അനാഥർ
(രചന: അരുണിമ ഇമ)
” ടീച്ചറെ … ക്ലാസ്സിലേക്ക് ഒന്ന് വേഗം വരുമോ…? അവിടെ അരവിന്ദ് കരയുന്നു.. ”
ഒരു ഇന്റർവെൽ സമയത്ത് സ്റ്റാഫ് റൂമിലേക്ക് ഓടി കയറി വന്നു കൊണ്ട് ക്ലാസ്സിലെ തന്നെ ഒരു പെൺകുട്ടി വന്നു പറഞ്ഞത് കേട്ട് ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റു.
എൽ പി ക്ലാസ്സ് ആയതു കൊണ്ട് തന്നെ ഇടക്കിടക്ക് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. എന്തെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ആയിരിക്കും എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ..
ആ പെൺകുട്ടിക്ക് പിന്നാലെ ക്ലാസ്സിലേക്ക് നടന്നു ഞാൻ.
“അരവിന്ദ് എന്തിനാ അർച്ചനെ കരയുന്നത്? ”
“ക്ലാസ്സിലെ എല്ലാരും കൂടി അവനെ കളിയാക്കുകയാണ് ടീച്ചറെ..”
ഒന്ന് പരുങ്ങി കൊണ്ട് അവൾ ഉത്തരം പറഞ്ഞു. എന്റെ നെറ്റി ചുളിഞ്ഞു.
ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയാണ് അരവിന്ദ്. പാഠഭാഗങ്ങൾ പെട്ടെന്ന് തന്നെ അവൻ മനസ്സിലാക്കി എടുക്കാറുണ്ട്.
പക്ഷേ കുറച്ച് നാളുകളായി അവന്റെ മുഖത്ത് വിഷാദം തങ്ങി നിൽക്കുന്നത് കാണുന്നുണ്ടായിരുന്നു.
അതിന്റെ കാരണം അവനോട് ചോദിച്ചിട്ടും ഒരു പുഞ്ചിരി മടക്കി നൽകിയത് അല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
യുപി സ്കൂളിൽ പഠിക്കുന്ന അവന്റെ ചേട്ടനോടും കാര്യം അന്വേഷിച്ചിരുന്നു. പക്ഷേ ആ കുട്ടിയും ഒന്നും തുറന്നു പറഞ്ഞില്ല.
ഈ അടുത്ത കാലത്തായി രണ്ടു കുട്ടികൾക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മാത്രം മനസ്സിലായി.
അതിന്റെ കാര്യ കാരണങ്ങൾ തുടർന്ന് അന്വേഷിക്കാൻ മെനക്കെട്ടതുമില്ല.
ഇപ്പോൾ ക്ലാസിലെ കുട്ടികൾ ഒന്നടങ്കം ആ കുട്ടിയെ കളിയാക്കുന്നു എങ്കിൽ അതിന് എന്തെങ്കിലും കാരണം ഉണ്ടാവും. അതെന്തായിരിക്കും എന്നുള്ള ചിന്തയോടെയാണ് ഞാൻ ക്ലാസിലേക്ക് നടന്നത്.
അർച്ചന വന്നു പറഞ്ഞതു പോലെ ഒരു കൂട്ടം വിദ്യാർഥികൾക്ക് നടുവിൽ തല കുനിച്ചു നിൽക്കുകയാണ് അവൻ. അവരൊക്കെ കൂട്ടത്തോടെ അവനെ കളിയാക്കുന്നുണ്ട്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
“എന്താ ഇവിടെ?”
പെട്ടെന്ന് എന്റെ ശബ്ദം കേട്ടതും കുട്ടികൾ സൈലന്റ് ആയി. ഓരോരുത്തരും എന്നെ ഭയത്തോടെ നോക്കി.
പക്ഷേ എന്റെ കണ്ണുകൾ തിരഞ്ഞത് അവനെ ആയിരുന്നു. അവന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട ഭാവം ആശ്വാസമായിരുന്നു എന്ന ഒറ്റ നോട്ടത്തിൽ ഞാൻ മനസ്സിലാക്കി.
“നിങ്ങളെല്ലാവരും കൂടി എന്തിനാ അരവിന്ദിനെ കളിയാക്കുന്നത്? അവൻ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?”
എന്റെ ചോദ്യത്തിന് കുട്ടികൾ തലകുനിച്ചു നിൽക്കുന്നത് അല്ലാതെ മറുപടിയൊന്നും പറയുന്നുണ്ടായിരുന്നില്ല.
” അർച്ചന പറയൂ എന്തു പറഞ്ഞാണ് ഇവരെല്ലാവരും കൂടി അരവിന്ദിനെ കളിയാക്കിയത്? ”
എന്റെ ചോദ്യത്തിന് മറുപടി പറയാൻ ആ കുട്ടി വല്ലാതെ വിഷമിക്കുന്നത് ഞാൻ കണ്ടു.
” അത് ടീച്ചറെ.. അരവിന്ദിന്റെ അമ്മ… ”
അത്രയും പറഞ്ഞു കൊണ്ട് അർച്ചന അരവിന്ദ് മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന വിഷാദം എന്നെ കൂടുതൽ വിഷമത്തിലാക്കി.
” അരവിന്ദിന്റെ അമ്മയ്ക്ക് എന്തു പറ്റി?”
ഉദ്വേഗത്തോടെ ഞാൻ ചോദിച്ചു. അമ്മയ്ക്ക് എന്തെങ്കിലും അപകടം പറ്റിയിരിക്കുമോ എന്ന് ഞാൻ ഒരു നിമിഷം സംശയിച്ചു.
ഒരു പുഞ്ചിരിയോടെ അരവിന്ദന്റെ കാര്യങ്ങൾ അറിയാൻ മുൻപ് സ്കൂൾ പിടിഎ യ്ക്ക് വന്നിരുന്ന ആ മുഖം ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു.
” അവന്റെ അമ്മ ആരുടെയോ കൂടെ ഓടിപ്പോയി ടീച്ചറെ..”
കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞത് കേട്ട് ഞാൻ തറഞ്ഞു നിന്നു പോയി. ആ വാർത്ത എന്നിൽ ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. എന്റെ കണ്ണുകൾ പെട്ടെന്ന് പാഞ്ഞത് അരവിന്ദന്റെ മുഖത്തേക്ക് ആയിരുന്നു.
അവന്റെ മുഖം കൂടുതൽ വിഷാദ പൂർണമാകുന്നതും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു.
എനിക്ക് അവന്റെ അവസ്ഥയിൽ സഹതാപം തോന്നി. അവനെ കൂട്ടത്തോടെ കളിയാക്കിയ കുട്ടികളോട് അരിശം തോന്നി.
അവന്റെ അമ്മ അങ്ങനെ ഒരു തെറ്റ് ചെയ്തെങ്കിൽ അതിൽ അവൻ എങ്ങനെയാണ് തെറ്റുകാരൻ ആകുന്നത്? അവനെ ഇങ്ങനെ കളിയാക്കേണ്ട ആവശ്യകത എന്താണ്?
” അവന്റെ അമ്മ അങ്ങനെ ഒരു തെറ്റ് ചെയ്തു എന്ന് തന്നെ ഇരിക്കട്ടെ. നിങ്ങൾ എല്ലാവരും കൂടി ചേർന്ന് എന്തിനാണ് ഈ കുട്ടിയെ കളിയാക്കുന്നത്? അതിനു മാത്രം എന്ത് തെറ്റാണ് ഇവൻ ചെയ്തത്? ”
ദേഷ്യം അടക്കാനാവാതെ ഞാൻ ആ കുട്ടികളോട് പൊട്ടിത്തെറിച്ചു. എന്റെ ആ ഭാവം കണ്ട് അവർ എല്ലാവരും ഭയന്നു എന്ന് ഉറപ്പാണ്.
” ഇത്രയും നേരം ഇവനെ കളിയാക്കാൻ എല്ലാവർക്കും നല്ല ഉത്സാഹം ആയിരുന്നല്ലോ.. എന്നിട്ട് ഇപ്പോൾ എന്തുകൊണ്ടാണ് മറുപടി ഇല്ലാതെ തലകുനിച്ചു നൽകുന്നത്? ”
ഞാൻ വീണ്ടും ചോദിച്ചു. അപ്പോഴേക്കും എന്റെ ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ക്ലാസിലെ അധ്യാപിക ക്ലാസ്സിലേക്ക് എത്തിനോക്കി.
” എന്തുപറ്റി ടീച്ചറെ? എന്താ പ്രശ്നം? ”
കുട്ടികളുടെ മുഖവും എന്റെ ദേഷ്യവും കണ്ടു ടീച്ചർ ചോദിച്ചു.
“ഞാൻ വിശദമായി പിന്നീട് പറയാം.. ഇപ്പോൾ ഇവിടെ കുറച്ചു കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ട്.”
ഞാൻ പറഞ്ഞത് കേട്ട് ശരിയെന്ന് തല കുലുക്കി കൊണ്ട് ടീച്ചർ അപ്പുറത്തെ ക്ലാസിലേക്ക് പോയി.
” ഇനി മേലിൽ ഈ ക്ലാസ്സിൽ ഇത്തരത്തിൽ ഒരു സംസാരം ഉണ്ടായി എന്ന് ഞാൻ അറിഞ്ഞാൽ…”
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഞാൻ അരവിന്ദന്റെ അടുത്തേക്ക് നടന്നു.
” മോൻ എന്റെ കൂടെ വാ.. ”
സ്നേഹത്തോടെയുള്ള എന്റെ വിളി അവന് സന്തോഷമാണോ സങ്കടമാണോ നൽകിയതെന്ന് ഇപ്പോഴും എനിക്കറിയില്ല.
എന്തുതന്നെയായാലും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനോട് എനിക്ക് അനുകമ്പ തോന്നി. കൂടുതൽ എതിർക്കാൻ നിൽക്കാതെ അവൻ എന്നോടൊപ്പം സ്റ്റാഫ് റൂമിലേക്ക് വന്നു.
ഇന്റർവെൽ സമയം കഴിഞ്ഞത് കൊണ്ടുതന്നെ ടീച്ചർമാർ എല്ലാവരും അവരവരുടെ ക്ലാസിലേക്ക് പോയിരുന്നു.
” ഇനി മോൻ ടീച്ചറോട് പറയുമോ.. അവർ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ?”
എന്റെ ചോദ്യം കേട്ട് അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
” അവർ പറഞ്ഞത് സത്യമാണ് ടീച്ചർ.. ”
വിങ്ങിപ്പൊട്ടി കൊണ്ടുള്ള ആ കുട്ടിയുടെ പറച്ചിലിൽ എനിക്ക് സങ്കടം വന്നു. പക്ഷേ കൂടുതലൊന്നും പറയാൻ ആ കുട്ടിക്ക് കഴിയുമായിരുന്നില്ല. അവനോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല.
അതുകൊണ്ട് തന്നെയാണ് യുപി സെക്ഷൻ പഠിക്കുന്ന അവന്റെ ചേട്ടനെ ഞാൻ വിളിച്ചു വരുത്തിയത്. ഞാൻ വിളിച്ചത് എന്റെ ഉദ്ദേശം പറഞ്ഞപ്പോൾ തന്നെ അവന്റെ മിഴികൾ സജലങ്ങളായി.
” ആ കുട്ടികൾ പറഞ്ഞത് ശരിയാ ടീച്ചറെ. ഞങ്ങളെയും ഞങ്ങളുടെ അച്ഛനെയും ഒക്കെ കളഞ്ഞിട്ട് ഞങ്ങളുടെ അമ്മ പോയതാണ്.
പക്ഷേ അമ്മ എന്തിനാ അങ്ങനെ ചെയ്തതെന്ന് ഇതുവരെയും ഞങ്ങൾക്ക് അറിയില്ല. അമ്മ പോയതോടെ അച്ഛനും ആകെ മാറിപ്പോയി. എപ്പോഴും കള്ളുകുടി ആണ്.
ജോലിക്ക് ആണെങ്കിൽ പോകുന്നില്ല. അയലത്തെ ആൾക്കാരുടെ കാരുണ്യം കൊണ്ടാണ് ഞങ്ങൾ ആഹാരം എങ്കിലും കഴിക്കുന്നത്.
പക്ഷേ എത്രയെന്നു വെച്ചാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്? എന്താ ചെയ്യേണ്ടതെന്ന് സത്യമായി ഞങ്ങൾക്ക് അറിയില്ല ടീച്ചർ.
അത് പോരാഞ്ഞിട്ടാണോ ഈ സ്കൂളിലെ കുട്ടികളുടെ കളിയാക്കൽ? ”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആ കുട്ടി കരഞ്ഞിരുന്നു. അവരുടെ അവസ്ഥയിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. അതിനേക്കാളേറെ അവന്റെ അമ്മയോട് ദേഷ്യവും.
അവന്റെ അമ്മയുടെ പ്രവർത്തിയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഈ കുട്ടികളാണ്. അമ്മ പോയതോടെ തകർന്നുപോയ അച്ഛൻ.
അയാൾ അവരെ അത്രത്തോളം സ്നേഹിച്ചത് കൊണ്ടായിരിക്കും അല്ലേ അവരുടെ പെരുമാറ്റം അയാളെ തകർച്ചയിലേക്ക് നയിച്ചത്? പക്ഷേ അത് മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ലല്ലോ..
എനിക്ക് അവരെ ഓർത്തു പുച്ഛം തോന്നി.
ആ കുട്ടികൾക്ക് വേണ്ടി എന്ത് ചെയ്തു കൊടുക്കാൻ കഴിയുമെന്നാണ് പിന്നീട് ഞാൻ ചിന്തിച്ചത്. അവരെ ആശ്വസിപ്പിച്ച് ക്ലാസിലേക്ക് അയക്കുമ്പോൾ എന്റെ മനസ്സിൽ വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടായിരുന്നു .
മറ്റ് ടീച്ചർമാരും ആയി സംസാരിച്ച് അവരുടെ അച്ഛനെ സ്കൂളിലേക്ക് വിളിച്ചു വരുത്തി സംസാരിക്കാൻ തീരുമാനിച്ചു.
ഒന്നും അറിയാത്ത ആ കുട്ടികളുടെ ഭാവി ഇരുട്ടിൽ ആകാൻ പാടില്ല.
അവരുടെ അച്ഛനോട് സംസാരിക്കുമ്പോൾ അയാൾക്ക് എന്തെങ്കിലും ഒരു മാറ്റം വന്നാൽ ആ കുട്ടികളെ സംബന്ധിച്ച് അത് വലിയ ഒരു സഹായം ആയിരിക്കും.
ഒരു മാറ്റത്തിന് അയാൾ തയ്യാറല്ലെങ്കിൽ മാത്രം മറ്റൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയല്ലോ..
അയാൾ മാറും എന്നു തന്നെയാണ് പ്രത്യാശ.. അമ്മമാരും അച്ഛന്മാരും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുമ്പോൾ നഷ്ടമായി പോകുന്നത് കുട്ടികളുടെ ബാല്യമാണ് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമാണ് മിക്കപ്പോഴും ഉള്ളത്.
അച്ഛനും അമ്മയും സ്വന്തം സുഖം തേടി പോകുമ്പോൾ അതിൽ അനാഥരായി പോകുന്ന മക്കളെ കൂടി ഓർക്കണം…