കല്യാണം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷം കിട്ടിയ നമ്മുടെ പൊന്നുമോളെ കൂടി ഓർക്കാതെയാണല്ലോ മറ്റു പെണ്ണുങ്ങളെ തേടി പോകുന്ന വീമ്പു പറച്ചിൽ.”

ഇച്ചായന്റെ കുറുമ്പത്തി
(രചന: Bhavana Babu. S (ചെമ്പകം )

നിസ്സി മോളുറങ്ങിയോ…. ഒന്നുറക്കം പിടിച്ചു വന്നപ്പോഴായിരുന്നു അലക്സിച്ചായന്റെ ചോദ്യം…

അവളെപ്പോഴേ ഉറങ്ങി…..പാതി രാത്രി അതിയാന്റെ കുണുങ്ങൽ കേട്ടപ്പോഴേ കാര്യമെനിക്ക് പിടികിട്ടി.

“എന്നാൽ നീ മോളെ അപ്പുറത്തെ മുറിയിൽ കൊണ്ട് കിടത്തി ഇങ്ങോട്ടേക്കു ഒന്ന് വന്നേ.”

പേടിച്ചത് പോലെത്തന്നെയാണ് കാര്യങ്ങളുടെ പോക്കെന്ന് എനിക്ക് മനസ്സിലായി.

“അത് പിന്നെ ഇച്ചായ എനിക്കിന്നെന്തോ വയ്യ. നശിച്ച മൂഡ് സ്വിങ്സ് ഇത് വരെ മാറിയിട്ടില്ല “.

ഞാൻ പറഞ്ഞത് കേട്ടതും ഇച്ചായന് ദേഷ്യം വന്നു.

“എന്താ നിസ്സി നീയിങ്ങനെ. ഈയിടെയായി നിനക്കെപ്പോഴും കോപ്പിലെ മൂഡ് സ്വിങ്സ് ആണല്ലോ. അതേ, നമുക്കത്ര അത്ര പ്രായമൊന്നും ആയിട്ടില്ല . നൂറ് കൂട്ടം പ്രശ്നങ്ങൾക്കിടയിൽ ഇതൊക്കെയല്ലേയുള്ളൂ ഒരു സന്തോഷം.”

ഇച്ചായൻ നിന്ന് തകർക്കുകയാണ്. ഇങ്ങേർക്ക് ഈയൊരു വിചാരം മാത്രമേ ഉള്ളോ കർത്താവെ എന്നു മനസ്സിൽ പറഞ്ഞുകൊണ്ടൊരു ഞാനൊരു കുരിശു വരച്ച് തിരിഞ്ഞു കിടന്നു .

“നിന്റെ നാക്കെന്താടി താണ് പോയോ. അതോ, അങ്ങേര് അവിടെ കിടന്നു ചെലച്ചോട്ടെ എനിക്കൊന്നുമില്ല എന്ന ഭവമാണോ നിനക്ക്.”?

“എന്റെ പൊന്നീച്ചയാ എനിക്കും ഉണ്ട് നിങ്ങളെ പോലെ ആഗ്രഹങ്ങളും ,വികാരങ്ങളു
മൊക്കെ . പക്ഷെ എനിക്കിപ്പോ അതൊന്നും ചെയ്യാൻ തോന്നുന്നില്ല. ഇങ്ങനെ കെടന്ന് കാറി പൊളിച്ചിട്ട് ഒരു കാര്യോമില്ലെന്ന്.”

“ചുമ്മാതല്ല ഓരോ ആണുങ്ങളും കെട്ടും പൊട്ടിച്ചു ചാടി പോണത്. നിന്നെപ്പോലുള്ള ഭാര്യമാര് ഉള്ളോണ്ട് ആണെടീ അങ്ങനെ ഒക്കെ സംഭവിക്കുന്നത്.”

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെക്സ് എന്നോർക്കുമ്പോൾ തന്നെ അലർജി ആയിട്ട് ഇച്ചായനെ അവഗണിക്കുന്നതിന്റെ ദേഷ്യത്തിൽ ഓരോന്ന് വിളിച്ചു പറയുന്നതാണ് ഇതൊക്കെയെന്നെനിക്ക് അറിയാമായിരുന്നു. എന്നാലും കേട്ടപ്പോഴെന്തോ വല്ലാത്ത സങ്കടം വന്നു.

“ഇച്ചായനൻ ഒന്ന് പറഞ്ഞ് പിന്നെ രണ്ടാമത്തേതിന് ഇതാണല്ലോ വർത്തമാനം എന്തായാലും നന്നായിട്ടുണ്ട്. കല്യാണം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷം കിട്ടിയ നമ്മുടെ പൊന്നുമോളെ കൂടി ഓർക്കാതെയാണല്ലോ മറ്റു പെണ്ണുങ്ങളെ തേടി പോകുന്ന വീമ്പു പറച്ചിൽ.”

എന്റെ സങ്കടം നിറച്ചുള്ള വാക്കുകൾ കേട്ടപ്പോൾ ഇച്ചായനും വിഷമമായി….. അദ്ദേഹം കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റെ അടുക്കൽ വന്ന് കിടന്നു….

“നിസ്സി, പോട്ടെ…. എനിക്കെന്തോ പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാനെന്തോ പറഞ്ഞതാ…. ഷോപ്പിൽ ഒരു നൂറ് പ്രോബ്ലംസ്…. ഒന്ന് റിലാക്സ് ആകാന്നു വച്ചു വന്നതാ…. നിന്നേം മോളേം മറന്ന് മറ്റൊരു ജീവിതം നിന്റെയീ ഇച്ചായന് ഉണ്ടോ?

അദേഹത്തിന്റെ സ്നേഹവും, പരിഭവവും കേട്ടപ്പോൾ എനിക്കും അധികനേരം മുഖം വീർപ്പിച്ചിരിക്കാൻ തോന്നിയില്ല….

തിരിഞ്ഞു വന്ന് ഞാൻ ഇച്ചായന്റെ നെഞ്ചോട് പറ്റി ചേർന്നു കിടന്നു….

“ഞാനിന്ന് ഉച്ചക്ക് വിളിച്ചപ്പോൾ ഷോപ്പിൽ നിന്റെ ഫ്രണ്ട് മോളി വന്ന കാര്യം പറഞ്ഞിരുന്നല്ലോ. അവളുടെ ഫാമിലി ലൈഫിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്നും…..”

ഞാൻ പറയുന്ന ചെറിയ കാര്യങ്ങൾ പോലും ഇച്ചായൻ ശ്രദ്ധിക്കുന്നെന്ന് മനസ്സിലായപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

അതവൾക്ക് മെനോപ്പോസിന്റെ എന്തൊക്കെയോ പ്രോബ്ലംസ്…. അവരുടെ ഫാമിലി ലൈഫ് നേരെ പോണില്ലെന്നും പറഞ്ഞു അവളാകെ ടെൻഷനിലാണ്… ഇച്ചായൻ അവളുടെ കെട്യോനോട് ഒന്ന് സംസാരിക്കുമോ “?

ആ നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“എന്റെ പൊന്നു മോളെ നീയെന്നെ വിട്ടേക്ക്, അഞ്ചാറ് മാസം മുന്നേ ഇത്പോലെ നിന്റെ യേതോ ഒരു ഫ്രണ്ടിന്റെ കാര്യത്തിൽ നമ്മൾ ഇടപെട്ടത് ഓർമയുണ്ടല്ലോ… ഒടുവിൽ അവളും ഞാനും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്ന് വരെ അവളുടെ കെട്ടിയോൻ തെണ്ടി വിളിച്ചു പറഞ്ഞു. അവന്റെ മോന്ത നോക്കി ഒന്ന് പൊട്ടിക്കാനാണെനിക്ക് തോന്നിയത്. പിന്നെ നിന്റെ ഫ്രണ്ടിന്റെ മുഖം ഓർത്ത് ഞാൻ ക്ഷമിച്ചിരുന്നു..”

“അയ്യോ എന്റിച്ചായാ മോളീടെ ഹസ് നല്ല ക്യാറക്റ്റാറാ. അങ്ങേർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും….”

ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ഇച്ചായൻ വഴങ്ങുന്ന മട്ടില്ലെന്ന് കണ്ടപ്പോൾ ഞാൻ അടവൊന്ന് മാറ്റി പറഞ്ഞു.

“നീ എന്തൊക്കെ പറഞ്ഞാലും ഈ പണിക്ക് ഇനി ഞാനില്ല മോളെ ”

ഇച്ചായൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

“അല്ലേലും, ഞങ്ങൾ പെണ്ണുങ്ങളുടെ സങ്കടം ആര് കേൾക്കാനാ. ഇച്ചായന്റെ ഷോപ്പിന്റെ അത്രക്ക് വലുതല്ലെങ്കിലും എനിക്കും ഉണ്ടൊരു ഫ്ലവർ ഷോപ്പ്. സീസൺ ആയാൽ പിന്നേ ടെൻഷനാണ്…. ഓർഡർ ചെയ്ത മെറ്റി രിയൽ ടൈമിന് വരുമോ , ബാംഗ്ലൂരിൽ നിന്നും വരുന്ന വണ്ടി വഴിയിലെങ്ങാനും പിടിച്ചിടുമോ അതൊക്കെ ഓർക്കുമ്പോൾ തന്നെ ഇതൊക്കെ നിർത്തി വീട്ടിലിരുന്നാലോ എന്ന് തോന്നിപ്പോകും.”

ഞാൻ പറയുന്നതോരോന്നും ഇച്ചായൻ മൂളി കേട്ടു കൊണ്ടിരുന്നു.

“ഇതൊക്കെ തീർത്ത് വീട്ടിൽ എത്തിയാൽ വീട്ടിലെ ജോലി, മോളുടെ കാര്യങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്ന സ്‌ട്രെസ്, മൂഡ് സ്വിങ്സ്, പീരിയഡ്‌സ് പിന്നെ നാൽപ്പതിന്റെ മിഡിലിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന മെനോപ്പോസ്. അപ്പോൾ സെക്സ് പഴയത് പോലെ ആകുമോ, കൂടെ കിടക്കുന്ന കെട്ടിയോൻ സുഖം തേടി എന്നെ വലിച്ചെറിഞ്ഞു വേറെ പെണ്ണിനെ തേടി പോകുമോ…. അങ്ങനെ തല ചൂടാക്കുന്ന നൂറായിരം പ്രശ്നങ്ങൾ വേറെ…..”

കുറച്ചു നാളായി ഉള്ളിൽ പുകയുന്ന എന്റെ ചിന്തകളൊക്കെ ഞാൻ ഇച്ചായന്റെ മുന്നിലേക്ക് വലിച്ചിട്ടു.

“എന്റെ നിസ്സി നീ ഇല്ലാത്തത് ഓരോന്ന് ചിന്തിച്ചു കൂട്ടി കാട് കേറുകയാണല്ലോ “?

“ഇത് ഒരു നിസ്സിയുടെ മാത്രം പ്രശ്നങ്ങളല്ല. ഞങ്ങൾ പെണ്ണുങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഒരു ഭാര്യയുടെ നിശബ്ദമായ സംഘർഷങ്ങളാണ് ഇതൊക്കെ.

“മതി, ഇപ്പൊ നീ കിടന്നുറങ്ങാൻ നോക്ക്.എനിക്ക് നല്ല ഉറക്കം വരുന്നു നാളെ സൺഡേ അല്ലെ.നമുക്കൊരുമിച്ചു പള്ളീല് പോണം ”

“ശരി ഇച്ചായ…. ഗുഡ് നൈറ്റ്‌ ”

മനസ്സിലുള്ളതെല്ലം ഇച്ചായനോട് തുറന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം തോന്നി. ആ മുഖത്തേക്ക് നോക്കി ഞാനും എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേദിവസം മോളെയും റെഡിയാക്കി ഞാൻ കാറിലേക്ക് കേറുമ്പോഴാണ് മോളെ അമ്മച്ചിയുടെ അടുത്താക്കി പള്ളീന്നു തിരികെ നമുക്കൊരിടം വരെ പോണമെന്നു ഇച്ചായൻ പറയുന്നത്.

എത്ര നിർബന്ധിച്ചിട്ടും എങ്ങോട്ടാണെന്ന് ഇച്ചായൻ പറഞ്ഞില്ല.

പള്ളിയിൽ നിന്നിറങ്ങിയപ്പോൾ ഏകദേശം ഉച്ച ആയിരുന്നു….

“ഇച്ചായ ഇത് വല്ലാത്തൊരു സസ്പെൻസ് ആണേ..നമ്മൾ എങ്ങോട്ടാ പോണെനൊന്ന് പറയ് ”
ചിണുങ്ങി കൊണ്ട് ഞാൻ ചോദിച്ചു.

“ഒന്നടങ്ങെന്റെ നിസ്സി, ഇനി പറയാനൊന്നുമില്ല. നമ്മൾ അവിടെയെത്തി…. ഇതാണ് ആ സ്ഥലം… നോക്കിക്കേ ”

ഞങ്ങളുടെ തൊട്ടു മുന്നിലെ ചെറിയ ബിൽഡിങ്ങിലെ മഞ്ഞ ബോര്ഡിലെ കറുത്ത അക്ഷരങ്ങളിലേക്ക് എന്റെ നോട്ടം പതിഞ്ഞു ചൈതന്യ യോഗ സെന്റർ ”

“യോഗ സെന്ററോ, ഇവിടെയെന്തിനാ നമ്മൾ വന്നത് “ആശ്ചര്യത്തോടെ ഞാൻ ഇച്ചായനോട് ചോദിച്ചു.”

“എന്റെ കെട്യോളെ ഒക്കെ പറയാം…. ഞാനിന്ന് രാവിലെ നമ്മുടെ സലാം ഡോക്ടറെ വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹമാണ് നിനക്ക് വേണ്ടി ഈ സെന്റർ സജ്ജെസ്റ്റ് ചെയ്തത് ”

“ആകെ കിട്ടുന്നൊരു സൺഡേ…. അതിനി ഇവിടെ കളയണോ…. എനിക്കൊന്നും വയ്യ ”

“നിസ്സി, ഇവിടെ നീ ഒരാറ് മാസം പോയാൽ മതി…. പിന്നെ ഇഷ്ടമുള്ള ടൈമിൽ നിനക്ക് വീട്ടിൽ പ്രാക്ടീസ് ചെയ്യാമല്ലോ.ഞാനും ഇനി സൺഡേയ്‌യിൽ ബിസി ആയിരിക്കും. ഇത്പോലെ എനിക്കും ചില പ്ലാനൊക്കെയുണ്ട് ”

“ഇച്ചായനും യോഗയ്ക്ക് ചേർന്നോ അതോ ജിമ്മിലോ “ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു

“അതേ നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമല്ല ടെൻഷനുള്ളത്.ഞങ്ങൾ ആണുങ്ങൾക്ക് പീരിയഡ്‌സ് ഒന്നുമില്ലെങ്കിലും മറ്റു പല പ്രശ്നങ്ങളും ഉണ്ട്.നമ്മുടെ കൂടെയുള്ളവരുടെ മക്കളൊക്കെ വളർന്ന് കല്യാണ പ്രായമായി. നമ്മുടെ മോൾക്കാണെങ്കിൽ പത്ത് വയസ്സും…. അവളിനി വളർന്ന് വിവാഹം കഴിച്ചു ഒരു കുഞ്ഞൊക്കെ ആകുന്നത് വരെ ഞാൻ ജീവനോടെ ഉണ്ടാകുമോ എന്നോർക്കുമ്പോഴാ….”

ആ വാചകം പൂർത്തിയാക്കും മുന്നേ ഞാൻ ഇച്ചായന്റെ വായ് പൊത്തി

“എന്തൊക്കെയാ ഈ പറയുന്നത്.നമ്മൾ രണ്ടു പേരും അവളുടെ കല്യാണം കഴിഞ്ഞ് ഒടുവിൽ അവളുടെ കുഞ്ഞിനേം കണ്ടേ ഈ ലോകം വിട്ട് പോകുകയുള്ളു.എന്റെ ഇച്ചായനിപ്പോഴും ഇരുപത്തിയഞ്ച് വയസ്സല്ലേ ”

കുസൃതി നിറച്ച എന്റെ വാക്കുകൾ കേട്ട് ഇച്ചായൻ പൊട്ടിച്ചിരിച്ചു

“അല്ല ഇച്ചായന്റെ പ്ലാനെന്താണെന്ന് എന്നോട് പറഞ്ഞില്ലല്ലോ “?

“നീ പറഞ്ഞ പോലെ ജിം തന്നെയാണ് ഞാനാദ്യം ആലോചിച്ചത്. പക്ഷെ ഡോക്ടർ അത് വേണ്ടെന്ന് പറഞ്ഞു…. കുറച്ചു ഹെൽത്ത്‌ ഇഷ്യൂസ് ഒക്കെ ഉള്ളത് കൊണ്ട് ക്‌ളബ്ബിൽ ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു..പിന്നെ എന്നും ഒരു മണിക്കൂർ ഞാൻ മുടങ്ങാതെ നടക്കാറുണ്ടല്ലോ ”

ആഹാ കൊള്ളാല്ലോ അപ്പൊ ഇച്ചായൻ മുടിയൊക്കെ കളഞ്ഞു നന്നാകാൻ തന്നെ തീരുമാനിച്ചു അല്ലെ….

“നിന്റെ സങ്കടങ്ങളൊക്കെ ഞാൻ മനഃപൂർവം അവഗണിക്കുന്നതല്ല…. തിരക്കിനിടയിൽ അതൊക്കെ അറിയാതെ മിസ്സ്‌ ആകുന്നതാണ്. ദേഷ്യം വരുമ്പോൾ ഞാനോ രോന്നൊക്കെ വിളിച്ചു പറയുന്നത് നീ കാര്യമാക്കേണ്ട…. നിന്റെ ഓരോ അവസ്ഥയിലും നിന്നെയിങ്ങനെ ചേർത്തു പിടിക്കാൻ ഞാനുണ്ടല്ലോ…..

എന്നെ ചേർത്തു പിടിച്ച ആ കൈക്കുള്ളിൽ എനിക്ക് വല്ലാത്തൊരു സുരക്ഷിത ബോധം തോന്നി

“അതൊക്കെ എനിക്ക് അറിയാമല്ലോ ഇച്ചായാ , എന്റെ സങ്കടം എന്നുമിങ്ങനെ കേൾക്കുന്നുണ്ടല്ലോ…. ഒരു ഭാര്യയെ സംബന്ധിച്ച് അത് തന്നെയാണ് ഏറ്റവും വലിയ കാര്യം”

സന്തോഷം കൊണ്ട് അറിയാതെ പൊഴിഞ്ഞ മിഴിനീർ തുടച്ചു കൊണ്ട് ഞാൻ ഇച്ചായനോട് ചേർന്നിരുന്നു….

“മതി മോളെ റൊമാൻസൊക്കെ നിർത്തി യോഗ സെന്ററിലേക്ക് പോകാൻ നോക്ക്…. അവിടുത്തെ പ്രാക്ടീസും, പിന്നെ മെഡിറ്റേഷനുമൊക്കെ ആകുമ്പോ എന്റെ അ ച്ചായത്തി ഇങ്ങനെ ഇടയ്ക്കിടെ കെടന്ന് സങ്കടപ്പെടത്തില്ല ”

കാറിന്റെ ഡോർ തുറന്ന് സെന്ററിലേക്ക് നടക്കുമ്പോൾ, അലക്സിച്ചായൻ പലപ്പോഴും ഭർത്താവിനെക്കാൾ ഉപരി എന്റെ നല്ലൊരു ഫ്രണ്ട് ആണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു..എന്നെ ഏത് അവസ്ഥയിലും ചേർത്തുനിർത്തുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട്.

Leave a Reply

Your email address will not be published. Required fields are marked *