കണ്ണടയുടെ സാക്ഷി മൊഴി
(രചന: Darsaraj R)
സംഭവ സമയത്ത് ഞാൻ രാധികയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല.
ഈ കൊടും ക്രൂരത നടന്നത് 2003 ലെ നവംബറിലായിരുന്നു.
എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പതിവ് പോലെ ‘ മഹിളാ’ ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി കൃത്യം 9:30 ന് അടച്ചു പൂട്ടി.
റൂം നമ്പർ – 70.
റൂമിൽ നിറയെ പദ്മരാജൻ സാറിന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ കാർത്തികയുടേയും ശാരിയുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാം.
നിലത്ത് കള്ള് കുടിച്ചു കൊണ്ടിരിക്കുന്ന പൂജ. കമ്പനി നൽകാൻ കൂട്ടുകാരികളായ രമ്യയും ചാരുവും സമീപത്ത്.
എടി പൂജേ, ഒന്ന് കൂടി ഒഴിക്കട്ടെ?
നീ ഒഴിക്കെടി മോളെ. ഇന്നെങ്കിലും എനിക്ക് എല്ലാം മറന്ന് ഒന്ന് ഉറങ്ങണം.
അത് കൊള്ളാം. ഇത്രയും നാള് നിനക്ക് എല്ലാം മറന്ന് ഉറങ്ങാൻ കാർത്തു മതിയായിരുന്നല്ലോ?
അതി രൂക്ഷമായി തന്റെ പാതി അടയാറായ കണ്ണുമായി ചാരുവിനെ നോക്കുന്ന പൂജ.
എന്തോ ആലോചിച്ച് തല കുറച്ചു നേരം കുമ്പിട്ടിരുന്ന ശേഷം, മുറിയിൽ കാർക്കിച്ചു തുപ്പുന്ന പൂജ. ശേഷം മദ്യ ലഹരിയിൽ സ്വന്തം കൈ വിരലിലെ നഖം കടിച്ച് രക്തം വരുത്തുന്നു. അതേ രക്തം നുണയുന്നു.
അത് കാണുന്ന ചാരുവിന്റെ മുഖഭാവം.
അവൾക്ക് ഇപ്പോൾ നമ്മളെയൊന്നും വേണ്ടല്ലോ? കാമുകനൊക്കെ ആയപ്പോൾ ഈ പൂജ പുറത്ത്.
പൂജ നീ മതിയാക്ക്. നല്ല ഓവർ ആവുന്നുണ്ട് കേട്ടോ?
അതിന് ഒന്നും ആയില്ലടി.
എന്റെ പൂജേ, കാർത്തു പോണെങ്കിൽ പോട്ടേ.
പോണെങ്കിൽ അല്ല, അവൾ പോയി. അവൾക്ക് ആണിന്റെ…കിട്ടിയപ്പോൾ.
വരികൾ വിഴുങ്ങുന്ന പൂജ. അവൾ പല്ല് കടിച്ചു പിടിക്കുന്നു.
നമിച്ചു. എങ്കിൽ പിന്നെ പോയി എന്ന് തന്നെ ഇരിക്കട്ടെ. നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ഇന്ന് ഞാൻ കോളേജിൽ വെച്ച് ഒരു ന്യൂ അഡ്മിഷനെ കണ്ടു. ആളുടെ പേര് രാധിക എന്നാണ്. നല്ല കുട്ടി. നിനക്ക് എല്ലാം കൊണ്ടും ചേരും.
ഏതാടി അവളുടെ റൂം?
അവരൊക്കെ ഉറങ്ങി കാണും. പൂജ നീയൊന്ന് ചുമ്മാതിരിക്ക്. ഞാൻ പറഞ്ഞന്നേ ഉള്ളൂ.
പോയി വിളിച്ച് കൊണ്ട് വാടി ചാരു.
നീയിപ്പോൾ എന്തിനാ അവളോട് ആ കൊച്ചിനെ പറ്റി പറയാൻ പോയത്?
പൂജയുടെ അടുത്ത് ഇരുന്ന രമ്യ ചാരുവിനോട് അടക്കം പറഞ്ഞു.
എന്നാൽ പൂജയുടെ വാശിക്ക് മുന്നിൽ വഴങ്ങി കൊടുക്കുകയല്ലാതെ, ചാരുവിന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.
ഒടുവിൽ എന്തോ നുണ പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ട് ചാരു, ആ രാത്രിയിൽ രാധികയെ പൂജയുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് വന്നു.
രാധിക റൂമിൽ എത്തിയതും പൂജ വീണ്ടും മദ്യ ലഹരിയിൽ അവളുടെ മുടിയുടെ ഗന്ധം വലിച്ചെടുത്തു.
പന്തികേട് തോന്നിയ രാധിക തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും ചാരുവും രമ്യയും കൂടി കതക് കുറ്റിയിട്ടു.
ഈ ലേഡീസ് ഹോസ്റ്റലിൽ മദ്യം വിളമ്പുന്ന ഒരേയൊരു റൂം ഇതാണ്. നീ വലിയ എഴുത്തുകാരി ആണെന്നൊക്കെ അറിഞ്ഞു. പക്ഷെ ഇതെങ്ങാനും പുറത്ത് പോയി പറഞ്ഞാൽ പൊന്നു മോളെ നിന്റെ അഡ്മിഷനും അടിയന്തിരവും ഒരേ കഥയിൽ തീരും.
നിന്നെ ഇങ്ങോട്ട് ക്ഷണിച്ച കാര്യം പച്ചക്ക് ഞാൻ പറയാം.
എനിക്ക് ഒരു ലെസ്ബിയൻ പാർട്ണറിനെ വേണം. അതും നല്ല നാടൻ കുട്ടി. ഒരുത്തി ഉണ്ടായിരുന്നു, പക്ഷെ അവൾക്ക് കാമുകന്റെ എന്തോ കണ്ടപ്പോൾ എന്നോട് ഒരു പുച്ഛം.
നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നിന്റെ റൂം ഇങ്ങോട്ട് മാറ്റും.
ഇനി താല്പര്യം ഇല്ല എങ്കിൽ ഈ കുപ്പിയിലെ കള്ള് മുഴുവൻ നീ അടിക്കും. അടിപ്പിക്കും പൊന്നു മോളെ.
എന്ത് പറയുന്നു?
പൂജ രാധികയുടെ മുടിയിൽ കുത്തി പിടിച്ച് കൊണ്ട് ചോദ്യം ആവർത്തിച്ചു.
വാവിട്ട് കരയാൻ പോലും വയ്യാതെ പേടിച്ചു വിറച്ചു നിൽക്കുന്ന രാധിക. അവളുടെ ദയനീയ ഭാവം.
മറുപടി പറയടി. അവളെയൊരു സോഡാ കുപ്പി കണ്ണടയും ജപിച്ചു കെട്ടിയ ചരടും.
രമ്യ രാധികയെ മാറ്റി നിർത്തി കാര്യം അവതരിപ്പിച്ചു.
രാധിക, പൂജ നമ്മുടെ കോളേജിലെ ഏറ്റവും നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയാണ്. പഠിത്തത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും വളരെ സജീവം. അത് കൊണ്ട് തന്നെ താൻ നാളെ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാലും ആരും വിശ്വസിക്കാൻ പോകുന്നില്ല.
ഇന്ന് തന്നെ ഫ്രഷേഴ്സ് ഡേ ആയിട്ട് എത്ര കുട്ടികളെയാണെന്നോ റാഗിങ് ചെയ്യാൻ സീനിയേഴ്സ് വളഞ്ഞത്.
അതിൽ പലരേയും റാഗിങ് ചെയ്യിക്കാതെ നേരെ ക്ലാസ്സിൽ പറഞ്ഞു വിട്ടത് ഈ നിൽക്കുന്ന പൂജ എതിർത്തിട്ടാണ്.
തല്ക്കാലം കുട്ടി അവൾ പറഞ്ഞ ആദ്യത്തെ ഓപ്ഷൻ അനുസരിക്കാൻ നോക്ക്. അവളെ വെറുപ്പിക്കുന്നത് അത്ര പന്തിയല്ല. അവൾ വല്ലതും ചെയ്യുമ്പോൾ ഡെഡ് ബോഡിയിൽ കിട്ടുന്ന ചുംബനം പോലെ കണ്ണടച്ച് അങ്ങ് കിടന്നാൽ മതി. താൻ തിരിച്ച് ഒന്നും ചെയ്ത് കൊടുക്കുന്നില്ല എന്ന് കണ്ടാൽ അവൾ തന്നെ പറഞ്ഞു വിട്ടോളും.
പൊട്ടി കരയുന്ന രാധിക. അവളുടെ കണ്ണുകളിലെ ഭയാനകത.
വെള്ളം ചേർക്കാതെ ഒരു പെഗ്ഗ് കൂടി അടിച്ച ശേഷം പൂജ, രാധികയുടെ പുറകിൽ വന്ന് ചേർന്നു നിന്നു. ശേഷം തന്റെ വലത്തേ കൈ കൊണ്ട് രാധികയുടെ വയറ്റിൽ മുറുകേ പിടിച്ച് കൊണ്ട് അവളുടെ കഴുത്തിൽ ചുംബിക്കാൻ ശ്രമിക്കുന്നു.
കുതറിമാറുന്ന രാധിക.
മുടിയിൽ ചുറ്റി പിടിച്ച് രാധികയേയും കൊണ്ട് തന്റെ കിടക്കയിലേക്ക് മറിഞ്ഞു വീഴുന്ന പൂജ.
സമീപത്ത് ചീട്ട് കളിച്ച് ഇരിക്കുന്ന രമ്യയും ചാരുവും.
രാധികയുടെ ഓരോ വസ്ത്രവും കണ്മുന്നിൽ പൂജ ഊരിയെറിയുന്നത് ഗൗനിക്കാതെ ചീട്ടു കളി തുടരുന്ന രമ്യയും ചാരുവും.
ആർത്തവം ആയതിനാൽ ആ രാത്രി പാഡ് തിരക്കി നടന്ന രാധികയ്ക്ക്, ചാരു പൂജയുടെ അടുക്കലെത്തിക്കാൻ കൊടുത്ത സ്റ്റേഫ്രീ വരെ കണ്ണെത്തും ദൂരത്ത് നിലംപതിച്ചു.
ഒപ്പം രാധികയുടെ കണ്ണടയും.
കുറ്റബോധം തെല്ലുമില്ലാതെ ചീട്ടു കളി തുടരുന്ന രമ്യയും ചാരുവും.
ഏതാനും സമയത്തിന് ശേഷം രാധികയുടെ വായ മൂടി കെട്ടി വെച്ചിരുന്ന തുണിയും ഇരുവരും കളിച്ചു കൊണ്ടിരുന്ന ചീട്ടിന് മുകളിൽ വന്നു വീണു.
പണി പാളിയോ?
രമ്യയും ചാരുവും പരസ്പരം നോക്കി ദീർഘ നിശ്വാസത്തിന്റെ അകമ്പടി സേവിച്ചു.
പതിയെ ഇരുവരും പൂജയുടെ കട്ടിലിലെ മറ നീക്കിയപ്പോൾ കണ്ട കാഴ്ച അതി ഭയാനകമായിരുന്നു.
ഒരു നൂൽ ബന്ധം പോലുമില്ലാതെ പൂജയുടെ സമീപം ബോധം കെട്ട് കിടക്കുന്ന രാധിക. അവളുടെ യോ നിയിൽ അവ്യക്തമായി കാണുന്ന മദ്യ കുപ്പി.
പൂജ നിനക്ക് വട്ടാണോ?
ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ? ഇത് രാവിലെ കോളേജിൽ കണ്ട റാഗിങ് അല്ല. നിന്റെ കാമ പ്രാന്താണ്. പറഞ്ഞേക്കാം.
പൊട്ടി ചിരിക്കുന്ന പൂജ.
അവൾക്ക് ഒന്നും സംഭവിക്കില്ല. അഥവാ സംഭവിച്ചാൽ നാട്ടിൻ പുറത്തെ സ്വവർഗ്ഗാനുരാഗിയായ രാധിക, തന്റെ നാട്ടിലെ ഇണയെ വിട്ട് വന്നതിന്റെ കാമം തീർക്കാൻ അവൾ തന്നെ കൊണ്ട് വന്ന മദ്യ കുപ്പി….
ബാക്കി ഞാൻ പറയണ്ടല്ലോ?
ബോധം കെട്ട് കിടക്കുന്ന രാധികയുടെ വായിലേക്ക് മദ്യം ഒഴിക്കുന്ന പൂജ.
ഈ കാഴ്ച കണ്ട് അന്ധാളിച്ചു നിൽക്കുന്ന രമ്യയും ചാരുവും.
സ്വവർഗ്ഗാനുരാഗിയായ രാധികയേക്കാൾ വലിയ വാർത്ത അല്ല ഹോസ്റ്റലിലെ ആദ്യ ദിവസത്തെ റാഗിങ്. അത് കൊണ്ട് മഹിളാ ഹോസ്റ്റലും വിദ്യാപീഠം സർവ്വകലാശാലയും ഈ കഥ ഇങ്ങനെ വായിക്കൂ. ഇങ്ങനെ വായിക്കാവൂ. കേട്ടല്ലോ രണ്ടും?
പൂജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല. പിറ്റേ ദിവസം പൂജയും കൂട്ടരും പറഞ്ഞ കഥയിൽ രാധികയെ എല്ലാവരും അവിശ്വസിച്ചു. ചുരുക്കി പറഞ്ഞാൽ ആ ഒറ്റ രാത്രി കൊണ്ട് അവളുടെ കോളേജ് കാലഘട്ടത്തിന് തിരശീല വീണു.
വർഷങ്ങൾ കടന്നു പോയി.
2007 ഡിസംബർ 16.
രാധിക ഇപ്പോഴും ആ മാനസിക ആഘാതത്തിൽ നിന്നും മുക്തി നേടിയിട്ടില്ല.
തനിക്ക് എന്നും കൂട്ടായിയിരുന്ന അക്ഷരങ്ങൾ പോലും അവൾ മറന്നിരിക്കുന്നു. ഇരുട്ട് നിറഞ്ഞ മുറിയും പൂജയുടെ നോട്ടവും ഇന്നും അവളിൽ ഭയത്തിന്റെ കനൽ കോരിയിടുന്നു.
ഒടുവിൽ വിവാഹം അവളുടെ ഭൂതകാലം കഴുകി കളയുമെന്ന അന്ധവിശ്വാസത്തിൽ രാധികയുടെ വീട്ടുകാർ അവളെ നന്ദൻ എന്ന പ്രവാസിയുടെ ഭാര്യയാക്കി.
പക്ഷെ ദാമ്പത്യ ജീവിതത്തിലെ ആദ്യ ബന്ധപ്പെടൽ നടന്ന രാത്രിയിൽ, രാധിക തന്റെ ഉപബോധ മനസ്സിലെ ഭയം പേറി ആത്മഹത്യ ചെയ്തു.
എന്നാൽ ആ രാത്രിയിൽ ഒത്തിരി വർഷങ്ങൾക്ക് ശേഷം രാധിക, തന്റെ പ്രിയപ്പെട്ട അക്ഷരങ്ങളെ ഒരിക്കൽ കൂടി മാറോട് ചേർത്തു പിടിച്ചിരുന്നു.
എന്നിരുന്നാലും രണ്ടേ രണ്ട് വരികൾ മാത്രമേ അവൾക്ക് മരണമൊഴിയായി എഴുതുവാൻ സാധിച്ചോളൂ.
ചില “ഓർമ്മ”കൾ ഇല്ലാതെയാകുന്നത് ഓർമ്മകളിലെ ഒരു “മ” ‘മരണ’ ത്തിന് കൈ മാറുമ്പോൾ മാത്രമാണ്.
അപ്പോഴും ഞാൻ അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
എന്നിരുന്നാലും കയർ കഴുത്തിൽ മുറുകിയ വേളയിൽ രാധികയുടെ മുഖത്ത് നിന്നും തെറിച്ചു പോയ എനിക്ക് മനുഷ്യനെ പോലെ കണ്ണടച്ച് ഇരുട്ടാക്കാനാകില്ല.
അന്നും ഇന്നും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല.
എന്ന് ഹോസ്റ്റൽ റൂമിലെ സഹപാഠിയുടെ മൃഗീയമായ ലൈംഗിക ക്രൂരതയക്ക് ഇരയായി ജീവിതം തിരിച്ചു പിടിക്കാനാകാതെ ആത്മഹത്യ ചെയ്ത രാധികയുടെ സ്വന്തം “കണ്ണട”.