വാത്സല്യത്തിന്റെ മറവിൽ
(രചന: അരുണിമ ഇമ)
“അമ്മേ ഞാൻ മാമന്റെ കൂടെ കിടക്കില്ല.. എനിക്ക് ഇന്ന് അമ്മയുടെ കൂടെ കിടന്നാൽ മതി..” അനി വാശി പിടിക്കാൻ തുടങ്ങി.
“നീ എന്തിനാ ആവശ്യമില്ലാത്ത ഇങ്ങനെ വാശി പിടിക്കുന്നത്? അവൻ നിന്റെ മാമൻ അല്ലേ?
അവനോടൊപ്പം കിടന്നു എന്ന് വെച്ചാൽ നിനക്ക് എന്ത് സംഭവിക്കാനാണ്..? നീ ഒരു ആൺകുട്ടി അല്ലേ..?”
അമ്മ അവനെ ശാസിച്ചു. അവന്റെ മിഴികൾ നിറഞ്ഞു.
“എനിക്കിഷ്ടമല്ല അമ്മേ.. എനിക്ക് മാമന്റെ കൂടെ കിടക്കണ്ട..”
അനി വീണ്ടും വാശി പിടിച്ചു. പക്ഷേ ഇത്തവണ മറുപടി പറഞ്ഞത് അമ്മയുടെ കയ്യിൽ ഇരുന്ന വടിയായിരുന്നു.
” എന്നെ തല്ലല്ലേ അമ്മേ.. ”
അവൻ അലറി കരഞ്ഞു. അവന്റെ കരച്ചിൽ കേട്ടു കൊണ്ടാണ് വീട്ടിലെ ബാക്കിയുള്ള അംഗങ്ങൾ അങ്ങോട്ടേക്ക് വന്നത്.
” എന്താ.. എന്താ സ്മിതേ.. നീ എന്തിനാ മോനെ ഉപദ്രവിക്കുന്നത്? ”
അനിയുടെ അച്ഛൻ പ്രസാദ് സ്മിതയ്ക്ക് തടസ്സം പിടിച്ചു.
” അവൻ ഒന്നും ചെയ്തില്ല എന്നാണോ പ്രസാദ് ഏട്ടൻ പറയുന്നത്? ഇന്ന് ഒരു ദിവസം സുമേഷിന്റെ കൂടെ കിടക്കാൻ പറഞ്ഞു. അവന് അത് പറ്റില്ല..
എന്റെ കൂടെ തന്നെ കിടന്ന് പറ്റൂ എന്ന് പറഞ്ഞു വാശിയാണ്.. എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകില്ല എന്ന് വെച്ചാൽ എന്ത് ചെയ്യാനാ..? ”
അവർ അരിശത്തോടെ പറഞ്ഞു.
” അനിക്കുട്ടൻ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്? മാമൻ ഇന്നൊരു ദിവസത്തേക്ക് നമ്മുടെ കൂടെ നിൽക്കാൻ വന്നതല്ലേ?
ഇവിടെ വേറെ മുറികൾ ഒന്നും ഒഴിവ് ഇല്ലാത്തതുകൊണ്ടല്ലേ മോന്റെ മുറിയിൽ മാമനെ കൂടെ കിടത്താൻ പറയുന്നത്? മാമൻ അവിടെ കിടക്കുന്നതുകൊണ്ട് മോന് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ? ”
അനിയെ അടുത്തേക്ക് വിളിച്ചു നിർത്തി പ്രസാദ് വാത്സല്യത്തോടെ ചോദിച്ചു. അനിയുടെ കണ്ണുകൾ ഭയത്തോടെ ചുറ്റും ചലിച്ചു.
” അവന് എന്ത് ഇഷ്ടക്കേട് ഉണ്ടാകാൻ ആണ് അളിയാ..? അവൻ ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു ഒരു മിഠായി കൊണ്ടു കൊടുക്കാൻ..
ഇത്തവണ വന്നപ്പോൾ ഞാൻ അത് മറന്നു പോയി.. അതിന്റെ വാശിയാണ്.. ആ പിണക്കം ഞാൻ തന്നെ മാറ്റിക്കോളാം. നിങ്ങൾ ടെൻഷൻ അടിക്കാതെ പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. ”
സുമേഷ് ചിരിയോടെ വന്ന് അനിയെ ചേർത്തു പിടിച്ചു. പ്രസാദ് പുഞ്ചിരിച്ചു.
” ഇതായിരുന്നോ കാര്യം..? നീ ഇതിനാണോ പിണങ്ങി ഇരുന്നത്.? അത് മാമൻ മറന്നു പോയത് കൊണ്ടല്ലേ മോനെ.?
അടുത്ത തവണ മാമൻ വരുമ്പോൾ അത് കൊണ്ടുവന്ന് തരും. ഇനി പിണക്കം ഒന്നും മനസ്സിൽ വയ്ക്കേണ്ട കേട്ടോ. ”
പ്രസാദ് വാത്സല്യത്തോടെ പറഞ്ഞു.
” കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ ചെറുക്കന്റെ അഹങ്കാരമാണെന്ന്..
അല്ലെങ്കിൽ പിന്നെ ഒരു മിട്ടായിക്ക് വേണ്ടി ഇങ്ങനെയൊക്കെ വാശി പിടിക്കേണ്ട കാര്യമുണ്ടോ? മാമൻ കൂടെ കിടക്കുന്നത് ഇഷ്ടമല്ലത്രേ.. ”
സ്മിത ദേഷ്യത്തോടെ പറഞ്ഞു.
“വിട്ടു കള സ്മിതേ.. കുട്ടികളല്ലേ..?”
പ്രസാദ് പറഞ്ഞതുകേട്ട് സ്മിത കൂടുതൽ ഒന്നും പറയാതെ അകത്തേക്ക് നടന്നു.
” നീ വാ.. നമുക്ക് കിടക്കാൻ പോകാം.. ”
ബലമായി അനിയെയും ചേർത്തുപിടിച്ചുകൊണ്ട് സുമേഷ് മുറിയിലേക്ക് നടന്നു.
മുറിയിൽ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു. അതോടെ അനിക്ക് ഭയമായി.
” നീ താഴെ വച്ച് എന്താടാ പറഞ്ഞത്? നിനക്ക് എന്നോടൊപ്പം കിടക്കാൻ പേടിയാണെന്ന് അല്ലേ..? അതെന്തിനാ നിനക്ക് പേടി? ഞാൻ നിന്നെ എന്തു ചെയ്തു..? ”
ഒരു ചിരിയോടെ അയാൾ ചോദിക്കുന്നത് കേട്ട് അനി ഭയത്തോടെ അയാളെ നോക്കി.
താൻ പറഞ്ഞു കേട്ട കഥകളിലെ ചെകുത്താൻ ആണ് അയാൾ എന്ന് ആ നിമിഷം ആ കുഞ്ഞിനു തോന്നി.
” നീ എന്തൊക്കെയോ നിന്റെ അച്ഛനോട് പറയണം എന്ന് ആഗ്രഹിച്ചു നടക്കുകയാണ് അല്ലേ..? പക്ഷേ നിനക്ക് അറിയാമല്ലോ..
നീ എന്തെങ്കിലും നിന്റെ അച്ഛനോട് പറഞ്ഞു എന്ന് ഞാൻ അറിയുന്ന നിമിഷം നിന്റെ അനിയത്തിയേയും ഞാൻ ഉപദ്രവിക്കും.. അതിൽ ഒരു കോംപ്രമൈസ് ഉണ്ടാകില്ല..”
ഭീഷണിയുടെ സ്വരത്തിൽ സുമേഷ് പറഞ്ഞത് കേട്ട് അനി കിടുകിടാ വിറച്ചു.
” നീ കയറി കിടക്ക്.. ഞാൻ ലൈറ്റ് ഓഫ് ചെയ്യട്ടെ.. ”
സുമേഷ് പറഞ്ഞത് കേട്ട് അനി ഭയത്തോടെ ചുറ്റും നോക്കി.
” രക്ഷപ്പെട്ടു പോകാൻ എന്തെങ്കിലും വഴിയുണ്ടോ എന്നാണോ നീ അന്വേഷിക്കുന്നത്? എന്നാൽ കഷ്ടപ്പെട്ട് നീ അന്വേഷിക്കണ്ട.
അങ്ങനെ ഒരു വഴിയുമില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ നിന്നെ രക്ഷപ്പെടാൻ അനുവദിക്കുകയുമില്ല. ”
സുമേഷ് പറഞ്ഞത് കേട്ട് മറ്റു വഴികൾ ഒന്നും ഇല്ലാത്തതു പോലെ അവൻ ബെഡിലേക്ക് കയറി കിടന്നു.
അവനെ ഒന്ന് നോക്കിയിട്ട് സുമേഷ് ലൈറ്റ് ഓഫ് ചെയ്തു അവന്റെ അടുത്തേക്ക് കയറി കിടന്നു.
അനി സുമേഷിന്റെ അടുത്തേക്ക് തട്ടാതിരിക്കാൻ മാക്സിമം ശ്രമിച്ചു കൊണ്ട് അവൻ ചുവരോട് ചേർന്ന് കിടന്നു.
സുമേഷ് പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു.
നേരം കടന്ന് പോകവേ, സുമേഷിന്റെ കൈകൾ അവന്റെ ശരീരത്തിൽ ഇഴയാൻ തുടങ്ങി. അനി വിറയലോടെ ഒതുങ്ങി കിടന്നു.
അവന്റെ അടുത്ത് നിന്ന് മാറി സുമേഷ് കിതപ്പ് ആറ്റുമ്പോൾ അനി കണ്ണീർ വാർക്കുകയായിരുന്നു. തന്റെ വിധിയോർത്ത് കരയാൻ അല്ലാതെ അവനു ഒന്നും ചെയ്യാനില്ലല്ലോ…
അവന്റെ ഓർമ്മകൾ ആദ്യമായി അവനു നേരിടേണ്ടി വന്ന ക്രൂരമായ അനുഭവത്തിന്റെ ദിനങ്ങളിലേക്ക് എത്തിനോക്കി.
അനി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരിക്കൽ അവന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.
അന്ന് ഏതോ ക്ഷേത്രദർശനത്തിനു വേണ്ടി മാമനും അമ്മായിയും കൂടി വന്നിരുന്നു. അവർക്ക് ഇരുവർക്കും വ്രതം ഉള്ളതുകൊണ്ട് തന്നെ ഒന്നിച്ചു കിടക്കണ്ട എന്ന് അമ്മയാണ് പറഞ്ഞത്.
അതനുസരിച്ച് അമ്മായി അമ്മയ്ക്കൊപ്പം മാമൻ അനിക്ക് ഒപ്പവും രാത്രി ചെലവഴിക്കാം എന്ന് തീരുമാനിച്ചു.
അന്ന് അനിക്ക് മാമനോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു. ഒരുപാട് കഥകൾ പറഞ്ഞു തരുന്ന പാട്ടുപാടി തരുന്ന മാമനെ അവന് ഇഷ്ടമായിരുന്നു.
അതുകൊണ്ട് തന്നെ മാമന്റെ മുറിയിൽ ഉറങ്ങാൻ വരുന്നത് അവന് സന്തോഷവും ആയിരുന്നു.
രാത്രിയിൽ മാമനെ കൊണ്ടു പാട്ട് പാടിക്കാം എന്നും, കഥകൾ പറയിക്കാമെന്നും അവൻ കണക്ക് കൂട്ടി. ആ സന്തോഷത്തോടെയാണ് അവൻ അന്ന് ഉറങ്ങാനായി മുറിയിലേക്ക് കയറിയത്.
പക്ഷേ അവന്റെ പ്രതീക്ഷകളെ പാടെ തെറ്റിച്ചു കൊണ്ട് അവനോട് പോയി കിടന്നുറങ്ങാൻ പറഞ്ഞു മാമൻ ദേഷ്യപ്പെട്ടു.
അത് എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ലെങ്കിലും, മാമൻ കഥകൾ ഒന്നും പറഞ്ഞു തരില്ല എന്ന് ഉറപ്പായതോടെ, അവൻ ബെഡിലേക്ക് കയറി കിടന്നു.
കുറെ വിഷമിച്ചു എങ്കിലും അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. അവൻ ഉറങ്ങി തുടങ്ങിയ സമയത്താണ് തന്റെ അരക്കെട്ടിലൂടെ കൈകൾ ഇഴയുന്നത് അവൻ അറിയുന്നത്.
അവൻ പെട്ടെന്ന് കണ്ണുതുറന്നു മാമനെ നോക്കി. മുറിയിൽ ഇരുട്ട് ആയതുകൊണ്ട് തന്നെ മാമൻ ഉണർന്നു കിടക്കുകയാണോ ഉറങ്ങുകയാണോ എന്ന് അവന് മനസ്സിലായില്ല.
പിന്നീട് കൈക്ക് ചലനം ഒന്നും ഇല്ലാത്തതുകൊണ്ട് അവൻ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു.
പക്ഷേ നിമിഷങ്ങൾക്കകം വീണ്ടും അതേ ചലനം അനുഭവപ്പെട്ടപ്പോൾ അവർ ഞെട്ടി കണ്ണുതുറന്ന് മാറി കിടക്കാൻ തുടങ്ങി.
” അനങ്ങരുത്.. ഇവിടെ നീ ബഹളം വയ്ക്കുകയോ കരയുകയോ ചെയ്താൽ നാളെ നിന്റെ അനിയത്തിക്കും ഇതായിരിക്കും അനുഭവം.. ”
മാമന്റെ ഭീഷണിയിൽ പിന്നീട് അവൻ ചലിച്ചില്ല. അതായിരുന്നു തുടക്കം. പിന്നീട് പലപ്പോഴും മാമൻ വീട്ടിലേക്ക് വരുമ്പോൾ ഇതു തന്നെയാണ് അനുഭവം.
പക്ഷേ എത്രയൊക്കെ എതിർത്തിട്ടും വീട്ടിൽ ആർക്കും ഇത് മനസ്സിലാകുന്നില്ല എന്നുള്ളതായിരുന്നു ഏറ്റവും വിഷമം.
അവൻ സങ്കടത്തോടെ ഓർത്തു.
പിറ്റേന്ന് നേരം പുലർന്നപ്പോൾ മാമൻ യാത്രയായി. അവന് ആശ്വാസം തോന്നി. അവന്റെ ഭാവമാറ്റങ്ങൾ വീട്ടിൽ ആർക്കും മനസ്സിലായതുമില്ല.
ഇനിയും മാമൻ വീട്ടിലേക്ക് വരും. ഇതേ അനുഭവങ്ങൾ വീണ്ടും ഉണ്ടാകും. പക്ഷേ തന്നെ മനസ്സിലാക്കാൻ വീട്ടിൽ ആർക്കും കഴിയില്ല.
അവൻ വിഷമത്തോടെ ഓർത്തു.
NB : നിങ്ങളുടെ മക്കൾ വേണ്ട എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം വേണ്ട എന്ന് തന്നെയാണ്.
ഒരു പക്ഷേ അവർക്ക് ഇങ്ങനെയുള്ള എന്തെങ്കിലും അനുഭവങ്ങൾ ഉള്ളതുകൊണ്ട് ആയിരിക്കാം അവർ ഇങ്ങനെ പറയുന്നത്.
ചിലപ്പോൾ അവർക്ക് തുറന്നുപറയാൻ അറിയില്ലായിരിക്കാം.
അവർക്ക് കംഫർട്ട് അല്ല എന്ന് തോന്നുന്ന ആളുകളിൽ നിന്ന് അവരെ അകറ്റി നിർത്തുക. അവർക്ക് അങ്ങനെ തോന്നുന്നെങ്കിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകും.