കിടപ്പറയിൽ പോലും ഒരു ഭാര്യക്ക് കിട്ടേണ്ട സ്നേഹമോ പരിഗണനയോ തനിക്ക് കിട്ടിയിട്ടില്ല. സുഖപ്രാപ്തിക്ക് വേണ്ടിയുള്ള വെറും മാംസപിണ്ഡമായി തന്നെ കാണാതിരുന്നെങ്കിൽ എല്ലാം

(രചന: അംബിക ശിവശങ്കരൻ)

വന്ന നാൾ മുതൽ അമ്മയുടെ മുഖത്തെ ആശങ്കയും ഇഷ്ടക്കേടും മാളവിക ശ്രദ്ധിക്കുന്നതാണ്. ഭർത്താവിന്റെ വീട്ടിലെ പീഡനങ്ങൾ തീരെ സഹിക്കവയ്യാതെ ആയപ്പോഴാണ് അവൾ സ്വന്തം വീട്ടിലേക്ക് തിരികെ പോന്നത്.

ആരും കൂടെ നിന്നില്ലെങ്കിലും തന്റെ വീട്ടുകാർ തനിക്ക് ആശ്രയം ആകുമെന്ന അവളുടെ വിശ്വാസത്തിന് മങ്ങൽ വീണത് ബാഗുമായി തനിയെ കയറി വന്നപ്പോൾ മുതലുള്ള അമ്മയുടെ പെരുമാറ്റത്തിലും മുഖഭാവത്തിൽ നിന്നുമാണ്.

വന്ന നാൾ മുതൽ ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകണം എന്ന് തന്നെയുള്ള ഉപദേശങ്ങളാണ് അവർ മകൾക്ക് നൽകിയിരുന്നത്. ആകെയുള്ള ഒരു ആശ്വാസം അച്ഛനും അനിയനും അവൾക്കൊപ്പം നിന്നിരുന്നു എന്നതാണ്.

“അമ്മേ…എനിക്കൊട്ടും പറ്റാഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇത്രനാളും ഞാൻ ഒന്നും ആരോടും പറയാതെ സഹിച്ചു ജീവിക്കുകയായിരുന്നു. അവിടെ ആരും എന്നെ മനസ്സിലാക്കുന്നില്ല.

സ്വന്തം ഭർത്താവ് പോലും കൂടെ നിൽക്കാത്ത ഒരു അവസ്ഥയിൽ ഒരു അന്യയെ പോലെ എത്ര നാൾ എന്ന് പറഞ്ഞാണ് ഞാൻ അവിടെ പിടിച്ചു നിൽക്കേണ്ടത്? അവർക്ക് വേണ്ടത് ഒരു ഭാര്യയെയോ മരുമകളെയോ അല്ല ശമ്പളം കൊടുക്കാതെ നിർത്താൻ പറ്റിയ ഒരു വേലക്കാരിയെ മാത്രമാണ്.”

അമ്മയോട് അത് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത്രമാത്രം അവരോട് പറഞ്ഞു നിർത്തുമ്പോഴും പറയാൻ ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് ഓർത്തായിരുന്നു മനസ്സ് ഏറെ വേദനിച്ചതും.

“ഒരു അമ്മയോട് എങ്ങനെയാണ് ഇതെല്ലാം തുറന്നു പറയേണ്ടത്? കിടപ്പറയിൽ പോലും ഒരു ഭാര്യക്ക് കിട്ടേണ്ട സ്നേഹമോ പരിഗണനയോ തനിക്ക് കിട്ടിയിട്ടില്ല. സുഖപ്രാപ്തിക്ക് വേണ്ടിയുള്ള വെറും മാംസപിണ്ഡമായി തന്നെ കാണാതിരുന്നെങ്കിൽ എല്ലാം സഹിച്ചു താൻ അവിടെ നിൽക്കുമായിരുന്നു.

അയാൾ കാണിച്ചു കൂട്ടിയ പരാക്രമങ്ങൾ തന്റെ ജീവനില്ലാതെയാക്കും എന്ന് ഉറപ്പായപ്പോഴാണ് രണ്ടും കൽപ്പിച്ച് അവിടെ നിന്നിറങ്ങിയത്. അപ്പോഴും തന്റെ അഹങ്കാരം കൊണ്ടാണ് അവിടെ നിന്നും പോകുന്നത് എന്നായിരുന്നു അമ്മയും മകനും തന്റെ അമ്മയെ പറഞ്ഞു ധരിപ്പിച്ചു വെച്ചത്.

താൻ അനുഭവിച്ച വേദനകൾ ഒക്കെയും എങ്ങനെയാണ് അമ്മയെ പറഞ്ഞു മനസ്സിലാക്കേണ്ടത്? പറഞ്ഞാലും കള്ളക്കഥ മെനഞ്ഞു ഉണ്ടാക്കുകയാണെന്നേ അമ്മ വിശ്വസിക്കുകയുള്ളൂ… അമ്മയ്ക്ക് സ്വന്തം മകളെക്കാൾ വിശ്വാസം അവരെയാണ്.”

അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു.

” എന്റെ മാളു… സ്വന്തം വീട്ടിലെ പോലെ സുഖവും സൗകര്യവും ഒക്കെ കെട്ടിച്ചു വിടുന്നിടത്തും കിട്ടുമോ? തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇങ്ങനെ ബാഗും എടുത്ത് പോരാൻ ആണെങ്കിൽ പിന്നെ അതിനെ സമയം കാണു പറഞ്ഞേക്കാം…

ഞാൻ ഈ വീട്ടിൽ വന്നു കേറിയ നാൾമുതൽ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും ചില്ലറയാണോ? നിന്റെ അച്ഛമ്മ എന്തൊക്കെ തരത്തിൽ എന്നോട് പോരെടുത്തിട്ടുണ്ട്….എന്റെ വീട്ടുകാരോട് പോലും ഞാൻ അതൊന്നും പറയാറില്ല.

അന്ന് ഇതുപോലെ പെട്ടിയും കിടക്കയും എടുത്ത് തന്നിഷ്ടം കാണിച്ചിരുന്നെങ്കിൽ നീയും മനുവും ഒന്ന് എന്റെ മക്കളായി ജനിക്കില്ലായിരുന്നു. കേറി ചെല്ലുന്ന വീട്ടിലെ ആളുകളെ കയ്യിലെടുക്കാനുള്ള തന്ത്രം പെണ്ണുങ്ങൾ അറിഞ്ഞിരിക്കണം. സ്നേഹം കൊണ്ട് അവരെ മയക്കിയെടുക്കണം. ഞാൻ അങ്ങനെയല്ലേ നിന്റെ അച്ഛമ്മയെ വീഴ്ത്തിയത്. ”

അവരുടെ ഉപദേശങ്ങൾ ഒന്നും അവളുടെ മനസ്സിനെ ഉലച്ചില്ല. തിരികെ ആ വീട്ടിലേക്ക് കയറി ചെല്ലുക എന്നത് അവൾക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.

“അമ്മ പറയുന്നതുപോലെയുള്ള സാഹചര്യമല്ല അവിടെത്തേത്.. പ്ലീസ്..… അമ്മേ എന്നെ ഒന്ന് മനസ്സിലാക്ക്.”

അവൾ തൊഴുതു പിടിച്ചു കൊണ്ട് പറഞ്ഞു.

” ഞാനിനി ഒന്നും പറയുന്നില്ല.എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യ്…ഒരു കാര്യം ഓർക്കുന്നത് നല്ലതാ നിനക്ക് ഒരു അനിയൻ ആണെന്ന കാര്യം….

അവനിപ്പോൾ കല്യാണ ആലോചനകൾ ഒരുപാട് വരുന്നുണ്ട്. നിനക്ക് താഴെ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ അതിനെ വേറെ വീട്ടിലേക്ക് കെട്ടി അയച്ചാലും നിനക്ക് ഇവിടെ സുഖമായി ജീവിക്കാം. അവൻ ഇങ്ങോട്ടാണ് കെട്ടിക്കൊണ്ടുവരേണ്ടത്.

ചേച്ചി ഇവിടെ ഭർത്താവിന്റെ വീട്ടിൽ നിന്നും പിണങ്ങി വന്നു നിൽക്കുകയാണ് എന്നറിഞ്ഞാൽ കൊള്ളാവുന്ന വീട്ടീന്ന് അവനെ പെണ്ണ് കിട്ടുമോ? കിട്ടിയാലും നീ ഇങ്ങനെ നിൽക്കുന്നത് ആർക്കെങ്കിലും അംഗീകരിക്കാൻ പറ്റുമോ? ചേച്ചിയായിട്ട് അനിയന്റെ ജീവിതം തകർക്കാൻ നിൽക്കണ്ട എനിക്ക് അതേ പറയാനുള്ളൂ…. ”

സാരി തലപ്പ് അരക്കെട്ടിൽ തിരുകിക്കൊണ്ട് അവർ അടുക്കളയിലേക്ക് നടക്കുമ്പോൾ ആ ഒരു ആശങ്കകളുടെ മനസ്സിനെയും അലട്ടി. ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകാൻ ആണ് അമ്മ ഇത് പറഞ്ഞതെങ്കിലും അതിലും ഭേദം മരണമാണെന്ന് അവൾക്കറിയാമായിരുന്നു.

രണ്ടുദിവസം അവൾ മുറിക്കകത്ത് തന്നെ അടച്ചിരുന്നു. ഫോൺ മനപ്പൂർവ്വം ഓഫാക്കി വെച്ചു.വിവരം അറിഞ്ഞ് ഓരോരുത്തർ വിളിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

വല്ലാതെ ദാഹിച്ച സമയം അടുക്കളയിലേക്ക് ഒരല്പം വെള്ളം എടുക്കാൻ പോയ നേരമാണ് അമ്മ ആരോടോ കാര്യമായി സംസാരിക്കുന്നത് കേട്ടത്.

” എന്റെ ജലജേച്ചി… എത്രയെന്ന് വെച്ചാ ഞാൻ അവളോട് പറഞ്ഞു മനസ്സിലാക്കേണ്ടത്? ബുദ്ധിയും വിവരവുമില്ലാത്ത കുട്ടിയാണോ? അവൾക്ക് ഇനി അങ്ങോട്ട് പോണ്ട എന്ന് തന്നെയാണ് പറയുന്നത്. ആര് എന്ത് പറഞ്ഞിട്ടും അവൾക്കൊരു കൂസലുമില്ല. ആ ചെറുക്കന്റെ ഭാവിയെക്കുറിച്ച് എങ്കിലും അവൾ ഓർക്കേണ്ടേ….ഇവിടുന്ന് ആട്ടിയിറക്കി വിടാൻ പറ്റുമോ അവളുടെ പൊട്ട ബുദ്ധിക്ക് പോയി എന്തെങ്കിലും കടുംകൈ ചെയ്താൽ ആർക്കാ നഷ്ടം? ”

അവർ മൂക്ക് പിഴിഞ്ഞു.

അച്ഛന്റെ മൂത്ത പെങ്ങളായ ജലജ അമ്മായിയോടാണ് പരിഭവം പറച്ചിൽ മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നത് അവർക്ക് ഒരു വിനോദം ആയിരുന്നു.

” അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അംബികേ…? നിങ്ങൾ എങ്ങനെയെങ്കിലും ആ പെണ്ണിനെ കാര്യം പറഞ്ഞു മനസ്സിലാക്കുക. കഴിഞ്ഞയാഴ്ച മനു പെണ്ണ് കാണാൻ പോയ കൂട്ടര് നാളെയല്ലേ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിരിക്കുന്നത്.

കേട്ടിടത്തോളം നല്ല കൂട്ടരാണ്.അവർക്ക് മനുവിനെ ബോധിച്ച മട്ടാ…ഇവൾ ഇങ്ങനെ നിന്നാൽ ഈ ബന്ധം നടക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്? ”

അവരുടെ സംസാരം കേട്ട് നിൽക്കാനാവാതെ അവൾ തിരികെ മുറിയിലേക്ക് തന്നെ പോന്നു. എന്താ ഇനി ചെയ്യേണ്ടത് എന്ന് പോലും അറിയാതെ തളർന്നിരുന്നപ്പോഴാണ് മനു അങ്ങോട്ട് വന്നത്.

“എന്താ ചേച്ചി.….. എന്താ ചിന്തിച്ചിരിക്കുന്നത്?”

അവൻ അവളുടെ ചാരെ ഇരുന്നു.

” മനു.… തീരെ പറ്റാഞ്ഞിട്ടാണ് എല്ലാം ഇട്ടെറിഞ്ഞു ഞാൻ ഇങ്ങോട്ട് വന്നത്. അമ്മ തിരികെ പോകാൻ എന്നെ നിർബന്ധിക്കുമ്പോഴും ഞാൻ പോകാത്തത് അവിടെ പോയാൽ ഞാൻ ഇനി ജീവനോടെയുണ്ടാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.

നിന്റെ ഭാവിയെ ഓർത്താണ് അമ്മ ഇതെല്ലാം പറയുന്നതെന്ന് എനിക്കറിയാം. നാളെ ഒരു കൂട്ടര് ഇവിടെ ഒക്കെ കാണാൻ വരുന്നുണ്ടെന്ന് അമ്മയും അമ്മായിയും പറയുന്നത് കേട്ടു. നീ വിഷമിക്കേണ്ട ഞാൻ ഒരു ഹോസ്റ്റലിലേക്ക് മാറിക്കോളാം. ചേച്ചി ഒരിക്കലും നിന്റെ ജീവിതത്തിൽ ഒരു തടസ്സം ആകില്ല. ”

അവളുടെ വാക്കുകൾ മുറിഞ്ഞു.

“ഇത് ചേച്ചിയുടെ കൂടി വീടാണ്.വിവാഹം കഴിഞ്ഞെന്ന് കരുതി ഇവിടെ ചേച്ചിക്ക് സ്ഥാനം ഇല്ലാതാവുന്നില്ല. ചേച്ചി ഒരു ഹോസ്റ്റലിലേക്കും പോകണ്ട. ചേച്ചിയുടെ കാര്യം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അത് അംഗീകരിക്കാൻ പറ്റുന്നവർ മാത്രം ഈ ബന്ധത്തിന് സമ്മതിച്ചാൽ മതി.”

തകർന്നടിഞ്ഞ അവളുടെ മനസ്സിന് അവന്റെ വാക്കുകൾ ആശ്വാസമേകി.

അംബിക അമ്മായി രാത്രി അവിടെ തന്നെ തങ്ങി. ഒന്ന് രണ്ട് വട്ടം ഉപദേശവുമായി വന്നെങ്കിലും അവരുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ മുറിയടച്ചിരുന്നു.

രാവിലെ കൃത്യം പത്തുമണിയായപ്പോൾ പെണ്ണിന്റെ അമ്മയും രണ്ട് മാമന്മാരും വീട്ടിലേക്ക് എത്തി. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അച്ഛന്റെയും മനുവിന്റെയും മുഖത്ത് സന്തോഷം ആയിരുന്നുവെങ്കിലും അമ്മയുടെ മുഖത്ത് മാളുവിന്റെ കാര്യം ഓർത്തുള്ള ആശങ്കയായിരുന്നു.

” നീ അവിടെ തന്നെ നിന്നാൽ മതി. അങ്ങോട്ട് ചെന്നാൽ പിന്നെ ചോദ്യവും പറച്ചിലുമായി ആകെ കുഴയും. അവർ പോയിട്ട് അങ്ങോട്ട് വന്നാൽ മതി. ”

ലിവിങ് റൂമിലേക്ക് പോകാൻ ഒരുങ്ങിയ മാളുവിനെ ജലജമ്മായി അടുക്കളയിൽ പിടിച്ചുനിർത്തി.

“അന്ന് പെണ്ണ് കണ്ടു പോന്നപ്പോൾ തന്നെ മനുവിനെ ഞങ്ങൾക്ക് നന്നായി ബോധിച്ചിരുന്നു. പിന്നെ രണ്ടാളും ഫോണിലും കൂടി സംസാരിച്ചു കഴിഞ്ഞപ്പോൾ എന്റെ മോൾക്കും എതിരഭിപ്രായം ഉണ്ടായില്ല.

അവരുടെ തീരുമാനമല്ലേ ഏറ്റവും വലുത്. അതാണ് കുറച്ച് സമയമെടുത്ത് ആയാലും രണ്ടാളും പരസ്പരം അറിയട്ടെ എന്ന് വെച്ചത്. അവരല്ലേ ജീവിക്കേണ്ടത്. ഇപ്പോൾ എല്ലാംകൊണ്ടും മംഗളമായി. മനുവിനെയും, വീടും, വീട്ടുകാരെയും ഒക്കെ ഞങ്ങൾക്കിഷ്ടമായി.”

” അല്ല… മനുവിന് ഒരു ചേച്ചിയുണ്ടെന്നല്ലേ പറഞ്ഞത് ആളെവിടെ കണ്ടില്ല…”

ആ ചോദ്യം കേട്ടതും അമ്മയും ജലജ അമ്മായിയും നിന്ന് പരുങ്ങി.

“അത്… അത് പിന്നെ…”

ജലജമ്മായി മറുപടി പറയാൻ നിന്ന് പരുങ്ങിയതും മനു ഇടയ്ക്ക് കയറി.

“ചേച്ചി ഇവിടെയുണ്ട് ഞാനിപ്പോൾ വിളിക്കാം”

അതും പറഞ്ഞുകൊണ്ട് അവൻ അടുക്കളയിൽ മാറി നിന്നിരുന്ന അവളെയും കൂട്ടിക്കൊണ്ടുവന്നു.

“ആഹ് മോളെ…”

അവളെ കണ്ടതും അവർ സ്നേഹപൂർവ്വം വിളിച്ചു.

” മോളുടെ കാര്യമൊക്കെ മനു പറഞ്ഞു. മോൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട… മോൾ ഇവിടെ നിൽക്കുന്നതുകൊണ്ട് ഞങ്ങൾക്കൊ എന്റെ മോൾക്കോ ഒരു കുഴപ്പവുമില്ല.

ആൾക്കാര് പലതും പറയും. മോളുടെ ജീവിതമാണ്… പൊരുത്തപ്പെട്ട് പോകാൻ കഴിയില്ലെങ്കിൽ അത് തുടർന്ന് പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്. എനിക്ക് ഇരുപത്തിയാറു വയസ്സുള്ളപ്പോഴാ എന്റെ ഭർത്താവിനെ നഷ്ടമാകുന്നത്. അന്ന് എന്റെ മോൾക്ക് മൂന്ന് വയസ്സ്.

വേറൊരു കല്യാണം കഴിക്കാൻ പലരും നിർബന്ധിച്ചു. ഒരു സ്ത്രീ ഒറ്റയ്ക്ക് നിന്നാൽ ജീവിക്കാൻ പറ്റില്ല എന്ന ധാരണയാണ് എല്ലാവർക്കും. പക്ഷേ ഞാൻ ജീവിച്ചു കാണിച്ചു കൊടുത്തു. മോളെ ഒറ്റയ്ക്ക് തന്നെ ഞാൻ വളർത്തി ഈ നിലയിൽ എത്തിച്ചു.

അതുപോലെ ആരുടെയും തീരുമാനങ്ങൾക്ക് സ്വന്തം ജീവിതം വിട്ടുകൊടുക്കരുത്. മോൾക്ക് ശരിയെന്ന് തോന്നുന്നത് എന്താണോ അത് ചെയ്യുക…. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഇനി നല്ലൊരു മുഹൂർത്തം കുറിച്ചിട്ട് ഞങ്ങൾ അറിയിക്കാം. ”

എല്ലാവരോടും യാത്ര പറഞ്ഞവർ ഇറങ്ങുമ്പോൾ ജന്മം നൽകിയ അമ്മ മനസ്സിലാക്കാതിരുന്ന തന്നെ മറ്റൊരു അമ്മ മനസ്സിലാക്കിയതിൽ ഉള്ള സന്തോഷം ആയിരുന്നു അവൾക്ക്. പിന്നീട് തിരികെ പോണമെന്ന ആവശ്യവും പറഞ്ഞ് അമ്മയും ജലജ അമ്മായിയും അവളെ സമീപിച്ചില്ല.

മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തുമ്പോൾ അത് സ്വന്തം സന്തോഷം തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് അവൾക്ക് ആ നിമിഷം ബോധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *