(രചന: ദേവൻ)
” പെറാൻ കഴിയാത്ത അവളെ ഇനീം ങ്ങനെ ചുമന്നു നടക്കണോ നിനക്ക്. നിന്റ കുട്ടി ഈ മുറ്റത്തൂടെ ഓടിക്കളിക്കണ കണ്ടിട്ട് കണ്ണടക്കണംന്ന് ണ്ടാർന്നു.
അവളീ വീട്ടിൽ ഉള്ളോടത്തോളം അതുണ്ടാവില്ലെന്ന് അറിയാം. അതോണ്ട് അമ്മ പറയാ, അതിനെ ഒഴിവാക്കി വേറെ ഒന്നിനെ കെട്ടാൻ നോക്ക് നീ ”
രാത്രി കേറി വരുമ്പോൾ എല്ലാം പ്രവീണിനോട് അമ്മയ്ക്ക് പറയാൻ ഇത് മാത്രേ ഉണ്ടായിരുന്നുള്ളൂ. പലപ്പോഴും അവൾ കേൾക്കാൻ വേണ്ടി ആയിരുന്നു അവർ പറയുന്നതും.
അമ്മയുടെ ആ വാക്കുകൾ കേൾക്കുമ്പോൾ എല്ലാം അവളുടെ നെഞ്ച് വിങ്ങും. പ്രസവിക്കാൻ കഴിയാത്തത് തന്റെ കുറ്റം അല്ലല്ലോ. പക്ഷേ, ഈ പറച്ചിൽ… എല്ലാറ്റിലും കൂടുതൽ വേദന തോന്നുന്നത് ഇതാണ്.
പലപ്പോഴും ഓരോന്ന് ഓർത്ത് പ്രവിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കരയുമ്പോൾ അവൻ പറയും ” സാരമില്ലടി, അമ്മയല്ലേ, പഴയ ആളുകൾ അല്ലേ, വിട്ട് കള ” എന്ന്.
പക്ഷേ എന്നും ഇതു തന്നെ കേൾക്കുമ്പോൾ മരിച്ചാൽ മതി എന്ന് തോന്നാറുണ്ട് അവൾക്ക്.
” എന്തിനാ അമ്മേ എന്നെ ങ്ങനെ ഒക്കെ… എനിക്ക് ദൈവം തന്നത് ഇങ്ങനെ ആണ്. അമ്മയും ഒരു പെണ്ണല്ലേ… ആ അമ്മ പോലും എന്നെ മനസ്സിലാക്കാതെ….. ”
അവൾ നെഞ്ച് വിങ്ങി പറയുമ്പോൾ മറുപടി പുച്ഛം ആയിരുന്നു.
” അതേടി ഞാനും പെണ്ണാ. പക്ഷേ, നിന്നെപ്പോലെ പെറാൻ കഴിയാത്ത മച്ചി അല്ല ഞാൻ. ഞാൻ രണ്ടെണ്ണത്തിനെ പെറ്റു വളർത്തിയവൾ ആണ്. അതിലൊന്നാണ് നിന്നെ കെട്ടി കൊണ്ടുവന്നതും.
അതോടെ അവന്റെ ജീവിതവും പോയി. ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത നീ അവന്റെ ജീവിതം ങ്ങനെ തുലയ്ക്കാതെ സ്വയം ഒഴിഞ്ഞുപൊക്കൂടെ. പട്ടികൾ പോലും ആറു പെറും. ഇവിടെ ഏഹേ… ”
അമ്മയുടെ പുച്ഛവും കളിയാക്കലും അസഹ്യമായിരുന്നു.
ഓരോ രാത്രിയും കണ്ണുകൾ അവന്റെ നെഞ്ച് പൊളിക്കുമ്പോൾ അവൾ പറയാറുണ്ട് ” ഞാൻ പൊക്കോളാ ഏട്ടാ, ഏട്ടൻ വേറെ ഒരു വിവാഹം കഴിക്കണം, അമ്മയുടെ ആഗ്രഹം പോലെ കുട്ടികളൊക്കെ ആയി നല്ലൊരു ജീവിതം…… ”
അത് പറയുംമുന്നേ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു അവൻ.
” ഗർഭം ധരിച്ചാൽ മാത്രേ പെണ്ണ് പെണ്ണാകുള്ളൂ എന്ന് കരുതന്നവരെ തിരുത്താൻ കഴിയില്ല. നിന്റ മനസ്സ് മതി എനിക്ക്, പ്രതീക്ഷ കൈവിട്ടിട്ടില്ല ഞാൻ ഇപ്പോഴും.
എത്രയോ വർഷങ്ങൾ കഴിഞ്ഞ് അമ്മയും അച്ഛനും ആയവർ ഉള്ള നാടാണ് ഇത്. അതുകൊണ്ട് ആരോ എന്തോ പറയട്ടേ… ഒരു കാത് കേൾക്കുന്നത് മറ്റേ കാത് വഴി കളയുക. അത്രേ വേണ്ടൂ ”
അവന്റെ വാക്കുകൾ അവൾക്ക് ആശ്വാസം ആണെങ്കിലും മനസ്സ് എവിടെയോ കൊളുത്തിവലിക്കുംപ്പോലെ.
ഓരോ ദിവസവും ഓരോ പഴിവാകുകൾ കേട്ടങ്ങനെ ഇഴഞ്ഞുനീങ്ങി. ആരോടും പരിഭവമില്ലാതെ സ്വയം വലിഞ്ഞുകൊണ്ട് അവളും.
അന്ന് അവൻ വീട്ടിലെത്തുമ്പോൾ അമ്മ കെറുവിച്ചാണ് അരികിൽ വന്നത്.
“ടാ, നിന്റ അമ്മാവൻ വന്നിരുന്നു. നിങ്ങടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. അമ്മാവന്റെ അറിവിൽ നല്ല ഒരു കൂട്ടർ ഉണ്ടത്രേ.
രണ്ടാംകെട്ട് ആണെങ്കിലും അവർക്ക് കുഴപ്പമില്ല. നിനക്ക് സാമ്പത്തികമായും അത് ഉപകരിക്കും. വെറുതെ ആ എരണംകെട്ടവളെ താങ്ങി നിന്റ ജീവിതം നശിപ്പിക്കണ്ട, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട. ”
അവൻ മറുപടി ഒന്നും പറയാതെ എന്തോ ആലോചനയിൽ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് പ്രതീക്ഷ കൂടി.
അവന്റെ മുഖഭാവത്തിൽ ഒരു മാറ്റത്തിനുള്ള ചാഞ്ചാട്ടം ഉണ്ടെന്ന് തോന്നിയപ്പോൾ അമ്മ ഒന്നുകൂടി അവന്റെ അരികിലേക്ക് ഇരുന്നു ചെവിയിൽ പറയുന്നുണ്ടായിരുന്നു
” മോനെ, നീ വെറുതെ ആലോചിച്ചു കൂട്ടണ്ട. അമ്മ പറയുന്നപ്പോലെ ചെയ്താൽ നാളെ നല്ല നിലയിൽ ജീവിക്കാം. ഇപ്പോൾ ഉള്ളവളെ കൊണ്ട് നിനക്ക് സങ്കടെ ഉണ്ടാവൂ. പറഞ്ഞില്ലെന്നു വേണ്ട.”
തന്റെ വാക്കുകൾ അവനെ ചിന്തിപ്പിക്കുന്നുണ്ടെന്ന് തോന്നി അമ്മയ്ക്ക്. എല്ലാം അകത്തു നിന്ന് കേട്ട അവൾ അവന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ ആദ്യം ഒന്ന് ഭയന്നു.പിന്നെ സ്വയം സമാധാനിച്ചു.
തന്നെ ഒഴിവാക്കിയാൽ എങ്കിലും ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാകുമെങ്കിൽ അതിന് എന്ത് തീരുമാനം എടുക്കാനും തയ്യാറായിരുന്നു അവൾ.
അന്ന് പ്രവീൺ റൂമിലേക്ക് വരുമ്പോൾ അവൾ കരഞ്ഞില്ല.. ഉള്ളിൽ നീറുന്നുണ്ടെങ്കിലും പുറത്ത് കാണിച്ചില്ല എന്നതായിരുന്നു സത്യം.
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു എല്ലാം മനസ്സിലായപ്പോലെ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാഞ്ഞു.
പക്ഷേ, അവൻ ഒന്ന് മാത്രം പറഞ്ഞു, ഇത് ഈ വീട്ടിലെ നിന്റ അവസാനത്തെ രാത്രി ആണ് ” എന്ന്.
അവൻ കണ്ണുകൾ അടച്ച് കിടന്നു. ഉള്ളിലെ നോവ് കണ്ണുനീരായി പുറത്ത് ചാടല്ലേ എന്ന് ആ നിമിഷം അവൾ അതിയായി ആഗ്രഹിച്ചു.
പിറ്റേ ദിവസം രാവിലെ കയ്യിൽ ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മ തൂണും ചാരി നിൽപ്പുണ്ടായിരുന്നു. പുച്ഛം മാത്രം നിറഞ്ഞ ആ മുഖത്ത് നോക്കി ” പോവാ ” എന്ന് പറയുമ്പോൾ അവർ മുഖം തിരിച്ചു.
പതിയെ അവൾ ആ പടികൾ ഇറങ്ങുമ്പോൾ കാറിലേക്ക് കയറാൻ അവൻ ഡോർ തുറന്നു കൊടുത്തു. പിന്നെ കയ്യിലെ ബാഗ് വാങ്ങി ഡിക്കിയിലേക്ക് വെച്ച് തിരികെ അമ്മയ്ക്കരികിൽ എത്തി.
” അമ്മയുടെ ആഗ്രഹം പോലെ അവളീ വീട്ടിൽ നിന്ന് പോവാണ്. ”
അത് കേൾക്കുമ്പോൾ അമ്മയുടെ കണ്ണും കവിളും സന്തോഷം കൊണ്ട് വിടരുന്നത് അവന് കാണാമായിരുന്നു.
” പിന്നെ പോകുന്നത് അവൾ മാത്രം അല്ല, ഞാനും കൂടെ ആണ്. തല്ക്കാലം ഒരു വാടകവീട്. പിന്നെ പോകുന്നതിനു മുന്നേ ഒരു കാര്യം.
ഒരു പെണ്ണ് അമ്മയായില്ലെങ്കിൽ അവളെ മച്ചി എന്ന് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അമ്മയെ പോലെ ഉള്ളവർ ഒന്ന് മനസ്സിലാക്കണം. നിങ്ങളെ പോലെ ജീവനുള്ള, ജീവിതം ആഗ്രഹിച്ച ഒരു പെണ്ണാണ് അവളെന്നും.
ഇപ്പോൾ അമ്മ വീണ്ടും കണ്ടെത്തിയ പെണ്ണ് ഉണ്ടല്ലോ. നാളെ അവളും പ്രസവിച്ചില്ലെങ്കിൽ? അവളേം ഞാൻ ഉപേക്ഷിച്ചു വേറെ ഒരാളെ കെട്ടാൻ അമ്മ പറയില്ലേ. ചൂഴ്ന്നുനോക്കി കൊണ്ടുവരാൻ ഇത് ചക്കയൊന്നും അല്ലല്ലോ.
അതുകൊണ്ട് അമ്മയുടെ ചിന്ത മാറാത്തിടത്തോളം കാലം ഞങ്ങൾ അങ്ങോട്ട് മാറാം എന്ന് വെച്ചു. പിന്നെ ദൂരെ അല്ല. വിളിച്ചാൽ ഓടിവരാൻ പാകത്തിന് അടുത്ത് തന്നെ ആണ് താമസം. ”
അവൻ പതിയെ കാറിൽ കേറുമ്പോൾ അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു അവൾ.
ഇവിടെ നിന്ന് പോകുവാണെന്ന് പറഞ്ഞപ്പോൾ ഓർത്തില്ല കൂടെ ഉണ്ടാകുമെന്ന്. കൈവിട്ട് പോകുവാണെന്ന് കരുതി. പക്ഷേ കൈപ്പിടിയിൽ ഒതുക്കിയതാണെന്നും അറിഞ്ഞില്ല..
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവന്റെ തോളിലേക്ക് ചായുമ്പോൾ അവൻ കാർ പുറത്തക്ക് ഇറക്കിയിരുന്നു ആ പെണ്ണിന്റെ കൂടെ പരാതികളില്ലാതെ ജീവിക്കാൻ.