അവൾക്ക് മാത്രം ഇടം കൊടുത്ത എന്റെ ജീവിതത്തിലേക്ക് അമ്മയുടെ നിർബന്ധ പ്രകാരം, ഇടിച്ചു കയറി വന്നവളായി നിന്നെ ഞാൻ കണ്ടുപോയി. ദ്രോഹിച്ചു, എന്റെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു.

ആത്മാവിൻ ആഴങ്ങളിൽ
(രചന: അഖില അഖി)

“”ഈ വയറ്റിലൊരു ജീവന്റെ തുടിപ്പ് അറിയുന്ന നിമിഷമെങ്കിലും നീയെന്നെ സ്നേഹിക്കില്ലേ പെണ്ണേ?….””

വിദ്യുതിന്റെ വേദന നിറഞ്ഞ ചോദ്യത്തിന് മറുപടി നൽകാനാവാതെ അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി.

“”അറിയാം, നിന്നോടെന്നല്ല.. ഒരു പെണ്ണിനോടും ചെയ്യാൻ പാടാത്ത തെറ്റാ ഞാൻ ചെയ്തു പോയത്.
പണത്തിന്റെയും തന്നിഷ്ടത്തിന്റെയും ഇംഗിതങ്ങൾക്കനുസരിച്ച് എന്തൊക്കെയോ കാട്ടി കൂട്ടി.

തെറ്റേത് ശെരിയേത് എന്നൊന്നും പറഞ്ഞു തന്ന് തിരുത്താൻ ആരും ഇല്ലാത്തതിന്റെ അഹങ്കാരം. മ ദ്യം, സി ഗരറ്റ് എല്ലാറ്റിനും ഉപരി ചൈത്രയോടുള്ള എന്റെ പ്രണയം, ഒക്കെ കൂടി എന്നെ ഭ്രാന്തനാക്കി.

അവൾക്ക് മാത്രം ഇടം കൊടുത്ത എന്റെ ജീവിതത്തിലേക്ക് അമ്മയുടെ നിർബന്ധ പ്രകാരം, ഇടിച്ചു കയറി വന്നവളായി നിന്നെ ഞാൻ കണ്ടുപോയി.

ദ്രോഹിച്ചു, എന്റെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു. എങ്ങനെ ഞാൻ നിന്നോടങ്ങനെയൊക്കെ പെരുമാറി എന്നു ചോദിച്ചാൽ, ഇപ്പോഴും അറിയില്ല.

ചൈത്രയെ വിധി എന്നിൽ നിന്നകറ്റിയിട്ടും ഒരു താലിയുടെ ബലം പോലുമില്ലാതെ, എന്റെ പാതി അവളായിരുന്നു. എന്റെ ചൈത്രയെ എന്നിൽ നിന്നും അകറ്റാൻ വന്നവളാണ് നീയെന്ന തോന്നൽ…

നിന്നെ എന്നിലേക്ക് അടിച്ചേൽപ്പിക്കും പോലെ നടന്ന വിവാഹം, ഒന്നും എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.

നിന്നോട് ആദ്യമേ പറഞ്ഞിട്ടും ഈ വിവാഹത്തിൽ നിന്നും പിന്മാറാതെ വീണ്ടും എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ വന്നൊരുവൾ, ചൈത്രയുടെ സ്ഥാനം നീ പിടിച്ചടക്കുമോ?….

അവളുടെ ഓർമകൾ പോലും നീയെന്നിൽ നിന്നും പിഴുതെറിയുമോ?….
എന്നെല്ലാമുള്ള ഭയം എന്റെ മനോനില തെറ്റിച്ചു..

അറിയാം.. ഏറ്റുപറച്ചിലൊന്നും നമ്മുടെ കാര്യത്തിൽ സ്വീകാര്യമല്ലെന്ന്..

പക്ഷെ.. ഞാനിപ്പോൾ നിന്നെ പ്രണയിക്കുന്നു വരുണി.. ഒരുപാട്… ഒരുപാട്.. സ്നേഹിക്കുന്നു.””

തിരിച്ചൊരു നോട്ടം കൊണ്ടു പോലും അവൾ കടാക്ഷിക്കില്ലെന്നറിഞ്ഞിട്ടും ഏറെ നേരം അവനാ നിൽപ്പ് തുടർന്നു.
പിന്നെ മുറിക്ക് പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി.

വാതിൽ അടയുന്ന ശബ്ദം കേട്ടതും വരുണി കണ്ണുകൾ തുറന്നു. ബെഡിലേക്ക് നിവർന്നു കിടന്നു..

“ഒരു വർഷം… ഒരുവർഷം… അവന്റെ ഭാര്യാ പദവി എല്ലാർവർക്കും മുന്നിൽ നിറഞ്ഞാടി.

ഇത്ര കാലം അവന്റെ ഇഷ്ടത്തിന് ഒരു പാവക്ക് സമമായി ജീവിച്ചു. താൻ വിദ്യുതിന്റെ ഭാര്യയാണെന്ന് അയാൾ ഒരിക്കലെങ്കിലും ഓർത്തിരുന്നോ?… തന്റെ മനസ്സറിയാനെങ്കിലും ഒന്ന് ശ്രെമിച്ചിരുന്നോ?…

വന്ന ദിവസം മുതൽ അവന്റെ ഭ്രാന്തൊക്കെ അനുഭവിച്ചിട്ടല്ലേ ഉള്ളു..

ആത്മാഭിമാനം വൃണപ്പെട്ട വരുണി ഇന്ന് ശവത്തിന് തുല്യമാണ്.”

നിലവിളക്കുമായി ആ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തുമ്പോൾ തനിക്കുനേരെ കത്തുന്ന നോട്ടമെറിഞ്ഞു പോകുന്നവനെ നോക്കി നിൽക്കാൻ പോലുമുള്ള ധൈര്യം ഉണ്ടായിരുന്നില്ല. വല്ലാത്ത പേടി തോന്നി അവനോട്.

താൻ സ്വയം തിരഞ്ഞെടുത്ത വിധി. അപ്പോൾ അനുഭവിക്കാൻ ബാധ്യസ്ഥയാണ്. ഭയം തോന്നി അവന്റെ അടുത്തേക്ക് പോകാൻ.

ഒടുവിൽ മടിച്ചു മടിച്ചു മുകളിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു.
വിറയാർന്ന കൈകളോടെ വാതിലിന്റെ ഹാൻഡിൽ അമർത്തുമ്പോൾ ശ്വാസം അടക്കി പിടിച്ചു.

അവനെ അവിടെയെങ്ങും കാണാത്തത് വലിയൊരു ആശ്വാസമായിരുന്നു..
എന്നാൽ, വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണ് അതെന്ന് അറിഞ്ഞില്ല.

വേഗം ഫ്രഷായി താഴേക്ക് ചെല്ലുമ്പോൾ കണ്ണുകൾ അവനെ തേടിയെങ്കിലും, കണ്ടില്ല.

“അവനിവിടെ ഇല്ല മോളെ.. കുറച്ചു കഴിഞ്ഞു വരും കേട്ടോ. റിസപ്ഷൻ വേറെ ദിവസമായതു കൊണ്ടാണ് അധികം ആരെയും ക്ഷണിക്കാത്തത് തന്നെ.

ആർഭാടം വേണ്ടാന്ന് പറഞ്ഞു അവൻ വാശി പിടിച്ചു.. നമുക്ക് റിസപ്ഷൻ ഗംഭീരം ആക്കണം.

പിന്നെ, അവന്റെ മുൻകോപവും എടുത്തു ചാട്ടവും ഒഴിച്ചാൽ ആളൊരു പാവമാണ്. മോൾക്ക് പൊരുത്തപ്പെടാൻ സമയം എടുക്കും. എന്നാലും എന്റെ മോന്റെ കൂടെ ജീവിതാവസാനം വരെ നീ ഉണ്ടാകണം.”

അമ്മയുടെ വാക്കുകൾക്ക് നേർത്ത ചിരിയോടെ നിന്നെങ്കിലും,

“അവന്റെ ദേഷ്യം താങ്ങാൻ ഉള്ള ശേഷി തനിക്ക് ഉണ്ടാകുമോ?..”

ആ ഒരു ചോദ്യം ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അമ്മയുമായി സംസാരിച്ചിരുന്നു നേരം കഴിച്ചു കൂട്ടി.

നേരം ഒരുപാട് ആയെങ്കിലും അവന്റെ വരവുണ്ടായില്ല. നേരത്തെ ഇത് പ്രതീക്ഷിച്ചത് കൊണ്ട് തന്നെ വരുണിയ്ക്ക് വിഷമം തോന്നിയില്ല.

കുറച്ച് കഴിഞ്ഞ് രണ്ടുപേരും ഭക്ഷണം കഴിച്ചു ഏഴുന്നേറ്റു.

“അവന്റെ ഈ സ്വഭാവം കാരണം നമ്മൾ രണ്ടുപേരും മാത്രമായി. ആരും ഇവിടെ വരുന്നതോ നിൽക്കുന്നതോ ഒന്നും അവിനിഷ്ടമല്ല..

മക്കള് തന്നോളം പോന്നാൽ താനെന്നു വിളിക്കും എന്നല്ലേ, അവന്റെ അച്ഛൻ പോയതിന് ശേഷം എനിക്കവനെ നന്നായി നോക്കാൻ കഴിഞ്ഞില്ല. അതിന്റെ എല്ലാ ദൂഷ്യവും അവനുണ്ട്.”

അവരുടെ സംസാരം.. തന്നോടുള്ള സ്നേഹം.. എല്ലാറ്റിനും ഉപരി അമ്മ എന്നുള്ള സ്ഥാനം.. എല്ലാം തന്റെ ഉള്ളിലെ അപകർഷതയെ ഇല്ലാതാക്കി.

സ്വന്തമെന്നു പറയാൻ ആരൊക്കെയോ ഉണ്ടായതിന്റെ സന്തോഷം.. വിഷാദം നിറഞ്ഞ മുഖത്ത് പുഞ്ചിരി വിടർന്നു.

“ചൈത്ര” അവൻ കല്യാണം കഴിക്കാൻ ഇരുന്ന കുട്ടിയാ, പക്ഷെ അവളുടെ വേർപാട് അവനെ ഒരുപാട് ബാധിച്ചു. അത്രമാത്രം അവൻ അവളെ സ്നേഹിച്ചിരുന്നു.. പക്ഷെ അവൾ ഈ ലോകം തന്നെ വിട്ടുപോയി.

കാൻസർ ആയിരുന്നു. അറിഞ്ഞപ്പോ ഒരുപാട് വൈകി. എന്നിട്ടും അവന്റെ വാശിയിൽ അവളെ കല്യാണം കഴിക്കാൻ തന്നെ തീരുമാനിച്ചു.

അവൾ സമ്മതിച്ചില്ലെങ്കിൽ പോലും, അവന്റെ ഭ്രാന്തമായ ഇഷ്ടം കൊണ്ട് എന്തൊക്കെ കാട്ടിക്കൂട്ടിയതെന്ന് എനിക്കിപ്പോഴും ഓർക്കാൻ വയ്യാ.
അവന്റെ ആഗ്രഹം നടക്കുന്നതിന് മുന്നേ അവള് പോയി… ”

അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അപ്പോൾ തന്നെ അവരെ സമാധാനിപ്പിക്കും പോലെ അവളുടെ കൈകൾ അവരുടെ കൈകൾക്ക് മുകളിൽ അമർത്തി പിടിച്ചു.
അവർ അവളെ ഒന്ന് പുണർന്നു.

നെറ്റിയിൽ മൃതുവായി ഒന്ന് ചുംബിച്ച ശേഷം അവരുടെ മുറിയിലേക്ക് പോയി.
പിന്നെ, ആരുമില്ലാത്ത ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ പേടി തോന്നി വരുണി മുകളിലേക്ക് തന്നെ പോവാൻ തീരുമാനിച്ചു.

ആദ്യരാത്രിയിൽ ആലിലപോലെ വിറച്ചു കൊണ്ട് ഇടറിയ ചുവടുമായ് അവന്റെ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ളിൽ തെളിഞ്ഞത് തന്നെ ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യവുമായി കഴുത്തിൽ താലിമുറുക്കിയവനെയാണ്.

കട്ടിലിൽ ഒരു വശത്തായി ഇരിക്കുമ്പോൾ, അനാഥയായ ആർക്കും വേണ്ടാത്ത ജീവിതം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി തോന്നി.

വളർത്തി വലുതാക്കിയവരുടെ നിർബന്ധവും ആരോടെല്ലാമോ ഉള്ള കടപ്പാടിന്റെ പേരിലും ബലി നൽകേണ്ടി വന്നത് തന്റെ ജീവിതം. ഓരോന്ന് ഓർത്തു കൊണ്ട് ക്ഷീണം തലോടിയപ്പോൾ മിഴികൾ മെല്ലെയടഞ്ഞു.

ഏറെ നേരം കഴിഞ്ഞതും, ശരീരത്തിലെന്തോ ഇഴയുന്നതുപോലെ തോന്നിയതും ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.

ശബ്ദമുയർത്താൽ തുടങ്ങും മുൻപേ ആ കൈകൾ വായ അമർത്തി പിടിച്ചിരുന്നു. പിടഞ്ഞു കൊണ്ട്, ദേഹത്തമരുന്നവനെ തള്ളി മാറ്റാൻ ശ്രെമിച്ചെങ്കിലും അതെല്ലാം വിഫലമായി.

“”എന്താടി, ഞാനൊന്ന് തൊട്ടപ്പോഴേക്കും പൊള്ളിയോ?… ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് മറന്നു പോയോടി?…””

മ ദ്യത്തിന്റെ രൂക്ഷഗന്ധവും, കാ മം നിറഞ്ഞ കണ്ണുകളുമായി തന്നെ സമീപിക്കുന്നവനെ നോക്കി വേദനയോടെ കണ്ണു നിറച്ചു.

വിറച്ചു കൊണ്ടവൾ അവനുനേരെ കൈകൾ കൂപ്പി. അതിൽ യാചനയുടെ ഭാഷയുണ്ടായിരുന്നു.

“”എന്താടി, നിന്റെ വീറും വാശിയും പോയോ?..””

അവളുടെ വായമൂടി വെച്ച കൈയെടുത്തു മാറ്റി കൊണ്ടവൻ ചീറി.

“എന്നെ.. ഒന്നും ചെയ്യല്ലേ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..”.

അവളുടെ സംസാരം ഉയർന്ന നിമിഷം തന്നെ ആ അധരങ്ങൾ അവളുടെ അധരങ്ങളുമായി കൊരുത്തിരുന്നു.
ശ്വാസം കിട്ടാതെ കണ്ണു മിഴിഞ്ഞു പോയപ്പോഴും അവളുടെ പിടച്ചിലുകൾ അവൻ ആസ്വദിക്കുകയായിരുന്നു.

വായിൽ ഇരുമ്പ് ചവർപ്പ് അറിഞ്ഞിട്ടും ചോര കിനിഞ്ഞിട്ടും അവൻ അവന്റെ പ്രവർത്തി തുടർന്നു കൊണ്ടിരുന്നു. ഒടുവിൽ അവളുടെ ബോധം മറയുമെന്നായപ്പോൾ അവൻ പിന്മാറി, നെഞ്ചിൽ കൈവെച്ചു ആഞ്ഞു ശ്വാസം വലിക്കുന്നവളെ പുച്ഛത്തോടെ നോക്കി.

അടുത്ത നിമിഷം തന്നെ അവൻ അവളെ വരിഞ്ഞു മുറുക്കിയിരുന്നു. എല്ലു നുറുങ്ങുന്ന വേദനയിൽ അവളവന്റെ കൈയിലും തോളിലും അമർത്തി പിടിച്ചു.

വീണ്ടും അവനിലേക്ക് അടുപ്പിച്ച് മ ദ്യം കലർന്ന ഗന്ധം അവളിലേക്ക് പകരുമ്പോൾ തനി ചെകുത്താനായി മാറിയിരുന്നു അവൻ.

അവളുടെ ഇരുകൈകളും അവനെ പ്രതിരോധിക്കാൻ ഉയർന്നെങ്കിലും അവനതിനെ തടഞ്ഞു വെച്ചു.
ഭ്രാന്തമായ ആവേശത്തോടെ അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറുമ്പോൾ ദുർബലയായിരുന്നു അവൾ.

വേദന നൽകി കൊണ്ട് അവന്റെ ദന്തങ്ങളും നഖങ്ങളും ശരീരമാകെ മുറിവേൽപ്പിക്കുമ്പോൾ തളർച്ചയോടെ തോൽവി സമ്മതിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.

തോറ്റുപോയെന്ന് തോന്നിയ നിമിഷം, മരിക്കാൻ തോന്നിയ നിമിഷം, അവന്റെ ഭ്രാന്തിന് അടിമപ്പെടേണ്ടി വന്ന നിമിഷം, കണ്ണുകൾ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു.

അവസാനം, വേദന മാത്രം നൽകി കൊണ്ടവൻ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവളൊന്നു ഉയർന്നു പൊങ്ങി.

ചുണ്ടുകൾ കടിച്ചു പിടിച്ചു പിടഞ്ഞു പോയി. നിശബ്ദമായുള്ള അവളുടെ തേങ്ങൽ അവനിൽ ആവേശം നിറച്ചു.

അവന്റെ ഭ്രാന്തിന്റെ മൂർധന്യാവസ്ഥയിൽ നഖങ്ങൾ കൊണ്ടവനെ മുറിവേൽപ്പിച്ചു.
അതേ നിമിഷം അവൻ വന്യമായി വീണ്ടും അവളെ നോവിച്ചു കൊണ്ടിരുന്നു.

അവന്റെ ബലിഷ്ടമായ ശരീരത്തിനു
താഴെ അവൾ ഞെരിഞ്ഞമർന്നു.
അവളുടെ തേങ്ങലുകൾ ആ നാലു ചുവരുകളിൽ തട്ടി പരിണമിച്ചു. ആ മഹാപ്രളയം താങ്ങാനാവാതെ അവൾ അബോധാവസ്ഥയിലേക്ക് വീണിരുന്നു.

വിജയി ഭാവത്തിൽ അവൻ അവളിൽ നിന്നും അടർന്നു മാറി. അരികിലായ് വാടി തളർന്നു കിടക്കുന്നവളെ നോക്കി പുച്ഛിച്ചു കൊണ്ട് ന ഗ്നമായ ദേഹത്തേക്ക് പുതപ്പ് എടുത്തെറിഞ്ഞ് നിദ്രയിലേക്ക് കൂപ്പുകുത്തി.

നേരം പുലർന്നു തുടങ്ങുമ്പോഴേക്കും അവനുണർന്നിരുന്നു. പകയോടെ കണ്ണിലെരിഞ്ഞ പ്രതികാരാഗ്നി അവനിൽ ആളി പടർന്നു.

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അടുത്തുള്ള ടേബിളിൽ നിന്ന് സി ഗരറ്റ് കയ്യിലെടുത്തു. അത് ആഞ്ഞു വച്ച് ദേഷ്യം മുഴുവൻ തീർത്തു.

അവസാന പഫും കഴിഞ്ഞ് കയ്യിലിരുന്ന് എരിയുന്ന ചുവപ്പിലേക്ക് നോക്കി നിന്നു. അപ്പോൾ അതേ ചുവപ്പിന് സമം ആയിരുന്നു അവന്റെ കണ്ണുകളും.

ഏഴുന്നേറ്റ് ബാൽക്കണിയിലെ ഗ്ലാസ് ഡോർ തുറന്നു. പുലർന്നു വരുന്ന പ്രഭാതം നോക്കി മനസിലെ താപം ശമിപ്പിക്കാൻ ശ്രമിച്ചു.

ദീർഘമായി നിശ്വസിച്ചു കൊണ്ട്, പെട്ടെന്നെന്തോ ഓർത്ത് തിരികെ മുറിയിലേക്ക് നടന്നു.

അവനെത്തുമ്പോഴേക്കും അവളും ഉണർന്നിരുന്നു. ക്ഷീണം ബാധിച്ച മുഖവും കരഞ്ഞു കലങ്ങിയ മിഴികളുമായി കട്ടിലിൽ ഇരിക്കുന്നവളെ കണ്ടതും യാതൊരു ഭാവമാറ്റവും അവനിൽ ഉണ്ടായിരുന്നില്ല.

അവൾക്ക് അടുത്തേക്ക് നടന്നു വരുന്നവനെ കണ്ടതും പേടിയോടെ മിഴികൾ പൂട്ടി ചുവരിന് അടുത്തേക്ക് ചുരുണ്ടു നീങ്ങി.

അവന്റെ മുഖം പോലും ഇനി കാണാൻ താൽപ്പര്യമില്ലാതെ കാൽമുട്ടിനുമീതെ മുഖം പൂഴ്ത്തി. അവളുടെ ആ പ്രവർത്തിയിൽ മുരണ്ടു കൊണ്ട് പാഞ്ഞുവന്നവൻ മുടി കുത്തി പിടിച്ചു വലിച്ചു.

വേദന കൊണ്ട് നിറഞ്ഞു തുളുമ്പിയ മിഴികളാൽ അവൾ അവനെ നോക്കി.. യാചനയോടെ. അപ്പോൾ തന്നെ അവളെ ഊക്കോടെ കിടക്കയിലേക്ക് പിടിച്ചു തള്ളിയിരുന്നു.

“”ഇനിയും അനുഭവിക്കണം നീ… ഞാൻ തുടങ്ങിയിട്ടേ ഉള്ളു… അപ്പോഴേക്കും നീയിങ്ങനെ തളർന്നു പോകാതെ.””

അത്രയും പറഞ്ഞു കൊണ്ട് ക്രോധം നിറഞ്ഞു വലിഞ്ഞു മുറുകിയ മുഖവുമായി പുറത്തേക്ക് പോകുന്നവനെ നോക്കി, തന്റെ നശിച്ച ജന്മം ഓർത്ത് സ്വയം പഴിച്ചു. ഒരേ സമയം സങ്കടവും ദേഷ്യവും തോന്നി പോയി.

ആരുമില്ലാത്ത അനാഥ ജന്മം, ഒരിക്കൽ പോലും സന്തോഷം എന്തെന്ന് അറിയാത്തവൾ…

ഓർമകളിൽ നിന്ന് തിരികെ എത്തുമ്പോൾ.. അവൻ നൽകിയ, കറുത്ത നിറം പടർന്ന ഭയം കുമിഞ്ഞു കൂടിയ രാത്രികൾ മുന്നിലേക്ക് കടന്നു വന്നു.

മറക്കാൻ കഴിയാതെ, ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട, തുടർന്നു അവന്റെ കൂടെ ജീവിച്ചു തീർത്ത ശവത്തിന് തുല്യമായ ജീവിതം….

വീണ്ടും നിറയുന്നമിഴികളെ തുടച്ചു മാറ്റുമ്പോഴും വിദ്യുതിന്റെ ഇപ്പോഴത്തെ മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.

വരുണി…….

അവന്റെ ഉള്ളം മുഴുവൻ അവൾക്ക് ചുറ്റും പാറി പറന്നു.പൂ പോലൊരു പെണ്ണ്, എന്തിനായിരുന്നു അതിനോട് ഈ ക്രൂരത. നീചൻ ആണ് താൻ.. ഉള്ളിലിരുന്ന് ആരോ പറയും പോലെ.

“”സത്യമല്ലേ അത്?…””

അമ്മയുടെ ചോദ്യമാണ് തന്നിലെ മൃഗത്തിന്റെ ക്രൂരത എത്രത്തോളമാണെന്ന് മനസിലാക്കി തന്നത്. അമ്മയുടെ വാക്കുകൾ ഓരോന്നും തന്നിൽ തറയ്ക്കുന്ന മുള്ളുകളായിയിരുന്നു.

“വിച്ചു.. നീ അവളെ നിന്റെ ഭാര്യയായി കണ്ടില്ലേലും അടിമയാക്കി കാണാതെ ഇരുന്നാൽ മതി…. ഇന്നേവരെ അവളെ ഒന്ന് ശബ്ദമുയർത്തി പോലും നീ കണ്ടിട്ടുണ്ടോ?..

ഒരു പരാതിയോ പരിഭവമോ അവളിൽ നിന്നുണ്ടായിട്ടുണ്ടോ?.. എന്നോ മരിച്ചുപോയവൾക്ക് വേണ്ടി സ്വന്തം ഭാര്യയെ അവഗണിക്കുന്ന, ദ്രോഹിക്കുന്ന നീയൊക്കെ ഒരു മനുഷ്യനാണോ?..

അവൾക്ക് വേദനിച്ചാൽ നിനക്കൊന്നും ഇല്ല. പക്ഷെ ഭൂമിയിൽ ഇല്ലാത്തവൾക്ക് വേണ്ടി ഓരോന്ന് ചെയ്തു കൂട്ടി എന്റെ മോൻ ഭ്രാന്തനായത് ഞാൻ അറിഞ്ഞില്ല.
തെറ്റ് എന്റേതാണ്. ഞാൻ കാരണമാണ് വരുണി ഈ നരകത്തിലേക്ക് കാലെടുത്തു വെച്ചത്.

പാപിയാണ് ഞാൻ, സ്വന്തം മകനെ നന്നാക്കാൻ മറ്റൊരു പെൺകുട്ടിയെ കരുവാക്കി. എന്റെ നിർബന്ധം.. പിടിവാശി.. ഇതെല്ലാം കാരണം ഒരു പാവം പെണ്ണിന്റെ ജീവിതമാണ് തകർന്നടിഞ്ഞത്….

വരുണിയുടെ സ്ഥാനത്ത് ചൈത്ര ആയിരുന്നെങ്കിൽ നീയവളെ ഒന്ന് നുള്ളി നോവിക്കുമെങ്കിലും ചെയ്യുമായിരുന്നോ?..

വരുണി അനാഥ, അല്ലെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ ആയതുകൊണ്ടല്ലേ നീ ഈ കാട്ടിക്കൂട്ടിയതെല്ലാം?..”

അവരൊന്ന് നിർത്തി, അവന്റെ മുഖ ഭാവം നോക്കി.

“നീയിപ്പോൾ വിചാരിക്കുന്നുണ്ടാവും ഞാനിതെല്ലാം എങ്ങനെ അറിഞ്ഞുവെന്ന്?.. മുറിക്ക് പുറത്തേക്ക് നിന്റെ ഒച്ചയുയർന്നപ്പോൾ വരുണിയെ തേടി എത്തിയ ഞാൻ യാദൃച്ഛികമായി കേട്ടതാ എല്ലാം. ”

ദേഷ്യം സ്പുരിക്കുന്ന ഭാവത്തോടെ അവർ പറഞ്ഞു നിർത്തുമ്പോൾ അവന്റെ തല താഴ്ന്നിരുന്നു.

തന്റെ മനസിനെയിപ്പോൾ ചൈത്രയുടെ ഓർമകൾ ഭരിക്കുന്നില്ല. അവളോടുള്ള ഭ്രാന്തമായ പ്രണയം ഇപ്പോൾ ഇല്ല. എങ്കിലും അവളുടെ ഓർമകൾ തന്നെ വിട്ടു പോയിട്ടില്ല.

പക്ഷെ… ചൈത്രയെ കുറിച്ചിപ്പോൾ അധികം ഓർക്കാറില്ല. അവളെ കുറിച്ചോർക്കുമ്പോഴും പതിൻമടങ്ങ് ശക്തിയോടെ വരുണിയുടെ മുഖം മാത്രം തെളിയുന്നു….

അതെന്തുകൊണ്ട്?….

“പ്രണയിച്ചു തുടങ്ങിയോ?….
ഇഷ്ടപ്പെട്ടു തുടങ്ങിയോ?….
അതോ സഹതാപമാണോ അവളോട്?….”

ചൈത്രയേക്കാൾ മനസിപ്പോൾ വരുണിയിലാണ്.

“അറിയില്ല, തനിക്കെന്തെന്ന്?..
വരുണി…. എന്തിന് നീ എന്നിലേക്ക് വന്നു?.. നിന്നോട് ഒരു തരിമ്പ് പോലും കരുണ കാട്ടാത്ത എന്നോട് പൊറുക്കാൻ കഴിയുമോ?….”

വീണ്ടും വീണ്ടും ഇതേ ചോദ്യം അവൻ ആവർത്തിച്ചു കൊണ്ടിരുന്നു.
ആർത്തലച്ചു പെയ്യുന്ന തുലാമഴയും നോക്കി നിൽക്കുമ്പോൾ അവന് വരുണിയോടുള്ള കുറ്റബോധം ഉള്ളിൽ കുമിഞ്ഞു കൂടി.

മഴത്തുള്ളികളെ കയ്യിലെടുത്തു കൊണ്ട് മെല്ലെ മൊഴിഞ്ഞു..

“”വരുണി…… മഴയുടെ ദേവത””.

“നീയെന്നെ സ്നേഹിക്കില്ലേ വരുണി….”.

മഴയിലേക്ക് കണ്ണും നട്ട് വെറുതെ ചോദിച്ചു.

വരുണിയിലൂടെ അവൻ മനസിലാക്കുകയായിരുന്നു..

“”മനസിനേറ്റ മുറിവ് ഉണങ്ങാൻ പാടാണെന്ന്””.

ദിവസങ്ങൾ കടന്നു പോയി…

അതിനിടയിൽ അവന്റെ ആഗ്രഹം പോലെ അവൾക്കുള്ളിൽ അവന്റെ അംശം തളിരിട്ടു.

പക്ഷെ… വരുണിയിൽ ഒരു മാറ്റവും ഉണ്ടായില്ല. അവൾ പഴയപോലെ തന്നെ തുടർന്നു. അവനോട് സംസാരിക്കാൻ പോലും താല്പര്യമില്ലാത്ത വരുണി അവനുള്ളിൽ നിരാശ നിറച്ചു.

“”പറഞ്ഞ മതി നിങ്ങടെ ഇഷ്ടത്തിന് അനുസരിച്ച് നിന്നു തരാം.””

എന്നവൾ അവനുമുന്നിൽ തുറന്നടിച്ചു പറഞ്ഞപ്പോൾ അവന് പിന്നെ സംസാരം പോലും വിലക്കപ്പെട്ടു.

ദിവസങ്ങൾ കഴിയും തോറും അവൾ അകന്നു കൊണ്ടിരുന്നു.

“”നിങ്ങളിനി എന്തൊക്കെ നാടകങ്ങൾ ഇറക്കിയാലും മാറാൻ ശ്രെമിച്ചാലും എന്നോട് ചെയ്തതിനൊന്നും പൊറുത്തു തരാൻ എനിക്ക് കഴിയില്ല. പറഞ്ഞതോ പ്രവർത്തിച്ചതോ മറന്ന് നിങ്ങൾക്കൊപ്പം സ്നേഹിച്ച് കഴിയാൻ എനിക്കിനി സാധിക്കില്ല.

ഞാൻ മരിക്കും വരെ നിങ്ങളുടെ ഭാര്യ ആയിരിക്കും. പക്ഷെ എനിക്ക് ആദ്യം തന്ന സ്ഥാനം എങ്ങനെയാണോ അങ്ങനെ മതി ഇനി തുടർന്നും.

നിങ്ങൾക്ക് ഞാൻ ഒരു ശരീരം മാത്രമായിരുന്നു. അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ. വരുണി അന്നും ഇന്നും ഒന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷെ കേട്ടതും കിട്ടിയതും അനുഭവിച്ചതും ഒക്കെ പഴി മാത്രം.

നിങ്ങൾ കെട്ടിയ താലിയുടെ ബലം നിങ്ങൾക്ക് കാണിക്കാം. ഇത്ര നാളും അങ്ങനെ തന്നെ ആയിരുന്നല്ലോ. സ്നേഹിക്കാൻ ആരൊക്കെയോ ഉണ്ടെന്ന് തോന്നി പോയി എന്റെ പൊട്ട ബുദ്ധിക്ക്.. പക്ഷെ, ഇപ്പോൾ എനിക്കെല്ലാം ബോധ്യമാണ്.

എന്റെ ഉദരത്തിൽ വളരുന്നത് നിങ്ങളുടെ മാത്രം രക്തമല്ല. എന്റെയും കൂടിയാണ്. എന്റെ കുഞ്ഞിന്റെ അച്ഛനായി നിങ്ങൾക്ക് എന്നും സ്ഥാനമുണ്ടാകും..

പക്ഷെ, വരുണിയുടെ ഉള്ളിൽ നിങ്ങളൊരു കറുപ്പ് നിറഞ്ഞ അദ്ധ്യായമാണ്. ഓർക്കാൻ ആഗ്രഹിക്കാത്ത, ഒരുപാട് വേദനകൾ സമ്മാനിച്ച വ്യക്തിയുടെ അടഞ്ഞ അദ്ധ്യായം.

അങ്ങനെ ഒരാളെ എങ്ങനെ സ്നേഹിക്കും?… എന്നോട് ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റാണ്. ഏറ്റു പറഞ്ഞാലോ കരഞ്ഞാലോ തീരാത്തത്. അത് മറക്കാനോ ക്ഷമിക്കണോ ഈ വരുണിക്ക് ആവില്ല.

വരുണിയുടെ ഉള്ളിലെ പ്രണയം എന്നോ മരിച്ചു. കറുപ്പ് നിറഞ്ഞ ആ പ്രണയത്തെ ഞാൻ എന്റെ ഉള്ളിൽ തന്നെ കുഴി വെട്ടി മൂടി. ഒരിക്കലും തിരിച്ചു എടുക്കാൻ കഴിയാത്ത വിധം.

പൊറുക്കാൻ എനിക്ക് കഴിയില്ല..
എല്ലാം മറന്ന് പ്രണയിച്ചു ജീവിക്കാനും.. അങ്ങനെ ചെയ്താൽ എന്നിലെ പെണ്ണിനോട് ഞാൻ തന്നെ ചെയ്യുന്ന അനീതിയാണ്. എന്റെ മനസ് ഒരിക്കലും മാറില്ല. വരുണി ഇങ്ങനെയാണ്.

എന്റെ വയറ്റിൽ ജനിച്ച കുഞ്ഞിന്റെ പേരിൽ ഒക്കെ മറന്നു ക്ഷമിച്ചു കളയാൻ ഞാൻ ഭൂമിദേവിയല്ല.

സാധാരണക്കാരിയായ കേവലം ഒരു പെണ്ണാണ്. അതോണ്ട് നിങ്ങളോട് ക്ഷമിക്കാൻ ഈ ജന്മം എനിക്ക് കഴിയില്ല.””

അവൾ പറയുന്നതെല്ലാം കേൾക്കാൻ താൻ ബാധ്യസ്ഥനാണ്.. തെറ്റുകാരനാണ്.. മിണ്ടാതെ അവളെ കേട്ടു നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ ഇടക്കിടെ അവളുടെ ഉദരത്തെ തേടി പോയി.

“”ഒരിക്കലും അച്ഛന്റേതായ ഒരു അവകാശവും നിങ്ങളിൽ നിന്ന് ഞാൻ നിഷേധിക്കില്ല. എന്റെ കുഞ്ഞിന് അച്ഛന്റെ സ്നേഹം കിട്ടാതെ പോവരുത്. എന്നെപോലെ അതും ഒരു അനാഥ ജന്മമായ് മാറരുത് “”.

അവസാനത്തെ വാചകം പറയുമ്പോൾ അവളുടെ ശബ്ദം ഇടറി പോയി.

“”തോറ്റുപോയവളാ ഞാൻ.. ഇപ്പോഴും തോറ്റ് തന്നെയാ നിൽക്കുന്നെ.. നിങ്ങടെ എന്ത്‌ ഭ്രാന്തു ഇനിയും ആവാം..””.

പിന്നീടൊന്നും പറയാൻ കഴിയാതെ, അവളെ നേരിടാനാവാതെ അവൻ പുറത്തേക്ക് പോയി.

“”അമ്മയ്ക്ക് ഒരിക്കലും നിന്റെ അച്ഛനോട് ക്ഷമിക്കാൻ കഴിയില്ല വാവേ.. നിനക്ക് ഞങ്ങൾ രണ്ടുപേരും ഉണ്ടാകും എന്നും.””

പക്ഷെ, എല്ലാം മറന്ന് പെരുമാറാൻ, സ്നേഹിക്കാൻ എനിക്കാവില്ല. എന്റെ ആത്മാഭിമാനം അതിന് അനുവദിക്കുന്നില്ല. എന്തോ ഒന്ന് പുറകിലേക്ക് വലിക്കുന്നു.

ഇത്രയും ക്രൂരമായി തന്നോട് ചെയ്തതെല്ലാം എങ്ങനെ മറക്കാനാകും?….

തന്നിലെ പെണ്ണിനെ ചവിട്ടിയരച്ച അവനോട് ക്ഷമിക്കാൻ ഒരിക്കലും ആവില്ല.. അങ്ങനെ ചെയ്താൽ താൻ പെണ്ണ് എന്ന വാക്കിന് അർഹയല്ല.

പല രാത്രികളിലും, ഓർമകളുടെയും മനസിന്റെയും വിചാരണ നേരിട്ടിട്ടും വിധി കാത്ത് അവന്റെ മുമ്പിൽ കേണു നിന്നിട്ടില്ലേ?….

തന്റെ വാദം കേൾക്കാതെ അവധിക്കു വയ്ക്കും പോലെ പരിഹസിച്ചിട്ടില്ലേ?….
ഓരോ രാത്രികളിലും അവന്റെ തനിയാവർത്തനം സഹിച്ചു നിന്നിട്ടല്ലേയുള്ളു?….

എന്നിട്ടും…. അവൻ എന്തേ, കാണാതെ പോയ്‌…. എന്തേ, മനസിലാക്കാതെ പോയ്‌…. അപ്പോഴും സ്വയം കണ്ണടച്ച് ഇരുട്ടാക്കിയല്ലേ ഉള്ളു.

“എന്നിലെ തീയും, കനലും എന്നോ കെട്ടുപോയ്…. ഇനി ദേഹം വിട്ട് ദേഹി യാത്രയാകും വരെയുള്ള കാത്തിരിപ്പാണ്…. അതിനിനി, ജീവനില്ലാത്ത ഈ ആത്മാവിനുള്ളിൽ ശരീരത്തിൽ തങ്ങി നിൽക്കുന്ന ചൂട് മാത്രമാണ് ബാക്കി….”

ബലമായി തന്നിലെ പെണ്ണിനെ അറിഞ്ഞവനോടുള്ള അമർഷം നിലനിൽക്കുന്നിടത്തോളം കാലം തന്നിലെ പ്രണയത്തിനെന്നും കരിനിഴലായിരിക്കും.

പ്രണയത്തോടെ കടന്നു പോകേണ്ട നിമിഷങ്ങളെല്ലാം ക്രൂരതയോടെയും പ്രതികാരത്തോടെയും നിറഞ്ഞാടിയവനെ എങ്ങനെ സ്നേഹിക്കാൻ കഴിയും?….

എല്ലാം മറന്ന് വെറുമൊരു പെണ്ണാവാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
കുഞ്ഞിന്റെ പേരിൽ താൻ അവനോട് അടുക്കുമെന്ന വിശ്വാസം അവന്റെ സ്വാർത്ഥതയാണ്. ആ സ്വാർത്ഥതയിൽ വീണുരുകാൻ ഇനിയും ആഗ്രഹിക്കുന്നില്ല…

സാഹചര്യങ്ങളായിരുന്നു കടപ്പാടായി തീർന്നത്.. അതിന് നൽകേണ്ടി വന്നത് സ്വന്തം ജീവിതവും.

“”ചിലതെല്ലാം ഉള്ളിൽ തന്നെ ഇരിക്കട്ടെ… അടുക്കാൻ കഴിയാത്ത വിധം അകലാൻ…..””

അവളുടെ മനസിൽ അവനൊരിക്കലും സ്ഥാനമുണ്ടാകില്ല എന്നുറപ്പിച്ചപ്പോഴും അവളുടെ തിരിച്ചു വരവിനായി പിൻവിളിക്കായി മറുപുറത്തു അവനും കാത്തിരുന്നു.. വെറുതെയൊരു മോഹം മാത്രമാകും അതെന്നറിയാതെ…

“”ഓർത്തിരിക്കാൻ ഏറെ മുഖങ്ങളുണ്ടെങ്കിലും കാത്തിരിക്കാൻ നിൻ മുഖം മാത്രം….””

Leave a Reply

Your email address will not be published. Required fields are marked *