(രചന: അളകന്ദ)
“”കിച്ചുട്ടാ….. “”
ഒരെണ്ണംകൂടി ചുണ്ട് പിളർത്തിയുള്ള അവളുടെ ചോദ്യം കേട്ട് അവന്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു.
അത് സമർത്ഥമായി മറച്ചു അവൻ കപട ദേഷ്യത്താൽ അവളെ ഒന്നു നോക്കി.
“”വന്ന് വന്ന് കിച്ചേട്ടൻ ന്നുള്ള വിളിയിൽ നിന്ന് കിച്ചുട്ടൻ ആയി. ഇനി കിച്ചാ….. ന്നുള്ള വിളി എന്നാണോ ആവോ…? “”
കള്ള പരിഭവത്താൽ ഒളികണ്ണിട്ടവളേ നോക്കി അവൻ പറഞ്ഞു……
“” ഞ ഞ്ഞ ഞ ഞ….. “”
കൊഞ്ഞനം കുത്തി കാണിച്ചവൾ ഒരു ഉപ്പിലിട്ട മാങ്ങ ഒന്ന് കൂടി എടുത്തു കടിച്ചു.
“”ദേ പെണ്ണേ….. അമ്മാവൻ നമ്മുടെ കല്യാണക്കാര്യം ഒക്കെ തീരുമാനിക്കുന്നുണ്ട്.
നിന്റെ കുട്ടിത്തരം ഒക്കെ മാറ്റിവെച്ച് അല്പം പക്വത ഒക്കെ വരത്തണോട്ടോ……. “”
അവളുടെ നുണക്കുഴി കവിളുകളിൽ മെല്ലെ പിച്ചിയവൻ പറഞ്ഞു.
“”ഹും എനിക്ക് പക്വത ഒക്കെയുണ്ട്. കിച്ചൂട്ടൻ കാണാഞ്ഞിട്ടാ…… “”
പിന്നെയും പലതും പറഞ്ഞു കൊണ്ട് അവൾ ഓരോ മാങ്ങയും എടുത്ത് കഴിച്ചു കൊണ്ടേയിരുന്നു…….
വാചാലമായ അവളുടെ കുറുമ്പു നിറഞ്ഞ മുഖത്തേക്ക് ഏറെ ഇഷ്ടത്തോടെയും വാത്സല്യത്തോടെയും അതിലുപരി കൗതുകത്തോടെയും അവൻ നോക്കിയിരുന്നു.
“”എന്താ കിച്ചൂട്ടാ ഇങ്ങനെ കണ്ണും മിഴിച്ചു നോക്കിയിരിക്കണേ……… “”
പുരികം പൊന്തിച്ചുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഉള്ളിൽ ഒരു ചമ്മൽ ഉണ്ടായെങ്കിലും അത് മറിച്ച് അവൻ അവളുടെ ഉണ്ടകണ്ണുകളിമ്മേൽ രണ്ടിലും നനുത്ത ചുംബനമേകി.
കുറുമ്പ് കാട്ടി ചിരിച്ച് വാചാലമായിരുന്നവൾ നാണത്തിന്റെ മേലാട ചൂടി തലതാഴ്ത്തി. അപ്പോഴും ആ തുടുത്ത കവിളുകളിൽ നുണക്കുഴി തെളിഞ്ഞു നിന്നിരുന്നു.
നാളുകൾക്കു ശേഷം കല്യാണം കഴിഞ്ഞ് ജീവിതത്തിലേക്ക് കടന്നപ്പോൾ അവളിലെ കുസൃതിയും കുറുമ്പുകളും കുറഞ്ഞത് പോലെ തോന്നി അവന്.
പക്വതയുള്ള വീട്ടമ്മ ആകാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ ഒരു വീർപ്പുമുട്ടൽ.
താൻ പണ്ട് കളിയാലെ പറഞ്ഞതിനാലാണോ ഇനി കുറുമ്പും കുസൃതിയും മാറ്റിവെച്ച് ഉത്തമയായ ഭാര്യ അല്ലെങ്കിൽ മകൾ ആകാൻ ശ്രമിക്കുന്നത് എന്ന തോന്നൽ……
അവളിലുള്ള കുഞ്ഞു വായാടി പെണ്ണ് ഉറങ്ങിപ്പോയത് പോലൊരു തോന്നൽ.
പതിവ് പോലെപണികളെല്ലാം ഒതുക്കിയവൾ മുറിയിലേക്ക് വന്നു. നിറപുഞ്ചിരിയോടെ തന്നെ…….
കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു പോയി. എന്റെ നോട്ടം കാണ്ടാവണം ഫ്രഷായി വരാം കിച്ചൂട്ട എന്ന് പറഞ്ഞ് അവൾ ബാത്റൂമിലേക്ക് കയറി.
ഫ്രഷായി വന്നവൾ ഒരുനുള്ള് സിന്ദൂരം എടുത്തു സീമന്തരേഖയെ ചുവപ്പിച്ചു. അവളെ തന്നെ നോക്കി ഇരിക്കുന്ന അവന്റെ അടുത്തേക്ക് ചെന്ന് ഇരുന്നു.
തന്നിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്നവനെ അവൾ നെറ്റിചുളിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“”എന്താ കിച്ചൂട്ട ഇങ്ങനെ നോക്കണേ “”
“”നീ ന്റെ ഈ താലിചരടിൽ കിടന്നു ശ്വാസം മുട്ടുകയാണോ പെണ്ണേ….? “”
“”ഈ സിന്ദൂര ചുവപ്പിൽ പൊള്ളുന്നുണ്ടോ നിനക്ക് “”
അവന്റെ ചോദ്യം അവളുടെ ഉള്ളത്തെ പൊള്ളിച്ചു.
“”എന്താ കിച്ചൂട്ട ഇങ്ങനെഒക്കെ പറയുന്നേ?
കിച്ചൂട്ടൻ ന്റെ ഈ കഴുത്തിൽ താലി അണിയിക്കുന്നതും എന്റെ സീമന്തരേഖയെ ഉള്ളിലുള്ള പ്രണയത്താൽ ചുവപ്പിക്കുന്നതും മാത്രം സ്വപ്നം കണ്ടു നടന്ന എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കാമോ കിച്ചൂട്ട….”””
നിറകണ്ണുകളോടെ ഉള്ള അവളുടെ നിഷ്കളങ്കമായ പറച്ചിൽ അവനിൽ ഒരേസമയം ആശ്വാസം പകരുകയും വിഷമം ഉണ്ടാക്കുകയും ചെയ്തു.
“”അതല്ലെടി പെണ്ണേ…. നിന്നിലെ കുറുമ്പ് എല്ലാം മാറ്റി ഉള്ള ഈ പെരുമാറ്റം കാണുമ്പോൾ ഞാൻ നിന്നെ പിടിച്ചു കെട്ടിയിട്ട് പോലെ ഒരു തോന്നൽ.”””
“”മം…. പിടിച്ചു കെട്ടി ഇരിക്കുവാ…. ആ ഹൃദയത്തിൽ ആണെന്ന് മാത്രം.””
നെഞ്ചിലൊരു കുത്ത് വച്ചു കൊടുത്തുകൊണ്ടവൾ കുറുമ്പോടെ പറഞ്ഞു.
“”ആഹ്…. വേദനികുന്നടി പെണ്ണേ…. “”
“”അച്ചോടാ ന്റെ കിച്ചൂട്ടന് വേദനിച്ചോ? ചോറി…… “”
“”ചോറി വേണ്ട. പകരം ഒരു…… “”
“”ഒരു……. “”
“”ഒരു കിച് തന്ന മതി മോള് “”ന്ന് പറഞ്ഞവൻ അവളെ നെഞ്ചിലേക് വലിച്ചിട്ടു……..
ഇരുവർക്കും ഇടയിലേക്ക് കടന്നു വരാനിരിക്കുന്ന കുഞ്ഞു വായാടിയെ കാത്ത് ദിവസങ്ങളെണ്ണി ഇരുന്നപ്പോഴാണ്….
“”മോനെ കിച്ചു…..””
നേർത്ത സ്വരത്തിലുള്ള അമ്മയുടെ വിളിയിൽ അവൻ മേശമേൽ നിന്ന് തലയുയർത്തി.
ഒപ്പം ഓർമ്മകളിൽ കെട്ട് കളിൽനിന്നും….
“”മാളൂട്ടിയുടെ ചിതയെരിക്കാൻ സമയമായി.
നീ അങ്ങോട്ട് വാ മോനെ……. “”
അമ്മയുടെ വാക്കുകൾ കാതിൽ പതിച്ചപ്പോൾ അവന്റെ നെഞ്ചകം ചുട്ട് പൊള്ളി.
അവന്റെ പ്രാണനെ സ്വന്തമാക്കി കഴുത്തിലണിയിച്ച താലിമാലയും, അവളുടെ സിന്ദൂരച്ചെപ്പും കൈകളിൽ മുറുകെ പിടിച്ചവൻ നെഞ്ചോട് ചേർത്തു.
ചിതയിലെരിഞ്ഞുയർന്ന പുകയോടൊപ്പം നിറഞ്ഞുവന്നു നിറഞ്ഞുതുളുമ്പി വന്ന കണ്ണുകളും അവന്റെ കാഴ്ചയെ മറച്ചു.