“ആകെയുണ്ടായിരുന്നത് കൂടി വിറ്റ് പെറുക്കിയിട്ടാ ഒരുവന്റെ കൂടെ ഇറക്കിവിട്ടേ….. എന്നിട്ടിപ്പോൾ കെട്ടുതാലിയും പൊട്ടിച്ചെറിഞ്ഞു വന്നേക്കുന്നു….”

അവൾ
(രചന: അഥർവ ദക്ഷ)

പാത്രങ്ങൾ നിലത്തു വീഴുന്ന വലിയ ശബ്ദം കേട്ടിട്ടാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്…

ഉറക്കക്ഷീണം മാറാതെ അവൾ കിടക്കയിലേക്ക് വീണ്ടും ചാഞ്ഞു…..തന്നോട് പതുങ്ങി കിടന്നിരുന്നു കുഞ്ഞിനെ അവൾ കുറച്ചു കൂടി ചേർത്ത് പിടിച്ചു….

കുഞ്ഞ് ഒന്ന് അനങ്ങിയതിന് ശേഷം അവളുടെ ചൂട് പറ്റി സുഖമായി കിടന്നു….

“ആകെയുണ്ടായിരുന്നത് കൂടി വിറ്റ് പെറുക്കിയിട്ടാ ഒരുവന്റെ കൂടെ ഇറക്കിവിട്ടേ….. എന്നിട്ടിപ്പോൾ കെട്ടുതാലിയും പൊട്ടിച്ചെറിഞ്ഞു വന്നേക്കുന്നു….”അമ്മയുടെ ഉറക്കയുള്ള സംസാരം അവളുടെ കാതുകളിൽ പതിഞ്ഞു….

“ഒന്ന് പതുക്കെ മാലതി അടുത്തുള്ളോരൊക്കെ കേൾക്കും….”അച്ഛൻ അമ്മയെ അനുനയിപ്പിക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു….

“അയ്യോ അല്ലേൽ ആർക്കും ഒന്നും അറിയില്ല… പെൺ കുട്ടികൾ ആയാൽ കുറെയൊക്കെ സഹിക്കേണ്ടി വരും അതാ ജീവിതം.. ഇതിപ്പോൾ അവനൊന്നും പോകാനില്ല 11 മാസം പ്രായം ആയ ആ കുഞ്ഞിനേയും കൊണ്ട് അവൾ എന്തു ചെയ്യാനാ ….”അമ്മ നിർത്തുന്ന ഭാവമില്ല…..

“ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താ എല്ലാം കഴിഞ്ഞില്ലേ….”

“എന്ത് കഴിയാൻ…. ഇത്രയും നാൾ ഇവൾക്ക് വേണ്ടിയല്ലേ നമ്മൾ എല്ലാം ചെയ്തേ…. ഇവൾക്ക് താഴെയുള്ളത് അവനോ…

ഇവൾ ഇവിടെ നിന്നാൽ അവന്റെ ജീവിതം എന്താകും….ആ കുഞ്ഞിന്റെ ഭാവി എന്താകും.. പെൺ കുഞ്ഞാ അത് മറക്കേണ്ട “അമ്മയുടെ ശബ്ദം ഉയർന്നു തന്നെ വന്നു…

കുറച്ചു നാളായിട്ട് ഇത് സ്‌ഥിരം കേൾക്കുന്നത് കൊണ്ട് അവൾക്ക് ഒന്നും തന്നെ തോന്നിയില്ല… അലമാരയിൽ നിന്നും മാറിയിടാനുള്ള ഡ്രെസ്സും മറ്റുമായി അവൾ ബാത്‌റൂമിലേക്ക് കയറി…..

വിസ്തരിച്ചുള്ള കുളിയും മറ്റും കഴിഞ്ഞ് അവൾ കണ്ണാടിയുടെ മുന്നിൽ വന്ന് നിന്ന് സാരി ഞൊറിഞ്ഞു ഭംഗിയായി ഉടുത്തു…. മുടി തുവർത്തി കുളി പിന്നൽ പിന്നി വിടർത്തിയിട്ടു….

അപ്പോളേക്കും കുഞ്ഞ് ഉറക്കം ഉണർന്ന് ചിണുങ്ങി കരയാൻ തുടങ്ങിയിരുന്നു… അവൾ മോളെ കൈയ്യിൽ എടുത്ത് പാല് കൊടുത്തു കുഞ്ഞ് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ.. അവൾ കുഞ്ഞിനെ തുണി തൊട്ടിലിലേക്ക് കിടത്തി..

നേരത്തെ എടുത്തു വെച്ചിരുന്ന ഫയലും പേഴ്സും.. ഫോണുമായി അവൾ റൂമിൽ നിന്നും ഇറങ്ങി… അവൾ ഹാളിലേക്ക് ചെല്ലുമ്പോൾ അച്ഛനും അമ്മയും അനിയനും അവിടെ കാപ്പി കുടിക്കാൻ ഇരിക്കുന്നുണ്ട്…..

“അച്ഛാ ഇന്ന് അച്ഛന് പുറത്തേക്ക് ഒന്നും പോകേണ്ട എന്ന് എല്ലേ പറഞ്ഞെ….”അവൾ അച്ഛനെ നോക്കി

“വേണ്ട എന്തേ….”

“ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ…. ഇന്ന് വൈകിട്ട് വരെ അമ്മയും അച്ഛനും കൂടി മോളെ ഒന്ന് നോക്കണം… ഇന്നലെ അവൾ ഒരുപാട് വൈകിയാ ഉറങ്ങിയേ അത് കൊണ്ട് രാവിലെ ഞാൻ എഴുനേൽക്കാൻ വൈകി.. ”

അവൾ അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം ഗ്ലാസിൽ കുറച്ച് ചായ എടുത്ത് കുടിച്ചു…. അമ്മയുടെയും മുഖത്ത് ദേഷ്യം തന്നെയാണ്… അച്ഛന്റെ മുഖത്തെ ഭാവം അവൾക്ക് വേർതിരിച്ചറിയാൻ ആയില്ല….

“എവിടെക്കാ നി….”അച്ഛൻ തിരക്കി….

“എവിടേക്ക് ആണെന്ന് വെച്ചാൽ ഞാൻ കൊണ്ട് പോകാം എനിക്കിന്ന് ഓഫ് ആണ്…”പവിൻ പറഞ്ഞു

“വേണ്ടടാ….ഞാൻ വൈകിട്ടോടെ വരാം .. അമ്മേ മോൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുത്താൽ മതി ജലദോഷത്തിന്റെ ലക്ഷണമുണ്ട് അത് കൊണ്ട് തല കുളിപ്പിക്കേണ്ട …”മറുപടികൾക്കൊന്നും കാത്ത് നിൽക്കാതെ അവൾ മുന്നോട്ട് നടന്നു…..”

“എങ്ങോട്ടെന്നോ എവിടേക്ക് എന്നോട് ഒന്നും ഇല്ല തന്നിഷ്ട്ടം…. അങ്ങനെ ആണെല്ലോ എല്ലാം… “അവൾ പോകുന്നത് കണ്ട് അമ്മ പിറു പിറുത്തു…

“അമ്മേ മതി…. ആദ്യം ഒക്കെ എനിക്ക് അവളോട് ദേഷ്യം തോന്നിയിരുന്നു… പക്ഷേ അവൾ ചെയ്തതിൽ എന്ത് തെറ്റാണ് ഉള്ളത് അമ്മ ഒന്ന് ചിന്തിച്ചു നോക്ക്….”പവി അമ്മയെ വിലക്കി കൊണ്ട് പറഞ്ഞു

വീടിന്റെ ഗെയ്റ്റ് കടന്നു മുന്നോട്ട് നടക്കുമ്പോൾ വഴിയിലൂടെ പോകുന്നവരൊക്കെ അവളെ നോക്കുകയും അടക്കം പറയുകയും ചെയ്യുന്നുണ്ടായിരുന്നു….. പോക്കറ്റ് റോഡിലൂടെ കുറച്ചു നടക്കണം മെയിൻ റോഡിൽ എത്താൻ…..

ഇവൾ ആരാണെന്നല്ലേ…..പല്ലവി…പവിത്രന്റെയും മാലതിയുടെയും മൂത്ത മകൾ… ഇളയവൻ പവിൻ

ബസ് സ്റ്റോപ്പിൽ എത്തിയപ്പോളേക്കും ബസ് വന്ന് നിന്നു.. അവൾ അതിൽ കയറി വിന്ഡോയോട് ചേർന്ന സീറ്റിൽ ഇരുന്നു… ബസിൽ ഇരിക്കുന്ന പലരും ഒരു വിചിത്ര ജീവിയെ നോക്കും പോലെ അവളെ നോക്കുന്നുണ്ടായിരുന്നു…..

അതൊന്നും ശ്രെദ്ധിക്കാതെ അവൾ സൈഡ് വിൻഡോയിലേക്ക് ചാരി കണ്ണുകളടച്ചിരുന്നു….. മനസ്സ് ഏതാനും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു…..

ഡിഗ്രിയും പിജിയും കഴിഞ്ഞു ഉടനെ തന്നെ പല്ലവിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി….. വീട്ടിൽ നിന്നും കുറച്ചു ദൂരം ഉണ്ടായിരുന്നു അവളുടെ ജോലി സ്ഥലത്തേക്ക്….

അതിരാവിലെ പോയി രാത്രി 7:30 ഓടെ ആണ് വീട്ടിൽ തിരിച്ചെത്തുന്നത്….. 6മാസം കഴിഞ്ഞാൽ അവൾ അവിടെ പെർമിനന്റ് ആകും അത് കഴിയുമ്പോൾ ഒരു വണ്ടി എടുക്കാം എന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ…..

ഒരു ദിവസം പതിവ് പോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഗെയ്റ്റിന് പുറത്തു നിന്നെ കണ്ടു കാർപോർച്ചിൽ കിടക്കുന്ന അമ്മാവന്റെ കാർ…. എന്താവോ ഈ ടൈമിൽ എന്ന ചിന്തയോടെ ആണ് അവൾ അകത്തേക്ക് ചെന്നത്….

തുറന്നിട്ടിരിക്കുന്ന വാതിൽ കടന്നു അകത്തേക്ക് ചെല്ലുമ്പോൾ… ഹാളിൽ അമ്മാവനും അമ്മായിയും… അച്ഛനും അമ്മയും തിരക്കിട്ട ചർച്ചയിലായിരുന്നു….

“വരാൻ ഇത്രയും വൈകുമോ….”അവളെ കണ്ടതും അമ്മായി നെറ്റി ചുളിച്ചു….

“പഞ്ചിങ് ടൈം ആണ്…..6മണിക്കേ ഇറങ്ങാൻ പറ്റു……”അവൾ അവരോടായി പറഞ്ഞു…

“ഉം…. നീ പോയി കുളിച്ചിട്ട്… കഴിക്കനോ.. മറ്റോ നോക്ക്… ഞങ്ങൾ ഇറങ്ങുവാണ്…”അമ്മാവൻ പറഞ്ഞു കൊണ്ട് എഴുനേറ്റു….

“ദേവേച്ചി…..”അവൾ അവരെ രണ്ടു പേരെയും മാറി മാറി നോക്കി… അമ്മായിയുടെയും അമ്മാവന്റെയും ഒരേ ഒരു മകളാണ് ദേവയാനി….

“അവൾ അടുത്തൊരു ദിവസം വരുന്നുണ്ടെന്ന് പറഞ്ഞു ….. ഇവിടേക്കും ഉറങ്ങാതെ ഇരിക്കില്ല…”മകളുടെ കാര്യം പറഞ്ഞപ്പോൾ അമ്മായിയുടെ മുഖം തെളിഞ്ഞു…..

പല്ലവി അതികം സംസാരിക്കാൻ നിൽക്കാതെ തല കുലുക്കി കൊണ്ട് അകത്തേക്ക് വലിഞ്ഞു…. അവിടെ നിൽക്കുന്നത് ഇനി ശെരിയാകില്ലന്ന് അവൾക്ക് അറിയാമായിരുന്നു… ഇപ്പോൾ തന്നെ വിശന്നിട്ട് വയറു തിത്തേയ്യ് പാടാൻ തുടങ്ങി….

വേഗത്തിൽ റൂമിലേക്ക് നടന്നു… നടക്കും വഴിക്ക് ഫ്രിഡ്ജ് തുറന്നു ഒരു ആപ്പിൾ കൈയ്യിൽ എടുക്കാനും അവൾ മറന്നില്ല….

വേഗത്തിൽ കുളി കഴിഞ്ഞു കിച്ചണിൽ ചെന്ന് കഴിക്കാനുള്ള ചോറും കറിയുമായി ഹാളിൽ ചെല്ലുമ്പോളും അമ്മയും അച്ഛനും ഇരുന്ന ഇരുപ്പിൽ ഇരുന്ന് ചർച്ചയിൽ ആയിരുന്നു..

“സ്‌ഥലം വിറ്റ് പൈസയുണ്ടല്ലോ… പോരേൽ ലോൺ കൂടി എടുക്കാം ഈ ആലോചന വിട്ടു കളയുന്നത് ബുദ്ധിയാണെന്ന് എനിക്ക് തോന്നുന്നില്ല…..”അമ്മ പറയുന്നത് കേട്ട് കഴിക്കുന്നത് നിറുത്തി അവൾ അവരുടെ സംസാരം ശ്രദ്ധിച്ചു….

“അവര് ആദ്യം വന്നൊന്നു കാണട്ടെ മാലതി….”അച്ഛനിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉതിർന്നു

“നാളെയും കഴിഞ്ഞു മറ്റന്നാൾ ആണ് ഞായറാഴ്ച….”അമ്മ വെപ്രാളപ്പെട്ടു…

“ആരെ കാണാൻ വരുന്ന കാര്യമാ നിങ്ങൾ ഈ പറയുന്നേ….”ചോറുരുള വായിലേക്ക് വെച്ച് കൊണ്ട് അവൾ സംശയത്തോടെ അമ്മയെ നോക്കി….

“നിന്നെ അല്ലാതെ വേറെ ആരെ കാണാൻ… നാളെ ലീവ് എടുത്തോ….. അല്ലേൽ ഇനി യാത്ര ക്ഷീണം കൊണ്ട് മറ്റന്നാൾ മുഖം ഒക്കെ ആകെ വല്ലാത്തിരിക്കും….”അമ്മ അവളോടായി പറഞ്ഞു…

“ലീവ് എടുക്കാനോ… എനിക്ക് മറ്റന്നാളും കൂടി കയറിയാലെ ലീവ് അഡ്ജസ്റ്റ് ആകൂ… അല്ലേൽ കട്ടിങ് വരും….”അവൾ അവർക്കു നേരെ തിരിഞ്ഞു…

“അവരോട് വരാൻ പറഞ്ഞല്ലോ.. മോളെ….”അച്ഛൻ ഒന്ന് നിവർന്നിരുന്നു….

“അയ്യോ അച്ഛാ മാസവസാനം ആണ്….”അവൾ പറയാനാഞ്ഞതും അമ്മ ഇടയ്ക്ക് കേറി തടഞ്ഞു…

“പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…. വേണേൽ രാവിലെ പൊയ്ക്കോ.. ഹാഫ് ഡേ എടുത്ത് ഉച്ചയ്ക്ക് ഇങ്ങു എത്തിയെ പറ്റു…”അമ്മ തീർത്തു പറഞ്ഞു…..

പിന്നീടുള്ള കാര്യങ്ങൾ എല്ലാം അങ്ങനെ തന്നെ ആയിരുന്നു… എല്ലാം വീട്ടുകാർ തീരുമാനിച്ചു…. ജോലി നിർത്തേണ്ടി വരും എന്നൊഴിച്ചാൽ പല്ലവിക്ക് ആ ബന്ധത്തിന് താൽപ്പര്യകുറവൊന്നും ഉണ്ടായിരുന്നില്ല…..

ഉല്ലാസ് അതായിരുന്നു അയാളുടെ പേര്..കൊച്ചിയിലെ ഒരു പ്രമുഖ IT കമ്പനിയിൽ ആണ് അവൻ വർക്ക്‌ ചെയുന്നത്…അവനു ഇളയതും മൂത്തതുമായി രണ്ട് പെങ്ങന്മാർ ..

അച്ഛനും അമ്മയും ഗവണ്മെന്റ് സർവീസിൽ നിന്നും വിരമിച്ചവർ…..എന്തു കൊണ്ടും പല്ലവിയുടെ വീട്ടുകാരെക്കാൾ മേലെ തന്നെ ആയിരുന്നു അവർ…..

അവളെ അവർക്ക് ഇഷ്ട്ടം ആയതോടെ ഏത് വിധേനയും വിവാഹം നടത്താനായി ഉള്ളതൊക്കെ നുള്ളി പെറുക്കി തന്നെ അവർ ഒരുങ്ങി….അതി ഗംഭീരമായി തന്നെ വിവാഹം നടന്നു….

വിവാഹം കഴിഞ്ഞു ഉല്ലാസിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ അമ്മ ഒരുപാട് ഉപദേശങ്ങൾ അവൾക്ക് നൽകിയിരുന്നു…..

സന്തോഷത്തോടെ എന്നാൽ ഒരുപാട് പരിഭ്രമത്തോടെയും കുറച്ചു സങ്കടത്തോടെയും തന്നെ ആണ് അവൾ ആ വീട്ടിലേക്ക് ചെന്നത്…. ആ വലിയ വീട്ടിൽ അവളും..

ഉല്ലാസും അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു…. അമ്മ തന്നെയാണ് വീട്ട് ജോലികൾ ചെയ്തിരുന്നത്… പെണ്മക്കൾ ഇടയ്ക്കിടെ വന്നു പോകും….

അച്ഛനും.. അമ്മയും കർകശ സ്വഭാവമുള്ളവർ ആയിരുന്നു…. അവിടെ എത്തിയതോടെ ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു…..

വേറെ നോക്കാം എന്ന് വിവാഹത്തിനു മുന്നെ അവർ പറഞ്ഞിരുന്നെങ്കിലും… ആരും പിന്നെ അതിന് താല്പര്യം കാട്ടിയില്ല പല്ലവി ജോലിയെ കുറിച്ചു പറയുമ്പോൾ ഒക്കെ കുറച്ചു കഴിയട്ടെ എന്ന ഒഴുക്കൻ മട്ടിൽ അവൻ മറുപടി നെൽകി….

മാസങ്ങൾ ഏതാനും കഴിഞ്ഞു…. വന്നു കയറിയപ്പോൾ ഉണ്ടായിരുന്ന സുഖകരമായ അന്തരീക്ഷം ഒക്കെ പയ്യെ മാറുന്നതായി അവൾ അറിയുന്നുണ്ടായിരുന്നു…..

പലപ്പോളും തങ്ങളോടുള്ള ഉല്ലാസിന്റെ സ്നേഹം തട്ടിയെടുക്കാൻ എത്തിയ ഒരുവൾ ആയിട്ടായിരുന്നു… ഉല്ലാസിന്റെ അമ്മയും ഇളയ പെങ്ങളും അവളെ കണ്ടിരുന്നത്… ചേച്ചിയാണ് പിന്നെയും മയമായി അവളോട് പെരുമാറിയിരുന്നത്…..

ഇടയ്ക്ക് ഒന്ന് രണ്ടു ദിവസം അമ്മയും അച്ഛനും ഇളയ പെങ്ങൽ ഉത്രയുടെ വീട്ടിൽ പോയി നിൽക്കുന്നത് പതിവായിരുന്നു തിരിച്ചു വന്നാൽ പിന്നെ രണ്ട് ദിവസത്തേക്ക് അവളോട് അവർ സംസാരിക്കുക പോലും ഇല്ല….

അവളോടുള്ള ദേഷ്യം പലപ്പോളും അവളുടെ വീട്ടു കാരോടും അവർ കാട്ടുമായിരുന്നു….

ഇടയ്ക്കിടയ്ക്കുള്ള ഇളയ നാത്തൂന്റെ വിസിറ്റ് ആണ് അതിലും കടു കട്ടി….. ഒരു സദ്യയ്ക്കുള്ള വിഭവങ്ങൾ ദിവസവും ഉണ്ടാക്കിക്കും..

അത് കൂടാതെ പൊടിയാണ് പൂപ്പൽ ആണ്‌ എന്നൊക്കെ പറഞ്ഞ് അമ്മയുടെയും അച്ഛന്റെയും അലമാരിയിൽ ഇരിക്കുന്ന ഡ്രസ്സ്‌ പോലും വീണ്ടും കഴുകിപ്പിക്കും…..

പല്ലവിയുടെ കുറ്റവും കുറവും.. ഉള്ളതും ഇല്ലാത്തതും എല്ലാം അവൾ ഇല്ലാത്തപ്പോൾ അമ്മയും ആയി ഡിസ്‌കസ് ചെയ്യുന്നത് അവൾക്ക് ഒരു ഹരമായിരുന്നു….

ഒരു വർഷം കഴിഞ്ഞപ്പോൾ പല്ലവി പ്രഗ്നന്റ് ആയി അതോടെ അവളുടെ ദുരിതം കൂടി എന്ന് വേണം പറയാൻ….റെസ്റ്റൊന്നും ഡോക്ടർ പറഞ്ഞിരുന്നില്ല എങ്കിലും… വല്ലാത്ത വോമാറ്റിംങ് ടെൻഡൻസിയും ക്ഷീണവും അവളെ വല്ലാതെ തളർത്തി ഇരുന്നു…

കുടംപുളി ഇട്ട് വെയ്ക്കുന്ന മീൻ കറിയുടെ മണവും… ചോറ് തിളക്കുമ്പോൾ ഉണ്ടാകുന്ന ഗന്ധവും എല്ലാം അവളിൽ മനം പുരട്ടൽ ഉണ്ടാക്കി..

“ഇതൊക്കെ എല്ലാവര്ക്കും ഉണ്ടാകുന്നതാ മൂന്ന് മാസം കഴിയുമ്പോൾ അതങ്ങു മാറും…. മണം പിടിക്കുന്നില്ല എന്ന് പറഞ്ഞു അടുക്കളയിൽ കെയറാതെ ഇരുന്നാൽ ലാസ്റ്റ് കീറി മുറിച്ച് എടുക്കേണ്ടി വരും…..”

അവളുടെ അവസ്‌ഥകാണുമ്പോൾ വളരെ നിസാരമായി പുച്ഛഭാവത്തോടെ അവർ പറയുമായിരുന്നു…

എങ്ങനെ എങ്കിലും 7 മാസം ആയാൽ വീട്ടിലേക്ക് പോകാമല്ലോ എന്നുള്ള ആശ്വാസത്തിലായിരുന്നു അവൾ…

“7 ആം മാസത്തിൽ കൊണ്ട് പോകുന്നത് എന്തിനാ ..9 ഇൽ പോരെ ഇവിടെ ഇപ്പോൾ ഞാൻ ഉണ്ടല്ലോ…”എന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞത്തോടെ അതിനും തീരുമാനമായി…..

“ഏട്ടാ… എനിക്ക് തീരെ വയ്യ……”സങ്കടം സഹിക്കാൻ ആവാതെ ഒരു ദിവസം ഉല്ലാസിനോട് അവൾ പറഞ്ഞു….

“നിനക്ക് എന്താ ഇപ്പോൾ….”ഫോണിൽ നോക്കി ഇരിക്കുകയായിരുന്ന അവൻ അവൾക്ക് നേരെ നെറ്റി ചുളിച്ചു

“നാളെ അമ്മ ചേച്ചിയുടെ അടുത്തേക്ക് പോകുകയാണെന്ന് പറഞ്ഞു… അമ്മ ഇവിടെ ഉണ്ടെന്ന് പറഞ്ഞല്ലേ എന്നെ വീട്ടിലേക്ക് വിടാതിരുന്നത് ചേട്ടൻ മീറ്റിങ് ഉള്ളത് കൊണ്ട് കുറച്ചു ദിവസം വൈകിയല്ലേ വരൂ രാത്രി ഞാൻ തനിച്ച് …..”അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു….

“അമ്മ രണ്ട് ദിവസം കഴിഞ്ഞിങ്ങു വരില്ലേ പിന്നെന്താ… നിന്റെ വീട്ടിൽ ഉള്ളതിനേക്കാൾ സൗകര്യങ്ങൾ ഇവിടെ ഇല്ലേ… പുറം പണിക്ക് ആ ചേച്ചിയും ഉണ്ട് പിന്നെന്താ.. പിന്നെ രാത്രി കുറച്ചു ടൈം തനിയെ ഇരിക്കാൻ എന്താ അടച്ചുറപ്പുള്ള വീടല്ലേ ….”അവൻ നിസ്സാരം ആയി പറഞ്ഞു…..

“നല്ല ക്ഷീണം ഉണ്ട് ഏട്ടാ…. ഇനി ഇപ്പോൾ അമ്മ പോയി വന്നാൽ കുറെ ദിവസം എന്നോട് നേരെ മിണ്ടത്ത് പോലും ഇല്ല……”

“നീ കുറെ ആയല്ലോ ഇങ്ങനെ പറയുന്നേ… അവളുടെ അടുത്ത് പോയി വരുമ്പോൾ എന്താ അമ്മയുടെ വായ അടച്ചാണോ അവൾ ഇവിടേക്ക് വിടുന്നത്….”അവൻ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് ഇട്ടു….

“അമ്മ അങ്ങനെയാ എന്നോട് പെരുമാറുന്നത് അത് കൊണ്ടാ….”അവൾ പറയാൻ ആഞ്ഞതും അവൻ അവളെ തടഞ്ഞു….

“പല്ലവി…. എന്റെ പെങ്ങൾ ഇവിടെ നിന്ന് പോയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു… അതിന് മുന്നെ അവൾ ഇവിടെ തന്നെ ആയിരുന്നു അത് നീ മറക്കേണ്ട….” അവൻ ദേഷ്യത്തോടെ തന്നെ തുടർന്നു….

“എടി… ഭാര്യയെ വേണേൽ എനിക്ക് വേറെ കിട്ടും പക്ഷെ കൂടപ്പിറപ്പുകളെയും അമ്മയേയും വേറെ കിട്ടില്ല…. അത് കൊണ്ട് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കാം എന്ന് നീ കരുതേണ്ട…” അവൻ ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു കൊണ്ട് അവിടെ നിന്നും നടന്നു പോയി….

എന്താ പറയേണ്ടത്… ചെയ്യേണ്ടത് എന്നറിയാതെ പല്ലവി നിശബ്ദമായി കണ്ണീർ വാർത്തു……

“ഇതിപ്പോൾ എന്തിനാ ഈ സിസേറിയൻ ചെയ്യുന്നേ വെറുതെ അനാവശ്യമായി…..” ശ്രീദേവി അനിഷ്ട്ടത്തോടെ പിറു പിറുപിറുത്തു…..

“വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ…. കുറച്ചു കൂടി നോക്കാമായിരുന്നു…..”ഉല്ലാസിന്റെ വലിയമ്മയും പറഞ്ഞു…..

“കുറച്ചു കൂടി വെയിറ്റ് ചെയ്താലോ സിസ്റ്റെ….”ഉല്ലാസ് പേപ്പറിൽ സൈ‍ൻ ചെയ്യിക്കാൻ വന്ന നഴ്സ്നെ നോക്കി….

“ആ കുട്ടി വീക്കായിക്കൊണ്ട് ഇരിക്കുവാണ്..”നേഴ്സ് അവരെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു….

“ഓ… പിന്നെ ഇതൊക്കെ നിങ്ങൾ വെറുതെ പറയുന്നതല്ലേ…1000 കിട്ടേണ്ടിടത്ത് 10000 കിട്ടുമല്ലോ…..”ഉല്ലാസിന്റെ അമ്മ പരിഹസിച്ചു….

“പിന്നെല്ലാതെ ഇത് സിസേറിയൻ ആയാൽ അടുത്തതും അത് തന്നെ ആകുമല്ലോ അതിനും ഇവിടെ തന്നെ വരും എന്ന് ഇവർക്ക് അറിയാം….”വലിയമ്മയും കൂടെ ചേർന്നു

“അതിപ്പോൾ അവളുടെ വീട്ട് കാർ എല്ലേ ചെയ്യുന്നേ…”അവരുടെ സംസാരം കേട്ടപ്പോൾ ഉത്രയ്ക്ക് നാണക്കേട് തോന്നി….

“അവരെ കൊണ്ട് തനിയെ പറ്റോ.. ഇത് മാത്രം അല്ലാലോ… ഇനി വരുന്ന കാര്യങ്ങളും.. പിന്നെ അടുത്ത ഡെലിവറിയും ഒക്കെ എന്റെ മോന്റെ തോളിൽ ആ വരുന്നേ അവനു ഇതൊക്കെ താങ്ങാൻ പറ്റോ…”

“നിങ്ങൾ എന്താണെന്ന് വെച്ചാൽ ഡോക്ടറോട് പറയു… സമയം കുറെ ആയി ആ കുട്ടി ലേബർ റൂമിൽ കിടന്നു പുളയുന്നു….”അവർ ദേഷ്യത്തോടെ പുറത്തേക്ക് നടന്നു

മിനിയാന്ന് വൈകിട്ടാണ് ചെറിയ പെയിൻ തുടങ്ങിയപ്പോൾ പല്ലവിയെ ഹോസ്പിറ്റലിൽ കൊണ്ട് പോരുന്നത്….അപ്പോൾ മുതൽ അവൾക്ക് പെയിൽ ഉണ്ട് ഇന്ന് രാവിലെ വരെ അവർ നോക്കുകയും ചെയ്തു….

നോർമൽ നടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും പല്ലവിയുടെ ബോഡി വീക്ക്‌ ആയത് കൊണ്ടും ഡോക്ടർ സിസേറിയൻ ചെയ്യാം എന്ന് പറയുകയായിരുന്നു

“എന്തു മനുഷ്യരാണ്….” ലേബർ റൂമിലേക്ക് വന്ന നേഴ്സ് മറ്റൊരു നേഴ്സ്നോട്‌ പറയുന്നത് വേദനയുടെയും തളർച്ചയുടെയും ഇടയിലും പല്ലവി കേട്ടു…..

“അവർ ഇപ്പോളും സിസേറിയൻ വേണ്ട എന്ന് തന്നെയാ പറയുന്നേ കുറച്ചു കൂടി നോക്കാന്നു … വിദ്യാഭ്യാസവും അറിവും ഇല്ലാത്തവർ ആണേൽ അങ്ങനെ കരുതാം… ഇതിപ്പോൾ…” അവർ ദേഷ്യത്തോടെ പറഞ്ഞു….എന്നിട്ട് പല്ലവിയുടെ അടുത്തേക്ക് ചെന്നു

“മോളെ നിന്നെ…സമ്മതിക്കണം….”അവർ അവളെ നോക്കി…

പെട്ടന്ന് ഒരു കാൾ വന്നു… ആ കാൾ വന്നതോടെ അവർ അവളെ സിസേറിയനായി വേഗത്തിൽ ഒരുക്കി ഓപ്പറേഷൻ തീയറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമ്പോളും… പിറു പിറുക്കുകയും ആരോടൊക്കെയോ തർക്കിക്കൂകയും ചെയ്യുന്ന ഉല്ലാസിന്റെ അമ്മയെയും ഉല്ലാസിനെയും അവൾ കണ്ടു…

“അമ്മേ പ്ലീസ്….”അവർക്കരികിൽ എത്തിയപ്പോൾ അവരെ നോക്കി അവൾ കൈ കൂപ്പി….

ഓപ്പറേഷൻ കഴിഞ്ഞു.. പല്ലവിക്ക് മിടുക്കിയായ ഒരു പെൺ കുഞ്ഞ് ജനിച്ചു…. ഒപ്സെർവേഷനിൽ കിടക്കുമ്പോളും അവിടേക്ക് വന്ന എല്ലാ സ്റ്റാഫും അവളുടെ അമ്മായയമ്മയെയും ഭർത്താവിനെയും കുറിച്ച് അടക്കം പറയുന്നുണ്ടായിരുന്നു…

ഡോക്ടർ വല്ലാതെ ഷൗട്ട് ചെയ്തതിന് ശേഷം മാത്രമാണ് അവർ സിസേറിയനായി സമ്മതിച്ചതെന്ന് അറിഞ്ഞപ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരു മരവിപ്പ് അനുഭവപ്പെട്ടു

എല്ലാവരും അവളെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു..പിറ്റേന്ന് രാവിലെ റൂമിലേക്ക് മാറ്റുമ്പോൾ അവിടെ അവളെ കാത്ത് എല്ലാവരും ഉണ്ടായിരുന്നു……..

വരുന്നവരോടും പോകുന്നവരോടും ഒക്കെ ഒരു കാരണം ഇല്ലാതെ നോർമൽ ഡെലിവറി ആകേണ്ടി ഇരുന്നത് സിസേറിയൻ ആക്കിയതിനെ കുറിച്ച് പറയാനേ അവളുടെ അമ്മായയമ്മയ്ക്ക് സമയം ഉണ്ടായിരുന്നുള്ളു…..

പല്ലവി തന്റെ ഭർത്താവിനെ നോക്കി അയാൾ യാതൊരു ഭാവഭേദവും ഇല്ലാതെ ഇരിക്കുകയാണ്….

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു അവളെ യും കുഞ്ഞിനേയും അവളുടെ വീട്ടിലേക്കാണ്‌ കൊണ്ട് പോന്നത്….

വേദനയുടെയും… വലിച്ചിലിന്റെയും ദിവസങ്ങൾ എങ്ങനെയൊക്കെയോ കഴിഞ്ഞു പോയി… കുഞ്ഞിന്റെ പേരിടൽ ചടങ്ങ് 56നാണ് നടത്തിയത്

ഒന്നിനും ഒരു കുറവില്ലാതെ അച്ഛൻ തന്നെ ഗംഭീരമായി അത് നടത്തി…. ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോയി….

ഉല്ലാസിന്റെ അമ്മയും വലിയമ്മയും കൂടി അവിടെയിരുന്ന് കുഞ്ഞിന് കിട്ടിയ സ്വർണ്ണം ഒക്കെ നോക്കുകയായിരുന്നു….. അവളുടെ അമ്മയും മറ്റും കിച്ചണിൽ എല്ലാം ഒതുക്കുന്ന തിരക്കിലും….

“ഇനി ഇപ്പോൾ കുഞ്ഞിന്റെ തുണിയൊക്കെ തിരുമാനൊക്കെ തുടങ്ങാം….”വലിയമ്മ വളകൾ ഒക്കെ എടുത്തു നോക്കുന്നതിനിടയിൽ പറഞ്ഞു….

“വീട്ട് ജോലികൾ ചെയ്യാൻ പറയുമ്പോൾ ക്ഷീണം ആയിരുന്നു അതിന്റെ കണ്ടില്ലെ….”ശ്രീദേവി മരുമകളെ അടിമുടി നോക്കി….

വന്നപ്പോൾ മുതൽ രണ്ട് പേരും കൂടി അവളുടെ ചെവി തിന്നുന്നതാണ്… ആകെ ദേഷ്യം വരുന്നുണ്ടെങ്കിലും പല്ലവി എല്ലാം കടിച്ചോതുക്കി നിന്നു…..

“ഈ സിസേറിയൻ ശരീരത്തിന് കേടാ അതിപ്പോൾ അറിയില്ല…. ഇപ്പോളത്തെ പെണ്ണുങ്ങൾക്ക് വേദന സഹിക്കാൻ പറ്റോ.. അതിയ്ക്ക് മുന്നെ കത്തി വെയ്ക്കണം അവർക്ക്…..”

“കുറച്ചു ക്യാഷ് പോയാൽ എന്താ… വേദന അറിയാതെ കുഞ്ഞിനെ കൈയ്യിൽ കിട്ടിയില്ലേ…”കുഞ്ഞിനെ കൈയ്യിൽ എടുത്തു കൊണ്ട് അവർ അവളെ നോക്കി….

“അമ്മയ്ക്ക് സിസേറിയൻ ആയിരുന്നോ….”പല്ലവി ശാന്തമായി അവരോട് തിരക്കി….

“ഞാനൊക്കെ 3നെയും നൊന്താ പ്രസവിച്ചേ…. വെറുതെ ഒന്നും അല്ല…..”അവർ അവളെ നോക്കി നെറ്റി ചുളിച്ചു….

“അപ്പോൾ പിന്നെ സിസേറിയന് പെയിൻ ഇല്ലന്ന് അമ്മയ്ക്ക് എങ്ങനെ അറിയാം….. “അവളുടെ ശബ്ദം തെല്ല് ഉറച്ചിരുന്നു…..

“നീ എന്താ എന്നെ ചോദ്യം ചെയ്യുവാണോ….”അവർക്ക് അത് തീരെ ഇഷ്ട്ടായില്ല

“അല്ല… സിസേറിയൻ എന്താണെന്ന് പറഞ്ഞു തരാൻ വേണ്ടി ആയിരുന്നു…..”

“ഓ… അതിനി നീ പറഞ്ഞു തന്നിട്ട് വേണം….”വലിയമ്മ ചുണ്ട് കോടി കാട്ടി

“അറിയില്ലാത്തത്… അറിയുന്നവരിൽ നിന്ന് അറിയുക തന്നെ വേണം… നിങ്ങൾ പ്രസവ വേദന മാത്രം അല്ലെ സഹിച്ചിട്ടുള്ളു… പക്ഷെ എന്നെ പോലെ ഉള്ളവർ ഈ രണ്ടു വേദനയും അനുഭവിച്ചിട്ടുള്ളവരാ…..

വേദനയുടെ മൂർദ്ധന്യാവസ്‌ഥയിൽ എത്തിയിട്ടും നോർമൽ ആകാതെ സിസേറിയൻ ചെയ്യേണ്ടി വന്നു.. അനാസ്തേഷ്യ കഴിയുമ്പോൾ ഉള്ള അതിന്റെ പെയിൻ എന്താണെന്ന് അറിയോ…”പല്ലവിയുടെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു…

“എന്താ… എന്താ ഇവിടെ…..”മകളുടെ ഉറക്കെയുള്ള സംസാരം കേട്ട് അവിടേക്ക് വന്ന മാലാതി അന്തിച്ചു നിന്നു

“വയറിന്റെ അടിയിൽ ഈ അറ്റം മുതൽ അങ്ങേ അറ്റം വരെയാണ് തുന്നൽ… അത് കൂടാതെ അകത്തും ഉണ്ടാകും..ഒന്നനങ്ങിയാൽ മരണ വേദനയാ…

ഒന്ന് ചിരിക്കാനോ ചുമക്കാനോ… തുപ്പാനോ പോലും… ഇതൊക്കെ സഹിച്ചിട്ടും ഞങ്ങളെ പോലുള്ളവർക്ക് ഞങ്ങൾക്ക് കുഞ്ഞിനെ കിട്ടിയത് ഒന്നും അറിയാതെ…”അവൾ പരിഹസിച്ചു ചിരിച്ചു…

“പല്ലവി…”അമ്മ അവളെ തടയാൻ നോക്കി…

“അമ്മ മിണ്ടരുത്… എന്നെ ഇവരുടെ മകന് വിവാഹം ചെയ്തു കൊടുത്തതാണ്… അല്ലാതെ ആജീവനാന്തം ഞാനും എന്റെ വീട്ടുകാരും അടിമകൾ ആയിരിക്കാനുള്ള കാരാറെല്ല താലി….

എന്നെ ഇവർ കൊല്ലാ കൊല ചെയ്തിട്ടും നിങ്ങൾ ശബ്ദിച്ചിട്ടുണ്ടോ… ഇനി ഇപ്പോൾ ആർക്കും അതിനുള്ള അവകാശം ഇല്ല… “അവൾ അമ്മയെ വിലക്കി…

“നിന്നെ ഞങ്ങൾ എന്ത് ചെയ്തെന്നാടി…പൊന്നു പോലെയല്ലെ അവൻ കൊണ്ട് നടന്നത്… അമ്മയെയും മക്കളെയും തെറ്റിക്കാൻ നീ എന്തൊക്കെ ചെയ്തു എന്നിട്ടും ഒന്ന് നുള്ളി നോവിച്ചോ നിന്നെ…”ശ്രീദേവി മുതല കണ്ണീർ ഒഴുക്കി…

“നിങ്ങൾ എന്നെ തല്ലിയിട്ടില്ല അതിലും വലുതാണ് മാനസികമായുള്ള പീഡനം…. ആ വീട്ടിലെ കൂലി ഇല്ലാത്ത വേലക്കാരി തന്നെ ആയിരുന്നു ഞാൻ ഇത് വരെ….”

“എന്താ ഇവിടെ എന്തിനാ അമ്മ കരയുന്നെ… “ഉല്ലാസ്സും അവിടേക്ക് ഓടിയെത്തി

അപ്പോളേക്കും കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങി…അവിടെ നിന്നിരുന്ന പല്ലവിയുടെ അമ്മാവന്റെ മകൾ കുഞ്ഞിനെ ശ്രീദേവിയുടെ കൈയ്യിൽ നിന്നും വാങ്ങി….

“തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടാ.. അല്ലെങ്കിലും സ്വന്തം ഇഷ്ട്ടത്തിന് അഴിഞ്ഞാടി നടന്നതിനെയൊക്കെ കുടുംബത്തിൽ കയറ്റിയാൽ ഇങ്ങനെ ഇരിക്കും……”വലിയമ്മ അരിശം കൊണ്ടു…..

“ഇനി നിങ്ങൾ ഒരക്ഷരം മിണ്ടിയാൽ പ്രായത്തിന്റെ മൂപ്പ് ഒക്കെ ഞാൻ അങ്ങ് മറക്കും…”അവൾ അവർക്ക് നേരെ വിരൽ ചൂണ്ടി…

“എടി….”ഉല്ലാസ് അവളെ അടിക്കാൻ കൈ ഓങ്ങിയതും അവൾ ആ കൈ തടഞ്ഞതും ഒരുമിച്ചായിരുന്നു..

“എന്തേ കൊണ്ടോ….. കൊള്ളാൻ വേണ്ടി തന്നെയാ പറഞ്ഞെ….”അവൾ നിന്ന് കിതച്ചു….

“വാടാ മോനെ… നമുക്ക് ഇറങ്ങാം… ഇല്ലേൽ ഇവൾ നമ്മളെ കൊല്ലാനും മടിക്കില്ല…”ശ്രീദേവി കണ്ണുകൾ തുടച്ചു….

“ചിലപ്പോൾ ഞാൻ ചെയ്‌തെന്ന് വരും… അത് കൊണ്ട് വേഗം ഇറങ്ങുന്നത് തന്നെ ആകും നല്ലത്…”അവൾ നിന്ന് കിതച്ചു….

“പല്ലവി.. ഈ അപമാനം ഞാൻ മറക്കും എന്ന് കരുതേണ്ട തിരിച്ച് എന്റെ വീട്ടിലേക്ക് വരാം എന്നും…”അവൻ അവളെ നോക്കി താക്കീത്തോടെ പറഞ്ഞു

“എനിക്ക് ഇനി ആ വീട്ടിലേക്ക് വരണം എന്നില്ല… നിങ്ങളുടെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോളോ….

ജീവൻ പകുത്ത് അതിനു ജന്മം നെല്കുമ്പോളോ നിങ്ങളിൽ നിന്നും എനിക്ക് കിട്ടാത്ത ആ കയറിങ്… പരിഗണന ഇനി നിങ്ങളിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാൻ വേണ്ടും വിഡ്ഢിയല്ല ഞാൻ….”അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല….

“എടി നീ എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത് എന്ന് നിനക്ക് ഓർമ്മയുണ്ടോ….” അമ്മ വീണ്ടും ഇടയിൽ കേറാൻ ഒരുങ്ങി….

“അവൾ പറയട്ടെ…. ഇവളുടെ വാക്ക് കേട്ട് എന്റെ അമ്മയെയും പെങ്ങാമാരെയും അകറ്റി നിർത്താതതിന്റെ ദേഷ്യം തീർക്കുന്നതാണ്… കുഞ്ഞിനെ ഓർത്ത് ഞാൻ എല്ലാം സഹിക്കും എന്നാകും കരുതുന്നത് നടക്കില്ലടി അത്….”അവൻ തീർത്തു പറഞ്ഞു…

“ഓ… ഭാര്യയെ വേറെ കിട്ടും… അമ്മയെയും കൂടാപ്പിറപ്പിനെയും കിട്ടില്ലെന്ന്‌ അല്ലെ..”അവളൊന്നു പുച്ഛിച്ചു ചിരിച്ചു പിന്നെ തുടർന്നു

“നിങ്ങളെ പോലുള്ള ഭർത്താക്കന്മാർ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്… അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ നിങ്ങളുടെ കാര്യത്തിൽ ചില പരിമിതികൾ ഉണ്ട്…

പക്ഷേ നിങ്ങളുടെ നല്ല പാതിക്ക്… ഭാര്യയ്ക്ക് ഒരു പരിമിതകളും ഇല്ലാതെ നിങ്ങളെ ചേർത്ത് നിർത്താനാകും എന്നത്….. മനസിലാക്കി കൂടെ നിൽക്കാൻ ശ്രമിക്കുന്ന അവളോട് നിങ്ങൾ പറയുന്നു.. അവളെ പോലെ വേറെ കിട്ടുമെന്ന്… ”

“മതിയെടി…. ഇനി മതി…. നമുക്ക് ഇറങ്ങാം.. മോനെ….”ശ്രീദേവി കുഞ്ഞിനെ ദേവയാണിയുടെ കൈയ്യിൽ നിന്നും വാങ്ങി ഒരു മുത്തം കൊടുത്തു കൊണ്ട് ബെഡിൽ കിടത്താൻ ഒരുങ്ങി….

“അമ്മ എന്തിനാ കുഞ്ഞിനെ അവിടെ കിടത്തുന്നെ എടുത്തോ…. എന്റെ കുഞ്ഞല്ലേ അവൾ എന്റെ വീട്ടിൽ ആണ് വളരേണ്ടത്…”ഗൂഢമായ ചിരിയോടെ അവൻ പറഞ്ഞു….

“അയ്യോ.. മോനെ അങ്ങനെ ഒന്നും പറയാതെ പൊടി കുഞ്ഞാണ്….”മാലാതി ഇടയിൽ കയറി

“അമ്മയൊന്ന് മാറിക്കെ… നിങ്ങൾ ആരെയാ ഭീക്ഷണി പെടുത്തുന്നത്… നിങ്ങൾക്ക് മാത്രമായി ഒരു കുഞ്ഞോ അത് എങ്ങനെയാണാവോ….. നിങ്ങൾക്ക് വേറെ ഭാര്യയെ കിട്ടുമായിരിക്കാം പക്ഷേ എന്റെ മോളുടെ അമ്മ അത് ഞാൻ മാത്രമാണ്…

എന്റെ കുഞ്ഞിനെ കൊണ്ട് പോയാൽ നിങ്ങൾ വീട് എത്തും മുന്നെ അവളെ തിരിച്ചു എന്റെ കൈയ്യിൽ കൊണ്ട് തരും അതിനുള്ള വഴി എനിക്ക് അറിയാം…”ഒരു കുലുക്കവുമില്ലാതെ അവൾ പറഞ്ഞു…

ഉല്ലാസ് ഒരു നിമിഷം നിശബ്ദനായി പിന്നെ ഒന്നും മിണ്ടാതെ തോൽവി സമ്മതിച്ചവനെ പോലെ പുറത്തേക്ക് ഇറങ്ങി… പിറകെ കരഞ്ഞു പിഴിഞ്ഞ് കൊണ്ട് അമ്മയും വലിയമ്മയും….

പല്ലവിയുടെ അമ്മയും മറ്റും അവരുടെ പിറകെ മാപ്പപേക്ഷയും ആയി പോകുന്നുണ്ടായിരുന്നു… അച്ഛനും.. അനിയനും അവിടെ ഉണ്ടായിരുന്നില്ല….

പല്ലവി തളർച്ചയോടെ കുഞ്ഞിന്റെ അടുത്തേക്ക് ഇരുന്നു…. സ്വന്തം കുഞ്ഞാണ് ഭാര്യയാണ് എന്ന് പോലും ഓർക്കാതെ അന്ന് ഹോസ്പിറ്റലിൽ വെച്ച് തീരെ തരം താഴ്ന്ന രീതിയിൽ പെരുമായപ്പോളെ മനസ് കൊണ്ട് വെറുത്തതാണ് തന്റെ കഴുത്തിൽ താലി കെട്ടിയവനേയും അവന്റെ വീട്ട് കാരെയും…

എന്നിട്ടും ക്ഷേമിക്കാനും പൊറുക്കാനും മനസ്സ് പാകപെടുത്തുകയായിരുന്നു പക്ഷേ ഇന്നത്തെ അവരുടെ പെരുമാറ്റം കൂടി ആയപ്പോൾ… സ്വന്തമായി നിലപാടില്ലാത്ത ഒരാളെ… തന്നെ ഒരു മനുഷ്യനായി പോലും പരിഗണിക്കാത്ത ആ വീട്ടിലേക്ക് ഇനി വേണ്ട…അവൾ ബെഡിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി

എല്ലാവരും കൈ മാറി എടുത്തതിന്റെ ക്ഷീണം കൊണ്ടോ മറ്റോ നടന്നത് ഒന്നും അറിയാതെ കുഞ്ഞ് ശാന്തമായി ഉറങ്ങുകയായിരുന്നു…..

പിന്നീട് അനുരഞ്ജന ചർച്ചയും മറ്റുമായി രണ്ട് കുടുംബങ്ങളും ഒരുപാട് തവണ ഒരുമിച്ചിരുന്നു…തന്റെ അമ്മയോട് മാപ്പ് പറയണം എന്ന നിലപാട് ഉല്ലാസ് എടുത്തത്തോടെ ഈ ബന്ധം തനിക്കിനി വേണ്ട എന്ന നിലപാടിൽ പല്ലവി ഉറച്ചു തന്നെ നിന്നു……

ഇന്നലെ ആയിരുന്നു ആ ദിവസം ഉല്ലാസുമായുള്ള എല്ലാ ബന്ധവും ലീഗലി ഇന്നലെ കൊണ്ട് അവസാനിച്ചു…. അതിന്റെ ദേഷ്യവും അമർഷവും ആണ് അമ്മ രാവിലെ അവളോട് കാട്ടിയത്…..

വൈകിട്ടോടെ വീട്ടിൽ എത്തുമ്പോൾ പോകുമ്പോൾ ഉള്ളപോലെ അമ്മയും അച്ഛനും അനിയനും ഹാളിൽ ഉണ്ടായിരുന്നു…..

പവിയുടെ കൈയ്യിൽ ഇരിക്കുകയായിരുന്ന മോൾ അവളെ കണ്ടപ്പോളേക്കും കാക്കി ശബ്ദം ഉണ്ടാക്കാനും കരയാനും തുടങ്ങി…

“അമ്മ ഇപ്പോൾ വരാട്ടോ… ” അവൾ കൈയ്യിൽ ഇരുന്നതൊക്കെ അവിടെ വെച്ചിട്ട് വേഗം ബാത്‌റൂമിലേക്ക് കയറി…

കൈയ്യും മുഖവും കഴുകി.. കെട്ടി നിൽക്കുന്ന പാൽ പിഴിഞ്ഞ് കളഞ്ഞതിന് ശേഷം തോളിൽ ഒരു ടൗവ്വൽ എടുത്തിട്ട് കൊണ്ട് അവൾ അവിടേക്ക് വന്നു…

കുഞ്ഞിനെ അവന്റെ കൈയ്യിൽ നിന്ന് വാങ്ങി സെറ്റിയിൽ ഇരുന്ന് പല്ലവി കുഞ്ഞിന് പാലു കൊടുത്തു…

“നീ എവിടെ പോയതാ വിളിച്ചപ്പോളും ഒന്നും പറഞ്ഞില്ല…”പവിതിരക്കി…

“എടാ… ലക്ഷ്മിയുടെ ഓഫീസിൽ എനിക്ക് ഒരു ജോലി അവൾ ശരിയാക്കിയിട്ടുണ്ട് അതിന്റെ ഇന്റർവ്യൂവിന് ആയിട്ട് പോയതാ ഓക്കേ ആയി… അടുത്ത മാസം ജോയിൻ ചെയ്യണം…”അവൾ ചിരിയോടെ എല്ലാവരോടും ആയി പറഞ്ഞു….

“എന്തേ മോളെ അച്ഛൻ എന്റെ കുഞ്ഞിനെ കൈ വിട്ട് കളയും എന്ന് തോന്നിയോ…. എന്താ എങ്ങനെയാ എന്നറിയാതെ അച്ഛൻ ഒന്ന് പകച്ചു എന്നത് സത്യമാണ് പക്ഷേ….”അച്ഛൻ അനുകമ്പയോടെ അവളെ നോക്കി

“എടി… നീ.. അപ്പോൾ കുഞ്ഞ്…”പവിക്ക് എന്തു കൊണ്ടോ കുറ്റബോധം തോന്നി

“അതൊക്കെ അമ്മ നോക്കി കൊള്ളും… എല്ലേ അമ്മേ….”അവൾ അമ്മയെ നോക്കി അമ്മയുടെ മുഖത്തേ കാർമേഘം അപ്പോളും ഒഴിഞ്ഞിരുന്നില്ല….

“അമ്മയ്ക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന് അറിയാം അമ്മ പറഞ്ഞില്ലേ ഉള്ളത് ഒരു പെൺ കുഞ്ഞാണ് എന്ന്… അത് കൊണ്ട് കൂടി ആണമ്മേ ഞാൻ ഈ തീരുമാനം എടുത്തെ… അന്മാഭിമാനം നഷ്ട്ടപെട്ട ഒരമ്മയുടെ.. എന്നും അടിച്ചു താഴ്ത്തപ്പെട്ട്.. പരസ്പരം കലഹിച്ചു കഴിയുന്ന മാതാപിതാക്കളുടെ ഇടയിൽ വളരുന്നതിനേക്കാൾ എത്രയോ ഭേദം ആണിത്….”അവൾ അമ്മയുടെ കൈയ്യിൽ പിടിച്ചു…

“ഭൂമിയോളം ക്ഷമിച്ചു ഇനി ആകില്ലമ്മേ ഒന്ന് മനസിലാക്കു…. എനിക്ക് നിങ്ങളുടെ സപ്പോർട്ട് ഇല്ലാതെ പറ്റില്ല ഒന്നിനും….”അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“മോളെ…”അവരുടെ ഉള്ളം പിടച്ചു ശബ്ദം വിറച്ചു…

“ഉണ്ടാകും നീ തന്നെയാ ശരി…. വീട്ട്കാരുടെ സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് ജീവൻ പൊലിഞ്ഞ ഒരുപാട് പേരുടെ കൂട്ടത്തിൽ എന്റെ പെങ്ങൾ ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല…..”പവി അവളുടെ അടുത്തേക്ക് വന്നിരുന്നു…

“അത് മതി…. കൂടെയുണ്ടായാൽ മതി…. പിന്നെ അമ്മേ ഇവന്റെ കാര്യത്തിൽ പേടിക്കേണ്ട ഇവന്റെ പെണ്ണ് വരും മുന്നെ ഞാൻ ഒരു വാടക വീട് എടുത്തോ മറ്റോ അങ്ങ് മാറാം… ഈ ജോലി മാത്രം അല്ലന്നേ…

തയ്യലൊക്കെ ഞാൻ പടിച്ചത് വെറുതെയാണോ …. ജീവിക്കാൻ മാന്യമായ ഒരുപാട് വഴികൾ ഉണ്ടമ്മേ ഇങ്ങനെ കൂടെ നിൽക്കാൻ ആരേലും ഉണ്ടേൽ….”അവൾ കണ്ണുകൾ തുടച്ച് നിറ പുഞ്ചിരിയോടെ പറഞ്ഞു…..

ആ കണ്ണുകളിൽ വല്ലാത്തൊരു ആന്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *