ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനു ശേഷമുള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ..”

മകൾ
(രചന: Aparna Nandhini Ashokan)

“ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനു ശേഷമുള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ..”

ബാലചന്ദ്രന്റെ ഇടറിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്ത് വിഷാദം പടർന്നൂ.

തന്റെ സുഹൃത്തിനോടൊരു ആശ്വാസവാക്കു പോലും പറയാനാവാതെ വിഷമിച്ചുകൊണ്ട് രാജീവ് ബാലചന്ദ്രന്റെ അടുത്തു വന്നിരുന്നൂ..

“ബാലാ..അതൊക്കെ വർഷങ്ങൾക്കു മുൻപേ കഴിഞ്ഞ അധ്യായങ്ങളല്ലെടോ. മറന്നു കളഞ്ഞേക്ക്. തനിക്കൊപ്പം തന്റെ മക്കളില്ലേ. അവർ ജീവനുതുല്യം തന്നെ സ്നേഹിക്കുന്നില്ലേ. അതുപോരെ തനിക്ക്..”

“പതിനാറു വർഷം എന്റെ നിഴലുപോലെ കൂടെ കഴിഞ്ഞവളാണെടോ പോയത്. എന്റെ രണ്ടു പെൺമക്കളുടെ അമ്മ… അവൾ അന്നെനിക്കു തന്ന ആഘാതം അത്ര വലുതായിരുന്നൂ..”

“ഇതെല്ലാം എനിക്കറിയാവുന്ന കാര്യങ്ങളല്ലേ ബാലാ..”

“തനിക്കെന്തറിയാം ഇക്കഴിഞ്ഞ കാലമത്രയും ഞാനനുഭവിച്ച അപമാനങ്ങളെ പറ്റി. നാലാള് കൂടുന്നിടത്ത് തലകുനിച്ചല്ലാതെ എനിക്ക് പോകാൻ പറ്റിയിട്ടില്ല.

ഒളിച്ചോടി പോയ സുമയുടെ ഭർത്താവായ എന്നെ നോക്കിയുള്ള അടക്കം പറച്ചിലുകളും പരിഹാസങ്ങളും കാരണം

എത്രയോ പരിപാടികളിൽ നിന്ന് ഒരിറക്കു വെള്ളം പോലും കുടിക്കാനാവാതെ ഇറങ്ങിപോരേണ്ടി വന്നൂ എനിക്ക്. എന്റെ ആണത്തം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനെക്കാളേറെ എന്നെ തളർത്തിയത് കഴിഞ്ഞ ദിവസം നാട്ടിലൊരു വിവാഹത്തിനു പോയപ്പോൾ എന്റെ മൂത്തമോളെ പറ്റി ഞങ്ങളുടെ അടുത്ത ബന്ധു പറഞ്ഞ കാര്യങ്ങളാണ്..”

ബാലചന്ദ്രൻ സോഫയിലേക്ക് തളർച്ചയോടെ ചാഞ്ഞൂ..

“നമ്മുടെ നിമമോളെ പറ്റി ആരെന്ത് പറഞ്ഞെന്നാ നീ പറയണേ. ഒന്നു വ്യക്തമായി പറഞ്ഞേ ബാലാ..”

രാജീവ് ആകാംക്ഷയോടെ ചോദിച്ചൂ

“കാ മ പ്രാ ന്ത് മൂത്ത് തന്നേക്കാ പ്രായം കുറഞ്ഞവനൊപ്പം ഒളിച്ചോടിപോയ ഒരുത്തീടെ മോളല്ലേ

അപ്പോ തള്ളയേക്കാ വിളഞ്ഞ വിത്താകും എന്ന് അയാൾ എന്റെ കുഞ്ഞിനെ നോക്കി പറയുന്നതു കേട്ടപ്പോൾ എന്റെ നെഞ്ചുപൊട്ടി പോയി രാജീവേ…

നിമയൊരു ആൺകുട്ടിയോട് സംസാരിച്ചു നിൽക്കുന്നതു കണ്ടതിന്റെ പേരിലാണ് അവരതിനെ ഇത്രയ്ക്ക് മോശമായി പറഞ്ഞത്..”

തനിക്കറിയോ സുമ ഇറങ്ങി പോകുമ്പോൾ നിമയ്ക്ക് പതിനഞ്ചും നിധിമോൾക്ക് പതിമൂന്നും വയസ്സുണ്ട്…

അന്നു മുതൽ ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലം അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന്

എന്റെ രണ്ട് കുഞ്ഞുങ്ങളെയും കൂടെയാരുമില്ലാതെ ഒറ്റക്ക് നോക്കിയതിന്റെ വേദന ഇങ്ങനെ അപവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് മനസിലാകില്ലെടോ..”

രാജീവ് ഏറെ വിഷമത്തോടു കൂടി ബാലന്റെ വാക്കുകൾ കേട്ടിരുന്നു. ബാലൻ തന്റെ ആത്മ സുഹൃത്തിനോട് സങ്കടങ്ങളോരോന്നായി തുറന്നു പറയാനാരംഭിച്ചൂ.

“എന്റെ മക്കൾക്ക് നല്ലൊരു വേഷം ധരിക്കാൻ പാടില്ല..അവര് ജീൻസും ടോപ്പും ധരിച്ചാലോ,

ഒരു ആൺസുഹൃത്തിനൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ പോസ്സ് ചെയ്യ്താലോ നമ്മുടെ അടുത്ത ബന്ധുക്കളെന്നു പറയുന്നവരടക്കം മക്കളെ വളരെ മോശം രീതിയിലാണ് വിലയിരുത്തുന്നത്.

എന്റെ ഭാര്യ ചെയ്ത തെറ്റിന് ന്റെ കുഞ്ഞുങ്ങളും പഴികേൾക്കേണ്ട സാഹചര്യം കൂടികൂടി വന്നപ്പോഴാണ് നിമമോൾ പ്ലസ് ടൂ കഴിഞ്ഞപ്പോൾ തന്നെ ഉള്ളതെല്ലാം വിറ്റുപെറുക്കി നാട്ടിൽ നിന്ന് ഇങ്ങോട്ടേക്ക് വന്നത്..”

“അമ്മയില്ലാതെ രണ്ട് പെൺകുട്ടികളെ വളർത്തിയെടുത്ത നിന്റെ ബുദ്ധിമുട്ടുകൾ എനിക്കു മനസ്സിലാകും ബാലാ…”

രാജീവ് തന്റെ സുഹൃത്തിന്റെ കൈകളിൽ കരങ്ങളമർത്തി.

“ഹലോ രാജീവ് അങ്കിൾ ഇതെപ്പോഴാ വന്നത്..”

പ്രതീക്ഷിക്കാതെയുള്ള സംസാരം കേട്ടിടത്തേക്ക് ബാലചന്ദ്രനും രാജീവും നോക്കി. ഇരുവരുടെയും മുഖത്ത് അതുവരെയുണ്ടായിരുന്ന വിഷമം പെട്ടന്ന് പുഞ്ചിരിയായി മാറി..

“നിമമോളെ ഇന്നെന്താ നേരത്തെ വന്നത് ക്ലാസ് നേരത്തെ കഴിഞ്ഞോ..”

“ക്ലാസ് കഴിഞ്ഞിട്ടല്ല ഞാൻ നേരത്തെ ഇറങ്ങിയതാണ്. അച്ഛനെ കൂട്ടി വൈകീട്ട് ഒരിടം വരെ പോകാനുണ്ട്.

നിങ്ങൾ സംസാരിച്ചതെല്ലാം ഞാൻ കേട്ടിരുന്നൂ. അങ്കിൾ പറഞ്ഞതു പോലെ അമ്മയില്ലാത്ത രണ്ട് പെൺമക്കളെ വളർത്തിയെടുക്കാൻ എന്റെ അച്ഛൻ ഒരുപാട് വിഷമതകൾ സഹിച്ചിട്ടുണ്ട്.

ഒരുപക്ഷേ അമ്മ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ഇത്ര നന്നായി ഞങ്ങളെ നോക്കാൻ അവർക്കു കഴിയുമായിരുന്നോയെന്ന് സംശയമാണ്. അത്രക്കും നല്ലരീതിയിൽ തന്നെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്..”

“തന്റെ മോള് പറയുന്നത് കേട്ടില്ലേ ബാലാ ഇതിൽ കൂടുതൽ തനിക്കെന്തു വേണം”

രാജീവ് ഇരുവരേയും നോക്കി ചിരിച്ചൂ

“അമ്മ ഞങ്ങൾക്കൊപ്പമില്ലാതിരുന്ന തുടക്കസമയത്ത് ഒരിത്തി വിഷമിച്ചിട്ടുണ്ട്. കാരണം അമ്മയോട് മാത്രം പറഞ്ഞിരുന്ന പല ആവശ്യങ്ങളും ഇനിയാരോടാ പറയേണ്ടതെന്ന് അറിയാതെ പകച്ചു പോയീട്ടുണ്ട്.

എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പീരിയഡ്സ് ക്രമം തെറ്റിയാണ് പലപ്പോഴും വരാറുള്ളത്.

ചിലപ്പോൾ വയറുവേദന, ഛർദ്ദി എന്നിങ്ങനെ രണ്ടോ മൂന്നോ ദിവസം കിടപ്പിലാകും ആ ദിവസങ്ങളിൽ. അപ്പോ വയറിൽ ചൂടുപിടിച്ചു തരാൻ അച്ഛനോട് പറയാൻ എനിക്കെന്തോ വലിയ മടിയായിരുന്നൂ”

“അല്ലെങ്കിലും ഒരുപ്രായം എത്തിയാൽ മിക്ക പെൺകുട്ടികളും അച്ഛനോട് അടുത്തിടപ്പെടുന്നതെല്ലാം കുറയുമല്ലോ. അച്ഛനെന്റെ ശ രീ ര ഭാ ഗങ്ങൾ കാണുന്നതോ തൊ ടുന്നതുമെല്ലാം മുതിർന്നപ്പോൾ എനിക്ക് ഇഷ്ടപ്പെടാതായിരുന്നൂ.

അതുകൊണ്ടു തന്നെ പീരിയഡ്സ് സമയത്ത് എനിക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റിയൊന്നും അച്ഛനോട് ഞാൻ പറഞ്ഞില്ല.

പക്ഷേ ഞാൻ കിടക്കുന്നത് കണ്ടപ്പോൾ അച്ഛന് കാര്യം മനസിലാവുകയും അച്ഛൻ എനിക്ക് ചൂടു പിടിച്ചു തരികയും ചെയ്തൂ.

അച്ഛന് ഇത്തരം കാര്യങ്ങളൊന്നും അറിയില്ലെന്ന എന്റെ ധാരണ അന്നത്തോടെ തെറ്റുകയായിരുന്നൂ അങ്കിളേ..

അമ്മയെപോലെ എല്ലായിപ്പോഴും സ്നേഹിക്കാനോ, കൂടെ നടന്ന് കാര്യങ്ങൾ തിരക്കാനോ മിനക്കെടില്ലെങ്കിലും മക്കളുടെ മനസ്സ് ദൂരെ നിന്നായാലായും വളരെ വ്യക്തമായി വായിച്ചെടുക്കാൻ കഴിവുണ്ട് അച്ഛന്..”

മകളുടെ സംസാരംകേട്ട് ബാലചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൂ..

“രാവിലെ സ്ക്കൂളിൽ പോകാൻ നേരം ഞങ്ങളുടെ മുടികെട്ടി തരാനോ ലഞ്ച്ബോക്സ് തയ്യാറാക്കി തരാനോ അച്ഛൻ മറ്റാരുടെയും സഹായം ചോദിച്ചില്ല.

എനിക്ക് നാരങ്ങഅച്ചാർ ഇഷ്ടമല്ലെന്നും നെല്ലിക്കഅച്ചാറാണ് ഏറെ ഇഷ്ടമെന്നും അമ്മ പോകുന്നതു വരെ ലഞ്ച് ബോക്സ് തയ്യാറാക്കുന്നതിന്റെ പരിസരത്തേക്ക് പോലും വരാതിരുന്ന അച്ഛന് എങ്ങനെ മനസ്സിലായെന്ന് ഇപ്പോഴും എനിക്കറിയില്ല.

എത്ര പഠിച്ചിട്ടും ഇപ്പോഴും പഠിച്ചവസാനിക്കാത്ത പുസ്കതമാണ് അച്ഛനെന്ന് പണ്ടെവിടെയോ വായിച്ചതു പോലെ അങ്ങനെയൊരു അത്ഭുതമാണ് എനിക്കെന്റെ അച്ഛൻ..”

നിമയുടെ സംസാരം ബാലനെ കൂടുതൽ സങ്കടത്തിലാക്കി. അയാളൊരു കുഞ്ഞിനെപോലെ വിങ്ങിപൊട്ടി സോഫയിലേക്ക് ചാഞ്ഞൂ.

അതു മനസിലാക്കിയെന്നവണ്ണം നിമ അച്ഛന്റെ അരികിൽ ചെന്നിരുന്നു ആ കൈകളിൽ മുറുകെ പിടിച്ചൂ. അവൾ തുടർന്നൂ..

“അമ്മ പോയീട്ട് ഏകദേശം ഒരു വർഷത്തോളം കഴിഞ്ഞിട്ടാണ് എന്റെ അനിയത്തിക്ക് ആദ്യമായി പിരീയഡ്സ് വരുന്നത്.

കുളിക്കാൻ കയറീട്ട് ഏറെ നേരമായീട്ടും അവളെ പുറത്തേക്ക് കാണാതെ അച്ഛൻ വാതിൽക്കൽ ചെന്നുനിന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞൂ “അച്ഛേ എനിക്കൊരു പാക്കറ്റ് പാഡ് വാങ്ങികൊണ്ടു വരുമോ യെന്ന്”

ഞാനതു കേട്ട് ഞെട്ടി പോയി.

കാരണം അതുവരെയുള്ള എന്റെ ജീവിതത്തിൽ പീരിയഡ്സ് വന്നാൽ വെക്കുന്ന തുണിപോലും അച്ഛനെ കാണിക്കാതെ മാറ്റിവിരിച്ചിട്ട് ഉണക്കിയെടുക്കണമെന്നാണ് അമ്മ പറഞ്ഞു പഠിപ്പിച്ചിരുന്നത്.

ഞാൻ പഠിച്ചു വെച്ചതിനപ്പുറമാണ് യാഥാർത്ഥ്യങ്ങളെന്ന് എനിക്ക് ബോധ്യമായി തുടങ്ങിയതപ്പോഴാണ്..”

“അച്ഛനെപോലെ മക്കളുടെ മനസ്സറിയാൻ മറ്റാർക്കും കഴിയില്ല അങ്കിളേ.. മിക്ക വീടുകളിലും പ്രകടിപ്പിക്കാത്ത സ്നേഹമാണ് അച്ഛൻ..”

നിമ പറഞ്ഞു നിർത്തിയതും ബാലനവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിച്ചൂ.

“അച്ഛനൊരിക്കലും ഞങ്ങളെ പറ്റി മറ്റുള്ളവർ പറയുന്നതിൽ വിഷമിക്കരുത്. അമ്മ പി ഴച്ചു പോയാൽ ആ ചീത്തപേരിന്റെ നല്ലൊരു പങ്ക് മക്കളും കേൾക്കേണ്ടി വരും. അച്ഛൻ വളർത്തിയ രണ്ടു മക്കളും ഒരിക്കലും വഴിതെറ്റില്ല.

അമ്മയുടെ പാതയിൽ പോകില്ല. ഞങ്ങൾക്കു വേണ്ടി ജീവിക്കണ അച്ഛനു ഞാൻ നൽകുന്ന വാക്കാണ്..”

നിമ അച്ഛന്റെ കഷണ്ടികയറി തുടങ്ങിയ തലയിൽ തലോടികൊണ്ട് പറഞ്ഞൂ. ഇതെല്ലാം കണ്ടുകൊണ്ട് രാജീവ് ചിരിച്ചു. അയാൾ എഴുന്നേറ്റ് യാത്ര പറഞ്ഞ് പോകാനായി ഇറങ്ങി. നിമ അയാൾക്കൊപ്പം പുറത്തേക്ക് നടന്നൂ.

“അങ്കിളേ ഒരുകാര്യം പറഞ്ഞോട്ടെ എനിക്ക് അങ്കിളിന്റെയൊരു സഹായം വേണം..”

താൻ പറയുന്ന കാര്യങ്ങൾ അച്ഛൻ അകത്തിരുന്ന് കേൾക്കാതിരിക്കാനായി നിമ ശബ്ദം കുറച്ച് അയാളോട് സംസാരിക്കാനാരംഭിച്ചൂ.

“കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ തറവാട്ടിലെ ഞങ്ങളുടെ മുറിയിൽ പഴയകുറച്ചു സാധനങ്ങൾ നോക്കുന്നതിനിടയിലാണ് പഴയൊരു ഡയറി എനിക്ക് കിട്ടിയത്.

അമ്മ ഒളിച്ചോടി പോകുന്നതിനു ഏതാനും ദിവസങ്ങൾ മുൻപ് വരെ അച്ഛൻ അതിലെഴുതിയിട്ടുണ്ട്.

അതിലെഴുതിയ വരികളിൽ നിന്നും എനിക്കൊരു കാര്യം വ്യക്തമാണ് അച്ഛന് ഏറെ പ്രിയപ്പെട്ടൊരു ഇഷടത്തെ വേണ്ടെന്നു വെച്ചിട്ടാണ് വീട്ടുക്കാരുടെ
നിർബന്ധത്തിനും ആ ത്മ ഹത്യ ഭീഷണിക്കും മുൻപിൽ തോറ്റ് കൊടുത്ത് അമ്മാവന്റെ മകളെ അച്ഛൻ വിവാഹം ചെയ്തത്.

എന്റെ അച്ഛനൊരു പാവമാണ് അതുകൊണ്ട് വീട്ടുക്കാരെ എതിർക്കാൻ അദ്ദേഹത്തിന് അന്ന് സാധിച്ചില്ല.

സ്വത്തും പണവും കൂടുതൽ കിട്ടുമെന്നായപ്പോൾ അമ്മാവന്റെ മകൾ തന്നെ മരുമകളായി വരണമെന്ന് എന്റെ മുത്തശ്ശൻ തീരുമാനിക്കായിരുന്നൂ.

പക്ഷേ വിവാഹം കഴിഞ്ഞിട്ട് അച്ഛൻ അമ്മയെ മാത്രമാണ് സ്നേഹിച്ചത്. പഴയ പ്രണയം അച്ഛൻ തീർത്തും ഉപേക്ഷിച്ചൂ.

അച്ഛന്റെ നാട്ടുക്കാരിയായതു കൊണ്ട് അവർ ആരാണെന്ന് കണ്ടുപിടിക്കാൻ എനിക്ക് യാതൊരു വിഷമവും ഉണ്ടായീല്ല. അവരിന്നും വിവാഹം കഴിച്ചിട്ടില്ല.

ഒരുപക്ഷേ അവരുടെ കണ്ണീരിന്റെ ശാപം കൊണ്ടാകാം എന്റെ അച്ഛൻ ആത്മാർത്മമായി സ്നേഹിച്ചിട്ടും അമ്മ ഇറങ്ങി പോയത്. എനിക്ക് അച്ഛന്റെ ആ തെറ്റ് തിരുത്തണം രാജീവ്അങ്കിൾ..”

“ഈ കഥകളൊന്നും എന്നോട് ബാലൻ പറഞ്ഞിട്ടേയില്ല മോളെ..ഞാനെന്തു സഹായമാണ് ചെയ്യേണ്ടതെന്ന് മോള് പറയൂ..”

രാജീവ് കാറിന്റെ ഡോർ തുറന്ന് കയറിയ ശേഷം നിമയോട് ചോദിച്ചൂ

“അച്ഛനെ കൊണ്ട് അവരെ വിവാഹം ചെയ്യിപ്പിക്കണം. അതിന് അങ്കിൾ ഞങ്ങൾക്കൊപ്പം നിൽക്കണം. ഞങ്ങളുടെ അമ്മ സ്വന്തം സുഖം നോക്കി പോകുന്നതു വരെയും അച്ഛനോട് സ്നേഹത്തോടെ ഇടപെടുന്നതു കണ്ടിട്ടില്ല.

ഇപ്പോ അമ്മ മറ്റൊരാൾക്കൊപ്പം സന്തോഷത്തൊടെ ജീവിക്കുമ്പോൾ എന്റെ അച്ഛന് എന്തുകൊണ്ട് മറ്റൊരു ജീവിതം തിരഞ്ഞെടുത്തു കൂടാ.

എനിക്കെന്റെ അച്ഛൻ ആ ആന്റിയൊടൊത്തു സന്തോഷത്തോടെ ജീവിക്കുന്നതു കാണണം അതിന് അങ്കിൾ ഞങ്ങൾക്കൊപ്പമുണ്ടാകില്ലേ..”

നിമയുടെ കണ്ണുകൾ നിറഞ്ഞൂ.

“അമ്മയുടെ കുറവ് നിങ്ങളുടെ ജീവിതത്തിൽ ഇല്ലെന്ന് അറിയാം പിന്നെയെന്തിനാണ് നിമമോള് അച്ഛനെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നത്”

“സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്ത് ജീവിക്കാനുള്ള അച്ഛന്റെ ആഗ്രഹത്തോട് വീട്ടുക്കാർ നീതി കാണിച്ചില്ല.. പതിനാറു വർഷത്തോളം ജീവനോളം സ്നേഹവും സംരക്ഷണവും കൊടുത്തിട്ടും ഞങ്ങളുടെ അമ്മയും അച്ഛനോട് നീതി കാണിച്ചില്ല.

ഇനി ഞങ്ങൾ മക്കളുടെ ഊഴമാണ് അങ്കിൾ. നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങിക്കുക എന്നതു മാത്രമല്ല അച്ഛനോട് ഞങ്ങൾ കാണിക്കേണ്ട നീതി.

ഇത്രകാലം ഞങ്ങൾക്കു വേണ്ടിയല്ലേ അദ്ദേഹം ജീവിച്ചത്. ഇനിയെങ്കിലും സന്തോഷത്തോടെയൊരു ദാമ്പത്യം നയിക്കാൻ എന്റെ അച്ഛന് സാധിക്കണം”

“പിന്നെ കഥകളിലെല്ലാം പറയുന്ന പോലെ ദുഷ്ടയായ രണ്ടാനമ്മയൊന്നുമാവില്ല അവർ.

എന്റെ അച്ഛനെ പ്രതിഷ്ഠിച്ച മനസ്സിൽ മറ്റൊരാൾക്ക് ഇത്രകാലം ഇടം കൊടുക്കാതിരുന്ന സ്ത്രീയല്ലേ അതിന്റെ നന്മ അവരുടെയുള്ളിൽ കാണും. ഇനി ഞങ്ങളോട് അവർക്ക് സ്നേഹമുണ്ടായില്ലെങ്കിലും കൊഴപ്പമില്ല.

ആരൊക്കെ ജീവിതത്തിൽ വന്നാലും ഞങ്ങളുടെ അച്ഛൻ ഇതേ വാത്സല്യത്തോടെ എക്കാലവും ഞങ്ങളെ സ്നേഹിക്കുമെന്ന ഉറപ്പ് എനിക്കുണ്ട്..”

“ഞാൻ പോട്ടെ അങ്കിളേ..സമയം കിട്ടുമ്പോൾ അച്ഛനോട് ഇതിനെ പറ്റി നമുക്ക് സംസാരിക്കണം കേട്ടോ..”

തന്നോട് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നടന്നകലുന്ന നിമയെ നോക്കി രാജീവ് ഡ്രൈവിംങ്ങ് സീറ്റിലിരുന്നൂ..

സോഷ്യൽ മീഡിയകളിൽ അമ്മമ്മാരുടെ ത്യാഗങ്ങളെ പറ്റി ഏറെ ചർച്ചചെയ്യപ്പെടുന്നതു കണ്ടിട്ടുണ്ട്.. അപ്പോഴൊന്നും അധികം എഴുതി കാണാത്തൊരു വിഷയമാണ് അച്ഛനെന്ന വലിയ പുസ്കതത്തെ പറ്റി..

“താൻ ഭാഗ്യവാനാണ് ബാലാ. അച്ഛനെ പൂർണമായും അറിയുന്ന മക്കളെ ലഭിക്കുന്നത് അപൂർവ്വമായൊരു ഭാഗ്യമാണ്…”

Leave a Reply

Your email address will not be published. Required fields are marked *