അവരുടെ ചുണ്ടുകൾ മർമ്മരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ അവന്റെ കൈകൾ അവളുടെ കാത്തുസൂക്ഷിപ്പുകളുടെ കെട്ടുകൾ അറുത്തെറിയുകയായിരുന്നു.

(രചന: ദേവൻ)

അവളുടെ വലതുകയ്യിലേക്ക് തന്റെ ഇടത് കൈ ചേർത്ത് പിടിക്കുമ്പോൾ അവൻ പറഞ്ഞത് ” ഒരിക്കലും ഞാൻ ഈ കൈവിടില്ല പെണ്ണെ ” എന്നായിരുന്നു.

അവൾ ആഗ്രഹിച്ചതും അത് തന്നെ ആയിരുന്നു. അവന്റെ വാക്കുകളിലെ വിശ്വാസം ആയിരുന്നു അവളുടെ ചുംബനങ്ങൾക്ക് ദൈർഖ്യത കൂട്ടിയത്.

അവരുടെ ചുണ്ടുകൾ മർമ്മരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടുമ്പോൾ അവന്റെ കൈകൾ അവളുടെ കാത്തുസൂക്ഷിപ്പുകളുടെ കെട്ടുകൾ അറുത്തെറിയുകയായിരുന്നു.

” നീ എന്നെ ചതിക്കോ ”

ചുംബനങ്ങൾക്കിടയിലെ നിശ്വാസങ്ങളുടെ ഇടനേരത്ത്‌ അവളുടെ വിയർപ്പണിഞ്ഞ ചോദ്യത്തിനു മറുപടിയായി അവൻ അവളെ ഒന്ന് അമർത്തി ആലിംഗനം ചെയ്തു.

” ഒരു പൊന്നിനും നിന്നേക്കാൾ വിലയില്ല പെണ്ണെ, നിന്നോളം ഞാൻ ഒന്നിനെയും ആഗ്രഹിക്കുന്നുമില്ല ”

എന്ന അവന്റെ വാക്കുകൾ അവളുടെ മനസ്സിന്റെ പിരിമുറുക്കങ്ങളുടെ തീവ്രത കുറിക്കുമ്പോൾ അവളുടെ സ്വകാര്യതകൾ അപഹരിക്കാനുള്ള പരിശ്രമത്തിലായിരുന്നു അവൻ.

വാക്കുകളായിരുന്നു അവിടം അരങ്ങു തീർത്തത്. വിയർപ്പുതുള്ളികളായിരുന്നു ആട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

ഒടുക്കം കിതപ്പുകൾ ബാക്കിയാക്കി പ്രണയം നഖക്ഷതങ്ങളാൽ അടയാളപ്പെടുത്തുമ്പോൾ വിശ്വാസം എന്ന വാക്കിന് വെറിപിടിച്ച ആ നിമിഷങ്ങളുടെ ആയുസ്സ് മാത്രമാണെന്ന് അവളറിഞ്ഞില്ല.

ഒരുനാൾ അവന്റെ വിവാഹമാണെന്ന് അറിഞ്ഞപ്പോൾ അവൾക്കത് ഒരു ഷോക്ക് ആയിരുന്നു. കൈവിടില്ലെന്ന് പറഞ്ഞവൻ കൈയ്യൊഴിയുകയാണെന്ന് മനസ്സിലായപ്പോൾ കരയാനല്ല തോന്നിയത്.

വിശ്വാസം മുതലെടുത് നേടിയ പെണ്ണിന്റ മാനത്തിന് അവനിട്ട വില വളരെ ചെറുതായിരുന്നെന്ന തിരിച്ചറിവ് പെണ്ണിന്റ നെഞ്ചിൽ കനലായി നീറാൻ തുടങ്ങി.

പല വട്ടം ഫോണിൽ വിളിച്ചു. ആദ്യമൊക്കെ അവഗണിച്ചെങ്കിലും ഒരിക്കൽ ആ കാൾ അവൻ അറ്റന്റ് ചെയ്തു.

” വെറും വാക്ക് കൊണ്ട് മോഹിപ്പിച്ചത് വഴിയിൽ വലിച്ചെറിയാൻ ആയിരുന്നല്ലേ ” എന്ന അവളുടെ ചോദ്യത്തിന് അവന്റെ ആദ്യമറുപടി പുഞ്ചിരിയായിരുന്നു.

” എല്ലാ പ്രണയങ്ങളും സാക്ഷാത്ക്കരിക്കപ്പെടാറില്ല പെണ്ണെ. നീ കുറച്ചു കൂടെ പ്രാക്റ്റിക്കലായി ചിന്തിക്ക്.

ഒന്നുമില്ലെങ്കിൽ പഠിപ്പും വിവരങ്ങളും ഉള്ള പെണ്ണല്ലേ നീ? പിന്നെ, എന്റെ മാത്രം ആഗ്രഹം കൊണ്ടല്ല നിന്നെ ഞാൻ അറിഞ്ഞത്. ഇതൊക്കെ ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്. ഒന്ന് കഴുകിക്കളഞ്ഞാൽ തീരാവുന്നതല്ലേ ഇതൊക്കെ.”

നിസ്സാരമായ അവന്റെ സംസാരം അവൾക്ക് ഷോക്ക് ആയിരുന്നു. വാക്കുകൾ കൊണ്ട് മോഹിപ്പിച്ച് വിശ്വാസത്തെ ചൂഷണം ചെയ്തിട്ടിപ്പോൾ ……..

ഒന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ തെറ്റുകൾ തന്റെ കൂടെ ആണെന്ന തിരിച്ചറിവ് അവളെ നിശ്ശബ്ദയാക്കി..

പക്ഷേ, പെണ്ണിന്റെ മാനത്തിന് നിസ്സാരമായ ഒരു സോപ്പിന്റ വിലയാണ് അവൻ ഇട്ടതെന്ന് ഓർക്കുമ്പോൾ പൊള്ളുന്നുണ്ട് മനസ്സ്.

അന്നെടുത്ത ചില തീരുമാനങ്ങൾ ആയിരുന്നു അവന്റെ വിവാഹദിവസം അവളെ ആ കതിർമണ്ഡപത്തിൽ എത്തിച്ചത്.

പുതിയ ഒരു പെണ്ണിന്റ കൈ പിടിച്ച് സന്തോഷത്തോടെ നിൽക്കുന്ന അവന്റെ മുന്നിലേക്ക് അവൾ നടക്കുമ്പോൾ അവളുടെ ആ വരവ് അവന്റെ ഉള്ളിലൊരു ആന്തലായി.

ഒരു പൊട്ടിത്തെറി ആയിരുന്നു അവൻ പ്രതീക്ഷിച്ചത്. പക്ഷേ, അവൾ പുഞ്ചിരിച്ചു.

അവന്റെ പെണ്ണിന് കൈ കൊടുത്ത് ആശംസകൾ പറയുമ്പോൾ അവളൊന്ന് ഇടംകണ്ണിട്ട് നോക്കി അവനെ. അവന്റെ ഉള്ളിലെ ഭയം മുഖത്ത്‌ വിയർപ്പായി പൊടിയുന്നത് ആസ്വദിക്കുകയായിരുന്നു അവൾ.

അവന് നേരേ നിൽക്കുമ്പോൾ അവൾ പതിയെ പറയുന്നുണ്ടായിരുന്നു ” ഞാൻ നീ പറഞ്ഞ ആ സോപ്പിട്ട് നന്നായി കുളിച്ചൂട്ടോ ” എന്ന്.

പിന്നെ ചിരിയോടെ കയ്യിൽ കരുതിയ ഗിഫ്റ്റ് അവന് നേരേ നീട്ടി. ഒന്ന് മടിച്ചാണെങ്കിലും വിളറിയ പുഞ്ചിരിയോടെ അവനാ ഗിഫ്റ്റ് കൈ നീട്ടി വാങ്ങുമ്പോൾ അവൾ ” all the best ” പറഞ്ഞ് തിരികെ നടന്നിരുന്നു.

ആ രാത്രി റൂമിൽ ഇരിക്കുമ്പോൾ കിട്ടിയ ഗിഫ്റ്റുകളിൽ അവന്റെ കണ്ണിൽ ഉടക്കിയത് ആ ഗിഫ്റ്റ് ആയിരുന്നു.

” നിങ്ങടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ സമ്മാനം അല്ലേ, ഓപ്പൺ ചെയ്താലോ ” എന്ന ഭാര്യയുടെ ചോദ്യം കേട്ട് അവനാ പൊതി കയ്യിലെടുക്കുമ്പോൾ ന്തോ കയ്യൊന്ന് വിറച്ചു.

പതിയെ ഗിഫ്റ്റ് ബോക്സ്‌ ഓപ്പൺ ചെയ്യുമ്പോൾ അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചിരുന്നു.

ഭാര്യയുടെ ആകാംഷ നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ അത് മുഴുവനായി തുറക്കുമ്പോൾ അവളുടെ മുഖത്ത്‌ അത്ഭുതം ആയിരുന്നു, അവന്റെ മുഖത്ത്‌ വെപ്രാളവും.

ബോക്സിനുകളിൽ കവർ ചെയ്ത ആ പൊതി അവൾ കയ്യിലെടുത്തു തുറക്കുമ്പോൾ അതിൽ പാതി കഴിഞ്ഞ ഒരു സോപ്പും വാടാത്ത ഒരു റോസാപ്പൂവും ഉണ്ടായിരുന്നു.
കൂടെ ഒരു കുറിപ്പും.

അവൾ പതിയെ ആ കുറിപ്പ് കയ്യിലെടുത്തു നിവർത്തുമ്പോൾ അവനും ആകാംഷയോടെ അതിലേക്ക് ഉറ്റുനോക്കി.

അതിലെ അക്ഷരങ്ങൾ അവന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ചു. തൊണ്ടയിലെ ഉമിനീർ വറ്റിപിടഞ്ഞു.

ഒരു നിമിഷം വിയര്ത്തുകുളിച്ചു ഭാര്യയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ ആ പേപ്പർ ദേഷ്യത്തോടെ കയ്യിലിട്ട് ഞെരിക്കുകയായിരുന്നു.

അപ്പോഴും അതിലെ വാക്കുകൾ അവനെ നോക്കി ചിരിച്ചു,

” ഒരിക്കൽ നീ എനിക്ക് നൽകിയ ഉപദേശം ഞാൻ സ്വീകരിച്ചു. ഒരു പെണ്ണിന്റ മാനത്തിന് ഒരു സോപ്പിന്റ വിലയായിരുന്നു നിന്റ മനസ്സിൽ. ശരിയാണ്. ഒന്ന് സോപ്പിട്ടു കുളിച്ചപ്പോൾ പോയ അഴുക്കെ ഉണ്ടായിരുന്നുള്ളൂ അതൊക്കെ.

അതുകൊണ്ട് തന്നെ ബാക്കി വന്ന സോപ്പ് ഞാൻ നിനക്കായി മാറ്റിവെക്കുന്നു. എന്നിൽ എത്രത്തോളം അഴുക്ക് ഉണ്ടായിരുന്നോ അത്രേം അഴുക്ക് നിന്നിലും ഉള്ള സ്ഥിതിക്ക് നിനക്കും ഈ സോപ്പ് ഉപകരിക്കും.

നട്ടെല്ല് പണയം വെച്ച് നാറി ജീവിക്കുന്നതിലും നല്ലത്‌ ഒന്ന് സോപ്പിട്ടു കുളിച്ച് നാറ്റം കളഞ്ഞ് നല്ല പിള്ള ചമയുന്നതാണ്.

പിന്നെ ഈ റോസാപ്പൂവ്.. അത് ഞാൻ ആണെന്ന് അറിയിക്കാൻ ആണ്. വാടിയിട്ടില്ല എന്ന് അറിയിക്കാൻ… ”

ഭാര്യയുടെ കത്തുന്ന കണ്ണുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അവൻ തല താഴ്ത്തുമ്പോൾ ആദ്യരാത്രിയുടെ ആരംഭം കുറിക്കാൻ കാത്തുവെച്ച പാലിൽ ഒരു ഈച്ച ചത്തുമലച്ചിരുന്നു. കുടിവെള്ളം മുട്ടിക്കാൻ വന്നപ്പോലെ…..

Leave a Reply

Your email address will not be published. Required fields are marked *