..എന്താ ഒരു ശരീരവടിവ്…പ്രത്യേകിച്ച് സാരി ഉടുത്തു നീ മുന്നിൽ വന്ന് നിന്നാൽ ഉണ്ടല്ലോ സകല കണ്ട്രോളും പോകും…ഞാൻ തന്നെ അത് കണ്ടല്ലേ വീണത്. ഓഹ്…

(രചന: അംബിക ശിവശങ്കരൻ)

എന്നും ഓഫീസ് കഴിഞ്ഞ് വരുന്ന വഴി ഒരാൾ തന്നെ നോക്കി നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്നേവരെ തന്റെ പുറകെ നടക്കുകയോ ശല്യം ചെയ്യുകയോ ചെയ്യാതിരുന്നത് കൊണ്ട് തന്നെ എന്താണ് അയാളുടെ ഉദ്ദേശം എന്ന് അവൾക്ക് മനസ്സിലായില്ല. എന്നാൽ അയാളെ മുൻപ് കണ്ട പരിചയവുമില്ല.

അവൾ വീട് എത്തി ഫ്രഷ് ആയി വന്നപ്പോഴേക്കും വിളക്ക് വയ്ക്കുന്ന സമയമായിരുന്നു. പിന്നെ പ്രാർത്ഥനയും കഴിഞ്ഞാണ് ചായ കുടിച്ചത്. പതിവുപോലെ മുറിയിൽ വന്ന് കിടന്ന നേരമാണ് സുധിയെ വിളിച്ചത്. സുധി അവൾ പ്രണയിക്കുന്ന ചെറുപ്പക്കാരനായിരുന്നു. അവൾ ഓഫീസിൽ നിന്നും വരുമ്പോൾ കാണാറുള്ള ആ ആളെ പറ്റി സുധിയോട് സൂചിപ്പിച്ചു.

“ഈ പെണ്ണുങ്ങൾക്ക് ഒരു കുഴപ്പമുണ്ട് ആര് ഏതു വഴിയെ നോക്കിയാലും അവർ കരുതുക അവരെ നോക്കുകയാണ് എന്നാണ്. നിന്നെയൊന്നും ആയിരിക്കില്ല സന്ധ്യേ അയാൾ വേറെ എവിടെയെങ്കിലും നോക്കി നിന്നതാകും.”
അവൻ പറയുന്നത് കേട്ടതും സത്യത്തിൽ അവൾക്ക് ദേഷ്യം വന്നു.

“സീരിയസായി ഒരു കാര്യം പറയുമ്പോൾ ഇങ്ങനെയാണോ സുധി?” അവൾ പരിഭവം പറഞ്ഞു.

” നിന്നെ കണ്ടാൽ ആരും ഒന്നും നോക്കി പോകും സന്ധ്യേ..എന്താ ഒരു ശരീരവടിവ്…പ്രത്യേകിച്ച് സാരി ഉടുത്തു നീ മുന്നിൽ വന്ന് നിന്നാൽ ഉണ്ടല്ലോ സകല കണ്ട്രോളും പോകും…ഞാൻ തന്നെ അത് കണ്ടല്ലേ വീണത്. ഓഹ്… ” അവൻ സ്വയം കോരിത്തരിക്കും പോലെ പറഞ്ഞു.

“അപ്പോൾ സുധി എന്റെ ശരീരം കണ്ടാണോ എന്നെ സ്നേഹിച്ചത്?” അവൾ ദേഷ്യത്തോടെ ചോദിച്ചു.

“അയ്യോ ഞാനൊരു തമാശ പറഞ്ഞതല്ലേ?”
കയ്യിൽ നിന്നും പോയെന്ന് മനസ്സിലായപ്പോൾ അവൻ ഉരുണ്ട് കളിച്ചു.

അല്പനേരം അവർക്കിടയിൽ മൗനം തളംകെട്ടി കിടന്നെങ്കിലും അത് ഭേദിച്ചുകൊണ്ട് അവൻ തുടർന്നു.

“നിനക്കിപ്പോൾ എന്താ വേണ്ടത് അയാൾ എന്തിനാ നിന്നെ ഇങ്ങനെ നോക്കുന്നതെന്ന് നിനക്കറിയണം അല്ലേ?”

” അതെ. ” അവൾ മറുപടി പറഞ്ഞു.

“എങ്കിൽ നാളെ അയാളുടെ നേർക്ക് ചെന്ന് നിന്ന് ധൈര്യത്തോടെ നീ ചോദിക്കണം എന്തിനാ താൻ ഇങ്ങനെ നോക്കുന്നത് എന്ന്.”

“അയ്യോ ഞാൻ ഒറ്റയ്ക്കോ?” അവൾ ആശങ്കയോടെ ചോദിച്ചു.

“അല്ല ആ പഞ്ചായത്തിലുള്ള ആളുകളെയൊക്കെ വിളിച്ചോ….എന്റെ സന്ധ്യേ അയാൾ നിന്നെയല്ലേ നോക്കുന്നത് അല്ലാതെ എന്നെയാണോ?”

അവൾ പിന്നെ ഒന്നും പറഞ്ഞില്ല അവന്റെ നിർദ്ദേശത്തിന് എല്ലാം സമ്മതം മൂളി.

പിറ്റേന്ന് ഓഫീസിലേക്ക് പോകുമ്പോൾ അവൾ കണ്ണാടിയിൽ തന്റെ രൂപം നന്നായി ഒന്നു വീക്ഷിച്ചു. സുധി പറഞ്ഞതുപോലെ തന്റെ ശരീരത്തെ ആരു കണ്ടാലും മോഹിക്കുമോ? അവൾ സേഫ്റ്റി പിന്നു കൊണ്ട് വയർ നല്ലതുപോലെ മറച്ചുവെച്ച് പിൻ കുത്തുമ്പോൾ സുധി എപ്പോഴും പറയാറുള്ളതാണ് ഓർമ്മ വന്നത്. സാരിക്ക് ഇടയിലൂടെ നിന്റെ വയറു കാണാൻ ഒരു പ്രത്യേക ഭംഗിയാണെന്ന്… സത്യത്തിൽ പലപ്പോഴും താൻ അത് ആസ്വദിച്ചിട്ടുണ്ട് എന്നതാണ് സത്യം.

ഡ്യൂട്ടി കഴിയാൻ നേരം ആവുംതോറും അവളുടെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചുകൊണ്ടിരുന്നു. “എന്തായിരിക്കും അയാൾ പറയുക? തന്റെ ചോദ്യത്തിന് എങ്ങനെയായിരിക്കണം അയാൾ പ്രതികരിക്കുക? ” അവൾക്ക് ഭയം തോന്നി

എന്നത്തേപ്പോലെ ഇന്നും വഴിവക്കിൽ അയാൾ നിൽപ്പുണ്ടായിരുന്നു അവളെത്തന്നെ ഉറ്റു നോക്കിക്കൊണ്ട്. അയാളുടെ നോട്ടത്തിനു മുന്നിൽ ഒന്ന് പതറിയെങ്കിലും സർവ്വധൈര്യവും സംഭരിച്ച് അവൾ അയാൾക്ക് നേരെ നടന്നു. അങ്ങനെയൊരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തതു കൊണ്ടാവാം അയാളും ഒന്ന് പരുങ്ങി.

“എന്താ തന്റെ ഉദ്ദേശം?” മുഖത്തടിച്ചത് പോലെ അവൾ ചോദിച്ചു.

അയാൾ മറുപടി പറയാതെ മുഖം കുനിച്ചു നിന്നു.

“ചോദിച്ചത് കേട്ടില്ലേ എന്താ തന്റെ ഉദ്ദേശം എന്ന്? കുറേ ദിവസമായല്ലോ താൻ ഇവിടെ വെള്ളം ഇറക്കി നിൽക്കാൻ തുടങ്ങിയിട്ട്..” അവളുടെ ശബ്ദം ഉയർന്നതും അയാൾ ഉത്തരം പറഞ്ഞു.

“ദയവായി ഒച്ച വയ്ക്കരുത്. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഇഷ്ടമെന്ന് പറഞ്ഞാൽ പ്രണയമല്ല.”

അത് കേട്ടതും അവൾ സ്തംഭിച്ചു.

” അതെ.. എനിക്ക് നിങ്ങളോട് കാമമാണ്. നിങ്ങളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ എനിക്ക് താല്പര്യമുണ്ട്. നിങ്ങൾക്കും അതിന് സമ്മതമാണെങ്കിൽ മാത്രം ഒരു വട്ടം നമുക്ക് നമ്മുടേതായ കുറച്ചു നിമിഷങ്ങൾ പങ്കുവയ്ക്കാം.. അല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല ഞാൻ ഇവിടെ നിന്നത് നിങ്ങളെ ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ എനിക്ക് താല്പര്യമില്ല. ”

“ഠപ്പേ…” അത് പറഞ്ഞു തീർത്തതും ആഞ്ഞ് ഒരടി അയാളുടെ കവിളിൽ പതിച്ചു.

“ഇനി മേലാൽ ഇതാവർത്തിച്ചു പോകരുത്.”
അത്രയേറെ ദേഷ്യത്തോടെ കൂടിയാണ് അവൾ പ്രതികരിച്ചതെങ്കിലും വീട് എത്തിയപ്പോഴേക്കും അത് കരച്ചിലായി മാറി.

അയാളുടെ വാക്കുകൾ വീണ്ടും വീണ്ടും തികട്ടി വന്നതും അവൾക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സുധി വിളിക്കുമ്പോഴും കരഞ്ഞുകൊണ്ട് തന്നെയാണ് അവൾ കാര്യങ്ങൾ അവതരിപ്പിച്ചത്.

“നീ ഇങ്ങനെ കരയാതെ സന്ധ്യേ… അയാൾ പറഞ്ഞതിന് നീ അയാൾക്കിട്ട് പൊട്ടിച്ചില്ലേ പിന്നെന്താ?”

“അങ്ങനെയാണോ സുധി? എന്ത് ധൈര്യത്തിൽ ആണ് അയാൾ എന്നാലും അത് എന്നോട് പറഞ്ഞത്? എന്റെ അടിയൊന്നും അയാൾക്കൊരു വിഷയമേ ആയിട്ടുണ്ടാകില്ല.. എനിക്കുറപ്പാണ് അയാൾ ഇനിയും ഇത് ആവർത്തിക്കുമെന്ന്. സുധിക്ക് എന്നോട് ഒരു സ്നേഹവുമില്ല ഉണ്ടെങ്കിൽ അയാളോട് പോയി ചോദിച്ചേനെ…” അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു.

“നീ ആദ്യം കരച്ചിൽ ഒന്ന് നിർത്ത്. നാളെ ഞാൻ വരാം നീ ഓഫീസ് കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടാകും. പോരെ?” അത് കേട്ടതും അവൾക്ക് സമാധാനമായി.

പിറ്റേന്ന് ഓഫീസ് കഴിഞ്ഞ് ഇറങ്ങിയ നേരം സുധി അവളെ പിന്തുടർന്നു.ഇന്നും അയാൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. പക്ഷേ എന്നത്തേയും പോലെ അയാൾ തന്നെ ശ്രദ്ധിക്കുന്നത് പോലുമില്ലെന്ന് അവൾക്ക് മനസ്സിലായി. എങ്കിലും തന്നോട് പറഞ്ഞതിന് അയാൾക്കിട്ട് കിട്ടിയെ മതിയാകൂ എന്ന ലക്ഷ്യത്തോടെ അവൾ സുധിയെ നോക്കി ഇതാണ് ആളെന്ന് കണ്ണ് കൊണ്ട് കാണിച്ചു.

ആ സമയത്ത് അവിടെ അപ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല.സുധി ഒട്ടും സമയം കളയാതെ തന്നെ അയാളുടെ ഷർട്ടിൽ പിടിച്ചു അയാളെ നിലത്തേക്ക് വലിച്ചിട്ടു. ചവിട്ടുകയും തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തപ്പോഴേക്കും അയാൾ അവശനായി. ഒന്ന് വിരട്ടാനാണ് താൻ ഉദ്ദേശിച്ചതെങ്കിലും സുധി അതിര് കടന്നോ എന്ന് പോലും അവൾക്ക് തോന്നിപ്പോയി.

“എന്റെ പെണ്ണിനെ തന്നെ വേണമല്ലേടാ നിനക്ക് കാമം തീർക്കാൻ..” ദേഷ്യം അടങ്ങാതെ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ ഓടിച്ചെന്ന് സുധിയെ പിടിച്ചു മാറ്റി.

“മതി സുധി ഇനി തല്ലിയാൽ അയാൾ ചത്തുപോകും.” ഒടുക്കം എങ്ങനെയൊക്കെയോ അവന്റെ കലിയടങ്ങി.

വീട്ടിലെത്തി വിശ്രമിക്കുമ്പോൾ സുധിയോടുള്ള അവളുടെ പ്രണയം നൂറ് ഇരട്ടിയായി വർദ്ധിച്ചു. എന്റെ പെണ്ണ് എന്ന സുധി എടുത്തു പറഞ്ഞപ്പോൾ ആ അവസ്ഥയിൽ പോലും തന്റെ ശരീരത്തിൽ ആകെ കുളിരു കോരി എന്ന് അവൾ ഓർത്തു. അപ്പോഴേക്കും സുധിയുടെ കോൾ വന്നു. അവൾ പുഞ്ചിരിയോടെ ആ കോൾ എടുത്ത് മെല്ലെ സംസാരിച്ചു.

“ഹലോ സുധി..” അവൾ പ്രണയാർദ്രമായി വിളിച്ചു.

“എന്താണ് മേഡം ഹാപ്പി അല്ലേ?”

“ഉം.ഒരുപാട്…”

“ഓഹ് നല്ല റൊമാന്റിക് മൂഡിൽ ആണല്ലോ?”

“യെസ്. ഐ ലവ് യു സുധി…”

“എന്നോട് അത്രയേറെ ഇഷ്ടമുണ്ടോ?”

“അതിൽ സുധിക്ക് സംശയമുണ്ടോ?”

“സംശയം ഒന്നുമില്ല എങ്കിൽ ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ?”

” സുധി എന്ത് പറഞ്ഞാലും ഞാൻ അത് സാധിച്ചു തരും. ”

“വാക്ക്?”

“വാക്ക്.”

“എങ്കിൽ ഈ വരുന്ന ഞായറാഴ്ച എന്റെ കൂടെ ഒരു ട്രിപ്പ് വരണം പറ്റുമോ?”

“ട്രിപ്പോ?എവിടേക്ക്?”
അത്രനേരം ഉണ്ടായിരുന്ന ടോണിൽ നിന്ന് ഞെട്ടലോടെ അവൾ ചോദിച്ചു.

“ഊട്ടിക്ക്.. എന്റെ ഫ്രണ്ട്സ് അങ്ങോട്ട് ട്രിപ്പ് പോകുന്നുണ്ട് നീ കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒരു റൂം ബുക്ക് ചെയ്യാമെന്ന് അവർ പറഞ്ഞിട്ടുണ്ട്.”

“ഊട്ടിക്കോ.. ഞാൻ ഒന്നും വരില്ല. എന്റെ വീട്ടുകാർ അതിനൊന്നും സമ്മതിക്കില്ല. കല്യാണത്തിന് മുന്നേ അതൊന്നും ശരിയാകില്ല സുധി.”
അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“അതിന് നമ്മൾ മറ്റൊന്നിനും വേണ്ടി അല്ല പോകുന്നത്. അവരും അവരുടെ കാമുകിമാരായിട്ടാണ് വരുന്നത്. ഞാൻ മാത്രമാണ് തനിച്. അതുകൊണ്ടാണ് അവർ നിന്നെയും കൂട്ടാൻ പറഞ്ഞത്. നീ വരുന്നില്ലെങ്കിൽ വേണ്ട എന്റെ പെണ്ണ് എനിക്കൊരു വിലയും തരുന്നില്ലെന്ന് അവർ കരുതിക്കോട്ടെ…”

അവൾ അല്പസമയം മൗനമായിരുന്നു.

” പക്ഷേ സുധി..വീട്ടിൽ ഞാൻ എന്താ പറയുക അമ്മയും അച്ഛനും ഒക്കെ ചോദിക്കില്ലേ? ”

“അവരുടെ സമ്മതം വാങ്ങി പ്രണയിക്കാൻ പറ്റുമോ സന്ധ്യേ?എന്തെങ്കിലും കള്ളങ്ങൾ പറ കള്ളങ്ങൾക്കാണോ പഞ്ഞം?” അവൻ ചിരിച്ചു.

അന്ന് അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല എന്തു പറഞ്ഞാണ് ഇവിടെ നിന്നും ഇറങ്ങേണ്ടത് എന്ന ടെൻഷൻ ആയിരുന്നു. ഒടുക്കം തലപുകഞ്ഞാലോചിച്ച് ഒരു സുഹൃത്തിന്റെ വിവാഹം കൂടാൻ പോവുകയാണെന്ന് പറഞ്ഞ് അവൾ തടി തപ്പി. അതിനുവേണ്ടി രണ്ടുമൂന്നു സുഹൃത്തുക്കളേ കൊണ്ട് അവൾ തന്റെ അമ്മയെ വിളിച്ചു സംസാരിപ്പിച്ചിരുന്നു.

ടൗണിൽ സുധി വണ്ടിയുമായി കാത്തു നിൽപ്പുണ്ടായിരുന്നു. കാറിൽ മറ്റു പെൺകുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

“ഇവരുടെ ലവേഴ്സ് ഒക്കെ എവിടെ?” അവൾ സുധിയോടായി ചോദിച്ചു.

“അവർ പുറകെ വരുന്നുണ്ട് ഒരാളുടെ വീട്ടിൽ ചെറിയ ഒരു സീൻ ഉണ്ടായി.”

“ഹ്മ്മ്…അവൾ മൂളി.

അവർക്ക് വേണ്ടി മനോഹരമായ ഒരു റൂം ബുക്ക് ചെയ്തു വച്ചിരുന്നു അവൾ ആദ്യം ബാത്റൂമിൽ കയറി ഫ്രഷ് ആയി വന്നു.

“സന്ധ്യേ…നമുക്ക് ആ വഴികളിലൂടെ ഒന്ന് നടക്കാം. ഞാൻ പറഞ്ഞപോലെ സാരി എടുത്തിട്ടുണ്ടല്ലോ? അതുടുത്തുവാ… എനിക്ക് നിന്നെ സാരിയിൽ കാണാനാണ് ഏറ്റവും ഇഷ്ടം.”

അവൾ സന്തോഷത്തോടെ തലയാട്ടി.അവൻ പറഞ്ഞതനുസരിച്ച് അവനു ഏറ്റവും പ്രിയപ്പെട്ട ചുവപ്പു കളർ കോട്ടൻസാരി തന്നെ കയ്യിൽ കരുതിയിരുന്നു. സാരിയുടുത്ത് ഭംഗിയായി ഒരുങ്ങി വാതിൽ തുറന്നതും അവൾ ഒരു നിമിഷം ഞെട്ടി. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരു വശ്യമായ ചിരിയോടെ അവളെ നോക്കി നിൽക്കുന്നു. അവർ വന്ന് ബെഡിലേക്ക് ഇരുന്നതും അവൾ പരുങ്ങി.

“സുധി എവിടെ? അവൾ വിറച്ചുകൊണ്ട് ചോദിച്ചു.

” ഞാനിവിടെയുണ്ട് മോളെ… ” ഒരു വഷളൻ ചിരി ചിരിച്ച് സുധി വാതിലിന്റെ കൊളുത്തിട്ടു.

“എന്താ സുധി ഇതൊക്കെ?” ഭയത്തോടെ അവൾ ചോദിച്ചതും ഒരുത്തൻ അവളുടെ സാരിത്തുമ്പിൽ പിടുത്തം ഇട്ടു കഴിഞ്ഞിരുന്നു.

“ഛീ വിടെടാ… അവൾ അറപ്പോടെ അവന്റെ കൈ തട്ടി മാറ്റി.

“ഹാ ദേഷ്യപ്പെടല്ലേ മോളെ…നിന്നെ കണ്ടാൽ ആർക്കാണ് കാമം തോന്നാത്തത്? അയാളെ ഞാൻ അന്ന് വെറുതെ തല്ലി പാവം.അല്ലെങ്കിലും ഞാൻ തൊടാതെ മറ്റൊരുത്തനും നിന്നെ അനുഭവിക്കില്ല അത് വേറെ കാര്യം. ദാ ഇവന്മാരും ഞാൻ തൊട്ടിട്ടെ നിന്നെ തൊടുകയുള്ളൂ എത്ര നാളായി കാത്തുസൂക്ഷിച്ചു വെച്ച ചക്കര മാമ്പഴം ആണ് നീ.. മോള് ആ സാരിയുടെ പിൻ ഒന്നഴിച്ചേ…അല്ലേൽ വേണ്ട ഞാൻ തന്നെ അഴിക്കാം.”

കുഴയുന്ന നാക്കുകളോടെ സുധീ തന്റെ ബ്ലൗസിൽ കുത്തിയിരുന്ന പിൻ അഴിക്കാൻ ശ്രമിച്ചതും അവൾ ഉച്ചത്തിൽ നിലവിളിച്ചു.
“ദൈവമേ ഈ ദുഷ്ടനെയാണോ ഇത്രനാൾ ജീവനുതുല്യം സ്നേഹിച്ചത്?”

അപ്പോഴേക്കും സുധി അവളുടെ വാ പൊത്തിപ്പിടിച്ചു.

അവന്റെ കൈയിൽ നിന്നും കുതറി മാറി. ശേഷം അവൾ തന്റെ ബാഗ് തുറന്നതും അതിലിരുന്ന് സ്പ്രേ അവിടെയുള്ളവരുടെ കണ്ണിലേക്ക് അടിച്ചതും പെട്ടെന്നായിരുന്നു. കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച നിമിഷം അവരെല്ലാവരും നീറ്റൽ സഹിക്കവയ്യാതെ ഒച്ചവെച്ചു.

യാത്ര പോരാൻ നേരം സുധിയെ സംശയിച്ചിട്ടല്ലെങ്കിലും ഇതൊരെണ്ണം വാങ്ങി വയ്ക്കാൻ തോന്നിപ്പിച്ച ദൈവത്തോട് അവൾ നന്ദി പറഞ്ഞു. അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയതും അവൾ നിലവിളിച്ചുകൊണ്ട് ആളെ വിളിച്ചു കൂട്ടി.

ആളുകൾ കൂടിയതും പോലീസിനെ വിളിച്ചു. സന്ധ്യയുടെ മൊഴിപ്രകാരം അവർക്ക് എതിരെ കേസെടുത്തു. എങ്കിലും തന്റെ സ്വകാര്യത വെളിപ്പെടുത്തരുതെന്ന് അവൾ അവരോട് അഭ്യർത്ഥിച്ചു. അവരത് ശരി വെക്കുകയും ചെയ്തു.അപ്പോഴും സുധി തന്നെ ചതിക്കുകയായിരുന്നു എന്ന് അവൾക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.

തിരികെ വീട്ടിലെത്തി എല്ലാം ആലോചിച്ചപ്പോൾ എല്ലാം ഒരു കഥ പോലെ അവൾക്ക് തോന്നി. ഓർക്കുമ്പോൾ ഒരു നടുക്കം പോലെയും.

രണ്ടുദിവസം അവൾ ഓഫീസിൽ പോകാതെ വീട്ടിൽ തന്നെ ഇരുന്നു. പിറ്റേന്ന് ഓഫീസിൽ പോയി തിരികെ വരുമ്പോൾ അയാൾ ആ വഴിയിൽ തന്നെ ഉണ്ടായിരുന്നു.. പക്ഷേ അവൾ നടന്നു പോകുമ്പോഴും അയാൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

സുധിയെ കൊണ്ട് അയാളെ തല്ലി ചതിച്ചതിൽ അവൾക്ക് കുറ്റബോധം തോന്നി.ശരിക്കും ഇയാൾ എന്ത് തെറ്റാണ് തന്നോട് ചെയ്തത് ഉള്ളിലുള്ളത് അതേപോലെ പ്രകടിപ്പിച്ചു എന്നത് മാത്രമോ?തന്നെ ബലമായി കീഴടക്കാനോ ശല്യം ചെയ്യാനോ ഒരിക്കൽപോലും അയാൾ ശ്രമിച്ചിട്ടില്ല. നല്ലവന്റെ മുഖം മൂടിയണിഞ്ഞു കൂടെ നിന്ന ചെന്നായയെ തിരിച്ചറിയാതെ പോയത് താനാണ്. സുധിയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇയാൾ എത്രയോ പാവമാണ്.

അവൾ അയാളെ ലക്ഷ്യമാക്കി നടന്നു. വീണ്ടും അവൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അയാളുടെ ഭയം വർദ്ധിച്ചു ഇനിയും തല്ലാൻ ആകുമോ?

“മാപ്പ്.”

അത് പറഞ്ഞ് അവൾ തിരിഞ്ഞു നടക്കുമ്പോൾ അയാൾ ഒന്നും തന്നെ മനസ്സിലാകാതെ മിഴിച്ചു നിന്നു. സ്നേഹിച്ചവൻ തന്നോട് ചെയ്ത ചതിയെക്കാൾ വേദന നൽകുന്നതായിരുന്നില്ല അയാൾ അന്ന് പറഞ്ഞ വാക്കുകൾ എന്ന് അവൾ മനസ്സിൽ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *