(രചന: ദേവൻ)
” എന്നെ ഒന്ന് കൊന്നേരാൻ പറ്റോ ” നിസ്സഹായത നിഴലിച്ച, ചെറിയ ഞെരുക്കത്തോടെ ഉള്ള അവളുടെ ചോദ്യം ആ മുറിയെയും അവന്റെ മനസ്സിനെയും വല്ലാതെ വീർപ്പുമുട്ടിച്ചു.
പ്രാണനെ പറിച്ചെറിയാൻ ആണ് അവൾ ആവശ്യപ്പെടുന്നത്. തന്നെക്കൊണ്ട് അതിന് കഴിയില്ലെന്ന് അറിഞ്ഞിട്ടും…..
അന്ന് ഏറെ സന്തോഷത്തോടെ യാത്ര പുറപ്പെടുമ്പോൾ പിന്നീടൊരു ദുഃഖത്തിന്റെ കടൽ കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞില്ല. ബോധം വരുമ്പോൾ അവൾ icu. വിൽ ആയിരുന്നു.
നികത്താൻ കഴിയാത്ത നഷ്ടമായി പൊലിഞ്ഞ മോളുടെ ശരീരം അപ്പുറത്ത് തണുപ്പേറ്റ് കിടക്കുമ്പോൾ അവളെ ഒന്ന് ആശ്വസിപ്പിക്കാനോ സ്വയം ഒന്ന് ആശ്വസിക്കാനോ കഴിയാതെ അവൻ പിടയ്ക്കുന്ന ഹൃദയവുമായി ഇരുന്നു.
മോളെവിടെ എന്ന് ചോദിച്ചുകൊണ്ട് എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ ആണ് അവൾ അറിഞ്ഞത് താഴേക്ക് ഇനി ശൂന്യമാണെന്ന്.
കൈകൊണ്ടു വെറുതെ ഒരു പാഴ്ശ്രമം നടത്തി. ഇല്ല. ഇനി മോൾക്കൊപ്പം, ഏട്ടനൊപ്പം കൈപിടിച്ചു നടക്കാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം…….
കൂടെ നടക്കാൻ ഇനി മോളും ഇല്ലെന്നത് കൂടി അവളെ മരണവക്കോളം എത്തിച്ചിരുന്നു. അവസാനസമായി ഒരു നോക്ക് കണ്ടു അവൾ.
നിർജീവമായ പാതിശരീരവുമായി നില തെറ്റിയ മനസ്സിന്റെ നിശ്ച്ചലതയോടൊപ്പം സഞ്ചരിച്ചുകൊണ്ട്.
” അഭി, നീ ഈ കഞ്ഞി കുടിക്ക് ”
അവളുടെ ചുണ്ടിലേക്ക് കഞ്ഞി കോരി കൊടുക്കുമ്പോൾ വരണ്ട ചുണ്ടുകൾ അതെല്ലാം നിരസിച്ചു.
” കഞ്ഞിപോലും കുടിക്കാതെ എങ്ങനാ മോളെ ” എന്ന് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കും.
“പാതി ചത്തില്ലേ ഏട്ടാ… ഇനിയുള്ള പാതികൊണ്ട് ഒരു പ്രതീക്ഷയും ഇല്ലാത്ത ഈ ജീവിതത്തെ ങ്ങനെ വലിച്ചുനീട്ടി മടുത്തു. ഏട്ടന്റെ ജീവിതത്തിന് ഒരു ഭാരമായി കിടക്കാൻ എനിക്ക് വയ്യ. ഈ കിടപ്പ് കൊണ്ട് ഒന്നും നേടാനില്ലല്ലോ, നഷ്ട്ടപ്പെടുത്താനേ ഉള്ളു, ”
അവളുടെ വാക്കുകൾക്ക് ഇപ്പോൾ മുന്നത്തെക്കാൾ ഉറപ്പുള്ളത് പോലെ. ഒറ്റപ്പെടലുകൾ അവളെ മടുപ്പിച്ചുതുടങ്ങിയിരിക്കുന്നു.
” മോനെ, നീയിങ്ങനെ അവൾക്ക് കാവലിരുന്നിട്ട് എന്ത് കാര്യം. അല്ലെങ്കിൽ തന്നെ എത്ര നാളെന്നു വെച്ചാ ഈ ഇരിപ്പ്.? ഉള്ള ജോലി കൂടെ പോയാൽ പിന്നെ വിഷം കോരിക്കൊടുക്കേണ്ടി വരും.
ഞാൻ അന്നേ പറഞ്ഞതാ, ജാതകദോഷം ആണ്. ഈ കല്യാണം വേണ്ടെന്ന്. അപ്പൊ നൂറ് ന്യായങ്ങൾ ആയിരുന്നു, എന്നിട്ടിപ്പോ കണ്ടില്ലേ. ആഹ്.. ഇനി പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുകതന്നേ.”
അമ്മ ഉള്ളിലെ നീരസം മുഖത് നോക്കി വെട്ടിത്തുറന്ന് പറയുമ്പോൾ ഉള്ളിൽ എല്ലാം കേട്ട് കിടക്കുന്ന ഒരാളിണ്ടെന്ന് പറയണമെന്ന് തോന്നി അവന്.
” ദയവു ചെയ്ത് അമ്മ ഇതിലേക്ക് ജാതകവും ശനിയും പൊരുത്തവുമൊന്നും വലിച്ചിഴക്കരുത്. ഞങ്ങൾക്കിടയിൽ ഇല്ലാത്ത പൊരുത്തക്കേട് പറഞ്ഞുണ്ടാക്കാതിരുന്നാൽ മതി. ഇത്രേം ദിവസം ആയി. അമ്മ അവളെ ഒന്ന് തിരിഞ്ഞു നോക്കിയോ.
ഒന്ന് സ്നേഹത്തോടെ അടുത്തിരുന്നോ. ഒരു ആശ്വാസവാക്കെങ്കിലും…
അതിന് പകരം ഓരോ കുറ്റം കണ്ടുപിടിച്ചു മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എന്ത് കിട്ടാനാ… ”
മകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒന്ന് പതറിയെങ്കിലും അമ്മയ്ക്ക് പറയാൻ നൂറ് ന്യായങ്ങൾ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അമ്മയ്ക്ക് മുന്നിൽ സംസാരിച്ചു ജയിക്കാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൻ വേഗം അവൾക്ക് കുടിക്കാനുള്ള വെള്ളവുമായി റൂമിലേക്ക് നടന്നു.
റൂമിലെത്തുമ്പോൾ അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു. കണ്ണുനീർ ഒലിച്ചിറങ്ങിയ പാടുകൾ കഴുത്തിലൂടെ പരന്നത് അവൻ ഒരു തോർത്തിൽ ഒപ്പിയെടുക്കുമ്പോൾ അവളാ കയ്യിൽ പതിയെ പിടിച്ചു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കോ? ”
കാര്യമെന്തെന്ന് അറിയാൻ അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കുമ്പോൾ അവൾ നനഞ്ഞ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു
” ഏട്ടൻ വേറെ ഒരു വിവാഹം കഴിക്കണം ” എന്ന്.
” എന്നെ ഓർത്ത് ഏട്ടൻ വിഷമിക്കണ്ട. എന്നെ എന്റെ വീട്ടിലാക്കിയാൽ മതി. എനിക്ക് സന്തോഷമേ ഉളളൂ. എന്നിട്ട് വേറെ വേറൊരു വിവാഹം കഴിക്കണം.
അതാകുമ്പോൾ അമ്മയ്ക്ക് സഹായത്തിന് ഒരാളും ആകും. എന്നെകൊണ്ട് ഒന്നിനും കഴിയാത്തിടത്തോളം കാലം അത് അമ്മയ്ക്ക് ബുദ്ധിമുട്ടേ ഉണ്ടാക്കൂ. ഞാൻ കാരണം ഒരാളും…
അതുകൊണ്ട് മറുത്തൊന്നും പറയരുത്… ”
അവൾ അപേക്ഷയോടെ അവന്റെ കയ്യിൽ മുറുക്കെ പിടിക്കുമ്പോൾ അവൻ ഒരു വാക്ക് പോലും പറയാതെ അവളുടെ കൈ പതിയെ എടുത്തുമാറ്റി പുറത്തേക്ക് നടന്നു.
വാതിൽ കടക്കുമ്പോൾ എല്ലാം ചെവിയോർത് പുറത്ത് അമ്മ നിൽപ്പുണ്ടായിരുന്നു. പെട്ടന്ന് അവനെ കണ്ടപ്പോൾ മുഖത് വന്ന ജാള്യത മറയ്ക്കാൻ പാടുപെട്ട് കൊണ്ട് അമ്മ ഒന്ന് പുഞ്ചിരിച്ചു.
പക്ഷേ അവന്റെ മുഖത്ത് പുച്ഛം ആയിരുന്നു.
“ഒളിഞ്ഞു നിന്ന് കേൾക്കാൻ മാത്രം അവിടെ ഒന്നും ഇല്ലല്ലോ അമ്മേ ” എന്നവൻ പുച്ഛത്തോടെ പറയുമ്പോൾ അമ്മ അത് കേൾക്കാത്തപോലെ അവനോട് പറയുന്നുണ്ടായിരുന്നു,
“നീ എന്റെ കുറ്റം കണ്ടുപിടിക്കാതെ അവൾ പറയുന്നത് കേൾക്ക്. ഇപ്പോഴാണേൽ അവളുടെ സമ്മതത്തോടെ വേറൊരാളെ കൊണ്ടുവരാം.
അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി ആ ബാധ്യത ഒഴിപ്പിക്കേം ചെയ്യാം. ഇനിയും സ്നേഹവും സിമ്പതിയും പറഞ്ഞ് ങ്ങനെ കൊണ്ടുനടക്കാൻ ആണ് ഉദ്ദേശം എങ്കിൽ എന്റെ മോൻ അവസാനം മടുത്തുപോകും.
അതുകൊണ്ട് പറയാ.. അവളുടെ ആവശ്യം പോലെ നീയങ്ങു ചെയ്യ്. കക്ഷത്തുള്ളത് മെല്ലെ കളഞ്ഞിട്ട് ഉത്തരത്തിൽ ഉള്ളത് എടുക്കാൻ നോക്ക്. ”
അവൻ അമ്മയെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. മനസ്സ് ശാന്തമാക്കാൻ ആരുമില്ലാത്തൊരിടം കണ്ടെത്തി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവൻ ഏറെ ആലോചിച്ചു.
അമ്മയ്ക്ക് സഹായത്തിനു ഒരാൾ ഇല്ലെങ്കിൽ അതിന്റ കൂടെ ദേഷ്യം അവളോടാവും തീർക്കുക. അതിങ്ങനെ കിടന്ന കിടപ്പിൽ കരഞ്ഞുജീവിക്കുന്നതിലും ഭേദം….. ”
ഒരു തീരുമാനം എടുത്തായിരുന്നു അവൻ വീട്ടിലെത്തിയത്. പിന്നീടുള്ള ദിവസങ്ങൾ അതിനുള്ള ശ്രമവും ആയിരുന്നു .
അന്ന് അവളുടെ ഡ്രെസ്സുകൾ മുഴുവൻ പാക് ചെയ്യുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു ” നാളെ ഒരാൾ എന്റെ കൂടെ വരും ” എന്ന്.
അവളാദ്യം ഒന്ന് ഞെട്ടിയെങ്കിലും പതിയെ പുഞ്ചിരിച്ചു.
നിന്റ ആവശ്യം ഉള്ള ഡ്രസ്സ് ഒക്കെ ബാഗിൽ ആക്കുന്നുണ്ട്. നാളെ അവൾ വന്നു കഴിഞ്ഞാൽ…”
അവൻ വാക്കുകൾ മുഴുവനാക്കാതെ അവളുടെ മുടിയിലൂടെ തലോടുമ്പോൾ അവളാ കയ്യിൽ മുറുക്കെ പിടിച്ചു. പിന്നെ ആ കൈ കവിളിലേക്ക് ചേർത്ത് കണ്ണടച്ച് കിടന്നു.
ഇനി ഒരു വാകിന്റെയോ നോക്കിന്റെയോ ആവശ്യമില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.
രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോയ അവനൊപ്പം ഒരു പെണ്ണ് കൂടി കേറിവരുമ്പോൾ അമ്മ സന്തോഷത്തോടെ ഉമ്മറത്തേക്ക് വന്ന് ആ പെണ്ണിനെ ചേർത്ത് പിടിച്ചു.
” നല്ല മോള്. കണ്ടാലേ നല്ല ഐശ്വര്യമുണ്ട്. ”
അമ്മയുടെ വാക്കുകൾ കേട്ട് അവൻ പുഞ്ചിരിച്ചു.
” നീ അകത്തേക്ക് ചെല്ല് ” എന്നും പറഞ്ഞ് പോയത് ഭാര്യയുടെ മുറിയിലേക്ക് ആയിരുന്നു.
” എന്നാ പോകാം ”
അവനെ പ്രതീക്ഷിച്ചിരിക്കുന്ന അവൾ പോകാം എന്ന് തലയാട്ടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. പതിയെ അവളെ എടുത്തവൻ വീല്ചെയറിലേക്ക് ഇരുത്തി.
അതിൽ ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവളത് പുറത്ത് കാണിച്ചില്ല. പതിയെ അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മ മുന്നിൽ പോലും വരാത്തത് അവളെ വിഷമിപ്പിച്ചു.
പതിയെ അവളെ പുറത്തേക്ക് കടത്തി മുറ്റത് നിൽക്കുന്ന വാഹനത്തിനരികിലേക്ക് എത്തിച്ചു അവൻ. പിന്നെ താങ്ങിയെടുത്ത് സീറ്റിലേക്ക് ഇരുത്തി.
” ഞാൻ ഇപ്പോൾ വരാം ” എന്നും പറഞ്ഞ് തിരികെ പോന്നവൻ കയ്യിൽ രണ്ട് ബാഗുമായി കാറിൽ കേറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു.
ആരോടും യാത്ര പറയാതെ വണ്ടി മുന്നോട്ട് എടുത്തു അവൻ. വീട്ടിലേക്കുള്ള വഴി കടന്ന് മുന്നോട്ട് പോകുമ്പോൾ ഏതോ ലോകത്തെന്നപോലെ ഇരിക്കുന്ന അവനെ തോണ്ടി വിളിച്ചു അവൾ.
“ഏട്ടാ.. വീട്ടിലേക്കുള്ള വഴി കഴിഞ്ഞു ”
അവളുടെ അമ്പരപ്പ് നിറഞ്ഞ മുഖത്തേക്ക് നോക്കി അവൻ ചിരിച്ചു.
“അങ്ങനെ ഒരുപാട് വഴികൾ ഇനിയും കഴിയും. അതങ്ങനെ കഴിയട്ടെന്നേ.. നമുക്കിങ്ങനെ ഒരു യാത്ര പോകാം. അമ്മയ്ക്ക് ആവശ്യം ഒരു ജോലിക്കാരിയെ ആണ്.
അങ്ങനെ ഒരാൾ ഇപ്പോൾ വീട്ടിലുണ്ട്. ഇനി ഞാൻ കെട്ടിയ പെണ്ണാണെന്ന് കരുതി ഇച്ചിരി സ്നേഹം അതിന് കിട്ടിയാൽ കിട്ടിക്കോട്ടെന്നെ. നമ്മടെ ഈ യാത്ര കഴിഞ്ഞു വരുന്നത് വരെ എങ്കിലും.
പിന്നെ നിന്റ കാര്യങ്ങൾ കൂടെ അവൾ നോക്കിക്കൊള്ളും. മാസം നല്ലൊരു ശമ്പളം കൊടുത്താൽ മതിയല്ലോ, താലി കെട്ടി കൂടെ പൊറുപ്പിക്കാൻ ഇനിയൊരു പെണ്ണിന്റ ആവശ്യം എനിക്കില്ല.
അതിപ്പോ പൊരുത്തം ഇച്ചിരി കുറഞ്ഞാലും സാരമില്ല, എനിക്ക് നീ മതി… മനപ്പൊരുത്തത്തെക്കാൾ വലുതല്ലല്ലോ മറ്റുള്ളവർ എഴുതിവെച്ച ജാതകപ്പൊരുത്തം. ”
അവൾക്ക് എന്ത് പറയണം എന്ന് അറിയുന്നില്ലായിരുന്നു. ആ കണ്ണുകൾ ഇങ്ങനെ നിറഞ്ഞൊഴുകിയതല്ലാതെ…. ഒരു സ്നേഹത്തിന്റെ കടൽ ഒഴുകുംപ്പോലെ..