(രചന : ഡേവിഡ് ജോൺ)
പെണ്ണിനെ കാണുമ്പോൾ കൊടുത്ത കാപ്പി വരെ കുടിക്കാതെ ആണ് ചെക്കന്മാർ പോകാറ്…
“ഇന്ന് മീരയെ കാണാൻ ഒരു കൂട്ടർ വരനുണ്ട് തിരുമേനി… ഒന്ന് പ്രാർത്ഥിച്ചേക്കണേ.. ”
അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോളും ഭാനുമതിയമ്മേടെ ഉള്ളിൽ പെരുമ്പറ ആയിരുന്നു.. മീര സുന്ദരി അല്ല എന്നത് തന്നെ പ്രശ്നം.. ഇതിപ്പോ ഇരുപതിനാലാമത്തെ പെണ്ണ് കാണൽ ആണ്..
ഒരുങ്ങി നിന്ന് ശീലമായി… പെണ്ണിനെ കാണുമ്പോൾ കൊടുത്ത കാപ്പി വരെ കുടിക്കാതെ ആണ് ചെക്കന്മാർ പോകാറ്…
കാത്തിരുന്നു ചെക്കനും കൂട്ടരും എത്തി..
മഞ്ഞ നിറമുള്ളൊരു ചുരിദാർ ഇട്ടു ഒരു പൌഡർ പോലും ഇടാതെ മീര കയ്യിൽ ചായയുമായി അവർക്ക് മുന്നിൽ വന്നു…
എത്ര ഒരുങ്ങിയാലും വൈകിട്ട് ഒരു കാൾ വരും.. ഞങ്ങൾക് ഈ കേസ് വേണ്ട എന്ന്.. കേട്ടു കണ്ടും ചായ കൊടുത്തും മീരക്കും മടുത്തിരിക്കുന്നു..
ചായ കൊടുക്കുമ്പോളും അവളുടെ കൈകൾ വിറച്ചിരുന്നില്ല..
ഇടംകണ്ണിട്ടു അവൾ അയാളെ നോക്കിയില്ല.. ആരും പേര് ചോദിച്ചില്ല.. അകത്തോട്ടു പൊക്കോളു എന്നും പറഞ്ഞില്ല.. കുറച്ചു നേരം അവിടെ നിന്ന് അവൾ അവളുടെ ലോകത്തേക്ക് മറഞ്ഞു..
ആ നാലു ചുവരുകൾ അവളെ സ്വീകരിച്ചു.. ഇരുകയ്യും നീട്ടി..
വിവരം അറിയിക്കാം എന്ന് പറഞ്ഞു അവർ മടങ്ങുമ്പോൾ ഭാനുമതിയമ്മ ഉറപ്പിച്ചു.. ഇതും കൈ വിട്ടു…
**
“ഗിരി.. പെണ്ണ് കാണാൻ പോയിട്ടു എന്തായി.. ”
“എന്താകാൻ ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ്… ഞാൻ വേണ്ടാന്ന് തീരുമാനിച്ചു.. ”
”
“ഭംഗിയിൽ എന്തു ഇരിക്കുന്നു ഗിരി.. എന്റെ അവസ്ഥ തന്നെ നോക്ക് നീ.. അവൾ സുന്ദരി ആയിരുന്നില്ലേ.. പെരുമാറാനും മിടുക്കി ആയിരുന്നില്ലേ… എന്റെ അമ്മയും അച്ഛനും അവളെ മകളെ പോലെ സ്നേഹിച്ചില്ലേ..
എന്നിട്ടും ഞാൻ തിരിച്ചു മണലാരണ്യത്തിൽ പോയപ്പോൾ അവൾ വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയത് സ്നേഹം പോരാഞ്ഞിട്ടായിരുന്നോ … സ്വാതന്ത്ര്യം പോരാഞ്ഞിട്ടോ… ”
“അതൊക്കെ മറക്കു മഹി.. നിനക്ക് കൂട്ടിന് നിന്റെ മകളില്ലേ… ഇനി ഒരു വിവാഹം ഒക്കെ കഴിച്ചു നീ ഒന്ന് സെറ്റിൽ ആകു.. ”
“ഇനിയും പരീക്ഷണമോ.. ഇല്ലടാ.. നീ നിനക്കൊരെണ്ണത്തിനെ അന്നെഷിച്ചു കണ്ടു പിടിക്കു.. ”
“ഇന്ന് പോയ പെണ്ണ് നന്നേ തടിച്ചിട്ടാടാ.. നിറവും കുറവാ. പിള്ളേർ കറുത്ത് പോയാലോ. . ”
“തടിയില്ലാത്ത പെണ്ണിനെ കെട്ടിയാലും അവൾ ഒരു പ്രസവം കഴിയുമ്പോൾ വണ്ണം വാക്കത്തില്ലെടാ.. പിന്നെ ഭാര്യേം ഭർത്താവും വെളുത്തിട്ടും കുട്ടികൾ കറുക്കുന്നില്ലേ.. ”
മൊത്തത്തിൽ എല്ലാം കേട്ടപ്പോൾ ഗിരിക്കും തോന്നി.. മീര അത്ര മോശം അല്ല.. സുന്ദരി അല്ലാത്തോണ്ട് ധൈര്യമായി ദുബായിലോട്ടു തിരിച്ചു പോകാം.. ആരും വളച്ചു ഒടിച്ചു കൊണ്ട് പോകില്ലല്ലോ എന്ന്….
എന്നാലും കൂടെ കൊണ്ട് നടക്കണ്ടേ… മനസില്ല മനസോടെ അവൻ ഭാനുമതിയമ്മയെ വിളിച്ചു സമ്മതം അറിയിച്ചു..
നാലാളുടെ മുന്നിൽ കാണിക്കാൻ ഉള്ള പെണ്ണില്ലാത്തതു കൊണ്ടാകാം കല്യാണം കേമം ആക്കിയില്ല.. നാളുകൾ നീങ്ങി ഗിരി തിരിച്ചു പോയി..
തളർന്നു കിടന്ന ഗിരിടെ അമ്മ ഊന്നുവടിയിൽ നടന്നു തുടങ്ങി…
അപ്പോളേക്കും ഗർഭിണി ആയ മീരയെ പ്രസവത്തിനു കൊണ്ടുപോയി..
ഭാനുമതിയമ്മയെക്കാൾ ഗിരിയുടെ അമ്മയുടെ പ്രാർത്ഥനകൾ ഭഗവാനു മുന്നിൽ സ്ഥാനം പിടിച്ചു… മാസങ്ങൾ കഴിഞ്ഞു.. മീര ഒരു പെൺകുഞ്ഞിന് ജന്മം നൽകി…
ഉദയസൂര്യനേക്കാൾ ശോഭയുള്ള മകൾ.. അവളുടെ കളിയും ചിരിയും നിറഞ്ഞ ആ വീട് ഇന്ന് സ്വർഗമാണ്…
“നമ്മുടെ മകൾ ഗിരിയേട്ടനെ പോലെ തന്നെ ഉണ്ടല്ലേ.. ”
ശരിക്കും ഗിരിക്ക് ചങ്കിൽ കൊണ്ടു ആ വാക്കുകൾ.. അത്രയും പാവം ആയിരുന്നു അവൾ…
“അല്ല ഗിരി.. നീ എന്നാ തിരിച്ചു പോണേ..”
” ഞാൻ ഇനി പോണില്ല മഹി… എനിക്ക് മീരേനേം പാറുനേം വിട്ടു പോകാൻ തോന്നണില്ല ടാ.. ”
“അന്നു പെണ്ണ് കാണാൻ പോയ അന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവിടെ വിളമ്പണോ.. ”
“നീ ചതിക്കല്ലേ ചങ്കെ… ”
അന്നാദ്യമായി മീരയുടെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കം അയാൾ കണ്ടു.. ഇനി ആ തിളക്കം എന്നും നിലനിൽക്കട്ടെ…..