(രചന: അംബിക ശിവശങ്കരൻ)
കുറച്ചു ദിവസങ്ങളായി ഹേമ എന്തൊക്കെയോ തന്നിൽ നിന്നും മറച്ചുവയ്ക്കുന്നത് പോലെ ജയന് തോന്നി.
താൻ അറിയാതെ എന്തൊക്കെയോ ദുഃഖങ്ങൾ അവൾ മനസ്സിൽ ഒളിപ്പിച്ചു നടക്കുന്നുണ്ട്. എത്രവട്ടം ചോദിച്ചിട്ടും അവൾ അത് തന്നോട് തുറന്നു പറയുന്നില്ല എന്നത് അവനെ വളരെയധികം നിരാശപ്പെടുത്തി.
അവൻ സംസാരിക്കാൻ വരുമ്പോഴൊക്കെയും ജോലിത്തിരകുകൾ പറഞ്ഞ് അവൾ സ്വയം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
ജോലി ചെയ്യുന്ന സമയങ്ങളിലും അവളുടെ പ്രസന്നമല്ലാത്ത മുഖം തന്നെയായിരുന്നു അവന്റെ മനസ്സിൽ.
“എന്നോട് അവളൊന്നും മര്യാദയ്ക്ക് സംസാരിക്കാത്തത് പോലും എന്താണ്? അതിനുമാത്രം ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ?അമ്മയും ഒന്നും പറയാറില്ല..
സ്വന്തം മകളെപ്പോലെ തന്നെയാണ് അമ്മ അവളെ നോക്കുന്നത്. പിന്നെന്താ അവൾക്ക് പറ്റിയത്? ഈ ദിവസത്തിന് ഇടയ്ക്ക് ആകെ ആവശ്യപ്പെട്ടത് സ്വന്തം വീട്ടിലേക്ക് പോയി നിൽക്കണം എന്ന് മാത്രമാണ്.
വീട്ടിൽ പോയി നിൽക്കുന്നതിനൊന്നും ഞാൻ ഒരിക്കലും എതിര് പറയില്ല പക്ഷേ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ മാത്രം എന്താണ് ഉണ്ടായത് എന്ന് ഞാൻ കൂടി അറിയേണ്ടേ?”
അവന്റെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു.
“എന്താ ജയാ അല്ലെങ്കിൽ പണി കഴിഞ്ഞതും ആദ്യം വീട്ടിലേക്ക് ഓടുന്നത് നീയാണല്ലോ ഇന്നെന്താ എല്ലാവരും പോയിട്ടും നീ ഇവിടെ തന്നെ ഇരിക്കുന്നത്? പോണില്ലേ?”
പണിക്കാർക്കെല്ലാം കൂലി കൊടുത്ത് ഇറങ്ങാൻ നേരം ബാബുവേട്ടൻ വന്നു വിളിച്ചപ്പോഴാണ് ജയൻ ബാഗും എടുത്ത് ഇറങ്ങിയത്.
” ഒന്നുമില്ല ബാബുവേട്ടാ… ഓരോന്നിങ്ങനെ ചിന്തിച്ച് വെറുതെ ഇരുന്നു പോയതാ. ”
“ചിന്തകൾ കാടുകയറുമ്പോൾ തല തണുപ്പിക്കാൻ ഒരു മരുന്നുണ്ട് വരുന്നോ എന്റെ കൂടെ?”
എന്നും മദ്യപിക്കാൻ ക്ഷണിക്കുമ്പോഴും അവനത് സ്നേഹപൂർവ്വം നിരസിക്കാനാണ് പതിവ്. പക്ഷേ അയാൾ പറഞ്ഞതുപോലെ തലയ്ക്കകത്തെ പെരുപ്പ് മാറ്റാൻ കഴിയുമെങ്കിൽ….
“ആയിക്കോട്ടെ… നമുക്ക് ഓരോന്ന് അടിക്കാം”
എന്നും കഴിക്കുമെങ്കിലും അയാൾ ഒരു ലിമിറ്റ് വച്ച് മാത്രമേ കഴിക്കാറുള്ളൂ എന്ന് അവന് അറിയാമായിരുന്നു.
അയാളോടൊപ്പം ഒരു പെഗ് കഴിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോഴും മദ്യത്തിന് ഒന്നും തലയ്ക്കകത്തെ തരിപ്പ് ശമിപ്പിക്കാൻ കഴിയില്ലെന്ന് അവന് മനസ്സിലായി.
വീട്ടിലെത്തുമ്പോൾ ഹേമയ്ക്ക് പകരം ചായയുമായി വന്നത് അമ്മയായിരുന്നു.
” അവൾ എവിടെ അമ്മേ? ”
“അവൾ അപ്പോൾ നിന്നോട് പറഞ്ഞിട്ടല്ലേ പോയത്? വീട്ടിൽ പോണം എന്ന് നിർബന്ധം പറഞ്ഞപ്പോൾ നീ വന്നിട്ട് പൊയ്ക്കോളാൻ ഞാൻ പറഞ്ഞതാ.
നിന്നെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു അതാണ് ഞാൻ പിന്നെ നിന്നെ വിളിക്കാതിരുന്നത്.അവളുടെ മുഖം ആകെ വല്ലാതെ ആയിരുന്നു. എന്താടാ നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ?”
അവർ വേവലാതിയോടെ ചോദിച്ചു.
“ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നമമ്മേ…? അവൾ ആണെങ്കിൽ എന്തെങ്കിലും വാ തുറന്നു പറഞ്ഞാൽ അല്ലേ?”
അന്നേരമാണ് അച്ഛൻ അങ്ങോട്ടേക്ക് കടന്നുവന്നത്.
അച്ഛനെ കൂടി ഇനിയെല്ലാം അറിയിച്ചു പ്രശ്നം വഷളാക്കേണ്ട എന്ന് കരുതി രണ്ടാളും മൗനം പ്രാപിച്ചു.
“അമ്മ ഇനി ഒച്ചവെച്ച് അച്ഛനെ കൂടി അറിയിക്കേണ്ട ഞാൻ ഏതായാലും അവളുടെ വീട് വരെ ഒന്ന് പോയിട്ട് വരാം.”
അതും പറഞ്ഞ് അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി പോകുമ്പോൾ അയാൾ വന്ന് കാര്യം തിരക്കി.
“പിള്ളേർ തമ്മിൽ എന്തോ പ്രശ്നം ഉണ്ട് അവൾ പിണങ്ങി പോയേക്കുവാ.”
“ആഹ് അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അവര് തീർത്തോളും നീ വന്ന് ചോറ് വിളമ്പ്…”
അയാൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ഏകദേശം മുക്കാൽ മണിക്കൂർ എടുത്ത് അവൻ ഹേമയുടെ വീടിന്റെ പടിക്കൽ എത്തി. ജയനെ കണ്ടതും അവളുടെ അമ്മയും അനുജത്തിയും ഓടി വന്നു.
“ആഹ്ഹ് മോൻ വന്നോ… വരില്ലെന്ന് ഹേമ പറഞ്ഞതുകൊണ്ട് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല കേട്ടോ.. ഏതായാലും മോൻ വന്നത് നന്നായി അവൾ വന്നപ്പോൾ മുതൽ കിടക്കുവാ ഞങ്ങൾ എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ ഞങ്ങളോട് ചാടിക്കടിക്കും. എന്താ മോനെ അവൾക്ക് പറ്റിയത്?”
ഹേമയോടുള്ള സകല ദേഷ്യവും അവരുടെ മുന്നിൽ അലിഞ്ഞില്ലാതായി മകൾ ചെയ്ത തെറ്റിന് അമ്മ എന്തു പിഴച്ചു?
“അതൊന്നുമില്ല അമ്മേ…ഞങ്ങൾ തമ്മിൽ ഒരു സൗന്ദര്യ പിണക്കം.. അമ്മ അത് കാര്യമാക്കേണ്ട.”
അവൻ അവരെ സമാധാനിപ്പിച്ചു.
“എനിക്ക് അപ്പോഴേ തോന്നി ഏതായാലും മോൻ കേറി വാ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം”
“ഇപ്പൊ വേണ്ടെമ്മേ…ഞാൻ ആദ്യം അവളെ ഒന്ന് കാണട്ടെ.”
അതും പറഞ്ഞുകൊണ്ട് അവൻ അവൾ കിടക്കുന്ന മുറിയിൽ കയറി ഡോർ ലോക്ക് ചെയ്ത് ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു. അവനെ കണ്ടതും അവൾ എഴുന്നേറ്റിരുന്നു അപ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
“എന്താ ഹേമേ നിന്റെ വിചാരം? ആരെ തോൽപ്പിക്കാനാണ് നീ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുന്നത്? ഇങ്ങോട്ട് പോരുന്നതിനു മുന്നേ എന്നെ ഒന്ന് വിളിച്ചെങ്കിലും പറയാമായിരുന്നില്ലേ നിനക്ക്?”
അവനെ ദേഷ്യം അരിച്ചു കയറി. അവൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
“എന്താ നിന്റെ നാവ് ഇറങ്ങിപ്പോയോ നിനക്ക് അവിടെ എന്തിന്റെ കുറവുണ്ടായിട്ടാണ്? സ്വന്തം മകളെ പോലെയല്ലേ എന്റെ അച്ഛനും അമ്മയും നിന്നെ നോക്കിയിരുന്നത്?
അത് കേട്ടതും അത്രയും നേരം അടക്കിവെച്ച അവളുടെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടു.
“സ്വന്തം മകളെ പോലെ… അല്ലേ???അത് നിങ്ങളുടെ അച്ഛനോട് തന്നെ ചോദിക്ക് എന്നെ സ്വന്തം മകളായാണോ കണ്ടതെന്ന്…. പോയി നിങ്ങളുടെ അച്ഛനോട് ചോദിക്കാൻ.”
അവളുടെ കണ്ണുകൾ വെറുപ്പ് കൊണ്ട് ചുവന്നുതുടുത്തു.
“എന്തൊക്കെയാ ഹേമേ നീ ഈ പറയുന്നത്?”
അവൻ ഞെട്ടലോടെ ചോദിച്ചു.
“സത്യമാണ്…. ഒരു മകളായി അല്ല അച്ഛനെന്നേ കണ്ടത്… അച്ഛന്റെ പെരുമാറ്റം അത്രയേറെ വേദനിപ്പിച്ചത് കൊണ്ടാണ് ഞാൻ ആ പടിവിട്ട് ഇറങ്ങിയത്..
നിങ്ങളോട് പറഞ്ഞാൽ അവിടെ ഒരു കലഹം നടക്കും എന്ന് എനിക്കറിയാം. ഇതെല്ലാം അറിഞ്ഞാൽ അമ്മ പിന്നെ ജീവനോടെ ഉണ്ടാകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അതാ ഞാൻ നിങ്ങളോട് പോലും എല്ലാം മറച്ചു വെച്ചത്.”
പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അതു പറയുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആകാതെ അവൻ ഞെട്ടിത്തരിച്ചു നിന്നു.
കലിയടക്കാൻ കഴിയാതെ അപ്പോൾ തന്നെ പോകാൻ പുറപ്പെട്ട അവനെ അവൾ തൊഴുതു പിടിച്ചു കൊണ്ട് തടഞ്ഞു.
“അവിടെ ചെന്ന് പ്രശ്നമൊന്നും ഉണ്ടാക്കല്ലേ ജയേട്ടാ… പ്രശ്നം ഉണ്ടാക്കാൻ ആണെങ്കിൽ എനിക്ക് അവിടെ വെച്ച് നിങ്ങളോട് എല്ലാം തുറന്നു പറയാമായിരുന്നു. നിങ്ങളുടെ അമ്മയെ ജീവനോടെ കാണണമെങ്കിൽ ദയവായി അവിടെ ചെന്ന് പ്രശ്നമുണ്ടാക്കരുത്.”
അവൾ പറഞ്ഞത് സത്യമാണെന്ന് അവനും അറിയാം ഇതറിഞ്ഞാൽ നെഞ്ചുപൊട്ടി ആ നിമിഷം തന്നെ തന്റെ അമ്മ മരണപ്പെടും. പക്ഷേ എല്ലാം അറിഞ്ഞിട്ടും എങ്ങനെയാണ് ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നത്? പിന്നെ താൻ എന്തിനാണ് ഒരു ഭർത്താവാണെന്ന് പറഞ്ഞു നടക്കുന്നത്?
അന്ന് രാത്രി എങ്ങനെയൊക്കെയോ ആണ് അവൻ കഴിച്ചുകൂട്ടിയത്.
പിറ്റേന്ന് നേരം വെളുത്തതും എഴുന്നേറ്റു പുറപ്പെടുമ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്ന് അവളെ സമാധാനിപ്പിച്ചു.
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അയാൾ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും തെറ്റ് ചെയ്തവനെ പോലെ അയാൾ തലതാഴ്ത്തിയിരുന്നു.
അയാളെ മറികടന്ന് അവൻ അകത്തേക്ക് പോയത് അമ്മ എവിടെ എന്ന് നോക്കാനായിരുന്നു.അവർ കുളിക്കുകയാണെന്ന യാഥാർത്ഥ്യം അവന് ആശ്വാസമേകി.
” അച്ഛാ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്”
അവന്റെ ഒച്ച കേട്ടതോടെ അയാൾ നിന്ന് പരുങ്ങി.
“അവൾ എല്ലാം എന്നോട് പറഞ്ഞു. ഞാൻ ഇല്ലാത്ത നേരത്ത് അവളെ ഇവിടെയാക്കി പോകുന്നത് നിങ്ങൾ അവളെ സ്വന്തം മകളായി കണ്ട് സംരക്ഷിക്കുമെന്ന് കരുതിയാണ്.
സംരക്ഷിക്കേണ്ട നിങ്ങളുടെ കൈകളിൽ തന്നെ അവൾ സുരക്ഷിതല്ലെന്ന് അറിയുമ്പോൾ പിന്നെ എന്ത് വിശ്വസിച്ചാണ് ഞാന് അവളെ ഇവിടെയാക്കി പോകേണ്ടത്????
ഞാനിപ്പോൾ ഒച്ചയെടുത്ത് സംസാരിക്കാത്തത് പോലും അമ്മയുടെ മുന്നിൽ നിങ്ങൾ നാണം കെടേണ്ട എന്ന് കരുതി മാത്രമാണ്.
ഇനിയും ഒരിക്കൽ കൂടി ഇത് നിങ്ങൾ ആവർത്തിച്ചു എന്ന് അവളെങ്ങാൻ പറഞ്ഞാൽ…. പിന്നെ ആരുടെ മുഖവും ഞാൻ ഓർക്കില്ല. എന്റെ തനി സ്വഭാവം നിങ്ങൾ അറിയും. വെറുതെ അച്ഛന്റെ മേൽ കൈവെച്ച് എന്ന ചീത്ത പേര് നിങ്ങളായി തന്നെ ഉണ്ടാക്കിയെടുക്കേണ്ട കേട്ടല്ലോ…?”
ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ അകത്തേക്ക് കയറുമ്പോൾ അയാളുടെ ദേഹം കിടുകിട വിറച്ചു.
തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ അയാൾ തലകുനിച്ചു നിൽക്കുമ്പോൾ അവർ നടന്നതൊന്നും അറിയാതെ കുളി കഴിഞ്ഞു വന്ന് നെറുകയിൽ സിന്ദൂരവും അണിഞ്ഞ് തന്റെ ഭർത്താവിന്റെ ദീർഘായുസ്സ്നായി പ്രാർത്ഥിച്ചു.