വാർമുകിൽ
(രചന: അഖില അഖി)
“”ദേവമംഗലത്തെ പെണ്ണിനെ എന്റെ മകന് ഇനി വേണ്ടാ….””
അച്ഛനോട് ഉറച്ച സ്വരത്തോടെ പറഞ്ഞു പടി കടന്നു പോകുന്നയാളെ നോക്കി നിൽക്കുമ്പോൾ മനസ് ശൂന്യമായിരുന്നു.
ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് ഉൾവലിഞ്ഞു.
മട്ടുപാവിലെ കാറ്റേറ്റ് മയക്കം കണ്ണുകളെ മൂടിയതും സാവധാനം മുറിയിലേക്ക് നടന്നു.
മേശമേൽ ഇരിക്കുന്ന ഫോൺ വൈബ്രെറ്റ് ചെയ്തതും അത് സ്വിച്ച് ഓഫ് ആക്കി ബെഡിന് ഓരം ചേർന്നു കിടന്നു. നിദ്ര വന്നു തഴുകിയതും കണ്ണുകൾ മെല്ലെ അടഞ്ഞു.
“സാവിത്രി….”
അകത്തേക്ക് നോക്കി ബലരാമൻ വിളിച്ചതും അകത്തു നിന്നും അമ്പത്തിനാലോട് അടുത്ത് പ്രായം വരുന്ന സ്ത്രീ ഉമ്മറത്തേക്ക് എത്തി.
“തുളസി.. മോളെവിടെ?..”
“മുറിയിൽ ഉണ്ടല്ലോ, എന്തേയ് വിളിക്കണോ അവളെ.”
“വേണ്ടാ ചോദിച്ചുന്ന് മാത്രം.. പാവം ന്റെ കുട്ടി. ഒരുപാട് ആശിച്ച ജീവിതാ ഇല്യാതെ ആയെ. നമുക്കെല്ലാർക്കും വേണ്ടിയാ അതിന്റെ ജീവിതം ഇങ്ങനെ തീരണെ “.
“ഈശ്വരൻ എന്തെങ്കിലും ഒരു വഴി കാണാതെ ഇരിക്കില്യ.”
“ഇന്നേവരെ ന്റെ കുട്ടിക്ക് പ്രശ്നങ്ങൾ ഒഴിഞ്ഞ നേരം ഇല്യാ. അവളൊരു പാവായോണ്ടാ. എല്ലാം സഹിക്കണേ.”
പൂമുഖത്തെ ചാരുകസേരയിൽ കിടന്നു കൊണ്ട് ബലരാമൻ പരിതപിച്ചു.
ഉമ്മറത്തു ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഫോട്ടോയിലായിരുന്നു അയാളുടെ കണ്ണുകൾ അപ്പോഴും.
ബലരാമന്റെ മിഴികളുടക്കിയ ആ ഫോട്ടോയിൽ ഏറെ നേരം സാവിത്രിയും നോക്കി ഇരുന്നു.
“”സാവിത്രി””
“ഉത്തര മോള് പോയിട്ട് ഇത്രയും ആയിട്ടും തുളസിക്ക് ഒരു മാറ്റോം ഇല്യാലോ. രണ്ടു മക്കളിൽ ഒരെണ്ണത്തിനെ ഈശ്വരൻ വിളിച്ചു. തുളസിക്ക് ഇനി ഒന്നും വരുത്താതെ കാത്താ മതി.”
ഉമ്മറത്തു ഇരുന്ന് രണ്ടുപേരും തുളസിയെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
ഇതേ സമയം തുളസി ഉറക്കം വിട്ടുണർന്നിരുന്നു. സമയം സന്ധ്യയോട് അടുത്തതിന്റെ സൂചകമായി പുറത്ത് മൂവന്തി പടർന്നു.
ആ നാലുകെട്ടിന്റെ മുകളിലെ നിലയിൽ നിന്നും അവളുടെ കണ്ണുകൾ ജനാലയ്ക്ക് പുറത്തെ പടിപ്പുരയ്ക്കപ്പുറം എത്തി നിന്നു.
കാറ്റിന്റെ താളത്തിൽ ആടിയുലയുന്ന നെൽപ്പാടത്തിന്റെ ഭംഗിയും കിളികളുടെ കളകളനാദവും മനസിന് കുളിർമയേകി.
കുറച്ചു നേരം കഴിഞ്ഞതും താഴേക്ക് ഇറങ്ങി ചെന്നു. തന്നെ കണ്ടതും അച്ഛനും അമ്മയും ഒന്ന് പുഞ്ചിരിച്ചു.
ആ പുഞ്ചിരിയ്ക്കു പിന്നിൽ മറച്ചു പിടിക്കുന്ന എത്രയോ വേദനകൾ…!
“തുളസി…”
“എന്താ അമ്മേ.”
“നേരം സന്ധ്യായില്യേ പോയി വിളക്ക് വെക്കാൻ നോക്കു.”
അമ്മയേ നോക്കി തലയാട്ടി കൊണ്ട് അതിനുള്ള ഒരുക്കങ്ങൾക്കായി തയ്യാറെടുത്തു.
“”രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം…. ………. (രാമ…..)””
നാമജപത്തിനുശേഷം തുളസി തറയിൽ വിളിക്കു വെച്ച് തൊടിയിലെ നാഗത്താൻ പ്രതിഷ്ഠയ്ക്ക് അരികിലേക്ക് നടന്നു.
ഒന്നും തനിക്ക് വേണ്ടി പറയാൻ ഉണ്ടായിരുന്നില്ലെങ്കിൽ പോലും പതിവ് പോലെ വിളക്കു തെളിയിച്ചു. തിരികെ പോന്നു.
പൂമുഖത്തെ ഭസ്മ തട്ടിൽ നിന്നും ഒരു നുള്ള് ഭസ്‌മം നെറ്റിയിൽ ചാർത്തി.
മനസാകെ ശാന്തമായതു പോലെ..
രാത്രി, സ്കൂളിലെ കുട്ടികളുടെ ഉത്തര കടലാസ് നോക്കുമ്പോഴും മനസ് തന്റെ കൈപിടിയിൽ അല്ലായിരുന്നു.
സ്വിച്ച് ഓഫ് ആക്കിയ ഫോൺ എടുത്തു ഓൺ ആക്കിയതും വീണ്ടും അത് അടിച്ചു കൊണ്ടിരുന്നു.
സ്ക്രീനിൽ തെളിഞ്ഞ ശ്രീയേട്ടൻ എന്ന പേര് കണ്ടതും വീണ്ടും ഫോൺ ഓഫാക്കി. മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും സീൻ ചെയ്തു.
“”തുളസി.. ഫോൺ എടുക്ക്..””
ആ മെസ്സേജ് നോക്കി ഇരിക്കുമ്പോൾ തന്നെ അടുത്ത മെസ്സേജും എത്തി. അതൊരു വോയിസ് മെസ്സേജ് ആയിരുന്നു.
“”ആർക്ക് വേണ്ടിയാ തുളസി നീ നിന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നേ?..
നമ്മുടെ കല്യാണം പോലും നിന്റെ പിടി വാശിയിലാണ് രണ്ടു വഴിക്ക് ആയത്. നിന്നെ ഒരു അഹങ്കാരിയായിട്ടേ എന്റെ വീട്ടുക്കാരിനി കാണു.
ഇപ്പൊ തന്നെ നിന്നെ പോലൊരു തന്നിഷ്ടക്കാരിയേ വേണ്ടാന്ന് പറഞ്ഞു നടക്കാണ് അച്ഛൻ. നീ എന്റെ കാര്യം കൂടി ഒന്നാലോചിക്ക്. വീടും വീട്ടുകാരും നിനക്ക് മാത്രം അല്ല ഉള്ളത് അത് ആദ്യം മനസിലാക്കാൻ നോക്ക്.””
അത്രയും പറഞ്ഞു ആ വോയിസ് മെസ്സേജ് തീരുമ്പോൾ ദേഷ്യം തോന്നിയിരുന്നു തന്നോട് തന്നെ.
അത്യാവശ്യമായി നാളെ നേരിട്ട് കാണണം എന്ന് റിപ്ലൈ അയക്കുമ്പോൾ.
അതിന് സമ്മതം അറിയിച്ചിരുന്നു അവൻ.
“തുളസി….”
അത്താഴത്തിന് അമ്മ വിളിക്കുമ്പോൾ താഴേക്ക് ഇറങ്ങി ചെന്നു.
അച്ഛന് വിളമ്പി കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ മറ്റാരെയോ തേടി കൊണ്ടിരുന്നു.
“”അമ്മേ… വാവാച്ചികളോ?..””
“ദേവൂട്ടിക്ക് നേരത്തെ ചോറ് കൊടുത്തു. അവളിപ്പോ ഉറക്കം പിടിച്ചു കാണും.”
ഇരുന്നിടത്തു നിന്നും ഏണീറ്റ് അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോൾ ഒരു നിമിഷം മനസ് ഉത്തരയുടെ ഓർമകളിലേക്ക് മുഴുകി. വാതിൽ പാളി മെല്ലെ തുറന്ന് അകത്തേക്ക് കടന്നു.
കട്ടിലിൽ കിടക്കുന്ന മൂന്നു വയസുകാരിയെ നോക്കി. അവൾക്ക് അടുത്തായി ഇരുന്നു.
സ്ഥാനം തെറ്റി കിടക്കുന്ന കുഞ്ഞുടുപ്പ് നേരെയാക്കി, മുടിയിഴകളിൽ വിരലോടിച്ചു. നെറ്റിയിലായി ഒന്ന് മുത്തി. അവളെ പുതപ്പിച്ചു.
കട്ടിലിനു അടുത്ത് കെട്ടിയ തൊട്ടിലിൽ അനക്കം അറിഞ്ഞപ്പോൾ അതിനടുത്തേക്ക് ശബ്ദമുണ്ടാക്കാതെ അടുത്തു.
ഇരുവശത്തു മറഞ്ഞു കിടക്കുന്ന തുണി വകഞ്ഞു മാറ്റിയതും, വായിൽ വിരൽ നുണഞ്ഞു തന്നെ നോക്കി ചിരിക്കുന്ന കുറുമ്പനെ കണ്ടതും വാരിയെടുത്തു.
അവളെ കണ്ട സന്തോഷത്താൽ ഉറക്കെ ശബ്ദമുണ്ടാക്കുന്ന കുഞ്ഞു കുറുമ്പനെ കൊണ്ട് വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി.
“അമ്മൂമ്മേടെ അപ്പൂസ് എണീറ്റോ?..”
സാവിത്രി കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൻ അവരുടെ അടുത്തേക്ക് ചാടി.
രണ്ടുപേരും കൂടി അവനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അതിനൊക്കെ അവൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കുഴങ്ങി.
ബലരാമൻ ഭക്ഷണം കഴിഞ്ഞു വന്നതും അവരോടൊപ്പം കൂടി. അപ്പുവിനെ അയാളുടെ കയ്യിലേൽപ്പിച്ച് തുളസിയും സാവിത്രിയും അത്താഴത്തിന് ഇരുന്നു.
വിശപ്പില്ലെങ്കിലും സാവിത്രിയുടെ നിർബന്ധത്തിൽ കഴിച്ചെന്നു വരുത്തി എണീറ്റു.
അപ്പുവിനുള്ള പാല് ചൂടാറ്റി ഫീഡിങ് ബോട്ടിലിൽ ആക്കി. അടുക്കളയും ഒതുക്കി രണ്ടുപേരും ഉമ്മറത്തേക്ക് നടന്നു.
ബലരാമന്റെ മടിയിൽ കിടന്നു എന്തൊക്കെയോ പറയുന്നുണ്ട് അപ്പു.
അവനോട് വർത്താനം പറഞ്ഞു കൊഞ്ചിച്ച് അയാളും തിരിച്ചു എന്തെല്ലാമോ പറയുന്നുണ്ട്. ഈ കാഴ്ച്ച കണ്ടാണ് തുളസിയും സാവിത്രിയും ഉമ്മറത്ത് എത്തിയത്.
“രാമേട്ടാ.. അപ്പൂട്ടനെ ഇങ്ങ് താ, ഇതൊന്ന് ഇവന് കൊടുക്കട്ടെ.”
സാവിത്രി പറഞ്ഞു കൊണ്ട് അവനെ എടുക്കാൻ വന്നതും വാശി പിടിച്ചു അപ്പു അയാളുടെ ചൂടിൽ തന്നെ പതുങ്ങി.
അപ്പുവിന്റെ വാശി കണ്ട് മൂന്നു പേരും ചിരിച്ചു. പിന്നെ സാവിത്രിയും ബലരാമനും കൂടി അതു മുഴുവൻ അവനെ കൊണ്ട് കുടിപ്പിച്ചു.
അവന്റെ ചിരിയിൽ നോക്കി നിൽക്കുമ്പോൾ ഉള്ളിലെ വേദനകൾക്ക് ശമനം കിട്ടുന്നത് പോലെ തോന്നി തുളസിക്ക്.
“”അല്ലാ അപ്പൂട്ട ഇന്നും ബഹളം വെച്ച് ഞങ്ങടെയെല്ലാം ഉറക്കം കെടുത്തോ നീയ് “”.
അവന്റെ കുഞ്ഞു വയറിൽ ഇക്കിളി കൂട്ടി കൊണ്ട് സാവിത്രി ചോദിച്ചു.
“”അവന് ഇപ്പൊ കളിച്ച് ചിരിച്ച് ഇരിക്കാനാ ഉദ്ദേശംന്ന് തോന്നണു സാവിത്രി.””
“നേരം ഒരുപാട് ആയില്യേ ആർക്കും ഉറങ്ങണ്ടേ..!”
തുളസി കളിയോടെ ചോദിച്ചു. അവളുടെ ശബ്ദം കേട്ടതും അപ്പുവിന്റെ കുഞ്ഞു നക്ഷത്ര കണ്ണുകൾ ഒന്നൂടി വിടർന്നു.
“അപ്പൂപ്പനേം അമ്മൂമേം ഒറക്കില്യേ അപ്പൂസേ നീ “.
അയാളുടെ മടിയിൽ നിന്നും അപ്പുവിനെ എടുത്ത് കൊണ്ട് ചോദിച്ചു. ഒന്ന് ചിരിച്ച് വായിൽ വിരലു വെച്ച് അവളുടെ തോളിൽ അവൻ ചാഞ്ഞു.
അത് കണ്ട് രാമനും സാവിത്രിയും അവരെ നോക്കിയൊന്ന് ചിരിച്ചു.
കുഞ്ഞിനെ ഉറക്കാനായി മെല്ലെ പുറത്ത് തട്ടി കൊണ്ട് ആ വലിയ ഇറയത്തിന് കുറുകെ നടന്നു കൊണ്ട് തുളസി മൂളി…
“”ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ …………………..
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർമുകിലിൻ )
താരാട്ട് അവസാനിച്ചതും അവനെയും കൊണ്ട് അകത്തേക്ക് കടക്കുമ്പോൾ അവരോടായി പറഞ്ഞു..
“”അപ്പുട്ടനെ ഞാൻ കൊണ്ടോവാണേ. ദേവൂട്ടി ഇന്ന് നിങ്ങടെ കൂടെ കിടക്കട്ടെ. നേർത്തെ ഉറങ്ങി കുഞ്ഞിപെണ്ണ്. നാളെ അവളെ അടുത്ത് കിടത്തില്യന്ന് പറഞ്ഞു പിണങ്ങോ ആവോ.””
അതും പറഞ്ഞു പോകുന്നവളെ നോക്കി നിൽക്കായിരുന്നു അപ്പോഴും അവർ.
“”നല്ല സങ്കടം ഉണ്ട് സാവിത്രി അവളുടെ ഉള്ളിൽ.. നമ്മളൊക്കെ ചിരിച്ചു നടക്കുന്നുന്നേ ഉള്ളു. അപ്പോഴും നോവുന്നുണ്ടാവും ന്റെ കുട്ടിക്ക്.””
അയാളെ ശെരി വെക്കും പോലെ സാവിത്രിയുടെ കൈകൾ അയാളിൽ മുറുകി.
പിറ്റേന്ന് പതിവുപോലെ സ്കൂളിലേക്ക് ഇറങ്ങി. ഹെഡ്മാഷിനോട് രണ്ടു പിരീഡ് കഴിഞ്ഞു കേറാമെന്ന ഉറപ്പു വാങ്ങി കൊണ്ട് ഫോൺ എടുത്ത് ശ്രീയേട്ടൻ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു.
കുറച്ചു സമയത്തിനുശേഷം ഒരു വൈറ്റ് ഇന്നോവ കാർ പൊടി പറത്തി കൊണ്ട് അവളുടെ നിൽക്കുന്നതിന് സമീപം കൊണ്ടുവന്നു നിർത്തി.
ഗ്ലാസ് താഴ്ത്തി വന്നിരിക്കുന്ന വ്യക്തി കാറിലേക്ക് കയറാൻ ആവശ്യപ്പെട്ടതും ചുറ്റും ഒന്ന് നോക്കി കൊണ്ട് അവൾ കാറിലേക്ക് കയറി.
“പോവാം തുളസി “.
അയാളുടെ ചോദ്യത്തിൽ സമ്മതമറിയിച്ചു കൊണ്ട് മൂളിയതും, വണ്ടി മുന്നോട്ട് എടുത്തു. അവരുടെ വണ്ടി എത്തി നിന്നത് കടൽത്തീരത്തായിരുന്നു.
രണ്ടുപേരും കാറിൽ നിന്നിറങ്ങി. ഭ്രാന്തു പിടിച്ചു പാഞ്ഞടുക്കുന്ന തിരയെ നോക്കി നിൽക്കുമ്പോൾ തങ്ങൾക്കിടയിലെ അകൽച്ചയും മൗനവും അവനെ വീർപ്പുമുട്ടിച്ചു.
“”തുളസി…””
അവന്റെ വിളിയിൽ കൈവിട്ടുപോയ മനസിനെ കൈപ്പിടിയിലാക്കി തളച്ചിട്ടു.
“”നീ ആർക്കു വേണ്ടിയാ തുളസി നിന്റെ ജീവിതം ഹോമിക്കാൻ ഒരുങ്ങുന്നേ?….
ഉത്തരയുടെ മരണം നിന്നെ ഒരുപാട് തളർത്തിയെന്നറിയാം. ചേച്ചിയോടുള്ള സ്നേഹം ഒക്കെ നല്ലതാണ്.
പക്ഷെ അത് സ്വന്തം ജീവിതം തകർത്തു കൊണ്ടാവരുത്.
ഉത്തരയുടെ മക്കളോടുള്ള സ്നേഹമെല്ലാം നല്ലതാണ്.. നാളെ നമ്മുടെ ജീവിതത്തിന് അതൊരു ബാധ്യതയാകരുത്. ആ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ നീയെന്നെ വേണ്ടെന്ന് വെച്ചത്..
ഒന്നോർത്തോ അവർക്ക് വേണ്ടി ജീവിച്ച് അവസാനം, പറക്കുമുറ്റുമ്പോൾ അവർ നിന്റെ തണലിൽ നിന്നകലും. ഇപ്പോൾ നിന്നോടുള്ള സ്നേഹമൊന്നും അപ്പോഴുണ്ടാകില്ല..
എന്നെങ്കിലും അവർ നിന്നെ തള്ളി പറയും. സ്വന്തം ചോരയോളം വരില്ല അവരൊന്നും.. അതോർത്താൽ നിനക്ക് നല്ലത്.
ഉത്തരയും ഭർത്താവും മരണപ്പെട്ടാലും മക്കളെ നോക്കാൻ അവരുടെ അച്ഛന്റെ വീട്ടുകാരില്ലേ?…. പിന്നെ നിന്റെ അമ്മയും അച്ഛനും കാണില്ലേ?….
എല്ലാം ബാധ്യതയും നീ മാത്രം ഏറ്റെടുക്കുന്നത് എന്തിനാണ്?….
നിനക്ക് ഇതാണ് ശരി. അല്ലെങ്കിലും നിന്റെ തീരുമാനങ്ങളും വാശിയും ആണല്ലോ ഇപ്പോൾ നടക്കുന്നത്.
അതിനിടയിൽ നിനക്കെന്നെയോ തുടർന്നുള്ള നമ്മുടെ ഭാവിയെയോ കുറിച്ച് ചിന്തിക്കാൻ എവിടെ നേരം?….
നീയിപ്പോൾ പൊതിഞ്ഞു പിടിച്ച് ചേർത്തു നിർത്തുന്നവരൊക്കെ ജീവിതകാലം മുഴുവൻ നിന്റെ കൂടെയുണ്ടാവുമെന്നാണോ നീ കരുതിയിരിക്കുന്നെ?….
ഞാൻ ഇപ്പോഴും നിന്റെ തീരുമാനം അറിയാനാണ് കാത്തിരിക്കുന്നെ. നിന്നോടൊപ്പം മാത്രം ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.. പക്ഷെ….!
നമ്മുക്കിടയിൽ ആ കുട്ടികൾ ഒരു ബാധ്യതയാകരുത്.
നീ ഒന്നൂടി ആലോചിക്ക് തുളസി.
ജീവിതം ഒന്നേയുള്ളു, അതിങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ഉഴിഞ്ഞു വെച്ച് സ്വയം നശിക്കരുത്..
നമ്മൾ തമ്മിലുള്ള ജീവിതമാണ് ഞാൻ ആഗ്രഹിച്ചത്… ഇപ്പോഴും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
നിന്റെ ഒരാളുടെ പിടിവാശി കാരണം ഒന്നും ഇല്ലാതാക്കരുത്.””
അത്രയും പറഞ്ഞവൻ നെറ്റിയുഴിഞ്ഞു.
അവളുടെ മറുപടിക്കായി കാതോർത്തു..
“”ശ്രീയേട്ടാ….
ശ്രീയേട്ടന്റെ അമ്മയെയോ അച്ഛനെയോ ഞാൻ ഉപേക്ഷിക്കാൻ പറഞ്ഞാൽ നിങ്ങളത് ചെയ്യോ?….
അവരിൽ നിന്നും നമ്മുക്ക് മാറി താമസിക്കാം എന്നുപറഞ്ഞാൽ നിങ്ങൾ അത് അനുസരിക്കോ?…. അവരോട് ഒരിക്കലും മിണ്ടരുത് എന്നുപറഞ്ഞാൽ അതും അനുസരിക്കുമോ?….””
ഓരോ ചോദ്യവും അവനെ നോക്കാതെ കരയെ പുൽകുന്ന തിരയെ നോക്കിയായിരുന്നു ചോദിച്ചത്.
ശാന്തമായിരുന്നെങ്കിലും വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു ഓരോ ചോദ്യത്തിനും.
അവളുടെ ചോദ്യത്തിനുത്തരം നൽകാനോ മറുചോദ്യം ഉന്നയിക്കാനോ അവന് കഴിഞ്ഞില്ല. മൗനം മാത്രമായിരുന്നു അവന്റെ ഭാഷ.
“”എന്റെ ശരി ഇതാണ്. നാളെ നിങ്ങൾ പറഞ്ഞതുപോലെ അവരെന്നെ തള്ളി പറഞ്ഞാലോ, നന്ദികേട് കാണിച്ചാലോ ഞാനത് ക്ഷമിക്കും… പൊറുക്കും…
കാരണം, ഞാനവരുടെ അമ്മയാണ്…
ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് ഞാനാ സ്ഥാനത്തു തന്നെയുണ്ടാകും എന്നും.
എന്റെ ചേച്ചിടെ ജീവനല്ലേ.. അപ്പൊ എന്റെയും പ്രാണനാ അവര്. ആരെങ്കിലും പറഞ്ഞ അവരെ ഉപേക്ഷിച്ചു പോരാൻ മാത്രം മനസുറപ്പുള്ളവളല്ല തുളസി.
അവരെന്റെ മക്കളാ.. എന്റെ പൊന്നുമക്കൾ..അവരുടെ അമ്മയാ ഞാൻ മരിക്കുംവരെ.
നിങ്ങൾ ചോദിച്ചില്ലേ അവരെ ഏറ്റെടുക്കാൻ അച്ഛന്റെ വീട്ടുകാരില്ലേന്ന്?…. എന്നാൽ കേട്ടോ, ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവരെ വച്ച് പന്ത് തട്ടി കളിക്കാൻ അനുവദിക്കില്ല.
ഞാനുള്ളപ്പോൾ, മറ്റൊരാളും അവരുടെ അവകാശിയാകാൻ ഞാൻ സമ്മതിക്കില്ല. ഒരു അനാഥശാലയിലും കൊണ്ട് തള്ളുകയുമില്ല. എന്നെ സംബന്ധിച്ച് വിവാഹമല്ല ഒരു മനുഷ്യന്റെ അടിസ്ഥാനം.
ഇനി അവസാനമായി ഒരു കാര്യം കൂടി…,
തുളസിക്കിനിയൊരു വിവാഹജീവിതം ഉണ്ടാകില്ല. നിങ്ങളെ എന്നല്ല ആരെയും ഞാൻ വിവാഹം കഴിക്കില്ല.
എനിക്കെന്റെ മക്കൾ മാത്രം മതി….
ഒരിക്കലും നമ്മളൊരുമിച്ചൊരു ജീവിതം ഉണ്ടാകില്ല. വിവാഹം കഴിഞ്ഞു വേണ്ടാന്ന് തോന്നുന്നതിലും ഭേദം പരസ്പരം പിരിയുന്നതാണ്.
എന്റെ ജീവിതം അവർക്ക് വേണ്ടിയുള്ളതാണ്. മറ്റാരും ശല്യത്തോടെ അവരെ നോക്കുന്നതുപോലും തുളസി സഹിക്കില്ല….
അവരെ വിട്ട് എനിക്കൊരു ജീവിതമില്ല.
എന്നെ മനസിലാക്കണം….
ഒക്കെ ഞാൻ ഉറപ്പിച്ചു കഴിഞ്ഞു….””.
അത്രയും പറഞ്ഞു നിർത്തുമ്പോൾ ശബ്ദം ഇടറാതെ ശ്രദ്ധിച്ചിരുന്നു അവൾ.
“”ബന്ധനങ്ങൾ ഉള്ളിടത്തോളം കാലം നമ്മുടെ പ്രണയം ഒരുമിക്കില്ല തുളസി.
നീ പറഞ്ഞതൊക്കെ നിന്റെ ശരികളാണ് നിന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ.
അവിടെ എനിക്കോ നമ്മുടെ സ്നേഹത്തിനോ സ്ഥാനമില്ല.
നിനക്ക് അവരാണ് വലുതെങ്കിൽ എനിക്കും എന്റെ വീട്ടുകാരാണ് വലുത്.
ഒറ്റമകന്റെ വാശിയുടെ പുറത്താണ് നീയുമായുള്ള വിവാഹം ഉറപ്പിച്ചത് പോലും.
എന്നിട്ടും…. നീയെന്നെ ധർമ സങ്കടത്തിലാക്കി.
നിന്റെ വാശി തന്നെ ജയിക്കട്ടെ…..
നമുക്ക് രണ്ടു വഴിയാണ് നല്ലത്.
ഒരിക്കലും നിന്നെ ഞാൻ മറക്കില്ല തുളസി…
അത്രമേൽ ആഴത്തിൽ പതിഞ്ഞ മുഖമാണ് നിന്റേത്. സ്വന്തമാക്കണമെന്ന് ഒരുപാട് മോഹിച്ചത്.
നീയെന്നെ തള്ളി പറഞ്ഞാലും വേണ്ടെന്നു വച്ചാലും എന്റെ ഹൃദയത്തിന്റെ ഒരു കോണിലായി നീയെന്നുമുണ്ടാകും പൂക്കാതെ പോയ വസന്തത്തിന്റെ ഓർമയെന്നപോലെ.””.
“”തിരയ്ക്ക് തീരത്തിനോടെന്ന പോലെ….
എന്നിൽ പൂത്ത വിഷാദത്തിന് അതിരുകളില്ല….””
അവൻ നടന്നകലുന്നതും നോക്കി നിൽക്കുമ്പോൾ മനസ് മുഴുവൻ ആ കുരുന്നുകളായിരുന്നു. പ്രണയത്തിനും വിവാഹ ജീവിതത്തിനും തിരശീല വീണിരിക്കുന്നു. മനസാകെ ശൂന്യമാണ്….
കടൽക്കാറ്റേറ്റ് നിൽക്കുമ്പോൾ വെയിലിന്റെ തീഷ്ണത കൂടുന്നത് അറിഞ്ഞു.
ആത്മാവിന്റെ മോക്ഷപ്രാപ്തിക്കായി കടലിലൊഴുക്കുന്ന മൺകുടം പോലെ ഓളത്തിന്റെ ഒഴുക്കിനനുസരിച്ചു സഞ്ചാരിക്കുകയായിരുന്നു അവളുടെ ഓർമകളും.
എന്നുമുതലാണ് അവനോട് ഇഷ്ടം തോന്നിയത്?…. ഒരുപാട് തവണ പ്രണയാഭ്യർത്ഥന നടത്തിയിട്ടും അവസാനം അവനുമുന്നിൽ തോൽവി സമ്മതിക്കേണ്ടി എപ്പോഴാണ്?….
വെറുമൊരു നേരംപോക്കായിരുന്നില്ല,
കൂടെകൂട്ടാൻ തോന്നിയ അതിയായ അവന്റെ ആഗ്രഹത്തിനൊടുവിലത് വിവാഹം ഉറപ്പിക്കലിൽ എത്തി ചേർന്നു.
അതിനിടയിൽ ഉത്തരക്കും ഭർത്താവിനുമുണ്ടായ അപകടം എല്ലാം കീഴ്മേൽ മറിച്ചു.
അവരുടെ മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ല. ചേച്ചി എന്നതിലുപരി കൂട്ടുകാരി കൂടിയായിരുന്നവളുടെ വിയോഗം ദേവമംഗലത്തെ ആകമാനം ഉലച്ചു.
തറവാട്ടിൽ നിന്ന് യാത്ര പോകുമ്പോൾ അവളേൽപ്പിച്ച പൊന്നു മക്കളെ അന്ന് തൊട്ട് ചിറകിനിടയിൽ പൊതിഞ്ഞു പിടിക്കുമ്പോഴും ആർക്കും വിട്ടുനൽകാതെ ചേർത്തു നിർത്തുമ്പോഴും മനസുകൊണ്ട് അവരുടെ അമ്മയായ് മാറിയിരുന്നു.
കറുത്ത ഒരു പൊട്ടുപോലെ അവന്റെ രൂപം അകലങ്ങളിലേക്കെത്തുമ്പോൾ അവളും മറന്നു തുടങ്ങുകയായിരുന്നു എല്ലാം.
“”ഇറ്റമ്മേ…..””
ദേവൂട്ടിയുടെ വിളിയിൽ തുളസി ചിരിച്ചു പോയി.
“”ഇറ്റമ്മ അല്ല ന്റെ ദേവൂട്ടിയേ..
ചിറ്റ… ചിറ്റമ്മ… പറഞ്ഞേ, ചിറ്റമ്മ..””
സാവിത്രി ദേവൂട്ടിക്ക് തിരുത്തി പറഞ്ഞു കൊടുക്കുമ്പോൾ തുളസി അവരെയും നോക്കി എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു.
“”ചിറ്റമ്മേ…””
ദേവൂട്ടി ഒരുവിധം അങ്ങനെ പറഞ്ഞൊപ്പിച്ചതും തുളസി അവരുടെ അരികിലെത്തി ദേവൂട്ടിയുടെ മുൻപിലായി മുട്ടുകുത്തി നിന്നു.
അവളുടെ കുഞ്ഞു മുഖത്തു കൈ ചേർത്തു വാത്സല്യത്തോടെ നോക്കി.
“”മോൾക്കെന്നെ.. അമ്മേന്ന് വിളിച്ചൂടെ..
മോൾടെ അമ്മ തന്നെയല്ലേ ഞാനും..
അപ്പൊ അമ്മേന്ന് വിളിക്കില്ലേ..””
സങ്കടത്തോടെ പറഞ്ഞതും ദേവൂട്ടി അവളുടെ കൈക്കുള്ളിൽ ഒതുങ്ങി.
“”അ… അമ്മേ… അമ്മയാ… ദേവൂട്ടിടെ അമ്മ…””
സാവിത്രിയെ നോക്കി ദേവൂട്ടി ഉറക്കെ വിളിച്ചു പറഞ്ഞു.
“”തുളസി””
“”അമ്മേ എനിക്കൊന്നും അറിയില്ല. എന്റെ മനസ് ശരിയെന്ന് പറയുന്നതാണ് ഞാനിപ്പോൾ ചെയ്യുന്നത്.””
ബലരാമൻ കൂടി വന്നതും തുളസി മനസിലുള്ളതെല്ലാം സംസാരിക്കാമെന്ന് കണക്കുകൂട്ടി.
“”അച്ഛാ.. അമ്മേ.. എനിക്ക് സംസാരിക്കാനുണ്ട്. ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം. നിങ്ങൾ എന്റെ കൂടെ നിൽക്കും എന്ന് തന്നെയാണ് വിശ്വാസം.””
തുളസി പറയാനുള്ളത് കേൾക്കാനായി രണ്ടുപേരും കാതോർത്തു.
ഇന്ന് നടന്ന സംഭവങ്ങളും ശ്രീയുമായുള്ള വേർപിരിയലുമെല്ലാം പറഞ്ഞവസാനിപ്പിച്ചതും സാവിത്രിയും ബലരാമനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
വിവാഹ ജീവിതമേ ഇനി തനിക്ക് വേണ്ടായെന്ന് അവൾ ആവർത്തിച്ച് ഉറപ്പിച്ചു പറയുമ്പോൾ മറുപടി പറയാൻ നാവു പൊന്താതെ നിസ്സഹായരായി തീർന്നിരുന്നു അവർ.
“”മോളെ… ഇപ്പോൾ കുട്ടിക്ക് എടുത്തുചാട്ടം കൊണ്ട് പലതും തോന്നും. പക്ഷെ, ജീവിതം ഒന്നേ ഉള്ളു.. അവസാനം ഒറ്റപെട്ടു എന്ന് തോന്നരുത്. ദേവൂട്ടിയെയും അപ്പൂട്ടനേയും നോക്കാൻ ഞങ്ങളില്ലേ.
ശ്രീയെ വേണ്ടങ്കിൽ മറ്റൊരു വിവാഹത്തിന് മോള് സമ്മതിക്കണം.
നീയിങ്ങനെ നിന്റെ ജീവിതം ഹോമിച്ച് തീർക്കുന്നത് കാണാൻ ഞങ്ങൾക്ക് വയ്യാ. ഒരു പുരുഷന്റെ തണലില്ലാതെ എത്ര കാലം ജീവിക്കും നീ.””
സാവിത്രിയുടെയും ബലരാമന്റെയും വാക്കുകൾ ഉൾക്കൊള്ളാൻ കഴിയാതെ തുളസി അവളുടെ വാശിയിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ തോൽവി സമ്മതിച്ചു സാവിത്രിയും ബലരാമനും പിന്മാറി.
“”അച്ഛനും അമ്മയും എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ?…. ദേവൂട്ടിയും അപ്പൂട്ടനും എന്റെ സ്വന്തം മക്കളാണെന്ന് കരുതിയാ മതി. കർമം കൊണ്ട് ഞാനാ അവരുടെ അമ്മ.
അപ്പൂപ്പനും അമ്മൂമ്മയും എന്റെ മക്കളായ് കണ്ട് സ്നേഹിച്ച ഒരു പ്രശ്നവും ഇല്യാ. ഇനി ഇവിടെ ഈ ഒരു കാര്യം പറഞ്ഞു ഉള്ള സമാധാനം കളയരുത്. ഇതാണ് ശരി… ഇത് മാത്രമാണ്…””
അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് പോകുന്നവളെ നോക്കി നിൽക്കുമ്പോൾ ഇരുവരിലും വിഷാദ ഭാവമായിരുന്നു.
അവളുടെ തീരുമാനങ്ങൾ മാറില്ലെന്നറിഞ്ഞിട്ടും, തങ്ങളുടെ കാലശേഷമുള്ള അവളുടെ ജീവിതം ഓർത്തായിരുന്നു ആകുലത മുഴുവനും.
“”കാഴ്ച മങ്ങിയ ജാലകത്തിനരികിൽ
ഇന്നിന്റെ പ്രത്യാശകൾ എത്തിനോക്കുന്നുണ്ട്…””
മക്കൾക്കായി നല്ലൊരു അമ്മയായ് മാറുമ്പോൾ മങ്ങലേറ്റ മാനത്തൊരു നക്ഷത്രം അവൾക്കായി കണ്ണു ചിമ്മി..