(രചന: Fackrudheen Ali Ahammed)
തള്ളേ, നിങ്ങൾക്ക് പെൻഷൻ വന്നില്ലേ?
ആ പൈസ ഇങ്ങോട്ട് എടുത്തേ? നിങ്ങൾക്ക് എന്തിനാ ഇപ്പൊ പൈസ?
അത്തവണ മൂന്നുമാസത്തെ പെൻഷൻ ഒരുമിച്ചാണ് കിട്ടിയത് എന്ന് അയാൾക്കറിയാം
അവർ ആ പൈസ എടുത്തു കൊടുക്കുമ്പോൾ മോനോട് പറഞ്ഞു
മോനെ നീ തിരിച്ചു വരുമ്പോൾ എനിക്ക് രണ്ട് ഗുലാബ് ജാം വാങ്ങിച്ചു കൊണ്ട് വരണം..
അമ്മയ്ക്ക് കൊതിയായിട്ടാടാ
ഇനിയും വയസ്സാൻ കാലത്ത്,
അതും കഴിച്ചിട്ട് വേണം ഷുഗർ കൂടാൻ
അവരുടെ മുഖമൊന്നു വാടി
എന്നാൽ പിന്നെ രണ്ടു ഉഴുന്നുവട..
എന്തിനാ കൊളസ്ട്രോൾ കൂട്ടാനോ?
അതും പറഞ്ഞ് ദേഷ്യപ്പെട്ട് പോകുന്ന മകനെ നോക്കി..
അമ്മ ചിരിച്ചു..
“വാർദ്ധക്യത്തിലെ നിസ്സഹായത യെ മുഖത്ത് നിന്നും പാടെ മായിച്ചു കളയുന്ന
സുന്ദരമായ ചിരി”
മകനിന്ന്,
അയാളുടെ ജീവിതത്തിലെ സുന്ദരമായ ഒരു ദിവസമാണ്
ഡൈവോഴ്സ് ആയി പോയ ഭാര്യ..
പൊതു തൽപര്യ ഹർജികൾ പോലെ ഫീസില്ല കേസുകൾ നടത്തുന്ന ഒരു നല്ലവനായ വക്കീലിന്റെ മാസങ്ങളോളം ഉള്ള പരിശ്രമത്തിന്റെ ഫലമായി അയാൾക്ക് കിട്ടിയ ഒരു ദിവസമാണ് ഇന്ന്
10 വയസ്സുകാരിയായ മകൾക്കൊപ്പം ഒരു ദിവസം..
അവൾ വരുന്ന ദിവസമാണ് ഇന്ന്
ഈയൊരു പകൽ മുഴുവൻ
മകൾക്കൊപ്പം അവൾ പറയുന്ന സാധനങ്ങളൊക്കെ വാങ്ങിച്ചു കൊടുത്തു
അവൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട് സന്തോഷിപ്പിക്കേണ്ട ദിവസമാണ് ഇന്ന്
അതിനിടയിലാണ് ഉഴുന്നുവട..
കൂട്ടുകാരൻറെ, കാർ
ഒരു ദിവസത്തേക്ക് കടമെടുത്ത് അയാൾ പോയി
മകളെ കൂട്ടിക്കൊണ്ടുവന്നു..
വീട്ടിലേക്കല്ല പാർക്കിൽ..
രണ്ടു മണിക്കൂർ നേരം അവിടെ ചുറ്റിക്കറങ്ങി..
ഉച്ചയോടെ അടുക്കുമ്പോൾ, മകൾക്ക്
വിശക്കാൻ തുടങ്ങി..
മകൾക്കുള്ള ഇഷ്ട ഭക്ഷണം വാങ്ങി നൽകാൻ വേണ്ടി പാർക്കിൽ നിന്നും ഇറങ്ങി..
മകളോടൊപ്പം നല്ല ഹോട്ടലുകൾ തിരഞ്ഞ് ഒരുപാട് അ ലഞ്ഞു
ഒടുവിൽ മകൾക്ക് ഇഷ്ടപ്പെട്ട
ഒരു ഹോട്ടൽ കണ്ടു,
ഭാഗ്യത്തിന് മകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണ വും
ഉണ്ടായിരുന്നു..
അവർ ഒരുമിച്ച് ആസ്വദിച്ചു കഴിച്ചു
ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ, അടുത്തതെന്തെന്ന് ആകാംക്ഷ മകളുടെ കണ്ണുകളിൽ..
പോക്കറ്റിൽ കൈവച്ച് ആത്മവിശ്വാസത്തോടെ, അച്ഛനും
ഇനി നമുക്ക് ചെറിയ ഒരു ഷോപ്പിങ്
മകൾ ഇച്ഛിച്ചതും,
അച്ഛൻ കൽപ്പിച്ചതും
ഒരേസമയത്തായിരുന്നു..
മകൾക്ക് വേണ്ടതും അയാൾക്ക് സന്തോഷമുള്ളതും എല്ലാം വാങ്ങി നൽകി
ഇനി കുറച്ച് ബേക്കറി..
എനിക്ക് മധുരം ഇഷ്ടമല്ല അച്ഛാ..
ന്നാലും,സാരമില്ല
ഇപ്പോൾ കഴിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ കഴിക്കുക..
അങ്ങനെ മകളുടെ മുഖത്തെ സന്തോഷം മുഴുവനും.. അയാൾ നോക്കി നിന്നു
ഇനി അടുത്ത പ്രാവശ്യം മകൾ വരുന്നതുവരെ,
ഈ കാഴ്ചയുടെ ആനന്ദമാണ്, അയാൾക്ക് ഊർജ്ജം പകരാൻ പോകുന്നത്..
മോളെ , ഇനി മോളുടെ ഫോണിൽ
നമുക്കൊരു സെൽഫി എടുക്കാം..
വേണ്ട
അച്ഛൻറെ ഫോണിൽ എടുത്താൽ മതി
??
അതെന്താ മോളെ
വേണ്ട അച്ഛാ
അതെന്തുകൊണ്ടാ മോളെ?
വേണ്ട അച്ഛാ
എൻറെ ഫോണിൽ,
അത് വേണ്ട..
അയാൾ ചിരിച്ചുകൊണ്ട് തന്നെ വീണ്ടും ചോദിച്ചു
മടിച്ചു മടിച്ചാണെങ്കിലും
10 വയസ്സുകാരിയുടെ നിഷ്കളങ്കത
അവൾ കാര്യം തുറന്നു പറഞ്ഞു
അച്ഛനെ കണ്ടാൽ
നല്ല പ്രായം തോന്നും,
എൻറെ കൂട്ടുകാരികൾ കളിയാക്കും
മുത്തച്ഛൻ ആണോ എന്ന് ചോദിക്കും
അച്ഛൻറെ ചെറുപ്പത്തിലെ ഫോട്ടോ ഉണ്ട് അത് മതി.. അതാണ് ഞാൻ എല്ലാവരെയും കാണിച്ചിരിക്കുന്നത്..
കാലത്ത് അമ്മയുടെ മുഖത്ത് വന്ന അ തേ
“ചിരി”
അയാളും ചിരിച്ചു..
ദൈവത്തിന് നന്ദി
തനിക്കും പ്രായമായെന്ന്, ഓർമ്മപ്പെടുത്തിയതിന്
മകൾക്ക് 10 വയ സ്സേ
ഉള്ളുവെങ്കിലും
മക്കൾ അച്ഛനെ കാണുന്നത് എങ്ങനെയെന്ന് ഇപ്പോൾ തന്നെ അറിയാൻ കഴിഞ്ഞു..
തനിക്ക് പ്രായ കൂടുതൽ ഒരുപാട് തോന്നിക്കുമെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നില്ല..
മകളെ കൊണ്ടുവിട്ട് തിരികെ വരുമ്പോൾ
സന്ധ്യ കഴിഞ്ഞിരുന്നു..
മകൾക്ക് ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്തുവെങ്കിലും,
അയാൾ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു..
ഒരു ആത്മവിശ്വാസം ഇല്ലാത്തതുപോലെ..
മോൾക്ക് സന്തോഷമായില്ലേ,?
ഉം..
മകളെങ്ങനെ മറുപടി ഒരു മൂള ലിൽ ഒതുക്കിയപ്പോൾ
എന്തോ ഒരുപക്ഷേ അയാൾക്ക് തോന്നിയതായിരിക്കും
കാലത്ത് വന്നിറങ്ങിയ സന്തോഷം
ഇപ്പോൾ കാണാനില്ല..
ഡ്രസ്സ് ഇഷ്ടപ്പെട്ടോ ?
ചെരിപ്പ് ഇഷ്ടപ്പെട്ടോ?
അയാൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി..
പ്രതീക്ഷിക്കുന്ന ഒരു മറുപടി
മകൾ പറയാൻ മടിക്കുന്ന പോലെ
ആ തരക്കേടില്ല
കുഴപ്പമില്ല
അത്രമാത്രം
അയാളുടെ മുഖം മ്ലാനമായി..
കൂട്ടുകാരുടെ കയ്യിൽ നിന്ന് കടം മേടിച്ചതും അമ്മയുടെ കയ്യിൽ നിന്നും മേടിച്ചതും
എല്ലാം തീർന്നിരിക്കുന്നു
50 രൂപ മിച്ചമുണ്ട്..
വഴിയോരത്തെ, തട്ടുകട കണ്ടപ്പോൾ
വാഹനം വഴിയോരത്ത് ഒതുക്കി
ചേട്ടാ രണ്ട് ഉഴുന്നുവട..
ഉഴുന്നുവട സേട്ടാൻ, പൊതിയാൻ തുടങ്ങിയപ്പോൾ അയാൾ, വേണ്ടെന്നും പറഞ്ഞ് കടയിൽ നിന്ന് ഇറങ്ങി..
പൊരിക്കുന്ന എണ്ണയുടെ കളർ കണ്ടിട്ടാണോ എന്തോ?
വീട്ടിലേക്ക് കയറും വഴി തൊട്ടടുത്ത പലചരക്ക് കടയിൽ നിന്നും
കുറച്ച് സാധനങ്ങൾ മേടിച്ച്, അയാൾ വീട്ടിലേക്ക് വന്നു, അടുക്കളയിലേക്ക് കയറി..
ഉഴുന്നുവട അറിയുന്ന പോലെ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു
അത് കണ്ട് അമ്മ ചോദിച്ചു
“ഈ ചെറുക്കനെ ഇത് എന്തിനുള്ള പുറപ്പാടാണ്”
മുത്തശ്ശ നായെന്ന് സ്വന്തം മകൾ ഇപ്പോൾ പറഞ്ഞിട്ട് പോയതേയുള്ളൂ
എന്നിട്ടും
“അമ്മയ്ക്ക് ഞാൻ ഇപ്പോഴും ചെറുക്കനാണത്രേ ”
അറിയാവുന്ന പോലെ ഉണ്ടാക്കി
ഉഴുന്നുവട
കൂടെ ചായയും ചായയിൽ പഞ്ചസാര രണ്ടുപേർക്കും ഒരുപോലെതന്നെ ഇട്ടു
ചൂടോടുകൂടി തന്നെ അമ്മയ്ക്കും നൽകി
മുഖത്തോടു മുഖം നോക്കിയിരുന്നു
രണ്ടുപേരും കഴിച്ചു
തെറ്റില്ലടാ നന്നായിട്ടുണ്ട്.. അതും പറഞ്ഞ്
അമ്മ അത് ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ..
അയാളുടെ കണ്ണുകൾ നിറഞ്ഞു..
വീടിന് പുറത്തേക്ക് ഇറങ്ങി
അവിടെ ഒരു പൈപ്പ് ഉണ്ട്..
സത്യത്തിൽ ഉപ്പു കയു്ച്ചിട്ട് ഇറക്കാൻ പോലും വയ്യായിരുന്നു അയാള്
ഉണ്ടാക്കിയ ഉഴുന്നുവട
അയാൾ അത് തുപ്പി ക്കളഞ്ഞ്,
വായയും മുഖവും കഴുകുമ്പോൾ
അയാളുടെ കണ്ണുകളിൽ നിന്നും നിലയ്ക്കാതെ പ്രവഹിച്ച
“ഒരു പകലിന്റെ മുഴുവൻ അനുഭവങ്ങളും
വേദനയും നീറ്റലുകളും, തിരിച്ചറിവുകളും
കൊണ്ട് ”
അയാൾ ഒന്നു ഫ്രഷായി..