ദാരിദ്ര്യം തന്നെ മനോഹരമായി കള്ളങ്ങൾ പറയാൻ പഠിപ്പിച്ചിരിക്കുന്നു എന്ന് അവന് തോന്നി. തന്റെ ഇല്ലായ്മയെ നോക്കി മറ്റുള്ളവർ സഹതപിക്കുമോ എന്ന ചിന്ത കൊണ്ട്…

(രചന: അംബിക ശിവശങ്കരൻ)

അവസാനത്തെ പിരീഡ് കഴിഞ്ഞതും അവൻ ആകെ വിശന്നു തളർന്നിരുന്നു. പറ്റ് കാശ് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് ഇനി സാധനം വാങ്ങിയാൽ മതിയെന്ന് രാമേട്ടൻ പറഞ്ഞതോടെ കറി കൂട്ടി ചോറുണ്ണുന്നത് നിന്നു.

ഇന്നലെ വെറും ചോറുണ്ണുന്നത് കണ്ട് കാര്യം തിരക്കിയ കൂട്ടുകാരോട് കറിപാത്രം എടുക്കാൻ മറന്നു എന്ന് കള്ളം പറഞ്ഞു.

എല്ലാവരും കറി കുറേശ്ശെ തന്നതുകൊണ്ട് വൈകുന്നേരം ആയപ്പോഴേക്കും വിശന്നില്ല. പക്ഷേ ഒരു കള്ളം എങ്ങനെയാണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്?

” എന്താടാ നീ വരുന്നില്ലേ ചോറുണ്ണാൻ? ”

ഉച്ചയ്ക്ക് ബെൽ അടിച്ചതും കൈ കഴുകാൻ കൂടെ വരാതെ നിൽക്കുന്ന അവനോട് വീണ്ടും സുഹൃത്തുക്കൾ കാര്യം തിരക്കി.

” ഇല്ലടാ ഇന്ന് വീട്ടിൽ പോയി കഴിക്കാൻ അമ്മ പറഞ്ഞു ഇന്ന് വീട്ടിൽ ആരൊക്കെയോ വിരുന്നുകാർ വരുന്നുണ്ട് ഞാൻ പോയി കഴിച്ചിട്ട് വരാം.”

ദാരിദ്ര്യം തന്നെ മനോഹരമായി കള്ളങ്ങൾ പറയാൻ പഠിപ്പിച്ചിരിക്കുന്നു എന്ന് അവന് തോന്നി. തന്റെ ഇല്ലായ്മയെ നോക്കി മറ്റുള്ളവർ സഹതപിക്കുമോ എന്ന ചിന്ത കൊണ്ട്… .,. കൂട്ടുകാർ തന്നെ പരിഹസിക്കുമോ എന്ന
ഭയം കൊണ്ട്….അവൻ ഓരോ ദിവസവും ഓരോ കള്ളങ്ങൾ മെനഞ്ഞെടുത്തു.

ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും മനുഷ്യർ എങ്ങനെയായി തീരണമെന്ന് നിശ്ചയിക്കുന്നത്.

തന്റെ സുഹൃത്തുക്കൾ ഭക്ഷണം കഴിച്ചു കഴിയോളം അവൻ സ്കൂളിൽ നിന്നും കുറച്ചു മാറിയുള്ള പുഴയോരത്ത് പോയിരുന്നു.

വിശപ്പിന്റെ തീവ്രത വർദ്ധിച്ചതും പാറക്കല്ലിലൂടെ അരിച്ചിറങ്ങുന്ന തെളിനീരുറവ ഇരുകൈകളിലും കോരിയെടുത്ത് മതി ഒരുവോളം കുടിച്ചു.

“ആഹ്… എന്ത് രുചി.!”

വിശപ്പിന് കാഠിന്യമേറിയാൽ പച്ചവെള്ളത്തിനും മാധുര്യമേറുമെന്ന് അവന് തോന്നി.

ബെല്ല് അടിച്ചതിനുശേഷം ആണ് സ്കൂളിൽ എത്തിയത് മലയാളം അധ്യാപകനായ രതീഷ് മാഷ് ക്ലാസ് തുടങ്ങിയിരുന്നു.

പൊതുവേ ശാന്ത സ്വഭാവക്കാരൻ ആയ മാഷിന്റെ മുഖത്ത് ഗൗരവം പേരിനു പോലും നിഴലിക്കുന്നത് ആരും കണ്ടിട്ടില്ലാത്തതിനാൽ കുട്ടികൾക്ക് എല്ലാം അദ്ദേഹം പ്രിയപ്പെട്ടവൻ ആയിരുന്നു.

” ശരത് ഇത്രനേരം എവിടെയായിരുന്നു?.”

ക്ലാസിനകത്ത് കയറാൻ അനുവാദം കാത്തുനിന്ന അവനോട് മാഷ് കാര്യം തിരക്കി.

ചോദ്യം കേട്ടെങ്കിലും അവൻ മറുപടി പറഞ്ഞില്ല.എന്തോ മാഷിന്റെ മുഖത്ത് നോക്കി കള്ളം പറയുവാൻ മനസ്സനുവദിച്ചില്ല.

” എന്താ ശരത്തെ ഒന്നും മിണ്ടാത്തത് ഞാൻ ചോദിച്ചത് കേട്ടില്ലേ? ”

വീണ്ടും ചോദ്യം ഉയർന്നപ്പോൾ പുറകിൽ നിന്നാരോ വിളിച്ചുപറഞ്ഞു.

” അവന്റെ വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നു മാഷേ അവൻ വീട്ടിൽ ചോറുണ്ണാൻ പോയതാ. ”

” ആണോ ശരത്തെ? …”

അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്നിൽ മൗനമായവൻ തലയാട്ടി.

സ്കൂൾ വിട്ടുപോകുന്ന നേരവും തനിക്കേറെ പ്രിയപ്പെട്ട അധ്യാപകനോട് കള്ളം പറയേണ്ടി വന്നതിന്റെ കുറ്റബോധം അവനെ വേട്ടയാടി.

നടക്കുന്ന വഴികളിൽ എല്ലാം ഓരോ വീടിന്റെയും അടുക്കളകളിൽ നിന്നും ഉയർന്ന ഗന്ധം അവനെ വല്ലാതെ കൊതി പിടിപ്പിച്ചു. അമ്മമാരെല്ലാം തങ്ങളുടെ മക്കൾക്ക് വേണ്ടി അവർക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വെച്ചുണ്ടാക്കി കാത്തിരിക്കുകയാവും.

” എന്നാൽ തന്റെ അമ്മ.…”

കല്യാണം കഴിക്കാതെ തനിക്ക് ജന്മം നൽകിയത് കൊണ്ടാവാം അമ്മയോട് എല്ലാവർക്കും ഒരുതരം പുച്ഛം ആയിരുന്നു. സ്വന്തം നാട്ടിൽ നിന്നും എല്ലാ ഉപേക്ഷിച്ചു പോന്നതും മറ്റുള്ളവരുടെ പരിഹാസം ഒഴിവാക്കാൻ ആയിരുന്നു.

അച്ഛൻ എവിടെ എന്ന് ചോദിക്കുന്നവരോടൊക്കെ മരിച്ചുപോയെന്നു പറയാൻ അമ്മ പഠിപ്പിച്ചു തന്നു. ശരികൾ പറഞ്ഞു പഠിപ്പിക്കേണ്ട അമ്മ ആദ്യമായി പഠിപ്പിച്ചു തന്നതും ഒരു വലിയ കള്ളമായിരുന്നു.

അതും തന്തയില്ലാത്തവൻ എന്ന് തന്റെ മകനെ ആരും വിളിക്കരുതെന്ന അതിമോഹം കൊണ്ടായിരിക്കാം.

“എന്നാലും ആരായിരിക്കും എന്റെ അച്ഛൻ അച്ഛൻ എപ്പോഴെങ്കിലും എന്നെക്കുറിച്ച് ഓർത്തിട്ടുണ്ടാകുമോ? എന്നെങ്കിലും എന്നെ കാണണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടാകുമോ?

ഏയ്‌ ഇല്ല…. ഉണ്ടെങ്കിൽ ഈ പതിനാലു വർഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും ഒരിക്കൽ എന്നെ വന്നു കണ്ടേനെ… എനിക്കൊരു നല്ല ഷർട്ട് എങ്കിലും വാങ്ങി തന്നേനെ…”

ആ പത്താം ക്ലാസുകാരന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

വീടെത്തിയതും യൂണിഫോം പോലും മാറ്റാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു

രാവിലെ വെച്ച ചോറിൽ കുറച്ച് വെള്ളവും ഒഴിച്ച് ഉപ്പും കൂടി ചേർത്ത് ഇളക്കി കുഴച്ചുരുട്ടി ഒരു മുളക് വറുത്തതും കൂടി കടിച്ചു.

മകന്റെ ആർത്തിയോടെയുള്ള ഭക്ഷണം കഴിക്കൽ നോക്കിയിരിക്കുമ്പോൾ അമ്മയ്ക്ക് ഒരുപോലെ സങ്കടവും സന്തോഷവും തോന്നി.

” ഇന്ന് ഉച്ചയ്ക്ക് എന്റെ മോൻ ഒന്നും കഴിച്ചില്ല അല്ലേ ”

അവന്റെ പാത്രത്തിൽ ഒരു തവി ചോറ് കൂടി ഇടുന്നതിന് ഇടയ്ക്ക് അവർ ചോദിച്ചു.

” ഇല്ലമ്മേ.… കൂട്ടുകാർ എല്ലാവരും ഭക്ഷണം എനിക്കും തന്നു ഞങ്ങൾ എല്ലാവരും പങ്കിട്ട കഴിച്ചത്. ”

അവൻ അമ്മയെ സമാധാനിപ്പിച്ചു

” നാളെയും കൂടി എന്റെ മോൻ കൂട്ടുകാരുടെന്ന് വാങ്ങി കഴിക്ക്. നാളെ മുതൽ ഒരു ജോലി ശരിയാക്കി തന്നിട്ടുണ്ട് അപ്പുറത്തെ വീട്ടിലെ രമേച്ചി. വലിയ വീടാണെന്ന പറഞ്ഞത്. രാവിലെ നേരത്തെ പോണം അമ്മയ്ക്ക്. അവർ ജോലിക്ക് പോകുമ്പോഴേക്കും ഭക്ഷണം ഒക്കെ തയ്യാറാക്കി കൊടുക്കണം.

അവിടുന്ന് എന്തേലും കിട്ടിയിട്ട് വേണം കടയിലെ പറ്റ് തീർക്കാൻ. അമ്മ നേരത്തെ പോകും ചോറ് ഇവിടെ ഉണ്ടാക്കി വയ്ക്കാം. എടുത്ത് കഴിച്ചിട്ട് മോൻ സമയമാകുമ്പോൾ സ്കൂളിലേക്ക് പൊയ്ക്കോ..അമ്മ അവിടുത്തെ പണി കഴിഞ്ഞതും വരാം.”

അമ്മയുടെ മുന്നിലിരുന്ന് അവൻ അനുസരണ രൂപേണ തലയാട്ടി. അപ്പോഴും മാഷിനോട് കള്ളം പറയേണ്ടി വന്നതിന്റെ കുറ്റബോധം ഉള്ളിൽ തികട്ടി കൊണ്ടിരുന്നു.

പിറ്റേന്ന് അതിരാവിലെ തന്നെ അമ്മ ജോലിക്ക് പുറപ്പെട്ടു പതിവുപോലെ എഴുന്നേറ്റു കുളികഴിഞ്ഞ് കഞ്ഞിയും കുടിച്ച് അവൻ സ്കൂളിലേക്ക് യാത്രയായി.

ഓരോ പീരിയഡ് കഴിയുമ്പോഴും അവന്റെയുള്ളിൽ ആവലാതി വർധിച്ചുകൊണ്ടിരുന്നു

“ഇന്നെന്താണ് കള്ളം പറയേണ്ടത്? കഴിഞ്ഞ രണ്ടു ദിവസവും ഓരോ കള്ളങ്ങൾ പറഞ്ഞ് പിടിച്ചുനിന്നു. ഇന്നിനി എല്ലാം എല്ലാവരും അറിയേണ്ടി വരുമോ? ആഹ്…. അറിയുകയാണെങ്കിൽ അറിയട്ടെ ഇനിയും കള്ളങ്ങൾ പറഞ്ഞു പിടിച്ചുനിൽക്കാൻ വയ്യ..”

‘ണിം ണിം ണിം ണിം ണിം’

മനസ്സിലെ ചിന്തകളെക്കാൾ വേഗത്തിൽ മുഴങ്ങിയ കൂട്ടമണി കേട്ടതും അവൻ ഞെട്ടലോടെ ഇരുന്നു.

എല്ലാവരും ഉച്ചയൂണ് കഴിക്കാനുള്ള തിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി

” എന്താടാ നീ വരുന്നില്ലേ കൈകഴുകാൻ അതോ ഇന്നും വിരുന്നുകാർ ഉണ്ടോ”

കൂട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ പകച്ചുനിന്നപ്പോഴാണ് ക്ലാസിന്റെ വാതിൽക്കൽ പ്യൂൺ തോമസേട്ടന്റെ ശബ്ദം മുഴങ്ങിക്കേട്ടത്

“ശരത്..”

എന്താണെന്നറിയാൻ ആകാംക്ഷയോടെ അരികിലേക്ക് ചെന്നതും ഒരു പൊതി അയാൾ അവന് നേരെ നീട്ടി.

ശരത്തിനുള്ള ഭക്ഷണം സ്റ്റാഫ് റൂമിൽ തന്നേൽപ്പിച്ചിരുന്നു.

ആരെന്നൊ എന്തെന്നോ ചോദിക്കുന്നതിനു മുന്നേ അയാൾ തിരിഞ്ഞു നടന്നു. കഥകളിലൊക്കെയാണ് ഇങ്ങനെ അത്ഭുതങ്ങൾ സംഭവിച്ചു കണ്ടിട്ടുള്ളത്. ഞെട്ടൽ മാറാതെ തന്നെ അവൻ കൂട്ടുകാർക്കൊപ്പം വന്നിരുന്ന പൊതിച്ചോറ് തുറന്നു നോക്കി.

വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും കറികളുടെയും മണം മൂക്കിലേക്ക് അടിച്ചതും അവന്റെ നാവിൽ വെള്ളമൂറി.

അതിൽ നിന്നും ഓരോ കറിയും രുചിച്ചുനോക്കുമ്പോൾ അവന് അത്ഭുതം തോന്നി. അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി!.

അപ്പോൾ അമ്മയാണ് ഇവിടെ വന്ന് ഭക്ഷണം തന്നിട്ട് പോയത്. എന്നിട്ട് എന്താ അമ്മ എന്നെ വന്നു കാണാതിരുന്നത്? പക്ഷേ ഇത്രയും കറികൾ…..?

അവന്റെ മനസ്സിൽ പല ചോദ്യങ്ങളും രൂപപ്പെട്ടെങ്കിലും തൽക്കാലം അതെല്ലാം മാറ്റിവച്ച് ആസ്വദിച്ച് ഭക്ഷണം മുഴുവൻ കഴിച്ചു. കുറെ നാളുകൾക്ക് ശേഷമാണ് ഇത്ര വിഭവങ്ങളോടെ ഭക്ഷണം കഴിക്കുന്നത്

ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ സന്തോഷം തോന്നിയെങ്കിലും മനസ്സിനെ നിരാശപ്പെടുത്തിയ കാര്യമാണ് രതീഷ് മാഷിന്റെ മുഖം. ഒരുപാട് താല്പര്യപൂർവ്വം കേട്ടിരിക്കാറുള്ള മലയാളം ക്ലാസ് കഴിയോളം ഇന്ന് തലതാഴ്ത്തിയാണ് ഇരുന്നത്.

വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും അമ്മ പണി കഴിഞ്ഞ് എത്തിയിരുന്നു.

” വേഗം കൈ കഴുകി വാ എന്നിട്ട് വയറുനിറയെ കഴിക്ക്. ”

അമ്മയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. കൈകഴുകി ഭക്ഷണത്തിന്റെ മുന്നിൽ വന്നിരുന്നതും ഉച്ചയ്ക്ക് കഴിച്ച അതേ കറികൾ മുന്നിൽ കണ്ടതും അവന് ബോധ്യമായി അമ്മയാണ് ഭക്ഷണം കൊണ്ട് തന്നു പോയതെന്ന്.

“അമ്മ എന്താ സ്കൂളിൽ വന്ന് ചോറ് കൊണ്ട് തന്നിട്ട് എന്നെ വന്ന് ഒന്ന് കാണാതെ പോയത്?”

കഴിക്കുന്നതിനിടയിൽ അല്പം നീരസത്തോടെ അവൻ ചോദിച്ചു.

“ഞാൻ വന്നിരുന്നെന്നോ….പോടാ അവിടുന്ന്. ഞാൻ കുറച്ചു മുൻപാണ് പണി കഴിഞ്ഞു വന്നത് ആ ഞാൻ എങ്ങനെയാ നിന്റെ സ്കൂളിൽ വരുന്നത്?”

അവന് അത്ഭുതമായി അവൻ പറയുന്നത് കേട്ട് അവർ ഒരു നിമിഷം ചിന്തിച്ചിരുന്നതിനു ശേഷം എന്തോ ഓർമ വന്നത് പോലെ തുടർന്നു.

“നിന്നോട് ഞാൻ പറയാൻ മറന്നു മോനെ ഞാൻ പണിക്ക് ചെന്നപ്പോഴാണ് മനസ്സിലായത് അത് നിന്റെ സ്കൂളിലെ മലയാളം സാറിന്റെ വീടാണെന്ന്.

ആദ്യം കണ്ടപ്പോൾ തന്നെ എനിക്കൊരു സംശയം തോന്നിയെങ്കിലും ഞാൻ അദ്ദേഹത്തോട് തന്നെ ചോദിച്ചു സംശയം തീർത്തു.

എന്തൊരു നല്ല മനുഷ്യനാ മോനെ മാഷ് എന്നോട് എല്ലാ കാര്യങ്ങളും ചോദിച്ചു ഞാൻ എല്ലാം അങ്ങ് പറഞ്ഞു മോനെ എല്ലാം കേട്ടപ്പോൾ മാഷിനും ഒരുപാട് വിഷമായി.

വീട്ടിൽ വിരുന്നുകാർ ഉണ്ടെന്ന് നീ മാഷിനോടും, കൂട്ടുകാരോടൊപ്പം കഴിച്ചെന്ന് എന്നോടും കള്ളം പറഞ്ഞതാണെന്ന് അപ്പോഴാ അമ്മയ്ക്ക് മനസ്സിലായത്.”

കണ്ണുനീർ തുടച്ചവർ തുടർന്നു

“മാഷിന് കൊണ്ടുപോകാൻ ഉണ്ടാക്കിയതാ ഈ കറികളൊക്കെയും. ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോയിക്കൊള്ളാൻ എന്നോട് പറഞ്ഞു അതൊക്കെയാ മോനെ ഇത്”.

ഇപ്പോൾ എല്ലാം മനസ്സിലായി. മാഷാണ് അപ്പോൾ ഭക്ഷണപ്പൊതി തനിക്ക് വേണ്ടി കൊടുത്തു വിട്ടത്. താൻ വിശന്നിരിക്കുകയാവും എന്ന് അറിഞ്ഞുകൊണ്ട്.

കണ്ണുകൾ നിറഞ്ഞ് കാഴ്ച അവ്യക്തമാകാൻ തുടങ്ങിയപ്പോൾ അവൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് പോയി.

പിറ്റേന്ന് മലയാളം പിരീഡ് ഇല്ലാത്തതുകൊണ്ട് തന്നെ മാഷ് ക്ലാസ്സിൽ വരില്ലെന്ന് അവന് അറിയാമായിരുന്നു ഒഴിവുസമയത്ത് മാഷിനെ കാണാൻ വാതിൽക്കൽ ചെന്ന് കാത്തുനിൽക്കുന്നത് കണ്ടാണ് അദ്ദേഹം വിളിപ്പിച്ചത്.

” എന്താ ശരത്തെ എന്താ പതിവില്ലാതെ…?”

പതിവുപോലെ പ്രസന്നമായ മുഖത്തോടെ അദ്ദേഹം ചോദിച്ചു മൗനമായി അദ്ദേഹത്തെ നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞു. മറ്റു അധ്യാപകർ അവിടെ ഉണ്ടായതിനാൽ മാഷ് അവനെയും കൂട്ടി ലൈബ്രറിയിലേക്ക് പോയി.

” സോറി മാഷേ നുണ പറഞ്ഞതിന്”

അത്രനേരം അടക്കി നിർത്തിയ കണ്ണുനീർ അണപൊട്ടിയ നേരം അവൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

“എന്താ മോനെ ഇത്? കരയാതിരിക്കെടാ”.

ആദ്യമായി ആണ് ആ വിളി ഇത്ര സ്നേഹപൂർവ്വം കേൾക്കുന്നത്

” നീ ഇത്രനാളും മറച്ചുവെച്ചത് അങ്ങനെ തന്നെ ഇരിക്കട്ടെ. നമ്മുടെ കുറവുകൾ അല്ല കഴിവുകളാണ് ഈ ലോകം അറിയേണ്ടത്.”

” നിന്നെപ്പോലെ തന്നെയായിരുന്നു ഞാനും ചെറുപ്പത്തിൽ. ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്.

പക്ഷേ ഒരു വ്യത്യാസം അച്ഛൻ ഉണ്ടായിട്ടും ഞാൻ ആ കഷ്ടതകൾ അറിഞ്ഞിരുന്നു എന്നതാണ്. എങ്കിലും എന്റെ വിഷമങ്ങൾ മറ്റാരും അറിയുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.

പക്ഷേ നിനക്ക് ഇല്ലാത്ത ഒന്ന് എനിക്ക് ഉണ്ടായിരുന്നു. ‘ വാശി ‘ ജീവിതത്തിൽ മുന്നേറണം എന്ന വാശി അതാണ് എന്നെ ഇന്നിവിടെ എത്തിച്ചത്.

നാളെ നീയും ഇതുപോലെ അഭിമാനത്തോടെ നിൽക്കണമെങ്കിൽ നിനക്കും ഇതുപോലെ വാശി വേണം തോൽപ്പിച്ചവരുടെ മുന്നിലൊക്കെ ജയിച്ചു കാണിക്കണം അപ്പോഴേ ജീവിതത്തിൽ മുഴുവൻ അപമാനം സഹിച്ച, തോറ്റുപോയ,

നിനക്കായി മാത്രം ജീവിക്കുന്ന നിന്റെ അമ്മ ജയിക്കുകയുള്ളൂ എന്താ നിയമ്മയ്ക്ക് അഭിമാനം ആയി മാറില്ലേ മോനെ..? ”

ജീവിതത്തിൽ ആദ്യമായി അവന് ജയിക്കണമെന്ന് തോന്നിയ നിമിഷം.

അവൻ അത് എന്ന് തലയാട്ടി

‘വെറും തലയാട്ടൽ പോര എനിക്ക് വാക്ക് തരണം. അച്ഛനായോ ജ്യേഷ്ഠൻ ആയോ നിനക്കെന്നെ കാണാം നിനക്ക് എല്ലാവിധ സപ്പോർട്ടും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും പക്ഷേ നീ എനിക്ക് വാക്ക് തരണം നിന്റെ അമ്മ നിന്നിൽ അഭിമാനം കൊള്ളുന്ന ഒരു നിമിഷം നീ ഉണ്ടാക്കിയെടുക്കുമെന്ന്. ”

“വാക്ക് മാഷേ…”

രണ്ടാമത് ഒന്ന് ചിന്തിക്കാതെ അവൻ അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു സന്തോഷത്താൽ അദ്ദേഹം അവനെ ചേർത്തുപിടിക്കുമ്പോൾ ആദ്യമായി ഒരു പിതാവിന്റെ വാത്സല്യം അനുഭവിച്ചത് പോലെ അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *