(രചന: ചൈത്ര)
“ഈയാഴ്ച തന്നെ എന്തായാലും പുതിയ കാർ എടുക്കണം.നമുക്ക് പുതിയ മോഡൽ കാർ ഇല്ലല്ലോ..”
ഡൈനിങ് ടേബിളിലിരുന്ന് അനിയൻ പറയുന്നത് കേട്ടു കൊണ്ടാണ് പുറത്തു നിന്ന് പ്രകാശ് അകത്തേക്ക് കയറി വന്നത്.
” ഇപ്പോൾ എന്തിനാടാ ഇവിടെ ഒരു കാറിന്റെ ആവശ്യം..? അതും പുതിയത് ഒരെണ്ണത്തിന്റെ..? നമ്മുടെ ആവശ്യത്തിന് ഒരു കാർ ഇപ്പോൾ ഈ വീട്ടിൽ ഉണ്ടല്ലോ.. അതു പോരെ..? ”
പ്രകാശിന്റെ ചോദ്യം അനിയനും ഭാര്യക്കും ഇഷ്ടമായില്ല എന്ന് അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.
“അതിനിപ്പോ എന്താ.. ആ കാർ പഴയത് ആയല്ലോ.. അത് ചേട്ടൻ ചേട്ടന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ മതി. ഞാൻ എന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പുതിയൊരു കാർ വാങ്ങണം എന്ന് പറഞ്ഞത്.”
അനിയൻ സ്വരം കടുപ്പിച്ചു. അവന്റെ ശബ്ദത്തിലെ ആ മാറ്റം ചേട്ടന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
“മോനെ..ആരുടെ ആവശ്യത്തിനു വാങ്ങിച്ചാലും പണമല്ലേ ചെലവാകുന്നത്.? അത് കൂട്ടി വെച്ചാൽ നമുക്ക് നാളെ എന്തെങ്കിലും ഒരു ആവശ്യത്തിന് ഉപകരിക്കുമല്ലോ..”
പ്രകാശ് അനിയനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
“അതിന് എന്റെ ഭർത്താവ് ചേട്ടനെപ്പോലെ ഒരു കൂലിപ്പണിക്കാരൻ അല്ല.മാസാമാസം ലക്ഷങ്ങൾ വരുമാനമുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയറാണ്.”
പരിഹാസത്തോടെ അനിയത്തി പറഞ്ഞത് പ്രകാശിനെ വല്ലാതെ വേദനിപ്പിച്ചു.അയാൾ സങ്കടത്തോടെ അനിയനെ നോക്കി. പക്ഷേ ഭാര്യ പറയുന്നത് അംഗീകരിക്കുന്നു എന്നൊരു മുഖഭാവം ആയിരുന്നു അവന്റേതും.
” മോളെ.. ഇങ്ങനെയൊന്നും പറയരുത്. അത് നിങ്ങളുടെ ഏട്ടനാണ്. ”
അമ്മായിയമ്മ അത് പറഞ്ഞപ്പോൾ അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു. ഭർത്താവിനെ ഒന്നു നോക്കിക്കൊണ്ട് അവൾ മുറിയിലേക്ക് പോയി.
“അമ്മ അവളെ ഓരോന്നും പറഞ്ഞു പഠിപ്പിക്കാൻ നിൽക്കണ്ട. അവൾക്കറിയാം എന്ത് എങ്ങനെ ചെയ്യണം എന്ന്. വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കണ്ട.”
രൂക്ഷമായി പറഞ്ഞു കൊണ്ട് അനിയനും അവൾക്ക് പിന്നാലെ പോയി.
തകർന്നുള്ള മൂത്ത മകന്റെ നിൽപ്പ് കണ്ടപ്പോൾ ആ അമ്മയ്ക്ക് വല്ലാത്ത വേദന തോന്നി.
“മോനെ.. അവർ അറിവില്ലാതെ എന്തെങ്കിലും പറയുന്നതാണ്.നീ അതൊന്നും കാര്യമാക്കണ്ട.”
അമ്മ പറഞ്ഞപ്പോൾ അവരെ നോക്കി ഒന്ന് വിളറി ചിരിച്ചു കൊണ്ട് അവൻ തന്റെ മുറിയിലേക്ക് പോയി.
തളർച്ചയോടെ ബെഡിലേക്ക് കിടക്കുമ്പോൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നത് അവരുടെ കുട്ടിക്കാലം ആയിരുന്നു.
അവന്റെ പത്താം വയസ്സിലായിരുന്നു അച്ഛൻ മരണപ്പെടുന്നത്.അവനെക്കാൾ രണ്ടു വയസ്സിന് ഇളയ അനിയനെയും അവനെയും വളർത്താൻ അവന്റെ അമ്മ കഷ്ടപ്പെടുന്നത് അന്നുമുതൽ അവൻ കാണുന്നതാണ്.
അടുത്ത വീടുകളിൽ ജോലിക്ക് പോയും കൂലിപ്പണിക്ക് പോയും ഒക്കെ തന്നെയായിരുന്നു അമ്മ അവരെ വളർത്തിയത്.
അവൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം ജോലി സ്ഥലത്ത് വെച്ച് അമ്മ കുഴഞ്ഞു വീഴുന്നത്.
പത്താം ക്ലാസിന്റെ അവസാന പരീക്ഷയും എഴുതിക്കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് എത്തിയ അവൻ അറിയുന്നത് അമ്മ ആശുപത്രിയിലാണ് എന്നൊരു വാർത്തയായിരുന്നു. അനിയനെയും ചേർത്തുപിടിച്ച് അവൻ പകച്ചു നിന്നു പോയി.
ആ പത്താം ക്ലാസുകാരന് അറിയില്ലായിരുന്നു എങ്ങനെയാണ് ആശുപത്രിയിലേക്ക് എത്തുന്നതെന്നോ അതിന് എത്ര രൂപ ചെലവാകുമെന്നോ പോലും. അയൽക്കാരിൽ ആരോ ആണ് ആ രണ്ടു കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചത്.
അമ്മ തളർന്നു കിടക്കുന്നത് കണ്ടു അവരുടെ കണ്ണ് നിറഞ്ഞു.
പിന്നീട് ഡോക്ടർ ആണ് അവരെ പറഞ്ഞു മനസ്സിലാക്കിയത് അമ്മയ്ക്ക് ഹൃദയത്തിന്റെ വാൽവിന് എന്തോ തകരാറുണ്ട്.
ഇനി പ്രയാസമുള്ള ജോലികൾ ഒന്നും അമ്മയ്ക്ക് ചെയ്യാനാവില്ല. പൂർണ്ണമായും വിശ്രമം തന്നെയാണ് അമ്മയ്ക്ക് ആവശ്യം.
അമ്മയും മക്കളും മാത്രമുള്ള ആ കുഞ്ഞു കുടുംബത്തിന്റെ മനസ്സമാധാനം ഇല്ലാതാവാൻ ആ ഒരു വാർത്ത മാത്രം മതിയായിരുന്നു.
അമ്മയുടെ വരുമാനത്തിൽ മാത്രം മുന്നോട്ടു പോയിക്കൊണ്ടിരുന്ന ആ മക്കൾക്ക് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
ഡോക്ടർ പറഞ്ഞത് പ്രകാരം വീട്ടിലെത്തിയ ദിവസം മുതൽ അമ്മയെ നല്ല രീതിയിൽ തന്നെയാണ് അവൻ പരിപാലിച്ചത്.ആദ്യമൊക്കെ അയൽക്കാരിൽ ചിലരും അമ്മ ജോലിക്ക് പോയിക്കൊണ്ടിരുന്ന വീടുകളിലെ ആളുകളും ഒക്കെ സഹായിച്ചിരുന്നു.
പക്ഷേ എന്നും എപ്പോഴും എല്ലാവരുടെയും സഹായം പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു ജോലിക്ക് പോകാൻ തന്നെ അവൻ തീരുമാനിച്ചു.
പക്ഷേ പത്താം ക്ലാസിൽ പഠിക്കുന്ന ചെറിയ പയ്യന് എന്ത് ജോലി കിട്ടാനാണ്..!അവന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ അയൽക്കാരനായ രാഘവേട്ടനാണ് അദ്ദേഹത്തിനോടൊപ്പം അവനെയും പണിക്കു കൂട്ടിയത്.
ആദ്യമൊക്കെ പ്രയാസമുള്ള ജോലികൾ ഒന്നും അവന് ചെയ്യാൻ കഴിയുമായിരുന്നില്ല. പക്ഷേ വിശന്നു കരയുന്ന അനിയനെയും തളർന്നു കിടക്കുന്ന അമ്മയെയും ഓർക്കുമ്പോൾ അവന് ഊർജ്ജം കിട്ടുമായിരുന്നു.
പതിയെ പതിയെ അവൻ എല്ലാ ജോലികളും ശീലിച്ചു. അവന്റെ പഠിത്തം അവൻ പൂർണ്ണമായും ഉപേക്ഷിച്ചു. പക്ഷേ അനിയനെ നല്ല നിലയിൽ എത്തിക്കണമെന്ന് അവന്റെ വാശിയായിരുന്നു. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും അവൻ തയ്യാറുമായിരുന്നു.
ആ വാശി കൊണ്ട് തന്നെയാണ് അവനെ പഠിപ്പിച്ചു നല്ലൊരു എൻജിനീയറാക്കിയത്. അതിനിടയിൽ പ്രായം ഒരുപാടു മുന്നോട്ടു പോയിരുന്നു.
അനിയൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിച്ചു തരണം എന്നും പറഞ്ഞപ്പോൾ ഒരു മന്തിപ്പായിരുന്നു.
അമ്മ എത്രയൊക്കെ തടസ്സം നിന്നിട്ടും അവന്റെ ഇഷ്ടത്തിന് എതിരെ നിൽക്കാൻ ആ ചേട്ടന് തോന്നിയില്ല. അതുകൊണ്ടുതന്നെ വളരെ ആർഭാടപൂർവ്വം അനിയന്റെ വിവാഹം നടത്തി.
അതിനിടയിൽ ഒരിക്കൽ പോലും അനിയൻ ചേട്ടൻ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന് അന്വേഷിച്ചില്ല. ചേട്ടന് ഒരു കുടുംബം വേണമോ എന്ന് ചിന്തിച്ചില്ല.
വിവാഹം കഴിഞ്ഞതോടെ അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു. ചേട്ടനെ അവന് കണ്ണിനു നേരെ കാണാതെയായി. അമ്മ ആ വീട്ടിലെ വേലക്കാരിയെ പോലെ..
അവന് എപ്പോഴും അവന്റെ കാര്യങ്ങൾ മാത്രം..!
ആർഭാട പൂർവ്വമുള്ള ജീവിതം മാത്രമാണ് ഇപ്പോൾ അവന്റെ ലക്ഷ്യം. ഇത് എവിടെ ചെന്ന് നിൽക്കും എന്ന് ആലോചിച്ചിട്ട് ആ സഹോദരന് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല.
അന്നത്തെ സംഭവത്തിന് ശേഷം ചേട്ടനും അനിയനും തമ്മിൽ കണ്ടാൽ സംസാരിക്കാറുണ്ടായിരുന്നില്ല. മിക്കപ്പോഴും പ്രകാശ് ഒഴിഞ്ഞു മാറി പോവുകയാണ് പതിവ്.
അതിന് ഒരാഴ്ചയ്ക്കു ശേഷം അനിയൻ പുതിയൊരു കാർ എടുത്തു. അതിൽ അവർ രണ്ടാളും നാടുമുഴുവൻ ചുറ്റി അടിച്ചു.
ഒരിക്കൽ പോലും അമ്മയോ ചേട്ടനോ കാറിൽ ഒന്ന് കയറുന്നോ എന്നൊരു ചോദ്യം പോലും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അതൊക്കെ അവരെ രണ്ടാളെയും വേദനിപ്പിച്ചെങ്കിലും ഒന്നും പുറമേ കാണിച്ചില്ല.
അവരുടെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തീരുന്നത് അവർ പോലും അറിയുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കണ്ണീരോടെ തന്റെ മുന്നിൽ നിൽക്കുന്ന അനിയനെ കണ്ടപ്പോൾ പ്രകാശ് പകച്ചു പോയി.
“ചേട്ടാ.. ചേട്ടൻ എന്നോട് ക്ഷമിക്കണം. എന്റെ അറിവില്ലായ്മ കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയതാണ്. എനിക്ക് ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല. ഓരോ മാസത്തിലും ചെലവ് എനിക്ക് നിയന്ത്രിക്കാൻ പോലും കഴിയുന്നില്ല.
ആ കൂട്ടത്തിൽ ഓഫീസിൽ നിന്ന് എടുത്ത ലീവിന്റെ എണ്ണം കൂടിയതു കൊണ്ട് അവർ എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അടുത്തമാസം മുതൽ കാറിന്റെ ലോൺ പോലും എങ്ങനെ അടയ്ക്കണം എന്ന് എനിക്ക് യാതൊരു ഊഹവുമില്ല.”
കണ്ണീരോടെ അനിയൻ പറയുന്നത് പ്രകാശ് നിർവികാരതയോടെ കേട്ടു നിന്നു.
“ചേട്ടൻ ഞങ്ങളെ സഹായിക്കണം.”
അനിയത്തി ചേട്ടനു മുന്നിൽ കണ്ണീർ പൊഴിച്ചു.
“അവൻ നിങ്ങളെ എങ്ങനെ സഹായിക്കണം എന്നാണ്..? നീ മുൻപ് പറഞ്ഞതുപോലെ അവൻ ഇപ്പോഴും ഒരു കൂലിപ്പണിക്കാരൻ തന്നെയാണ്. നിന്റെ ഭർത്താവിനെ പോലെ മാസാമാസം ലക്ഷങ്ങൾ വരുമാനമുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയർ ഒന്നുമല്ല.
അങ്ങനെയാണെങ്കിൽ അല്ലേ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണം എടുത്തു തരാൻ പറ്റൂ. നിങ്ങളോട് അവൻ അന്നേ പറഞ്ഞതല്ലേ ഒന്നും വേണ്ടെന്ന്.
അപ്പോൾ നിങ്ങൾക്ക് ഞങ്ങളെ രണ്ടുപേരെയും പുച്ഛം. ഇപ്പോൾ ഒരു അപകടം വന്നപ്പോൾ സഹായിക്കണം എന്ന് പറഞ്ഞ് അവന്റെ മുന്നിലേക്ക് തന്നെ വന്നിരിക്കുന്നു. നാണമില്ലേ രണ്ടിനും..?”
അമ്മ ദേഷ്യപ്പെട്ടപ്പോൾ രണ്ടുപേരും ഞെട്ടലോടെ പരസ്പരം നോക്കി.
” അമ്മേ… ”
പ്രകാശ് ശാസനയോടെ വിളിച്ചു.
” നീ തടസ്സം പറയണ്ട. ഇത്രയും കാലം ഒന്നും കേട്ടില്ല കണ്ടില്ല എന്ന് വച്ചു ജീവിച്ചത് വെറുതെയല്ല. നീ എപ്പോഴെങ്കിലും നിന്റെ കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ മോനെ..
നിനക്ക് വിവാഹപ്രായം എത്തിയപ്പോൾ നിന്റെ വിവാഹം നടക്കുന്നതിനേക്കാൾ മുന്നേ അനിയന്റെ വിവാഹം നടത്താനായിരുന്നു തിടുക്കം.
നല്ല രീതിയിൽ പഠിച്ചു കൊണ്ടിരുന്ന നീ പഠനം പോലും ഉപേക്ഷിച്ച് ജോലിക്ക് പോയി തുടങ്ങിയത് ഇവന്റെ കണ്ണീര് കാണാൻ വയ്യാതെയായിരുന്നു.
നിന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നീ ചെലവഴിച്ചത് ഇവന്റെ സന്തോഷങ്ങൾക്ക് വേണ്ടിയായിരുന്നു. എന്നിട്ട് ഒരു അവസരം വന്നപ്പോൾ അവൻ തന്നെ നിനക്ക് എതിരെ തിരിഞ്ഞില്ലേ.?
ഇത്രയും കാര്യമായി അവനെ വളർത്തി വലുതാക്കിയ നിന്നെ അവന്റെ ഭാര്യ അപമാനിക്കുന്നത് കണ്ടിട്ടും ഒരക്ഷരം എതിർത്തു പറയാൻ അവന് കഴിഞ്ഞോ..? അവൻ ഇപ്പോൾ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത് അവന്റെ ആവശ്യം സാധിക്കാൻ വേണ്ടി മാത്രമാണ്.
നാളെ ഒരു സമയത്ത് അവന് ഇതിനേക്കാൾ നല്ലൊരു ജോലി കിട്ടുമ്പോൾ അവൻ നിന്നെ മുൻപത്തെപ്പോലെ തന്നെ തള്ളിക്കളയും.
ഇപ്പോഴത്തെ ഭാവങ്ങൾ ഒക്കെ അന്ന് മാറിമറിയും. ഇനിയെങ്കിലും നീ നിന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ നോക്ക്..”
അമ്മ കർശനമായി പറഞ്ഞപ്പോൾ അതിൽ ശരിയുണ്ടെന്ന് പ്രകാശനും തോന്നി. അതോടെ അവൻ അനിയനെയും അനിയത്തിയും ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി പോയി.
അമ്മ കൂടി അവരെ കടന്നു പോയപ്പോൾ ഇനി എന്ത് ചെയ്യും എന്നൊരു ചിന്തയിൽ പരസ്പരം നോക്കി നിൽക്കുകയായിരുന്നു രണ്ടുപേരും.