താര
(രചന: അഭിരാമി അഭി)
“താരാ നീയിതെന്താ ചെയ്തതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്? ഇന്ന് നിനക്ക് നഷ്ടമായതെന്താന്നറിയോ നിനക്ക്?
അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുന്നത്. ”
അപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്ന വസ്ത്രങ്ങളോടെ അലങ്കോലപ്പെട്ട അവസ്ഥയിൽ ഇരുന്നിരുന്ന അവളുടെ മുഖത്തേക്ക് നോക്കി നിന്നുകൊണ്ടായിരുന്നു നാൻസി അത് പറഞ്ഞത്.
പക്ഷേ അവളിൽ അപ്പോഴും ഒരു നിർവൃതിയായിരുന്നു.
“താരാ …. ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ ?? ”
തന്റെ വാക്കുകളൊന്നും അവളിലൊരു ചലനവും സൃഷ്ടിക്കുന്നില്ല എന്ന് തോന്നിയപ്പോൾ അല്പം ഉച്ചത്തിൽ തന്നെ നാൻസി ചോദിച്ചു.
“എനിക്കറിയാം മോളെ നീ പറയുന്നതെല്ലാം ശരിയാണ്… പക്ഷേ എനിക്കെന്റെയീ നഷ്ടങ്ങളിലൊന്നും വേദനയില്ല.
സ്വയമെരിഞ്ഞമർന്ന് മറ്റുള്ളവർക്ക് പ്രകാശമാകുന്ന മെഴുകുതിരി നാളമില്ലേ അതുപോലെ ആ മനുഷ്യന്റെ ജീവിതത്തിൽ വെളിച്ചമാകാനാണ് എനിക്കിഷ്ടം. ആ സമയം ഇഷ്ടദേവനർപ്പിക്കപ്പെട്ട തുളസി മലരായിരുന്നു ഞാൻ… ”
“നിനക്ക് ഭ്രാന്താണ്…”
“അതേഡാ എനിക്ക് ഭ്രാന്താണ് മൂന്നരവർഷമായി എനിക്ക് ഭ്രാന്താണ്. ഓരോ നിമിഷവും മഹിയേട്ടനെന്ന ഭ്രാന്ത് എന്റെ സിരകളെ വരിഞ്ഞുമുറുക്കുകയാണ്.
അത്രമേൽ ഞാൻ പ്രണയിക്കുന്നു. നിനക്കറിയോ ആ സമയം ഇങ്ങനെയല്ല സംഭവിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ആ മനുഷ്യന് ഭ്രാന്ത് പിടിച്ചുപോയേനെ…
ഒരാണിന് ഒരു പെണ്ണിനെ ഇത്രമേൽ പ്രണയിക്കാൻ കഴിയുമോ?”
ആ വാക്കുകൾ മൊഴിയുമ്പോഴും കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും അവളുടെ അധരങ്ങളിൽ നിർവൃതിയുടെ പുഞ്ചിരിയുണ്ടായിരുന്നു.
“മോളെ എല്ലാം ശരിയാണ് പക്ഷേ… പക്ഷേ മഹിയുടെ…. മഹിയുടെ പ്രണയം നീയല്ല താരാ… അത് മറ്റൊരുവളാണ്.
അവളിൽ നിന്നുണ്ടായ മുറിവിനാണ് സ്വയം ഇല്ലാതായിക്കൊണ്ട് നീ കവചമായത്. കണക്കുകൾ കൂട്ടിക്കിഴിച്ചെടുക്കുമ്പോൾ നഷ്ടങ്ങൾ നിനക്ക് മാത്രമായിരിക്കും. ”
അവളെ തനിക്ക് നേരെ തിരിച്ചുകൊണ്ട് അത് പറയുമ്പോൾ നാൻസിയുടെ അധരങ്ങളും വിറപൂണ്ടിരുന്നു. ഹൃദയത്തിലേ മുറിപ്പാടിന്റെ നൊമ്പരത്താൽ മുഖം ചുളിഞ്ഞിരുന്നു.
“അറിയാം…മഹിയേട്ടന്റെ പ്രണയം താരയല്ല… പക്ഷേ താരയുടെ പ്രണയം ആ മഹി മാത്രമാണ്…. ”
പിന്നീട് അവളോടൊന്നും പറയാനില്ലാത്തത് പോലെ നാൻസി അകത്തേ മുറിയിലേക്ക് നടന്നു.
“നിന്നിലെ താളം പിഴച്ചിരിക്കുന്നു താരാ… ”
നടക്കുന്നതിനിടയിൽ ഒരു വിതുമ്പലോടെ അവളുടെ ഉള്ളം ആർത്തുവിളിച്ചു. പിന്നേയും കുറേ സമയംകൂടി കഴിഞ്ഞതും അവളെണീറ്റ് ബാത്‌റൂമിലേക്ക് കയറി.
ഷവറിന്റെ കീഴിൽ ശക്തിയായ് പെയ്തിറങ്ങുന്ന ജലകണങ്ങളെ ശരീരത്തിലേക്കേറ്റ് വാങ്ങുമ്പോൾ എവിടെയൊക്കെയൊ നീറി…
പക്ഷേ നീറിപ്പുകയുമ്പോഴും തന്റെ പ്രണയത്താൽ പൂർണയാക്കപ്പെട്ടതിന്റെ നിർവൃതിയിൽ അവൾ തെളിമയോടെ പുഞ്ചിരിച്ചു.
അപ്പോഴും അവളിലെ പെണ്ണ് സമ്മാനിച്ച അനുഭൂതിയിൽ ലയിച്ച് മയക്കത്തിൽ തന്നെയായിരുന്നു അവൻ.
തുറന്നുകിടന്ന വാതിലിലൂടെ പുറത്ത് പരന്ന അതേ ഇരുട്ട് തന്നെ അകത്തേക്കും തള്ളിക്കയറിത്തുടങ്ങിയപ്പോഴാണ് അവൻ പതിയെ കണ്ണുകൾ വലിച്ചുതുറന്നത്.
ഉണർന്ന് പിന്നെയും നിമിഷങ്ങളെടുത്തു കഴിഞ്ഞുപോയതൊക്കെ ഓർത്തെടുക്കാൻ. എല്ലാം ഒരു ചിത്രം പോലെ ചിന്തകളിൽ കൂട് കൂട്ടിയപ്പോൾ കുറ്റബോധം കൊണ്ടവൻ നീറിപ്പുകഞ്ഞു..
ഒരു പെണ്ണിനെ ഹൃദയത്തിൽ പേറുന്ന താൻ മറ്റൊരുവളുടെ പരിശുദ്ധിയിലേക്കാഴ്ന്നിറങ്ങിയിരിക്കുന്നു. ആ ചിന്തയിൽ അവൻ സ്വന്തം തലമുടിയിൽ വിരൽ കോർത്ത് വലിച്ചു.
മാനസ…. കോളേജ് കാലഘട്ടം മുതൽ ഉള്ളിൽ വേരുറപ്പിച്ചവൾ. പഠിച്ച കോളേജിന്റെ തന്നെ എംഡിയുടെ ഒറ്റമകൾ. ചെങ്കൊടിയും വിപ്ലവച്ചൂരും നിറഞ്ഞ ഈ ഹൃദയത്തിലേക്ക് ആദ്യമായി കടന്നുവന്ന പെണ്ണ്.
അപ്പന്റെ പണത്തിന്റെയൊരൽപ്പം ഹുങ്കുണ്ടെങ്കിലും ഉള്ളിൽ നിറയെ പ്രണയമൊളിപ്പിച്ചവൾ.
കലാലയ നേരംമ്പോക്കുകളിൽ ഒന്ന് മാത്രമായി കരുതി ഒരുപാട് തട്ടിനീക്കാൻ ശ്രമിച്ചുവെങ്കിലും പിന്നീടവളുടെ ഉള്ള് തൊട്ടറിഞ്ഞപ്പോൾ എന്തോ മുഖം തിരിക്കാൻ തോന്നിയില്ല.
അന്നുമുതൽ ഇടംകയ്യിൽ അവളുടെ കൈ ചേർത്ത് പിടിക്കണമെന്നത് മാത്രമായിരുന്നു മോഹം. അതിന് വേണ്ട വളർച്ചയെത്താൻ ചെയ്യാത്ത പണികളില്ലെന്ന് തന്നെ പറയാം.
പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും മാനസാ ഗ്രുപ്പ്സിന്റെ അന്തസിനൊപ്പം എത്തിയില്ല.
അവളിലും പതിയെപ്പതിയെ മടുപ്പ് പ്രകടമായിത്തുടങ്ങിയപ്പോഴായിരുന്നു തീർത്തും തകർന്നത്. അങ്ങനെ ഒരവസ്ഥയിലായിരുന്നു താരയിലെത്തിപ്പെട്ടത്.
ഒരേ കോളേജിൽ ഒരേ സമയം പഠിച്ചിരുന്നിട്ടും മുഖത്തോട് മുഖം ഒരുപാട് തവണ കണ്ടിരുന്നെങ്കിലും ഒരു പുഞ്ചിരിപോലും പരസ്പരം കൈ മാറാതിരുന്നിട്ടും തളർന്നിരുന്ന അവസ്ഥയിൽ താങ്ങായത് അവളായിരുന്നു.
എന്റെ സംസാരം കുറച്ചുകഴിയുമ്പോൾ മാനസയെ വല്ലാതെ ബോറടിപ്പിച്ചിരുന്നു. അതവൾ പലപ്പോഴും ഒരു ചിരിയോടെ പറയാനും മടിച്ചിരുന്നില്ല. പക്ഷേ താരയിൽ നിന്നുമൊരിക്കലും അങ്ങനെയൊന്നുണ്ടായിട്ടില്ല.
അവൾ ക്ഷമയുള്ളൊരു കേൾവിക്കാരിയായിരുന്നു. തമാശകളിൽ പൊട്ടിച്ചിരിക്കുവാനും നിയന്ത്രിക്കേണ്ടിടത്ത് നിയന്ത്രിക്കാനും ആശ്വസിപ്പിക്കേണ്ടിടത്ത് ആശ്വസിപ്പിക്കാനും അവൾക്കൊരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു.
ഇന്നും അവൾ നല്ലോരു കേൾവിക്കാരിയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം മാനസയെ കാണാൻ പോയി തിരികെ വരുമ്പോൾ ഇവിടെ അവളുണ്ടായിരുന്നു.
“ഒരിക്കലും തീരാത്ത സിനിമാമോഹവും കുറേ ഭ്രാന്തൻ എഴുത്തുകളുമല്ലാത്ത എന്താണ് നിങ്ങൾക്ക് സ്വന്തമായി ഉള്ളത്? ഞാനിനിയുമെത്ര കത്തിരിക്കണം?
ഇനിയുമൊരുപക്ഷേ എനിക്കതിന് കഴിഞ്ഞുവെന്നും വരില്ല. അല്ലെങ്കിൽ തന്നെ ഈ കാത്തിരിപ്പിനൊരു അർഥമുണ്ടെന്ന് ഇപ്പൊ എനിക്ക് പോലും തോന്നുന്നില്ല.
ഒരു തുക്കടാ ബാങ്ക് ജീവനക്കാരനെ വേണമെന്ന് പോലും അച്ഛനോടാവശ്യപ്പെടാനെനിക്ക് ധൈര്യമില്ല. അപ്പൊ സിനിമസെറ്റുകളിൽ കയറിയിറങ്ങാൻ വേണ്ടി അതും മര്യാദക്ക് ചെയ്യില്ലെന്ന് വച്ചാൽ എന്താ ചെയ്യുക?
അവസാനമായി ഒന്നേ എനിക്ക് പറയാനുള്ളൂ… ഇനി എന്നേ ചോദിക്കാൻ മാത്രം എന്തെങ്കിലും ആയിട്ടുമതി നമ്മൾ തമ്മിലൊരു കൂടികാഴ്ച. ”
പറഞ്ഞിട്ടവൾ തിരികെ നടന്ന് കാറിലേക്ക് കയറുമ്പോൾ മരവിച്ച അവസ്ഥയിലായിരുന്നു നിന്നത്. ആ അവസ്ഥയിൽ ഒന്ന് ചേർത്തുപിടിച്ചാശ്വസിപ്പിക്കാൻ പോലുമാരുമില്ലാത്തവന് ആശ്രയം മ ദ്യം മാത്രമായിരുന്നു.
ബോധം മറയും വരേ കുടിച്ചശേഷം നേരെ ഇങ്ങോട്ടാണ് വന്നത്. എന്നിലെ വരികളോരോന്നും പിറവിയെടുത്തിട്ടുള്ള ഇടയ്ക്കൊക്കെ വന്നിരിക്കാറുള്ള ഈ കുടിലിലേക്ക്.
മുൻപും പല തവണ എന്റെ വരികൾക്ക് സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാൻ ഇവിടെ വന്നിട്ടുള്ളത് കൊണ്ടാവാം താരയും എന്നേത്തേടി ഇവിടേക്ക് വന്നത്.
മുറ്റത്തെ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ബെഞ്ചിലിരുന്ന് തകർന്നുടഞ്ഞ സ്വപ്നങ്ങളുടെ ചെപ്പവൾക്ക് മുന്നിൽ തുറക്കുമ്പോൾ ഒരാശ്രയത്തിനെന്ന പോലെ അവളെന്റെ കയ്യിൽ അമർത്തി പിടിച്ചിരുന്നു.
ആ സംസാരത്തിനിടയിലെപ്പോഴോ പാറിവന്ന മഴ രണ്ടാളെയും നനച്ചപ്പോഴാണ് ഓടി അകത്തേക്ക് കയറിയത്.
തോളിലൂടെ ഒഴുകിക്കിടന്നിരുന്ന അവളുടെ സാരിയിലേക്ക് വീണ നനവിനെ വെറുതെ തട്ടിനീക്കാൻ ശ്രമിച്ചുകൊണ്ട് നിൽക്കുന്ന അവളിലേക്കെപ്പോഴാണ് കണ്ണുകൾ സഞ്ചരിച്ചതെന്നറിയില്ല.
ജലകണങ്ങളിറ്റ് വീണിരുന്ന കുഞ്ഞളകങ്ങളിൽ നിന്നും അവളുടെ പിടയ്ക്കുന്ന മിഴികളിലേക്കും തുടിക്കുന്ന ചുണ്ടുകളിലേക്കും ഞരമ്പുകൾ തെളിഞ്ഞ കഴുത്തിലേക്കും നോട്ടമെത്താൻ അധികനേരം വേണ്ടിവന്നില്ല.
കനംകുറഞ്ഞ റോസ് നിറത്തിലുള്ള ആ സാരിക്കുള്ളിലൂടെ ദൃശ്യമായിരുന്ന നനവാർന്ന പൊ ക്കി ൾ ച്ചുഴി എപ്പോഴാണെന്നെ ഭ്രാന്ത് പിടിപ്പിച്ചതെന്നറിയില്ല.
ഒരു നിമിഷം കൊണ്ട് അവളെ കൈകൾക്കുള്ളിലൊതുക്കുമ്പോൾ പൂക്കുലപോലെ അവളെ വിറച്ചിരുന്നു.
ആ തൊണ്ടക്കുഴിയിലൂടെ ഉമിനീർ വേഗത്തിൽ സഞ്ചരിക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കിക്കണ്ടു. എന്റെ കൈകളമർന്നിരുന്ന അണിവയർ പോലും ചുട്ടുപഴുത്തിരുന്നു.
ആ മിഴികളിലെ ഭാവമെന്തായിരുന്നു. അറിയില്ല. പക്ഷേ അവളൊരിക്കൽപ്പോലും ഒന്ന് കുതറുക പോലും ചെയ്തിരുന്നില്ല.
എന്റെയെല്ലാതീവ്രതയോടും കൂടി ഞാനവളിൽ ആർത്ത് പെയ്യുമ്പോഴും അവളിൽ നിർവൃതി മാത്രമായിരുന്നു. ഇപ്പോഴും അതിന്റെ കാരണം മാത്രമറിയില്ല.
അവളൊരുപക്ഷേ അതാഗ്രഹിച്ചിരുന്നോ? ഏയ് ഒരിക്കലുമില്ല… അവൾ… അവൾക്കൊരിക്കലും അങ്ങനെയൊന്നും ആവാൻ കഴിയില്ല…”
സംശയങ്ങളും കുറ്റബോധവും തലച്ചോറിന് ചുറ്റും മൂളിപ്പറക്കുമ്പോഴും അവനാരെയൊ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ ദിവസങ്ങൾ വീണ്ടുമോടി മറഞ്ഞുകൊണ്ടിരുന്നു. മഹിയുടെ ഉള്ളിലപ്പോഴും താരയൊരു ര ക്തം കിനിയുന്ന മുറിവായ് അവശേഷിച്ചിരുന്നു.
ഇതിനിടയിൽ മാനസയിലും മാറ്റങ്ങൾ പ്രകടമായിരുന്നു. പറഞ്ഞുപോയത് കൂടിപ്പോയെന്ന തോന്നലിലാവാം ആ ചെറുകുടിലിലേക്കവൾ വന്നത്.
ഒടുവിൽ സ്വന്തം അച്ഛൻ സമ്മതിച്ചിട്ടാ വിവാഹം നടക്കില്ല എന്ന തിരിച്ചറിവിൽ എല്ലാമുപേക്ഷിച്ചവനിലേക്ക് വരാൻ ഉറപ്പിച്ച് അവിടുന്ന് പിന്തിരിയുമ്പോൾ തിളക്കം കുറഞ്ഞതെങ്കിലും ഒരു പുഞ്ചിരി അവളിൽ തത്തിക്കളിച്ചിരുന്നു.
“ആരായിരുന്നു ഫോണിൽ?”
ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന താര ഫോൺ കട്ട് ചെയ്തതും അരികിലേക്ക് വന്നുകൊണ്ട് നാൻസി ചോദിച്ചു.
” മഹിയേട്ടൻ…. മാനസ വന്നു. ആളുമാരവവുമില്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ച് അവരൊന്നിക്കാൻ തീരുമാനിച്ചു. എന്നോടും ചെല്ലണമെന്ന് പറഞ്ഞു. മ്മ്ഹ് പോണം…. ആ കാഴ്ച കണ്ണുനിറച്ചെനിക്ക് കാണണം… ”
പറഞ്ഞുകൊണ്ട് അപ്പോഴുമവൾ മനോഹരമായി പുഞ്ചിരിച്ചു. അമ്പരന്ന് നിന്നിരുന്ന നാൻസിയെ കടന്ന് അലമാര തുറന്നെന്തൊക്കെയൊ തപ്പുന്ന ആ പെണ്ണിനെയവൾ ആദ്യം കാണുന്നത് പോലെ നോക്കി നിന്നു.
”ഈ… ഈ സാരി നന്നായിട്ടുണ്ടല്ലേ…. ”
വാടാമുല്ല നിറത്തിലൊരു പട്ടുസാരിയെടുത്ത് മാറിൽ വിരിച്ചിട്ടുകൊണ്ട് അവൾ ചോദിച്ചു.
“താരാ നിനക്ക് സമനില തെറ്റിയോ ?? നടക്കാൻ പോകുന്നത് നീ പ്രണയിച്ച ആളിന്റെ വിവാഹമാണ്. അതിനാണ് നീയീ ഒരുങ്ങുന്നത്….”
“നീ എന്താ നാൻസി കരുതിയത് എനിക്ക് സമനില തെറ്റിപ്പോയെന്നോ… എങ്കിൽ ഇല്ല… എന്റെ പ്രണയം ഇങ്ങനെയാണ്… നേടിയെടുക്കുന്നത് മാത്രമമല്ല പ്രണയം…
വിട്ടുകൊടുക്കുന്നത് കൂടിയല്ലേ? ഈ ജന്മം എന്റെ പ്രണയം വിട്ടുകൊടുക്കുന്നതാണ്… എന്നിട്ട്… എന്നിട്ടടുത്ത ജന്മം ഞാൻ കത്തിരിക്കും.”
കണ്ണുകൾ ചാലിട്ടൊഴുകിയിട്ടും പുഞ്ചിരിയോടെ പറയുന്ന ആ പെണ്ണിനെയവൾ വട്ടം ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തു.
ഈ ലോകത്തിന്റെ കീഴിലുള്ള ഏതൊരുവാക്കിനും അവളിലെ താപത്തേ കെടുത്താൻ കഴിയില്ലെന്നറിഞ്ഞത് പോലെ മൗനമായവളുടെ നെറുകയിൽ തലോടി.
രജിസ്റ്റാറിന് മുന്നിൽ കസവുമുണ്ടും ഷർട്ടുമിട്ട മഹിയുടെ അരികിൽ പൊന്നിലും പട്ടിലും പൊതിഞ്ഞ് നിറചിരിയോടെ നിന്നിരുന്ന മാനസയെ അവൾ നിറഞ്ഞ മനസോടെ നോക്കി നിന്നു.
അപ്പോഴും മൂകമായി അവൾ പ്രാർത്ഥിക്കുകയായിരുന്നു അടുത്ത ജന്മം അവളായി ജനിച്ചിവന്റെ പാതിയാക്കുവാൻ.
മഹിയുടെ കണ്ണുകളും അരികിൽ നിന്നിരുന്ന കോടീശ്വരപുത്രിയായ സ്വന്തം വധുവിനെ കടന്ന് ഇടയ്ക്കിടെ ഉള്ളിലെ നൊമ്പരങ്ങളൊളിപിച്ച് നിറചിരിയുമായി നിന്നിരുന്ന ആ പെണ്ണിലേക്കെത്തിയിരുന്നു.
കണ്ണുകൾ നിറഞ്ഞിരുന്നില്ല എങ്കിലും ചുണ്ടിലെ ചിരി വാടിയില്ലെങ്കിലും ആ വിരലുകൾ ഇടയ്ക്കിടെ സാരിത്തുമ്പിൽ അമർന്നുകൊണ്ടിരുന്നു.
ഒടുവിൽ മഞ്ഞച്ചരടിൽ കൊരുത്ത ആ താലിയവൻ കയ്യിലെടുത്തതും പുറത്തേക്ക് നോക്കിയവൾ കാര്യമായാരേയൊ തിരഞ്ഞുകൊണ്ടിരുന്നു.
എന്തിനെന്ന് പോലുമറിയാതെ ആ മിഴികൾ പലദിശകളിലൂടെ തെന്നിക്കളിച്ചു. പക്ഷേ പെട്ടന്ന് പിൻകഴുത്തിലൊരു വിരൽ സ്പർശം തോന്നിയപ്പോൾ അവൾ വെട്ടിത്തിരിഞ്ഞു.
തൊട്ടുമുന്നിൽ നിന്നുകൊണ്ട് ആ താലിയുടെ മൂന്നാമത്തെ കെട്ടും മുറുക്കുന്നവനെ അവൾ ഞെട്ടി നോക്കി നിന്നു. ആ സമയം മറ്റൊന്നുമവളുടെ മുന്നിലില്ലായിരുന്നു.
” മ… മഹി… ”
“നിന്നേപ്പോലെ അടുത്തജന്മം വരെ കാത്തിരിക്കാനെനിക്ക് വയ്യ പെണ്ണേ…. ”
നിറമിഴികളോടെ എന്തോ പറയാൻ വന്ന അവളുടെ വിതുമ്പുന്ന ചുണ്ടുകളെ വിരലാൽ ബന്ധിച്ചുകൊണ്ട് അവൻ പറയുമ്പോൾ ആ പെൺമിഴികൾ അരികിൽ നിന്നിരുന്ന നാൻസിയിലായിരുന്നു. ആ മിഴികളും സന്തോഷത്താൽ നിറഞ്ഞിരുന്നു.
“നിന്റെയൊപ്പം വളരാൻ എനിക്കൊരിക്കലും കഴിഞ്ഞുവെന്ന് വരില്ല മാനസാ… അങ്ങനെ വരുമ്പോൾ ഇന്നീചെയ്യുന്നത് നാളെ നിനക്ക് വലിയൊരു തെറ്റായി മാറാം. അപ്പോ അതിനിട കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്. ?? ”
അരികിൽ നിന്നിരുന്ന മാനസയുടെ മുന്നിൽ ചെന്നുകൊണ്ട് അവനത് ചോദിക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു അവളിലും.
“അതേ ഇതാണ് ശരി… ”
പറഞ്ഞുസ്വയം ബോധിപ്പിക്കുക കൂടി ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി നടക്കുമ്പോഴും ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു…