അയാൾ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി. മുറിയിലാകമാനം മിഴികൾ പാഞ്ഞു നടക്കുകയാണ് വീടിന്റെ കഴുക്കോൽ പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു

പുഴ പറഞ്ഞത്
(രചന: അഞ്ജു തങ്കച്ചൻ)

ആദിത്യൻ മുറ്റത്തേക്കുള്ള പടവുകൾ കയറി. പടവുകൾ നിറയെ പായലുകൾ അവകാശം സ്ഥാപിച്ചിരിക്കുന്നു.
മുറ്റത്തേക്ക് കടക്കവെ ഒരിളം കാറ്റ് വന്ന് തന്നെ ഗാഢമായിപൊതിയുന്നത് അയാൾ അറിഞ്ഞു .

അമ്മ നട്ട ചെത്തിയും, ഗന്ധരാജനും നന്നായി പൊക്കം വച്ചിരിക്കുന്നു. വെള്ളയും, വയലറ്റും നിറമുള്ള കനകാംബരപൂക്കൾ ധാരാളം പൂത്തുലഞ്ഞു നിൽക്കുന്നു.
മുറ്റത്ത്‌ പാഴിലകൾ വീണു കിടപ്പുണ്ട്.

അയാൾ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി. മുറിയിലാകമാനം മിഴികൾ പാഞ്ഞു നടക്കുകയാണ്
വീടിന്റെ കഴുക്കോൽ പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഓടുകളിൽ ചിലത് പൊട്ടി അടർന്നിട്ടുണ്ട്, അവയ്ക്കിടയിലൂടെ സൂര്യകിരണങ്ങൾ നിലത്ത് ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലാണ്.

ഇടയ്ക്കെല്ലാം അമ്മാവൻ വന്ന് വീട് വൃത്തിയാക്കി ഇടുന്നത് കൊണ്ടാവാം വീടിനകം അധികം മാറാലയും പൊടിയും ഉണ്ടായിരുന്നില്ല.

മുറിയിൽ അച്ഛന്റെ ഫോട്ടോ മാല ചാർത്തി വച്ചിട്ടുണ്ട്. അതിന് പിറകിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു പല്ലി കാൽപെരുമാറ്റം
കേട്ടെന്നവണ്ണം വളരെ പെട്ടെന്ന് ഓടി മറഞ്ഞു. പഴമയുടെ ഗന്ധം ആ മുറിയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.

ഒരു വർഷം മുൻപ് അമ്മയും മരിച്ചതോടെ വീട് മൂകത നിറഞ്ഞ് ഒറ്റപ്പെട്ടു നിൽകുന്നു.
അമ്മ ഏറ്റവും വൃത്തിയോടെ സൂക്ഷിച്ചിരുന്ന വീടാണ്.

അയാൾ പഴയ തടിക്കസേരയിലേക്ക് ഇരുന്നു.

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം താനീ മണ്ണിൽ കാലു കുത്തുകയാണ്. വിവാഹിതനായി രാധികയ്ക്കൊപ്പം മുംബൈയ്ക്ക് പോയതിനുശേഷം താൻ ഒരിക്കലും ഇവിടേക്ക് വന്നിട്ടില്ല.
വരാൻ തനിക്ക് ആകുമായിരുന്നില്ല.

അമ്മ പരാതി പറഞ്ഞു മടുക്കുമ്പോൾ, അമ്മാവനെയും കൂട്ടി മുംബൈക്ക് വരാറായിരുന്നു പതിവ്.

ഒരു വർഷം മുൻപ് അമ്മയ്ക്ക് അസുഖം കൂടുതൽ ആണെന്ന് പറഞ്ഞ് നാട്ടിൽ നിന്നും വിളിച്ചപ്പോൾ താൻ ഓടി വന്നതാണ്, പക്ഷെ പാതി വഴി എത്തിയപ്പോഴേക്കും അമ്മ മരിച്ചു എന്ന് പറഞ്ഞ് അമ്മാവന്റെ വിളി വന്നു.

മരിച്ചുകിടക്കുന്ന അമ്മയെ തനിക്ക് സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ വരാതെ മടങ്ങി പോകുകയായിരുന്നു. ഒരേയൊരു മകൻ ആയ താൻ അമ്മയുടെ മരണാനന്തരകർമ്മങ്ങളൊന്നും ചെയ്തില്ല.

മകന്റെ സ്ഥാനത്ത് നിന്ന് എല്ലാം അമ്മാവന്റെ മകൻ ആണ് ചെയ്തത്. അവരുടെ കണ്ണിൽ താൻ ഒരു മനസാക്ഷിയും ഇല്ലാത്ത, പെറ്റമ്മയോട് പോലും സ്നേഹമില്ലാത്ത ഒരുവൻ ആണ്. ചില നേരങ്ങളിൽ എനിക്ക് പോലും തോന്നാറുണ്ട് ഞാൻ ഒരു ദുഷ്ടൻ ആയ മനുഷ്യൻ ആണെന്ന്.

ഇപ്പോൾ താൻ ഇങ്ങോട്ട് വന്നത് വീടും പറമ്പും വിൽക്കുവാനാണ്.അമ്മാവനാണ്
എല്ലാത്തിനും മുൻകൈ എടുത്ത് നാട്ടിലെ തന്നെ ഏതോ പ്രമാണിയുമായ്കച്ചവടം ഉറപ്പിച്ചത് . ഇടപാടുകൾ എല്ലാം ചെയ്തതും അമ്മാവൻ തന്നെയാണ്, ഇനി താൻ ഒപ്പിട്ടു കൊടുത്ത് പണവുമായി പോയാൽ മതി.

പക്ഷേ ഈ രണ്ടു ദിവസങ്ങൾ കൂടി ഇത് തന്റെ വീടാണ്, താൻ ജനിച്ചുവളർന്ന ഇരുപത്തിഏഴു വർഷം ജീവിച്ച തന്റെ സ്വന്തം വീട്.

രണ്ടു ദിവസം തനിക്ക് പഴയ ആദിത്യൻ ആയി ഒന്ന് ജീവിക്കണം. അതുകഴിഞ്ഞാൽ പിന്നെ താൻ വീണ്ടും മുംബൈ നഗരത്തിന്റെ സന്തതിയാണ് അവിടുത്തെ തിരക്കുകളിൽ അലിഞ്ഞ്, ആത്മാവ് നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാൾ.

അയാൾ പിന്നാമ്പുറത്തുള്ള കിണറിനരികിലേക്ക് ചെന്നു, വെള്ളം കോരി കിണറ്റിൻ കരയിൽ നിന്ന് തന്നെ കുളിച്ചു. നല്ല തണുത്ത വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ അയാൾക്ക്‌ ആകെയൊരു ഉന്മേഷം തോന്നി.

അയാൾ പറമ്പിൽ ഉണങ്ങിക്കിടന്നിരുന്ന ചെറിയ ചുള്ളിക്കമ്പുകൾ എടുത്തു കൊണ്ടുവന്ന് അടുപ്പ് കത്തിച്ചു. അമ്മ വർഷങ്ങളായി ഉപയോഗിച്ചുപയോഗിച്ച് , വക്ക് പൊളിഞ്ഞ ചെറിയ കലം എടുത്ത് വെള്ളം തിളപ്പിച്ചു. കരുതിക്കൊണ്ടുവന്ന ചായപ്പൊടി ഇട്ട് കടുപ്പത്തിൽ ചായ ഉണ്ടാക്കി.

നേരം അഞ്ചുമണിയോട് അടുത്തിട്ടുണ്ട്. മുറ്റത്തേക്ക് പോക്കുവെയിൽ വിരുന്നെത്തിയിരിക്കുന്നു.
അയാൾ ഉമ്മറത്തിണ്ണയിൽ കാലും നീട്ടിയിരുന്ന് പതിയെ ചായ കുടിച്ചു.

തന്റെ നിറമുള്ള ബാല്യത്തിന്റേയും കൗമാരത്തിന്റേയും അവശേഷിപ്പുകൾ ഈ തൊടിയിൽ തിരഞ്ഞാൽ ഇന്നും കാണാനാകും,

വീടിനു കുറച്ചു പിന്നിലായി പുഴ ഒഴുകുന്നുണ്ട്. കാതോർത്തിരുന്നാൽ പുഴയിരമ്പൽ കേൾക്കാം. കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം പട്ടം പറപ്പിച്ചത് ആ പുഴക്കരയിൽ ആണ്. മുങ്ങാംകുഴിയിട്ടു മത്സരിച്ചു നീന്തി തുടിച്ചത് ആ പുഴയുടെ ആഴങ്ങളിൽ ആണ്.

ഓർമ്മകളിൽ എന്നും ഉണ്ട് ഈ പുഴ.
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ രാധിക എപ്പോഴും പറയും അവൾക്ക് എന്റെ നാട് ഒരുപാട് ഇഷ്ട്ടമാണെന്നും, പുഴയിൽ മതിവരുവോളം നീന്തണമെന്നും.
പക്ഷെ അവളോട്‌ മനസ് നിറഞ്ഞ് സംസാരിക്കാനോ, അവളെ സ്നേഹിക്കാനോ തനിക്ക് കഴിഞ്ഞിരുന്നില്ല. ഉമയെന്ന ഞാൻ സ്നേഹിച്ച എന്റെ പെണ്ണിനെ അല്ലാതെ മറ്റൊരുവളെ എനിക്ക് ഒരിക്കലും ഉൾകൊള്ളാൻ ആകുമായിരുന്നില്ല.

രാധിക വളരെ പാവമായിരുന്നു. താനെപ്പോഴും അവളെ അവഗണിച്ചിട്ടെ ഉള്ളൂ, എന്നാലും ഒരു വിധത്തിലും തന്നെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല അവൾ.

മനസാക്ഷി വല്ലാതെ കുറ്റപ്പെടുത്തി തുടങ്ങിയപ്പോൾ മറ്റെല്ലാം മറന്ന് ഞാൻ രാധികയെ സ്നേഹിക്കാൻ ശ്രെമിച്ചിരുന്നു.

ഏതോ നിമിഷത്തിൽ താൻ അവളിൽ ലയിച്ച നേരം അവളുടെ കാതിൽ ഉമേ എന്ന് വിളിച്ചുപോയത് രാധികയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഇനിയുമെന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ലേ എന്ന അവളുടെ ചോദ്യവും ആ കണ്ണു നീരും എന്നെ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു. ആ ദിവസം അവൾ എന്നോടൊന്നും മിണ്ടിയില്ല.

ഉമയെ കുറിച്ച് ചിന്തിക്കാതെയിരിക്കാൻ താൻ പിന്നീട് ശ്രെദ്ധിച്ചിരുന്നുവെങ്കിലും, പരാജയപ്പെടുകയായിരുന്നു. രാധികയെ പല വേളകളിലും ഞാൻ അറിയാതെ ഉമേ എന്ന് വിളിച്ചുപോന്നു.

ഞങ്ങൾക്കിടയിൽ അകൽച്ച കൂടി കൂടി വന്ന്, ഒടുവിൽ രണ്ടാം വർഷം ഞങ്ങൾ തമ്മിൽ പിരിയുമ്പോൾ,എനിക്കൊരവസരം കൂടി തരണമെന്ന് താൻ അവളോട്‌ അപേഷിച്ചതാണ്.
പക്ഷെ അവൾ പറഞ്ഞത്, എത്രയൊക്കെ സമയം കിട്ടിയാലും ആദിത്യന്റെ മനസ്സിൽ ഉമക്ക് മാത്രേ സ്ഥാനമുള്ളൂ എന്നാണ് , നമ്മൾ രണ്ടാളുടെയും ജീവിതം ഇങ്ങനെ തകർക്കുന്നതിലും നല്ലത്, രണ്ട് വഴിക്ക് ആകുന്നതു തന്നെയാണ് നല്ലതെന്ന് പറഞ്ഞ് അവൾ പോയി.

തനിക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി. രാധിക ഇല്ലാത്ത ഇടങ്ങൾ തന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. അവൾ ഇല്ലാത്ത ആ ഫ്ലാറ്റിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞ് നിന്നിരുന്നു.

പിന്നെ എല്ലാം മറക്കാൻ ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ താൻ മദ്യത്തിൽ അഭയം പ്രാപിച്ചു.
മനസ്സിൽ ഉരുത്തിരിഞ്ഞ ഭ്രാന്തൻ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ, സിഗരറ്റ് ഇരുത്തി വലിച്ച് സ്വയം ആശ്വാസം കണ്ടെത്തി.

പലതവണ മദ്യപിച്ചെത്തിയെന്ന പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടതോടെ മദ്യപിക്കാൻ ഉള്ള കാശിനു വേണ്ടി കൂലിത്തല്ലിന് വരെ പോയിട്ടുണ്ട്.

ഒരു തരം ദേഷ്യം ആയിരുന്നു എല്ലാവരോടും. തന്റെ മുറിയിലേക്ക് കടന്നു വന്ന പെണ്ണുങ്ങൾക്ക്‌ കണക്കില്ലായിരുന്നു . ഫ്ലാറ്റിലെ ബെഡ്‌റൂമിൽ പല പെണ്ണുങ്ങളുടെ വിയർപ്പുമണങ്ങൾ തങ്ങി നിന്നിരുന്നു.

ആരോടൊക്കെയോ ഉള്ള വാശി തീർക്കാൻആയിരുന്നു പിന്നീടങ്ങോട്ട്‌ ജീവിച്ചത്.

ഒടുക്കം കരൾ പണി മുടക്കിയതോടെ മുംബൈയിലെ ഫ്ലാറ്റ് വിറ്റ് ചികിത്സ നടത്തേണ്ട അവസ്ഥ വന്നു.

കൂട്ടുകാരുടെ നിരന്തരമായ ഉപദേശങ്ങളും, അവരുടെ ഇടപെടലുകളും കൊണ്ട്. തന്റെ മനസിന്‌ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്.
അവരുടെ സഹായം കൊണ്ട് ജോലിയിൽ തിരികെ കയറുവാനും കഴിഞ്ഞു.
ചെറിയൊരു ഫ്ലാറ്റ് കണ്ട് വച്ചിട്ടുണ്ട്, അത് മേടിക്കണം. ഈ സ്ഥലവും, വീടും വിറ്റു കിട്ടുന്ന പണം ഫ്ലാറ്റ് വാങ്ങാൻ വേണ്ടിയാണ്. ഇനിയുള്ള ജീവിതവും, മരണവും മുംബൈയിൽ തന്നെ ആവട്ടെ.

*******************

നേരം നന്നേ പുലർന്നപ്പോൾ ആണ് അയാൾ എഴുന്നേറ്റത്. അയാൾക്ക്‌ പതിവിലും ഉന്മേഷം തോന്നി, കിളികളുടെ കളകൂജനങ്ങളും, ജനലഴികളിലൂടെ വന്നുമ്മ വയ്ക്കുന്ന തണുത്ത കാറ്റും, ഗ്രാമത്തിൽ അല്ലാതെ മറ്റെവിടെയാണ് ഉള്ളത്.

ഇന്നുകൂടിയെ തനിക്ക് ഈ വീടിന് അവകാശമുള്ളൂ. ഇവിടത്തെ കാറ്റും, മഴയും, പുഴയും, ഓടിനടന്ന പുരയിടവും എല്ലാം നഷ്ടപ്പെടുകയാണ്. അല്ലെങ്കിലും ഈ ഭൂമി ആരുടെയും സ്വന്തമല്ലല്ലോ. കുറച്ചുനാൾ നമ്മുടേതെന്ന് പറഞ്ഞ് കൈവശം വയ്ക്കാം അത്രമാത്രം.

അയാൾ പുറത്തേക്കിറങ്ങി
തൊടിയിലെ ഓരോ മരത്തിനോടും പാഴ്ച്ചെടികളും പോലും അയാൾക്ക് വല്ലാത്ത സ്നേഹം തോന്നി. പണ്ട് കളിച്ചു വീണ് മുട്ട് പൊട്ടുമ്പോഴെല്ലാം മുട്ടിനു മുകളിൽ വെക്കാറുള്ള കമ്മ്യൂണിസ്റ്റ് പച്ച പറമ്പിലങ്ങിങ്ങായ്വളർന്നിരിക്കുന്നു. അയാൾ അത് പറിച്ചു മണപ്പിച്ചു നോക്കി, ബാല്യത്തിന് കമ്മ്യൂണിസ്റ്റ് പച്ചയുടെയും കൂടെ സുഗന്ധം ആണെന്ന് അയാൾക്ക്‌ തോന്നി.

അയാൾ പുഴയിറമ്പിലേക്ക് നടന്നു.
പുഴക്കരയിൽ ഇരിക്കുമ്പോൾ അയാൾക്കോർമ്മ വന്നത് ഉമയെ ആണ്.
ഉമ , എപ്പോഴും കൂടെ ഉണ്ടായിരുന്ന തന്റെ കൂട്ടുകാരി. ഒരു പേരക്ക കിട്ടിയാൽ ഞാവൽ പഴം കിട്ടിയാൽ , എനിക്ക് പങ്കിട്ടു തരാതെ കഴിക്കില്ലായിരുന്നു അവൾ.

പിന്നെ എപ്പോഴാണ് അവൾ തന്നിൽ നിന്നും അകന്നത്,

ഞാൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞ്, മറ്റൊരു സ്കൂളിലേക്ക് മാറിയതോടെ
അവളെ വല്ലപ്പോഴും മാത്രേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

പിന്നീട് പഠനവും, അൽപ്പസ്വല്പം സാഹിത്യരചനയും, ഒക്കെയായി താനും തിരക്കിൽ ആയിരുന്നു.

താൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ആണ്, അവൾ ഡിഗ്രിക്ക് എന്റെ കോളേജിൽ തന്നെ ചേർന്നത്.

അവൾ വല്ലാതെ മാറിയിരുന്നു, അവളുടെ മിഴികൾ ഒന്നുകൂടി വിടർന്നു തിളക്കം കൂടിയിട്ടുണ്ട്, ചുവന്നു തുടുത്തിരിക്കുന്ന അധരങ്ങൾ, താരുണ്യം നിറഞ്ഞ ഉടൽ. അവൾക്ക് മോഹിപ്പിക്കുന്ന സൗന്ദര്യം ഉണ്ടെന്നു തോന്നിയത് അപ്പോഴായിരുന്നു.

മനസിലെ മറ്റെല്ലാ ചിന്തകളെയും മറന്നു അവൾ മാത്രം മനസ്സിൽ നിറഞ്ഞത് എത്ര പെട്ടന്നായിരുന്നു.

പിന്നീട് ഞാൻ അവളോട് എന്റെ പ്രണയം തുറന്നു പറഞ്ഞു. എന്നെ അതിശയപ്പിച്ചു കൊണ്ട് അതെനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് അവൾ പറഞ്ഞപ്പോൾ , ഇത്ര ആഴത്തിൽ ഇവൾക്കെന്നെ അറിയാമല്ലോ എന്ന് താൻ അതിശയിച്ചു പോയി.

പിന്നീട് പരസ്പരം എത്ര ആഴത്തിലാണ് ഞങ്ങൾ പ്രണയിച്ചിരുന്നത്.

ചെറുതായി ചാറ്റൽ മഴ പൊടിഞ്ഞ ഒരു ദിവസം കാപ്പിപ്പൂക്കൾ മാസ്മരിക ഗന്ധം പടർത്തിയ ഒരു വൈകുന്നേരമാണ് ഞാൻ ആദ്യമായി ഞാനവളെ ചേർത്ത് പിടിച്ചത്.
അവൾക്ക് കാട്ടുതുളസി പൂവിന്റെ നനുത്ത ഗന്ധമായിരുന്നു.
തന്റെ കരവലയത്തിൽ നിന്നും കുതറിയോടിയ അവളുടെ വെള്ളികൊലുസിന്റെ കിലുക്കം ഇപ്പോഴും താൻ ഓർക്കുന്നുണ്ട്.

അവൾക്കു ഏറെ ഇഷ്ട്ടമാണ് കാപ്പിപ്പൂക്കളുടെ വാസന. ഈ കാപ്പിപ്പൂക്കളുടെ മണവും, നിന്റെ വിയർപ്പിന്റെ മണവും ആണെനിക്കിഷ്ട്ടമെന്ന് പറഞ്ഞ് എന്റെ കഴുത്തിനടിയിലേക്ക് മുഖം ചേർത്ത് വയ്ക്കും അവൾ.

അവൾ ഇടക്കെല്ലാം പറയും
നമുക്ക് ചെറിയൊരു വീടുവയ്ക്കണം മതിലുകളോ ഗേറ്റോ ഇല്ലാത്ത, കാറ്റ് യഥേഷ്ടം കയറിയിറങ്ങുന്ന ഒറ്റമുറി വീട്. അവിടെ ഇരുന്ന് പുലരികളെയും പൂമ്പാറ്റകളെയും കാണണം. മഴയിൽ നനഞ്ഞു കുതിരണം, തുമ്പികളോടും ശലഭങ്ങളോടും കിന്നാരം പറയണം എന്നൊക്ക.

വെറുമൊരു കൗതുകമോ, പ്രായത്തിന്റെ ചാപല്യമോ ആയിരുന്നില്ല ഞങ്ങളുടെ പ്രണയം. മറിച്ച്‌, ഞങ്ങളെ പോലെ മറ്റാർക്കും ഇതു പോലെ സ്നേഹിക്കാൻ ആവില്ല എന്നൊരു അഹങ്കാരം പോലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

ഞങ്ങളുടെ പ്രണയത്തിനു മൂക സാക്ഷിയായി ഈ പുഴയും.

പക്ഷേ പ്രണയം അറിഞ്ഞതോടെ തന്റെ വീട്ടുകാർ ദേഷ്യപ്പെട്ടു .

എന്റെ കുടുംബക്കാർക്കു പറയാൻ ഒരു കാരണം മാത്രേ ഉണ്ടായിരുന്നുള്ളൂ, അവൾക്കും അമ്മയ്ക്കും മറ്റ് ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല എന്ന്,

അവളുടെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കൂലി വേല ചെയ്തു മകളെ പോറ്റുന്ന അമ്മ മാത്രേ അവൾക്കുള്ളൂ.

അങ്ങനൊരു കുടുംബം എന്റെ കുടുംബത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് അച്ഛൻ ദേഷ്യപ്പെട്ടു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് തനിക്ക് ജോലി ശെരിയായതും, താൻ മുംബൈക്ക് പോണതും. മടങ്ങിവരണം, അവളെയും കൊണ്ട് പോണം എന്നുള്ള ചിന്ത മാത്രേ അന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ പെട്ടന്നുള്ള അച്ഛന്റെ മരണവും.
അച്ഛന്റെ മരണശേഷം പിന്നീടുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വന്നതോടെ തനിക്കൊന്നു നിൽക്കാൻപോലും ഉള്ള സമയം കിട്ടാതായി എന്നുള്ളതാണ് സത്യം.

അങ്ങനെയിരിക്കെ ലീവിന് നാട്ടിലേക്ക് വന്നപ്പോഴാണ് അമ്മ, അമ്മയുടെ തന്നെ അകന്ന ബന്ധത്തിലുള്ള രാധികയുമായി തനിക്ക് വിവാഹം ആലോചിക്കുന്നത്.

അന്നാണ് ആദ്യമായി താൻ അമ്മയോട് കയർത്തു സംസാരിച്ചത്.
ഉമയെ അല്ലാതെ മറ്റൊരാളെയും എനിക്ക് സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല.

പിറ്റേന്ന് ഉമയുടെ വീട്ടിൽ ചെന്ന് താൻ ഉമയെ വിളിച്ചതാണ്, പക്ഷേ അവൾ കൂടെ വരാൻ തയ്യാറായില്ല. എല്ലാവരുടെയും സമ്മതം കിട്ടുന്നത് വരെ കാത്തിരിക്കാനാണ് അവൾ പറഞ്ഞത്.

തന്നോടൊപ്പം ഇറങ്ങി വരാത്ത അവളോട് തനിക്ക് നീരസം തോന്നിയിരുന്നോ? അറിയില്ല.

അമ്മയുടെ കണ്ണുനീരും, നിർബന്ധവും കൂടി കൂടി വന്നു.
ഇനി നീ നിന്റെ ഇഷ്ടംപോലെ ചെയ്തോ ഞാൻ ഇവിടെ നിന്നും പൊയ്ക്കോളാം എന്ന് പറഞ്ഞ് അമ്മ കരഞ്ഞപ്പോഴാണ് താൻ വല്ലാതെ ഉലഞ്ഞുപോയത്.

അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരം താൻ രാധികയുടെ കഴുത്തിൽ മിന്നുകെട്ടി.

പിന്നീട് തനിക്കവിടെ നിൽക്കാൻ ആകുമായിരുന്നില്ല.

ഞാൻ അവളെയും കൊണ്ട് ജോലിസ്ഥലമായ മുംബൈയിലേക്ക് മടങ്ങി.
പിന്നീട് ഒരിക്കലും തനിക്ക് നാട്ടിലേക്ക് വരുവാൻ തോന്നിയിട്ടില്ല.

പുഴയും, ചിന്തകളും, ഉമയേക്കുറിച്ച് മാത്രമല്ലേ പറയുന്നത്?

അയാൾ പതിയെ തിരിച്ചു വീട്ടിലേക്കു നടന്നു.

ഒരിക്കൽ കൂടി എല്ലാ മുറികളിലും കയറി ഇറങ്ങി. അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണാണ്. ചിലതെല്ലാം നഷ്ടപ്പെടുകയാണ് എന്നെന്നേക്കുമായി.

അപ്പോഴാണ് പടവുകൾ കയറി ഒരു സ്ത്രീരൂപം വരുന്നത് അയാൾ കണ്ടത്.

ഈശ്വരാ…… അത് ഉമയല്ലേ

അതെ, അവൾ തന്നെയാണ്.

അവളുടെ മുഖത്ത് ഇപ്പോഴും സ്നേഹമാണ്. പണ്ടത്തെ അതേ സ്നേഹം. ആത്മാവിനാഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആ നോട്ടം പോലും അതേ പോലെ തന്നെയുണ്ട്.

ഉമ എന്നു വന്നു ?

ഭർത്താവും കുട്ടികളും എവിടെ?
അയാൾ തെല്ലിടർച്ചയോടെ ചോദിച്ചു.

ഒരുപാട് സ്നേഹിച്ച ഒരുവനെ മനസ്സിൽ നിന്നും ഇറക്കി വിടാൻ കഴിഞ്ഞില്ല.അതുകൊണ്ട് മറ്റൊരു കൂട്ട് തേടിയില്ല.
ഈ പുഴയിലെ കുഞ്ഞോളങ്ങൾ എന്നോട് പറയാറുണ്ട്,ഒരായിരം കഥകൾ. ആ ഓർമകൾ മതി ജീവിക്കാൻ എന്ന് തോന്നി.
അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി,
വന്നെന്നറിഞ്ഞപ്പോൾ, ഒന്ന് കാണണം എന്ന് തോന്നി, അതാ വന്നത്.

അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.

ഈശ്വരാ, താനാരാൾ കാരണം എത്ര പേരാണ് സങ്കടപ്പെട്ടത്.

അവളുടെയടുത്ത് ചെന്ന് ആ കൈകളിൽ പിടിച്ചപ്പോഴേക്കും, അയാളുടെ കണ്ണുകളിൽ രണ്ട് അരുവികൾ രൂപംകൊള്ളുകയും, ഒഴുകിയിറങ്ങുകയും ചെയ്തു.

അവൾ പണ്ടത്തെപ്പോലെ അയാളിലേക്ക് ചേർന്നു നിന്നു.

അപ്പോളവിടെങ്ങും കാപ്പി പൂക്കളുടെ ഗന്ധം പരന്നൊഴുകി തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *