(രചന: ഛായമുഖി)
സൂസിയെ എന്നത്തെക്കാ മോളുടെ അടുത്തേക്ക് പോകുന്നത്.
ഞായറാഴ്ച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന സൂസിയോട് ഉള്ളിലെ അസൂയയും സങ്കടവും മറച്ചുവെച്ചൊരു ചിരിയോടെ മേരി ചോദിച്ചു.
അഞ്ചാം തീയതി വെളുപ്പിന് ഇവിടെ നിന്നും പോകും തിരികെ അത്യധികം സന്തോഷത്തോടെയുള്ള മറുപടി കേൾക്കുമ്പോൾ പണ്ട് അവളെ കുത്തിപ്പറഞ്ഞതൊക്കെ ഓർമ്മ വന്നിരുന്നു മേരിക്ക്.
എന്നാൽ സൂസി ചെല്ല് പോകാനുള്ള ഒരുക്കങ്ങളൊക്കെ നടത്തേണ്ടേ… വേറെയൊന്നും കേട്ട് നിൽക്കാൻ കഴിയാതെ അവരെ ഒഴിവാക്കി വിടാനെന്ന പോലെ മേരി പറഞ്ഞു.
അല്ല മേരിയെന്താ ഇവിടെ നിൽക്കുന്നെ??
റോഡ് സൈഡിൽ ആരെയോ കാത്തു നിൽക്കുന്നപോലുള്ള അവരുടെ നിൽപ്പ് കണ്ട് സൂസിയുടെ ഭർത്താവ് ജോർജ് ചോദിച്ചു.
ആ മീൻകാരൻ ജലാലിനെ കാത്തു നിന്നതാ…
കൈയ്യിൽ കരുതിയ പാത്രം മുന്നോട്ട് നീട്ടി കാണിച്ച ശേഷം അവർ പറഞ്ഞു
ഞായറാഴ്ച്ചയായിട്ട് ഇന്ന് മീൻ ആണോ മേരിയെ??ചിരിയോടെ ജോർജ് ചോദിക്കുമ്പോൾ മേരി വിഷാദത്തോടെയൊന്നു ചിരിച്ചു.
അകത്തു പോത്തും കോഴിയുമൊക്കെ റെഡിയായി കാണുമെന്നേ… അവൾക്ക് പള്ളിയിൽ പോലും പോകാതെ ഇതൊക്കെ വെച്ചുണ്ടാക്കലല്ലെ പണി .
മക്കളോടുള്ള ഉള്ളിലെ ദേഷ്യം മുഴുവൻ പ്രകടിപ്പിച്ചു കൊണ്ട് മേരിയുടെ ഭർത്താവ് മാത്തച്ഛൻ അവിടേക്ക് വന്നു പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ നനഞ്ഞ കണ്ണുകൾ മറ്റാരും കാണാതിരിക്കാൻ അവർ മുഖം കുനിച്ചു നിന്നു.
രണ്ട് ആൺമക്കൾ ആണെന്ന് കരുതി എന്തായിരുന്നു അവളുടെ അഹങ്കാരം … പെൺപിള്ളേരുള്ള വീട്ടുകാരോട് അവൾക്ക് പുച്ഛം…എന്നിട്ട് ഇപ്പോഴോ??
കർത്താവ് കൊടുത്ത ശിക്ഷ… അല്ലാതെന്ത് പറയാനാ… വീട്ടുജോലികാരിക്ക് കാണില്ല ഇത്രയും പണി, ആ കൊച്ചു പിള്ളേരെയോർത്ത് ഒന്നും മിണ്ടാൻ പോകില്ല ഞാൻ, അതുങ്ങളെ കാണാതിരിക്കാൻ വയ്യടാ…
അല്ലെങ്കിൽ എന്നേ ഇതിനൊക്കെയുള്ള തീരുമാനം ഞാൻ ഉണ്ടാക്കിയേനെ… എന്തേലും ചെയ്തുപോയി കഴിഞ്ഞാൽ ഇവളുടെ കരച്ചിലും ഞാൻ തന്നെ കാണേണ്ടി വരില്ലേ.അത്രയും പറയുമ്പോളേക്കും മാത്തച്ഛൻ കിതച്ചു പോയിരുന്നു.
അല്ലാ… നിങ്ങളെന്നാ ആൻസി മോളുടെ അടുത്തേക്ക് പോകുന്നത്.ഉള്ളിലെ സങ്കടം അടക്കി നിർത്തിക്കൊണ്ട് മാത്തച്ചൻ ചോദിച്ചു.
അഞ്ചാം തീയതി പോകും.
ജോർജ് മറുപടി പറഞ്ഞു.
നിങ്ങളാണ് ഭാഗ്യം ചെയ്ത അപ്പനും അമ്മയും. നാലു പെൺമക്കൾ ആണെന്ന് പറഞ്ഞു അന്ന് നിങ്ങളെ പുച്ഛിച്ചവർക്കൊക്കെ ഏതാണ്ട് ഇതുപോലെത്തെ തന്നെ അവസ്ഥയാ…
എന്നിട്ട് നിങ്ങളോ വയസ്സാം കാലത്ത് ഓരോരോ രാജ്യങ്ങളിൽ കറങ്ങുവല്ലേ… ഹണിമൂണിനു പോകുന്ന മണവാളനെയും മണവാട്ടിയെയും പോലെ.ചിരിയോടെ മാത്തച്ചൻ പറഞ്ഞു.
അതിന് മറുപടിയായി ജോർജും ഭാര്യയുമൊന്നു ചിരിച്ച ശേഷം അവരോടു യാത്ര പറഞ്ഞു നടന്നു നീങ്ങി.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ രാവിലെ മാത്തച്ചൻ പറഞ്ഞ കാര്യങ്ങളായിയുന്നു സൂസിയുടെ ഉള്ള് മുഴുവൻ.
ആദ്യത്തെ രണ്ടു പ്രസവത്തിലും പെൺകുഞ്ഞ് ആണെന്ന് പറഞ്ഞു കുടുംബക്കാർക്കും ബന്ധുക്കൾക്കും ഇടയിൽ നിന്നും കുത്തുവാക്കുകൾ പലതും കേൾക്കേണ്ടി വന്നു.
എന്നാൽ ഒരാൺ കുഞ്ഞെന്നെന്ന മോഹം ഉള്ളിൽ ഉള്ളതുകൊണ്ട് തന്നെ മൂന്നാമത്തെ ഗർഭം ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നു എന്നാൽ ഞങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് രണ്ടു ഇരട്ട പെൺ കുഞ്ഞുങ്ങളായിരുന്നു ആ പ്രസവത്തിൽ ഞങ്ങൾക്ക് കിട്ടിയിരുന്നത്.
ഒരു ആൺകുഞ്ഞിനെ കിട്ടിയില്ലന്നോന്നു ഓർത്തപ്പോൾ ചെറിയ സങ്കടം തോന്നിയെങ്കിലും നാലു മക്കളും ഞങ്ങളുടെ മാലാഖമാർ തന്നെയായിരുന്നു.
പ്രസവം കഴിഞ്ഞു കിടക്കുന്ന ഒരുപെണ്ണിന്റെ മാനസികാവസ്ഥ എന്തെന്ന് മനസിലാക്കാതെ കുഞ്ഞുങ്ങളെ കാണാൻ വന്ന ശേഷം ഓരോന്ന് പറഞ്ഞു കുത്തി നോവിച്ചിട്ടു പോകും മേരിയുൾപ്പെടെ പലരും…
വേദന തോന്നിയിട്ടുണ്ട്… കണ്ണീർ വാർത്തു കിടന്നിട്ടുണ്ട് അപ്പോഴക്കെ ഇച്ചായൻ സമാധാനപ്പെടുത്തും.
അധികം പ്രായവ്യത്യാസമില്ലാതെ തന്നെ നാലുപേരും ഒരുപോലെ വളർന്നു എന്നാൽ ഗൃഹനാഥന്റെ വരവുകൊണ്ട് മാത്രം കഴിഞ്ഞു പോയ സാധാരണ കുടുംബത്തിന് ചിലവുകൾ താങ്ങാൻ കഴിയാതെ വന്നു.
അധികം വൈകാതെ തന്നെ സൂസിയും ജോലിക്ക് പോയി തുടങ്ങി, വലിയ ശമ്പളമൊന്നുമില്ലെങ്കിലും തുണിക്കടയിൽ നിന്നും കിട്ടുന്ന ആ ചെറിയ വരുമാനം അവർക്കൊരു ആശ്വാസമായിരുന്നു.
ചിലവുകൾ ചുരുക്കിയും മുണ്ട് മുറിക്കിയുടുത്തു ജോർജ്ജും സൂസിയും താങ്ങളുടെ മക്കളെ പഠിപ്പിച്ചു.
അപ്പന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസിലാക്കിയ കുഞ്ഞുങ്ങൾ നാലുപേരും അതനുസരിച്ചു വളർന്നു, പഠനത്തിൽ
മിടുക്കരുമായിരുന്നു.
പഠിത്തം കഴിഞ്ഞാൽ പെട്ടെന്നൊരു ജോലിയെന്ന ലക്ഷ്യം മുന്നിൽ കണ്ട് മൂത്തവർ രണ്ടുപേരും നഴ്സിങ്ങിന് ചേർന്നപ്പോൾ ഇളയകുട്ടികളും അവരുടെ വഴി തന്നെ തെരഞ്ഞെടുത്തു.
ആ ഇടവകയിൽ നിന്നും വിദേശത്തേക്ക് പോകാനുള്ള ഐഇഎൽടിഎസ് കോഴ്സ് ആദ്യമായി പാസ്സ് ആയതും ജോർജിന്റെയും മേരിയുടെയും മൂത്തമകളായ ആൻസി തന്നെയായിരുന്നു.
പലതരത്തിലുള്ള മുറിമുറിപ്പുകൾ പലരിൽ നിന്നും ഉയർന്നു കേട്ടെങ്കിലും ജോർജും സൂസിയും മക്കളുടെ ആഗ്രഹങ്ങൾക്കൊപ്പം തന്നെ നിന്നു.
ആൻസി അങ്ങനെ കാനഡ ലക്ഷ്യം വെച്ച് അവിടേക്കു പറന്നു. ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്ത പ്രൊഫഷൻ ആയതുകൊണ്ട് തന്നെ അമിത ജോലിഭാരമായി അവൾക്ക് ഒന്നും തോന്നിയില്ല കൂടാതെ ഉയർന്ന ശബളവും .
അവളുടെയും കുടുംബത്തിന്റെയും ജീവിതം പച്ചപിടിക്കാൻ തുടങ്ങി.അപ്പോഴും അപ്പനും അമ്മയും പകർന്നു കൊടുത്ത വഴിയെ തന്നെയായിരുന്നു അവളുടെ ജീവിതം.
രണ്ട് വർഷങ്ങൾക്കു ശേഷം രണ്ടാമത്തെ മകളായ അനീറ്റയും ആൻസിയുടെ അരികിലേക്ക് പറന്നു.
മൂന്നാല് വർഷങ്ങൾ കൊണ്ട് തന്നെ അവർക്ക് വേണ്ടതൊക്കെ അവർ തന്നെ സമ്പാദിച്ചു ഒപ്പം കുടുംബത്തെയും നോക്കി.
ഇതിനിടയിൽ ഇരട്ടകളായ അയനയെയും അമേയെയും യുകെയിലേക്കും ജോലികിട്ടി പോയി. പതിയെ അപ്പനും അമ്മയും ജോലിക്ക് പോകുന്നത് മക്കൾ നാലുപേരും കൂടി നിർത്തിച്ചു.
അപ്പനും അമ്മയും മാത്രമായി വീട്ടിലെങ്കിലും അവർക്കും അഭിമാനമായിരുന്നു മക്കളെക്കുറിച്ച് ഓർത്ത്. ഇന്ന് നാലു പേരും വിവാഹിതരാണ്.
അവർക്ക് യോജിച്ച ഇണകളെയും അവർ തന്നെ തെരഞ്ഞെടുത്തു അതിൽ ഞങ്ങളും സന്തുഷ്ടരായിരുന്നു.
അവരുടെ ജീവിതം തെരെഞ്ഞെടുക്കാൻ അവരെക്കാൾ അർഹതയുള്ള മറ്റ് ആരാണ് ഉള്ളത്,
അല്ലാതെ ചില രക്ഷകർത്താക്കളെ പോലെ വളർത്തിയ കഷ്ടപ്പാടും പഠിപ്പിച്ച കണക്കും പറഞ്ഞു അവരുടെ സന്തോഷത്തെ തല്ലിക്കെടുത്താൻ ഞങ്ങൾ നിന്നില്ല.
ഇന്ന് എല്ലാരും സന്തോഷത്തോടെയാണ് കഴിയുന്നത് പറ്റുന്ന സമയത്തൊക്കെ നാലുപേരും ഒരുമിച്ച് വീഡിയോ കാളിൽ വരും, വിശേഷങ്ങൾ പങ്കുവെക്കും, എത്ര ദൂരങ്ങളിൽ ആണെങ്കിലും സഹോദരിമാർ തമ്മിലുള്ള ആ ഇഴയടുപ്പം ഒട്ടും കുറഞ്ഞിട്ടില്ല.
ഒരാൾക്കൊരു ആവിശ്യം വന്നാൽ ബാക്കി മൂന്നുപേരും അവിടെ എത്തിയിരിക്കും… അച്ഛനും അമ്മയും കൂടെ ചെന്നു നിൽക്കാൻ ഓരോത്തോരും വിളിക്കുമ്പോൾ സ്നേഹപൂർവ്വം നിരസിക്കും.
വല്ലപ്പോഴും ചെന്നു നിൽക്കുമ്പോൾ ആർക്കുമൊരു പരാതി വരില്ലല്ലോ മാത്രവുമല്ല ഇവിടം വിട്ടുപോകാൻ മനസ്സ് അനുവദിക്കാറുമില്ല.
ഒരാൺകുട്ടിയെന്ന വിഷമം നാലു ആൺമക്കളെ തന്നു കൊണ്ട് കർത്താവങ്ങ് മാറ്റി തന്നു. ഇപ്പോൾ കാനഡ, യുകെ, ഇന്ത്യ എന്നിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ജീവിതം.
ഒരുത്തിയുടെ പേറെടുത്തു കഴിയുമ്പോൾ അടുത്തവൾ ഓർക്കുമ്പോൾ തന്നെ സൂസിയുടെ ചുണ്ടുകളിൽ ആത്മസംതൃപ്തിയുടെ ചിരി വിരിയുന്നുണ്ടായിരുന്നു…