അവൾ
(രചന: Aneesh Anu)
“കുട്ടാ എന്നാ നമുക്കിത് അങ്ങ് ഉറപ്പിക്കാം അല്ലേ” കാറിന്റെ പുറകു സീറ്റിലിരിക്കുന്ന എന്നേം അമ്മയേം നോക്കി രാമേട്ടൻ ചോദിച്ചു.
“ന്താ കുട്ടാ നിന്റെ അഭിപ്രായം, അമ്മക്ക് ഇഷ്ട്ടായി കുട്ട്യേ” അമ്മയുടെ അഭിപ്രായം അമ്മയും പറഞ്ഞു.
“രാമേട്ടാ ആ മൂത്തകുട്ടി എന്താ ചെയ്യുന്നേ”
“മൂത്തകുട്ടിനെ അല്ലാലോ നമ്മൾ കണ്ടത്?”
“ഏയ് കാര്യമുണ്ട് രാമേട്ടൻ പറ”
“ആ കുട്ടി പ്ലസ്ടുവിന് പടിക്കുമ്പോഴാ അവരുടെ അച്ഛൻ മരിക്കുന്നത്. സത്യം പറഞ്ഞാൽ കടം കയറി ആത്മഹത്യാ ചെയ്തതാണ്.
ആ അമ്മയും മാനസികമായി തളർന്നതോടെ ജീവിതം മുന്നോട്ട് പോകാൻ മറ്റു വഴിയില്ലെന്ന തിരിച്ചറിവിൽ ആ കുട്ടി പഠിപ്പ് നിർത്തി, നല്ല മാർക്കോടെ പാസ്സായിട്ടും.
കൃഷി നിർത്തി വെച്ചിരുന്ന അവരുടെ പാടത്ത് കൃഷിയിറക്കി ആദ്യം അവൾ പിടിച്ചു നിന്നു.”
“പിന്നെ തയ്യൽ പഠിച്ചും അതിലൂടെ കിട്ടുന്ന വരുമാനത്തിലൂടെ വീട്ടിൽ ആടും കോഴിയും പശുവുമൊക്കെ വാങ്ങി വളർത്തി ഇപ്പോൾ അവിടെ നല്ലൊരു വരുമാനമാർഗം ഉണ്ട്.
കൂടാതെ അനിയനേം അനിയത്തിയേം നന്നായി പഠിപ്പിച്ചു അമ്മയെ നല്ല പോലെ ചികിൽസിച്ചു ഭേദമാക്കി.
ആ കുടുംബത്തിന്റെ നെടുംതൂൺ ആണവൾ. എന്തേ കുട്ടാ? ”
“രാമേട്ടാ നമുക്ക് അതങ്ങു ആലോചിക്കാം എനിക്കാ കുട്ട്യേ മതി”
“എന്താ കുട്ടാ.. നീ ഈ പറയണേ നമ്മൾ അനിയത്തിനെ അല്ലെ പോയി കണ്ടത് ” അമ്മ എന്നെ ആശ്ചര്യത്തോടെ നോക്കി.
“അമ്മേ അവൾക്ക് അച്ഛനെ നഷ്ടമായ അതെ പ്രായത്തിൽ ആണ് എനിക്കും അച്ഛനെ നഷ്ടമായത്.
അവിടെ നിന്നാണ് അച്ഛന്റെ കൂട്ടുകാരനായ രാമേട്ടൻ വർക്ക്ഷോപ്പിൽ ഞാനെത്തിയത് എനിക്ക് ആ ഒരു തണൽ ഉണ്ടായിരുന്നു ഓടി ചെല്ലാൻ.
പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട പഠിപ്പും എന്റെ സ്വപ്നങ്ങളും എല്ലാം കുഴിച്ചു മൂടി.
ചിറകുമുളക്കാത്ത അനിയനും അനിയത്തിയും അവരുടെ മുഖമാണ് എന്നെ അക്കരെക്ക് എത്തിച്ചത്
അവർക്ക് വേണ്ടതെല്ലാം ഞാൻ നേടി കൊടുത്തു പലപ്പോഴും എന്റെ ആഗ്രഹങ്ങൾ ആരോടും പറയാതെ.
അവളും ഒരുപാട് മോഹങ്ങൾ മാറ്റി വെച്ചിട്ടുണ്ടാകും ഇനി അതിന് നിറം നൽകാനും എന്റെ ആഗ്രഹങ്ങൾ ഞാൻ നേടുമ്പോൾ സന്തോഷിക്കാനും അവൾ മതിയമ്മേ ഈ ജീവിതത്തിന് കൂട്ടായി.”
“കുട്ടന്റെ തീരുമാനം അതച്ചാൽ രാമേട്ടൻ അവരോട് ഒന്ന് സംസാരിക്കു അവന്റെ ഇഷ്ടം നടക്കട്ടെ” നെറുകയിൽ കൈതലോടി കൊണ്ടാണ് അമ്മയത് പറഞ്ഞത്.
“എന്നാ അങ്ങനെയാവട്ടെ ഞാൻ അവരോട് പറഞ്ഞൂ സമ്മതിപ്പിച്ചോളാം”
മനസ്സ് നിറയെ അവളെക്കുറിച്ചുള്ള ഓർമ്മകളുമായി ആ യാത്ര തുടർന്നു.
പിന്നീടുള്ള തീരുമാനങ്ങൾ എല്ലാം പെട്ടെന്ന് ആയിരുന്നു വാതിലിനു പുറകിൽ നിന്ന് ചായയുമായി
അനിയത്തിയെ തള്ളിവിട്ട ആ കരിമഷിയെഴുതിയ കണ്ണുകൾക്കുടമയെ ഞാനിന്ന് കൈപിടിച്ച് കൂടേ കൂട്ടുകയാണ് എന്റേത് മാത്രമായ്.