(രചന: J. K)
“””അവരിപ്പോ എത്തും സുമി…””””
നിർവികാരനായി ദേവൻ അത് പറഞ്ഞപ്പോൾ ദേവന്റെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ അയാളെ നോക്കുകയായിരുന്നു സുമി….
തനിക്ക് ഇത്രയും കൊല്ലം പരിചയമുള്ള ആളല്ല അത് എന്ന് അവൾക്ക് ഒരു തോന്നൽ…..
താൻ കണ്ടിട്ടുള്ള താൻ അറിഞ്ഞിട്ടുള്ള ആള് ഇങ്ങനെയൊന്നും അല്ല എന്നൊരു തോന്നൽ….
“ദേവേട്ടാ… ഏട്ടൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല!!!
നമ്മളുടെ ബെഡ്റൂമിൽ അത്രയും സ്വകാര്യമായ നിമിഷത്തിൽ, ഞാൻ ഏട്ടനോട് പറഞ്ഞ കാര്യം എങ്ങനെ ഇത്രയും പബ്ലിക്കായി??? അത് ചർച്ച ചെയ്യാൻ ആരൊക്കെയോ ഇന്ന് വരുമെന്ന് പറഞ്ഞു??? എനിക്കൊന്നും മനസ്സിലാകുന്നില്ല!!!!”
സുമി അത് പറഞ്ഞപ്പോൾ ദേവന്റെ തല കുനിഞ്ഞിരുന്നു….
“അതൊന്നും ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല സുമി ഞാനത് അവരോട് പറഞ്ഞു പോയി ഇനി അവര് വരും നീയൊന്ന് അഡ്ജസ്റ്റ് ചെയ്യണം “.
ഒന്നും മനസ്സിലാവാതെ സുമി വീണ്ടും അയാളെ തന്നെ ഉറ്റുനോക്കി അയാൾ മെല്ലെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി അവൾക്ക് സ്വയം ഒരു നിന്ദ തോന്നി…
പതിനെട്ടു വയസ്സ് തികഞ്ഞപ്പോഴാണ് ദേവൻ എന്ന ദുബായ് കാരന്റെ ആലോചന വന്നത്…
താൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു നല്ല മാർക്കും ഉണ്ടായിരുന്നു….
പക്ഷേ ദേവൻ പഠിച്ചില്ലെങ്കിലും കുടുംബ സ്വത്ത് തന്നെ അയാൾക്ക് ധാരാളം ഉണ്ട് ഗൾഫിൽ നല്ല ജോലിയും പിന്നെ അച്ഛനും അമ്മയും വേറെ ഒന്നും ചിന്തിച്ചില്ല കുടുംബത്തിലെ മൂത്തമകൾ അല്ലേ അവർക്ക് നല്ലൊരു ആലോചന വന്നതല്ലേ എന്ന് കരുതി കല്യാണം കഴിപ്പിച്ചു വിട്ടു…..
അമ്മ ഒരു സ്കൂൾ ടീച്ചർ ആണ്…അച്ഛൻ രാഷ്ട്രീയക്കാരനും അത്യാവശ്യം വിവരമുണ്ട് എന്നിട്ട് പോലും അവർ എന്നേ പഠിപ്പിക്കുന്നതിനേക്കാൾ വിവാഹം കഴിപ്പിച്ച് അയക്കുന്നതിൽ പ്രാധാന്യം കണ്ടെത്തി….
അവിടെ എത്തിയപ്പോൾ മനസ്സിലായിരുന്നു അവരും ഞങ്ങളും തമ്മിൽ വലിയൊരു അന്തരം ഉണ്ട് എന്ന്…
വീട്ടിൽ അച്ഛനും അമ്മയും എല്ലാവരും ഏജുകേറ്റഡ് ആയിരുന്നു പക്ഷേ ഇവരുടെ വീട്ടിൽ ആരും സ്കൂൾപടി പോലും കണ്ടിട്ടില്ല അതുകൊണ്ടുതന്നെ രണ്ടു കൂട്ടരുടെയും സംസ്കാരം പോലും രണ്ട് ദ്രുവങ്ങളിലായിരുന്നു……
ദേവേട്ടനും ഞാനും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു ഒന്ന് പ്രസവിച്ചാൽ പെണ്ണിന് പ്രായം തോന്നിക്കും എന്നതായിരുന്നു അതിന് എല്ലാവരും കൂടി കണ്ടുപിടിച്ച ന്യായം….
എനിക്കും വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അല്ലെങ്കിലും നമുക്ക് ചുറ്റും ഉള്ളവർ നമുക്ക് നല്ലത് എന്ന് പറഞ്ഞ ഒരു കാര്യം വച്ചു നീട്ടുമ്പോൾ എന്റെ ഒരാളുടെ വാശിയ്ക്ക് വേണ്ട എന്ന് പറയാൻ മാത്രം ബോൾഡ് ആയിരുന്നില്ല അന്ന് ഞാൻ….
വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തി ഒന്ന് വയസ് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ എന്നോട് വിവാഹം കഴിഞ്ഞതും പറഞ്ഞത് എത്രയും പെട്ടെന്ന് ഒരു കുഞ്ഞ് വേണം എന്നതായിരുന്നു…..
എന്റെ മോഹം പഠിച്ച് ഒരു ടീച്ചർ ആകുന്നത് ആയിരുന്നു… അതുകൊണ്ട് തന്നെ ആ പറഞ്ഞത് വലിയ കാര്യമാക്കി ഞാൻ എടുത്തില്ല..
പക്ഷേ മാസങ്ങൾ കഴിയുംതോറും ഓരോരുത്തരുടെ മുറുമുറുപ്പ് എനിക്ക് മനസ്സിലാക്കി തന്നിരുന്നു ആ വീട്ടിൽ ഏറ്റവും വലിയ കാര്യം കല്യാണം കഴിഞ്ഞ ഉടനെ ഗർഭിണിയാകുന്നതാണ് എന്ന്….
ആദ്യത്തെ മാസം പീരിയഡ് വന്നപ്പോൾ ചെറിയതോതിൽ ആണ് മുറുമുറുപ്പ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം മാസവും വന്ന പീരിയഡ്സ് അവരെ കൊണ്ട് എന്നെ കുറ്റം പറയിപ്പിച്ചു….
അവരുടെ എല്ലാവരുടെയും അഭിപ്രായത്തിൽ ഓരോ മാസവും ഗർഭിണിയാവാത്തത് എന്റെ മാത്രം കുറ്റമായിരുന്നു..
ആകെക്കൂടി നാലുമാസം മാത്രമാണ് ദേവേട്ടന് ലീവ് ഉള്ളൂ അതുകൊണ്ട് തന്നെ മൂന്നാമത്തെ മാസവും പിരിയഡ്സ് വന്നപ്പോൾ ഞങ്ങൾ ഒരു ഡോക്ടറെ പോയി കണ്ടു അദ്ദേഹത്തിന് എന്തോ പ്രശ്നം ഉണ്ട് എന്നും ivf”””” മാത്രമാണ് മാർഗമെന്നും ഡോക്ടർ നിർദ്ദേശിച്ചു…
ആ മാർഗ്ഗത്തിലൂടെ ചികിത്സിക്കാം എന്നും പക്ഷേ ഇതൊന്നും ആരും അറിയരുത് എന്ന് ദേവേട്ടൻ എന്നോട് കർശനമായി പറഞ്ഞിരുന്നു….
ഞാനും അത് സമ്മതിച്ചു കൊടുത്തു അങ്ങിനെ കൃത്രിമ രീതിയിൽ മൂന്നാമത്തെ മാസം ഞാൻ ഗർഭിണിയായി…
അതുകഴിഞ്ഞ് ഏട്ടൻ ദുബായിലേക്ക് തിരിച്ചു പോയി…. അവിടെ പത്തു മാസം എന്റെ കൂടെ ഒന്ന് ആശുപത്രിയിലേക്ക് വരാൻ പോലും ആരും ഇല്ലായിരുന്നു എല്ലാത്തിനും എന്റെ അമ്മയും അച്ഛനും വരണം ആയിരുന്നു…
എങ്കിലും അതൊന്നും ഒരു പരാതിയായി ഞാൻ ആരോടും പറഞ്ഞില്ല.. എല്ലാം നല്ല രീതിയിൽ മാത്രം ഉൾക്കൊണ്ടു…
അവിടെ എല്ലാവരോടും നല്ല രീതിയിൽ മാത്രമേ ഞാൻ പെരുമാറിയിട്ടുണ്ടായിരുന്നുള്ളൂ. ആരുമായും ഒരു തല്ലിനോ വഴക്കിനോ പോകുമായിരുന്നില്ല…
എന്ത് പറഞ്ഞാലും മറുത്തൊന്നും പറയുകയും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക് എന്നെ നല്ല ഇഷ്ടമായിരുന്നു….
പക്ഷേ മരുമകൾ എപ്പോഴും മരുമകൾ തന്നെയാണ്… മകൾ ആവില്ല എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്….
രണ്ടുവർഷം കൂടി അവിടെനിന്ന് പിന്നീട് ഏട്ടൻ വന്നപ്പോൾ അടുത്തുതന്നെ സ്ഥലം വാങ്ങി….
അവിടെ വീട് വെച്ച് ഞങ്ങൾ അങ്ങോട്ട് മാറി… അവിടെ സ്വർഗം പോലൊരു വീട് പണിഞ്ഞു..
ദേവേട്ടൻ തറ പണി കഴിഞ്ഞപ്പോ, ഗൾഫിലേക്ക് തിരിച്ചു പോയി അപ്പോഴൊക്കെ ആ വീടിന്റെ മുഴുവൻ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കി നടത്തിയത്….
ആ വീട് മുഴുവൻ പണിതത് എന്റെ ഒരാളുടെ ഇഷ്ടപ്രകാരം മാത്രമായിരുന്നു.. ആര് കണ്ടാലും കുറ്റം പറയാത്ത രീതിയിൽ എല്ലാ സൗകര്യത്തോടും കൂടിയ ഒരു വീട്…. ആ വീട് പണി കഴിഞ്ഞപ്പോൾ ഏറെ ആളുകൾ എന്നെ പ്രശംസിച്ചിരുന്നു….
അത്തവണ ദേവേട്ടൻ എത്തിയത് ഹൗസ് വാർമിംഗ് നു തൊട്ടു മുമ്പായിരുന്നു…. ഏട്ടനും ഞാനും മോനും കൂടി അവിടെ കുറച്ചുകാലം അതെന്റെ സ്വപ്നമായിരുന്നു..
ദേവേട്ടന്റെ ഏട്ടന്റെ ഭാര്യ എന്നോട് കുറച്ച് പണം ചോദിച്ചിരുന്നു.. കയ്യിലില്ലാത്തതുകൊണ്ട് ഞാൻ എന്റെ സ്വർണം അവർക്ക് എടുത്തു കൊടുത്തു. ദേവേട്ടനോട് പറഞ്ഞിട്ട് തരാം എന്ന് പറഞ്ഞപ്പോൾ ആരും അറിയരുത് എന്ന് പറഞ്ഞു കെഞ്ചി …
അത് കണ്ടു പാവം തോന്നി, ഞാനും അത് അനുസരിച്ച് ആരോടും പറയാതെ അവർക്ക് കുറച്ച് സ്വർണം എടുത്തു കൊടുത്തു…
ദേവേട്ടൻ വന്നപ്പോൾ അതിനെ ചൊല്ലി ഞങ്ങൾ തമ്മിൽ ചെറിയൊരു വഴക്കുണ്ടായി..
പറയാൻ മാത്രം ഒന്നും ഇല്ലാത്ത ഒരു ചെറിയ വഴക്ക്..
പക്ഷേ അത് ദേവേട്ടൻ എല്ലാരോടും കൂടെ പോയി പറയും എന്നോ, വലിയ പ്രശ്നം ആക്കുമെന്നോ കരുതിയില്ല…
ഞങ്ങളുടെ ബെഡ്റൂമിൽ ഒതുങ്ങി തീരേണ്ട ഒരു പ്രശ്നം ഇത്രയും വഷളാക്കി…
ചർച്ചയ്ക്കായി അവർ വരുന്ന കാര്യമാണ് പറഞ്ഞത്……
അവർക്ക് ആവശ്യം ഞാൻ എല്ലാവരുടെയും മുന്നിൽ മാപ്പ് പറയേണ്ടതായിരുന്നു….
അവരോട് ഒന്നും യാതൊരു തെറ്റും ചെയ്യാതിരുന്ന ഞാൻ വെറുതെ മാപ്പ് പറയാൻ തയ്യാറല്ല എന്ന് തന്നെ പറഞ്ഞു
ഇനി ഏട്ടനോട് ശബ്ദമുയർത്തി പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ് എങ്കിൽ അതിന് ഏട്ടനോട് മാപ്പ് പറയാനും തയ്യാറാണ് എന്ന് ഞാൻ പറഞ്ഞിരുന്നു….
അവർക്ക് അത് സ്വീകാര്യമല്ലായിരുന്നു…
അവരോട് എല്ലാവരോടും കൂടി മാപ്പ് പറയാൻ എന്നെ നിർബന്ധിച്ചു
ദേവേട്ടൻ അറിയാതെ സ്വന്തം ഏട്ടത്തിയമ്മയ്ക്ക് സ്വർണ്ണം തന്നിഷ്ടപ്രകാരം എടുത്തു കൊടുത്തിട്ടുണ്ടെങ്കിൽ ആർക്കൊക്കെ എന്തൊക്കെ കൊടുത്തിട്ടുണ്ടാവും എന്ന് ആർക്കറിയാം??? എന്നൊക്കെയായിരുന്നു എന്റെ നേരെയുള്ള ആരോപണങ്ങൾ….
ഏട്ടനെ എന്നെ ഉപേക്ഷിക്കാൻ അവർ നിർബന്ധിച്ചു.. അവരുടെ വാക്കും കേട്ട് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞപ്പോൾ ആകെ തകർന്നിരുന്നു ഞാൻ…
ആറു വർഷത്തെ കുടുംബ ജീവിതം.. അദ്ദേഹം പറഞ്ഞപോലെ അനുസരിച്ചു ഉള്ള ജീവിതം.. എന്നിട്ടും… ആർക്കോ വേണ്ടി ഒരു അറ്റാച്ച്മെന്റ് ഇല്ലാതെ എന്നോടും മോനോടും ഇറങ്ങാൻ പറഞ്ഞ അയാളോട് വെറുപ്പ് തോന്നി…
അവിടെ നിന്നിറങ്ങുമ്പോൾ എല്ലാരോടും ദേഷ്യം തോന്നി..
സ്വന്തം കാലിൽ നിൽക്കാൻ പോലും അനുവദിക്കാതെ ഇങ്ങനെ ഒരു ജീവിതതിലേക്ക് തള്ളി വിട്ടവരോട്…
ഇത്രയും കാലം ആയി ഒന്ന് മനസിലാക്കുക പോലും ചെയ്യാത്ത ഭർത്താവിനോട്….
നേരെ പോയത് വീട്ടിലേക്കാണ്.. എല്ലാം പറഞ്ഞപ്പോ സഹതാപം കാണിച്ചു എല്ലാരും… അത് വേണ്ട എന്നെ തുടർന്നു പഠിപ്പിക്കാമോ ഇനിയെങ്കിലും എന്ന് ചോദിച്ചു…
അച്ഛനും അമ്മയ്ക്കും ബോധം വന്നത് അപ്പോഴായിരുന്നു… പിന്നെ അവർക്കായിരുന്നു ധൃതി.. എന്നെ പഠിപ്പിക്കാൻ.. വൈകി വന്ന വിവേകം…
പിന്നെ കുറെ ദിവസത്തിന് ശേഷം ദേവേട്ടൻ വന്നിരുന്നു.. കൂടെ കൂട്ടാൻ… ഒപ്പം നിന്നവർ ഒക്കെ പോയെന്ന് തോന്നുന്നു…
പക്ഷേ വരുന്നില്ല എന്നായിരുന്നു എന്റെ തീരുമാനം… ഒരു ആത്മാർത്ഥതയും ഇല്ലാത്തവരുടെ കൂടെ ജീവിക്കാതെ ഇരിക്കുന്നതല്ലേ നല്ലത്…
പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം ടീച്ചർ എന്ന മോഹം നടപ്പിലാക്കണം… അത് മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..