“പരസ്പരം പരിചയമുള്ള, ഏറെ ഇഷ്ട്ടമുള്ള നമ്മൾ തമ്മിൽ അത്ര ഇഷ്ടത്തോടെ നമ്മുടെ ശരീരം പങ്കുവയ്ക്കുന്നു, അതിൽ നിന്ന് ലഭിക്കുന്ന അനുഭൂതികൾ രണ്ടുപേരും ഒരുമിച്ച് ആസ്വദിക്കുന്നു അത്രമാത്രം..

(രചന: രജിത ജയൻ)

“ഈ പ്രാവശ്യം നാട്ടിൽ ചെന്നാൽ ഗോപൻ എന്റെ കാര്യം വീട്ടിൽ പറയുമോ അതോ അവിടെ ചെന്ന് ഭാര്യ ഷിനിയെയും മോളെയും കാണുമ്പോ എന്നെ മറക്കോ …?

“അങ്ങനെ അവളെ കാണുമ്പോ തന്നെ നിന്നെ മറക്കാൻ മാത്രം സൗന്ദര്യം അവൾക്കുണ്ടായിരുന്നേൽ ഞാനിങ്ങനെ ഇവിടെ നിന്നെയും കെട്ടിപ്പിടിച്ചിരിക്കുമോടീ ലില്ലിയേ ..?

“ആ അതൊക്കെ ഇപ്പോ പറയും ,കാണാൻ ചന്തമുള്ള പെണ്ണു തന്നെയാണ് ഷിനി.

” എനിക്കറിയാവുന്നതല്ലേ അവളെ…?

” നിൻറെ കയ്യിൽ കിട്ടി നിനക്കവളെ മടുത്തതിൽ പിന്നെയാണ് അവൾക്ക് ഇന്നത്തെ ഭംഗിയില്ലായ്മ നിനക്ക് തോന്നി തുടങ്ങിയത് ഗോപൻ…

” ആ ..അതും ശരിയാടീ… കുറെ കാലം ഉപയോഗിക്കുമ്പോൾ നമുക്ക് ഏതു വസ്തുവും മടുക്കും ,അപ്പോൾ പഴയത് കളഞ്ഞു പുതിയത് വാങ്ങാൻ തോന്നും നമ്മുക്ക് .. അങ്ങനെ ഞാൻ ആരും അറിയാതെ വാങ്ങിയതല്ലേ നിന്നെ….

പറഞ്ഞുകൊണ്ട് ഗോപൻ ലില്ലിയുടെ അരക്കെട്ടിലേക്ക് മുഖം പൂഴ്ത്തിയതും ലില്ലിയുടെ ഇക്കിളി ചിരിയാ മുറിയിൽ നിറഞ്ഞു .

“ഇനി കുറച്ചു കഴിയുമ്പോൾ നിനക്ക് എന്നെയും മടുക്കുമോ ഗോപാ… ?

“നീ എന്നെയും കളഞ്ഞു പുതിയത് തേടി പോകുമോ..?

പരിഭവവും കുസൃതിയും നിറഞ്ഞ സ്വരത്തിൽ ലില്ലി ചോദിച്ചപ്പോൾ ഗോപൻ അവളുടെ ശരീരത്തിൽ നിന്നും മുഖമുയർത്തി അവളുടെ മുഖത്തേക്ക് നോക്കി..

പരാതി പറയുന്ന ഭാവത്തിലും അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന പ്രണയഭാവം അവൻറെ മനസ്സിനെ കുളിരണിയിച്ചു..

വിടർന്നു നിൽക്കുന്നപനിനീർ പുഷ്പം പോലെ മനോഹരിയായിരുന്നു ലില്ലിയപ്പോൾ …

താൻ ആദ്യമായി കാണുമ്പോൾ തൻറെ ഭാര്യ ഷിനിയും ഇതുപോലെ ആയിരുന്നു ,ആരും ഒന്നു തൊടാൻ ആഗ്രഹിക്കുന്ന നല്ല ഭംഗിയുള്ള ഒരു പനിനീർ പൂവ് ..

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ്താൻ അവളെ സ്വന്തമാക്കിയത് ..

അതും അവളെ സ്വന്തമാക്കാൻ ഏറെ മോഹിച്ച അവളുടെ മുറചെക്കൻ അനീഷിന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചെന്നപോലെ …

പൂവിൽനിന്ന് തേൻനുകർന്ന് പൂവിനെ ചുറ്റി പറക്കുന്ന വണ്ടിനെ പോലെയായിരുന്നു കല്യാണം കഴിഞ്ഞ നാളുകളിൽ താൻ..

ഷിനിയുടെ അരികിൽ നിന്ന് മാറാതെ എപ്പോഴും അവളെ ചുറ്റിപ്പറ്റി അങ്ങനെ നിന്നതിന് എത്ര കളിയാക്കലുകൾ അവളിൽ നിന്നും വീട്ടുകാരിൽ നിന്നും താൻ കേട്ടിരിക്കുന്നു…

എത്ര പെട്ടെന്നാണ് പിന്നീട് താൻ അവളിൽ നിന്ന് അകന്നത് ..
ഷിനിയുടെ ആദ്യ പ്രസവത്തോടെ അതായത് തൻറെ മോളുടെ ജനനത്തോടെ അവൾ ആകെ മാറി …

സ്വന്തം കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ എപ്പോഴും കുഞ്ഞിന്റെയും വീടിന്റെയും കാര്യങ്ങൾക്കവൾ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ മെല്ലെ മെല്ലെ തന്നെ ആകർഷിച്ചിരുന്ന അവളുടെ സൗന്ദര്യം നഷ്ടമായി അവളിൽ നിന്നും…

ഒതുക്കവും ഭംഗിയുമുണ്ടായിരുന്ന അവളുടെ വയറും അരക്കെട്ടും കൊഴുപ്പുകൾ അടിഞ്ഞുകൂടി വീർത്തു, മനോഹരമായ കണ്ണുകൾക്ക് താഴെ കറുപ്പ് നിറംസ്ഥാനം പിടിച്ചു ..

തന്നെ മത്തു പിടിപ്പിച്ചിരുന്ന അവളുടെ ശരീരത്തിന് പോലും പിന്നീട് മുലപ്പാൽ മണം മാത്രമായിരുന്നു അവൻ ഓർത്തു..

“ഏയ് …ഗോപാ ..
താനെന്താ സ്വപ്നം കാണുകയാണോ?

തോളിൽ തട്ടി ലില്ലി വിളിച്ചപ്പോൾ ഗോപൻ ചിന്തകളിൽ നിന്നുണർന്നവളെ നോക്കി

” ഏയ് ഞാൻ ചുമ്മാ ഷിനിയെ പറ്റിയൊന്ന് ചിന്തിക്കുകയായിരുന്നെടീ ..

അവൻ പറഞ്ഞതും അവളുടെ മുഖത്തെചിരി മാഞ്ഞു പകരം അവിടെ ഒരു സാധാ പെണ്ണിൻറെ കുശുമ്പ് നിറയുന്നത് ഗോപൻ നോക്കി നിന്നു.

“ഷിനിയെപ്പറ്റി എന്താ ഇത്ര ഓർക്കാൻ …?
അതും ഞാൻ നിന്റെ അരികിലുള്ളപ്പോൾ…?

” കണ്ടോ ഇപ്പോഴും നിൻറെ ഉള്ളിൽ അവളോട് സ്നേഹമുണ്ട് ഗോപാ , നീയെന്നെ പറ്റിക്കുകയാണ്…

ലില്ലി പരിഭവത്തിൽ പറഞ്ഞതും ഗോപൻ ഒരു പൊട്ടിച്ചിരിയോടെ അവളെ നോക്കി

“നിന്നെ പറ്റിക്കാൻ ഞാൻ നിന്നെ വിവാഹം കഴിക്കാം എന്നൊന്നും വാക്ക് തന്നിട്ടില്ലല്ലോ ലില്ലി..

ഗോപൻ ചോദിച്ചതും അവളുടെ മുഖം വിളറി

“പരസ്പരം പരിചയമുള്ള, ഏറെ ഇഷ്ട്ടമുള്ള നമ്മൾ തമ്മിൽ അത്ര ഇഷ്ടത്തോടെ നമ്മുടെ ശരീരം പങ്കുവയ്ക്കുന്നു, അതിൽ നിന്ന് ലഭിക്കുന്ന അനുഭൂതികൾ രണ്ടുപേരും ഒരുമിച്ച് ആസ്വദിക്കുന്നു അത്രമാത്രം..

“പിന്നെ ഷിനിയെ പറ്റി ചിന്തിച്ചത് ,ഒരിക്കൽ ഏറെ ഇഷ്ടത്തോടെ ഞാൻ സ്വന്തമാക്കിയതാണ് അവളെ …അത് അവളുടെ സൗന്ദര്യം കണ്ടിട്ട് തന്നെയാണ് ..

”ആ സൗന്ദര്യം അവളിൽനിന്ന് നഷ്ടപ്പെട്ടപ്പോൾ എനിക്ക് അവളോടുള്ള ഇഷ്ടവും നഷ്ടപ്പെട്ടു .ഇപ്പോൾ അവൾ എനിക്കെന്റെ മകളുടെ അമ്മ മാത്രമാണ്.

കോടതി മുഖാന്തരം ബന്ധം വേർപെടുത്തിയില്ലെങ്കിലും ഞങ്ങൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു മൂന്നായി..

” ഇപ്പോൾ എൻറെ ഇഷ്ടവും പ്രണയവും എല്ലാം നിന്നോട് മാത്രമാണ് ലില്ലി..

“എൻറെ ഈ സൗന്ദര്യം നഷ്ടപ്പെടുന്നത് വരെ മാത്രം അല്ലേ ഗോപൻ..?

തിരിച്ചറിവിൻറെ വേദനയിൽ ലില്ലി ചോദിച്ചതും മറുപടിയൊന്നും പറയാതെ ഗോപൻ അവളിൽ നിന്ന് എണീറ്റ് ജനലോരം പോയി നിന്നു.

“ഇത്തവണ നാട്ടിൽ പോകുമ്പോൾ തീർച്ചയായും ഷിനിയെ ചെന്നൊന്നു കാണണം, നിയമപരമായി ബന്ധം വേർപെടുത്താനുള്ള കാര്യങ്ങൾ ചെയ്യണം..

” മകളുടെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാക്കണം .

“അവൾ തുടർന്നും ഷിനിയോടൊപ്പം തന്നെ നിൽക്കട്ടെ എന്നാണ് എൻറെ തീരുമാനം, കോടതിയിൽ ചെന്നാലും പെൺകുട്ടിയായതിനാൽ അമ്മയോടൊപ്പം നിൽക്കാനെ കോടതിയും പറയുകയുള്ളൂ,

മാത്രമല്ല എന്റെയീ പാറി നടന്നുള്ള ജീവിതത്തിനിടയിൽ മോൾ ചിലപ്പോഴെനിക്കൊരു ബാധ്യത ആവാനും സാധ്യതയുണ്ട്..

അതുകൊണ്ട് അവളുടെ കാര്യത്തിൽ എനിക്ക് കടുംപിടുത്തമൊന്നുമില്ല…

ഗോപൻ പറയുന്നത് കേട്ടിട്ടും ലില്ലിയുടെ മുഖത്ത് യാതൊരു തെളിച്ചവും ഉണ്ടായില്ല..

“നീ ഇങ്ങനെ മുഖം വീർപ്പിക്കാതെടീ ലില്ലി, ഞാൻ നിന്നെ കെട്ടാം എന്നൊന്നും വാക്കു തന്നിട്ടില്ലെങ്കിലും ഇനിയുള്ള എൻറെ ബാക്കി ജീവിതത്തിൽ നീ എൻറെ കൂടെ വേണം .. ”

ഗോപൻ പറഞ്ഞത് കേട്ടതും ലില്ലിയുടെ മുഖം തെളിഞ്ഞു..

” പപ്പ എന്നെ കാണാൻ വന്നിട്ട് കുറെ മാസങ്ങൾ ആയല്ലോ ?

“പപ്പയ്ക്ക് അമ്മയെ വേണ്ടാത്തതുപോലെ എന്നെയും വേണ്ടേ?

ഗോപന്റെ കൈപിടിച്ച് അവനോട് ഒട്ടി നിന്ന് മകൾ ഗീതിക ചോദിച്ചതും ഉത്തരമൊന്നും പറയാനാവാതെ ഗോപൻ അവളുടെ മുഖത്തേക്ക് വെറുതെ നോക്കി നിന്നു

“ഞാൻ വെറുതെ ചോദിച്ചതാണ് പപ്പ,അമ്മ പറഞ്ഞിട്ടുണ്ട് എന്നോട് പപ്പ വളരെ തിരക്കുള്ള ഒരു ബിസിനസ്മാൻ ആയതുകൊണ്ടാണ് എന്നെ കാണാൻ വരാത്തതെന്ന് ..എനിക്ക് പരാതിയൊന്നും ഇല്ല പപ്പാ..

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഗീതികമോൾ പറഞ്ഞത് ഗോപന്റെ മനസ്സിൽ തൊട്ടു

” മോളുടെ അമ്മയെവിടെ?
പപ്പ വന്നിട്ട് ഇത്ര നേരമായിട്ടും അമ്മയെ പുറത്തേക്കൊന്നും കണ്ടില്ലല്ലോ ..?

“പപ്പക് അമ്മയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു മോളെ ..

“അമ്മ ഇപ്പോൾ ഇവിടെ ഇല്ല പപ്പാ ..ഇവിടെ ഞാനും അമ്മമ്മയും മുത്തശ്ശനും മാത്രമേയുള്ളൂ ഇപ്പോ ..

” അമ്മ എവിടെ പോയി? അമ്മയ്ക്ക് ഓഫീസ് ഇല്ലല്ലോ ഇന്ന് ഞായറാഴ്ചയല്ലേ ?

ഗോപൻ ചോദിച്ചതും ഗീതീകയുടെ മുഖത്ത് ഒരു കുഞ്ഞു ചിരി വിരിഞ്ഞു.

ടൗണിലെ തിരക്കേറിയ ടെന്നീസ് കോർട്ടിനരികെ അക്ഷമയോടെ ഷിനിയെ പ്രതീക്ഷിച്ചു ഗോപൻ നാലുപാടും നോക്കി നിന്നു.

“ദേ..ടാ … ഷിനി കളിക്കാൻ ഇറങ്ങി മോനെ …ഇനി ഇവിടെ തീ പാറും …

തനിക്ക് പുറകിൽ നിന്ന് ചെറുപ്പക്കാരിൽ ആരോ പറഞ്ഞതും ഗോപൻ തനിക്കു മുന്നിലെ കോർട്ടിലേക്ക് നോക്കി,

അവിടെ അവൾ ഷിനി, കത്തുന്ന സൗന്ദര്യത്തിന്റെ ജ്വലിക്കുന്ന തീനാളം പോലെ കോർട്ട് നിറഞ്ഞു കളിക്കുന്നത് കണ്ടപ്പോൾ ഗോപന്റെ കണ്ണുകൾ ആ കാഴ്ച വിശ്വസിക്കാൻ കഴിയാത്ത വിധം തുറന്നു പോയി..

“എൻറെ മോനേ… ഞാനെന്നും വൈകുന്നേരം ഇവിടെ ഈ കോർട്ടിൽ വരുന്നത് തന്നെ ഷിനിയുടെ ഈ കളി കാണാനാണ്.. എന്തൊരു ഭംഗിയും ബോഡി ഷേപ്പും ആണെടാ ഇവൾക്ക്… ഇവളെയൊക്കെ സ്വന്തമാക്കി വച്ചവന്റെ ഭാഗ്യം.. ”

തനിക്ക് പുറകിൽ നിന്ന ചെറുപ്പക്കാർ വീണ്ടും ഷിനിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് കേട്ടതും ഗോപൻ വീണ്ടും വീണ്ടും അവളെ തന്നെ നോക്കി നിന്നു

പണ്ട് താനേറെ മോഹിച്ചു സ്വന്തമാക്കിയ ആ സൗന്ദര്യം ഇന്നിതാ അതിൻറെ പത്തിരട്ടിയായി വീണ്ടും അവളിൽ മടങ്ങി എത്തിയിരിക്കുന്നു

ഒതുങ്ങിയ അരക്കെട്ടും ആരെയും ആഘർഷിക്കുന്ന ആകാര വടിവുമായ് ഷിനി ആ കോർട്ട് നിറഞ്ഞു നിന്നപ്പോൾ അവളുടെ സൗന്ദര്യത്തിൽ മോഹിച്ച വനിലെ പുരുഷൻ ഉണർന്നു തുടങ്ങുന്നതവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

ആ കോർട്ടിലെ ഓരോ പുരുഷൻറെയും കണ്ണുകളപ്പോൾ അവളിലാണെന്നവൻ ആ നിമിഷം തിരിച്ചറിഞ്ഞു, അവൾ തന്റെ ഭാര്യയാണെന്ന് അവിടെ കൂടിയിരിക്കുന്നവരോട് അഭിമാനത്തോടെ വിളിച്ചു പറയാനവനപ്പോൾ ആഗ്രഹിച്ചു..

അവർ ഓരോരുത്തരും കോർട്ടിൽ നിറഞ്ഞു കളിക്കുന്ന അവളുടെ സൗന്ദര്യത്തെ ആസ്വദിക്കുമ്പോൾ അവൾ ഇനി മുതൽ വീണ്ടും തന്റ്റേതായ് മാറുന്നതോർത്ത് ഗോപൻ അവളിൽ, അവളുടെ ആകാരവടിവിൽ മതിമറന്നു നിന്നു പോയ്, അപ്പോഴവന്റെ ഓർമ്മയിൽ പോലും ലില്ലി ഉണ്ടായിരുന്നില്ല

തിരക്കും ആരവങ്ങളുമൊഴിഞ്ഞപ്പോൾ ഷിനി ഗോപനരികെ എത്തി ..

” ഗോപേട്ടൻ വീട്ടിൽ ചെന്ന കാര്യം അമ്മ വിളിച്ചു പറഞ്ഞിരുന്നു ,അവൾ പറഞ്ഞു കൊണ്ടവനോട് ചേർന്നു നിന്നപ്പോൾ അവളിൽ നിന്നുയർന്ന മദിപ്പിക്കുന്ന വിയർപ്പുഗന്ധം ആവോളം ആസ്വദിക്കുകയായിരുന്ന ഗോപൻ..

“അതെ… ഷിനി ഞാൻ വീട്ടിൽ പോയിരുന്നു ,കഴിഞ്ഞതെല്ലാം മറന്നു വീണ്ടും നമ്മുക്കൊരുമിച്ച് നമ്മുടെ മോളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാമെന്ന് നിന്നോടു പറയാൻ വേണ്ടി,

ഞാൻ ചെയ്തതും പറഞ്ഞതും മെല്ലാം നീ മറക്കണമെന്നും എന്നോട് ക്ഷമിക്കണമെന്നും പറയാൻ വേണ്ടിയാണ് ഞാനവിടെ വന്നത് ,പക്ഷെ നീ വീട്ടിൽ ഇല്ലായിരുന്നു ..

“ഞാനിവിടെ പ്രാക്ടീസിന് വരാനും ഇടയ്ക്കെല്ലാം കളിക്കാനും തുടങ്ങീട്ട് കുറെയായ് ..

“ഗോപേട്ടൻ എന്നോട് അകലാൻ കാരണം എന്റെ ശരീര സൗന്ദര്യം നശിച്ചതു കാരണമാണെന്ന് ഞാൻ മനസ്സിലാക്കി ,അതുകൊണ്ടുതന്നെ വീണ്ടും ഗോപേട്ടനെ എനിക്ക് തിരികെ കിട്ടാൻ എന്റെ ശരീരം സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു ..

“ടെന്നീസ് വിവാഹത്തിനു മുമ്പേ തന്നെ എന്റെ ജീവനായിരുന്നെന്ന് ഗോപേട്ടനറിയാലോ അതു കൊണ്ട് അതു തന്നെ കൂടെ കൂട്ടി .. ഇപ്പോ ഞാനാ പഴയ ഷിനിആയില്ലേ ഗോപേട്ടാ ….?

കൊഞ്ചി കുഴഞ്ഞു കൊണ്ട് ഷിനിചോദിച്ചതും ഗോപൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു …

“ഇപ്പോ നീയെന്റെ ഷിനി തന്നെയാണ് മോളെ, നിന്റെയീ മണവും ശരീരവുമെന്നെ വല്ലാതെ കൊതിപ്പിക്കുന്നു മോളെ … നിന്നോട് ഒട്ടിചേരാനെന്റെ മനസ്സും ശരീരവും വല്ലാതെ കൊതിക്കുന്നു … പ്രണയാതുരനായ് ഷിനിയുടെ കാതിൽ ഗോപൻ പറഞ്ഞു

“എനിക്കുമതേ ഗോപേട്ടാ … പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ നമ്മുക്കിടയിൽ ..

ഷിനി പറഞ്ഞതു മനസ്സിലാവാതെ ഗോപനവളെ നോക്കി

എന്തു പ്രശ്നം ഷിനീ …

“നമ്മൾ ഒന്നിച്ചാൽ ഗോപേട്ടൻ മടങ്ങി വരുന്നതും കാത്തിരിക്കുന്ന ലില്ലി എന്തു ചെയ്യും ..?

ലില്ലിയുടെ പേര് ഷിനിയിൽ നിന്നു കേട്ടതും ഗോപൻ ഞെട്ടിയവളെ നോക്കി ..

“ലില്ലിയുടെ കാര്യം എനിക്കറിയാമെന്നോർത്ത് ഗോപേട്ടൻ പരിഭ്രമിക്കണ്ട

“എന്റെ തെറ്റുകൊണ്ടാണ് ഏട്ടൻ എന്നിൽ നിന്നകന്നതെന്ന് എനിക്കറിയാലോ ,അതു കൊണ്ട് തന്നെ വേറൊരു ബന്ധം കണ്ടു പിടിച്ചതിനെ ഞാൻ കുറ്റം പറയില്ല ,

പക്ഷെ നമ്മൾ വീണ്ടും ഒന്നായാൽ അവൾ പിന്നീട് നമ്മുക്കിടയിൽ ഉണ്ടാവരുത് ,അതെനിക്ക് നിർബന്ധം ആണ് ..

ഷിനി പറഞ്ഞതു കേട്ടതും ഗോപനിൽ നിന്നൊരു ദീർഘശ്വാസമുതിർന്നു .. ഇവളിത്ര സാധു ആയിരുന്നോ ? അവനോർത്തു

“ലില്ലി എന്നല്ല ഇനി നമ്മുക്കിടയിൽ ഒരു പെണ്ണും ഉണ്ടാവില്ല ,എനിക്ക് നീ മാത്രം മതി

“പിന്നെ ലില്ലിയെ പോലൊരുത്തിയെ ഒന്നും ആരും ജീവിതകാലം മുഴുവൻ കൂടെ കൊണ്ടു നടക്കില്ല ,അവളൊക്കെ പിഴയാണെന്നേ , ഞാനല്ലങ്കിൽ വേറെ ഒരുത്തൻ അവൾക്കെല്ലാം അത്രയേ വേണ്ടു, ഞാനറിയാതെ അവളുടെ വലയിൽ പെട്ടു പോയതാ ഇനി ഉണ്ടാവില്ല. എനിക്കെന്റെ മുത്ത് മാത്രം മതി

വർദ്ധിച്ച ആവേശത്തോടെ ലില്ലിയുടെ കുറ്റങ്ങളോരോന്നും വിളിച്ചു പറയുമ്പോൾ ഷിനിയുടെമുഖത്ത് വന്ന മാറ്റം ഗോപൻ ശ്രദ്ധിച്ചില്ല..

” എന്റെ ശരീരം പ്രസവത്തോടെ ചില മാറ്റങ്ങൾക്ക് വിധേയമായപ്പോൾ ശരീരത്തെക്കാൾ ഞാൻ എന്റെ മോളെ ശ്രദ്ധിച്ചു

“അതോടെ എന്റെ അടുത്ത് നിന്ന് മാറി നിങ്ങൾ കണ്ടെത്തിയതാണ് ലില്ലിയെ .. ഇപ്പോൾ വീണ്ടും എനിക്കരികിലെത്തിയപ്പോൾ ലില്ലി വെറും വേശ്യ അല്ലേടോ..

ഷിനിയുടെ ശബ്ദവും ഭാവവും മാറിയപ്പോൾ കാര്യമറിയാതെ പകച്ച ഗോപനു മുന്നിലേക്ക് കണ്ണിൽ കനലോടെ പെട്ടന്ന് ലില്ലി കയറി നിന്നപ്പോൾ മാത്രമാണ് താനറിയാതെ തനിക്കൊപ്പം ലില്ലിയും ഷിനിയെ തേടി എത്തിയ വിവരം ഗോപൻ തിരിച്ചറിഞ്ഞത് ..

“നിന്നെ പോലൊരു നാണംകെട്ടവനോട് അല്പസമയത്തേക്കെങ്കിലും അത്തരത്തിൽ സംസാരിച്ചത് നീയിത്രയേ ഉള്ളുവെന്ന് ഇവൾക്ക് ബോധ്യമാക്കി കൊടുക്കാൻ വേണ്ടിയാണ് ..

“ശരീരത്തിന്റെ ഭംഗി നോക്കി മാത്രം പെണ്ണിനെ സ്വീകരിക്കുന്ന നീയൊക്കെ ആണെന്ന വർഗ്ഗത്തിനു തന്നെ നാണക്കേടാണ്

“എനിക്ക് മുന്നോട്ടു ജീവിക്കാൻ നിന്നെ പോലൊരു ആണും പെണ്ണും കെട്ടവന്റെ സാമീപ്യം ആവശ്യമില്ല ..അഥവാ അങ്ങനെ ഒരു തുണ വേണ്ടിവന്നാൽ നല്ല നട്ടെല്ലുള്ള പെണ്ണെന്തെന്ന് തിരിച്ചറിയുന്ന ഒരുത്തനെ ഞാൻ കണ്ടെത്തിക്കോളാം ..

” കാര്യങ്ങൾ മനസ്സിലായി കാണുമെന്ന് കരുതുന്നു ,ഇനി വരരുത് എനിക്ക് മുമ്പിൽ ..

പറഞ്ഞു കൊണ്ട് തലയുയർത്തി പിടിച്ച് ഷിനി നടന്നു പോയപ്പോൾ ലില്ലിയുടെ കത്തുന്ന കണ്ണുകളെ നേരിടാനാവാതെ ഗോപൻ തല കുനിച്ചു നിന്നു ..

അവന്റെ മുമ്പിൽ കാർക്കിച്ചു തുപ്പി കൊണ്ട് ലില്ലിയും അവനെ ഉപേക്ഷിച്ചു നടന്നു മറഞ്ഞപ്പോൾ ഇനിയെന്തെന്നറിയാതെ ഗോപനവിടെ നാണക്കേടിൽ തല താഴ്ത്തി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *