കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരിക്കലും ഞങ്ങൾ പറഞ്ഞിട്ടില്ല.. നിങ്ങളുടെ ജീവിതം സന്തോഷകരമാകാൻ ചെറിയ നഷ്ടങ്ങൾ ഒക്കെ സഹിക്കുന്നതിൽ തെറ്റില്ല കേട്ടോ.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“നന്ദൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം.. ഈ വിവാഹത്തിന് ഞങ്ങൾക്ക് സമ്മതമാണ്. പക്ഷെ മോന്റെ കുട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം വേണം….”

ബാലചന്ദ്രന്റെ വാക്കുകൾ കേട്ട് നന്ദന്റെ നെറ്റി ചുളിഞ്ഞു.

” മോളുടെ കാര്യത്തിൽ ഇത് തീരുമാനം വേണമെന്നാ.. എനിക്ക് മനസിലായില്ല. ”

അവന്റെ ചോദ്യം കേട്ട് അടുത്തിരുന്നു ബന്ധുക്കളെ ഒന്ന് നോക്കി ശേഷം തുടർന്ന് ബാലചന്ദ്രൻ..

“അതായത് നന്ദൻ.. ഞങ്ങടെ മോള് രണ്ടാം വിവാഹം ആണേലും ആദ്യത്തേതിൽ കുട്ടിയൊന്നുമില്ലല്ലോ.. അവൻ ഫ്രോഡ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മോളെ ഞങ്ങൾ വീട്ടിൽ വിളിച്ചകൊണ്ട് വന്നാരുന്നു മാത്രമല്ല വെറും ഒരുമാസം ആണ് അവര് ഒന്നിച്ചു ജീവിച്ചത്. അപ്പൊ പിന്നെ ഒരു കുട്ടിയൊക്കെ ഉള്ള ആളെ കെട്ടുന്നത് അത്ര ശെരിയല്ല എന്നാണ് ഞങ്ങടെ തീരുമാനം…”

” അതിനു… നിങ്ങൾ ഒന്ന് തെളിച്ചു പറയു.. മോളെ എന്ത് ചെയ്യണമെന്നാണ്.. ഒഴിവാക്കണമെന്നാണോ.”

നന്ദൻ സംശയത്തോടെ ചോദിക്കുമ്പോൾ ഒന്ന് പരുങ്ങി ബാലചന്ദ്രൻ

” ഏയ്. അങ്ങിനല്ല.. ഒഴിവാക്കണമെന്നല്ല.. പക്ഷെ നന്ദന്റെ അച്ഛനും അമ്മയും അടുത്ത് തന്നല്ലേ താമസം കുട്ടിയെ അവർക്കൊപ്പം നിർത്താമല്ലോ.. വിവാഹ ശേഷവും എപ്പോ വേണേലും മോന് പോയി കാണുകയും ചെയ്യാം.. ”

ആ വാക്കുകൾ കേട്ട് മൗനമായി പതിയെ സെറ്റിയിലേക്ക് ചാഞ്ഞിരുന്നു നന്ദൻ.

” അല്ല മോനെ.. വിവാഹം കഴിഞ്ഞു നിങ്ങൾക്ക് ഒരു കുട്ടിയൊക്കെ ആകുമ്പോ.. രണ്ട് കുട്ടികളും കൂടി…. എന്തായാലും നൊന്ത് പെറ്റ കുഞ്ഞിനോളം വരില്ലലോ മറ്റൊരു കുഞ്ഞ്.. അതാ ഞങ്ങൾ ആദ്യമേ കാര്യം പറഞ്ഞത്.”

ബാലചന്ദ്രനൊപ്പം വന്ന മറ്റൊരു കാരണവർ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കുവാൻ ശ്രമിച്ചു. അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു നന്ദൻ..

” ഇത് ഇവിടെ പറയാനായി നിത്യ നിങ്ങളോട് പറഞ്ഞേൽപ്പിച്ചതാണോ… ഞാൻ അന്ന് പെണ്ണ് കാണാൻ വന്ന ദിവസം അയാള് ഇതിനെ പറ്റിയൊന്നും എന്നോട് പറഞ്ഞിരുന്നില്ലല്ലോ.. ”

” ഏയ്.. അത് അങ്ങിനെ മുഖത്ത് നോക്കി പറയാൻ പറ്റില്ലല്ലോ മോനെ.. പിന്നെ അവളുടെ മനസ്സിൽ എന്താണെന്ന് ഞങ്ങൾക്കറിയാം.. അതാ ഞാൻ തന്നെ നേരിട്ട് ഈകാര്യം വന്നു പറഞ്ഞത്.. ”

മറുപടി പറഞ്ഞ ശേഷം ബാലചന്ദ്രൻ വീടിനുള്ളിൽ ഒന്ന് കണ്ണോടിച്ചു ..

” ഈ വീട് കൊളളാം.. മോന്റെ പേരിൽ തന്നെയാണോ… ഇത്..”

ആ ചോദ്യത്തിലൂടെ അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കി നന്ദൻ.

” ഈ വീട് മാത്രമല്ല സിറ്റിയിൽ ഒരെണ്ണം കൂടിയുണ്ട് അത് വാടകയ്ക്ക് കൊടുത്തേക്കുവാണ്.. പിന്നെ കുറച്ചു റബ്ബറും മറ്റു കൃഷികളുമൊക്കെയുണ്ട്. ജോലിക്ക് പോകുന്നത് കൊണ്ട് എനിക്ക് ഒന്നും നോക്കാൻ സമയം കിട്ടില്ല അത് കൊണ്ട് പാട്ടത്തിനു കൊടുത്തേക്കുവാണ് എല്ലാം.. ”

ആ മറുപടി ബാലചന്ദ്രനും ഒപ്പം വന്ന ബന്ധുക്കൾക്കും നന്നേ ബോധിച്ചു.

” അതിപ്പോ കെട്ട് കഴിഞ്ഞു മോളിങ്ങു വന്നാൽ പിന്നെ എല്ലാം അവൾ നോക്കിക്കോളും.. അവൾക്ക് ഈ കൃഷിയിൽ ഒക്കെ അല്പം താത്പര്യം ഉള്ള കൂട്ടത്തിലാ.. ”

മുന്നേ മറുപടി പറഞ്ഞ കാരണവർ തന്നെ അടുത്ത കമന്റും പാസാക്കി.. അത് കേട്ട് എല്ലാവരും ചിരിക്കവേ നന്ദൻ മാത്രം ശാന്തനായിരുന്നു. അത് കണ്ട് ബാലചന്ദ്രന്റെ നെറ്റി ചുളിഞ്ഞു.

” എന്താ നന്ദൻ.. പെട്ടെന്ന് ഒരു ഭാവ മാറ്റം.. ഞങ്ങൾ പറഞ്ഞത് എന്തേലും ഇഷ്ടപ്പെടാതുണ്ടോ.. അതോ കുഞ്ഞിന്റെ കാര്യം പറഞ്ഞത് കൊണ്ടാണോ.. ”

ചോദ്യം കേട്ടിട്ടും അല്പസമയം മൗനമായി നന്ദൻ. ശേഷം പതിയെ ബാലചന്ദ്രന്റെ മുഖത്തേക്ക് നോക്കി.

” എന്റെ ഭാര്യ മരിച്ചത് ക്യാൻസർ വന്നിട്ട് ആണ്. അവളുടെ വിയോഗം എന്നും എനിക്കൊരു തീരാ നഷ്ടം ആണ്. ആ സ്ഥാനത്തേക്ക് മറ്റൊരാളെ ചിന്തിക്കാൻ പോലും എനിക്ക് പറ്റില്ലായിരുന്നു. എന്നിട്ടും ഞാൻ ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് വീണ്ടും സ്ത്രീസുഖം അറിയാൻ ഉള്ള കൊതി കൊണ്ടോ അല്ലേൽ എല്ലാവരുടെയും മുന്നിൽ ആളാകാനോ ഒന്നുമല്ല.. എന്റെ മോൾക്ക് കൂടി വേണ്ടിയാണ്. പെൺകുട്ടിയാണ്. അവൾ വളർന്നു വരുമ്പോൾ ഉറപ്പായും ഒരു അമ്മയുടെ കരുതൽ കിട്ടിയേ പറ്റു… അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ നിത്യയോടും ഈ കാര്യങ്ങൾ ഞാൻ സംസാരിച്ചതാണ്. അങ്ങനുള്ളപ്പോൾ മോളെ മാറ്റി നിർത്തി എങ്ങിനെ ഞാൻ ഈ വിവാഹം നടത്തും…. ”

ചോദ്യഭാവത്തിൽ നന്ദൻ നോക്കുമ്പോൾ ബാലചന്ദ്രൻ ഒന്ന് പരുങ്ങി.

” അത്. അത് പിന്നേ.. മോൻ ഇങ്ങനൊക്കെ പറഞ്ഞാൽ അത് പ്രശ്നം ആകും.. എന്റെ മോളെ കെട്ടുന്ന ആൾക്ക് ഒരു കുട്ടി കൂടി ഉള്ളത് ഉൾക്കൊള്ളാൻ പറ്റില്ല എനിക്ക്… നാളെ അവളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാകാൻ പാടില്ലല്ലോ.. ഈ ഒരു കാര്യത്തിൽ മോൻ ഒരു നല്ല തീരുമാനം ഒരു എടുത്താൽ മാത്രേ വിവാഹത്തെ പറ്റി ചിന്തിക്കാൻ പറ്റുള്ളൂ.. ”

ആ മറുപടി പ്രതീക്ഷിച്ചിരുന്നതിനാൽ തന്നെ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ പുഞ്ചിരിച്ചു നന്ദൻ.

” തീരുമാനം ഒന്നേ ഉള്ളു…. എന്റെ മോളെ കൂടി അംഗീകരിക്കാൻ തയ്യാറുള്ള ഒരാളെ മതി എനിക്ക് ഭാര്യയായി.. ”

അത് അവസാന വാക്കുകൾ ആണെന്ന് മനസിലാക്കി മുഖമുഖം നോക്കി ബാലചന്ദ്രനും ബന്ധുക്കളും.

” അതിപ്പോ കുട്ടി തന്റെ രക്ഷകർത്താക്കളുടെ ഒപ്പം ആയാലും എന്താ പ്രശ്നം. തനിക്ക് എപ്പോ വേണോ പോയി കാണാലോ.. ”

ബന്ധുക്കളിൽ ഒരാൾ. ചോദിക്കുന്നത് കേട്ട് മറുപടി ഒന്നും പറഞ്ഞില്ല നന്ദൻ. അവന്റെ മൗനത്തിന്റെ അർത്ഥം മനസിലാകവേ പതിയെ എഴുന്നേറ്റു ബാലചന്ദ്രൻ. ഒപ്പം മറ്റു ബന്ധുക്കളും.

” അങ്ങിനെ എങ്കിൽ നമുക്ക് പിരിയാം മോനെ.. വേറൊന്നും വിചാരിക്കരുത്.. മോന് വേറെ നല്ല കുട്ടിയെ കിട്ടും… ഞാനും പ്രാർത്ഥിക്കാം.. ”

ബാലചന്ദ്രന്റെ വാക്കുകൾ കേട്ട് നന്ദനും പതിയെ എഴുന്നേറ്റു.

” ഏയ് വേറൊന്നും വിചാരിക്കുന്നില്ല… നിങ്ങൾ ഉള്ള കാര്യം മുഖത്ത് നോക്കി പറഞ്ഞല്ലോ അത് തന്നെ സന്തോഷം.. പിന്നെ ചെറിയൊരു വിഷമം ഉള്ളത് അന്ന് പെണ്ണ് കാണാൻ വന്നപ്പോ എല്ലാ കാര്യങ്ങളും ഞാൻ നിത്യയോട്‌ പറഞ്ഞിരുന്നതാണ്. എതിർപ്പ് ഒന്നും ആ സമയത്ത് പറഞ്ഞിരുന്നില്ല. എന്നിട്ട് ഇപ്പോ പെട്ടെന്ന് ഇങ്ങനെ കേട്ടപ്പോ.. സാരമില്ല.. ”

നന്ദൻ വാക്കുകൾ മുറിക്കവേ പതിയെ പുറത്തേക്ക് നടന്നു ബാലചന്ദ്രൻ.

” നന്ദൻ നല്ലോണം ഒന്ന് ആലോചിക്ക്.. കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരിക്കലും ഞങ്ങൾ പറഞ്ഞിട്ടില്ല.. നിങ്ങളുടെ ജീവിതം സന്തോഷകരമാകാൻ ചെറിയ നഷ്ടങ്ങൾ ഒക്കെ സഹിക്കുന്നതിൽ തെറ്റില്ല കേട്ടോ.. ”

ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് അയാൾ മുറ്റത്തേക്കിറങ്ങി. ഒന്നും മറുപടി പറയാതെ നന്ദൻ പിന്നാലെ ചെന്നു. അവരുടെ കാർ ഗേറ്റ് കടന്ന് പോകവേ തിരികെ വീട്ടിലേക്ക് കയറി ബെഡ് റൂമിലേക്കു പോയി അവൻ. അവിടെ മോൾ സുഖ ഉറക്കത്തിൽ ആയിരുന്നു. ബെഡിൽ ഇരുന്ന് കുഞ്ഞിന്റെ നെറുകയിൽ ഒന്ന് തലോടി ഒരു മുത്തം നൽകി നന്ദൻ. നിത്യയെ പറ്റി ഓർക്കവേ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു അവന് . കാരണം ആ വിവാഹം നടക്കുമെന്ന് നൂറു ശതമാനവും അവൻ ഉറപ്പിച്ചിരുന്നതാണ്. പെട്ടെന്ന് ഇങ്ങനെയൊരു ട്വിസ്റ്റ്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മോളെ അൽപനേരം നോക്കി ഇരുന്ന ശേഷം പതിയെ ബെഡിലേക്ക് കിടന്നു നന്ദൻ. ഓരോന്ന് ഓർത്തു കിടന്നു ഒടുവിൽ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

മൊബൈൽ നിർത്താതെ റിങ് ചെയ്യുന്നത് കേട്ടാണ് നന്ദൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.
ഒച്ച കേട്ട് മോള് ഉണരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവൻ വേഗം ഫോൺ കയ്യിലെക്കെടുത്ത് സൈലന്റ് ആക്കി. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു ആ കോൾ. പതിയെ മുറി വിട്ട് പുറത്തേക്കിറങ്ങി കോൾ ബട്ടൺ അമർത്തി അവൻ ഫോൺ കാതോട് ചേർത്തു.

” ഹലോ.. ആരാണ്.. ”

സംശയത്തോടെ നന്ദൻ ചോദിക്കുമ്പോൾ മറു തലയ്ക്കൽ അൽപനേരം നിശബ്ദത പരന്നു

“ഞാൻ.. നിത്യയാണ്.. ”

ആ വാക്കുകൾ തന്റെ കാതുകളിൽ തുളച്ചു കയറുന്ന പോലെയാണ് നന്ദന് അനുഭവപ്പെട്ടത്. ക്ഷണ നേരം കൊണ്ട് ഉറക്കച്ചടവ് മാറി എന്നല്ല അതുവരെയില്ലാതിരുന്ന ഒരു പരുങ്ങൽ അവനിൽ ഉടലെടുത്തു.

” ആ.. ആ നിത്യ.. എന്തെ ഇപ്പോ വിളിക്കാൻ.. ”

” അത്.. നന്ദേട്ടന് എന്നോട് ദേഷ്യം ഉണ്ടോ.. ”

ആ ചോദ്യം കേട്ട് എന്ത് മറുപടി പറയും എന്നറിയാതെ കുഴഞ്ഞു നന്ദൻ . അത് മനസിലാക്കി തുടർന്നു നിത്യ..

” മോളെ ഒഴിവാക്കിയാൽ വിവാഹം നടത്താമെന്ന് അച്ഛൻ പറഞ്ഞു അല്ലെ ”

” ഉവ്വ്… പറഞ്ഞു.. ഒരിക്കലും അത് നടക്കില്ല നിത്യ.. പിന്നെ തനിക്ക് എന്റെ മോള് ഒരു പ്രശ്നം ആയിരുന്നേൽ അന്ന് പെണ്ണ് കാണാൻ വന്ന ദിവസം തന്നെ പറയാമായിരുന്നു. ഇതിപ്പോ.. ”

അത്രയും പറഞ്ഞു അവസാനിപ്പിച്ചു നന്ദൻ. ആ വാക്കുകളിൽ ചെറിയൊരു പരിഭവം നിറഞ്ഞത് തിരിച്ചറിഞ്ഞു നിത്യ…

” ഞാൻ അങ്ങിനെ പറഞ്ഞു എന്ന് അച്ഛൻ പറഞ്ഞോ.. അതോ അച്ഛന്റെ അഭിപ്രായം ആയിട്ടാണോ പറഞ്ഞെ.. ”

ആ ചോദ്യം കേട്ട് നന്ദന്റെ നെറ്റി ചുളിഞ്ഞു

“എന്താ താൻ ഉദ്ദേശിച്ചേ.. എനിക്ക് മനസിലായില്ല..”

” ചേട്ടാ.. നമുക്ക് ഒരു കുഞ്ഞു ജനിച്ചാൽ ചേച്ചി എന്ന് വിളിക്കാൻ ഒപ്പം ഒരാളുള്ളത്തിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. ”

ആ കേട്ട വാക്കുകൾ നന്ദനിൽ ഒരു തരിപ്പ് ഉളവാക്കി..

” ങേ.. എന്താ..എന്താ താൻ പറഞ്ഞെ.. ”

ഇത്തവണ അവന്റെ വാക്കുകളിൽ ആവേശം നിറഞ്ഞിരുന്നു.

” ചേട്ടാ വയസ്സായ ആൾക്കാർ അല്ലെ.. അവരുടെ ചിന്താഗതിയും കുറെയൊക്കെ പഴഞ്ചനാകും.. അച്ഛൻ അവിടെ വന്നു പറഞ്ഞതൊന്നും എന്റെ അഭിപ്രായങ്ങൾ അല്ല.. ഒരിക്കലും നന്ദേട്ടന്റെ മോൾ എനിക്കൊരു ബാധ്യതയാകില്ല. നമ്മുടെ വിവാഹം കഴിഞ്ഞാൽ എന്റെ സ്വന്തം മോളായി നോക്കിക്കോളാം ഞാൻ.. ”

നന്ദന് അവിശ്വസനീയമായിരുന്നു ആ വാക്കുകൾ.. ഉള്ളിൽ ഇരച്ചു കയറിയ സന്തോഷം എങ്ങിനെ പ്രകടിപ്പിക്കണം എന്ന് പോലുമറിയാതെ പകച്ചു അവൻ.

” നി.. നിത്യ.. നീ പറയുന്നത്.. ഉള്ളതാണോ.. ”

“അതെ ചേട്ടാ.. എന്റെ ബന്ധുക്കൾ അവിടെ വന്നു പറഞ്ഞതിൽ ഞാൻ മാപ്പ്. ചോദിക്കുന്നു… ജീവിതം നമ്മുടേതാണ് തീരുമാനങ്ങളും.. എനിക്ക് ഇഷ്ടമാണ് ചേട്ടനെയും മോളെയും.. ”

തന്റെ മിഴികളിൽ നീർ പൊടിഞ്ഞത് തിരിച്ചറിഞ്ഞു നന്ദൻ.

” നിത്യാ.. താങ്ക്സ്.. എന്റെ മോൾക്ക് തന്നെ അത്രത്തോളം ഇഷ്ടമായിരുന്നു…എനിക്കും.. ഈ വിവാഹം നടക്കില്ല എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്ത നീറ്റൽ ആയിരുന്നു. ഇപ്പോ അത് മാറിക്കിട്ടി…..”

ആ വാക്കുകളിലൂടെ അവന്റെ ഉള്ളിലെ സന്തോഷം തൊട്ടറിഞ്ഞു നിത്യ..

” ചേട്ടാ.. നല്ലൊരു ഭാര്യ ആകാൻ എനിക്ക് പറ്റുമോ എന്ന് അറിയില്ല പക്ഷെ മോൾക്ക് ഞാൻ എന്നും നല്ലൊരു അമ്മയായിരിക്കും.. ഒരു അമ്മയുടെ കെയർ എത്ര മാത്രം അവൾ മിസ്സ്‌ ചെയ്യുന്നുണ്ട് എന്നത് എനിക്ക് മനസിലാകും..”

ആ വാക്കുകൾ വീണ്ടും വീണ്ടും നന്ദനിൽ സംതൃപ്തി ഉളവാക്കി.

” നിത്യ… നമുക്ക് ഒന്ന് കാണണം.. പറ്റുമെങ്കിൽ ഇന്ന് തന്നെ പ്ലീസ്… എനിക്ക് നേരിട്ട് തന്നോട് സംസാരിക്കാൻ ഉണ്ട് കുറെ…. ”

അവന്റെ ആ ആവശ്യം നിത്യ അംഗീകരിച്ചു കാരണം നന്ദനെ നേരിട്ട് കാണാൻ അവളും ആഗ്രഹിച്ചിരുന്നു.

” വൈകുന്നേരം ഒരു അഞ്ചു മണി ആകുമ്പോൾ സിറ്റിയിലെ ക്വീൻ റെസ്റ്റുറെന്റിൽ വരാമോ.. മോളെയും കൂട്ടി.. നമുക്ക് അവിടെ മീറ്റ് ചെയ്യാം ”

” എത്താം നിത്യ.. ഉറപ്പായും കാണാം ”

ഏറെ സന്തോഷത്തോടെയാണ് നന്ദൻ കോൾ കട്ട്‌ ചെയ്തത്. തിരികെ റൂമിൽ എത്തുമ്പോൾ ഒന്നും അറിയാതെ സുഖ ഉറക്കത്തിൽ ആയിരുന്നു മകൾ.. പതിയെ തിരിഞ്ഞു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയ്ക്ക് മുന്നിലേക്ക് പോയി അവൻ… മരണപെട്ടുപോയ അവന്റെ ഭാര്യയുടെ ഫോട്ടോയ്ക്കരികിൽ.

” മായ.. നിന്നെ പോലൊരാളെ ഇനി ജീവിതത്തിൽ എനിക്ക് കിട്ടില്ല.. പക്ഷെ നിത്യ. അവൾ നല്ല കുട്ടിയാണ്.. നമ്മുടെ മോളെ അവൾ പൊന്നുപോലെ നോക്കും ന്ന് എന്റെ മനസ്സ് പറയുന്നു.. മരണക്കിടക്കയിൽ നീ എന്നോട് ആവശ്യപ്പെട്ടതും അതല്ലേ.. നിന്റെ അനുഗ്രഹം ഉണ്ടാകണം.. ”

നിറ മിഴികൾ തുടച്ചു നന്ദൻ പതിയെ ബെഡിലേക്കിരുന്നു ശേഷം എല്ലാം ശുഭമായ സന്തോഷത്തിൽ മകൾക്കൊപ്പം ചേർന്ന് കിടന്നു.. ആ സമയം നിത്യയും ഏറെ സന്തോഷത്തിൽ ആയിരുന്നു. നന്ദനും മോൾക്കുമൊപ്പം ആഗ്രഹിച്ച പോലൊരു ജീവിതം തനിക്ക് കിട്ടിയേക്കും എന്നാ സന്തോഷത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *