രചന : അംബിക ശിവശങ്കരൻ
വിവാഹം കഴിഞ്ഞു ആദ്യമായി മറ്റൊരു വീട്ടിലെത്തിയപ്പോൾ ഒരേ ഒരു കാര്യത്തിൽ മാത്രമേ സങ്കടമുണ്ടായിരുന്നുള്ളൂ.. ‘ദേവമാമൻ.’ തനിച്ചാക്കി പോകില്ലെന്ന് ഒരു കുഞ്ഞു കുട്ടിയെ പോലെ കെട്ടിപ്പിടിച്ച് ശാഠ്യം പിടിച്ചപ്പോൾ എന്നത്തെ പോലെയും വാത്സല്യത്തോടെ പറഞ്ഞു എന്റെ കുട്ടി മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവളാണ് ദേവമാമൻ എങ്ങനെയാ കുട്ടി തനിച്ചാകുന്നത് എന്റെ കുട്ടി എന്നും ദാ ഇവിടെ ഉണ്ടല്ലോ എന്ന്..
കുഞ്ഞുനാളിലെ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട തനിക്ക് എല്ലാമായിരുന്നു ദേവമാമൻ. സത്യത്തിൽ അച്ഛനെയും അമ്മയെയും കണ്ട ഓർമ്മ പോലും തനിക്കില്ല തന്റെ മനസ്സിൽ അച്ഛനും അമ്മയും എല്ലാം ദേവമാമൻ തന്നെയാണ്. ഒരു ആക്സിഡന്റിൽ ആണ് അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയതെന്ന് കേട്ട് കേൾവിയുണ്ട്.അന്നുമുതൽ ഒരു മകളെപ്പോലെ തന്നെ വളർത്തി വലുതാക്കി സംരക്ഷിച്ചു. പലരും വിവാഹം കഴിക്കാൻ നിർബന്ധം പറഞ്ഞപ്പോഴും വിവാഹം കഴിഞ്ഞാൽ തനിക്ക് നൽകുന്ന പരിഗണന കുറഞ്ഞു പോകുമോ എന്ന ഭയം ആ പാവത്തെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഇന്നിപ്പോൾ താൻ ഇവിടെ കഴിയുമ്പോൾ ദേവമാമൻ അവിടെ തനിച്ചാണ്. അടുത്തമാസം വിഷ്ണുവിന്റെ കൂടെ ലണ്ടനിലേക്ക് കൂടി പോയി കഴിഞ്ഞാൽ ആ പാവത്തിന് എങ്ങനെയാണ് താങ്ങാൻ കഴിയുക? അതോർക്കും തോറും അവളുടെ മിഴികൾ നിറഞ്ഞു കൊണ്ടിരുന്നു.
” എന്താ മോളെ ഒറ്റയ്ക്കിരുന്ന് ചിന്തിക്കുന്നത്? ദാ വിഷ്ണു അവിടെ കിടന്ന് കയറു പൊട്ടിക്കുന്നുണ്ട്. പത്തരയ്ക്ക് അല്ലെ മുഹൂർത്തം.. കല്യാണം കഴിഞ്ഞ് ആദ്യത്തെ ഫംഗ്ഷൻ അല്ലേ.. വൈകിക്കേണ്ട ഇറങ്ങാൻ നോക്ക്.. ” അന്നേരമാണ് വിഷ്ണുവിന്റെ അമ്മ അവളുടെ അടുത്തേക് വന്നത്.
“അമ്മ എന്തിനാ ഈ വെള്ള സാരി തന്നെ ഉടുക്കുന്നത്? ഞങ്ങളുടെ കല്യാണത്തിനും ഇങ്ങനെ ആയിരുന്നല്ലോ.. അന്ന് പിന്നെ സെറ്റ് സാരി ആയിരുന്നെന്ന് കരുതാം. കല്യാണത്തിന് പോകുമ്പോൾ നല്ല പട്ടുസാരി ഉടുത്തു കൂടെ അമ്മേ?”
ആ ചോദ്യത്തിന് അവർ ചിരിച്ചുകൊണ്ട് വാത്സല്യപൂർവ്വം അവളുടെ മുടിയിഴകളിൽ തലോടി.
” അതൊക്കെ വന്നിട്ട് പറയാം വേഗം ഇറങ്ങ് അവനെ പിണക്കേണ്ട.. “പിന്നെ സമയം കളയാതെ അവർ ഇരുവരും കാറിലേക്ക് കയറി.
വിവാഹ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് വീട് എത്തിയപ്പോൾ സന്ധ്യയായിരുന്നു. കുളികഴിഞ്ഞ് അമ്മ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് നോക്കി അവൾ ഉമ്മറത്തിണ്ണയിൽ തന്നെ ഇരുന്നു. പ്രാർത്ഥന കഴിഞ്ഞ് ഒരു നുള്ള് ഭസ്മം അവളുടെ നെറുകയിൽ തൊടുവീക്കുവാനും അവർ മറന്നില്ല. ശേഷം അത്താഴം തയ്യാറാക്കാൻ അവളും അമ്മയ്ക് ഒപ്പം കൂടി.
“ഭർത്താവ് മരിച്ച സ്ത്രീകൾ ഇപ്പോഴും വെളുത്ത വസ്ത്രം ധരിക്കണം എന്ന് നിർബന്ധമാണോ അമ്മേ ഈ നാട്ടിൽ..?”
തേങ്ങ ചിരവി കൊണ്ടിരിക്കെ അവൾ ചോദിച്ചു.
മോൾ അത് ഇതുവരെ വിട്ടിട്ടില്ല അല്ലേ? ” ചിരിച്ചുകൊണ്ട് അവർ തുടർന്നു.
“ഇന്നിപ്പോ ഏറെക്കുറെ മാറ്റങ്ങൾ വന്നിട്ടുണ്ടാകണം. അന്നും പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ വെളുത്ത വസ്ത്രത്തിൽ നിന്നും അമ്മയ്ക്കും മോചനം ലഭിച്ചേനെ.. പക്ഷേ ആരെല്ലാമോ ചേർന്ന് ഇത് എന്റെ മേൽ ചാർത്തി തരുമ്പോൾ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞിരുന്നില്ല.”
“ഇന്നിപ്പോ വർഷങ്ങൾ കഴിഞ്ഞില്ലേ അമ്മേ ഇനിയെങ്കിലും മാറിക്കൂടെ..?” കാലമെത്ര കഴിഞ്ഞെന്നു പറഞ്ഞാലും സമൂഹത്തിനിടയിൽ വിധവകൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് മോളെ.. അതിൽ ആദ്യത്തെതാണ് ഈ വെളുത്ത വസ്ത്രം. ഞാനിത് ധരിക്കാൻ തുടങ്ങിയ അന്നുമുതൽ ഇന്നുവരെ ഒരാൾ പോലും എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല നീ നിന്റെ ഇഷ്ടങ്ങൾക്ക് ഒപ്പം ജീവിക്കാൻ..
എന്തിനേറെ പറയുന്നു എന്റെ മക്കൾ പോലും പറഞ്ഞില്ല അമ്മ ഇനിയെങ്കിലും ഈ വെളുത്ത വസ്ത്രം അഴിച്ചു വയ്ക്കാൻ.. ആദ്യമായി മോളാണ് അമ്മയോട് ഇത് ആവശ്യപ്പെട്ടത്. ”
അത് പറയുമ്പോൾ അവരുടെ മിഴികൾ തുളുമ്പിയിരുന്നു അവൾ അവരെ സമാധാനിപ്പിച്ചു.
” സത്യത്തിൽ അമ്മ ആഗ്രഹിച്ച ഒരു ജീവിതം ആണോ അമ്മ ജീവിച്ചു തീർക്കുന്നത്?”
“നമ്മൾ ആഗ്രഹിച്ചത് പോലെ മാത്രം സംഭവിച്ചാൽ അതിനെ ജീവിതം എന്നു പറയില്ലല്ലോ മോളെ.. പിന്നെ സങ്കടം ഒന്നുമില്ല രണ്ടു മക്കളെ ദൈവം തന്നു ആരോഗ്യവും.. അവരെ നന്നായി പഠിപ്പിച്ചു രണ്ടാളും ഇന്ന് നല്ല നിലയിൽ എത്തി. ഇതിൽപരം ഒരു അമ്മയ്ക്ക് സന്തോഷിക്കാൻ വേറെ എന്ത് വേണം?”
“ചേച്ചിയും കുടുംബത്തോടെ വിദേശത്താണ്.ഇനിയിപ്പോൾ അടുത്തമാസം ഞാനും വിഷ്ണുവും കൂടി ലണ്ടനിലേക്ക് പോയാൽ പിന്നെ അമ്മ തനിച്ച് ആയില്ലേ…?” അതു പറഞ്ഞപ്പോൾ അവരുടെ മുഖം മങ്ങിയത് അവൾ ശ്രദ്ധിച്ചു എങ്കിലും അത് പ്രകടമാക്കാതെ അവർ വീണ്ടും പുഞ്ചിരിച്ചു.
“ഉമ വിവാഹം കഴിഞ്ഞു പോയപ്പോൾ വിഷ്ണു ആയിരുന്നു കൂട്ടിന്.. അവനിപ്പോൾ അഞ്ചുവർഷമായില്ലേ ലണ്ടനിൽ അന്നുമുതൽ ഞാൻ ഈ ഏകാന്തത ശീലിച്ചു തുടങ്ങിയതാണ്. പിന്നെ പകൽ മുഴുവൻ പശുവും കോഴിയും ഒക്കെയായി സമയം പോകും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് ഓരോന്ന് ഓർമ്മ വരിക.
അതുകൊണ്ട് നിങ്ങൾ പോയാൽ മുറ്റമടിക്കാൻ വരുന്ന ശാന്തയോട് രാത്രി വന്നു കിടക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് അവളും തനിച്ചല്ലേ അവിടെ..”
“ഉം.. ” അവൾ മൂളി.അച്ഛൻ എങ്ങനെയാ അമ്മേ മരിച്ചത്?””നിയന്ത്രണമില്ലാത്ത മദ്യപാനം..ആരു പറഞ്ഞാലും അനുസരിക്കാത്ത സ്വഭാവമായിരുന്നു. അതുകൊണ്ട് ആവാം ആയുസ്സ് എത്തും മുൻപേ മരണത്തിന് കീഴടങ്ങേണ്ടി വന്നു..”ഒരു ദീർഘ വിശ്വാസത്തോടെ അവർ പറഞ്ഞു.
“വൃന്ദെ….”അകത്തുനിന്ന് വിഷ്ണുവിന്റെ വിളി കേട്ടതും അവൾ അങ്ങോട്ടേക്ക് പോയി.
” ഞാൻ തന്റെ കയ്യിൽ ഒരു പെൻഡ്രൈവ് ഏൽപ്പിച്ചിരുന്നില്ലേ..അത് എവിടെ? ”
അവൾ അലമാര തുറന്ന് അതെടുത്ത് വിഷ്ണുവിന് നേരെ നീട്ടി. എന്താടോ കാര്യമായ എന്തോ ആലോചന ആണെന്നു തോന്നുന്നു. ” അവന് പെൻഡ്രൈവ് നൽകി കട്ടിലിൽ വന്നിരുന്നു എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുന്ന അവളെ തട്ടി വിളിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു.
“ഏയ് ഞാൻ വെറുതെ… ഞാനൊന്ന് ദേവമാമനെ വിളിച്ചിട്ട് വരാം.”സംസാരിക്കുമ്പോൾ ഇടയ്ക്കെപ്പോഴോ മാമന്റെ വാക്കുകൾ ഇടറുന്നുണ്ടെന്ന് അവൾ ശ്രദ്ധിച്ചു. അത് അവളെ അത്രമേൽ ആഴത്തിൽ വേദനിപ്പിച്ചു. ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആകാതെ പലപ്പോഴും അവർക്കിടയിലും മൗനം തളം കെട്ടിനിന്നു.
ദിവസങ്ങൾ പിന്നെയും കടന്നുപോയി ലണ്ടനിലേക്ക് പോകാൻ ഇനി വെറും രണ്ടു ആഴ്ച കൂടിയേ ഉള്ളൂ എന്ന് അവൾ ഓർത്തു.
“വിഷ്ണു.. എനിക്കൊരു കാര്യം പറയാനുണ്ട്.” ഒരിക്കൽ മുറിയിൽ രണ്ടാളും തനിച്ചായ നേരമാണ് അവൾ പറഞ്ഞത്.
“എന്താടോ?””നമ്മൾ പോയാൽ അമ്മ തനിച്ചാകില്ലേ?””അമ്മയ്ക്ക് അത് ശീലമായില്ലേടോ.. ലണ്ടനിലേക്ക് വരാൻ പറഞ്ഞാൽ അമ്മ കേൾക്കുകയും ഇല്ല.”
“വേണ്ട വിഷ്ണു ഇനിയെങ്കിലും അമ്മ അമ്മയുടെ ഇഷ്ടങ്ങൾക്കൊത്ത് ജീവിക്കട്ടെ..”
“ഹാ അതാണ് പിന്നെ ഞാനും നിർബന്ധിക്കാത്തത്.””അമ്മയ്ക്ക് ഇനിയെങ്കിലും ഒരു കൂട്ട് വേണ്ടേ വിഷ്ണു..? എത്ര കാലം എന്ന് കരുതിയാണ് തനിച്ച്.”
വിഷ്ണുവിന്റെ പ്രതികരണം എന്താകുമെന്ന് അറിയാതെ അവൾ മടിച്ചു മടിച്ചു പറഞ്ഞു.
“വാട്ട് യു മീൻ വൃന്ദ..?”അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ വിഷ്ണു നെറ്റി ചുളിച്ചു.
” യെസ് വിഷ്ണു.. അമ്മയുടെ മാരേജിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ”
“വാട്ട്?? ഈ അൻപത്തി രണ്ടാം വയസ്സിൽ ആണോ കല്യാണം?ആരും കേൾക്കണ്ട കല്യാണം കഴിക്കണമെങ്കിൽ അമ്മയ്ക്ക് അത് പണ്ടേ ആകാമായിരുന്നു. ഇങ്ങനെ ഓരോ മണ്ടത്തരങ്ങൾ വിളിച്ചു പറയാതെ വൃന്ദ..”
” വിഷ്ണു എന്നെങ്കിലും നിങ്ങൾ ആ അമ്മയുടെ മനസ്സ് അറിയാൻ ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ മറ്റൊരു വിവാഹം വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ മക്കൾക്ക് വേണ്ടിയാണ്. ഇന്നിപ്പോൾ നിങ്ങൾ വളർന്നു വലിയ നിലയിലായി രണ്ടാൾക്കും കുടുംബവുമായി. അപ്പോഴും അമ്മയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
നിങ്ങൾ അമ്മയ്ക്ക് ഒപ്പം നിന്നിരുന്നെങ്കിൽ ഇന്നും അവർ ഈ വെളുത്ത വസ്ത്രവും ധരിച്ച് നടക്കില്ലായിരുന്നു. ഒന്നാലോചിച്ചു നോക്ക് വിഷ്ണു ശരിക്കും ഇപ്പോഴല്ലേ അമ്മയ്ക്ക് ഒരു കൂട്ട് വേണ്ടത്. എല്ലാ കടമകളും നിർവഹിച് ഇനിയല്ലേ സ്വസ്ഥമായി ഒന്ന് ജീവിക്കേണ്ടത്. ”
അവൻ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല.” ശരി ഞാൻ എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ല. പക്ഷേ അമ്മ ഇതിനു സമ്മതിക്കേണ്ടേ?? ഇനി സമ്മതിച്ചാൽ തന്നെ ആരെയാണ് നമ്മൾ കണ്ടെത്തേണ്ടത്? ”
” വിഷ്ണു ഞാൻ പറയുന്നതിന്റെ തെറ്റും ശരിയും ഒന്നും എനിക്കറിയില്ല.മറ്റുള്ളവർ ഇതിനെ എങ്ങനെ കാണും എന്നും അറിയില്ല എന്റെ കണ്ണിൽ ഇത് ശരിയാണ്.. ഈശ്വരന്റെ കണ്ണിലും ശരിയാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. വിഷ്ണു എന്റെ കൂടെ നിന്നാൽ മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല..
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ ആണ് രണ്ട് പേരും അവർ ഒന്നിക്കും എങ്കിൽ…”
“ദേവമാമന്റെ കാര്യമാണോ താൻ പറഞ്ഞു വരുന്നത്?”
“അതെ വിഷ്ണു.. എനിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചതാണ് ആ മനുഷ്യനും. ഇനിയെങ്കിലും ആ പാവവും ഒന്ന് ജീവിച്ചോട്ടെ.. അമ്മയും ദേവമാമനും ഒന്നിക്കും എങ്കിൽ മറ്റാരെക്കാളും മനസ്സിലാക്കാനും സ്നേഹിക്കാനും അവർക്ക് കഴിയും. അതിലുപരി പിന്നെ എനിക്ക് മറ്റൊന്നും വേണ്ട..” അവളുടെ ശബ്ദം ഇടറി.
” ദേവമാമന്റെ കാര്യത്തിൽ എനിക്ക് അഭിപ്രായവ്യത്യാസം ഒന്നുമില്ല.. പക്ഷേ ഇത് അവർ അംഗീകരിക്കേണ്ട? ചേച്ചിയോട് ഇക്കാര്യം പറയണ്ടേ? ”
” ചേച്ചിയോട് ഞാൻ പറഞ്ഞോളാം.. പിന്നെ അവരെ സമ്മതിപ്പിക്കുന്ന കാര്യവും ഞാൻ നോക്കിക്കോളാം. വിഷ്ണുവും എന്റെ കൂടെ നിന്നാൽ മതി. ” അവൻ സമ്മതം മൂളി.
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ വലിയൊരു കൊടുങ്കാറ്റ് ആയിരുന്നു ഇക്കാര്യം അമ്മയോട് അവതരിപ്പിച്ചപ്പോൾ ഉണ്ടായത്..
“ഇനി ഈ പ്രായത്തിൽ കല്യാണമോ? എന്താണ് മോളെ നീ ഈ പറയുന്നത് ഞാൻ എന്റെ മക്കളുടെയും നാട്ടുകാരുടെയും മുഖത്ത് എങ്ങനെ നോക്കും?”
“അമ്മേ ഇപ്പോഴും മറ്റുള്ളവർ എന്ത് കരുതും എന്ന ചോദ്യം മാത്രമാണ് അമ്മയെ അലട്ടുന്നത്. അമ്മയുടെ മനസ്സ് മറ്റാരെക്കാളും എനിക്കറിയാം ഒരു കൂട്ട് ഇനിയെങ്കിലും അമ്മയ്ക്ക് അനിവാര്യമാണ്. എന്റെ ദേവമാമൻ പാവമാണ് സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ.. ഒരിക്കലും അമ്മയുടെ കണ്ണുനീർ മാമൻ വീഴ്ത്തില്ല.”
എതിർപ്പുകൾ പതിയെ തേങ്ങലായി മാറിയപ്പോൾ അവൾ അവരെ വാരിപ്പുണർന്നു.
” അമ്മയുടെ കൂടെ അമ്മയുടെ മക്കളുണ്ട് അമ്മ പിന്നെ ആരെയാണ് പേടിക്കുന്നത്? ” നിറഞ്ഞ കണ്ണുകളോടെ അവരവളയും പുണർന്നു.
ദേവമാമനോട് ഇക്കാര്യം അവതരിപ്പിക്കുമ്പോൾ തികഞ്ഞ മൗനം ആയിരുന്നു മറുപടി സമ്മതമാണെന്നോ അല്ലെന്നോ പറയാതെ ഒരേ നിൽപ്പ്.. അന്നേരവും അവള്‍ അയാളെ ഒരു മകളുടെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു.
” ഇനിയെങ്കിലും മാമൻ ജീവിക്കണം എനിക്ക് വേണ്ടി.. “അവളുടെ മിഴികൾ നിറഞ്ഞൊഴുകിയതും കല്ലുപോലെ നിന്ന അയാളും തേങ്ങിപ്പോയി.
ഇന്നാണ് വിഷ്ണുവിന് ഒപ്പം ലണ്ടനിലേക്ക് പോകുന്നത് എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി എയർപോർട്ടിലേക്ക് പോകുമ്പോൾ അവൾ മിററിലൂടെ ആ സുന്ദര കാഴ്ച ഒന്നു കൂടി കണ്ടു.
ദേവമാമന്റെ താലിയണിഞ് സുമംഗലിയായ അമ്മയും അമ്മയെ ചേർത്തു നിർത്തി തങ്ങളെ യാത്രയാക്കുന്ന ദേവമാമനും.