(രചന: അംബിക ശിവശങ്കരൻ)
“ഡാ വിനു… നീ ഇങ്ങനെ മുറിക്കകത്ത് തന്നെ തപസ്സിരിക്കുന്നത് അവസാനിപ്പിച്ചോ കേട്ടോ… ലോകത്തിൽ ഭാര്യ ഇട്ടിട്ട് പോകുന്ന ആദ്യത്തെ ഭർത്താവ് ഒന്നുമല്ല നീ. അവളുടെ കയ്യിലിരിപ്പ് അനുസരിച്ച് അവൾ നിന്റെ ഭാര്യ ആയി ജീവിച്ചാൽ ആയിരുന്നു നിനക്ക് നാണക്കേട് ഉണ്ടാകുക..
ഇതിപ്പോ അവൾ ആയിട്ട് തന്നെ ഒഴിഞ്ഞു തന്നത് നിന്റെ ഭാഗ്യമായിട്ട് കണക്കാക്കിയാൽ മതി. ഏതോ ഒരുത്തനെ പ്രേമിച്ച് മടുത്തപ്പോൾ അവൾ നിന്നെ വലവീശിപ്പിടിച്ചു. നിന്റെ സ്നേഹം ആത്മാർത്ഥമായതുകൊണ്ട് നീ അവളെ വിവാഹം കഴിച്ചു.
അല്ല….. അങ്ങനെ ഒരു നീക്കം അവളും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.”
“മൂന്നുമാസം നിന്റെ കൂടെ ജീവിച്ചപ്പോൾ അവൾക്ക് നിന്നെയും മടുത്തു വേറൊരുത്തന്റെ കൂടെ പോയി. ഇനി നോക്കിക്കോ കുറച്ച് നാൾ കഴിഞ്ഞാൽ അവൾ അവനെയും ഇട്ടിട്ട് വേറൊരുത്തന്റെ കൂടെ പോകും.
ഇങ്ങനെയുള്ളവരുടെ സൈക്കോളജി അതാണ്. അവൾ തലയിൽ നിന്ന് പോയതിന് സന്തോഷിക്കാതെ കട്ട ശോകവും അടിച്ച് വീടും നാടും വിട്ട് ഇവിടെ വന്ന് അവൻ വാടകയ്ക്ക് താമസിക്കുന്നു. നാണമുണ്ടോടാ നിനക്ക്?”
കൂട്ടുകാരൻ അനീഷ് പറയുന്നത് അത്രയും സത്യമായിരുന്നു എങ്കിലും അവന്റെ മനസ്സിന് അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.
” അവൾ എന്നെ സ്നേഹിച്ചത് നേരമ്പോക്ക് ആയിട്ടായിരിക്കുമെടാ… പക്ഷേ ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്. അതുകൊണ്ടാണ് വീട്ടുകാർ എതിർത്തിട്ട് പോലും ഞാൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇഷ്ടമില്ലാതിരുന്നിട്ട് കൂടിയും വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിച്ചത്. ”
” നിനക്കറിയാമല്ലോ ആർഭാടമായി തന്നെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. നാടും വീടും ബന്ധുക്കളും നിറഞ്ഞ ഒരു ഉത്സവമായിരുന്നു അത്. സ്വന്തം മകളെ പോലെ ആണ് എന്റെ അച്ഛനും അമ്മയും അവളെ സ്നേഹിച്ചത്.
എന്നെ ഓർത്തില്ലെങ്കിലും അവരെ എങ്കിലും അവൾക്കോർക്കാമായിരുന്നു. എന്റെ ഇഷ്ടത്തിന് കൂടെ നിന്നിട്ട് ഇപ്പോൾ അവർക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്ത് നോക്കാൻ പറ്റാതെയായി.
നാട്ടുകാരുടെ പരിഹാസം കലർത്തിയുള്ള ചോദ്യങ്ങൾ സഹിക്കാൻ വയ്യാഞ്ഞിട്ട് ഞാൻ നിന്റെ കൂടെ ഇവിടേക്ക് താമസം മാറിയത്. ഇവിടെയാകുമ്പോൾ ജോലിയ്ക്കും പോയി വരാമല്ലോ എന്ന് കരുതി. അപ്പോഴും ഞാൻ എന്റെ അച്ഛനെയും അമ്മയെയും മറന്നു.
മറ്റുള്ളവരുടെ മുന്നിൽ എന്നും തലയുയർത്തിപ്പിടിച്ച് നടന്നവർ ഇപ്പോൾ എല്ലാവരുടെ മുന്നിലും തലകുനിച്ച് ആണ് നടക്കുന്നത്. എല്ലാത്തിനും കാരണക്കാരൻ ഞാനാണ്. ഞങ്ങളോട് ഈ ചതി ചെയ്യാൻ മാത്രം ഞങ്ങൾ എന്ത് തെറ്റാണ് അവളോട് ചെയ്തത്? ആത്മാർത്ഥമായി അവളെ സ്നേഹിച്ചതോ? ”
അവൻ ആരോടെന്നില്ലാതെ പറഞ്ഞു.
“അതൊന്നും എനിക്കറിഞ്ഞുകൂടാ….. നീ ഇങ്ങനെ മോങ്ങിക്കൊണ്ടിരുന്നാൽ പോയ അഭിമാനം തിരിച്ചുകിട്ടുമൊന്നുമില്ലല്ലോ? അവൾ ഇപ്പോൾ വേറൊരുത്തന്റെ കൂടെ സുഖമായി ജീവിക്കുന്നുണ്ടാകും. നിന്നെ അവൾ ഓർക്കുന്നത് പോലുമുണ്ടാകില്ല. അവൾ നിന്നെ ഇട്ടിട്ടു പോയാൽ അവളെക്കാൾ നല്ലൊരു പെണ്ണിനെ കെട്ടണം അവൾ അങ്ങ് ചമ്മി പോട്ടെ…”
“ഹ്ഹ്മ്മ്… ഇനിയൊരു കല്യാണം…. ഈ പെണ്ണ് എന്ന വർഗ്ഗത്തിനെ തന്നെ വിശ്വസിക്കാൻ കൊള്ളില്ല ഇനി എനിക്കൊരു കല്യാണവും വേണ്ട.”
“വേണ്ടെങ്കിൽ വേണ്ട ഉള്ള ലൈഫ് ഇങ്ങനെ സെന്റി അടിച്ചു തീർക്കാതെ അടിച്ചുപൊളിക്കാൻ നോക്ക്….നീ കേട്ടിട്ടില്ലേ കടുക്കൻ ഇട്ടവൾ പോയാൽ കമ്മലിട്ടവൾ വരുമെന്ന് ജസ്റ്റ് വെയിറ്റ് ഫോർ ദാറ്റ്….”
അന്നേരമാണ് വെളിയിൽ ഒരു വണ്ടി വന്ന് സാധനങ്ങൾ ഇറക്കുന്ന ശബ്ദം കേട്ടത്. ഇരുവരും എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് എത്തിനോക്കി.
” അപ്പുറത്തെ വീട്ടിലേക്കുള്ള പുതിയ താമസക്കാരാണ് എന്ന് തോന്നുന്നു. കൃഷ്ണേട്ടൻ പറഞ്ഞിരുന്നു അത് വാടകയ്ക്ക് കൊടുക്കണമെന്ന്. ”
അനൂപ് വിനുവിനോട് ആയി പറഞ്ഞു.
ഒരു അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബം. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ആ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ. തങ്ങളെ കണ്ടതും ഒരു പരിഭ്രമവും ഭയവും ആ പെൺകുട്ടിയുടെ കണ്ണിൽ നിറഞ്ഞു നിന്നിരുന്നത് വിനു ശ്രദ്ധിച്ചു. അമ്മയുടെ പുറകിലേക്ക് മറഞ്ഞ് കൊണ്ട് അവൾ വീടിനകത്തേക്ക് പോയി.
“എന്നാലും ആ പെൺകുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ..”
അകത്തേക്ക് വന്നതും രണ്ടുമൂന്ന് തവണ അനൂപ് ഇതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
” എവിടെയോ കിടക്കുന്ന വാടകക്കാരെ നീ എങ്ങനെ അറിയാനാ…. ഒന്ന് ചുമ്മാതിരി അനൂപേ… അല്ലെങ്കിലും പെൺപിള്ളേരെ കാണുമ്പോൾ പണ്ടേ ഉള്ളതാ നിനക്ക് ഈ ഇളക്കം. ”
അതും പറഞ്ഞുകൊണ്ട് അവൻ മുറിയിൽ പോയിരുന്നു. അല്പനേരം കഴിഞ്ഞതും എന്തോ കണ്ടുപിടിച്ച മട്ടിൽ അനൂപ് ഓടിക്കൊണ്ടുവന്നു.
” ഡാ നീ എന്താ പറഞ്ഞേ എനിക്ക് പെൺകുട്ടികളെ കാണുമ്പോൾ ഇളക്കമാണ് എന്നല്ലേ? അവളെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ നീയെന്നെ കോഴിയാക്കി. ഈ അനൂപ് വെറുതെ അങ്ങനെ ഒന്നും പറയില്ല മോനെ… ദാ ഇത് കണ്ടു നോക്ക്. ”
തനിക്ക് നേരെ നീട്ടിയ ഫോണിലേക്ക് ഉറ്റു നോക്കിയതും ഒരു നിമിഷം അവനൊന്ന് ഞെട്ടി. നേരത്തെ വന്നിറങ്ങിയ പെൺകുട്ടിയുടെ അതേ മുഖച്ഛായയിൽ ഒരു പെൺകുട്ടിയുടെ അർദ്ധ നഗ്ന വീഡിയോ!.
“ഇപ്പോൾ നീ എന്ത് പറയുന്നു?അവളുടെ പരുങ്ങലും നോട്ടവും കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ കള്ളത്തരം മണത്തതാ… ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട് പൂച്ചയെപ്പോലെ പതുങ്ങി നിൽക്കുന്നത് കണ്ടില്ലേ?”
“നിനക്ക് ഈ വീഡിയോ എവിടുന്ന?”
വിനു ഗൗരവത്തോടെ ചോദിച്ചു.
“ഓഹ് നീ ആ ഗ്രൂപ്പിൽ ഇല്ലല്ലോ… ഇത്തരം തുണ്ട് വീഡിയോകൾ എല്ലാം കിട്ടുന്ന ഒരു ഗ്രൂപ്പ് ഉണ്ട്. ഇത് രണ്ടാഴ്ച മുന്നേ ഞാൻ ഡൗൺലോഡ് ചെയ്തു വെച്ചതാ. ഇവരെന്തോ കേസ് ഒക്കെ കൊടുത്തെന്ന് തോന്നുന്നു. എല്ലാ വെബ്സൈറ്റിൽ നിന്നും അത് റിമൂവ് ആയി. എന്റെ ഫോണിൽ കിടന്നതുകൊണ്ട് ഇപ്പോൾ തെളിവായില്ലേ?”
” ഇനി ഇതും അവശേഷിക്കേണ്ട… ”
ഫോണിൽ നിന്നും അത് ഡിലീറ്റ് ആക്കിക്കൊണ്ട് അവനത് അനൂപിനു തന്നെ തിരികെ കൊടുത്തു
“എന്ത് പണിയാടാ നീ ഈ കാണിച്ചത്? നിനക്ക് കാണേണ്ടെങ്കിൽ വേണ്ട എന്തിനാ ബാക്കിയുള്ളവരെ തടയുന്നത്?”
അവനു ദേഷ്യം വന്നു
“അത്രയ്ക്ക് മുട്ടി നിൽക്കുവാണേൽ സ്വന്തമായി ഒരു പെണ്ണിനെ താലികെട്ടി കൊണ്ടുവാ… അല്ലാതെ ഇതുപോലെ വൃത്തികെട്ട പരിപാടികൾ ചെയ്യുകയല്ല വേണ്ടത്.”
” അവർക്ക് കാണിക്കാം നമുക്ക് കാണാൻ പാടില്ല ഇതെവിടുത്തെ നിയമമാണ്? ”
അവൻ പിറുപിറത്തു കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു.
രണ്ടുമൂന്നു ദിവസം അവർ ആരെയും പുറത്തൊന്നും കണ്ടില്ല. പിന്നീട് രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ അച്ഛനെ ഇടയ്ക്ക് പുറത്ത് കാണാറുണ്ട്.ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അയാൾ മറയും. ഒരച്ഛന്റെ വേദന മുഴുവനാച്ചിരിയിൽ ഒളിഞ്ഞിരിക്കാറുണ്ട്.
ദിവസങ്ങൾ കടന്നുപോയി അനൂപ് നാട്ടിലേക്ക് പോയി. വീട്ടിൽ തനിച്ചിരിക്കുന്ന നേരത്താണ് ആ പെൺകുട്ടിയുടെ അച്ഛൻ അങ്ങോട്ട് വന്നത്.
“മോനെ അവിടെ വെള്ളമില്ല. രാവിലെ മുതൽ ഓണറിനെ വിളിക്കുന്നത കിട്ടുന്നില്ല. എനിക്കാണെങ്കിൽ ഇവിടെ ആരെയും പരിചയവുമില്ല. ഏതെങ്കിലും ഇലക്ട്രീഷ്യന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരുമോ?”
“അതിനെന്താ ഞാൻ തരാമല്ലോ…”
അവൻ വേഗം ഫോണെടുത്ത് അയാൾക്ക് നമ്പർ പറഞ്ഞു കൊടുത്തു.
” കയറുന്നില്ലേ? ”
അവൻ അയാളെ അകത്തേക്ക് ക്ഷണിച്ചെങ്കിലും പിന്നീട് ഒരിക്കൽ ആകാം എന്നും പറഞ്ഞ് അയാൾ സ്നേഹപൂർവ്വം നിരസിച്ചു.
അന്ന് വൈകുന്നേരം തന്നെ അയാൾ വീണ്ടും വിനുവിന്റെ അടുത്തേക്ക് വന്നു. ഇക്കുറി ക്ഷണിക്കാതെ തന്നെ അയാൾ അകത്തേക്ക് കയറിയിരുന്നു.
ഉള്ള തുറന്നു കരയാൻ അയാളുടെ മനസ്സ് കൊതിക്കുന്നത് പോലെ അവന് തോന്നി.
” മോൻ രാവിലെ വിളിച്ചപ്പോൾ കയറാതിരുന്നത് പേടിച്ചിട്ടാണ്. ഒരാളുടെ നേരെ ചെന്ന് നിന്ന് മുഖത്ത് പോലും നോക്കാൻ ഇപ്പോൾ എനിക്ക് ധൈര്യമില്ല. ചതി ഒളിപ്പിച്ചു വെച്ചുള്ള പുഞ്ചിരി എനിക്ക് ഭയമാണ്. ”
അയാൾ അല്പം മദ്യപിച്ചിരുന്നത് കൊണ്ട് തന്നെ നാവ് കുഴഞ്ഞു പോയിരുന്നു.
“എന്റെ മോളെ മോൻ കണ്ടിട്ടുണ്ടാകുമല്ലോ… കണ്ടിട്ടുണ്ടാകാതിരിക്കാൻ വഴിയില്ല എല്ലാവരും അത് ആഘോഷമാക്കിയതല്ലേ?”
അൽപ്പനേരത്തെ മൗനത്തിനുശേഷം അയാൾ തുടർന്നു.
” എന്റെ മോൾ ഒരു പാവമാ… ചതിച്ചത അവൻ എന്റെ മോളെ… ആത്മാർത്ഥമായി ആ ദുഷ്ടനെ സ്നേഹിച്ചു എന്ന തെറ്റു മാത്രമേ എന്റെ മോള് ചെയ്തിട്ടുള്ളൂ… അതിനു അവൻ എന്റെ മോൾക്ക് കൊടുത്ത ശിക്ഷയാണത്. ”
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
“സ്നേഹം നടിച്ച് അവൻ എന്റെ മോളെ വിളിച്ചുവരുത്തി എന്തോ കുടിപ്പിച്ചു. സ്വബോധം നഷ്ടപ്പെട്ട അവളെക്കൊണ്ട് ചെയ്യിച്ച വൃത്തികേടുകൾ മൊബൈലിൽ പകർത്തി. ബോധം വന്നപ്പോൾ കരഞ്ഞു കൊണ്ടാണ് എന്റെ മോള് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നത്.
പിന്നെയും അവനു വഴങ്ങി കൊടുക്കാൻ പറഞ്ഞു അവൻ അവളെ ഭീഷണിപ്പെടുത്തി. പോലീസിൽ പരാതി കൊടുത്താൽ ആ വീഡിയോ ഇന്റർനെറ്റിൽ ഇടുമെന്ന് പറഞ്ഞ് അവൻ എന്റെ മോളെ പിന്നെയും ഭയപ്പെടുത്തി. അങ്ങനെ അവൾ ആ ത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാഗ്യം കൊണ്ടാണ് ഞാൻ അന്ന് കണ്ടത്.”
” രണ്ടും കൽപ്പിച്ച് ഞാൻ പോലീസിൽ പരാതി കൊടുത്തു. പക്ഷേ അതിനു മുന്നേ ആ വീഡിയോ എല്ലാവരിലേക്കും എത്തിയിരുന്നു. പിടികൂടുന്നതിനു മുന്നേ അവൻ അവന്റെ പക തീർത്തു. പോലീസ് ഇടപെട്ട് ആ വീഡിയോ നീക്കം ചെയ്യുമ്പോഴേക്കും എല്ലാവരും അത് കണ്ടു കഴിഞ്ഞിരുന്നു.
എന്റെ മോൾക്ക് തല ഉയർത്തി നടക്കാൻ പറ്റാതായി. വേറൊരു കണ്ണിലൂടെ മറ്റുള്ളവർ എന്റെ മോളെ നോക്കി കണ്ടു.അവിടെ നിന്നാൽ എന്റെ മോൾ ജീവനോടെ ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കിട്ടിയത് പെറുക്കി കെട്ടി ഞങ്ങൾ ഇങ്ങോട്ട് താമസം മാറിയത്.
ഇവിടെ പെട്ടെന്നാർക്കും ഞങ്ങളെ തിരിച്ചറിയില്ലല്ലോ. എന്റെ മോളുടെ ജീവിതം നശിച്ചു. എനിക്കറിയാം നിയമം അവനെ വെറുതെ വിടുമെന്ന്. നിയമം വെറുതെ വിട്ടാലും ഞാൻ അവനെ വെറുതെ വിടില്ല.എന്റെ മോളുടെ സന്തോഷം തല്ലി കെടുത്തിയ അവനെ ഞാൻ ഇനി ജീവിക്കാൻ സമ്മതിക്കില്ല. ”
അയാളുടെ രക്തം തിളച്ചു.
” ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും ചിന്തിക്കേണ്ട… കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ അവനു കിട്ടും. പിന്നെ എല്ലാം കുറച്ചുനാൾ കഴിയുമ്പോൾ എല്ലാവരും മറക്കും. ആരെയും ഭയപ്പെടേണ്ട…
മോളെ ഇങ്ങനെ അടച്ചിടേണ്ട… അതായിരിക്കും അവളുടെ മനസ്സിനെ കൂടുതൽ വ്രണപ്പെടുത്തുന്നത്. ഇവിടെ ആരും നിങ്ങളെ പരിഹസിക്കില്ല.ഞങ്ങൾ ഇല്ലേ ഇവിടെ… നിങ്ങൾ ധൈര്യം ആയിരിക്കു… ”
അവന്റെ വാക്കുകൾ അയാൾക്ക് തെല്ലൊരാശ്വാസം ഏകി.
മുറിയിൽ വന്ന് തനിച്ചിരിക്കുമ്പോൾ സ്നേഹത്തിന് പകരം നോവ് അനുഭവിക്കുന്നത് തന്നെക്കാൾ നൂറിരട്ടി അവൾ ആണെന്ന് അവന് ബോധ്യമായി. ഹൃദയം നൽകി സ്നേഹിച്ചവൻ ഈ ചതി ചെയ്യുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല പാവം.
അന്ന് മുഴുവൻ അവളെ ഓർത്ത് അവന്റെ ഹൃദയം വേദനിച്ചു.
പിന്നീട് ആ കുടുംബവുമായി അവൻ ഏറെ അടുക്കാൻ ശ്രമം നടത്തി. തകർന്നടിഞ്ഞ ആ കുടുംബത്തിനൊപ്പം നിൽക്കണമെന്ന ആഗ്രഹവും ദിവ്യ എന്ന ആ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുള്ള ചിന്തയുമായിരുന്നു മനസ്സിൽ.
” ഇങ്ങനെ എത്ര നാളാണെന്ന് കരുതിയാണ് ഈ നാല് ചുവരുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്നത്. ഞാനെന്റെ ഓഫീസിലെ എംഡി യോട് എല്ലാം സംസാരിച്ചു ദിവ്യയ്ക്ക് ഒരു ജോലി റെഡിയാക്കിയിട്ടുണ്ട്. ദിവസവും മറ്റുള്ളവരുമായി സന്തോഷത്തോടെ ഇടപഴുകുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസമാകും. ”
അവൻ പറഞ്ഞത് കേട്ട് അച്ഛനും അമ്മയ്ക്കും സന്തോഷമായെങ്കിലും അവളുടെ മുഖത്ത് യാതൊരു സന്തോഷവും ഉണ്ടായില്ല. മാത്രമല്ല എന്തിനെന്നറിയാത്ത ഒരു ഭയം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു.
” ദിവ്യയുടെ അത്ര വരില്ലെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിൽ നിന്നും ചതി നേരിടേണ്ടി വന്ന ഒരാളാണ് ഞാനും.എനിക്ക് ദിവ്യയെ മനസ്സിലാകും. ഞാൻ ഉറപ്പു തരാം ഒരാളുപോലും അവിടെ പരിഹസിച്ചു കൊണ്ടൊരു നോട്ടം പോലും ദിവ്യയെ നോക്കില്ല. ”
ആ ഒരു ഉറപ്പിന്മേൽ അവൾ സമ്മതം മൂളി.പേടിച്ചു പേടിച്ച് രാവിലെ ഓഫീസിലേക്ക് പോയ അവൾ പുഞ്ചിരിച്ചു കൊണ്ടാണ് വൈകുന്നേരം തിരികെ വന്നത്.എന്നോ മാഞ്ഞുപോയ മകളുടെ ചിരി കണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.
“എന്താടാ ആ പെണ്ണിന് ഓഫീസിൽ ജോലിയൊക്കെ വാങ്ങിക്കൊടുത്തെന്ന് കേട്ടു.. ഏതുതരം കേസാണെന്ന് അറിയാല്ലോ വെറുതെ വയ്യാവേലി തലയിൽ വയ്ക്കേണ്ട…”
അനൂപിന്റെ ഉപദേശത്തിന് പക്ഷേ അവൻ ചെവി കൊടുത്തില്ല.
ഓരോ ദിവസം കഴിയുംതോറും അവൾ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരുന്നു. അവളുടെ ആത്മവിശ്വാസം അവളുടെ ചിരിയിൽ പ്രകടമായി തുടങ്ങി. വിനുവിന്റെയും ദിവ്യയുടെയും ഇടയിൽ നല്ലൊരു സൗഹൃദം വളർന്നുവന്നു. വിനു ഇല്ലായിരുന്നെങ്കിൽ നാല് ചുമരുകൾക്കുള്ളിൽ തന്റെ ജീവിതം തീരുമായിരുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു.
മാസങ്ങൾ വീണ്ടും കടന്നുപോയി. അവൾ ഇന്ന് ഓഫീസിലെ വളരെ ഊർജ്ജസ്വലതയോടെ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ് ആണ്. ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ ഓർമ്മകളെ കുറിച്ച് അവൾ ചിന്തിക്കാറില്ല. ഇത് പുതിയൊരു ജീവിതമാണ്. അതവൾ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
” അനൂപേ…നീ ഒരിക്കൽ പറഞ്ഞിട്ടില്ലേ കടുക്കനിട്ടവൾ പോയാൽ കമ്മലിട്ടവൾ വരുമെന്ന്…എനിക്കിന്ന് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട്. ഞാൻ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചാലോ എന്നാണ് ആലോചിക്കുന്നത്… ”
വെറുതെയിരിക്കുന്ന സമയം വിനു അനൂപിനോട് പറഞ്ഞു.
“എവളെ?”
അവന് ആകാംക്ഷയായി.
” ദിവ്യയെ… ”
” നിനക്ക് വട്ടാണോ വിനു?അവൾ പിഴച്ചതാടാ… വേറെ ആരെയും കിട്ടിയില്ലേ നിനക്ക്? ”
അവൻ നെറ്റി ചുളിച്ചു.
“ഹ്മ്മ് അവൾക്ക് പിഴച്ചതാണ്… എന്നെപ്പോലെ അവൾക്ക് പിഴച്ചതാ…ജീവനെപ്പോലെ കണ്ടവനെ അന്ധമായി സ്നേഹിച്ച് അവൾക്ക് പിഴച്ചത് തന്നെയാണ് ”
അവൻ എല്ലാം അനൂപിനോട് തുറന്നു പറഞ്ഞു. സകലതും കേട്ടു കഴിഞ്ഞപ്പോൾ അനൂപ് മറുത്തൊന്നും പറഞ്ഞില്ല.
” അവനെ ആത്മാർത്ഥമായി സ്നേഹിച്ചു പോയി എന്ന ഒരു തെറ്റു മാത്രമേ അവളും ചെയ്തിട്ടുള്ളൂ… അവൾക്കെന്നെയും എനിക്ക് അവളെയും മനസ്സിലാവും.
അവളോട് ഞാനിത് പറഞ്ഞിട്ടില്ല. എനിക്കറിയാം എല്ലാം മനസ്സിൽ നിന്ന് പറിച്ചെറിയാൻ അവൾക്ക് നല്ലതുപോലെ സമയം വേണമെന്ന്. എനിക്കും കുറച്ച് സമയം ആവശ്യമാണ്.. ഇനിയും അവളെ പിഴച്ചതെന്ന് പറയല്ലേടാ…അവളുടെ മനസ്സിന്റെ അത്ര ശുദ്ധി ഞാൻ വേറൊരു പെണ്ണിലും കണ്ടിട്ടില്ല. ”
“സോറി ഡാ…ഒന്നും അറിയാതെയാണ് ഞാൻ അങ്ങനെ പറഞ്ഞത് നീ ക്ഷമിക്.”
അനൂപ് അവന്റെ കൈമുറുകെ പിടിച്ചു.
തനിച്ചിരുന്ന സമയത്തിൽ എപ്പോഴോ അവൻ തന്റെ ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു. അത്രനേരം പ്രസന്നമായിരുന്ന അവളുടെ മിഴികൾ തുളുമ്പിയത് പെട്ടെന്നായിരുന്നു. ഒന്നും മിണ്ടാതെ അവൾ അവന്റെ ചാരിനിന്നും എഴുന്നേറ്റുപോയി. അവൾക്കത് ഉൾക്കൊള്ളാൻ കഴിയില്ല എന്ന് അവന് അറിയാമായിരുന്നു.
വർഷങ്ങൾ പിന്നെയും കടന്നുപോയി.
ഇന്ന് അവരുടെ വിവാഹമാണ്. ആഡംബരങ്ങൾ ഇല്ലാതെ, കൊട്ടും കുരവയും ഇല്ലാതെ, വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിക്കപ്പെട്ടു കൊണ്ട് ഒരു വിവാഹം.
ഒരുപോലെ നോവറിഞ്ഞ, വീഴ്ചയിൽ തനിച്ചാക്കാതിരുന്ന, രണ്ട് ഹൃദയങ്ങൾ ഒന്നുചേർന്ന നിമിഷം സർവ്വ പ്രപഞ്ചവും അനുഗ്രഹം ചൊരിയും മട്ടിൽ പുറത്ത് മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നു.