എന്നെ വെറുതെ വിടണം… ഞാനും എന്റെ പാവം അനിയത്തിയും അമ്മയും എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ..നന്ദന്റെ തൊണ്ടയിടറി

(രചന: Bhadra Madhavan)

നന്ദേട്ടാ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ.. എത്ര കാലായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു… കയ്യിലൊരു പുസ്തകവും ചൂരൽ വടിയുമായി ഇടവഴിയിലൂടെ പ്രധാനവഴിയിലേക്ക് കേറിയപ്പോൾ

അവിടെ നിന്ന ഭദ്രയെ കണ്ടു പിന്തിരിഞ്ഞു നടന്ന നന്ദന്റെ പിന്നാലെ ചെന്നു കരയും പോലെയാണ് ഭദ്ര അത്രയും പറഞ്ഞത്

നന്ദൻ അവളുടെ മുഖത്തേക്കൊന്നു നോക്കി…കൊച്ച്കുട്ടികളെ പോലെ കുസൃതി നിറഞ്ഞൊരു കൊച്ച് മുഖം…

പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷണതയുണ്ടായിരുന്നു.. ആരെയും മത്തു പിടിപ്പിക്കുന്ന ആ കരിംകൂവള മിഴികളിൽ അയാളോടുള്ള അവളുടെ അടങ്ങാത്ത പ്രണയം കാണാമായിരുന്നു

എന്റെ പൊന്നുഭദ്രകുട്ടി… നീ എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കരുത്…അല്ലേൽ തന്നെ എനിക്ക് നൂറായിരം പ്രശ്നങ്ങളുണ്ട്…

അതിന്റെ ഇടയില് നാലപ്പാട്ടെ തമ്പുരാന്റെ മോളെ പ്രേമിക്കാനും കൂടി ഈ പാവം സ്കൂൾ മാഷ്ക്ക് വയ്യ കുട്ടി….

അത്കൊണ്ട് എന്നെ വെറുതെ വിടണം… ഞാനും എന്റെ പാവം അനിയത്തിയും അമ്മയും എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ..നന്ദന്റെ തൊണ്ടയിടറി

അങ്ങനെ വെറുതെ വിടാനൊന്നും പറ്റൂല….ഒന്നും രണ്ടും കൊല്ലമല്ല വർഷം കൊറേയായി എന്റെ ഉള്ളിൽ ഞാൻ കൊണ്ട് നടക്കുന്ന ആളാ ഇത്….

അങ്ങനെയൊന്നും മറക്കാനോ വേണ്ടെന്നു വെക്കാനോ എനിക്ക് സാധിക്കില്ല…ഭദ്രയുടെ കണ്ണ് തുളുമ്പി

ആ കണ്ണ് നിറഞ്ഞതും നന്ദന്റെ ഉള്ളിലൊരു നോവ് നിറഞ്ഞു….

നാലപ്പാട്ടെ അനന്തൻതമ്പ്രാൻ ദാനമായി നൽകിയ ഭൂമിയിൽ ഒരു കൊച്ച്ഓലപ്പുര പണിതു അതിലായിരുന്നു താനും അച്ഛനും അമ്മയും അനിയത്തിയും താമസിരിച്ചിരുന്നത്..

അച്ഛന് നാലപ്പാട്ടേ പറമ്പിലും അമ്മയ്ക്ക് അവിടുത്തെ അടുക്കളയിലുമായിരുന്നു ജോലി…. ഓർമ വെച്ച കാലം മുതലേ താൻ ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു…

ഒരിക്കൽ കറുത്ത അരനിക്കറുമിട്ട് തിണ്ണയിൽ അമർന്നിരുന്നു തമ്പുരാട്ടി തന്ന അവിലും പഴവും കൊതി തീരും വരെ വാരിതിന്നുമ്പോഴാണ്

തമ്പുരാട്ടിയുടെ നേര്യതിന്റെ തുമ്പും ചുരുട്ടി പിടിച്ചു തമ്പ്രാട്ടിയുടെ പുറകിൽ നിന്നു തന്നെ ഒളിഞ്ഞു നോക്കുന്ന ആ പാവാടകാരിയെ ആദ്യമായി കാണുന്നത്….

ചുണ്ടിന്റെ കോണിൽ പറ്റിപിടിച്ചിരുന്ന അവിൽതരികൾ പുറം കയ്യാൽ തുടച്ചു മാറ്റി

താനവളെ നോക്കി വെളുക്കെ ചിരിക്കവേ അവൾ കുപ്പിവള ചിതറും പോലെ പൊട്ടി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടിപോയി

നീ കണ്ടിട്ടില്ലല്ലോ ഭദ്രയെ..ന്റെ മോളാ.. അവള് എന്റെ വീട്ടിലായിരുന്നു വളർന്നത്, അതാണ് ഇവിടെ കാണാഞ്ഞത് ഇനി ഇവിടെ കാണും…

നന്ദു വേണംട്ടോ ഭദ്രയെ നോക്കാൻ… അവൾക്ക് ഇവിടെയൊന്നും തീരെ പരിചയമില്ലല്ലോ…

മഞ്ഞ പട്ടുപാവാടയും ഇളക്കി അവൾ ഓടിപ്പോയത് നോക്കിയിരിക്കുന്ന തന്നോട് തമ്പ്രാട്ടി പറഞ്ഞു

മ്മ് ഞാൻ നോക്കിക്കോളാം…. വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്ത ഭാവത്തിൽ തല കുലുക്കി കൊണ്ട് താൻ വീണ്ടും അവിൽ വാരി കഴിച്ചു

അന്ന് തന്റെ പന്ത്രണ്ടാം വയസിൽ താൻ ചേർത്ത് പിടിച്ചതാണ് അവളുടെ കുഞ്ഞികൈ… തന്നെ വലിയ കാര്യമായിരുന്നു…എന്തിനും ഏതിനും താൻ വേണമായിരുന്നു…

എല്ലാവർക്കും അവൾ ഭദ്രയായിരുന്നുവെങ്കിലും തനിക്കും തന്റെ അമ്മയ്ക്കും അവൾ കുഞ്ഞി ആയിരുന്നു….

കുഞ്ഞിയെന്നു നീട്ടി വിളിക്കുമ്പോൾ കാലിലെ കൊലുസും കുലുക്കികൊണ്ട് അവൾ ഓടി വരുന്നത് കാണാൻ തന്നെയൊരു ചന്തമായിരുന്നു….

സ്കൂളിൽ പോവാനും തൊടിയിൽ കളിക്കാനും കുളത്തിൽ പരല്മീനുകൾക്കൊപ്പം നീന്തിതുടിക്കാനുമൊക്കെ താൻ തന്നെ വേണമവൾക്ക് കൂട്ട്…..താൻ സ്കൂളിൽ പോയില്ലെങ്കിൽ അവളും പോവില്ല…

ഒരു ദിവസം തന്നെ നാലപ്പാട്ട് കണ്ടില്ലെങ്കിൽ അന്നവൾക്ക് വെപ്രാളമാണ്…പിന്നെ ഓടിവരും തന്റെ വീട്ടിലേക്ക്…..

വെറുമൊരു ജോലിക്കാരിയായ തന്റെ അമ്മയുടെ കയ്യിൽ നിന്നും എത്ര ചോറുരുള വാരി തിന്നവളാണെന്നറിയോ നാലപ്പാട്ടെ അനന്തൻതമ്പ്രാന്റെ മോള് ഭദ്ര….

നാലപ്പാട്ടെ അനന്തൻതമ്പ്രാനെന്നു കേട്ടാൽ എല്ലാവർക്കും ബഹുമാനമായിരുന്നു….

സാധാരണ ജന്മികളെ പോലെ തന്റെ തൊഴിലാളികളെ ഉപദ്രവിക്കാനോ അവരിൽ നിന്നു പിടിച്ചു പറിക്കാനോ അയാൾ നിന്നിട്ടില്ല….പണിയെടുത്താൽ ആ പണിക്ക് അർഹിക്കുന്ന കൂലി തന്നെ എല്ലാവർക്കും കൊടുക്കുമായിരുന്നു…

സംഗീതത്തോടും കലകളോടും വലിയ താല്പര്യമായിരുന്നു.. ഈ നാട്ടിൽ ആദ്യമായി ഒരു സ്കൂള് പണിയുന്നത് അദ്ദേഹമായിരുന്നു….തറവാട്ടിലെ മറ്റുള്ളവരെ പോലെ ജാതിയും മതവും നോക്കി ആരെയും അദ്ദേഹം വേർതിരിച്ചു കണ്ടിട്ടില്ല…

സമൂഹത്തിൽ നടന്ന പല അന്യായങ്ങളെയും എതിർത്തിട്ടുണ്ട്… പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്…. എല്ലാം കൊണ്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് നാലപ്പാട്ടെ തമ്പ്രാൻ..

നമ്മുടെ തമ്പ്രാൻ ക മ്മ്യൂ ണി സ്റ്റ് ആടി.. അതാണ് ഇങ്ങനെയൊക്കെ ….

ഒരിക്കൽ അച്ഛൻ അമ്മയോട് പറഞ്ഞുകേട്ടതാണ്….ആ പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും തമ്പ്രാൻ നല്ലവനാണെന്നു മാത്രം തനിക്കറിമായിരുന്നു.. അത്കൊണ്ട് തന്നെ തന്റെ മനസിൽ തമ്പുരാന് ദൈവത്തിന്റെ സ്ഥാനമായിരുന്നു

കാലം മുന്നോട്ട് പോകെ എല്ലാവരുടെയും ഭദ്രകുട്ടി, തന്റെ കുഞ്ഞി, വയസറിയിച്ചു… അതുകൊണ്ടാണോ എന്നറിയില്ല അവൾ പിന്നെ തനിക്ക് ഒപ്പം കളിക്കാനോ കുളത്തിൽ നീന്താനോ വന്നില്ല…. പകരം കാണുമ്പോൾ നാണത്തോടെ ഒരു പുഞ്ചിരി സമ്മാനിക്കും….തിരിച്ചു താനും…

തുള്ളിക്ക് കുടം കണക്കെ പെയ്യുന്ന ഒരു നശിച്ച വർഷകാലത്താണ് തങ്ങളുടെ ജീവിതത്തിൽ കറുപ്പ് വീഴുന്നത്

പാടത്തു വെള്ളം കയറിയത് നോക്കാൻ പോയ അച്ഛനെ പിന്നെ കാണുന്നത് പിറ്റേന്ന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിലാണ്…. കണ്ണൊക്കെ തുറിച്ചുന്തി കൈവെള്ള രണ്ടും ചുരുട്ടി പിടിച്ചു കടവായിലൂടെ ചോരയൊലിപ്പിച്ചു…..

പാതിരാത്രിയ്ക്ക് പാടത്തൂടെ ഇറങ്ങി നടന്നു വല്ല തെണ്ടനെയും മാടനെയും കണ്ടു പിടിച്ചു വെള്ളത്തിൽ വീണു ചത്തതാവും…ചിണുങ്ങി പെയ്യുന്ന മഴയ്ക്കിടയിലും ആരോ പറഞ്ഞത് താൻ വ്യക്തമായി കേട്ടു….

അന്ന് ചുവപ്പ്പട്ടിൽ പൊതിഞ്ഞു മുറ്റത്ത് കിടത്തിയിരുന്ന അച്ഛന്റെ ശരീരം കാണാൻ നാലപ്പാട്ട്‌ നിന്നും ആരൊക്കെയോ വന്നിരുന്നു….കരഞ്ഞു തളർന്നിരുന്ന തന്റെ തോളത്ത് ബലമുള്ളൊരു കയ്യമർന്നു…

തല തിരിച്ചു നോക്കവേ ഒന്ന് ഞെട്ടി…. നാലപ്പാട്ടെ തമ്പ്രാൻ….

തന്നെയും ചേർത്ത് പിടിച്ചു ആൾത്തിരക്കിൽ നിന്നും മാറി നിന്നു അദ്ദേഹം സ്നേഹത്തോടെ നെറുകയിൽ തലോടി….

നന്നായി പഠിക്കണം നീ….നിനക്ക് അമ്മയുംഅനിയത്തിയും അവർക്ക് നീയുമേയുള്ളു ഇനി…രാമന്റെ വേർപാട് അതെനിക്ക് വല്ലാത്തൊരു വേദന തന്നെയാണ്….നല്ലവനായിരുന്നു നിന്റെ അച്ഛൻ… പക്ഷെ…അദ്ദേഹം ഒന്ന് നിർത്തി

പഠിച്ചു നല്ല നിലയിലെത്തട്ടെ…. തന്റെ തലയിൽ കയ്യ് വെച്ചൊന്നു അനുഗ്രഹിച്ചിട്ട് കണ്ണ് തുടച്ചു കൊണ്ട് തമ്പ്രാൻ അകന്നുപോയി

പിന്നീടങ്ങോട്ട് ജീവിതത്തിൽ തോറ്റു പോവാതിരിക്കാനുള്ള നെട്ടോട്ടമായിരുന്നു…..നല്ല വണ്ണം പഠിച്ചു പഠിച്ച ക്ലാസ്സിലൊക്കെയും ഒന്നാമനായി.. നാലപ്പാട്ട്കാരുടെ സ്കൂളിൽ തന്നെ മാഷായി ജോലിക്ക് കയറുകയും ചെയ്തു

ഭദ്ര പ്രീഡിഗ്രി പാസ്സായപ്പോൾ നാലപ്പാട്ട് എല്ലാവർക്കും പായസം വിളമ്പി…. പായസവും കുടിച്ചു ആരും കാണാതെ അവൾക്കുള്ള സമ്മാനമായി താൻ വാങ്ങിയ വെള്ളികൊലുസ് നീട്ടുമ്പോൾ അവൾ കണ്ണീരോടെ തന്നെ വാരിപുണർന്നു…

താനൊന്നു ഞെട്ടി… പകപ്പോടെ അവളെ ദേഹത്ത് നിന്നു അടർത്തി മാറ്റി

കുഞ്ഞി എന്താ ഈ കാണിക്കണേ… വിറച്ചു കൊണ്ട് താൻ ചുറ്റും നോക്കി

എനിക്ക് നന്ദേട്ടനെ ഇഷ്ട്ടാണ്…. നന്ദേട്ടനോട് പ്രേമമാണ്…. നന്ദേട്ടനില്ലാതെ ജീവിക്കാൻ കഴിയില്ല…. തേങ്ങി കരഞ്ഞു കൊണ്ട് അവൾ വീണ്ടും തന്നെ വാരി പുണർന്നു

പേടിയോടെ താനവളെ പിടിച്ചു മാറ്റി….

പാടില്ല കുട്ടി… ഇതൊന്നും ശരിയല്ല…. അത്രേ പറഞ്ഞുള്ളു… തലയ്ക്കകത്തു ഇരുട്ട് കേറും പോലെ…..

കയ്യിൽ കരുതിയ ആ കുഞ്ഞ്സമ്മാനം അവളുടെ കയ്യിൽ ഏല്പിച്ചു തിരിയുമ്പോൾ കാണുന്നത് തന്റെ അമ്മയെയാണ്

ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു… കിടക്കയിലേക്ക് ചാരികിടന്നു കണ്ണടച്ചു…പെട്ടന്നാരോ തലയിൽ തലോടി

മോനെ….. അമ്മയാണ്

എന്താ അമ്മേ…

പാടില്ല മോനെ…. ഭദ്ര നല്ല മോളാ… അച്ഛനെ പോലെ ഒരു പാവംകുട്ടി… മോന്റെ ഉള്ളിലും ചിലപ്പോൾ ഒരിഷ്ടം തോന്നിയിട്ടുണ്ടാവും പക്ഷെ പാടില്ല മോനെ…. അവര് വല്ല്യ ആൾക്കാരാ…

നമ്മള് ജീവിച്ചതെല്ലാം അവരുടെ കാരുണ്യം കൊണ്ടാ… അച്ഛൻ പോയതിനു ശേഷവും നമ്മള് പട്ടിണിയില്ലാതെ ജീവിച്ചത് അവരുടെ സഹായം കൊണ്ടാ… അവരുടെ ശാപം എന്റെ മോന്റെ മേൽ പതിയരുത്… അമ്മ കണ്ണ് തുടച്ചു

ഇല്ല അമ്മേ….അമ്മയുടെ മോൻ തെറ്റൊന്നും ചെയ്യില്ല… പോരെ…ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട് അത് ഞാനായിട്ട് തകർക്കില്ല അമ്മേ…. വാക്ക്…

ഉള്ളിൽ എവിടെയോ എന്തിനെന്നറിയാതെ ഉടലെടുത്ത വേദനയേ മറച്ചു പിടിച്ചു താൻ അന്ന് അമ്മയ്ക്ക് സത്യം ചെയ്യ്തു കൊടുത്തു

പിന്നെ താൻ ഭദ്രയെ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു…. തന്നെ തിരക്കി വീട്ടിലെത്തിയ അവളെ അമ്മ നീറ്റലോടെ തിരിച്ചയച്ചു…..പലപ്പോഴും സങ്കടം കൊണ്ട് കണ്ണ് തുളുമ്പിപോയിട്ടുണ്ട്… പക്ഷെ ഭദ്രയുടെ നല്ലതിന് വേണ്ടിയല്ലേ എന്ന് കരുതി ആശ്വസിച്ചു

പിന്നെയും കാലം മുന്നോട്ട് പോയി…. ഭദ്ര തുടർ പഠനത്തിന് വേണ്ടി ടൗണിലേക്ക് പോയി…. പോവും മുൻപ് തന്നെ കാണാനായി വന്നെങ്കിലും അമ്മ സമ്മതിച്ചില്ല…പക്ഷെ ആരുമറിയാതെ താൻ ഒളിച്ചിരുന്നു കണ്ടു..അവൾ യാത്രയായി പോവുന്നത്

തന്റെ ഉള്ളിന്റെ ഉള്ളിൽ അവളില്ലെ…. താൻ പോലുമറിയാതെ താൻ അവളെ പ്രേമിക്കുന്നില്ലേ…. അറിയില്ല…. ഉണ്ടാവും….

പക്ഷെ പാല് തന്ന കൈയ്ക്ക് തിരിച്ചു കടിക്കരുത്….. എന്തൊക്കെയായാലും താൻ നാലപ്പാട്ടെ ജോലിക്കാരന്റെ മോനാണ് ആ സ്ഥാനത് മാത്രേ നിൽക്കാവൂ… അവൾ പോയി പഠിക്കട്ടെ…. നന്നായി ജീവിക്കട്ടെ

കൊല്ലങ്ങൾ അതിവേഗം ഓടിമറഞ്ഞു… നാലപ്പാട്ട് തറവാട് ക്ഷയിച്ചു…തല മൂത്ത പല കാർന്നോമ്മാരും പരലോകം പൂകി…. തറവാട്ടിൽ തമ്പ്രാനും തമ്പ്രാട്ടിയും മാത്രമായി….

അമ്മയിപ്പോഴും അവിടെത്തെ ജോലിക്കാരി തന്നെയാണ്… പഠിത്തം കഴിഞ്ഞു ഒരു അധ്യാപികയായി ഭദ്ര തിരിച്ചെത്തി….സ്വന്തം സ്കൂളിൽ തനിക്കൊപ്പം അവളും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി

അത്രയും നാളത്തെ പരിഭവങ്ങളെല്ലാം മറന്നു താൻ അവളുടെ പഴയ നന്ദേട്ടനായി…. പക്ഷെ വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ താനിപ്പോഴും ഉണ്ടെന്നവൾ പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന നിറഞ്ഞു മനസ്സിൽ

വീണ്ടും താനവളെ അവഗണിക്കാൻ തുടങ്ങി…. കുറെയെല്ലാം പറഞ്ഞു നോക്കി…. പക്ഷെ അവൾ പിന്മാറാൻ തയ്യാറിയില്ല…. എന്ത് വേണമെന്നറിയാതെ താൻ ഉഴറിപോയിട്ടുണ്ട്….

പട്ടണത്തിലൊക്കെ പോയി പഠിച്ചു വരുമ്പോൾ തന്നെ മറക്കുമെന്നു കരുതിയെങ്കിലും തെറ്റിപ്പോയി… അവളുടെ മനസും ചിന്തയും ഇപ്പോഴും നന്ദനെന്ന തന്നിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്

ഏയ്‌ നന്ദേട്ടാ…. നന്ദേട്ടൻ എന്താ ആലോചിക്കുന്നേ….

നന്ദനൊന്നു ഞെട്ടി… താൻ ഭദ്രയ്ക്ക് മുന്പിലാണെന്നും തങ്ങൾ നിൽക്കുന്നത് പൊതുവഴിയിൽ ആണെന്നും അയാൾക്ക് പെട്ടന്ന് ഓർമ വന്നു

നോക്കു ഭദ്രേ…കുട്ടിയിനി എന്റെ പിന്നാലെ നടക്കരുത്… കുട്ടിക്ക് ചേർന്നൊരു പയ്യനല്ല ഞാൻ…. ഞാൻ പാവമൊരു സ്കൂൾ മാഷാണ്…. കുട്ടിയുടെ ജാതി വെച്ചു നോക്കുമ്പോൾ ഞങ്ങൾ ഒരുപാട് താണത്… ഇതൊന്നും ശരിയല്ല കുട്ടി…. നന്ദൻ പറഞ്ഞു

ജാതിയൊക്കെ മനുഷ്യൻ ഉണ്ടാക്കി വെച്ചതല്ലേ നന്ദേട്ടാ….ഇനി എന്തൊക്കെ പറഞ്ഞാലും ശരി എന്റെ ജീവിതത്തിൽ നന്ദേട്ടൻ അല്ലാതെ വേറെയൊരു പുരുഷൻ ഉണ്ടാവില്ല….ഭദ്രയുടെ മുഖം ചുവന്നു

നടക്കില്ല.. നന്ദന്റെ സ്വരം കടുത്തു

നടക്കും… നടക്കും…ഭദ്ര വാശിയോടെ നിന്നു വിറച്ചു

അറിയാതെ പെട്ടന്ന് നന്ദന്റെ കൈ ഉയർന്നു ഭദ്രയുടെ കവിളിൽ പതിഞ്ഞു

വേദനയാൽ ഭദ്രയുടെ കണ്ണ് നിറഞ്ഞൊഴുകി

എത്ര തല്ലിയാലും അവഗണിച്ചാലും ഞാൻ ഇട്ടേച്ചു പോവില്ല…. വാ പൊത്തി കരഞ്ഞു കൊണ്ട് ഭദ്ര വീട്ടിലേക്കോടി

ഛെ… വേണ്ടായിരുന്നു….നന്ദന് ദുഃഖം തോന്നി…. ദേഷ്യം വന്നപ്പോൾ അറിയാതെ പറ്റിപോയതാണ്….. ഈ കുട്ടിയെന്താണ് ഇങ്ങനെ….. എത്ര പറിച്ചെറിഞ്ഞിട്ടും ഇത്തിൾകണ്ണി പോലെ ഈ പെണ്ണിങ്ങനെ തന്റെ നെഞ്ചിൽ എന്തിനാണിങ്ങനെ പടർന്നു കയറുന്നത്…

കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി വന്ന ഭദ്ര സ്വീകരണ മുറിയിൽ വല്ല്യമാമയോട് സംസാരിച്ചിരുന്ന അച്ഛനെ കണ്ടു ഒന്ന് പകച്ചു…

മകളുടെ വാടിയ മുഖവും കലങ്ങിയ കണ്ണുകളും അനന്തൻതമ്പ്രാനിൽ പരിഭ്രാന്തി നിറച്ചു…

അയാളെ നോക്കി വെറുതെയൊന്നു ചിരിച്ചു കൊണ്ട് ഭദ്ര മുറിയിലേക്ക് നടന്നു….മുറിയിലെ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു

മോളെ…. അവളുടെ മുടിയിൽ ആരോ തലോടി

അവൾ തല തിരിച്ചു നോക്കി

അച്ഛനാണ്

അച്ഛാ…. അവൾ അയാളുടെ നരച്ച നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചു കരഞ്ഞു

എന്തിനാ മോള് കരഞ്ഞേ…. അയാൾ മകളെ അരുമയായി തലോടി

ഭദ്രയോന്നു മടിച്ചു….എന്നായാലും എല്ലാവരും അറിയണ്ടേ അതിപ്പോൾ തന്നെ ആയിക്കോട്ടെ..ഭദ്ര തന്റെ മനസിലുള്ള ഇഷ്ട്ടവും നന്ദന്റെ അവഗണനയും അച്ഛനോട് പറഞ്ഞു

പറഞ്ഞ ശേഷം അവൾ അച്ഛനെയൊന്നു നോക്കി….വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച അവളെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു

ഭദ്രയുടെ മുഖം വിടർന്നു….

അല്ല അനന്താ നിന്റെ മോൾക്കെന്താ ഭ്രാന്താണോ..ഈ ലോകത്ത് വേറെ ചെക്കമ്മാരോന്നും ഇല്ലാഞ്ഞിട്ടാണോ ഇവിടുത്തെ പണിക്കാരന്റെ മോനെ കിട്ടാനിങ്ങനെ വാശി പിടിക്കുന്നത്…. വാതിൽ പടിയിൽ മറഞ്ഞു നിന്ന് എല്ലാം കേട്ട വല്യമ്മാമ മുറിയിലേക്ക് കേറി വന്നു

അതിനിപ്പോ നന്ദനെന്താ ഒരു കുറവ്…. അവൻ മിടുക്കനല്ലേ… പഠിപ്പുണ്ട്… ജോലിയുണ്ട്.. ചങ്കുറപ്പുണ്ട്….രാമൻ പോയേ പിന്നെ കഷ്ട്ടപെട്ടു പഠിച്ചു ജോലി വാങ്ങി നല്ലൊരു വീട് വെച്ചു നല്ല നിലയിൽ എത്തിയ ചെറുപ്പക്കാരനാണ് അയാൾ…. എന്റെ മോളെ അവൻ പൊന്നു പോലെ നോക്കും…. അനന്തൻ തമ്പ്രാൻ പറഞ്ഞു

എന്തൊക്കെ പറഞ്ഞാലും അവന്റെ ജാതി നമ്മുടെ താഴെയാണ്… നമ്മുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവന് മോളെ കൈ പിടിച്ചു ഏൽപ്പിക്കുകയെന്നു പറഞ്ഞാൽ അത്ര ശരിയല്ല…. വല്ല്യമാമ വിടാൻ ഉദ്ദേശമില്ല

ജാതിയും മതവുമൊക്കെ മനുഷ്യരുടെ നിർമിതിയല്ലേ…അതിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കണ്ടേ കാര്യമില്ല…. നല്ലൊരു മനസാണ് വേണ്ടത്…. അതവനുണ്ട്.. അതുമതി…

എടോ പുരോഗമനമൊക്കെ നല്ലതാണ്… പക്ഷെ സ്വന്തം മകളുടെ ജീവിതം വെച്ചു കളിക്കരുത്…. ഞാൻ പറയാനുള്ളത് പറഞ്ഞു…തന്റെ മോള്… തന്റെ ഇഷ്ടം പോലെ ചെയ്യ്… വല്ല്യമാമ നീരസതോടെ ചുമലിൽ കിടന്ന മേൽമുണ്ട് കുടഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…

അനന്തൻ തമ്പ്രാൻ ചിരിയോടെ മകളെ നോക്കി കണ്ണിറുക്കി ചിരിച്ചു

എടാ നന്ദാ…. എണീക്കടാ ദേ തമ്പ്രാനും കുടുംബവും വന്നേക്കുന്നു….

ഞായറാഴ്ച ആയത് കൊണ്ട് സുഖമായി ഉറങ്ങുകയായിരുന്ന നന്ദനെ അമ്മ കുലുക്കി വിളിച്ചു

നന്ദൻ ഞെട്ടി എണീച്ചു..ഇന്നലെ ഭദ്രയെ തല്ലിയ കാര്യമെങ്ങാനും അറിഞ്ഞു വന്നതാവുമോ.. നന്ദൻ വേഗം മുഖം കഴുകി… അടുക്കളയിൽ അനിയത്തിയോട് സംസാരിക്കുന്ന ഭദ്രയുടെ ശബ്ദം അവൻ കേട്ടു…നന്ദൻ വസ്ത്രം ധരിച്ചു ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു

തമ്പ്രാനും തമ്പ്രാട്ടിയും അമ്മ കൊടുത്ത കാപ്പി കുടിക്കുകയാണ്…. നന്ദനെ കണ്ടപ്പോൾ അനന്തൻ ചിരിച്ചു

ഇരിക്കടോ… അനന്തൻ മുൻപിൽ കിടന്ന കസേരയിലേക്ക് കൈ കാണിച്ചു

വേണ്ട അങ്ങുന്നേ ഞാൻ ഇവിടെ നിന്നോളാം…. നന്ദന്റെ മുഖത്ത് ബഹുമാനം നിറഞ്ഞു

സീതേ… വളച്ചു കെട്ടില്ലാതെ വന്ന കാര്യം പറയുകയാണ്..എന്റെ മകൾക്ക് സീതയുടെ മകനെ വരനായി ആലോചിക്കാനാണ് ഞങ്ങൾ വന്നത്…. അനന്തൻ തമ്പ്രാൻ നന്ദന്റെ അമ്മയെ നോക്കി

പകപ്പോടെ നന്ദനും അമ്മയും പരസ്പരം നോക്കി

അങ്ങുന്നേ… അത് ശരിയാവില്ല… അവിടുത്തെ ഉപ്പും ചോറും തിന്നു വളർന്നൊരു സാധുവാണ് എന്റെ മോൻ…. അങ്ങുന്നിന്റെ മരുമകൻ ആവാനുള്ള യോഗ്യതയൊന്നും എന്റെ മോനില്ല….ഞങ്ങൾ ആണെങ്കിൽ ജാതിയിൽ താണതുമാണ്… സീത വിറയലോടെ പറഞ്ഞു

ജാതിയോ…. എന്ത് ജാതി…. ഈ ലോകത്ത് രണ്ടേ രണ്ടു ജാതിയെയുള്ളു സീതേ… ഒന്ന് ആണ് മറ്റൊന്ന് പെണ്ണ്….. പിന്നെ നന്ദന് പഠിപ്പും ജോലിയും തന്റേടവും ഉണ്ട്… ഒരു പെണ്ണിനെ പോറ്റാൻ അത് മതി യോഗ്യതയായിട്ടു…. ഇവൻ രാമന്റെ മകനാണ്… വഴി പിഴച്ചു പോവില്ലെന്നറിയാം….

എന്താ നന്ദാ….. നിനക്ക് ഇഷ്ടമല്ലേ ഭദ്രയെ…. തമ്പ്രാൻ നന്ദനെ നോക്കി

നന്ദന്റെ കണ്ണുകൾ ഒരുനിമിഷം ഭദ്രയുടെ മുഖത്ത് തറഞ്ഞു നിന്നു… ആ കണ്ണുകൾ തന്നോട് കെഞ്ചുംപോലെ അവന് തോന്നി… അവൾക്ക് ആ പഴയ പട്ടുപാവാടകാരിയുടെ നിഷ്കളങ്കതയാണിപ്പോഴുമെന്നും അയാൾക്ക് ഒരു നിമിഷം വെറുതെ തോന്നി…..

ഇഷ്ട്ടമാണ്…. നന്ദന്റെ ചുണ്ട് ചലിച്ചു

അത് കേട്ടതും അകത്തു നിന്ന ഭദ്രയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങി

പിന്നെയും എന്തൊക്കെയോ അവിടെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.. പക്ഷെ അതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല… അവളുടെ മനസൊരു പഞ്ഞിത്തുണ്ടു പോലെ ഒഴുകുകയായിരുന്നു… എന്നാൽ ഞങ്ങളിറങ്ങട്ടെ…. എല്ലാം പറഞ്ഞപോലെ….. തമ്പ്രാൻ നന്ദന്റെ തോളത്തു തട്ടി

വാ മോളെ ഇറങ്ങാം… അനന്തൻ മകളെ വിളിച്ചു…. മൂവരും പോവുന്നത് നോക്കി നിന്ന ശേഷം നന്ദനും അമ്മയും അകത്തു കയറി…. തന്റെ മുറിയിലെ ജനാലയ്ക്കൽ ഒന്നും വിശ്വസിക്കാൻ കഴിയാതെ നന്ദൻ നിന്നു . പെട്ടന്നാരോ പുറകിലൂടെ അവനെ കെട്ടിപിടിച്ചു… അവൻ ഞെട്ടി തിരിഞ്ഞു

അതവളായിരുന്നു ഭദ്ര

നീ പോയില്ലേ… നന്ദന്റെ ചുണ്ട് വിറച്ചു

പോയി…പിന്നെ ഒരു സാധനം എടുക്കാൻ മറന്നെന്നു പറഞ്ഞിങ്ങു പോന്നു…. ഭദ്രയുടെ കണ്ണിൽ കുസൃതി മിന്നി.. നന്ദൻ ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി

നന്ദേട്ടാ…..

എന്താടി…

ഒരിക്കൽ കൂടി എന്നെ കുഞ്ഞി എന്ന് വിളിക്കുമോ…. നന്ദേട്ടൻ മറന്നു പോയ സ്നേഹം ചാലിച്ച ആ പഴയ വിളി…..

നന്ദന്റെ കണ്ണ് നിറഞ്ഞു….അയാൾ ഭദ്രയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു .. കുഞ്ഞി… അവളുടെ ചെവിക്ക് താഴെ ചുണ്ടമർത്തി അയാൾ വിളിച്ചു..

ആ വിളിയിൽ അവളുടെ മേലാകെ കുളിര് കോരി…. ഉള്ളിൽ അലയടിച്ചു പൊന്തിയ സന്തോഷത്താൽ…. നിറഞ്ഞ പ്രണയത്താൽ…….അവന്റെ മാത്രം ഭദ്ര നന്ദന്റെ മാറിൽ ചാരി കണ്ണടച്ചു….

Leave a Reply

Your email address will not be published. Required fields are marked *