ബെഡ്ഡിൽ ജഢമായി കിടക്കുന്നവനെ….. തൻ്റെ വികാരങ്ങളെ ശമിപ്പിക്കാൻ കഴിയാത്തവനെ….. കുഞ്ഞിനെ നല്കാൻ കെല്പ്പില്ലാത്തവനെ തനിക്ക് വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു…..

ഈണം
(രചന: Biji)

“”പൊയ്ക്കൊള്ളു….. വില്യം…..
പിഞ്ഞിപ്പോയതൊന്നും …. വീണ്ടും തുന്നിച്ചേർത്താലും….. ഇഴകൾ വീണ്ടും അകലും…….””

“ഈ വിളിക്കായി രണ്ടു വർഷം മുന്നേ കൊതിച്ചൊരു അനസൂയ ഉണ്ടായിരുന്നു……. ഇന്നവളില്ല……. കൊഴിഞ്ഞു പോയ പൂക്കൾ വീണ്ടും പുനർജ്ജനിക്കാറില്ല…….””

തനിക്കു മുന്നിൽ വീറോടെ ….. ദൃഢതയോടെ പറയുന്ന പെണ്ണിനെ അതിശയത്തോടെ നോക്കി നിന്നു പോയി വില്യം……l

അല്ലെങ്കിലും പണ്ടേ അവൾ അങ്ങനെയാണല്ലോ…… എന്തിൻ്റേയും മാക്സിമം ആണവൾ ….. അതിപ്പോൾ സ്നേഹിക്കാനായാലും വെറുക്കാനായാലും….

“”നീയിവിടെ …… അത്….. വില്യം പറയാൻ വന്നത് വിക്കി……

അവൾ കടുപ്പത്തോടെ പിരികം ഉയർത്തി ചോദിച്ചു എന്താണെന്ന്……??

“അത്…… അന്യപുരുഷനോടൊപ്പം……
എത്തരക്കാരനാണെന്ന് അറിയാതെ……??? നാട്ടുകാർ …. പലതും….. പറയാൻ വന്നത് മുഴുമിപ്പിക്കാൻ അനസൂയ സമ്മതിച്ചില്ല…… നാട്ടുകാരേ വിട്…..
വില്യമിന് എന്താ അറിയേണ്ടത്?

“”അകമുറിയിൽ സച്ചിദാനന്ദ്…..
എന്ന സച്ചി …. താലികെട്ടാതെ കൂടെ പൊറുപ്പിച്ചാലും അനസൂയ മറുവാക്ക് പറയാതെ സമ്മതിക്കും……….””

പിൻതിരിഞ്ഞ് വീട്ടിലേക്ക് നടന്ന അനസൂയയുടെ കവിളടക്കം തീർത്ത് ഒരെണ്ണം കിട്ടി……..

“”സച്ചിയേട്ടൻ…..

കണ്ണിൽ നിന്ന് ചോ ര തൊട്ടെടുക്കാം……. കവിളും ആ കട്ടിയുള്ള മീശയും നന്നായി വിറയ്ക്കുന്നു.

കേറിപ്പോടി…….

അനു വിറയലോടെ കവിളും പൊത്തി പൂമുഖത്തേക്ക് ഓടിപ്പോയി…….

“”എൻ്റെ വീട്ടുമുറ്റത്ത് ആയിപ്പോയി…….
വില്യമിനെ നോക്കി അമർഷത്തോടെ സച്ചി മുരണ്ടു…..””

“”എൻ്റെ വീട്ടിലെ പെണ്ണിൻ്റെ ചാ രി ത്ര്യം പരിശോധിക്കാൻ ഒരവനും വരണ്ട….. പ്രത്യേകിച്ച് നീ……

പ്രണയം നടിച്ച് പിന്നാലെ നടന്ന് …. അവൾക്ക് ഏറ്റവും ആവശ്യമായ സമയത്ത് ഉപേക്ഷിച്ചു…. എന്നിട്ടിപ്പോൾ അവളുടെ വി ശു ദ്ധി പരിശോധിക്കാൻ വന്നേക്കുന്നു……””

“തു ഫ്….. സച്ചീ നീട്ടി നിലത്തേക്ക് തുപ്പി……. ഈ വന്നത് സച്ചി ക്ഷമിച്ചു……
ഇനിയൊരു വരവ്…. വന്നാൽ …… തിരിച്ചു പോകാൻ നീയുണ്ടാവില്ല…….””

അകമുറിയിൽ സച്ചിദാനന്ദൻ…..
ജനസമ്മതനാണ്……. നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിലെത്തുന്നവൻ.
സ്വന്തമായി ഫാം ടൂറിസം….. നടത്തുകയാണ്…… കുറച്ചു നാൾ ആർമിയിൽ ജോലി ചെയ്തിരുന്നു. ആറടിയിൽ തീഷ്ണതയുള്ള പുരുഷൻ……””

ഒരർത്ഥത്തിൽ ‘അനാഥനാണ് സച്ചി. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയി….. ഏഴ് വർഷം മുൻപ് അമ്മയും…… പോയി…. വകയിലൊരു പെങ്ങളായി വരും നാല്പ്പത്തി അഞ്ചുകാരിയായ ദേവകി….. സച്ചിയോടൊപ്പമാണ് താമസം……”

ഏകദേശം മുപ്പതേക്കറിൽ …….
കൃഷി…. അൻപതേക്കറിൽ പശുക്കളും ആട് മുയൽ…… വിദേശ യിനം നായ്ക്കൾ അലങ്കാര മത്സ്യങ്ങൾ വിവിധയിനം പക്ഷികൾ അങ്ങനെ നീളുന്നു വിദേശികൾക്കായി ഹോം സ്റ്റേകൾ….

ഹോംലി ഫുഡ്സ്…….. ഹൗസ് ബോട്ടുകൾ ….പിന്നെ കായലിലോട് ചേർന്ന് ചെമ്മീൻ കെട്ടും…… കരിമീൻ വളർത്തൽ…… മുതലാളിയാകാൻ സച്ചിക്കിഷ്ടമല്ല എല്ലാവരുടേയും ഒപ്പം അവനും പണിയെടുക്കും.

കായലോരത്ത് കൂട്ടുകാരോടൊത്ത് ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി ഓടി വന്ന് കായലിൽ ചാടുന്നത് കണ്ടത്.
ഒന്നു ഞെട്ടിയെങ്കിലും …..
അവളുടെ പിന്നാലെ അവനും ചാടി……

നിലാവ് പോലൊരു പെൺകുട്ടി.
ഉണർന്നപ്പോൾ തന്നെക്കണ്ട് പേടിച്ചു വിരണ്ട് കൂനിക്കൂടിയവൾ. വേഗം തന്നെ ദേവികയേടത്തിയെ വരുത്തി…..

ഏട്ടത്തിയോട് അവളുടെ വിഷമതകളെല്ലാം പറഞ്ഞു……
വീട്ടിലേക്ക് പറഞ്ഞയക്കല്ലേന്ന് കരഞ്ഞുപറഞ്ഞു.

എന്തെങ്കിലും ജോലി വാങ്ങിച്ചുതരാമോന്ന് ചോദിച്ചപ്പോൾ…….
എന്തോ അപ്പോൾ ഒന്നും പറഞ്ഞില്ല. നിസ്സഹായ ആയ അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല……

സുഹൃത്തായ പ്രദീപ് മാഷിൻ്റെ സ്കൂളിൽ ചെറിയ കുട്ടികളുടെ ടീച്ചറായി ചേർത്തു വിട്ടു….. ഏതെങ്കിലും ഹോസ്റ്റലിൽ വിടാമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ കുറച്ചു ദിവസം കൊണ്ട് കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി.

ആദ്യമാദ്യം പൂച്ച കുട്ടിയായിരുന്നവർ …..
പതിയെ കുറുമ്പത്തിയായി മാറി……
താനും അവളുടെ കുറുമ്പുകൾ ആസ്വദിക്കുമായിരുന്നു. മുഷിഞ്ഞ ഓർമ്മകൂമ്പാരമായി ജീവിതം തള്ളിനീക്കുമ്പോഴാണ് അവളുടെ വരവ് …. അകമുറിയിൽ പിന്നീട് പൊട്ടിച്ചിരികളും കുസൃതികളും നിറഞ്ഞുനിന്നു…..

പീന്നീട് എപ്പോഴോ അവളുടെ മിഴികളിലെ ചലനങ്ങൾ വേറെ ഭാവത്തോടെ ചലിക്കാൻ തുടങ്ങി… തന്നെ കാണുമ്പോഴ് നാണത്താൽ കൂമ്പി അടയുന്ന മിഴികൾ …

തന്നിലെ മുപ്പത്തിയെട്ടു വയസ്സുകാരന് അസ്സഹനീയമായിരുന്നു…… ഒരു പെണ്ണിനേയും സ്വീകരിക്കാൻ അവനാകുമായിരുന്നില്ല.. ഓർമ്മകളുടെ നെരിപ്പോടിൽ അവൻ്റെ കണ്ണു നിറഞ്ഞു.
മെല്ലെയവൻ അനുവിൽ നിന്ന് അകലാൻ തുടങ്ങി……

സന്ധ്യാ സമയം തുളസിത്തറയിൽ വിളക്കു വെയ്ക്കുമ്പോഴും അനുവിൻ്റെ മുഖം വീർത്തിരുന്നു……

ഇറയത്തേക്ക് വന്ന സച്ചി കാണുന്നത് മുഖം വീർപ്പിച്ചു നില്ക്കുന്ന അനുവിനെയാണ്‌…..

കവിളിൽ വി ര ൽ പ്പാട് തിണിർത്ത് കിടക്കുന്നു…… അവളൊന്നുകൂർപ്പിച്ചു നോക്കിയതും അവനൊന്നു പരുങ്ങി…..
പെട്ടെന്ന് ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു…….

മേലാൽ അനാവശ്യം പറയാതിരിക്കുക……. നാവ് അടക്കിവയ്ക്കണം പിന്നെ നാളെ സ്കൂളിൽ പോകണ്ട…… പ്രദീപ് മാഷിനോട് ഞാൻ പറഞ്ഞോളാം……
എന്തിന് ലീവെടുക്കണമെന്ന് ചോദിക്കാനാഞ്ഞതും സച്ചി പോയിരുന്നു…….

മെനയ്ക്കൊക്കെ നില്ക്കാൻ…… പറയണേ….. കാലത്ത് കുളിച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ ദേവകിയേടത്തിയോട് സച്ചിയേട്ടൻ പറയുന്നു…..

നീയങ്ങട് പറഞ്ഞോണ്ട് ചെല്ല്…..
എന്തിനാടാ അതിനെ വേദനിപ്പിക്കുന്നത്…… ദേവകി അവനെ ശകാരിച്ചു.

ഇതാ അതിൻ്റെ ശരി ഇതു മാത്രമാണ് ശരി……. സച്ചി ഒന്നും മിണ്ടാതെ പൂമുഖത്തേക്ക് നടന്നു.

ഇത്രയൊക്കെ കേട്ടിട്ടും ഒന്നും മനസ്സിലാകാതെ….. അനു… അടുപ്പത്തിരിക്കുന്ന ഓട്ടുരുളിയിൽ നിന്ന് നെയ്യപ്പം കോരിയെടുക്കുന്ന ദേവിക യേടത്തിയോട് ചോദിച്ചു.
എന്താ ഇന്നിവിടെ വിശേഷം…..

ആരെങ്കിലും വിരുന്നുകാരുണ്ടോ…..???
ഒക്കെയും പറയാംകുട്ടി…. : കാവിലെ വിളക്കിന് ഉടുത്ത പുടവ ചുറ്റിക്കോളൂട്ടോ…… ഇതിപ്പോ എന്താ കഥ…..vഎങ്ങടേലും പോകുന്നുണ്ടോ ????
അനു ഉത്സാഹത്തോടെ ചോദിച്ചു…….
പോയി മാറ്റിയുടുത്തിട്ടു വാ കുട്ടിയേ കിന്നരിക്കാതെ ദേവിക അവളെ ഓടിച്ചു വിട്ടു.

പത്തരയോടു കൂടി പടിപ്പുരയിൽ ഒരു കാർ വന്നു നിന്നു…… സച്ചി അവരെ സ്വീകരിച്ചു. ഇതാണ് ഗീരീശൻ ഞാനിവൻ്റെ ചെറിയച്ഛനാ…. സുകുമാരൻ. ഇരുനിറത്തിൽ 28 വയസ്സു തോന്നിക്കുന്ന ചെറുപ്പക്കാരൻ….. നമ്മുടെ ടൗണിലെ സഹകരണ ബാങ്കിലാ ഇപ്പോ…. ചെറിയച്ഛൻ പറഞ്ഞു കൊണ്ടിരുന്നു.

സച്ചിക്ക് ആളെ ഇഷ്ടമായി…..

എന്നാ പിന്നെ കുട്ടിയെ…..?? ഇളയച്ഛൻ പറയാൻ വന്നതും സച്ചി അകത്തേക്ക് നോക്കി വിളിച്ചു……

ദേവികയേടത്തി….. അതു കേട്ടതും …..
അനുവിൻ്റെയടുത്തേക്ക് നടന്നു.
ഈ പെണ്ണിനെ എന്തു പറഞ്ഞു കൊണ്ടുവരും….

പക്ഷേ അപ്പോഴേക്കും ആകാശനീല കളർ പുടവയിൽ അതി മനോഹരിയായി അനു ഇറങ്ങി വന്നു….. ദേവകിയുടെ കണ്ണാന്നു വിടർന്നു…… ദേവകിയുടെ മുഖത്ത് നോക്കാതെ അടുക്കളയിൽ നിന്ന് ചായ എടുത്ത് പൂമുഖത്തേക്ക് നടന്നു…… ഇതൊക്കെ കണ്ട് സ്തബ്ധയായി ദേവകി നിന്നു…..

വന്നൂല്ലോ മോള്…. സുകുമാരൻ മുറുക്കൻ്റെ കറ പുരണ്ട പല്ലു കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഗിരീശാ നന്നായി നോക്കിക്കോ….. എത്രയിടത്ത് പെണ്ണുകാണാൻ പോയി……. അവന് ബോധിച്ചില്ല…..
ഗിരീശൻ്റെ തെളിഞ്ഞമുഖം കണ്ടതും സച്ചിക്ക് ബോധ്യമായി അവന് അനുവിനെ ഇഷ്ടപ്പെട്ടൂന്ന്…..

ചായകൊടുത്തതും അനു തിരികെ ദേവികയേടത്തിയുടെ അടുത്തേക്ക് ചെന്നു നിന്ന് കിതച്ചു….. എല്ലാവർക്കും സന്തോഷമായല്ലോ…?

എനിക്ക് സമ്മതമാ ….. പറഞ്ഞേക്ക് സച്ചിദാനന്ദിനോട്…. കണ്ണും മുഖവും ചുവന്ന് ……. നെഞ്ചിൽ കനലെരിയുന്ന വേദനയോടെ…… എങ്ങും ദൃഷ്ടിയുറപ്പിക്കാതെ ….. ആടിയുലത്തിരുന്നു അവൾ……””

തൻ്റെ മുറിയിൽ കയറി കതകടച്ചു……
പുടവയൊക്കെ വലിച്ചൂരി നിലത്തെറിഞ്ഞു….. ബാത്റൂമിലെ പൈപ്പു തുറന്നു വിട്ടവൾ ഭ്രാന്തിയെപ്പോലെ പിച്ചും പേയും പറഞ്ഞ് ഉറക്കെ കരഞ്ഞു……

എന്നിട്ടും മനസ്സിൻ്റെ ഉഷ്ണം ശമിക്കാതെയവൾ….. ബക്കറ്റിലെ വെള്ളം തല വഴി കമിഴ്ത്തി. ഈറനോടെ തന്നെയവൾ പുറത്തിറങ്ങി…..
നിലത്തൂർന്നിറങ്ങി ചുവരും ചാരിയിരുന്നു…….

ഇന്നലെകളിലേക്ക്…… അവയുടെ ഓർമ്മകൾ അവളെ മാടി വിളിച്ചു…..

അമ്മയുടെ സ്വഭാവദൂഷ്യത്തിൻ്റെ പേരിൽ അച്ഛനുമായുള്ള സ്ഥിരം വഴക്കുകൾ കേട്ടാണ് ബാല്യത്തിൻ്റെ ഓരോ നാളും പിന്നിട്ടത്… അച്ഛൽ കൂലിപ്പണിക്കിറങ്ങിയാൽ അമ്മ പിന്നെ നന്നായി ചമഞ്ഞൊരുങ്ങി ഇറങ്ങുമായിരുന്നു.

ചിറയ്ക്കൽ ഇട്ടി മുതലാളിയെ സൽക്കരിക്കാൻ… തിരികെ വരുമ്പോൾ നിറയെ പണവും…. പലഹാരങ്ങളും കാണും അമ്മയുടെ പക്കൽ… ഇതിൻ്റെ പേരിൽ തല്ലും വഴക്കും വീട്ടിൽ പതിവായി…..

ഇട്ടി മുതലാളിയെ എതിർക്കാൻ കൂലിപ്പണിക്കാരനായ അച്ഛന് കഴിയുമായിരുന്നില്ല അച്ഛൻ തൻ്റെ ദേഷ്യവും വിഷമവും തീർക്കാൻ മ ദ്യ പാ നം തുടങ്ങി……

എന്നും വൈകിട്ട് വരുന്ന അച്ഛൻ തിരിച്ചെത്തിയില്ല….. പിറ്റേന്ന് പുലർച്ചെ അച്ഛൻ്റെ വിറങ്ങലിച്ച ശരീരം റോഡരികിൽ നിന്ന് കണ്ടെത്തി.
പിന്നീടുള്ള ജീവിതം ദുസ്സഹമായിരുന്നു…….

ഇട്ടിമുതലാളിയെ കൂടാതെ പലരും നിത്യ സന്ദർശകരായി…… തൻ്റെ വളർച്ചാഘട്ടങ്ങളിൽ അമ്മയെ തേടിയെത്തുന്നവരുടെ ചൂഴ്ന്നു നോട്ടം എന്നിലേക്കും ‘നീണ്ടു…… വഷളൻ നോട്ടങ്ങളും….. വൃത്തികെട്ട ആംഗ്യങ്ങളും……

എന്നിൽ അറപ്പുളവാക്കിയിരുന്നു……
സ്കൂളില്ലാത്ത സമയത്ത് മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു കൂടി….. കരഞ്ഞും പട്ടിണി കിടന്നതും കൊണ്ടും പ്ലസ് ടു കഴിഞ്ഞപ്പോൾ കോളേജിൽ വിട്ടു…..
നാട്ടുകാർ പോലും അമ്മയുടെ സ്വഭാവം കൊണ്ട് മിണ്ടാറേയില്ലായിരുന്നു…..

കോളേജിൽ ഒതുങ്ങി കൂടിയിരുന്നു.
ബഹളങ്ങളിലൊന്നും പങ്കെടുക്കാതെ തനിച്ചിരിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അല്ലെങ്കിൽ അപകർഷതാബോധം നന്നായി പിടിമുറുക്കിയിരുന്നു.
തൻ്റെ അമ്മയുടെ ദുർന്നടപ്പ് കാരണം …. തന്നിലേക്ക് നീളുന്ന ഓരോ മിഴികളേയും അവൾ ഭയന്നിരുന്നു. തന്നിലേക്കു തന്നെ ഉൾവലിഞ്ഞു.

വില്യം…. ചുറുചുറുക്കുള്ള എപ്പോഴും തമാശകൾ പറഞ്ഞ് ചിരിപ്പിക്കുന്ന അവൻ ഒരർത്ഥത്തിൽ തന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു……
ആരോടും മിണ്ടാതിരുന്ന…… അതിലും എളുപ്പത്തിൽ പറയുകയാണെങ്കിൽ …. എന്നെ കേൾക്കാൻ ഒരാളുണ്ടായി……
ഇതു വരെ അടുക്കിപ്പിടിച്ച കുഞ്ഞു സ്വപ്നത്തുണ്ടുകളൊക്കെ അവനോടു പങ്കിടുകയായി……

പിന്നെ കോളേജുകണ്ടത് അവനോട് മാത്രം ചിരിച്ചു സംസാരിക്കുന്ന…….. എന്നെയാണ്. തിളക്കമാർന്ന മിഴികളോടെ എൻ്റെ കൈവിരലുകളിൽ തെരുപ്പിടിച്ച് എൻ്റെ കൂടെ കോളേജുവരാന്തകളിലും ലൈബ്രററിയിലും മൈതാനത്തും ഞങ്ങൾ പാറി നടന്നു…….

പിന്നീടെപ്പോഴോ വില്യമിൻ്റെ മനസ്സിൽ സൗഹൃദങ്ങൾക്കപ്പുറത്ത് പുതിയ വർണ്ണങ്ങൾ പടർന്നു…… അവനെന്നോട് അത് തുറന്ന് പറയുമ്പോൾ …… എൻ്റെ കുറവുകൾ എന്നെ മ്പോധ്യപ്പെടുത്തി കൊണ്ടിരുന്നു…..

എങ്കിലും അവൻ്റെ സൗഹ്യദത്തെ….. നഷ്ടപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല…. പിന്നീടങ്ങോട്ട് എനിക്കും അവൻ ആരെല്ലാമോ ആവുകയായിരുന്നു. അത് പ്രണയമായിരുന്നോ അറിയില്ല……

അനു….മോളേ…. ടീ…… ആരൊക്കെയോ വിളിക്കുന്ന കേട്ടാണ് ഉണർന്നത്….. ദേവികയേടത്തി പരിഭ്രമത്തോടെ തന്നെ കവിളിൽ തട്ടി വിളിക്കുകയാണ്

താനിതെവിടെയാ…?? ചുറ്റും നോക്കിയതും താൻ ഹോസ്പിറ്റൽ റൂം ആണെന്ന് മനസ്സിലായി

താൻ ഉണർന്നത് കണ്ടതും ആശങ്ക ഒഴിഞ്ഞതുപോൽ ദേവികയേടത്തി ഒന്നു നിശ്വസിച്ചു……. അവളുടെ ഹൃദയം എന്തിനോ കൊതിച്ചൂ….. ആരുടെയോ സാമിപ്യം അവളാഗ്രഹിച്ചു……. പക്ഷേ ആ മുറിയിൽ ‘ദേവികയേടത്തി മാത്രം……
വീണ്ടും ആ മുഖത്ത് നോവ് നിഴലിച്ചു

എനിക്കറിയാം….. ഞാനയാൾക്ക് വിരുന്നുകാരിയാണ്……. ആശ്രിതയാണ് ….. ജീവനും മാനവും സംരക്ഷിക്കുന്നവൻ……. ദൈവത്തെപ്പോലെ കാണേണ്ടയാളെ മോഹിച്ച ഞാൻ വിഡ്ഢി……

പക്ഷേ പ്രണയിച്ചു പോവുകയാണ് ഞാൻ….. അർഹതയില്ലാത്തതൊന്നും ആഗ്രഹിച്ചിട്ടില്ല ഇന്നേ വരെ
അഭയം തന്നയാളെ മോഹിക്കുക…..
തെറ്റാണ്……. ഒന്നും വേണ്ട……
തിരിച്ചെന്നെ പ്രണയിക്കേണ്ട …… ഇവിടുന്ന് പറഞ്ഞയക്കാതിരുന്നാൽ മതി
കാണാല്ലോ എനിക്കെന്നും…… അതു മാത്രം അനുവദിച്ചിരുന്നെങ്കിൽ…….
വീണ്ടും….. വീണ്ടും അവളുടെ മിഴികൾ പൊട്ടിയൊഴുകാൻ തുടങ്ങി……

തളർന്ന മിഴികളോടെ മുഖമെല്ലാം പനിച്ചൂടിൽ ചുവന്ന്…….. ക്ഷീണിതയായ അവളോട് ദേവിയോത്തി പയ്യാരം ആരംഭിച്ചു. വല്ലതും ഓർമ്മയുണ്ടോ ???
എല്ലാവരേയും ഭയപ്പെടുത്തിയല്ലോ!
അഹമ്മതി കൂടീട്ടോ …… ഉടുത്തിരിക്കുന്ന പുടവയോടെ കുളിക്കുക….. ഈറൻ തുണി മാറാതെ നിലത്ത് തറയിൽ കിടക്കുക …. ൻ്റെ കുട്ടീ……. ചങ്കിടിച്ചു പോയി ബോധമില്ലാത്ത നിന്നെയും എടുത്ത് സച്ചി ഇങ്ങട്ടേക്ക് വന്നത്…….

അതു കേട്ടതും അനുവിൻ്റെ കണ്ണ് തിളങ്ങി…… സ….. ച്ചി …. യേ ….. ട്ട….ൻ
എടുത്തെന്നോ…?? അവളുടെ വരണ്ട ചുവന്ന ചുണ്ടിൽ പുഞ്ചിരി പൊടിഞ്ഞു…….

ചില നേരത്തവൾ മനസ്സിനെ പാകപ്പെടുത്തും…… താൻ തുറന്ന് പറഞ്ഞില്ലെങ്കിലും…. എൻ്റെ മനസ്സിലെന്താണെന്ന് സച്ചിയേട്ടനറിയാം…… എന്നിട്ടും എന്നെ ഒഴിവാക്കുന്നു. അതിനർത്ഥം അർഹതയില്ലാത്തതാ താൻ ആഗ്രഹിക്കുന്നതെന്ന്….. എല്ലാം മറക്കണമെന്നും എവിടേക്കെങ്കിലും പോകണമെന്നും തീരുമാനിക്കും എന്നാ അടുത്ത നിമിഷം സച്ചിയെ കാണുമ്പോൾ മനസ്സ് വീണ്ടും അവൻ്റെ പിന്നാലെ പോകും.

പ്രണയം ഇന്ദ്രജാലക്കാരനേ പോലെയാണ്…… വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും…… ചിലപ്പോൾ പൂത്തുലയും ചിലപ്പോൾ മന്ദമാരുതനെപ്പോലെ തഴുകിയുണർത്തും ചിലപ്പോൾ അഗ്നിയായി അവതരിച്ച് സർവ്വവും ദഹിപ്പിച്ച് കടന്നു കളയും……

ആ പെണ്ണിൻ്റെ വരണ്ടുണങ്ങിയ ചുണ്ടിലെ പുഞ്ചിരി വറ്റും മുൻപേ…..
അവൾ നോവറിഞ്ഞു…….

ആരോ കടന്നു വരുന്നതനുസരിച്ച് അവൾ റൂമിൻ്റെ വാതിലിലേക്ക് നോക്കി…… സച്ചിദാനന്ദ്… സച്ചിയേട്ടൻ……

ഹൃദയം ക്രമയാതീതമായി തുടികൊട്ടുന്നു……. ആരെ കാണാനാണോ മോഹിച്ചത്…..
ആരുടെ സാമിപ്യമാണോ കൊതിച്ചത്……. അയാൾ അടുത്തേക്ക് വരുന്നു…… പെട്ടെന്നവളുടെ ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ അവളൊന്നു ഞെട്ടി……..

കുസൃതി പൂക്കുന്ന മിഴികളോടെ ….. അയാൾ മറ്റാരെയോ നോക്കി ചിരിച്ചു സംസാരിക്കുന്നു….. ആ കൈവിരൽ ഒരു പെണ്ണിൻ്റെ കൈവിരലുമായി കൊരുത്തിരിക്കുന്നു. ശ്വാസം വിലങ്ങിയ മാതിരി അവളൊന്ന് ഏങ്ങി….. എൻ്റെ പ്രണയം ……എൻ്റെ മാത്രം ആയതു കൊണ്ടാവാം വീണ്ടും…. വീണ്ടും മുറിവുകൾ ഉണ്ടാക്കുന്നത് ….. ര ക്തം കിനിയുന്നത്……

ഹൃദയം നിലച്ചുവോ……പൊട്ടി അടരാൻ വെമ്പിയ മിഴികളെ അമർത്തി തുടച്ചു കൊണ്ടവൾ …… തന്നെ നോക്കുന്ന പെണ്ണിനെ നോക്കി ഒന്നു ചിരിക്കാൻ വിഫലമായ ശ്രമം നടത്തി…….

താൻ ആരിൽ നിന്നാണോ നോട്ടം കൊതിച്ചത് അതു മാത്രം ഉണ്ടായില്ല.

ദേവകിയേടത്തി ഇത് ഡോക്ടർ ജാനകി…. എൻ്റെ ഫ്രെണ്ടാണ്
ഈ ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്…..”‘

സച്ചി ദേവകിയേടത്തിയോട് പറഞ്ഞു……

“”ടോ… താൻ ഓകെയല്ലേ…..
ഇന്ന് വൈകുംന്നേരം പോകാം….
ജാനകി അനുവിനോട് പറഞ്ഞു.
അനു മെല്ലെയൊന്നു തലയാട്ടി
എത്ര ശ്രമിച്ചിട്ടും ചുണ്ടിലൊരു പുഞ്ചിരി വിരിയിക്കാൻ അവൾക്കായില്ല.

സച്ചിയാണേൽ അനുവിനെ ശ്രദ്ധിക്കാതെ ജാനകിയോട് തോളിൽ തട്ടിയൊക്കെ ചിരിച്ചു സംസാരിക്കുന്നുണ്ട്…….

ഒടുവിൽ ഡോക്ടർ യാത്ര പറഞ്ഞ് പോയപ്പോൾ പുറകെ സച്ചിയും ഇറങ്ങിപ്പോയി പോകുന്ന കൂട്ടത്തിൽ തന്നെ ഒന്നു നോക്കിയോ…

തൻ്റെ തോന്നലായിരിക്കാം.

ഹോസ്പിറ്റലിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ അനു തീർത്തും നിശബ്ദ ആയിരുന്നു……..

വീട്ടിലെത്തിയിട്ടും തൻ്റെ മുറിയിൽ കയറി വാതിലടച്ചവൾ…… ദിവസങ്ങളോളം ആ മുറിയിൽ തന്നെ കഴിച്ചുകൂട്ടി.

ദേവികയേടത്തി നിർബന്ധിച്ചാൽ ആഹാരം കഴിക്കാൻ ഇറങ്ങി വന്നാലായി….. കണ്ണുകൾ കണ്ടാലേ അറിയാം ദിവസങ്ങളായി ഉറങ്ങിയിട്ടെന്ന്….

ഇരുളടഞ്ഞ മുറി പോലെ അവളുടെ മനസ്സും ഇരുളടഞ്ഞു പോയിരുന്നു.
പെറ്റമ്മയ്ക്ക് പോലും വേണ്ടാത്തവൾ……
വീണ്ടും തൻ്റെ ജീവിതം മാറ്റിമറിച്ച പകലിലേക്ക് അവളുടെ ഓർമ്മകൾ ഉഴറി…..

പനി ആയതിനാൽ ഒരു ദിവസം കോളേജിൽ പോകാതെ മുറിക്കുള്ളിൽ കഴിഞ്ഞു…… വൈകുംന്നേരം അമ്മയാണെന്ന് കരുതി കതകു തുറന്നെനിക്ക് കാണാൻ കഴിയുന്നത്
ഇട്ടി മുതലാളി……

രൂക്ഷമായ മ ദ്യ ത്തി ൻ്റെ ഗന്ധം
വഷളൻ നോട്ടത്തോടെ …. പനിയുണ്ടോന്ന് നോക്കട്ടെന്ന് പറഞ്ഞ്…..
മുന്നോട്ടാഞ്ഞ് എൻ്റെ ചുണ്ടിൽ തടവിയതും അയാളെ തള്ളിമാറ്റിക്കൊണ്ട് അലറിക്കൊണ്ടോടി…. അമ്മയെ വിളിച്ച് കരഞ്ഞിട്ടും അമ്മ വന്നില്ല.

അയാളെന്നെ കടന്നുപിടിച്ചു.
അയാളുടെ വൃത്തികെട്ട് ചുണ്ട് എൻ്റെ കഴുത്തിലേക്ക് അമർന്നു.
കുതറിയെങ്കിലും അയാളുടെ കരുത്തിനു മുന്നിൽ തളർന്നു.
ഒന്നിനുമാകാതെ ഒരു ചെണ്ണിൻ്റെ നിസ്സഹായത….. അതിന് കൂട്ടുനിന്നത് സ്വന്തം അമ്മയും……

അയാളുടെ കൈത്തണ്ടയിൽ കടിച്ച് അയാളെ തള്ളിമാറ്റി പുറത്തേക്ക് ഇറങ്ങിയോടി…… ഇരുള് പടരാൻ തുടങ്ങിയിരിക്കുന്നു…… തന്നെ തേടി പിന്നാലെ ഇട്ടി മുതലാളിയും ഡ്രൈവറും……

തൻ്റെ മുന്നിൽ തെളിഞ്ഞൊരു മുഖം വില്വമിൻ്റെ ആയിരുന്നു……. ആ രാത്രി ഓടിയലഞ്ഞ് റോഡിലെത്തി അവസാനബസിന് കയറി അവൻ്റെ വീടിരിക്കുന്ന കവലയിലിറങ്ങി……

കൈയ്യിൽ കാശില്ലാഞ്ഞിട്ട് കഴുത്തിൽ കിടന്ന ഇത്തിരി പൊന്നിൻ്റെ മാല ഊരി നീട്ടിയപ്പോൾ എൻ്റെ പേടിച്ചരണ്ട ദൈന്യതയേറിയ മുഖം കണ്ടിട്ടാവാം…..
എനിക്കും നിന്നെപ്പോലൊരു മകളുണ്ട്.
അത്രയും പറഞ്ഞയാൾ ഒന്നു പുഞ്ചിരിച്ചു….””

എന്നോ ഒരിക്കൽ വില്യം തൻ്റെ വീടവളെ കാട്ടികൊടുത്തിട്ടുണ്ട്. ആ ഊഹത്തിൽ അവൾ നടന്നു…….

ഒറ്റ നില കോൺക്രീറ്റ് വീട്…….
വിറയലോടെയവൾ കോളിംങ് ബെല്ലടിച്ചു…… വില്യമിൻ്റെ അപ്പച്ചനാണ് ഇറങ്ങി വന്നത്….. വില്യമിനെ കാണണമെന്നു പറഞ്ഞപ്പോൾ അയാളുടെ മുഖം കൂർത്തൂ…..

വില്യമിനെ വിളിച്ചയാൾ മുന്നിൽ നിർത്തി
എനിക്ക് പോകാനൊരിടമില്ലെന്നു പറഞ്ഞതും വില്യം ഒന്നും മിണ്ടാതെ നിന്നു. നീയും ഇവളുമായിട്ടുള്ള ബന്ധം എന്താണെന്ന് ചോദിച്ചതും ഒന്നും മിണ്ടാതെ നിന്നവൻ താനവൻ്റെ കാലു പിടിച്ചു ഉപേക്ഷിക്കല്ലേന്ന് പറഞ്ഞ്…..

നിനക്കിവളെ വേണമെന്നുണ്ടെങ്കിൽ ഇപ്പോൾ ഇറങ്ങണം പക്ഷേ അതോടെ ഈ വീടുമായുള്ള ബന്ധം ഉപേക്ഷിക്കണം അവൻ്റെ അപ്പൻ പറഞ്ഞതും എന്നെ ആ ഇരുട്ടത്ത് തനിച്ചാക്കി അവൻ വീടിനുള്ളിലേക്ക് കയറിപ്പോൾ

കൂടെ നഷ്ടമായത് അവനോടുള്ള എൻ്റെ വിശ്വാസവും
പോകാനൊരിടമില്ലാതെ ആർക്കും വേണ്ടാത്ത ജീവിതം അവസാനിപ്പിക്കാനായി കായലിൽ ചാടിയതും സച്ചിയേട്ടൻ രക്ഷപെടുത്തി…. ആ ഓർമ്മകളെല്ലാം അവളെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു. ….

അകമുറിയിൽ സച്ചിദാനന്ദനെ ഒരിക്കലും മനസ്സിൽ നിന്ന് പടിയിറക്കി വിടാൻ കഴിയില്ലെന്നറിയാം.

തൻ്റെ ഈ അവസ്ഥ കാരണം അയാൾ അസ്വസ്ഥനാണെന്നറിയാം അത് ഒഴിവാക്കണം അല്ലെങ്കിൽ തന്നെ അയാൾ ഒരു തെറ്റും ചെയ്തില്ല തനിക്ക് നന്മ മാത്രമെ ചെയ്തുള്ളു. അനു എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു….

നല്ലൊരു ചുരിതാറിട്ട് അനു മുറി തുറന്ന് പുറത്തിറങ്ങി വന്നു….. ഒരു പൊട്ടിൻ്റെ പോലും ആവരണമില്ലാതെ അവൾ മനോഹരി ആയിരുന്നു…. കണ്ണുകളിലെ നോവിനെ മൂടുപടത്താൽ അവൾ മറച്ചിരുന്നു……..

സച്ചി….. ആ സമയം അവിടെ ഇല്ലായിരുന്നു……. എവിടെയോ യാത്രയ്ക്കെന്ന പോലെ തയ്യാറായി വന്നവളെ ആശ്ചര്യത്തോടെ ദേവകിയേടത്തി നോക്കി……

“”കൂട്ടി ….. എങ്ങട്.. പുറപ്പെടാൻ നില്ക്കുകയാ….

അവളൊന്നു ദേവകിയേടത്തിയെ നോക്കി…..

“”എങ്ങും പുറപ്പെട്ടു പോവില്ലെൻ്റെ ദേവകി കുട്ടി…… ഒരത്യാവശ്യം ഉണ്ട്
പെട്ടെന്ന് പോയി വരാം…… ഏടത്തിയെ നോക്കി ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടവൾ നടന്നു നീങ്ങി……

ആ യാത്ര അവസാനിച്ചത് ഡോക്ടർ ജാനകിയുടെ ഫ്ലാറ്റിന് മുന്നിലായിരുന്നു.

കോളിങ് ബെല്ലടിച്ച് ഡോർ തുറക്കാനായി കാത്തു നിന്ന അനുവിൽ ഇങ്ങോട്ടു പുറപ്പെടുമ്പോഴുള്ള ആത്മവിശ്വാസം കൈവിടുന്ന പ്രതീതിയാണ് ഉളവായത്
പിരിമുറുക്കത്താൽ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു…

പെട്ടെന്ന് ഡോർ തുറന്നതും
അനു ഞെട്ടിപ്പിടഞ്ഞു.
ജാനകിക്കാണേൽ അനുവിനെ കണ്ടിട്ടും പ്രത്യേക ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല

“”അനസൂയ അകത്തേക്ക് വരൂ……
ജാനകി അവളെ അകത്തേക്ക് ക്ഷണിച്ചു……

ഡോക്ടർ തൻ്റെ പേരോർത്തു വച്ചല്ലോ…. തെല്ലൊന്നമ്പരന്നു കൊണ്ട് അവളോർത്തു……

ലിവിങ് ഏരിയയിലെ സോഫയിൽ ബലമില്ലാത്തവണ്ണം അവളിരുന്നു.

അനു തൻ്റെ എതിരെ ഇരിക്കുന്ന ഡോക്ടർ ജാനകിയെ ഒന്നു നോക്കി…..
ഒരു പ്രൊഫഷനിസ്റ്റിൻ്റെ എല്ലാവിധ ആർജ്ജവത്തോടെയുള്ള ശരീരഭാഷയും വേഷവിധാനവും കുലീനത്യമുള്ള സ്ത്രീ.
അവളുടെ നിഴലുപോലും ആത്മവിശ്വാസത്തെ വിളിച്ചോതുന്നുണ്ടായിരുന്നു.

“”അനസൂയയ്ക്ക് സച്ചിയെ എത്ര കാലമായി അറിയാം …. പൊടുന്നനെയാണ് ഡോക്ടർ ജാനകി ചോദ്യശരം ഉതിർത്തുവിട്ടത്?

“”എന്താ???

അനു ഒന്ന് പതറി…..

“”അല്ല…. ഈ വരവ് കേവലം ഒരു പത്തു മിനിട്ട് പരിചയമുള്ള എന്നെ തേടിയാകണമെന്നുണ്ടെങ്കിൽ
അത് സച്ചിദാനന്ദിന് വേണ്ടിയാണെന്നറിയാം….. സച്ചിയെ തിരികെ തരണമെന്നു പറയാൻ….. ശരിയല്ലേ?

പെട്ടെന്ന് എന്താ പറയേണ്ടതെന്നറിയാതെ അനു ഒന്നു വിയർത്തു. പിന്നെ വല്ലാത്തൊരു നോട്ടം നോക്കി തൻ്റെ മുന്നിലിരിക്കുന്ന ജാനകിക്കു നേരെ .ചുണ്ടിലൊരു കോണിൽ ഒരു പുഞ്ചിരി വിടർന്നു…..
തന്നോടു തന്നെയുള്ള പുശ്ചത്താൽ വിരിഞ്ഞൊരു ചിരി…..

“”സച്ചിയേട്ടനെ രണ്ടു വർഷത്തെ പരിചയമേയുള്ളു. എനിക്കാദ്യമായ ഇത്രയേറെ കരുതലോടെ ദയവോടെ എന്നെ നോക്കുന്ന ഒരാളെ കാണാൻ പറ്റിയത്. ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ…..

ആ കരുതലും സ്നേഹവും എന്നും കൂടെ വേണമെന്ന് ആശിച്ചു പോയി.
സച്ചിയുടെ പ്രതാപമോ സ്വത്തോ ഒന്നുമല്ല അതിന് ഹേതു അയാളിലെ മനുഷ്യനെ എന്നോടുള്ള സമീപനത്തെ
തനിക്ക് വേണ്ടപ്പെട്ടവരെ ചേർത്തു പിടിക്കുന്ന ആ മനസ്സിനെ വല്ലാണ്ട് ആഗ്രഹിച്ചു പോയി……””

ഞാൻ തുറന്ന് പറഞ്ഞില്ലെങ്കിലും സച്ചിയേട്ടനറിയാം പക്ഷേ എനിൽ നിന്ന് അകന്നിട്ടേയുള്ളു. മുഖം തിരിച്ചിട്ടേയുള്ളു……

ഇപ്പോൾ കല്യാണവും തീരുമാനിച്ചു.
അതു കൊണ്ട് ഡോക്ടർക്ക് സ്വന്തമായ സച്ചിയെ തിരികെ വേണമെന്ന് പറയാൻ വന്നതല്ല ഞാൻ….. അനുവൊന്നു ചിരിച്ചു.
ഇപ്പോഴവൾ തൻ്റെ മനസാന്നിധ്യം വീണ്ടെടുത്ത് സോഫയിലേക്ക് ചാരിയൊന്നിരുന്നു. ….

“”സച്ചിദാനന്ദിൻ്റെ സ്വന്തമോ….??
ജാനകി പൊട്ടിച്ചിരിച്ചു.

സച്ചിദാനന്ദ് ….. സൈകാട്രിസ്റ്റ് ഡോക്ടർ ജാനകിയുടെ പേഷ്യൻ്റ് മാത്രമാണ്…..””

അഞ്ചു വർഷത്തോളമായി എനിക്ക് സച്ചിയെ അറിയാം ഒരു പക്ഷേ മറ്റാരേക്കാൾ കൂടുതൽ. അവൻ പറഞ്ഞപോലെ അവനെ നന്നായി മനസ്സിലാക്കിയ ഫ്രണ്ട്. എനിക്കും അങ്ങനെ തന്നെയാ….. ഡോക്ടർ പേഷ്യൻ്റ് ബന്ധത്തിനപ്പുറം നല്ല ബോണ്ടുള്ള സുഹൃത്തുക്കൾ

“”സച്ചിയേട്ടന് എന്താ….. എന്താ പ്രശ്നം?
അവൾക്ക് അതറിയാനായിരുന്നു താല്പര്യം അവളുടെ കണ്ണുകളിലപ്പോഴും സച്ചിയുടെ താടിയിൽ വിരിയുന്ന നുണക്കുഴിയായിരുന്നു. അല്ലെങ്കിൽ ഇത്ര കാലം പുകമറയിൽ ഒളിപ്പിച്ചു നടക്കുന്ന സച്ചിയെന്ന കനലിനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നോ??

സച്ചി ആ ർ മി യിലായിരുന്നപ്പോൾ മി ലി ട്ട റി ഓപ്പറേഷൻസിനിടയിൽ അപകടം ഉണ്ടായി ജീവൻ തിരിച്ചു കിട്ടുമോന്നു പോലും സംശയമായിരുന്നു. പക്ഷേ ജീവൻ തിരിച്ചുകിട്ടിയെങ്കിലും…..
വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നു.

സച്ചിക്കൊരു കുടുംബ ജീവിതം സാധ്യമല്ല…. അനു ഞെട്ടലോടെ ജാനകിയെ നോക്കി…. സച്ചിയുടെ കല്യാണം മുറപ്പെണ്ണുമായി തീരുമാനിച്ച സമയത്തായിരുന്നു ഈ അപകടം.

ബെഡ്ഡിൽ ജഢമായി കിടക്കുന്നവനെ….. തൻ്റെ വികാരങ്ങളെ ശമിപ്പിക്കാൻ കഴിയാത്തവനെ….. കുഞ്ഞിനെ നല്കാൻ കെല്പ്പില്ലാത്തവനെ തനിക്ക് വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു…..

വല്ലാത്ത ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് സച്ചിയെ അത് തള്ളിവിട്ടു. ദിവസങ്ങളോളം മെൻറൽ ഹോസ്പിറ്റലിൽ കിടന്നു …… കൗൺസിലിങ്ങും…. മെഡിറ്റേഷനും ഇന്നു കാണുന്ന സച്ചിയിലേക്ക് മാറി…..

പക്ഷേ ഇന്നും രാത്രി കാലങ്ങളിൽ അവൻ ഭ്രാന്തമായ അവസ്ഥയിലേക്ക് ചേക്കേറാറുണ്ട് മെഡിസിൻ്റെ സഹായത്തോടെയാ അവനൊന്നുറങ്ങുന്നത്….. ഒരു പെണ്ണിനേയും അവൻ സ്വീകരിക്കില്ല
ഒരു പെണ്ണിനും ഒരാഗ്രഹങ്ങളും അവൻ കൊടുക്കില്ല…..

പിന്നെയൊന്നും കേൾക്കാൻ കെല്പ്പില്ലാത്തവളെപ്പോലെ കൊടുംകാറ്റിലിലൂഞ്ഞ നിലയിലവൾ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങി.

ജാനകി പുറകിൽ നിന്നും വിളിച്ചിട്ടും ഒന്നും കേൾക്കാനവൾക്ക് കഴിഞ്ഞില്ല
ഒരേയൊരു മുഖം മാത്രം തൻ്റെ പ്രാണൻ്റെ ഭ്രാന്തു പൂക്കുന്ന ഓരോ രാത്രികളിലും അവനനുഭവിക്കുന്ന വിവേചിച്ചറിയാനാകാത്ത അവൻ്റെ ദൈന്യതയേറിയ മുഖം മാത്രമായിരുന്നു മനസ്സിൽ

വീട്ടിലെത്തിയവൾ ഡ്രെസ്സ് പോലും മാറ്റാതെ ബെഡ്ഡിലേക്ക് വീണു.
തല വെട്ടിപ്പുളരുന്നുണ്ട്. പിന്നാലെ നടന്നപ്പോഴെല്ലാം അസ്വസ്ഥമായ മനസ്സിനെ ഇന്നു താൻമനസ്സിലാക്കുന്നു.
തലവേദന അസഹ്യമായപ്പോൾ മെഡിസിൻ കഴിച്ച് കിടന്ന് ഉറങ്ങിപ്പോയി…..

പിന്നീടുള്ള പലരാത്രികളിലും അവൻ്റെ ഭ്രാന്തൻ അവസ്ഥയെ അവനറിയാതെ കണ്ടു കണ്ണു നിറച്ചു. ആരോടും ഒന്നും പറയാനാകാതെ വീടിൻ്റെ ചുവരിൽ തലയിട്ടടിച്ച് …. ഇട്ടിരിക്കുന്ന വസ്ത്രം പിച്ചി ചീന്തിയെറിയുന്ന സച്ചി……

മെഡിസിൻ്റെ പിടിമുറുക്കുമ്പോൾ മാത്രം ഉറക്കത്തെ തഴുകുന്ന കണ്ണുകൾ.
അവൻ ഉറങ്ങി കഴിയുമ്പോൾ അവനരികിൽ കാവലായി അവളിരിക്കാൻ തുടങ്ങി അവൾക്കും പിന്നീടെല്ലാം ഉറക്കമില്ലാത്ത രാത്രികളായിരുന്നു.

ഒരു ദിവസം സന്ധ്യ കഴിഞ്ഞ് സച്ചി രോഷാകുലനായി വീട്ടിലേക്ക് പാഞ്ഞുകയറി വന്നു

അനൂ ….. ഉറക്കെ അവൻ വിളിച്ചു.
സച്ചി എന്താടാ എന്തിനാ നീ ഇങ്ങനെ കൂവുന്നത്?

അവളെവിടെ അവളെ വിളിക്ക്
ആരുമില്ലാത്തൊരുത്തിക്ക് അഭയം കൊടുത്തപ്പോൾ തലയിൽ കയറി നിരങ്ങുന്നോ? എൻ്റെ വാക്കിനിവിടെ പുല്ല് വിലയോ സച്ചിയുടെ ബഹളം കേട്ടുകൊണ്ടാണ് അനു അങ്ങോട്ടേക്കു വന്നത്. അവളെ കണ്ടമാത്രയിൽ കണ്ണിലെ ചുവന്ന ഞരമ്പുകൾ പിടച്ചു.

അവളുടെ ക വിളിൽ ഊ ക്കോടെ വീ ശിയ ടിച്ചു. വീണ്ടും ഒന്നു കൂടി അടിച്ചവൻ കൈ കുടഞ്ഞു.

സച്ചി….. ദേവികയേടത്തി വെപ്രാളത്തോടെ വിളിച്ചു. നമ്മളെയൊക്കെ ഇവൾ ചതിക്കുവാ ഏടത്തി അവൻ നിസ്സാഹയതയോടെ പറഞ്ഞു. അവൾ ആ ഗിരീശനെ വിളിച്ച് കല്യാണത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു…..

അ ടി കിട്ടിയ ക വിളിൽ ഒന്നു തൊടുകപോലും ചെയ്യാതെ മരവിച്ച കണക്കെ ചുവരും ചാരി നിന്നു.

ദേവികയിലും അമ്പരപ്പുണ്ടായി ……
നീ എന്തൊക്കെയാ കുട്ടി ഈ കാണിച്ചുകൂട്ടുന്നത്.

എനിക്ക് സച്ചിയേട്ടൻ്റെ ഒപ്പം ജീവിക്കാനാണ് ഇഷ്ടം. എനിക്ക് ഇഷ്ടമില്ലാത്തതിന് നിർബന്ധിക്കരുത്…..

അനു മുഖത്ത് നോക്കി പറഞ്ഞതിൻ്റെ ഞെട്ടലിൽ ആയിരുന്നു സച്ചി….
തലച്ചോറിൽ മുരളിച്ചപോലെയവൻ പിടഞ്ഞു.

നോ…… നെവർ…. സച്ചി തല കുടഞ്ഞ് നിഷേധിച്ചു കൊണ്ടിരുന്നു……. അവൻ്റെ ഭ്രാന്തമായ അവസ്ഥ കണ്ടt നില്ക്കാനാവാതെ മുഖം പൊത്തി കരഞ്ഞവൾ.

ഇപ്പോ ഇറങ്ങണം നീ ഇവിടുന്ന്
കാണരുത് എൻ്റെ മുന്നിൽ സച്ചി സകല നിയന്ത്രണവും വിട്ടവനെപ്പോലെ അനുവിനെ വലിച്ചിഴച്ച് മുറ്റത്തേക്കിറക്കി ‘ വിട്ടു….. വാതിൽ വലിച്ചടച്ചു.
തടയാൻ ശ്രമിച്ച ദേവിയേടത്തിയോട് ദേഷ്യത്തോട് മുരണ്ടു.

വാതിലിൽ മൂട്ടി അലറി വിളിച്ചു കരഞവൾ എന്നെ ഉപേക്ഷിക്കരുതേ സച്ചിയേട്ടാ ഒരവകാശവും വേണ്ട
എന്നെ ഇവിടുന്ന് പറഞ്ഞു വിടല്ലേ.

എനിക്കെന്നും കണ്ടാൽ മതി
ഈ വീടിൻ്റെ ഏതെങ്കിലും കോണിൽ കഴിഞ്ഞു കൊള്ളാo എനിക്ക് മറ്റൊരാളെ നിങ്ങൾടെ സ്ഥാനത്ത് കാണാൻ പറ്റാഞ്ഞിട്ടാ സച്ചിയേട്ടാ അവൾ ചുവരിൽ തലയിട്ടടിച്ച് കരഞ്ഞു.

ഒന്നു തലചുറ്റിയ പോലെ തോന്നിയപ്പോൾ അവൾ ഇറയത്തുള്ള തൂണിൽ പിടിക്കാൻ നോക്കിയെങ്കിലും പിടികിട്ടിയില്ല താഴോട്ട് മലർന്നടിച്ച് വീണു.
തലയുടെ പിൻഭാഗം ശക്തമായി കല്ലിലടിച്ചവൾ ബോധ ഹീനയായി….
കൊഴുത്ത രക്തം തലയ്ക്ക് പിൻഭാഗത്ത് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു…….

സച്ചി…. അവളി രാത്രിയിൽ എവിടെ പോകും അവള് ചെയ്തത് തെറ്റു തന്നെയാ പക്ഷേ നീ ഇപ്പോൾ ചെയ്തത് ക്രൂരമായിപ്പോയി…… ഏടത്തി ഒന്നും പറയണ്ട…. അവന് അവൻ്റെ തലച്ചോറിനെ നിയന്ത്രിക്കാനാകാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ദേവികയേടത്തി വിഷാദത്തോടെ നോക്കി നിന്നു.

ഒട്ടും നിയന്ത്രിക്കാനാവാതെ ശരീരത്ത് വിറയല് കയറി അലറി വിളിച്ചവൻ
തൻ്റെ കൺട്രോൾ കൈവിടും എന്ന തോന്നലിൽ അവൻ മെഡിസിൻ കഴിച്ചു. ശരീരം തളരാൻ തുടങ്ങി
ഉറക്കത്തിലേക്ക് വഴുതി വീണു…..

ദേവിക വേഗം പൂമുഖവാതിൽ തുറന് ഇരുട്ടത്തേക്ക് ഓടിയിറങ്ങി
നടവഴിയിൽ രക്തത്തിൽ കുളിച്ച് ബോധഹീനയായ അനുവിനെ കണ്ടതും വിറങ്ങലിച്ചു പോയവർ….

നിലവിളിച്ചു കൊണ്ട് അവളെ വിളിച്ചെങ്കിലും ഉണർന്നില്ല വേഗം സച്ചിയെ വിളിക്കാൻ പോയതും മെഡിസിൻ്റ ആധിക്യത്തിൽ അവരുടെ വിളിയൊന്നും അവനെ ഉണർത്തിയില്ല.
അടുത്ത വീട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിൽ അവളെ ആക്കി….

ദിവസങ്ങൾക്കു ശേഷം അവളുണരുമ്പോൾ ആദ്യം ചോദിച്ചത് അവളുടെ സച്ചിയേട്ടനെ ആയിരുന്നു.
ഡോക്ടർ ജാനകിയോടൊപ്പം സച്ചി റൂമിലേക്ക് കയറി….

തലയ്ക്ക് ചുറ്റും വലിയ കെട്ടുമായി മുടിയൊക്കെ പറ്റെ വെട്ടി….. ക്ഷീണിച്ച അവസ്ഥയിൽ അവളെ കണ്ടതും സച്ചിയുടെ ഹൃദയം നുറുങ്ങി.
എല്ലാം താൻ കാരണം…. അവൻ അടുത്തെത്തി അവളുടെ കൈവിരലിൽ പിടിച്ചു. അപ്പോൾ അവളുടെ മിഴികൾ തിളങ്ങി. മിഴികൾ പെയ്തു തുടങ്ങി.
അവളൊന്നു പുഞ്ചിരിച്ചു.

സച്ചിയേട്ടൻ….

“”എന്നെ പറഞ്ഞു വിടല്ലേ സച്ചിയേട്ടാ….
ആ ഭ്രാന്തു പൂക്കുമ്പോൾ എൻ്റെ നെഞ്ചിലെ താളത്തിൽ ചേർത്തു പിടിച്ചു കൊള്ളാം… ഒരു കുഞ്ഞിന് ജന്മം നല്കാനല്ലേ സാധിക്കാത്തതുള്ളു. എൻ്റെ താരാട്ടുപാട്ടെല്ലാം നിങ്ങൾക്ക് പകർന്നു നല്കാം എൻ്റെ പൈതലായി നിങ്ങളെ നെഞ്ചോട് ചേർക്കാം……
ഈ സാമിപ്യം മാത്രം മതി….. എൻ്റെ ജന്മത്തെ സമ്പൂർണ്ണമാക്കാൻ…..””‘
..
അവരുടെ പരിഭവത്തിനിടയിൽ ജാനകി മെല്ലെയവിടുന്ന് ഇറങ്ങി….. സച്ചിയെ തിരിഞ്ഞു നോക്കിയതും ജാനകിയുടെ മിഴികൾ നിറഞ്ഞുവോ…. നെഞ്ചിലെ വിങ്ങൽ അവശേഷിപ്പിച്ചു കൊണ്ട്
അവർ ഡോർ തുറന്ന് പുറത്തേക്ക് പോയി….

“”അനു….. മോളേ…. സച്ചി എന്തോ പറയാൻ വന്നതും അവൾ തടഞ്ഞു……

“”വേണ്ട…… ഒന്നും പറയേണ്ട …….
ചില ചോദ്യങ്ങൾക്കൊന്നും ഉത്തരം ലഭിക്കില്ലെന്നറിയാം കാത്തിരിക്കാം ഞാൻ ഭ്രാന്തു പൂക്കുന്ന പോലെ പ്രണയവും പൂക്കൂന്ന നിമിഷത്തിനായി….”‘.

ദൂരെയേതോ രാപ്പാടികൾ അവരുടെ ഹൃദയരാഗത്തെ ഈണത്തിൽ പാടിപറക്കുന്നുണ്ടായിരുന്നു… സച്ചിയിലും പ്രണയം പൂക്കുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു….

Leave a Reply

Your email address will not be published. Required fields are marked *