സ്വന്തം മകളെ നിർദ്ദയം ഇറക്കിവിടുന്ന കാഴ്ച  അവരുടെ നെഞ്ചിലൊരമ്പായി തറച്ചു കയറുന്നുണ്ടായിരിക്കാം.. പക്ഷേ എന്തിനും പോന്ന മരുമകളോടുള്ള ഭയം അവരെ അശക്തരാക്കിക്കളഞ്ഞു !!

(രചന: ശാലിനി)

“ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ”
ഒഴിഞ്ഞ കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ടാണ് അവൾ ഭർത്താവിന്റെ ഒരേയൊരു സഹോദരിയുടെ നേർക്ക് ചാടിവീണത്‌ ! ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ കൃഷ്ണ തറഞ്ഞു നിന്നു.

“നീയിവിടെ സുഖിച്ചു കഴിയുമ്പോൾ എന്റെ സ്വർണ്ണം മുഴുവനും വിറ്റാണ് ഞങ്ങൾ അവിടെ ഓരോ മാസവും വാടക കൊടുത്തു കഴിഞ്ഞത്. അറിയാമോ..”

കയ്യിലെ സ്വർണ്ണ വളകളുടെ എണ്ണക്കുറവും ഭർത്താവിന്റെ പെങ്ങൾ വാടക കൊടുക്കാതെ വീട്ടിൽ കഴിയുന്നതിന്റെ മുഴുവൻ ഈർഷ്യയും അവളിലൂടെ പൊട്ടിത്തെറിച്ച് ഒരു തിരമാലകൾ പോലെ ആർത്തലച്ച് കൃഷ്ണയുടെ മേൽ പതിച്ചുകൊണ്ടിരുന്നു..

വാക്ശരങ്ങൾ ഏറ്റ് അപമാനഭാരത്തോടെ അവൾ സ്വന്തം നാത്തൂനെത്തന്നെ നോക്കിനിന്നു..

ഒരേയൊരു സഹോദരന്റെ ഭാര്യ !! വീട് വാടകയ്ക്ക് കൊടുത്തിട്ട് അച്ഛനെയും അമ്മയെയും ഒപ്പം കൂട്ടി അവർ വലിയൊരു നഗരത്തിലേയ്ക്ക് ട്രെയിനിൽ കയറുമ്പോൾ സ്വന്തം വീടെന്ന് പറഞ്ഞു പോലും ഓടിച്ചെല്ലാൻ ആവാത്ത അവസ്ഥയിലായിരുന്നു കൃഷ്ണയപ്പോൾ .

കാരണം, ആർക്കോ വീട് വടസ്കയ്ക്ക് കൊടുത്തിട്ടായിരുന്നു എല്ലാവരും നാട് വിട്ടത്.

കുഞ്ഞിനെ ഏൽപ്പിച്ച് ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരുന്നു ഏട്ടനും ഭാര്യയും പ്രായമായ അച്ഛനെയും അമ്മയെയും കൂടെ കൂട്ടിയത്..

അങ്ങനെ കുറെ വർഷങ്ങൾ വാടകയ്ക്ക് കൊടുത്ത വീട് ആകെ താറുമാറായി കാടും പടർപ്പും കയറി വൃത്തികേടായപ്പോൾ താമസക്കാരെ നിർബന്ധിച്ച് ഒഴിപ്പിച്ചു വിടേണ്ടി വന്നു.. അപ്പോഴൊക്കെ ഒരു വാടക വീട്ടിൽ കഴിയുന്ന പെങ്ങളേയോ മകളെയോ ആരും ഓർത്തതില്ല.

ഒടുവിൽ ഭീമമായ വീട്ടു വാടക താങ്ങാനാവാതെ വലഞ്ഞു കൊണ്ടിരുന്ന കൃഷ്ണ തന്നെയാണ് ഒരു സുഹൃത്തിനെക്കൊണ്ട് സ്വന്തം വീട്ടുകാരോട് അനുവാദം ചോദിച്ചത്..

“കുറച്ചു അറ്റകുറ്റ പണികളുണ്ട്. അതിന് കുറച്ചു പൈസ തരാമെങ്കിൽ താമസിച്ചോ”, എന്ന മറുപടി ആണ് ഏട്ടനിൽ നിന്ന് പെങ്ങൾക്ക് കിട്ടിയത്..

ചോദിച്ച ഇരുപത്തയ്യായിരം രൂപ പലരോടായി കടം വാങ്ങി കൊടുക്കുമ്പോൾ കുറച്ചു നാളെങ്കിലും വാടക കൊടുക്കാതെ താമസിക്കാമല്ലോ എന്നുള്ള ഒരാശ്വാസം മാത്രമായിരുന്നു മനസ്സിലപ്പോൾ !

വല്ലവനും കൊടുത്ത സ്വന്തം വീടിന്റെ പരിതാപകരമായ അവസ്ഥ കണ്ട് സഹിക്കാൻ ആയില്ല.. ചെളിയും മാലിന്യങ്ങളും നിറഞ്ഞു കവിഞ്ഞ മുറ്റവും അകത്തളങ്ങളും..

എല്ലാമൊന്ന് വൃത്തിയാക്കിയെടുക്കാൻ ഒരുപാട് പണിപ്പെട്ടു. ഇല്ലാത്ത കാശുണ്ടാക്കി വീടുമുഴുവനും പെയിന്റും ചെയ്തു കഴിഞ്ഞാണ് അവിടെ കുഞ്ഞ് കുട്ടികളെയും കൊണ്ട് താമസിക്കാൻ പറ്റിയത് തന്നെ!

മാസാ മാസം വാടക കൊടുക്കാനായില്ലെങ്കിലും പൊന്നുപോലെയാണ് താനീ വീടിനെ പരിപാലിച്ചത്.. അച്ഛന്റെ പെൻഷൻ തുക കൊണ്ട് പണിതുയർത്തിയ തങ്ങളുടെ സ്വപ്ന സാമ്രാജ്യം !

അവിടെ ഒരു മുറി എനിക്ക് മാത്രമായുണ്ടായിരുന്നു.. അവിടെയാണ് ഞാനെന്റെ സ്വപ്നങ്ങളും പ്രണയങ്ങളും മോഹങ്ങളും നെയ്തെടുത്തിരുന്നത്..

ഇന്ന് വെറുമൊരു അന്യഥാക്കാരിയായി നിൽക്കേണ്ടി വന്നപ്പോൾ ചങ്ക് പൊട്ടി കരയാൻ തോന്നി.. വാക്കുകൾ വറ്റി.. കണ്ണുനീർ മുറിഞ്ഞ്..ആർത്തലച്ച് പെയ്യാൻ തോന്നി !!

അല്ലെങ്കിലും പടിയിറങ്ങാനായി കാത്തിരിക്കുകയായിരുന്നുവല്ലോ..
നാട്ടിലേക്ക് തിരിച്ചു വരികയാണെന്ന് അറിഞ്ഞത് മുതൽ മറ്റൊരു വീടിനു വേണ്ടി ഒരുപാട് അലഞ്ഞുകൊണ്ടിരുന്നു.

പക്ഷേ, താങ്ങാനാവാത്ത വാടക കേട്ട് എങ്ങുമെത്താതെ ഒരു വെരുകിനെ പോലെ അസ്വസ്ഥമായി കിടന്നു പിടയ്ക്കുകയായിരുന്നു..

അവരെല്ലാവരും എത്താൻ ഇനി ശേഷിക്കുന്ന ഒരു ദിവസം കൊണ്ട് ആകെ തലപുകച്ചുകൊണ്ടിരുന്നു കൃഷ്ണയും ഭർത്താവും ! ഒടുവിൽ ഒരു വഴി അവളുടെ ഭർത്താവ് തന്നെ കണ്ട് പിടിച്ചു. സാധനങ്ങളെല്ലാം ഒരു മുറിയിലേക്ക് തല്ക്കാലം ഒതുക്കുക.

ഒരു വീട് ശരിയാകുന്നത് വരെ സ്വന്തം പെങ്ങളുടെ വീട്ടിൽ കുറച്ചു ദിവസങ്ങൾ തങ്ങാം..
വേറൊരു വഴിയും അപ്പോൾ തന്റെ മുന്നിലുമില്ലായിരുന്നുവല്ലോ. രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് മറ്റെങ്ങോട്ട് പോകും !
ഭർതൃ വീട്ടിൽ ഇഷ്ടം പോലെ ആളുകളുണ്ട്..

രണ്ടു ദിവസം എല്ലാവരും സഹിക്കുമായിരിക്കും. പിന്നെ നിറം കെട്ട മുഖങ്ങളും, മുഷിഞ്ഞ വാക്കുകളും തങ്ങൾക്ക് മേലെ ചിതറി വീഴാൻ തുടങ്ങും..

വയ്യാ.. !! മടുത്തിരിക്കുന്നു ഈ ജന്മം !!
സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തവരുടെ അവസ്ഥ എത്ര ദയനീയമാണ്.. ആരുടെയൊക്കെ ആട്ടും തുപ്പും കേൾക്കണം.

ഒരു കൊച്ചു കൂര ഉണ്ടെങ്കിൽ പട്ടിണിയായാലും ആരും ആട്ടിയിറക്കി വിടില്ലല്ലോ !! സ്വത്ത് വീതം പോലും വെക്കാത്ത ഭർതൃ വീട്ടുകാർ ഇനിയെന്നാണ് തങ്ങളുടെ അവസ്ഥ ഒന്നറിയുന്നത് !

അഭിമാനിയായ ഭർത്താവ് ആകട്ടെ വീട്ടുകാരോട് ഒന്നും ചോദിക്കില്ലെന്ന വാശിയിലും ! അവൾക്ക് ആകട്ടെ അയാളെ അതിന് വേണ്ടി നിർബന്ധിക്കാനും മടിയായിരുന്നു.

ഏട്ടന്റെ മുറിയിലെ സീലിംഗ് ഫാൻ കേടായതുകൊണ്ട് സാധങ്ങൾ എല്ലാം അവിടേയ്ക്ക് ഒതുക്കാമെന്നു തീരുമാനമായി.. അവർ വരുമ്പോൾ ഫാനുള്ള മറ്റു മുറിയിൽ കിടക്കട്ടെ..

അങ്ങനെ എല്ലാം ഒതുക്കി കെട്ടി വെച്ച് അവർ കാത്തിരിക്കുമ്പോഴാണ് ഒരു ഭദ്രകാളിയെ പോലെ തന്റെ നേർക്ക് ഉറഞ്ഞു തുള്ളി അവർ കയറിവരുന്നത്..

അമ്മയുടെ ഭാവപകർച്ച കണ്ട് പേടിച്ച മകൻ അപ്പച്ചിയെ കണ്ട് ചിരിമറന്നു നിന്നു ! സാധങ്ങൾ എല്ലാം കയറ്റി വെച്ചിരിക്കുന്ന സ്വന്തം മുറി കണ്ട് വീണ്ടും വെരളി പിടിച്ച് അവർ അവൾക്ക് നേരെ ആഞ്ഞടുത്തു., ഒരു പോരുകോഴിയെ പോലെ !!

“പറ്റില്ല ! എനിക്ക് മറ്റൊരു മുറിയും വേണ്ട.ഞങ്ങളുടെ ഈ മുറിയിലല്ലാതെ ഞാൻ എങ്ങും കിടക്കില്ല.. ”

ഓടിവന്ന ഏട്ടന്റെ ശകാര വാക്കുകളൊന്നും അവൾ ഗൗനിച്ചതേയില്ല.. ഭൂമി പിളർന്നു താഴേക്ക് ആണ്ടു പോയിരുന്നെങ്കിലെന്ന് ഒരു നിമിഷം കൊതിച്ചുപോയി.. ഒരേയൊരു നിമിഷം !!

പിന്നെ പെട്ടെന്നാണ് ഒരാവേശത്തോടെ എല്ലാം വലിച്ചു പുറത്തേക്കിട്ടത് ..

ഇനിയിവിടെ തങ്ങളുടേതായ ഒന്നുംഅവശേഷിക്കാൻ പാടില്ല.. ഏറ്റവും ഒടുവിലായി കയറിവന്ന അച്ഛനും അമ്മയും വാക്കുകൾ നഷ്ടപ്പെട്ടവരെ പോലെ മൗനിച്ചും തലതാഴ്ത്തിയും അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ തകർച്ച പൂർണ്ണമായെന്നു തോന്നിപ്പോയി..

സ്വന്തം മകളെ നിർദ്ദയം ഇറക്കിവിടുന്ന കാഴ്ച അവരുടെ നെഞ്ചിലൊരമ്പായി തറച്ചു കയറുന്നുണ്ടായിരിക്കാം..

പക്ഷേ എന്തിനും പോന്ന മരുമകളോടുള്ള ഭയം അവരെ അശക്തരാക്കിക്കളഞ്ഞു !! എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കെ ഒരാൾ ഓടി വന്നു കൈ പിടിച്ചു ! സുധർമ്മ ചേച്ചി !

അന്നേവരെ കാണുമ്പോൾ വെറുതെ ഒരു ചിരിയിൽ വിശേഷങ്ങൾ ഒതുക്കി കടന്നുപോയിരുന്ന ഇടവഴിയിലെ ആ വലിയ വീടും പൂങ്കാവനവുമുള്ള അവരെ ഒരുപക്ഷേ എല്ലാം കണ്ടുകൊണ്ടിരുന്ന ദൈവം തന്നെയായിരിക്കില്ലേ പറഞ്ഞയച്ചത് !!

“ഒന്നും വിഷമിക്കേണ്ട കേട്ടോ.. അവിടോട്ടു കൊണ്ട് വെച്ചോളൂ എല്ലാം.”

മനസ്സ് നിറഞ്ഞു പോയ നിമിഷങ്ങൾ !! കണ്ണുനീരിലൂടെ ചിരിച്ചുകൊണ്ട് നന്ദി പറയുമ്പോൾ താൻ വിളിച്ചു പ്രാർത്ഥിച്ച ദൈവങ്ങളും തന്നോടൊപ്പം ചിരിച്ചിട്ടുണ്ടാവില്ലേ..

സ്നേഹം നിറഞ്ഞ ഹൃദയത്തോടെ യാത്ര പറയുമ്പോൾ എത്രയും പെട്ടെന്ന് ഒരു വീട് കണ്ടുപിടിക്കണമെന്ന വാശിയായിരുന്നു രണ്ട് പേരുടെയും മനസ്സിലപ്പോൾ..

നാലു മനുഷ്യ ജീവികൾക്ക് തല ചായ്ക്കാൻ അടുത്ത താവളം തേടി പോകുമ്പോൾ ഒരു മെഴുതിരി നാളം പോലെ ഹൃദയം ഉരുകി ഉരുകിക്കൊണ്ടിരുന്നു.. സ്വന്തമായി ഒരു പിടി മണ്ണ് പോലുമില്ലാത്ത ഒരുപാട് പേരുകൾക്കിടയിലേയ്ക്ക് അവരും തങ്ങളുടെ സ്വന്തം പേരുകൾ എഴുതി ചേർത്തു.

അന്യമായി പോകുന്ന രക്ത ബന്ധങ്ങളുടെ കാൽച്ചുവട്ടിൽ ഒരുപിടി കണ്ണീർപ്പൂക്കൾ അർപ്പിച്ചുകൊണ്ട് മൗനമായി യാത്ര തിരിക്കുമ്പോൾ അങ്ങ് എവിടെയോ ഉമ്മറപ്പടിയും നടുമുറ്റവും തുളസിത്തറയുമുള്ള,

ആരും ധാർഷ്ട്യത്തോടെ ഇറക്കി വിടാത്ത,
ഒരു കൊച്ചുവീട് തങ്ങളെ കാത്തിരിക്കുന്നുണ്ടാവുമെന്നവൾ വെറുതെ വെറുതെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു !!

Leave a Reply

Your email address will not be published. Required fields are marked *