ പൊന്നുമോളുടെ അമ്മയായാൽ മാത്രം മതി. ”

” ഭാമേ… ”

” മ്മ്ഹ്ഹ്… മ്മ്ഹ്ഹ്… ”

” ദേ മോളുണർന്നു. ”

അവൻ പറയാൻ വന്നത് പൂർത്തിയാക്കുന്നതിന് മുന്നേ സൂര്യന്റെ മാറിൽ കിടന്ന് ചിണുങ്ങിത്തുടങ്ങിയ കുഞ്ഞിന്റെ നേർക്ക് കൈ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തയായ ആ പെണ്ണിനെ മിഴിച്ചുനോക്കിക്കൊണ്ട് യാന്ത്രികമായി അവൻ കുഞ്ഞിനെ ആ കൈകളിലേക്ക് നീട്ടി.

ഭാമയുടെ മാറിലെ ചൂടിലേക്ക് എത്തിയതും അവളുടെ താലിമാലയിൽ തെരുപ്പിടിച്ചുകൊണ്ട് കുഞ്ഞ് വീണ്ടും സുഖസുഷുപ്തിയിലാണ്ടു.

എന്നിട്ടും ഭാമ വീണ്ടും അവളെയും തോളിലിട്ട് മുതുകിൽ പതിയെ തട്ടിക്കൊണ്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അത് നോക്കിയിരുന്ന സൂര്യൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു..

നേരം നന്നേ പുലർന്ന ശേഷമായിരുന്നു സൂര്യൻ ഉറക്കമുണർന്നത്. ഉണർന്നയുടൻ അവന്റെ നോട്ടം കിടക്കയുടെ മറുവശത്തേക്ക് നീണ്ടു.

അവിടെ ഭാമയുടെ മാറിലെ സാരി നീക്കി അവിടേക്ക് മുഖം പൂഴ്ത്തി ഏതോ കിനാവിലെന്നപോലൊരു പാൽപ്പുഞ്ചിരിയോടെ ഉറങ്ങികിടക്കുന്ന കിച്ചുനെ കണ്ടതും അവനിൽ വല്ലാത്തൊരു വാത്സല്യമലതല്ലി.

അവൻ കൈ നീട്ടി ആ കുരുന്ന് മുഖത്ത് പതിയെ തലോടി. പിന്നെ അതേ വാത്സല്യത്തോടെ തന്നെ ആ പെണ്ണിന്റെ മുടിയിലൂടെയും ഒന്ന് തഴുകിയിട്ട് അവനാ മുറി വിട്ട് പുറത്തേക്ക് പോയി.

ദിനങ്ങൾ കൊഴിയും തോറും കിച്ചുവിനും ഭാമയ്ക്കുമിടയിലുള്ള ബന്ധം കൂടുതൽ സുദൃഡമായി . ഭാമ ആ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി. ഒരേമുറിയിൽ പരസ്പരം ഒരു ദേഷ്യമോ വിദ്വേഷമോ ഇല്ലാതെ ആ കുഞ്ഞിപ്പെണ്ണിന്റെ അച്ഛനുമമ്മയും മാത്രമായി അവർ ജീവിച്ചുതുടങ്ങി.

കാലചക്രം തിരിയുന്നതിനിടയിലെപ്പോഴെങ്കിലും അവരും പൂർണമായ ഒരു ദാമ്പത്യത്തിലേക്ക് കടന്നേക്കാം. അവരുടെയും മനസും ശരീരവുമൊന്നായേക്കാം. പക്ഷേ അതെന്നായിരിക്കുമെന്ന് സൂര്യനെപ്പോലെ എനിക്കുമറിയില്ല…

Leave a Reply

Your email address will not be published. Required fields are marked *