വീർത്തുന്തിയ ഉദരം കണ്ടാൽ ഗർഭിണിയാണ്എന്ന് മനസിലാകുമായിരുന്നു, മുഷിഞ്ഞ കീറിയ സാരിയിൽ അവൾ തന്റെ ശരീരം മറക്കാൻ കഷ്ട്ടപെടുന്നുണ്ടായിരുന്നു.

സേതുലക്ഷ്മി
(രചന: അഞ്ജു തങ്കച്ചൻ)

സേതുലക്ഷ്മി കണ്ണാടിക്കു മുന്നിൽ നിന്ന് ഒരുങ്ങുന്നത് ശ്രെദ്ധിക്കുകയായിരുന്നു ജൂലി.

എന്തൊരു സൗന്ദര്യമാണ്…
അഞ്ജനമെഴുതിയ നീണ്ടുവിടർന്ന മിഴികളും .മാതാളപ്പഴത്തിന്റെ ചുവപ്പാർന്ന ചുണ്ടുകളും, മുത്ത് പൊഴിയും പോലുള്ള അവളുടെ ചിരിയും , ആരെയും മയക്കുന്നതായിരുന്നു. നീണ്ട ഇടതൂർന്ന മുടി അഴിച്ചിട്ടിരിക്കുന്നു..

ജൂലി അപ്പോഴോർത്തത്, സേതുലക്ഷ്മി ആദ്യമായി ഓഫീസിൽ വന്ന ദിവസമാണ്
സാരി അലസമായ് ഉടുത്ത് മുടി കുളിപ്പിന്നലിട്ട്, കാലുകളിൽ കിലുങ്ങുന്ന വെള്ളികൊലുസുകളും, കാതിൽ വലിയ ജിമുക്കി കമ്മലും അണിഞ്ഞു വന്നപ്പോൾ….
ശരിക്കും താനടക്കമുള്ളവർക്ക് ചിരിയാണ് വന്നത്. ഏതോ പട്ടിക്കാട്ടിൽനിന്നും വന്നതാണെന്ന് മറ്റുള്ളവർ അടക്കം പറഞ്ഞു.

പക്ഷെ ഞങ്ങളുടെ ചിന്തകളെയെല്ലാം മാറ്റിമറിച്ച് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടു അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയി മാറി. ജോലിയിൽ ഉള്ള അവളുടെ ആത്മാർത്ഥതയും
നിഷ്കളങ്കമായ പെരുമാറ്റവും കൊണ്ടു അവൾ ഞങ്ങളെ കീഴടക്കുകയായിരുന്നു . എപ്പോഴും ഒരു ചെറുപുഞ്ചിരി ഉണ്ടാകും അവളുടെ മുഖത്ത്.

എന്താടി കുറേ നേരമായല്ലോ നോക്കുന്നു? സേതു ലക്ഷ്മി കപടദേഷ്യത്തോടെ അവളോട്‌ ചോദിച്ചു.
ഓ… നിന്റെ ഒരുക്കം ഇന്നെങ്ങാനും തീരുമോ എന്ന് നോക്കിയതാ..

പെട്ടന്നാണ് ടേബിളിൽ ഇരുന്ന ഫോൺ റിങ് ചെയ്തത്
സേതു … നിന്റെ അമ്മ വിളിക്കുന്നുണ്ട്..
ഫോൺ സേതുലക്ഷ്മിക്ക് നേരെ നീട്ടികൊണ്ടു ജൂലി പറഞ്ഞു.

സാധാരണ അമ്മ ഫോൺ അധികം ചെയ്യാറില്ല. അത്ര അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ അമ്മ ഫോൺ വിളിക്കു…

അതുകൊണ്ട് തന്നെ അമ്മ വിളിച്ചപ്പോൾ അവൾക്കു പരിഭ്രമമാണ് തോന്നിയത്.

എന്താ അമ്മേ…. എന്താ വിളിച്ചത്?

നീ ജോലിക്ക് പോകാൻ തുടങ്ങുവാണോ?

അല്ല… സമയം ആയില്ല. കുറച്ചൂടെ കഴിയുമ്പോൾ ഇറങ്ങും.

ഉം… സേതു നീ നാളെ ഇത്രടം വരെ വരണം.ഒരു അത്യാവശ്യം ഉണ്ട്.

എന്തിനാണെന്ന് സേതുലക്ഷ്മി ചോദിച്ചില്ല..
പണ്ട് മുതൽക്കേ അമ്മക്ക് മറുചോദ്യം ചോദിക്കുന്നത് ഇഷ്ട്ടമല്ല.

ശെരി നാളെ വരാം.

പൊതുവെ ഗൗരവം വിടാതെ സംസാരിക്കുന്ന പ്രകൃതമാണ് അമ്മക്ക്.ഫോണിൽ സംസാരിക്കുന്നത് തന്നെ അളന്നുമുറിച്ച വാക്കുകളിലൂടെയാണ്.
ഇത്രയും മുരടത്തിയായ ഒരു ഭാര്യയെ അച്ഛനെവിടെന്നു കിട്ടിയെന്നു താൻ പലവട്ടം അച്ഛനോട് ചോദിച്ചിട്ടുണ്ട്.

ഇതിപ്പോൾ എന്തിനാണാവോ വിളിക്കുന്നത്.
നാട്ടിൽ പോയിട്ട് വന്നിട്ട്ഒരു മാസം ആയതേ ഉള്ളൂ.
ഇനിയും ലീവ് ചോദിച്ചു ചെന്നാൽ മാനേജറുടെ വായിൽ ഇരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വരും.

അല്ലെങ്കിൽ തന്നെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏറ്റവും അധികം ലീവ് എടുത്ത ആൾ എന്ന പേര് സേതുലക്ഷ്മിക്ക് സ്വന്തമാണെന്ന് പറഞ്ഞാണ്സഹപ്രവർത്തകർ കളിയാക്കുന്നത്.

എന്നാലും തരം കിട്ടുമ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ലീവ് എടുത്ത് നാട്ടിലേക്ക് പോകും.

സത്യത്തിൽ ബാംഗ്ലൂർ നഗരത്തിനെ തനിക്കിതു വരെയും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. ജെപി നഗറിലെ ഫ്ലാറ്റിൽ ഇരിക്കുമ്പോഴും മനസു നാട്ടിലാണ് . ഗ്രാമത്തിന്റെ വിശുദ്ധിനിറഞ്ഞ നാട്ടുവഴിയും, മലനിരകളും, മനസ്സിൽ വരുമ്പോൾ, ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി
ലീവ് എടുത്തു നാട്ടിലേക്ക് പോകും.

അവിടമാണ് എന്റെ ലോകമെന്നും
ഒരൽപ്പനേരം എനിക്ക് മാത്രമായി വേണമെന്നും തോന്നും.
മുറ്റത്തെ പടർന്നു പന്തലിച്ച മാവിൻ ചോട്ടിൽ ഇത്തിരി നേരം വെറുതെ ഇരിക്കണം.
പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന കാപ്പിപൂക്കൾക്കിടയിൽ എനിക്കെന്നെ സ്വയം മറന്നു വയ്ക്കണം.

കുലകുലയായ് പൂത്ത ശീമക്കൊന്ന പൂക്കളുടെ
കവിളിണയിൽതഴുകി തലോടി ഒന്നുമ്മ വയ്ക്കണം.

അമ്പലക്കുളത്തിൽ പുതുതായി ആമ്പൽ പൂക്കൾ വിടർന്നൊയെന്ന് നോക്കണം, ആൽമരത്തിലെ തളിരിലകൾ തെന്നലിന്റെ ചുടുചുംബനമേറ്റ് മയങ്ങുന്നതും വഴിയരുകിലെ കലുങ്കിനടിയിൽ എപ്പോഴും കാണുന്ന എങ്ങുനിന്നോവന്ന, തന്നെ കാണുമ്പോഴോക്കെയും ഓടി വന്നു കാലിൽ ഉരുമ്മുന്ന കള്ളി പൂച്ചപെറ്റൊയെന്നും നോക്കണം.

രാത്രിയിൽ പറമ്പിന്റെ കിഴക്കേവശത്തെ വലിയ ഈട്ടി മരത്തിൽ മിന്നാമിന്നികൾ കൂട്ടത്തോടെ തെളിയുന്നതും കെടുന്നതും നോക്കിവെറും മടിച്ചികുട്ടിയായി എന്റെ ഏകാന്തലോകത്തിലൂടെ എനിക്കുഴറി നടക്കണം.

എല്ലാറ്റിനും അപ്പുറം എന്റെ മനസും ചിന്തകളും മോഷ്ടിച്ചെടുത്ത, എന്നിൽ പ്രേമം നിറച്ചവനെ, അവനറിയാതെ കണ്ടുമടങ്ങണം.
ആദ്യ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഒന്നേ അവർ പറഞ്ഞുള്ളു, അവനെ മറന്നേക്ക് എന്ന്.
തന്റെ കരച്ചിലിനോ, പിടിവാശികൾക്കോ ഒട്ടും പ്രസക്തി ഇല്ലെന്നു തനിക്കറിയാം. പ്രമാണിയായ അച്ഛന് ഒരു വാക്കേ ഉള്ളൂ.. അത് അനുസരിച്ചു മാത്രമേ താനും ഏട്ടൻമാരും പെരുമാറിയിട്ടുള്ളൂ.
എന്തിനേറെ അമ്മ പോലും ഒരിക്കലും അച്ഛനോട് ഒച്ചയുയർത്തി സംസാരിക്കുന്നത് താൻ കേട്ടിട്ടില്ല.

അല്ലെങ്കിൽ തന്നെ തനിക്കാരെയും വേദനിപ്പിക്കാൻ വയ്യ. അവൻ എന്നോട്
കൂടെ ഇറങ്ങി ചെല്ലണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല
ഞാൻ അവനെ സ്നേഹിക്കുന്നു…. അവൻ എന്നെയും.
കുട്ടിക്കാലം മുതൽ ആ മനസ്സിൽ എന്നെ കൊണ്ടു നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ താൻ ഒരുപാട് സന്തോഷിച്ചു.
എന്റെ പേരിനൊപ്പം” നാഥൻ “എന്ന അവന്റെ പേരും കൂടെ ചേർത്ത് കിട്ടുന്ന ആ ദിവസത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്.

ഞങ്ങൾ ഒരുമിച്ചു പഠിച്ച അതെ സ്കൂളിൽ തന്നെ അവൻ അദ്ധ്യാപകൻ ആയി ജോലി നോക്കുന്നു.
രണ്ടു വർഷം മുൻപ് അവൻ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു.
നാട്ടിലെ പ്രമാണിയായ അച്ഛൻ പറഞ്ഞു ‘അത് നടക്കില്ല’.
അവൻ ഒന്നും പറഞ്ഞില്ല. പതിവ് പോലെ എന്നെ നോക്കി ചിരിച്ചു. മെല്ലെ പടിയിറങ്ങി.

ആർത്തലച്ചു വന്ന കരച്ചിലിനു മുകളിൽ ഞാനൊരു ചിരി ഒട്ടിച്ചുവച്ചു.
അടുത്ത മാസം തന്നെ ബാംഗ്ലൂരിലേക്ക് പോന്നു .

ചിലപ്പോൾ എനിക്കറിയാൻ പറ്റും ദൂരെ അവൻ എന്നെ കുറിച്ച് ചിന്തിക്കുന്നത്. ഉറക്കമില്ലാത്ത ചിലരാത്രികളിൽ അവൻ എന്നരികിൽ ഇരിപ്പുണ്ട് എന്നെനിക്കു തോന്നും.
അവൻ ഒരു മജീഷ്യൻ ആരുന്നോ അല്ലെങ്കിൽ പിന്നെന്തിനാണ് അവൻ നോക്കുമ്പോഴെല്ലാം ഞാൻ ഉൻമാദത്തിന്റെകൊടുമുടിയിൽ നിന്നും താഴെ വീണു മരിച്ച്നിമിഷങ്ങൾക്കകം ശരീരമില്ലാതെ വെറും ദേഹി മാത്രമായ് അവനിൽ തന്നെ അലിയുവാൻ വെമ്പുന്നത്?

നാളെ നീ പോകുന്നുണ്ടോ ? ജൂലിയുടെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി.

നാളെ എന്തായാലും നാട്ടിൽ പോകണം ഒന്നുമില്ലാതെ അമ്മ ചെല്ലാൻ പറയില്ല ജൂലി.

+++++++++

വീട്ടിലെത്തിയതും അവൾ കണ്ടു ഉമ്മറത്ത് തന്നെ അച്ഛൻ ഇരിപ്പുണ്ട്. കട്ടിക്കണ്ണടക്കുള്ളിലൂടെ ഗൗരവത്തോടെ നോക്കുന്നു….നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിൽ രുദ്രാക്ഷം പതിച്ച വലിയ മാല എപ്പോഴും ഉണ്ടാകും, വായിലെ മുറുക്കാൻ ചവച്ചുകൊണ്ടു നീട്ടിയൊന്നു മൂളും അതാണ്‌ താൻ ചെല്ലുമ്പോൾ ഉള്ള പ്രതികരണം.

തന്നെ കണ്ടാലും മോളെ എന്നൊന്ന് വിളിക്കാറോ, സ്നേഹത്തോടെ ഒന്ന് തലോടാറോ ഇല്ല. എന്നുവച്ചു സ്നേഹം ഇല്ലഎന്നല്ല. പത്രകടലാസിൽ പൊതിഞ്ഞു കൊണ്ടു വരുന്ന എണ്ണപലഹാരങ്ങളിൽ, അവള് വല്ലതും കഴിച്ചോടി എന്ന് അമ്മയോട് ചോദിക്കുന്നതിൽ നിന്നൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട് ആ നെഞ്ചിലെ കടലോളം ഉള്ള സ്നേഹം.

അവൾ അകത്തേക്ക് നടന്നു.മുറിയിൽ എത്തി ബാഗ് കട്ടിലിൽ ഇട്ട് അവൾ നേരെ അടുക്കളയിലേക്ക് ചെന്നു.
എന്തിനാ അമ്മേ വരണമെന്ന് പറഞ്ഞേ? എന്താ കാര്യം?

നീയാദ്യം കുളിച്ചു ഡ്രസ്സ്‌ മാറ്റ്, എന്നിട്ട് ഭക്ഷണം കഴിച്ചു വാ.

ശെരി.

അവൾ വേഗം പോയി കുളിച്ചെന്നുവരുത്തി, കാര്യം അറിയാതെ തനിക്കിനി സമാധാനം കിട്ടില്ല.

അമ്മേ…. ഇനിയെങ്കിലും പറ. എന്തിനാ അത്യാവശ്യമായി വരാൻ പറഞ്ഞത്?

സേതു നിനക്ക് വയസ് മുപ്പത് തികഞ്ഞു.
നീ ആരെയും വേദനപ്പിക്കാൻ ഇഷ്ട്ടപെടുന്ന ആളല്ല എന്ന് അമ്മക്കറിയാം അതുകൊണ്ടാണല്ലോ
സ്നേഹിക്കുന്നവനെ നീ പിന്നീടു ഒരിക്കലും കാണാൻ ശ്രെമിക്കാത്തത്.
അമ്മക്ക് അറിയാം നിന്റെ മനസ്. പക്ഷെ,
നിന്റെ ഇഷ്ട്ടം മറ്റൊരാൾക്കും പറഞ്ഞാൽ മനസിലാകില്ല.

നിന്റെ ഏട്ടൻമാരോ, അമ്മാവൻ മാരോ കുടുംബത്തിലെ മറ്റു ബന്ധുക്കളോ ആരും. കാരണം നീ പേരുകേട്ട തറവാട്ടിലെ പെണ്ണാണ്. അവരെല്ലാം ഇപ്പോഴും പേരും പെരുമയും നോക്കുന്നവരാണ്
പക്ഷെ മോളെ….. മറ്റാരെയും പറഞ്ഞു മനസിലാക്കാൻ എനിക്കാവില്ലെങ്കിലും നിന്റെ അച്ഛനെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. നീ നിന്നെ സ്നേഹിക്കുന്നവനോടൊപ്പം ജീവിതംജീവിച്ചു തീർത്തോളൂ….

എന്താ… അവൾ വിശ്വാസംവരാതെ വീണ്ടും ചോദിച്ചു.

അവനെ കണ്ടു കാര്യം പറയു….
വിവാഹത്തിനു മറ്റാരെയും പ്രതീക്ഷിക്കണ്ട ഞാൻ ഉണ്ടാകും നിന്റെ അച്ഛനും.
അമ്മ ഗൗരവം വിടാതെ പറഞ്ഞു.

അവൾക്കൊന്നു തുള്ളിച്ചാടണമെന്ന് തോന്നി .
അല്ലെങ്കിലും അമ്മ മനസ്സിനല്ലേ മക്കളുടെ ഉള്ളം പിടയുന്നതു തിരിച്ചറിയാനാവു.

++++++++++++

നാഥന്റെ വീട് പാടത്തിനടുത്താണ്. അവിടേക്കു നടക്കുമ്പോൾ താൻ വല്ലാതെ ധൃതിപിടിക്കുന്നുണ്ടെന്നു സേതുലക്ഷ്മിക്കു തോന്നി.

സ്കൂളിൽ പോകുമ്പോഴെല്ലാം എത്ര നടന്നിരുന്ന വഴിയാണ്.
ഇപ്പോഴും മാറ്റമൊന്നും ഇല്ല. ആകെയുള്ള വിത്യാസം എന്തെന്നാൽ ഇന്ന് കുട്ടികൾ ആരും ആ വഴി നടന്നു സ്കൂളിൽ പോകാറില്ല എന്നതാണ്.

പഴയഇരുനില വീടാണ് നാഥന്റെ,
മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ കണ്ടു. മുറ്റത്തെ തണൽ മരത്തിനു ചുവട്ടിൽ ഇട്ട കസേരയിൽ എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ് നാഥൻ . നാഥൻ പണ്ടും അങ്ങനെ ആയിരുന്നു എന്ത് കിട്ടിയാലും വായിക്കും. താനാവട്ടെ വായന ഒട്ടും ഇഷ്ട്ടമില്ലാത്ത ആളും.
കാൽ പെരുമാറ്റം കേട്ടിട്ടായിരിക്കണം നാഥൻ മുഖമുയർത്തി നോക്കി.

വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ച്
അയാൾ അത്യധികം സന്തോഷത്തോടെ അവളുടെ അടുത്തേക്ക് വന്നു.

സേതു…. കാതരമായ വിളിയൊച്ച…

അവൾ മുഖമുയർത്തി അയാളെ നോക്കി..

അയാളുടെ മിഴികൾ നിറഞ്ഞിട്ടുണ്ട്….
ഒന്നും പരസ്പരം പറയുവാനാകാത്ത നിമിഷങ്ങൾ കഴിഞ്ഞു.

സേതുലക്ഷ്മിയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്.

നാഥൻ…..എത്ര നാളായി ഒന്ന് കണ്ടിട്ട്, ഒന്ന് കൊതി തീരെ സംസാരിച്ചിട്ട്.

നാഥൻ സേതുലക്ഷ്മിയുടെ അരികിലേക്ക് ചേർന്ന് നിന്നു
സേതു…. എനിക്കൊരു കാര്യം പറയാനുണ്ട് ഞാൻ പറയുന്നത് നീ ശ്രെദ്ധിച്ചുകേൾക്കണം.

എന്താ… നാഥൻ ?

കഴിഞ്ഞ ദിവസം ഞാൻ അമ്മയെയും കൊണ്ടു ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്ന വഴിക്കാണ് , റോഡരുകിലെ പൈപ്പിൽ നിന്നും, വിശപ്പ് സഹിക്കാൻ കഴിയാതെ, വെള്ളം കുടിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്.
ചെമ്പിച്ചു പാറിയ മുടിയിഴകൾക്കുള്ളിലൂടെ ദിവസങ്ങളായി ആഹാരം കഴിച്ചിട്ടില്ല എന്ന് വിളിച്ചോതുന്നമുഖം, വീർത്തുന്തിയ ഉദരം കണ്ടാൽ ഗർഭിണിയാണ്എന്ന് മനസിലാകുമായിരുന്നു, മുഷിഞ്ഞ കീറിയ സാരിയിൽ അവൾ തന്റെ ശരീരം മറക്കാൻ കഷ്ട്ടപെടുന്നുണ്ടായിരുന്നു.

ഞങ്ങൾ മറ്റൊന്നും ആലോചിച്ചില്ല. അവളെ വീട്ടിൽ കൊണ്ടു വന്നു.
അല്ലെങ്കിലും ഒരമ്മക്ക് ഒരു പെണ്ണിന്റെ വേദന മനസിലാവാതിരിക്കുമോ, അമ്മ അവൾക്കു ആഹാരം നൽകി, ധരിക്കാൻ വസ്ത്രങ്ങൾ നൽകി
എവിടെക്കാണ് പോകേണ്ടതെന്ന ചോദ്യത്തിനു മാത്രം അവൾക്കു ഉത്തരം ഇല്ലായിരുന്നു.
അമ്മയുടെ നിർബന്ധം കൊണ്ടാണ് അവൾ അവളുടെ ജീവിതത്തിൽ സംഭവിച്ചതു ഞങ്ങളോട് പറഞ്ഞത്.

അവൾക്ക് ജന്മം കൊടുത്ത ഉടനെ അവളുടെ അമ്മ മരിച്ചു.
സാധുവായ അച്ഛൻ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ
അടച്ചുറപ്പു പോലുമില്ലാത്ത ഒരു കൊച്ചു വാടക വീട്ടിലായിരുന്നു അവരുടെ താമസം.ഇല്ലായ്മകളിലും സന്തോഷത്തോടെ കഴിഞ്ഞ അവർക്കിടയിൽ പെട്ടന്നാണ് ദുരിതം കടന്നു വന്നത്.

കോളേജിൽ പോയി വരുന്ന അവളെ കുറച്ചാളുകൾ ചേർന്ന് ഉപദ്രവിച്ചു.അവർക്കവൾ വെറും പെണ്ണ് മാത്രമായിരുന്നു. ജീവൻ മാത്രം ബാക്കിവച്ചു അവർ ഉപേക്ഷിച്ചു പോയ അവളെ
ആരെല്ലാമോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.

ഒറ്റ മകൾക്കു നേരിട്ട ദുരന്തം സഹിക്കാൻ കഴിയാതെ അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തു.
സഹതാപം നടിച്ചു വന്നവരുടെയും മനസ്സിൽ
നല്ല ചിന്തകൾ ആയിരുന്നില്ല എന്ന് മനസിലാക്കിയ നിമിഷം അവൾ ആകെ തകർന്നു.
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ അവളെ പക്ഷെ ഈശ്വരനും കൈയൊഴിഞ്ഞു.

താമസിയാതെ വാടകവീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടി വന്നു.

പിന്നീടാണ് അവൾക്കു മനസിലായതു
അച്ഛൻ ആരാണെന്നു അറിയാത്ത ഒരു കുഞ്ഞ് തന്റെ ഉദരത്തിൽ പിറവി കൊണ്ടെന്ന്. തെരുവിൽ ആയിരുന്നു സേതു ആ പാവം കഴിഞ്ഞത്. അങ്ങിനെ അലഞ്ഞു നടന്ന സമയത്താണ് അവൾ ഞങ്ങളുടെ മുന്നിൽവന്നത് .
വെറും പതിനെട്ടു വയസിൽ ഇനി അവൾ അനുഭവിക്കാൻ ഒന്നുമില്ല സേതു…

സേതു ലക്ഷ്മി അയാളുടെ മുഖത്തേക്ക് നോക്കി.

സേതു… ഞാൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അവൾക്ക് ആരും ഇല്ലാത്തതു കൊണ്ട് മാത്രമല്ല, ഞാൻ മൂലം നീ ഈ നാട്ടിൽ നിന്നും പോകേണ്ടി വന്നു. ഈ ജന്മത്തിൽ എനിക്ക് നിന്നെ വിധിച്ചിട്ടില്ല. അല്ലെങ്കിൽ ഇത്രയും വർഷം നമുക്ക് കാത്തിരിക്കേണ്ടി വരില്ലായിരുന്നു. എന്റെ സേതു സന്തോഷമായി ജീവിക്കുന്നത് എനിക്ക് കാണണം. അതിന് ഞാൻ നിന്നിൽ നിന്നും അകന്ന് പോയേ പറ്റൂ.

ഇവൾക്കും ആരുമില്ല സേതു, സത്യത്തിൽ അച്ഛൻ ആരാണെന്നു അറിയാത്ത ആ വയറ്റിൽ വളരുന്ന കുഞ്ഞിനല്ലേ ഒരച്ഛൻ വേണ്ടത് ആരോരുമില്ലാത്ത അവൾക്കു ആരെങ്കിലും വേണ്ടേ?

നീ ഒന്ന് നോക്കിക്കേ സേതു അവളെ..

മുറ്റത്തിനപ്പുറം മതിലിൽ ചാരി നിൽക്കുന്ന അവളെ അയാൾ ചൂണ്ടി കാണിച്ചു.

സേതുലക്ഷ്മി അയാൾ പറഞ്ഞിടത്തേക്ക് നോക്കി, പെൺകുട്ടി മതിലിൽ ചാരി നിൽക്കുകയാണ്.
വിഷാദം നിറഞ്ഞ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ട് .കവിളുകൾ ഒട്ടി, വല്ലാതെ മെലിഞ്ഞ ശരീരം… ശരീരത്തിന്റെ ഭാഗമല്ല എന്ന് തോന്നിപ്പിക്കും വിധത്തിൽ വയറു മാത്രം ഉയർന്നു നിൽക്കുന്നു. അവളിപ്പോൾ നിലത്തേക്ക് വീണു പോകുമോയെന്ന് സേതുലക്ഷ്മി ഒരുമാത്ര വിചാരിച്ചുപോയി.

സേതു……, നാഥൻ അവളുടെ കൈകളിൽ അമർത്തി പിടിച്ചു, നിനക്ക് ജോലിയുണ്ട്, സൗന്ദര്യംഉണ്ട് നീയൊരു പ്രമാണിയുടെ മകളാണ്. നിന്നെ വിവാഹം ചെയ്യാൻ ആരും കടന്നു വരും
അവൾക്കു ആരുമില്ല, പഠിപ്പില്ല, ജോലിയില്ല, ഇവിടെ നിന്നും ഇറങ്ങിയാൽ വീണ്ടും കഴുകൻ മാർക്ക് കൊത്തിപറിക്കാൻ ഒരു ഉടൽ മാത്രം ഉണ്ടാകും

എനിക്കു നിന്നെയെ ഉപേക്ഷിക്കാൻ കഴിയു..സേതു… അയാളുടെ വാക്കുകൾ ഇടറി…
എനിക്കറിയില്ല സേതു ഞാനി ചെയ്യുന്നതു ശരി ആണോ എന്ന്.പക്ഷെ എനിക്കിപ്പോൾ ഇങ്ങനെയെ ചെയ്യാൻ കഴിയു…

നാഥൻ സേതുലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി.

അവളുടെ നെറ്റിയിലെ പച്ച ഞരമ്പ് പിടഞ്ഞുണർന്നിട്ടുണ്ട്
നാസിക തുമ്പിൽ വിയർപ്പുകണങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്, കവിളുകളിൽ രക്തചുവപ്പ് പടർന്നിരിക്കുന്നു, ഉടലാകെ വെട്ടിവിറക്കുന്നുണ്ട്
അവൾ ശ്വാസം എടുക്കാൻ മറന്നത് പോലെ അയാൾക്ക് തോന്നി.

സേതു ……..എന്താ ഇത് ? അവളുടെ ഭാവം കണ്ടു അയാൾക്ക് ഭയം തോന്നി.

“എനിക്കു കരയാൻഅറിയില്ല നാഥൻ ”
അവൾ പതിയെ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *