” ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ…. കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം കേട്ടോ… എന്ന് പറയാൻ തോന്നിയ നിമിഷത്തെ നിഖിൽ മനസ്സുകൊണ്ട് ശപിച്ചു.

(രചന: അംബിക ശിവശങ്കരൻ)

“നിഖിലേട്ടാ….”

” ഇത്തിരി തേങ്ങ ചിരകി തരുവോ..?”

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സിനോടടുക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു അശരീരി കേട്ടത്.

” ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ…. കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം കേട്ടോ… എന്ന് പറയാൻ തോന്നിയ നിമിഷത്തെ നിഖിൽ മനസ്സുകൊണ്ട് ശപിച്ചു.

” തേങ്ങ എവിടെ? ”

” ഫ്രിഡ്ജിലുണ്ട്”

” പാത്രം എവിടെ? ”

” ഇതെല്ലാം എടുത്ത് കയ്യിൽ തരാൻ ആണേൽ പിന്നെ എനിക്ക് ചെയ്താൽ പോരെ മനുഷ്യാ.. ”

ഉപ്പുമാവിൽ കിടന്ന ചട്ടുകം ചീനച്ചട്ടിയുടെ വക്കിൽ രണ്ട് തട്ട് തട്ടിക്കൊണ്ട് വർഷ പറഞ്ഞു.

ഇനിയും നിന്നാൽ അടുത്ത തട്ട് ചിലപ്പോൾ തനിക്കായിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് കിട്ടിയ ഒരു പ്ലേറ്റും കൂടെ ചിരവയും എടുത്ത് ടിവിയുടെ മുന്നിലേക്ക് ഓടി.

” ഇങ്ങേരെയെന്താ വല്ല പൊട്ടനും കടിച്ചോ…? ”

നിഖിലിന്റെ ഓട്ടം കണ്ട് അന്തംവിട്ട വർഷയ്ക്ക് മറുപടി കൊടുത്തത് തേങ്ങ ചിരകി കൊണ്ടിരുന്നപ്പോൾ ആണെന്ന് മാത്രം അതാകുമ്പോൾ പുറത്തു കേൾക്കില്ലല്ലോ..

” നിഖിലേട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ നിങ്ങൾ സാധിച്ചു തരുമോ ? ”

ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം അവൾ കാതോരം മന്ത്രിച്ചതും അടുത്ത എന്തോ ബോംബ് പ്രതീക്ഷിച്ചെന്നോണം അവൻ ക്ഷമയോടെ ഇരുന്നു.

” തരോ… ഉറപ്പ് പറയ്.. ”

കയ്യിൽ പിടിച്ചുലച്ചു കൊണ്ട് അവൾ തുടർന്നു.

” അതിപ്പോ മരണം ഉറപ്പായ ആളോട് തല്ലിക്കൊല്ലണോ ആത്മഹത്യ ചെയ്യുന്നോ എന്ന് ചോദിച്ച പോലുണ്ടല്ലോ വറൂ… ”

“അല്ലേലും നിങ്ങൾക്ക് എല്ലാം തമാശയാ..”

കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കിയതും നിഖിൽ അല്പം അകലം പാലിച്ചിരുന്നു. ” സേഫ്റ്റി മുഖ്യം ബിഗിലെ… ”

“ഇല്ല… പറ എന്തുതന്നെയായാലും ഞാൻ ഇന്ന് എന്റെ ഭാര്യയുടെ ആഗ്രഹം സാധിച്ചു തന്നിരിക്കും.”

അവളുടെ തോളിൽ തട്ടി വാക്ക് കൊടുക്കുമ്പോൾ ദൈവമേ ആധാരം മാത്രം പണയം വെക്കേണ്ടി വരല്ലേ എന്ന് മാത്രമാണ് അവൻ പ്രാർത്ഥിച്ചത്.

” ദേ വാക്ക് തന്നതാണ്…. ഇനി മാറ്റി പറയാൻ പാടില്ല ട്ടോ.. ”

” വാക്കാലല്ലേ… മുദ്രപത്രത്തിൽ ഒന്നും ഒപ്പിട്ടു തന്നിട്ടില്ലല്ലോ… എന്നൊരു സിനിമ വാചകം നിഖിലിന്റെ മനസ്സിലൂടെ പാഞ്ഞെങ്കിലും മിണ്ടിയില്ല. വെറുതെ എന്തിനാണ് ആരോഗ്യം കേടാക്കുന്നത്…

” നീ പറയടി ഭാര്യേ..ഞാനില്ലേ ഇവിടെ.. ”

” എനിയ്ക്കേ……നല്ല തണുത്ത…. ”
നാണം കലർന്ന മുഖത്തോടെ അവൾ തുടങ്ങി.

” അയ്യേ ഒരു ഐസ്ക്രീമിനാണോ നീ ഇത്രയ്ക്ക് build-up ഇട്ടത്.ബോൾ വേണോ കോൺ വേണോ അതോ ചോക്കോബാർ മതിയോ… ”

ശ്വാസം നേരെ വീണ ആശ്വാസത്തിൽ കൈയിൽ പറ്റിയിരുന്ന ചോറ് പ്ളേറ്റിൽ കുടഞ്ഞു മൊന്തയിലെ വെള്ളം കുറച്ചുയർത്തി വായിലേക്കോഴിക്കുന്ന കൂട്ടത്തിൽ ദൈവത്തിന് നന്ദി പറയാനും അവൻ മറന്നില്ല.

” അല്ലേലും തോക്കിൽ കയറി വെടി വെക്കുന്ന സ്വഭാവം നിങ്ങൾക്ക് എപ്പോഴും ഉണ്ട്. ഐസ് ക്രീം തന്നത്താൻ അങ്ങ് തിന്നേച്ചാലും മതി. എനിയ്ക്കേ.. നല്ല തണുത്ത ബിയറാടിയ്ക്കണം… ”

” വായിലോട്ട് ഒഴിച്ച വെള്ളം തെരിപ്പിലോട്ടാണോ അതോ വേറെ എവിടേക്കെങ്കിലുമാണോ പോയതെന്ന് കുറച്ചുസമയത്തേക്ക് പിടികിട്ടിയില്ല. അമ്മ പരിസരത്ത് എവിടെയെങ്കിലുമുണ്ടോ എന്നറിയാൻ ചുറ്റും നോക്കി. ഭാഗ്യം.. ഇല്ല.

” എന്നെ എടുത്തിട്ട് അടിക്കുന്നത് പോരാഞ്ഞിട്ട് ആയിരിക്കുമല്ലേ കുഞ്ഞേ… അല്ല.. ഇതിപ്പോ പെട്ടെന്ന് എവിടുന്ന് പൊട്ടിമുളച്ചു? ”

” പെട്ടെന്ന് ഒന്നുമല്ല രണ്ടുദിവസമായി പറയണം എന്ന് വിചാരിച്ചിട്ട് ഇന്നാണ് കൂടിയത്.. ”

” ആഹ് ബെസ്റ്റ്… എന്നെ നന്നാക്കാൻ വേണ്ടിയാണ് വീട്ടുകാരും ബന്ധുക്കളും കൂടി പിടിച്ച് പെണ്ണ് കെട്ടിച്ചത്.

ഒന്നു നന്നായി വന്നപ്പോഴേക്കും നിനക്കത് പിടിക്കുന്നില്ലല്ലെ എന്റെ ഈശ്വരാ …. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ കേട്ടിട്ടേയുള്ളൂ അത് എന്റെ ജീവിതം കൊണ്ട് തന്നെ കാണാൻ പറ്റും എന്ന് കരുതിയില്ല. ”

” എന്താ നിഖിലേട്ടാ.. എന്താ നിങ്ങൾ ഇങ്ങനെ മാനത്തോട്ട് നോക്കി അന്തം വിട്ടു നിൽക്കുന്നത്??.

“എത്ര നാളായി തൊടങ്ങീട്ട്…?

“എന്ത്?”

“അടി ”

തള്ളവിരൽ കൊണ്ട് ആക്ഷൻ കാണിച്ച് കിളിപോയ കണക്ക് അവൻ നിന്നു.

” ജനിച്ചപ്പോഴേ ഉണ്ട്.. ”

” ഓഹോ അപ്പൊ എല്ലാരും കൂടെ ചേർന്ന് ഒരു മദ്യപാനിയെ എന്റെ തലയിൽ കെട്ടിവെച്ച് ചതിക്കുകയായിരുന്നല്ലെ… ”

“ഇനീം വാ തുറന്നാൽ ഭർത്താവാണെന്നൊന്നും നോക്കില്ല തലമണ്ട നോക്കി ഒരെണ്ണം തരും ഞാൻ. എന്റെ പൊന്നു നിഖിലേട്ടാ എന്റെ ഒരു ഫ്രണ്ടിനെ നിങ്ങൾക്കറിയില്ലേ രേഷ്മ…”

“ഏത് രേഷ്മ.?”

പെണ്ണുങ്ങളുടെ പേര് പറയുമ്പോഴേക്കും ചാടിക്കയറി അറിയാമെന്ന് പറഞ്ഞാലുള്ള അനന്തരഫലം നല്ലതുപോലെ അറിയാവുന്നതുകൊണ്ട് മനപ്പൂർവ്വം ഒന്നുമറിയാത്തതുപോലെ ഭാവിച്ചു.

“ഓഹ്… എന്തൊരു അഭിനയം നിങ്ങളല്ലേ മനുഷ്യ അവളുടെ മുടിയെപ്പറ്റി കുറച്ചുനാൾ മുൻപ് വരെ പുകഴ്ത്തി കൊണ്ടിരുന്നത്.”

” അത് പറഞ്ഞതിന് നീ പിടിച്ചു മാന്തിയതിന്റെ പാട് ഇപ്പോഴും എന്റെ ദേഹത്ത് ഉണ്ട് മറക്കണ്ട… അതുപോട്ടെ നീ കാര്യം പറ. ”

“ആഹ്.. അവർ കഴിഞ്ഞ ദിവസം ഞങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പിൽ ഒരു ഫോട്ടോ ഇട്ടേക്കുവാ ‘chill with hubby ‘ എന്ന്. രണ്ടാളും ഒരുമിച്ചിരുന്ന് ബിയർ അടിക്കുവാന്നേ…

അപ്പൊ മുതല് ഞാനും കരുതിയതാ നമ്മൾ രണ്ടാളും കൂടി ബിയർ അടിക്കുന്ന ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടണമെന്ന്. അങ്ങനെ അവളു മാത്രം ഇപ്പോ വല്യേ ആളാകണ്ട.”

” പ്രത്യേകിച്ചൊന്നും പറയാനില്ല ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ കണ്ടുടെന്ന് പറയുന്നത് എത്ര സത്യം!”

” നിഖിലേട്ടാ വാങ്ങി തരുമോ പ്ലീസ്… ”

” എന്റെ പൊന്നു വറൂ…. ഇതൊന്നും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നീ കേട്ടിട്ടില്ലേ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന്. ”

വേറൊന്നും കൊണ്ടല്ല വാങ്ങിക്കൊടുത്ത് ഇനി ശീലമായാൽ ഇവൾക്കും കൂടെയുള്ളത് വാങ്ങാൻ പൈസ ഒപ്പിക്കണമല്ലോന്ന് കരുതിയ..

” ഒന്നും പേടിക്കാനില്ല നിഖിലേട്ടാ… ആൽക്കഹോൾ അടങ്ങിയ മറ്റേത് ഡ്രിങ്ക്നേക്കാൾ കൂടുതൽ പോഷകാഹാര നില ബിയറിന് ഉണ്ട്. വൈനിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ പ്രോട്ടീനുകളും വിറ്റാമിൻ ബി യും ഇതിൽ അടങ്ങിയിട്ടുണ്ട്.

അയൺ, കാൽസ്യം, ഫോസ്ഫേറ്റ്, ഫൈബർ എന്നിവയും ബിയറിൽ ചെറിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒരുപരിധിവരെ ബിയറിന് പറ്റും നിഖിലേട്ടാ… ”

തന്റെ ഭാര്യയുടെ അഗാധമായ അറിവ് കണ്ട് ഒരു നിമിഷത്തേക്ക് അവൻ അമ്പരന്നു.

” ഇതൊക്കെ നിന്നോട് ആരു പറഞ്ഞു തന്നു. ”

” ഞാൻ കഷ്ടപ്പെട്ട് നെറ്റിൽ നോക്കി പഠിച്ചതാ നിങ്ങളെ കേൾപ്പിക്കാൻ. ”
അഭിമാനത്തോടെയും തെല്ലൊരു അഹങ്കാരത്തോടെയും അവൾ പറഞ്ഞു.

” നിനക്ക് സപ്ലി എത്രയെണ്ണം ബാക്കിയുണ്ടെന്നാ പറഞ്ഞത്?? ”

നെറുകൻ തലയിൽ തേങ്ങ വീഴും കണക്കെയുള്ള ആ ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചില്ല .

” പരീക്ഷ ആവുമ്പോ സപ്ലിയും ഉണ്ടാകും. അതാണോ ഇപ്പോൾ ഇവിടത്തെ വിഷയം? എനിക്ക് വാങ്ങി തന്നേ പറ്റൂ.. ”

ഇനി വേറെ വഴിയില്ലെന്ന് മനസ്സിലായതോടെ അവൻ മൗനം പാലിച്ചു. എന്നാലും ഇത്രയൊക്കെ ഗുണങ്ങളുള്ള ഒരു വസ്തുവിനെ പറ്റിയാണല്ലോ ദൈവമേ നാട്ടുകാര് തെണ്ടികൾ അപവാദം പറഞ്ഞുണ്ടാക്കുന്നത്.. ബ്ലഡി ഗ്രാമ വാസികൾ. ”

അമ്മ സീരിയൽ കാണാനിരിക്കുന്ന തക്കംനോക്കി പുറകുവശത്തുടെയാണ് സാധനം കൊണ്ടുവന്നത്. കൊണ്ടുവന്നതും ഫ്രീസറിൽ വച്ചു. ഫ്രിഡ്ജിൽ അമ്മയുടെ കണ്ണെത്താത്ത ഒരിടം അതുമാത്രമാണ്.

ഏകദേശം ഒരു എട്ടരയോടെ അമ്മ മുറിയിൽ കയറിയതും രണ്ട് ഗ്ലാസ്സും എടുത്തു റൂമിലേക്ക് ഓടി. കുപ്പി പൊട്ടിച്ചൊഴിച്ചതും നുരു നുരാന്ന് പതഞ്ഞു പൊങ്ങുന്ന ബിയർ കണ്ടപ്പോഴേ അവന്റെ വായിൽ വെള്ളം നിറഞ്ഞു.

“ചിയേർസ്..”

പ്രതീക്ഷയോടെ ഒരു വാ കുടിച്ചതും സകല നിയന്ത്രണവും വിട്ട് അവൾ അത് നിലത്തേക്ക് തന്നെ തുപ്പി.

” എന്താടി എന്തുപറ്റി? ”

” ഇത്രയും വൃത്തികെട്ട സാധനമാണ് ബിയറെന്ന് ന്ന് നിങ്ങൾക്ക് പറഞ്ഞുടായിരുന്നോ മനുഷ്യ… അടയ്ക്ക ചീഞ്ഞ മണവും ഓക്കാനം വരുന്ന ചുവയും. മേലാൽ ഇനി ഇതിവിടെ വാങ്ങിയാൽ എന്റെ വിധം മാറും. ”

പറഞ്ഞു തീരും മുന്നേ വായും പൊത്തി പിടിച്ചവൾ പുറത്തേക്കോടി.

“ഇപ്പൊ എങ്ങനിരിക്കണ്… ”

എല്ലാംകൂടി തന്റെ മണ്ടയിൽ ആയ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് അമ്മ ഓടിവന്നത്.

” എന്താടാ.. എന്താ അവൾക്ക്? ”

ആ പഞ്ചായത്ത് മുഴുവൻ കേൾക്കാൻ പാകത്തിൽ ചർദ്ദിക്കുന്ന അവളുടെ മുതുക് ഉഴിഞ്ഞുകൊണ്ട് അമ്മ തിരക്കി.

” അത് ഇന്ന് കഴിച്ച ആഹാരം പറ്റാഞ്ഞിട്ട് ആയിരിക്കും അമ്മേ.. ” ഒരു നിമിഷം പ്രാർത്ഥിക്കുന്ന വിധത്തിൽ കണ്ണടച്ച് നിന്നുകൊണ്ട് അമ്മ തുടർന്നു.

” മാസക്കുളി തെറ്റിയപ്പോൾ തന്നെ ഞാൻ വിചാരിച്ചതാ … ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു. നാളെ തന്നെ പോയി നല്ലൊരു ഡോക്ടറെ കാണ് രണ്ടാളും. ”

“രാമ രാമ രാമ രാമ…”

അതും പറഞ്ഞ് അമ്മ പോയതും ഇടിവെട്ടേറ്റ പോലെ അവർ പരസ്പരം നോക്കി. അപ്പോഴും അവന്റെ മനസ്സ് ഒന്നുമാത്രം പറഞ്ഞുകൊണ്ടിരുന്നു.

“ഇതെന്റെ ഗർഭം അല്ല.. എന്റെ ഗർഭം ഇങ്ങനെയല്ല.”

വാൽകഷ്ണം : മദ്യപാനം ആരോഗ്യത്തിന് ഹാനീകരം .

Leave a Reply

Your email address will not be published. Required fields are marked *