ഇവിടെ അമ്മയ്ക്ക് ആണേൽ മുട്ടുവേദനയും. ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ തന്നെ എല്ലാരുടേം മുഖം വാടും ” തന്റെ നിസ്സഹായ അവസ്ഥ അവൾ വ്യക്തമാക്കി.

(രചന: അംബിക ശിവശങ്കരൻ)

“ഡീ ചേച്ചി… ഞാൻ ഇന്ന് വീട്ടിലേക്ക് പോവാ.. നീയും വരുമോ?? ഫോണിന്റെ മറുതലയ്ക്കൽ നിന്നും അനിയത്തി ലെച്ചുവിന്റെ ചോദ്യം കേട്ടതും ഭദ്രയക്ക് അരിശം വന്നു.

“ഡീ മരപ്പട്ടി.. അടുത്തയാഴ്ച വീട്ടിലേക്ക് പോകാമെന്നല്ലേ നമ്മൾ പ്ലാൻ ഇട്ടിരുന്നത്.. എന്നിട്ടിപ്പോ കാലു മാറുന്നോ..? അല്ലെങ്കിലും പണ്ട് മുതലേ നിനക്ക് നിലപാട് ന്ന് പറഞ്ഞ സാധനമേ ഇല്ല ”

“ആ… ഇല്ല..നിലപാടും വെച്ചോണ്ട് ഇയാളവിടെ ഇരുന്നോ…. ഞാൻ പോയി അമ്മേടെ ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് സെറ്റ് ആകുമ്പോഴേക്കും നീ പതിയെ അങ്ങ് വന്നാ മതി കേട്ടോ…”

ചേച്ചിയുടെ വീക്നെസ്സിൽ തന്നെ കയറി പിടിച്ചു വാ അടപ്പിക്കാൻ ലെച്ചു ഒരു ശ്രമം നടത്തി.

“എടി കണ്ണീച്ചോരയില്ലാത്തവളെ… നിന്റെ വാക്കും കേട്ട് അടുത്ത ആഴ്ച വീട്ടിൽ പോകാൻ എല്ലാവരോടും സമ്മതം വാങ്ങി ഇരിക്കുവാ ഞാൻ.. ഇനിയെങ്ങനെയാ മാറ്റി പറയുക..

ഇവിടെ അമ്മയ്ക്ക് ആണേൽ മുട്ടുവേദനയും. ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ തന്നെ എല്ലാരുടേം മുഖം വാടും ”

തന്റെ നിസ്സഹായ അവസ്ഥ അവൾ വ്യക്തമാക്കി.

“എന്നാ വീട്ടിൽ പോണെന്നു പറയണ്ട എവിടേലും തീർത്ഥടനത്തിന് പോവേണെന്ന് പറ. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞാൽ അല്ലേ പ്രശ്നമുള്ളൂ..”

ലെച്ചുവിന്റെ ഊറിയുള്ള ചിരി ഭദ്രയ്ക്ക് അങ്ങേ തലക്കൽ കേൾക്കാമായിരുന്നു.

“നിന്നെ പോലെ പുരോഗമന വാദികളായ കെട്ട്യോനേം വീട്ടുകാരേം എല്ലാർക്കും കിട്ടണമെന്നില്ല മോളെ.. അല്ലെങ്കിൽ കാണാമായിരുന്നു. പെണ്ണിന്റെ ഒരു അഹങ്കാരം ”
എന്നത്തേയും പോലെ ഭദ്രയും വിട്ടു കൊടുത്തില്ല.

“ന്റെ പോന്നു ചേച്ചി.. ഇവിടെ ഫാമിലിയിൽ ആരോ മരിച്ചു. അകന്നൊരു ബന്ധുവാ.. പക്ഷെ അച്ഛനുമായി നല്ല അടുപ്പം ആയിരുന്നത്രെ… ദൂരം ഉള്ളത്കൊണ്ട് ഇന്നവർ അവിടെ സ്റ്റേ ചെയ്യും.

കിരണും കൂടെ പോകുന്നുണ്ട് പീരിയഡ്‌സ് ആയത് കൊണ്ട് ഞാൻ പോയില്ല. ഞാൻ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞു.. അതാണ് പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്.”

ലെച്ചു വിശദീകരിച്ചു.

“എന്തായാലും ഞാൻ പറഞ്ഞു നോക്കട്ടെട്ടോ… ഈ കാര്യം എങ്ങനെ പറയുമെന്ന് ഓർക്കുമ്പോ തന്നെ എനിക്ക് പേടിയാവുന്നുണ്ട്.”

“കഴിക്കാൻ മാത്രം വാ തുറന്നാൽ പോര ചേച്ചി .. പറയാനുള്ളതും കൂടി പറയാൻ പഠിക്കണം. ഒരാഴ്ച കഴിഞ്ഞു പോകുന്നത് ഇത്തിരി നേരത്തെ ആക്കിയെന്നല്ലേ ഉള്ളൂ.. ചേട്ടനെ വേണമെങ്കിൽ ഞാൻ വിളിക്കാം…

ലെച്ചുവിന് ദേഷ്യം വന്നു.

“വേണ്ട ഞാൻ സംസാരിച്ചോളാം.. നീ ഫോൺ വെക്ക് ട്ടോ കാലു പിടിച്ചു പറഞ്ഞിട്ടായാലും ഞാൻ വരാം…”

ഫോൺ കട്ട് ആയതും തന്റെ ചേച്ചിയുടെ വാക്കുകൾ അവളെ സ്പർശിച്ചു.

“വിനോദേട്ടാ ലെച്ചു വിളിച്ചിരുന്നേ…”

സിറ്റ് ഔട്ടിൽ നീണ്ടു നിവർന്നിരുന്നു പത്രം വായിക്കുന്ന തന്റെ ഭർത്താവിനെ ഒറ്റയ്ക്ക് കിട്ടിയത് ഭാഗ്യമെന്നവൾ മനസ്സിൽ ഓർത്തു.

“എന്താ വിശേഷം..”

പത്രം രണ്ടായി മടക്കി ടീപോയിലേക്ക് വെച്ചയാൾ തിരക്കി.

“കിരണിന്റെ അച്ഛന്റെ ബന്ധത്തിലാരോ മരിച്ചുവെന്ന്.. അവരെല്ലാം അങ്ങോട്ട് പോയി ലെച്ചു തനിച്ചയത് കൊണ്ട് അവൾ വീട്ടിലേക്ക് പോകുവാ എന്നോടും ചെല്ലുമോ ന്ന് ചോദിച്ചു.”

മറുപടി അനുകൂലമാകണെ എന്നവൾ ആത്മാർഥമായി പ്രാർത്ഥിച്ചു.

“ലെച്ചു വന്നു നിന്നു പോകട്ടെ…അതിനെന്താ… തനിക്ക് അടുത്തയാഴ്ച പോകാമല്ലോ.. അങ്ങനെയല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്.”
അയാൾ ഗൗരവം കൈവിടാതെ പറഞ്ഞു.

” ശരിയാണ്. പക്ഷെ അവളുടെ ഈ വരവ് പ്രതീക്ഷിച്ചിരുന്നതല്ലല്ലോ വിനോദേട്ടാ.. ഞാനും ലച്ചുവും ഒരുമിച്ച് കൂടിയിട്ട് നാളുകളേറെയായില്ലേ.. പല തിരക്കുകൾ കാരണം അവളുള്ളപ്പോൾ എനിക്ക് പോകാൻ കഴിയാറില്ലല്ലോ..”

അവളുടെ ദുഃഖം കണ്ടു മനസ്സലിഞ്ഞിട്ടാവണം അയാൾ നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു.

” അതെന്താ ഇപ്പോ ഒരു പോക്ക്.? എനിക്കിവിടെ വയ്യാതെ ഇരിക്കുകയല്ലേ.. ഒരു ഗ്ലാസ് ചൂടുവെള്ളം വേണമെങ്കിലും ആരാ ഉള്ളത് ഇവിടെ?? ”
തന്റെ രണ്ട് കാൽമുട്ടുകളിലൂടെയും കൈകൾ ഓടിച്ചു കൊണ്ട് ആ വൃദ്ധ പറഞ്ഞു.

” രണ്ടുമൂന്ന് ദിവസത്തെ കാര്യമല്ലേ അമ്മേ.. ഞാനും ഉണ്ടല്ലോ ഇവിടെ.. അവൾ പോയിട്ട് വരട്ടെ അവിടെ അനിയത്തിയും വരുന്നുണ്ടല്ലോ…”

“മ്മ് എന്തോ ചെയ്യ്… എനിക്ക് പ്രായമായില്ലേ… ഇനി എന്റെ വാക്ക് ആര് കേൾക്കാനാ.. അച്ഛനോടും കൂടി പറഞ്ഞിട്ട് പൊയ്ക്കോ…” മനസ്സില്ലാ മനസോടെ അവർ സമ്മതം മൂളി.

അമ്മയ്ക്ക് വിശദീകരണം നൽകി സമ്മതം വാങ്ങുന്നത് വരെ അവളുടെ നെഞ്ചിൽ തീയാളുന്നത് പോലെയായിരുന്നു. അച്ഛന്റെ സമ്മതവും വാങ്ങി കൊണ്ടുപോകാനുള്ള ബാഗ് തയ്യാറാക്കി വയ്ക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമായിരുന്നു ഭദ്രയ്ക്ക്.

വൈകീട്ട് 3 മണിയോടുകൂടി വിനോദിനൊപ്പം ബൈക്കിൽ സ്വന്തം വീട്ടിൽ എത്തുമ്പോൾ ലച്ചു അവിടെ വന്നിട്ടുണ്ടായിരുന്നു..

വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞ് വിനോദ് അപ്പോൾ തന്നെ മടങ്ങി. നാളെ പോകാമെന്നു അമ്മ പറഞ്ഞെങ്കിലും ഒഴിച്ച് കൂട്ടാനാകാത്ത കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നതിനാൽ തങ്ങാൻ നിന്നില്ല.

” എന്താ ഭദ്രേ അനിയത്തി വന്നാൽ മാത്രേ നീ ഇപ്പൊ ഇങ്ങോട്ട് വരുള്ളുലെ… ”

ഫ്ലാസ്കിലെ ചായ ഗ്ലാസ്സിലേക്ക് പകർന്ന് കൊണ്ട് അവർ അത് രണ്ടുപേർക്കും നീട്ടി.

” അമ്മയ്ക്ക് അത് പറയാം ഇതുതന്നെ ഒപ്പിച്ചത് ഒരു കണക്കിനാ.. പിന്നെ ഇവള് ഇങ്ങനെ വാക്ക് മാറിയാൽ കുടുങ്ങുന്നത് ഞാനല്ലേ…. ”

തനിയ്ക്ക് നേരെ നീട്ടിയ ചായയുടെ ഗ്ലാസ്‌ ടേബിളിലേക്ക് തന്നെ വെച്ചവൾ അടുക്കളയിലേക്ക് ഓടി.ലെച്ചു അന്നേരം അമ്മയുടെ ഉണ്ണിയപ്പം ആസ്വദിച്ചു കഴിക്കുകയായിരുന്നു.

“എന്താമ്മേ റേഷനരി വെക്കാതിരുന്നേ.. എനിക്കതാണ് ഇഷ്ടം എന്നറിയില്ലേ… ”
അടുക്കളയിൽ നിന്നുമവൾ വിളിച്ചു കൂവി.

ഡ്രസ്സ് പോലും മാറ്റാതെ അവളുടെ ആർത്തിയോടെ ഉള്ള ചോറൂണ് കണ്ട് ലെച്ചുവിന് ചിരിവന്നു.

” എന്റെ അമ്മേ ചേച്ചി ഒരുമാസം പട്ടിണികിടന്നാ വന്നതെന്ന് തോന്നുന്നു… എനിക്ക് ഉള്ളത് കുറച്ചു മാറ്റിവെച്ചേക്കണേ… ”

അവളുടെ പാത്രത്തിൽ നിന്നും ഒരു പപ്പടത്തിന്റെ കഷ്ണമെടുത്ത് വായിലേക്കിട്ടവൾ കളി പറഞ്ഞു.

“നീ പോടീ മങ്കി.. സ്വന്തമായി ഉണ്ടാക്കി കഴിച്ചാൽ അമ്മ വെയ്ക്കുന്ന രുചി കിട്ടുമോ..”

“അത് നേരാം വണ്ണം ഉണ്ടാക്കാൻ അറിയാഞ്ഞിട്ടാ..” ഒരു കണ്ണിറുക്കി ലെച്ചു പിന്നെയും കളിയാക്കി.

“വന്നു കേറിയില്ല രണ്ടും തുടങ്ങി.അവളെപ്പോ വന്നാലും ഉള്ളതല്ലേ ഈ ചോറൂണ്.. അതിപ്പോ ഒരു ചമ്മന്തിയെ ഉള്ളൂ എങ്കിലും അത് തന്നെ ധാരാളം.. വിനോദ് ഉണ്ണാൻ ഉണ്ടാകുമെന്ന് കരുതിയാ മോളെ ഈ അരി വെച്ചത്.. നിനക്ക് ഞാൻ രാത്രിയ്ക്ക് റേഷനരി വെച്ചു തരാം പേടിക്കേണ്ട…”

അമ്മ അവളെ സമാധാനിപ്പിച്ചു.

രണ്ടാളും കൂടിയാൽ പിന്നെ രാത്രി ഏറെ വൈകിയാകും ഉറങ്ങുന്നത്.പരസ്പരം പറഞ്ഞു തീർക്കാൻ ഒരുപാട് നാളത്തെ വിശേഷങ്ങൾ കാണും.

ഭർത്താക്കന്മാരുടെ വീട്ടിൽ എന്നും നേരത്തെ എഴുന്നേൽക്കാറുള്ളത് കൊണ്ട് വീട്ടിൽ എത്തിയാൽ രാവിലെ മതിയാവും വരെ കിടന്നുറങ്ങിയിട്ടേ രണ്ടാളും ഉണരാറുള്ളൂ..

തന്റെ മക്കൾ വിശ്രമിച്ചോട്ടെ ന്ന് കരുതി അമ്മ മക്കളോട് ഒന്നും പറയാറില്ല എന്ന് മാത്രമല്ല അവർക്ക് വേണ്ടതൊക്കെയും വയറു നിറയെ വെച്ചുണ്ടാക്കി കൊടുക്കുകയും ചെയ്യും.

“ഇവിടെ വരുമ്പോ എത്ര വേഗമാണ് സമയം പോകുന്നത് അമ്മേ ..കല്യാണം കഴിഞ്ഞു പോകുന്നതിനേക്കാൾ സങ്കടം തോന്നും ഇവിടെ രണ്ട് ദിവസം വന്നു നിന്ന് പോകുമ്പോൾ ”

എന്നുമുള്ള ഭദ്രയുടെ പരാതി പറച്ചിൽ ആണെങ്കിലും ലെച്ചുവിനും അത് ശെരി വെക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇവിടെ വന്നു തിരികെ പോകാൻ വല്ലാത്ത പ്രയാസമാണ്… കരയാനൊക്കെ തോന്നും… നെഞ്ചു വിങ്ങി പൊട്ടുന്നത് പോലെ…

പക്ഷെ ആരോടും പറയില്ല. അമ്മയുടെ മുഖത്ത് പോലും ചിലപ്പോൾ മര്യാദയ്ക്ക് നോക്കാറില്ല.. നോക്കിയാൽ ആ നിമിഷം കരയുമെന്നുറപ്പാണ്..കണ്ണിൽ നിന്ന് മറയുന്നത് വരെ അമ്മ നോക്കി നിൽക്കാറുണ്ട്.. അതാണ് ഏറെ വേദനിപ്പിക്കാറുള്ളതും.

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാനിരുന്നിട്ട് ഇറങ്ങാത്തത് പോലെ തോന്നിയത് കൊണ്ട് രണ്ടാളും കുറച്ചേ കഴിച്ചുള്ളൂ..

ആദ്യം കിരൺ വന്നത് നന്നായെന്ന് ലെച്ചുവിന് തോന്നി. ചേച്ചി പോകുന്നതിനു മുന്നേ പോയാൽ അമ്മയുടെ മുഖത്തെ സങ്കടത്തിന്റെ തീവ്രത കുറയുമെന്ന് അവൾക്കുറപ്പുണ്ട്.

രണ്ടാൾക്കും മുത്തം കൊടുത്ത് വണ്ടിയിൽ കേറുമ്പോൾ ചേച്ചിയുടെ മുഖം വിങ്ങി പൊട്ടാറായിരുന്നു..

ജനിച്ച നാൾ മുതൽ ഒപ്പം ഉണ്ടായിരുന്ന കൂടപ്പിറപ്പ് മറ്റൊരു കുടുംബത്തിലേക്ക് ചേക്കേറുന്നു. തന്റെ പാവാട തുമ്പിൽ നിന്നും പിടി വിടാത്ത തന്റെ അനിയത്തി കുട്ടി ..

ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ചായിരുന്നു. അവൾക്ക് താനൊരു അമ്മ കൂടിയായിരുന്നു. കണ്ണുനീർ അടർന്നു വീഴാൻ തുടങ്ങിയതും ഭദ്ര അകത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞാൽ താനും ചേക്കേറും… അമ്മ കിളിയെ തനിച്ചാക്കി.. അമ്മയുടെ കാലൊച്ച കേട്ടതും ഷാളിന്റെ തുമ്പിനാൽ കണ്ണീർ ഒപ്പി അവൾ തന്റെ ഭർത്താവിന്റെ വരവിനായ് കാത്തിരുന്നു.

നമ്മളിൽ തന്നെ ഉള്ള ഭദ്രമാർക്കും ലെച്ചുമാർക്കും വേണ്ടി ഈ എഴുത്ത് സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *