അമ്മ ഇത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അവളുടെ പ്രസവ കാര്യങ്ങൾ നോക്കേണ്ട ചുമതല അവളുടെ ഭർത്താവിനാണ്.

കാത്തിരിപ്പു
(രചന: സൂര്യ ഗായത്രി)

രാവിലെ അടുത്ത വീട്ടിൽ നിന്നും കല്യാണമേളത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നത് ശ്രീദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പക്ഷേ എന്തുകൊണ്ടോ അവൾക്ക് ഇരിക്കുന്നിടത്തു നിന്നും ചലിക്കാൻ കഴിഞ്ഞില്ല.

വീട്ടിലെ ആർക്കും ഒരു സങ്കടവും ഇല്ല… അല്ലെങ്കിലും അതങ്ങനെ അല്ലേ ഉണ്ടാകു…. എന്നും നഷ്ടം തനിക്ക് മാത്രമാണ്.

18 വയസ്സ് കഴിഞ്ഞപ്പോൾ ജീവിത ഭാരം മുഴുവൻ ചുമലിൽ ഏറ്റി തുടങ്ങിയതാണ്. ഇപ്പോൾ വയസ്സ് 25 കഴിഞ്ഞു. ഇതിനിടയിൽ മൂത്ത ചേച്ചിയുടെ വിവാഹം നടത്തി വിട്ടു. അനിയനെ പഠിപ്പിച്ചു.

ഒരുവിധം ജീവിതം പച്ചപിടിച്ചു തുടങ്ങുമ്പോൾ ആണ് തന്റെ ജീവിതത്തിലേക്ക് സാജൻ കടന്നുവന്നത്.

തന്റെ വീടിന്റെ തൊട്ടടുത്ത താമസിക്കുന്ന രാജൻ ചേട്ടന്റെയും സരോജിനി ചേച്ചിയുടെയും മകൻ. കുഞ്ഞു നാളിലെ ഒന്നിച്ച് കളിച്ചു വളർന്നവരാണ്. അതുകൊണ്ടുതന്നെ വലുതായപ്പോഴും ആ സൗഹൃദം നല്ല രീതിയിൽ തന്നെ തുടർന്നു.

പഠിക്കാൻ മിടുക്കിയായിരുന്നതുകൊണ്ടുതന്നെ പത്താം ക്ലാസും പ്ലസ് ടുമൊക്കെ നല്ല മാർക്ക് വാങ്ങിയാണ് പാസായത്. പ്ലസ് ടു എക്സാം സമയത്താണ് അച്ഛന്റെ മരണം. അച്ഛന്റെ മരണത്തോടുകൂടി ജീവിതമാകെ പ്രതിസന്ധിയിലായി…

വീട്ടിൽ വേറെ വരുമാനമാർഗം ഇല്ലാതായി ചേച്ചി ചെറിയ തുന്നൽ പണികളൊക്കെ നടത്തുന്നുണ്ട്. അതുകൊണ്ടൊന്നും ജീവിതം മുന്നോട്ടു പോകാൻ കഴിയില്ല എന്ന് മനസ്സിലായത് കൊണ്ടാണ് …..

താനൊരു ടെക്സ്റ്റൈൽസ് ഷോപ്പിലേക്ക് ജോലിക്ക് കയറിയത്. ആദ്യ കുറച്ചു മാസങ്ങളിൽ വളരെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് താൻ പെട്ടെന്ന് തന്നെ ജോലികളൊക്കെ പഠിച്ചെടുക്കുകയും ചെയ്തു.

ഷോപ്പിലെ മുതലാളി തന്റെ സുഹൃത്തിന്റെ അച്ഛനായിരുന്നു.. വീട്ടിലെ പ്രാരബ്ധങ്ങൾ എല്ലാം അറിയാവുന്നതുകൊണ്ട് തന്നെ അദ്ദേഹം തനിക്ക് നല്ലൊരു തുക ശമ്പളമായി തന്നു.

ചേച്ചിയുടെ കല്യാണം ഏകദേശം വാക്കു പറഞ്ഞു ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അതിനുവേണ്ടി പറമ്പിന്റെ ഒരു ഭാഗം വിൽക്കാനും ഏർപ്പാടുകൾ ചെയ്തിരുന്നു.

സ്ഥലം വിട്ടു കിട്ടിയ കാശ് സ്വർണ്ണത്തിന് മറ്റുമായി എടുത്തെങ്കിലും വിവാഹ ചിലവിനും ബാക്കിയുള്ള കാര്യങ്ങൾക്കുമൊക്കെ താൻ തന്നെയാണ് സംഘടിപ്പിച്ചത് അങ്ങനെ ചേച്ചിയുടെ വിവാഹം ഒരുവിധം ഭംഗിയായി നടത്താൻ കഴിഞ്ഞു….

അതിനുശേഷം പിന്നെ അനിയന്റെ പഠിത്തകാര്യം… ജീവിതം വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് സാജൻ ഒരു ആഗ്രഹമായി മനസ്സിൽ ചേക്കേറിയത്.

പല സങ്കടങ്ങളും പങ്കുവയ്ക്കുന്നതിന് സാജൻ ഒരു ആശ്രയമായിരുന്നു. പതിയെ പതിയെ ആ സൗഹൃദം വളർന്ന് പ്രണയമായി മാറി.

തന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് സാജനാണെന്ന് ഉറപ്പിച്ചു. അത്രമാത്രം അടുത്തു പോയിരുന്നു രണ്ടുപേരും.

സാമ്പത്തികമായി ഇരു വീട്ടുകാരും ഏകദേശം ഒരുപോലെ ആയിരുന്നു. പക്ഷേ അയൽക്കാർ എന്നതിലുപരി ഇരു വീടുകളും തമ്മിൽ അത്രമാത്രം ആത്മബന്ധം ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ തങ്ങടെ ബന്ധം എല്ലാവരും അംഗീകരിക്കുമെന്നും ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

ചേച്ചിയുടെ വിവാഹവും അതിനുശേഷമുള്ള പ്രസവ ചെലവുകളും എല്ലാം കൂടിയായപ്പോൾ ഞാൻ ആകെ തളർന്നുപോയി.. അതിനിടയിൽ അനിയന്റെ പഠിപ്പ്.

വർഷങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു തന്റെ പ്രായത്തിലുള്ള കുട്ടികളുടെ എല്ലാം വിവാഹം കഴിയാൻ തുടങ്ങിയിട്ട് പോലും വീട്ടുകാർക്ക് തന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും ഇല്ലായിരുന്നു.

ചേച്ചി ആദ്യപ്രസവം കഴിഞ്ഞ് രണ്ടാമത്തെ പ്രസവത്തിനായി വീട്ടിലേക്ക് വന്നു..

അമ്മ ഓടി നടന്ന അവളുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീട്ടിൽ ചേച്ചിയുണ്ട്.

മോളെ അവൾക്കിത് ആറാം മാസമാണ്. പ്രസവ കാര്യങ്ങളൊക്കെ നമുക്ക് ഭംഗിയായി ചെയ്തു കൊടുക്കണം അല്ലെങ്കിൽ അവന്റെ വീട്ടുകാർ എന്ത് വിചാരിക്കും.

അമ്മ ഇത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അവളുടെ പ്രസവ കാര്യങ്ങൾ നോക്കേണ്ട ചുമതല അവളുടെ ഭർത്താവിനാണ്.

ഇങ്ങനെ ഓരോരോ പ്രസവങ്ങൾ നോക്കിക്കൊടുക്കേണ്ട ചുമതല നമുക്കില്ലല്ലോ. അല്ലെങ്കിൽ തന്നെ എന്റെ ഒരു വരുമാനം വെച്ചുകൊണ്ട് എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെയ്യും.

അമ്മയ്ക്ക് എന്നോട് പറയാൻ എങ്ങനെ തോന്നുന്നു. ഞാനും അമ്മയുടെ മോളല്ലേ. ഞാനൊന്നും പറയുന്നില്ല എന്ന് കരുതി അമ്മ ഒന്നും അറിയില്ല എന്ന് ഭാവിക്കരുത്.

എന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് കുടുംബമായി താമസിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി പണിയെടുത്ത്…. ബാക്കി പറയാൻ കഴിയാതെ അവൾ ചുണ്ടുകൾ കടിച്ചുപിടിച്ച് വിതുമ്പി ….അകത്തേക്ക് പോയി

എന്റെ കാര്യം പറഞ്ഞ് ആരും ഇവിടെ വഴക്കുണ്ടാക്കണ്ട ഞാൻ നാളെ തന്നെ പൊക്കോളാം.

നിനക്കിത് എങ്ങനെ പറയാൻ കഴിയുന്നു സുജേ. അവൾ നിന്റെ അനിയത്തിയാണ് ഈ കുടുംബത്തിനുവേണ്ടി അവൾ ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും കാണുന്നുണ്ട്

പക്ഷേ പലതും ഞാൻ കണ്ടില്ലെന്നു നടിക്കുന്നത് നിങ്ങൾ രണ്ടു മക്കൾക്കും വേണ്ടിയാണ്. അവളും നിങ്ങളെ പോലെ എന്റെ മകൾ തന്നെയാണ്…

ഇനിയും നീ ഓരോരോ കാര്യങ്ങൾ പറഞ്ഞു ഇവിടേക്ക് വരണ്ട. നിനക്ക് തരാനുള്ളതൊക്കെ തന്നു തന്നെയാണ് നിന്നെ വിവാഹം കഴിപ്പിച്ചയച്ചത്.

അടുത്ത വീട്ടിലെ സാജനുമായി അവൾ അടുപ്പത്തിലാണ്. അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

പക്ഷേ നമ്മൾ ആരും അതിനെക്കുറിച്ച് അവളോട് ഒന്നും ചോദിച്ചിട്ടില്ല. അവർ നല്ല ആൾക്കാരാണ് നമുക്ക് അറിയാവുന്ന ആൾക്കാരും. അവരോട് ആലോചിച്ച നമുക്ക് ഈ വിവാഹം നടത്തിയാലോ.

ഞാനിനി ഇവിടുത്തെ ഒരു കാര്യങ്ങളിലും ഇടപെടാൻ വരില്ല അമ്മ ഇഷ്ടമുള്ളത് പോലെ എന്തുവേണമെന്ന് വെച്ചാൽ ചെയ്തോ.

എന്തിനെങ്കിലും വിളിച്ചാൽ നാലാൾക്കൊപ്പം വന്നു നിൽക്കാം അത്രയേ പറ്റൂ. കൊള്ളാം സുജേ നിന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ…..

അപ്പോഴേക്കും അകത്തുനിന്ന് ശ്രീദേവി പുറത്തേക്ക് വന്നു.

അമ്മ ആരോടും എന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചു ചെറുതാവാൻ നിൽക്കണ്ട. എല്ലാവർക്കും അവരവരുടെ കാര്യം മാത്രമേ ഉള്ളൂ അത് മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി.

ഞാൻ ആദ്യമേ എന്റെ കാര്യം നോക്കി പോയിരുന്നുവെങ്കിൽ ചേച്ചി ഇന്നും ഈ വീട്ടിൽ തന്നെ ഇരിക്കുമായിരുന്നുള്ളൂ.

അച്ഛന്റെ മരണശേഷം ഈ കുടുംബത്തിന്റെ ഭാരം മുഴുവൻ ഞാൻ ഏറ്റെടുത്തതാണ്. ചേച്ചിയുടെ വിവാഹം അനിയന്റെ പഠിത്തം ഇതെല്ലാം എന്റെ മാത്രം ഉത്തരവാദിത്വമായിരുന്നു….

നിങ്ങളുടെയൊക്കെ കാര്യം കഴിഞ്ഞപ്പോൾ ഞാൻ വെറും കറിവേപ്പില ആയല്ലോ…..

മതി ചേച്ചി മതി ഇതിൽ കൂടുതൽ ഒന്നും കേൾക്കാൻ എനിക്ക് കഴിയില്ല.

എന്റെ വിവാഹ നടത്തിയെങ്കിൽ അത് നമ്മുടെ പറമ്പ് വിറ്റാണ്… സുജയും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

കൊള്ളാം ചേച്ചി..പറമ്പ് വിറ്റപ്പോൾ കിട്ടിയ തുക എത്രയായിരുന്നു എന്ന് ചേച്ചിക്ക് നന്നായി അറിയാം. അത് സ്വർണത്തിന് മാത്രമേ തികയുമായിരുന്നുള്ളൂ. ബാക്കി കാര്യങ്ങളൊക്കെ നോക്കിയത് ഞാൻ തന്നെയാണ് അതല്ലെന്ന് അമ്മയ്ക്ക് പറയാൻ കഴിയുമോ.

അപ്പോൾ നീ എല്ലാത്തിനും കണക്കുകൊണ്ട് നടക്കുകയാണല്ലോ അത് ഞാൻ അറിഞ്ഞില്ല.

എല്ലാത്തിന്റെയും കണക്ക് എന്റെ കൈവശമുണ്ട് പക്ഷേ ഇത്രനാളും അത് പറയാനുള്ള അവസരം ഉണ്ടായിട്ടില്ല ഇന്നാണ് അതിനുള്ള അവസരം വന്നത് അപ്പോൾ പറഞ്ഞെന്നേയുള്ളൂ.

സാജനുമായി ഞാൻ ഇഷ്ടത്തിലാണ്.

പറ്റുമെങ്കിൽ അതൊന്നു സംസാരിച്ചു നടത്തി തന്നാൽ കൊള്ളാം.

ഇത്രയൊക്കെ കാര്യങ്ങൾ തനിയെ ചെയ്യാൻ കഴിയുമെങ്കിൽ സ്വന്തം കാര്യവും അങ്ങനെ തന്നെ ആയാൽ മതി…. എന്നെയും ഭർത്താവിനെയും ഒന്നിനും കൂട്ടണ്ട.

ചേച്ചിയുടെ അഭിപ്രായം തന്നെയാണോ അമ്മയ്ക്കും..

ഞാനും അവനും കൂടി നാളെ തന്നെ അവിടെ പോയി കണ്ട് സംസാരിക്കാം. അമ്മ അത്രയും എങ്കിലും പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി.

അടുത്ത ദിവസം രാവിലെ തന്നെ സാജന്റെ വീട്ടിൽ ചെന്നു. പതിവ് കുശലാന്വേഷണങ്ങൾക്ക് ശേഷം വന്ന കാര്യം അറിയിച്ചു..

അയ്യോ അത് പറയാൻ മറന്നു…

സാജന് മറ്റൊരു വിവാഹം ഉറപ്പിച്ചു. കുറച്ചുകൂടി മുമ്പേ പറഞ്ഞിരുന്നുവെങ്കിൽ നോക്കാമായിരുന്നു….രാജൻ മറുപടി പറഞ്ഞു.

രാജനും സരോജിനിക്കും അറിയാൻ പാടുള്ളതല്ല ശ്രീദേവിയും സാജനും തമ്മിലുള്ള ഇഷ്ടം…. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. അവനു ഒരു നല്ല സംബന്ധം വരുമ്പോൾ ഞങ്ങൾ അത് നടത്താനല്ലേ ശ്രമിക്കൂ.

ഇനിയിപ്പോൾ ആ കൊച്ചു പാടുപെട്ട് വേണ്ടേ അതിന്റെ കല്യാണം നടത്താൻ. അതിന് വല്ല കൂലിപണിക്കാരെയും കണ്ടെത്തുന്നത് നല്ലതാണ് . അപ്പോൾ അത്രയ്ക്ക് കുറച്ചു കണ്ടെത്തിയാൽ മതിയല്ലോ.

അല്ല രാജ …. സാജൻ ഈ കല്യാണത്തിന് സമ്മതിച്ചോ..

അത് പിന്നെ എന്ത് ചോദ്യമാണ് ശ്രീദേവിയുടെ അമ്മ… സാജന്റെ സമ്മതമില്ലാതെ പിന്നെ ഞങ്ങൾ ഇതിനു ഇറങ്ങുമോ ….

അവൻ തന്നെയാണ് ഈ വിവാഹ കാര്യത്തെക്കുറിച്ച് പറഞ്ഞത്..

ശ്രീദേവി ഇതിനെ കുറിച്ച് ഒന്നുമേ പറഞ്ഞില്ല…

അതിപ്പോൾ ഞങ്ങടെ കുറ്റമാണോ ഞങ്ങടെ മോന്റെ ഇഷ്ടമനുസരിച്ച് ഞങ്ങൾ ചെയ്യുന്നു അത്രേയുള്ളൂ…

വീട്ടിലെത്തി അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾശ്രീദേവിക്ക് എന്തു പറയണമെന്ന് അറിയാൻ പാടില്ലായിരുന്നു…

ഏകദേശം ഒരു മാസത്തോളം ആയി സാജനെ കണ്ടിട്ട്. പലപ്പോഴും ഫോൺ വിളിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ ഒഴിഞ്ഞുമാറുന്നതായി തോന്നിയിട്ടുണ്ട്.

പക്ഷേ അതിനു പിന്നിൽ ഇങ്ങനെയുള്ള കാരണമാണെന്ന് അറിഞ്ഞില്ല. തന്നെക്കാൾ സാമ്പത്തികം കൂടുതലുള്ള കുട്ടിയാണെന്നാണ് അമ്മ പറഞ്ഞതിൽ നിന്ന് അറിയാൻ കഴിഞ്ഞത്. പണം കണ്ടപ്പോൾ അയാളുടെയും കണ്ണ് മഞ്ഞളിച്ചു കാണും…

എങ്കിലും സാജനെ നേരിട്ടു കാണാൻ തന്നെ അവൾ തീരുമാനിച്ചു. നട്ടെല്ല് ഇല്ലാത്ത അവനെ ഒന്ന് കാണണം എന്നുതോന്നി.

എന്തിനാണ് തന്നെ വെറുതെ മോഹിപ്പിച്ചതെന്ന് അവനോട് ചോദിക്കണം.

കാത്തിരുന്നതുപോലെ തന്നെ അടുത്ത ദിവസം സാജൻ എത്തി. അല്ലെങ്കിൽ വന്നാൽ തന്നെ കാണാൻ വരുന്നതാണ് ഇത്തവണ അതൊന്നുമുണ്ടായില്ല.

അത് അറിയാവുന്നതുകൊണ്ട് തന്നെ അയാളെ കാണാൻ വേണ്ടി വീട്ടിലേക്ക് ചെന്നു. തന്നെ കണ്ട ഉടനെ തന്നെ രാജൻ ചേട്ടന്റെയും ചേച്ചിയുടെയും മുഖം വിവർണമായി…

നിങ്ങൾ ആരും പേടിക്കണ്ട ഞാൻ സാജനെ ഒന്ന് കാണാൻ വന്നതേയുള്ളൂ…. അയാളോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി.

തന്റെ മുന്നിൽ വന്ന് നിൽക്കുന്ന സാജനെ കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്.

എനിക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകണം. എന്നും ഇങ്ങനെ കഴിഞ്ഞാൽ പറ്റില്ല. ഈ വന്നിരിക്കുന്ന ആലോചന വളരെ നല്ലതാണ്.

ഇതിലൂടെ രക്ഷപ്പെടാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്.സാജൻ അവളുടെ മുഖത്തേക്ക് നോക്കാതെ അത്രയും പറഞ്ഞു.

പണമുള്ള ഒരുത്തിയെ കണ്ടപ്പോൾ തന്റെ കണ്ണു മഞ്ഞളിച്ചു പോയി . സാരമില്ല ഈ ഭൂമിയിൽ മറ്റെന്തിനെക്കാളും വില പണത്തിലുണ്ട്.

താനായി അതിനു മാറ്റം ഉണ്ടാക്കേണ്ട എന്റെ വീട്ടുകാർ പോലും എന്നെ മനസ്സിലാക്കുന്നില്ല പിന്നെയാണ് താൻ.

ഒന്നു മാത്രം പറയാം ഇതിലും കൂടുതൽ സൗകര്യവും പണവും ഉള്ള മറ്റൊരു പെണ്ണിനെ കാണുമ്പോൾ ഇവളെ ഉപേക്ഷിച്ച് അവളുടെ പിറകെ പോകാതിരുന്നാൽ മതി.

താൻ ഉപേക്ഷിച്ചു എന്ന് കരുതി ഞാൻ കരഞ്ഞു നിലവിളിച്ചിരിക്കില്ല തന്നെക്കാൾ നട്ടെല്ലുള്ള ഒരുത്തനെ കെട്ടി സന്തോഷത്തോടുകൂടി താമസിക്കും.

അത്രയും പറഞ്ഞുകൊണ്ട് പൊട്ടി വന്ന കരച്ചിൽ കടിച്ചമർത്തി അവൾ വീട്ടിൽ നിന്ന് ഇറങ്ങി.

നീ ഇത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങൾ ഇറങ്ങുകയാണ്….. അമ്മയുടെ പറച്ചിൽ കേട്ടാണ് ശ്രീദേവി സ്വബോധത്തിലേക്ക് വന്നത്.

അമ്മയും അനിയനും കല്യാണത്തിന് പോകാൻ ഒരുങ്ങുകയാണ്.അല്ലെങ്കിലും അവർക്കൊന്നും താനെന്ന ഒരു വ്യക്തി വീട്ടിലുണ്ടെന്ന് തന്നെ ഓർമ്മയില്ല.

പതിവുപോലെ രാവിലെ കടയിലേക്ക് പോയി.
ജോലി ചെയ്തുകൊണ്ടിരുന്നെങ്കിലും പലപ്പോഴും കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.

അപ്പോഴെല്ലാം അടുത്ത സുഹൃത്തായ നളിനി ആശ്വാസവാക്കുകൾ പറയുന്നുണ്ട്. നിനക്കുവേണ്ടിയുള്ള രാജകുമാരൻ എവിടെയാണെങ്കിലും നിന്നെ തേടി വരുമെന്ന്…….

അവൾ ഒന്ന് പുഞ്ചിരിച്ചു…. അവളുടെ രാജകുമാരന് വേണ്ടിയുള്ള കാത്തിരിപ്പില്‍……

Leave a Reply

Your email address will not be published. Required fields are marked *