(രചന: അംബിക ശിവശങ്കരൻ)
“എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി….. നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ…
ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്.
അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് കേട്ടത്. അങ്ങനെയാ അന്തസ്സുള്ള കുടുംബക്കാര്.
ഇത് കാതിൽ ഒരു കൊള്ളി പോലും ഇടാതെ മോളെ പറഞ്ഞയച്ചെക്കുവല്ലേ… തുഫ്…..
ആ കൊച്ചിന്റെ വേലക്കാരിയായി നിൽക്കാനെ നിനക്കൊക്കെ യോഗമുള്ളൂ..പോരാത്തതിന് എം ബി എ വരെ പഠിപ്പുമുണ്ട്. നിനക്കോടി വെറും പത്താം ക്ലാസും ഗുസ്തിയും.”
പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും കേട്ട വേദനിപ്പിക്കുന്ന വാക്കുകൾ അവൾക്കിപ്പോൾ ശീലമായിരിക്കുകയാണ്.
തന്റെ വീട്ടിലെ അവസ്ഥ കണ്ടറിഞ്ഞാണ് സ്ത്രീധനം ഒന്നും വേണ്ടെന്ന് അനീഷേട്ടൻ നിർബന്ധം പിടിച്ചത്.
അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നെങ്കിലും അനീഷേട്ടന് ഈ ബന്ധം തന്നെ മതിയെന്ന് പറഞ്ഞ് വാശിപിടിച്ചുകൊണ്ട് മാത്രമാണ് തന്റെയും അനിഷേട്ടന്റെയും വിവാഹം നടന്നത്. അതിപ്പോ വേണ്ടായിരുന്നു എന്ന് തോന്നി പോകുകയാണ്.
കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ മടുത്തു തുടങ്ങിയിരിക്കുന്നു.
വൈകുന്നേരം പണികളെല്ലാം കഴിഞ്ഞ് തന്റെ ഭർത്താവിന്റെ കൂടെ ഇരിക്കുമ്പോഴും അവളുടെ മുഖം പ്രസന്നമായിരുന്നില്ല.
” എന്താടോ മുഖം എന്താ വാടി ഇരിക്കുന്നത് ഇന്നെന്താ പുതിയ വല്ല പ്രശ്നവും ഉണ്ടായോ? ”
” പുതിയതൊന്നും അല്ല അനീഷേട്ടാ.. ഞാനിവിടെ ഒരു നേരം വെറുതെ ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നിട്ടും കുറ്റപ്പെടുത്തൽ മാത്രമാണ് ബാക്കി. ഇന്നിപ്പോ കുറ്റപ്പെടുത്താൻ പുതിയൊരു കാരണം കൂടി കിട്ടിയിട്ടുണ്ട്. ”
” എന്ത് കാരണം? ”
അവൾ നടന്നതെല്ലാം അവനോട് വിവരിച്ചു. അത് കേട്ടതും അവന്റെ സകല നിയന്ത്രണവും നഷ്ടമായി.
” ഇതെങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഇതിന്ന് ചോദിച്ചിട്ട് തന്നെ കാര്യം കുറെയായി സഹിക്കുന്നു. ”
കലിതുള്ളി മുറിവിട്ട് ഇറങ്ങാൻ തുടങ്ങിയ അവന്റെ കാൽക്കൽ വീണവൾ കേണപേക്ഷിച്ചു.
” എന്റെ പൊന്നു അനീഷേട്ടാ….എന്റെ സങ്കടങ്ങൾ അനീഷേട്ടനോട് അല്ലാതെ ഞാൻ ആരോടാ തുറന്നു പറയുക? അതിന്റെ പേരിൽ ദയവുചെയ്ത് ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കല്ലേ..
ഇനിയൊരു കുത്തുവാക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാ.. വരുന്ന കുട്ടിയുടെയും വേലക്കാരിയാകാൻ എനിക്ക് യാതൊരു മടിയുമില്ല.പക്ഷേ ഈ കുത്തുവാക്കുകൾ കേൾക്കുമ്പോഴാണ് സങ്കടം. ”
” താൻ ഇങ്ങനെയൊരു പാവം ആയിട്ടാ അമ്മ ഇങ്ങനെ തലയിൽ കയറാൻ വരുന്നത്….
ചാഞ്ഞ കൊമ്പിൽ അല്ലേ ഓടിക്കയറാൻ എളുപ്പം.
ഞാൻ കൂടെയുള്ളപ്പോൾ തന്നെ ഒന്നും പറയാൻ അമ്മ മുതിരുന്നില്ലല്ലോ? ആരെന്തു പറഞ്ഞാലും മിണ്ടാതെ കേട്ട് നിന്നോണം എന്നിട്ട് കുറെ കരഞ്ഞു തീർക്കും. എന്നെ ഒന്നും ചോദിക്കാൻ അനുവദിക്കുകയും ഇല്ല. ”
അവന്റെ ദേഷ്യത്തിനു മുന്നിൽ പിന്നെ അവൾ ഒന്നും മിണ്ടിയില്ല.
ശരിയാണ് താൻ ഒരു ചാഞ്ഞ കൊമ്പാണ് ആർക്കും എപ്പോൾ വേണമെങ്കിലും തലയിൽ കയറാവുന്ന ചാഞ്ഞ കൊമ്പ്. അവനോട് ചേർന്ന് കിടക്കുമ്പോൾ അവളുടെ മിഴികൾ തുളുമ്പി കൊണ്ടിരുന്നു.
വിവാഹമടുക്കുംതോറും നിന്ന് തിരിയാൻ കഴിയാത്തത്ര തിരക്കിൽ അവൾ അകപ്പെട്ടു.
” ഏടത്തി എന്തിനാ ഈ അടുക്കളയിൽ തന്നെ നിൽക്കുന്നത്?ഉമറത്തേക്ക് ചെല്ല് അവിടെയല്ലേ ഗസ്റ്റ് വന്നേക്കുന്നത് ഇവിടത്തെ പണി ചെയ്യാൻ പണിക്കാർ ഉണ്ടല്ലോ…? ”
വിനീഷ് വന്ന് ഉമ്മറത്തേക്ക് ചെല്ലാൻ നിർബന്ധിച്ചെങ്കിലും അമ്മയുടെ മുഖം കനക്കേണ്ടെന്ന് കരുതി അവൾ പണിക്കാരെ സഹായിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.
ആർഭാടമായാണ് വിവാഹം നടന്നത്. സർവ്വാഭരണ വിഭൂഷിതയായി വന്ന കീർത്തനയുടെ അടുത്ത് പോലും നിൽക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് അവൾക്ക് ബോധ്യമായി.
ദേഹം നിറയെ സ്വർണ്ണമായി കേറിവരുന്ന മരുമക്കൾക്കേ ഏത് വീട്ടിലും സ്ഥാനമുള്ളൂ. അമ്മ തന്നെ കുറ്റപ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല.
തന്റെ ഇളയ മരുമകളെ സ്നേഹം കൊണ്ട് മൂടുന്ന അമ്മയെ നോക്കിക്കൊണ്ട് അവൾ മാറി നിന്നു.
താൻ ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയ നിമിഷം അമ്മയുടെ മുഖത്ത് പേരിനു പോലും ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ലെന്ന് അവൾ വേദനയോടെ ഓർത്തു.
കല്യാണ തിരക്കുകൾ കഴിഞ്ഞ് എല്ലാവരും പോയശേഷം അവൾ മുറിയിൽ വന്നിരുന്ന നേരം തന്നെ ഉച്ചത്തിൽ വിളി വന്നു.
” ഇന്ദു.. നീ മുറിയിൽ കയറിയിരിക്കുകയാണോ കുട്ടികൾക്ക് കുടിക്കാൻ പാല് തിളപ്പിച്ച് കൊണ്ട് കൊടുക്ക്. ”
അതുപ്രകാരം പാലുമായി മുറിയിലേക്ക് ചെന്നപ്പോൾ സകല ആഭരണങ്ങളും അഴിച്ചുവെച്ച് താലി മാത്രം ഇട്ടു നിൽക്കുന്ന കീർത്തനയെ കണ്ട് അത്ഭുതം തോന്നി.
“എല്ലാം ഉണ്ടായിട്ടും ഈ കുട്ടി എന്താ ഒന്നും ധരിക്കാത്തത്?”
മനസ്സിലെ ചോദ്യം മനസ്സിൽ തന്നെ കുഴിച്ചുമൂടി അവൾക്കൊരു പുഞ്ചിരിയും സമ്മാനിച്ച് തിരിഞ്ഞു നടന്നു.
ചടങ്ങും വിരുന്നുമായി ഒരാഴ്ച പോയതറിഞ്ഞില്ല. രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞ് അനീഷും വിനീഷും ജോലിക്ക് പോയി കഴിഞ്ഞ ശേഷമാണ് കീർത്തന തുണി അലക്കാൻ ആയി മുറ്റത്തേക്ക് ഇറങ്ങിയത്.
” അയ്യോ മോൾ ഇതെങ്ങോട്ടാ… തുണിയൊക്കെ ആ പെണ്ണ് കഴുകിക്കോളും. എന്ത് പണിയുണ്ടെങ്കിലും അവളോട് പറഞ്ഞാൽ മതി.മോൾക്ക് ഇതൊന്നും ശീലം ഇല്ലാത്തതല്ലേ.
എടി ഇന്ദു..ഈ തുണിയൊക്കെ വാങ്ങി കഴുകിയിട്ടെടി ”
അമ്മയുടെ ശബ്ദം മുഴങ്ങിയതും അവൾ ഓടിയെത്തി. കീർത്തനയുടെ കയ്യിൽ നിന്നും തുണികൾ വാങ്ങാൻ ഒരുങ്ങിയതും അവൾ തടഞ്ഞു.
” വീട്ടിലും എന്റെ തുണികൾ ഞാൻ തന്നെയാ അമ്മേ കഴുകിയിടാറ്. ഇതിപ്പോ വിനുവിന്റെ ഡ്രസ്സ് കൂടി ഉണ്ടെന്നല്ലേ ഉള്ളൂ… എനിക്ക് ഇതൊക്കെ ശീലമാ ഏടത്തി പോയിക്കോളൂ. ”
ആദ്യമായി അമ്മയുടെ ചമ്മിയ മുഖം കണ്ടെങ്കിലും അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.
പിന്നീടുള്ള ദിവസങ്ങൾ അത്രയും ഏടത്തിയോടുള്ള അമ്മയുടെ പെരുമാറ്റവും ഒരു അടിമ പോലെയുള്ള അവളുടെ ജീവിതവും കീർത്തന വീക്ഷിച്ചു കൊണ്ടിരുന്നു.
സ്ത്രീധനമായി കയറിവന്ന തന്റെ മുന്നിൽ ആ പാവത്തെ കൊച്ചാക്കി കാണിക്കുകയാണ്. പണത്തിനു മുകളിൽ പരുന്തും പറക്കില്ലെന്ന് പറയുന്നത് എത്ര സത്യം.
ഒരു ദിവസം മുറിയിൽ തനിച്ചിരിക്കുമ്പോഴാണ് ഇന്ദു ഒരു ഗ്ലാസിൽ ജ്യൂസുമായി അങ്ങോട്ടേക്ക് ചെന്നത്.
” ഇതെന്താ ഏടത്തി കയ്യിൽ? ”
” ജ്യൂസ്. ”
” ഞാൻ അതിന് ജ്യൂസ് വേണമെന്ന് പറഞ്ഞില്ലല്ലോ ഏടത്തി? ”
” അമ്മ പറഞ്ഞു കീർത്തനയ്ക്ക് ഇത് കൊണ്ടുതരാൻ ….ഇതൊക്കെ കുടിച്ച് ശീലിച്ചു വളർന്നത് അല്ലേ കുട്ടി. ”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“എന്നിട്ട് ഏടത്തി കുടിച്ചോ?”
അവളുടെ ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി.
” എന്റെ ഏടത്തി ആ ഗ്ലാസ് അവിടെ വെച്ചേ…എന്നിട്ട് ഇവിടെ ഇരിക്ക്. ”
” അയ്യോ ചോറ് അടുപ്പത്താണ്. ”
അവൾ പരിഭ്രമത്തോടെ പറഞ്ഞു. കീർത്തനയ്ക്ക് ദേഷ്യം കയറി.
” ചോറ് അടുപ്പത്ത് ആണേൽ അമ്മയില്ലേ അവിടെ? ഞാനൊരു കാര്യം ആത്മാർത്ഥമായി ചോദിക്കട്ടെ ഏടത്തി എന്തിനാ വിവാഹം കഴിച്ചത്? ”
ഇന്ദുവിന്റെ മൗനത്തിന്റെ ആഴം വർധിച്ചപ്പോൾ കീർത്തന തന്നെ മറുപടി പറഞ്ഞു.
” സ്വസ്ഥമായ ഒരു ദാമ്പത്യ ജീവിതത്തിനു വേണ്ടിയല്ലേ? അതോ ഇവിടെയുള്ളവരുടെയും എന്റെയും ദാസ്യ പണി ചെയ്യാനോ?
ഞാൻ വന്ന അന്നുമുതൽ കാണുന്നത എന്നോട് ഒരു രീതിയും ഏടത്തിയോട് മറ്റൊരു രീതിയും അതെന്താ അങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ”
അവൾ പറഞ്ഞു നിർത്തിയതും ഇന്ദു ഒന്ന് പുഞ്ചിരിച്ചു.
” അതിനുത്തരം വളരെ ലളിതമാണ്. കുട്ടിയും ഞാനും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ട്.
കൈനിറയെ പൊന്നുമായി വന്ന മരുമകളോട് അല്ലേ ഒന്നുമില്ലാതെ വലിഞ്ഞു കയറി വന്ന മരുമകളെക്കാൾ ഒരമ്മയ്ക്ക് സ്നേഹം തോന്നുക.? ”
” പോരാത്തതിന് ഒരുപാട് വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടി എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു.? അപ്പോ പിന്നെ എനിക്കൊരു വേലക്കാരിയുടെ സ്ഥാനം തരുന്നതിലും തെറ്റൊന്നുമില്ല. ”
അവളുടെ മറുപടി കേട്ടപ്പോൾ കീർത്തനയ്ക്ക് വീണ്ടും അരിശം കയറി.
” എന്റെ പൊന്നു ഏടത്തി…ഏടത്തി ഇപ്പോഴും പറ്റാത്തൊൻപതാം നൂറ്റാണ്ടിൽ ആണെന്ന് തോന്നുന്നു ജീവിക്കുന്നത്.
ഏടത്തിയെ പോലെയുള്ള അയ്യോ പാവം ആറ്റിറ്റ്യൂഡ് ഉള്ളവരാ ഇത്തരം സീരിയൽ സ്റ്റൈൽ അമ്മായിയമ്മമാർക്ക് വളം വെച്ച് കൊടുക്കുന്നത്.
എല്ലാ അമ്മമാരും ഇങ്ങനെയൊന്നുമല്ല. എന്റെ ചേട്ടൻ കല്യാണം കഴിച്ചിരിക്കുന്നത് ഒരു അനാഥ പെൺകുട്ടിയെയാണ്… സോറി. ആ വാക്ക് ഉപയോഗിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല.
എന്നെക്കാൾ സ്നേഹത്തോടെയാണ് എന്റെ അമ്മ എന്റെ ചേട്ടന്റെ ഭാര്യയെ നോക്കുന്നത്.
ഇത്തരം ചീപ്പ് ഷോ അമ്മായിയമ്മ പോരിനൊക്കെ പ്രോത്സാഹനം നൽകുന്നത് നിങ്ങളൊക്കെ തന്നെയാണ്.വെറുതെ തലയിൽ കയറാൻ വന്നാൽ ആരായാലും തിരിച്ചു പറയാൻ പഠിക്കണം. അതിലൊന്നും ഒരു തെറ്റുമില്ല.
പിന്നെ വിദ്യാഭ്യാസം…അത് പലപ്പോഴും ഓരോരുത്തരുടെ സാഹചര്യങ്ങളാണ്. എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ പഠിച്ചു.
എല്ലാവർക്കും അത് കഴിയണമെന്നില്ല. ഞാൻ പഠിച്ചത് എന്റെ ഭാവിക്കു വേണ്ടിയാണ്. അല്ലാതെ എന്റെ വിദ്യാഭ്യാസ യോഗ്യത വെച്ച് എനിക്കൊരു വേലക്കാരിയെ നേടിയെടുക്കാൻ അല്ല.
ചെറുപ്പം മുതലേ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.
ഇവിടെ ഏടത്തിയെ ഞാൻ ആസ്ഥാനത്തെ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഇനി ഒരുപാട് അങ്ങ് തലയിൽ കയറാൻ അനുവദിക്കേണ്ട ആരായാലും കേട്ടല്ലോ…?”
അത്രയും കേട്ടുകഴിഞ്ഞപ്പോൾ അനീഷേട്ടന്റെ അസാമിപ്യത്തിലും തനിക്ക് കൂടെ ഒരാൾ ഉണ്ടെന്ന വിശ്വാസം അവളിൽ അടിയുറച്ചു.
സാധാരണ ചേട്ടൻ അനുജന്മാരുടെ ഭാര്യമാർ തമ്മിൽ സ്വരച്ചേർച്ചയുണ്ടാകുക പതിവില്ല. പക്ഷേ ഇവിടെ കീർത്തന തനിക്ക് തന്റെ സ്വന്തം അനിയത്തിയാണെന്ന് അവൾക്ക് മനസ്സിലായി.
പിറ്റേന്ന് അടുക്കളയിൽ നിൽക്കുന്ന അവളോട് ആജ്ഞാപിക്കാൻ വീണ്ടും അവർ വന്നു.
” ഇവിടെനിന്ന് സ്വപ്നം കാണാതെ പോയി കീർത്തന മോൾക്ക് കാപ്പി കൊണ്ട് കൊടുക്കടി. ”
പക്ഷേ ഇക്കുറി അവൾ ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി കൊടുത്തു.
” അതെന്താ അമ്മേ…എന്നെപ്പോലെ തന്നെ ഈ വീട്ടിൽ കയറി വന്നവളല്ലേ കീർത്തനയും. അവൾക്ക് വേണമെങ്കിൽ അവൾ എടുത്തു കുടിച്ചോളും.
അവളുടെ വേലക്കാരി ആകാൻ അല്ല എന്നെ അനീഷേട്ടൻ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടുവന്നത്.അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറ ഞാൻ ചെയ്യാം.
എന്ന് കരുതി തലയിൽ കയറാനാണ് ഭാവമെങ്കിൽ ഇതുവരെ കാണാത്ത എന്റെ മുഖം കാണേണ്ടി വരും എല്ലാവരും.
അനീഷേട്ടന്റെ സ്വഭാവം അറിയാമല്ലോ ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി. ഒന്നും വേണ്ടെന്ന് വെച്ച് മിണ്ടാതിരിക്കുന്നത് ഒരു പ്രശ്നം സൃഷ്ടിക്കേണ്ട എന്ന് കരുതിയാണ് വെറുതെ ഇനി എന്നെ ഇളക്കാൻ നിൽക്കരുത്.”
അത്രയും പറഞ്ഞു നിർത്തിയെങ്കിലും നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നു ആദ്യമായാണ് ഇങ്ങനെയൊക്കെ അമ്മയുടെ മുഖത്തുനോക്കി പറയുന്നത് അതും കീർത്തനയുടെ നിർബന്ധപ്രകാരം.
അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റം കണ്ട് അവർ പകച്ചു പോയി. തന്റെ മകനോട് ഒന്നും പറയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു അവരീ കാട്ടിക്കൂട്ടിയത് മുഴുവനും.
ഇവൾക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം കിട്ടിയത് എന്ന് അവർക്ക് അതിശയം തോന്നി. അവൾ പറഞ്ഞതുപോലെ അനീഷിന് ദേഷ്യം വന്നാൽ പിന്നെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് അവർക്കറിയാം. തൽക്കാലം അവർ മറുത്തൊന്നും പറഞ്ഞില്ല.
” നിന്റെ അഹങ്കാരത്തിന് നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. ”
പ്രതികരിക്കാൻ കഴിയാതെ അവിടെനിന്നും ഇറങ്ങിപ്പോയ അവരെ നോക്കി നിൽക്കുമ്പോഴാണ് വാതിൽക്കൽ കീർത്തന പ്രത്യക്ഷപ്പെട്ടത്.
” എന്റെ ഏടത്തി കലക്കി. ഞാൻ പോലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇതുപോലെയങ്ങ് നിന്നാൽ മതി.ഒരാഴ്ച കൊണ്ട് അമ്മയുടെ കൊമ്പ് ഒടിഞ്ഞോളും ഞാൻ മുറ്റമടിച്ചിട്ട് വരാട്ടോ.. ”
അതും പറഞ്ഞ് അവൾ അടുക്കള വിട്ടപ്പോൾ താൻ തന്നെയാണോ ഇത്രയൊക്കെ പറഞ്ഞതെന്ന് അവൾക്ക് സംശയം തോന്നി.
ഒരു കാര്യം അവൾക്കിതോടെ ബോധ്യമായി പറയേണ്ട കാര്യങ്ങൾ മുഖത്ത് നോക്കി തന്നെ പറഞ്ഞാലേ നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ.
അതിന് തന്നെ പ്രാപ്തയാക്കിയ അനിയത്തി കുട്ടിയോട് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞുകൊണ്ട് അവൾ ജോലി തുടർന്നു.