“അപ്പോൾ പെണ്ണായി പിറന്നത് തന്നെയാണ് പ്രശ്നം. ഒരുപക്ഷേ ഒരാൺകുട്ടിയായി ജനിച്ചിരുന്നുവെങ്കിൽ തന്റെ ഇഷ്ടങ്ങൾക്ക് അല്പമെങ്കിലും വിലയുണ്ടായിരുന്നേനെ…”

(രചന: അംബിക ശിവശങ്കരൻ)

“നാളെ ഒരു കൂട്ടര് പെണ്ണ് കാണാൻ വരുന്നുണ്ട് നീ നാളെ ക്ലാസ്സിൽ പോകണ്ട ഇതുറച്ചാൽ നമ്മുടെ ഭാഗ്യമായി കണ്ടാൽ മതി.”

പ്ലേറ്റിൽ വിളമ്പിയ ചോറ് ആർത്തിയോടെ വാരിവാരി ഉണ്ണുന്നതിനിടയ്ക്കാണ് അച്ഛൻ വിദ്യയോടത് പറഞ്ഞത്. അത് കേട്ടതും ഇത്രനേരം തോന്നിയിരുന്നു വിശപ്പ് എല്ലാം എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി. പിന്നെ എല്ലാവരും എഴുന്നേൽക്കും വരെ പാത്രത്തിൽ വിരലുകൾ കൊണ്ട് വെറുതെ ചികഞ്ഞു കൊണ്ടിരുന്നു അവൾ.

“എന്തിനാണ് അമ്മേ ഇപ്പോൾ എടുത്തോ പിടിച്ചോ എന്നും പറഞ്ഞ് എന്റെ കല്യാണം നോക്കുന്നത്? ഞാനിപ്പോൾ പഠിക്കുവല്ലേ ഇതെങ്കിലും ഒന്ന് പൂർത്തിയാക്കിയിട്ട് പോരെ കല്യാണം ഒക്കെ?”

അടുക്കളയിൽ വന്ന് അവൾ അമ്മയോട് പരിഭവം പറഞ്ഞു.

“വാ അടക്കി വെച്ചിരുന്നോ പെണ്ണേ… പഠിത്തമൊക്കെ ഇനിയും പഠിക്കാം ഞങ്ങൾക്ക് നീ മാത്രമല്ല മകൾ ആയിട്ടുള്ളത് നിനക്ക് താഴെ രണ്ടെണ്ണം കൂടിയുണ്ട് അത് മറക്കണ്ട…. മൂന്ന് പെൺമക്കൾ ഉള്ള തന്തയുടെയും തള്ളയുടെയും ആദി നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.

ഒന്നും വേണ്ടെന്ന് പറഞ്ഞ അവര് വന്നേക്കുന്നത്. ഇപ്പോൾ ഇത്തിരി ക്ഷയിച്ചെങ്കിലും പേര് കേട്ട് തറവാട്ടുകാര.. എന്നാലും കണ്ടവും പാടവുമൊക്കെ ഇപ്പോഴും അതുപോലെ തന്നെയുണ്ടെന്ന കേട്ടത്. എന്നായാലും അത് നിങ്ങൾക്കുള്ളതല്ലേ? ഭാഗ്യം വീടിന്റെ പടിക്കൽ വന്നു നിൽക്കുമ്പോൾ നീ ആയിട്ട് അത് തട്ടിത്തെറിപ്പിച്ച് കളയാതെ കൊച്ചെ..”

അതും പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി.

“അപ്പോൾ പെണ്ണായി പിറന്നത് തന്നെയാണ് പ്രശ്നം. ഒരുപക്ഷേ ഒരാൺകുട്ടിയായി ജനിച്ചിരുന്നുവെങ്കിൽ തന്റെ ഇഷ്ടങ്ങൾക്ക് അല്പമെങ്കിലും വിലയുണ്ടായിരുന്നേനെ…”

അവൾ മുറിയിൽ വന്ന് തന്റെ പുസ്തകങ്ങളിലൂടെ മെല്ലെ വിരലുകൾ ഓടിച്ചു.

“ഭൂരിഭാഗം രക്ഷിതാക്കളും മാറി ചിന്തിക്കാൻ തുടങ്ങിയെങ്കിലും ഇനിയും മാറാത്ത ഒരുപാട് അച്ഛനമ്മമാർ ഉണ്ട്. വിവാഹ കമ്പോളത്തിലേക്ക് മകളെ വലിച്ചെറിയുന്നതിന് പകരം അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകി തന്റെ മകളെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തയാക്കുന്നതാണോ വേറൊരുത്തന്റെ കീഴിൽ അടിമത്തം നേടി കൊടുക്കുന്നതാണോ അന്തസ്സ് എന്ന് ഇനിയും ഇക്കൂട്ടർ ചിന്തിക്കേണ്ടിയിരിക്കുന്നു.”

അവൾ തന്റെ അനിയത്തിമാർക്കു ഒപ്പം വന്നു കിടന്നു.

” ഇന്ന് തന്റെ ഗതി തന്നെ ഏറ്റുവാങ്ങേണ്ടവരാണ് ഇവരും സ്ത്രീധനം ചോദിക്കാതെ ആര് ഈ പടികയറി വന്നാലും അവർക്കൊപ്പം ഇറങ്ങി പോകാൻ വിധിക്കപ്പെട്ടവർ… ”

അവൾ ദീർഘമായി നിശ്വസിച്ചു.

പിറ്റേന്ന് രാവിലെ പത്ത് മണിയോടുകൂടി തന്നെ അവരെത്തി.അമ്മയും അച്ഛനും എല്ലാം അവരെ സൽക്കരിക്കുന്ന തിരക്കിൽ അങ്ങോട്ടു മിങ്ങോട്ടും ഓടി നടക്കുന്നു. ലേലം ഉറപ്പിക്കാൻ വസ്തു കൊണ്ടു നിർത്തുന്നത് പോലെ കയ്യിൽ അവർക്കുമുള്ള ചായയുമായി അമ്മ അവളെ അവരുടെ മുന്നിലേക്ക് വിട്ടു.

“ഇതാണ് ചെറുക്കൻ.. ഇത് അമ്മ… അത് പെങ്ങൾ…ഇത് അളിയൻ… പിന്നെ അനിയൻ ഒരാള് കൂടി ഉണ്ട് വന്നിട്ടില്ല.”

കൂട്ടത്തിൽ പ്രായമായ ഒരാൾ അവരെയെല്ലാം പരിചയപ്പെടുത്തി.
അവൾ എല്ലാവരെയും മാറി മാറി നോക്കി തന്നെക്കാൾ ഒരു പത്ത് വയസ്സ് എങ്കിലും അധികം പ്രായം തോന്നുന്ന മുഖമായിരുന്നു അയാളുടേത്. പറഞ്ഞു കേട്ട തറവാട്ട് മഹിമയൊന്നും ആരുടെ വേഷവിധാനങ്ങളിലും കണ്ടില്ല.

” എങ്കിൽ മോൾ അകത്തേക്ക് ചെന്നോളൂ… ”

അച്ഛന്റെ നിർദ്ദേശപ്രകാരം അവളകത്തേക്ക് പോയി. പിന്നീടുള്ള സംസാരം എല്ലാം മുതിർന്നവർ തമ്മിലായിരുന്നു. അവർക്ക് തന്നെ ഇഷ്ടമായി എന്നും ഈ വിവാഹം ഉറച്ച മട്ടാണ് എന്നും അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ നിന്നും മനസ്സിലായി. നിനക്ക് അയാളെ ഇഷ്ടമായോ എന്നെങ്കിലും അച്ഛനും അമ്മയും ചോദിക്കും എന്ന് അവൾ വെറുതെ വ്യാമോഹിച്ചു പോയി.

പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു എല്ലാവരും. കല്യാണത്തിന് മുന്നേയുള്ള ഫോൺവിളി എന്ന ചടങ്ങ് പ്രമാണിച്ച് ഫോൺ വിളിയും തുടങ്ങി.

ആദ്യമാദ്യം നല്ല സന്തോഷത്തോടെയും താല്പര്യത്തോടെയും സംസാരിച്ചയാൾ പിന്നീട് സംസാരിക്കാൻ വളരെയധികം മടി കാണിച്ചു തുടങ്ങി.എന്തൊക്കെയോ തകരാറു പോലെ തോന്നിയ അവൾ അമ്മയോട് കാര്യം പറഞ്ഞെങ്കിലും അവൻ കല്യാണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആയിരിക്കും എന്ന് പറഞ്ഞ് അമ്മ നിസ്സാരമായി അതിനെ തള്ളിക്കളഞ്ഞു.

ഒരു പെൺകുട്ടിയെ സംബന്ധിച്ചു വളരെ സന്തോഷത്തോടെ നിൽക്കുന്ന വിവാഹ ചടങ്ങിൽ തികഞ്ഞ ഭയത്തോടെയാണ് അവൾ നിന്നത്. അയാളുടെ മുഖത്തെ സന്തോഷം ഇല്ലായ്മയും താല്പര്യക്കുറവും കൂടി കണ്ടപ്പോൾ ആ ഭയം നൂറിരട്ടിയായി വർദ്ധിച്ചു. ആരോ നിർബന്ധിച്ചു താലികെട്ടിക്കും മട്ടിൽ ഒടുക്കം അയാൾ അവളുടെ കഴുത്തിൽ താലി അണിഞ്ഞു .

ഒരുപാട് പ്രതീക്ഷകളുടെയാണ് അവൾ തന്റെ ആദ്യരാത്രി വരവേറ്റത്. എന്നാൽ താൻ അകത്തേക്ക് ചെന്നതും എഴുന്നേറ്റു താഴെക്കിടന്ന അയാളെ കണ്ട് അവൾ ഒരു നിമിഷം പകച്ചു നിന്നു. ഇങ്ങനെ പെരുമാറാൻ മാത്രം താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് പോലും അവൾക്ക് നിശ്ചയം ഉണ്ടായിരുന്നില്ല.

“നിങ്ങൾ കട്ടിലിൽ കിടന്നോളൂ ഞാൻ താഴെ കിടന്നോളാം.”

അവളത് പറയുമ്പോൾ യാതൊരു മനസ്താപവും കൂടാതെയാണ് അയാൾ കട്ടിലിൽ കയറിക്കിടുന്നത്. താഴെ വിരിച്ച പായയിൽ ചുരുണ്ട് കിടന്നു കരയുമ്പോൾ ഒരു തെറ്റും ചെയ്യാതെ ഈ ദുർവിധി അനുഭവിക്കേണ്ടി വന്നല്ലോ എന്ന സങ്കടം ആയിരുന്നു അവൾക്ക്.

“ദേ അമ്മൂമ്മേ ആന്റി താഴെ കിടക്കുന്നു.”

വെള്ളമെടുക്കാൻ അയാൾ പുറത്തേക്ക് പോയ നിമിഷം വാതിലിന്റെ വിടവിലൂടെ ചേച്ചിയുടെ മക്കൾ അവളെ കണ്ടതും പിന്നെ അവിടെ ഒരു ലഹള തന്നെയായിരുന്നു.

“എടാ നായിന്റെ മോനെ നീ ഇപ്പോഴും ആ തേ വി ടിശിയെയും മനസ്സിൽ ഇട്ടോണ്ട് നടക്കുവാണോടാ… നീ സമ്മതം പറഞ്ഞിട്ടല്ലേടാ ഈ കല്യാണം ഉറപ്പിച്ചത്…

എന്നിട്ട് രണ്ടാഴ്ച മുന്നേ ഈ കല്യാണം വേണ്ടെന്നു പറഞ്ഞാൽ പിന്നെ ഞങ്ങൾ എങ്ങനെയാണെടാ നാട്ടുകാരുടെ മുഖത്തുനോക്കുന്നത്?വന്നത് വന്നു ഇനി ആ ഉരുമ്പെട്ടോളെയും മനസ്സിൽ ഇട്ടോണ്ട് നടക്കാതെ നന്നായി ജീവിക്കാൻ നോക്ക്.. എന്ത് കൈ വിഷം കൊടുത്തിട്ടാണാവോ അവളിവിനെ ഇങ്ങനെ വശീകരിച്ചെടുത്തത്…

രണ്ടാഴ്ച വരെ ഒരു കുഴപ്പവും ഇല്ലാത്ത ചെക്കൻ ആയിരുന്നു.. അന്നെ അവൾ തലയിൽ നിന്ന് ഒഴിഞ്ഞെന്ന ഞങ്ങളൊക്കെ കരുതിയത് ഇത് ഉടുമ്പ് പിടിച്ച പോലെ അല്ലയോ പിടിച്ചേക്കുന്നത്…എന്തുതന്നെയായാലും അവളെ മനസിന്ന് കളഞ്ഞു നീ ആ കൊച്ചിനെ ഭാര്യയായി കണ്ടേ പറ്റൂ…. ഇല്ലേൽ കൊന്ന് കളയും ഞാൻ പറഞ്ഞേക്കാം.”

തർക്കങ്ങൾക്കിടയിൽ അമ്മ അടക്കം പറയുന്നത് കേട്ടതും അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.

” ദൈവമേ ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നുവോ? ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് ഇയാൾ അപ്പോൾ അവരോട് പറഞ്ഞിരുന്നുവോ?എങ്കിലതാണ് തന്നോട് സംസാരിക്കാൻ അയാൾ വിമുഖത കാണിച്ചിരുന്നത്. എന്നാൽ പിന്നെ ആരായിരിക്കും അയാളുടെ മനസ്സിൽ? എങ്കിൽ ഇത് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല? ”

അവൾക്ക് സങ്കടം നിയന്ത്രിക്കാൻ ആയില്ല. ഇനിയെന്താണ് ചെയ്യേണ്ടത് എന്നും പോലും അവൾക്ക് നിശ്ചയം ഉണ്ടായില്ല അത്രമാത്രം മാനസികമായി അവൾ തളർന്നു പോയിരുന്നു.

വിവാഹശേഷം സ്വന്തം വീട്ടിലേക്ക് വിരുന്നു പോയപ്പോഴും അവളെ അവിടെ തനിച്ചാക്കി അയാൾ തിരികെ പോന്നു. അപ്പോൾ തന്നെ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായി അവളുടെ വീട്ടുകാർക്ക് തോന്നിയെങ്കിലും ഒരു മാസം തികയുന്നതിന് മുന്നേ പ്രശ്നങ്ങൾ ഊതി പെരുപ്പിച്ച് മകളെ സ്വന്തം വീട്ടിൽ കൊണ്ട് നിർത്താൻ അവർ തയ്യാറായിരുന്നില്ല.അവളുടെ നിസ്സഹായവസ്ഥ കണ്ടുകൊണ്ട് തന്നെ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി അവളെ അവർ തിരികെ പറഞ്ഞയച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ബോധം മറിയുവോളം കുടിച്ചിട്ടാണ് അയാൾ മുറിയിലേക്ക് കടന്നു വന്നിരുന്നത്.

“എനിക്ക് നിന്നെ ഇഷ്ടമല്ല ഞാൻ അവളെയും കൊണ്ടുവന്ന് ഇവിടെ നിന്റെ മുന്നിൽ കിടക്കും കാണണോ..?”

ബോധമില്ലാതെ വന്നൊരു ദിവസം അയാൾ പറഞ്ഞത് കേട്ട് അവൾ എന്തു പറയണമെന്ന് അറിയാതെ മിഴിച്ചു നിന്നു.സ്വബോധത്തോടെ അല്ലെങ്കിലും അയാൾ പറഞ്ഞ വാക്കുകളിൽ എന്തെല്ലാമോ സത്യമുണ്ടെന്ന് അവൾക്ക് മനസ്സിലായി അവൾ കരഞ്ഞില്ല മനസ്സ് മരവിച്ചവൾക്ക് ഇനി എന്ത് കണ്ണുനീർ?

ആദ്യമാദ്യം തന്നെ അനുകൂലിച്ച് സംസാരിച്ചിരുന്ന അമ്മയും ചേച്ചിയും പിന്നീട് തനിക്ക് എതിരായി സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ മനസ്സിലാക്കി തുടങ്ങി കാര്യങ്ങൾ ഒന്നും നാട്ടുകാർ അറിയാതിരിക്കാൻ ആയി മനപ്പൂർവം അവർ ഒത്തു കളിക്കുകയാണെന്ന്… അപ്പോഴും അവൾക്ക് അനുകൂലമായി നിന്നത് അയാളുടെ അനിയൻ മാത്രമായിരുന്നു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് കൂടെ ജോലി ചെയുന്ന ഒരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ടെന്നും ആ സ്ത്രീ ഭർത്താവ് മരിച്ച സ്ത്രീയാണെന്നും മൂന്ന് കുട്ടികളുടെ അമ്മയാണെന്നും ഉള്ള സത്യം അവൾ അറിഞ്ഞത്. അത്രനാൾ എല്ലാം സഹിച്ചു മിണ്ടാതെ നിന്ന അവൾക്ക് അതറിഞ്ഞതും അയാളോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. എല്ലാം അറിഞ്ഞ അമ്മയും മകനെ നന്നാക്കുവാനുള്ള വെറും പരീക്ഷണ വസ്തുവായാണ് തന്നെ കണ്ടത്.

എല്ലാം ഓർത്തപ്പോൾ അവൾക്കാകെ ഭ്രാന്ത് കയറുന്നത് പോലെ തോന്നി. സകല നിയന്ത്രണവും തെറ്റിയ അവസ്ഥയിൽ ഇതേപ്പറ്റി ചോദിച്ചപ്പോൾ മകന്റെ അവിഹിതം നാട്ടുകാർ അറിഞ്ഞാലോ എന്ന ഭയമായിരുന്നുഅവർക്ക്. നാട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അങ്ങനെ അവർ ഒരു കഥ മെനഞ്ഞെടുത്തു. അവൾ സദാസമയവും അവളുടെ കാമുകനെ വിളിക്കുകയാണെന്നും അവർ തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്നും അവർ പറഞ്ഞു പരത്തി.

ഒടുക്കം സഹിക്കട്ട് എല്ലാവരുടെ മുന്നിലും കുറ്റക്കാരിയായി നിൽക്കുമ്പോഴും ഇറങ്ങിപ്പോകാൻ പോലും കയ്യിൽ പണം ഉണ്ടായിരുന്നില്ല. കീറിയ ഒരു ഇരുപത് രൂപ നോട്ട് പിടിച്ച് നിന്ന് കരയുമ്പോൾ അനിയൻ മാത്രമാണ് അവൾക്ക് അരികിൽ വന്നു സമാധാനിപ്പിച്ചത്.

അവർ തന്നെ വീട്ടുകാരെ വിളിച്ചുവരുത്തി അവളെ ഇറക്കി വിടുമ്പോൾ ഇതേപ്പറ്റി ചോദിച്ച അച്ഛനോടും അമ്മയോടും വരെ അവർ തട്ടിക്കയറി.

“ഇതുപോലെ ഒരു അഴിഞ്ഞാട്ടക്കാരിയെ എന്റെ മോനു വേണ്ടെന്ന് സകലരും കേൾക്കേ വിളിച്ചു പറയുമ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആകാതെ അവൾ നിന്നു.

ഒരുപക്ഷേ തനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ ഈ പഴി ഒന്നും കേൾക്കേണ്ടി വരില്ലായിരുന്നു എന്ന് ഒരു നിമിഷം അവൾ മനസ്സിൽ കൊതിച്ചു പോയി.

” നിങ്ങളായി തീരുമാനിച്ചുറപ്പിച്ച ബന്ധം അല്ലേ…? ഒരുവട്ടം എങ്കിലും എന്റെ ഇഷ്ടം ചോദിച്ചിരുന്നോ നിങ്ങൾ?എന്റെ ജീവിതം തകർത്തപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേ? ഇനി മേലാൽ എന്റെ കാര്യത്തിൽ ഇടപെട്ടു പോകരുത്.. ഇപ്പോൾ എല്ലാവരുടെ മുന്നിലും ഞാൻ തെറ്റുകാരിയായി സന്തോഷമായില്ലേ നിങ്ങൾക്ക്? ”

സർവ്വ നിയന്ത്രണവും വിട്ട് ഒരു ഭ്രാന്തിയെ പോലെ അവൾ കരയുമ്പോൾ മറുപടി പറയാനാകാതെ അവർ തേങ്ങി.

പിന്നീട് പോലീസും കേസുമായി രണ്ടു വർഷത്തിനുശേഷം ആ വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞു. ഒരു ഊരാക്കുടുക്കിൽ നിന്നും മോചിതയായ സന്തോഷമായിരുന്നു അവൾക്ക്. ഇതിനിടയിൽ അവൾ തന്റെ പഠനം പൂർത്തിയാക്കി.ഒരു കമ്പനിയിൽ താൽക്കാലികമായി ജോലിക്ക് കയറി. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നി.

“മകൾക്ക് പറ്റിയ ഒരു പയ്യൻ ഉണ്ട് കൊണ്ടുവരട്ടെ… ആദ്യത്തെ കാര്യമൊക്കെ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് അവർക്ക് അതൊന്നും പ്രശ്നമല്ല.”

ബ്രോക്കർ വന്ന് അച്ഛനോട് സംസാരിക്കുന്നത് കേട്ടാണ് അവൾ ഉമറത്തേക്ക് ചെന്നത്.

“അവളുടെ ജീവിതം ഇനി അവൾ തീരുമാനിക്കട്ടെ കൃഷ്ണേട്ടാ… ആദ്യം പറ്റിയ പോലൊരു തെറ്റ് ഇനി എന്റെ മകളുടെ ജീവിതത്തിൽ ഉണ്ടാകരുത്.”

അച്ഛന്റെ മറുപടി കേട്ട് അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരു ദുരന്തം കൊണ്ടെങ്കിലും അവർ മാറി ചിന്തിക്കാൻ തുടങ്ങിയല്ലോ എന്ന ആശ്വാസവും.

“അവനിപ്പോൾ മുഴുക്കുടിയനായി മോളെ… ആ പെണ്ണിന്റെ വീട്ടീന്ന് ആളുകൾ അവനെ പിടിച്ചിട്ട് തല്ലി.. അതോടെ നാട്ടുകാർ മുഴുവനും കാര്യങ്ങളൊക്കെ അറിഞ്ഞു.

എന്നാലും തങ്കം പോലത്തെ മോളെ പറ്റിയല്ലേ അവർ അപവാദം പറഞ്ഞുണ്ടാക്കിയത്? അതിന് അമ്മയും മോനും ഇപ്പോൾ സമാധാനം ഇല്ലാതെ നരകിക്കുന്നുണ്ട്. നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ആ കുടുംബത്തിന്..ഒരു തെറ്റും ചെയ്യാതെ മോളുടെ കണ്ണീർ വീഴ്ത്തിയതല്ലേ അനുഭവിക്കട്ടെ..”

ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അയാളുടെ തൊട്ട് അയൽവാസിയായ ഒരു വല്യമ്മയെ കണ്ടത്. എല്ലാം കേട്ട് അവൾ ഒന്ന് പുഞ്ചിരിക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

വീട്ടിലേക്കുള്ള യാത്രയിൽ ഒന്നുമാത്രമായിരുന്നു മനസ്സിൽ.’ സത്യം അത് എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും മറനീക്കി പുറത്തു വരിക തന്നെ ചെയ്യും ഇന്നല്ലെങ്കിൽ നാളെ…’

അവൾ കണ്ണുകൾ അടച്ച് സീറ്റിലേക്ക് തലചായ്ച്ചിരുന്ന് ആ യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *