ഭർത്താവിൽ മരിച്ചിട്ട് ഇത്രയും കാലം നീ കഷ്ടപ്പെട്ട് മൂന്നു മക്കളെ വളർത്തിയില്ലേ. ഇനിയിപ്പോൾ നിനക്കല്പം വിശ്രമം ആവാം… നല്ല ബന്ധമാണ്…. ഒരുപാട് ആലോചിക്കാതെ എങ്ങനെ

(രചന: സൂര്യ ഗായത്രി)

ഒരുപാട് ഒന്നും ആലോചിക്കേണ്ട സുമിത്രെ ഒരാളെങ്കിലും ഇവിടെ നിന്ന് ഇറങ്ങി പോട്ടെ..

എന്നാലും അമ്മാവാ അയാൾക്ക് ഒരു മോൻ ഉള്ളതല്ലേ….. അതും അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു.

അവൾക്കു 18 വയസ്സായതല്ലേ ഉള്ളൂ … കുറച്ചുകൂടി ചെറുപ്പക്കാരനായ ഒരാളെ കിട്ടില്ലേ….

എന്റെ സുമിത്ര 40 വയസ്സൊക്കെ പറഞ്ഞാൽ അത് അധികം പ്രായമുള്ളതാണോ….ഇട്ടു മൂടാനുള്ള സ്വത്ത് അയാൾക്കുണ്ട്. ഈ വിവാഹം കഴിഞ്ഞാൽ താഴെയുള്ള രണ്ട് കുട്ടികളുടെ വിവാഹത്തിന് അയാൾ സഹായിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

ഭർത്താവിൽ മരിച്ചിട്ട് ഇത്രയും കാലം നീ കഷ്ടപ്പെട്ട് മൂന്നു മക്കളെ വളർത്തിയില്ലേ. ഇനിയിപ്പോൾ നിനക്കല്പം വിശ്രമം ആവാം… നല്ല ബന്ധമാണ്…. ഒരുപാട് ആലോചിക്കാതെ എങ്ങനെ എങ്കിലും നടത്തിയെടുക്കാൻ നോക്കു.

എന്തായാലും അമ്മാവാ മോളോടും കൂടി ചോദിക്കാതെ ഞാൻ എങ്ങനെ മറുപടി പറയും…അവളല്ലേ അവന്റെയൊപ്പം കഴിയേണ്ടത്……

നീ മക്കളേ വളർത്തി വഷളാക്കി കളഞ്ഞു…ഇതിനെല്ലാം അഭിപ്രായം മക്കളോട് ചോദിക്കേണ്ട കാര്യമുണ്ടോ…

കാര്യമുണ്ട്…… അമ്മാവാ..

അവൾ അടുത്ത വീട്ടിലെ രണ്ടു കുട്ടികൾക്ക് ട്യൂഷൻ പറഞ്ഞു കൊടുക്കാൻ പോയതാ.വരാൻ കുറച്ചു വൈകും ഞാൻ അവളോട്‌ ചോദിച്ചു അഭിപ്രായം അറിഞ്ഞിട്ടു അമ്മാവനെ അറിയിക്കാം.

ആലോചിച്ചു നല്ലൊരു മറുപടി കാത്തുവച്ചേക്കു ഞാൻ നാളെ വരാം.

സുമിത്ര അമ്മുവിനെയും കാത്തിരുന്നു….

എന്താ അമ്മു ഇത്രേം വൈകിയേ…. എത്ര നേരമായി…. പോയിട്ട്…

ഈ കാത്തിരിപ്പു പതിവില്ലാത്തതാണല്ലോ.. ഇന്നെന്തുപറ്റി അമ്മേ…

രാഘവൻ അമ്മാവൻ വന്നിരുന്നു നിനക്കൊരു വിവാഹകാര്യവും ആയാണ് വന്നത്.

അയാൾക്ക് ഒരു മകനുണ്ട് . ആ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുന്നു. അയാൾക്ക്‌ പ്രായം കുറച്ചു കൂടുതൽ ആണെങ്കിലും നല്ല ബന്ധമാണെന്നാണ് പറയുന്നത്…

ഈ വിവാഹം നടന്നു കഴിഞ്ഞാൽ ഈ വീടും രക്ഷപ്പെടും താഴെയുള്ള അനുവിനും ഗീതുവിനും കൂടി നല്ലതാണ് എന്നാണ് അമ്മാവൻ പറയുന്നത്…

എന്താ അമ്മെ പെട്ടെന്ന് ആലോചനയൊ ക്കെ അമ്മയ്ക്ക് ഞാനൊരു ഭാരമായോ..

അങ്ങനെയാണോ അമ്മ പറഞ്ഞത് അമ്മാവൻ ഒരു ആലോചന കൊണ്ടുവന്നു പറഞ്ഞു കേട്ടപ്പോൾ നിന്റെ അഭിപ്രായം അറിഞ്ഞിട്ട് മറുപടി പറയാമെന്ന് വിചാരിച്ചു അത്രയേ ഉള്ളൂ..

എനിക്കിപ്പോൾ കല്യാണത്തിന് താല്പര്യം ഇല്ലമ്മേ.. കുറച്ചു കൂടി പഠിക്കണം ഡിഗ്രി കംപ്ലീറ്റ് ചെയ്യണം.. അതിനുശേഷം ജോലി….

അമ്മയെകൊണ്ട് അത്രയും കൂട്ടിയാൽ കൂടില്ല മോളെ…… ഇപ്പോൾ തന്നെ…

എന്നെ പഠിപ്പിക്കാൻ അമ്മക്ക് കാശ് ചിലവാകില്ല. എനിക്ക് സ്കോളർഷിപ് ഉണ്ട്.. അതുകൊണ്ട് ചിലവില്ല.. ഒരു സ്പോൺസർ കൂടി ഉണ്ട്… എനിക്കിപ്പോൾ വിവാഹം വേണ്ടാ.. അമ്മ അമ്മാവനെ പറഞ്ഞു മനസിലാക്കണം….

എനിക്കുറപ്പുണ്ട് ഒരു ജോലിക്കൂടി എനിക്ക് കിട്ടുന്നത്തോടെ നമ്മൾ രക്ഷപെടും.

മോളുടെ ആത്മവിശ്വാസം കണ്ടപ്പോൾ അമ്മക്ക് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല.

കൃത്യം മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അമ്മാവൻ വന്നു.

എന്തായി നിന്റെ മോളുടെ തീരുമാനം

അമ്മാവാ അവൾക്കു പഠിച്ചു ജോലിവാങ്ങണം എന്നാണ് ആഗ്രഹം അതുകൊണ്ട് ഇപ്പോൾ വിവാഹം വേണ്ടെന്നാണ്….

നീയത് സമ്മതിച്ചു കൊടുത്തോ….. എല്ലാം മക്കളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്നത് നന്നല്ല… നല്ലൊരു ആലോചന ആയിരുന്നു… പറഞ്ഞിട്ട് കാര്യമില്ല.

ഞാനൊരു കാപ്പി എടുക്കാം……..

ഓ വേണ്ടാ സുമിത്രെ….. ഇത് നടന്നിരുന്നേൽ എനിക്കും വല്ലതും കിട്ടുമായിരുന്നു.. അതുകൊണ്ട് മോളുടെ കാര്യം നോക്കാമെന്നു കരുതി…

പറഞ്ഞതുപോലെ അവൾക്കു പത്തിരുപതു വയസായില്ലേ… അവൾക്കു ആലോചിക്കാമല്ലോ.

അത്… അതുപിന്നെ അവൾക്കതു ചേരില്ല.അവൾക്കു ഞാൻ വേറൊരു വിവാഹം നോക്കിയിരിക്കുകയാണ്. പയ്യന് ജോലിയുണ്ട് അവർ തമ്മിൽ ഇഷ്ടത്തിലാണ്….

ഇത് നടന്നാൽ വല്ലതും തരാമെന്നയാൾ പറഞ്ഞു അതാണ് ഞാൻ…. അമ്മാവൻ ഇറങ്ങി നടന്നു…

അമ്മുവിന്റെ ഡിഗ്രി പഠനം കഴിഞ്ഞു.. അവൾക്കു അടുത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ ചെറിയൊരു ജോലി കിട്ടി കുട്ടികളെ പഠിപ്പിക്കാൻ.. അതിൽ കിട്ടുന്ന ചെറിയ വരുമാനം വീട്ടിൽ ചെലവുകൾക്കും മറ്റുമായി ഉപയോഗിക്കാൻ തുടങ്ങി.

ഇതിനിടയിൽ കമ്പ്യൂട്ടർ പഠിച്ചതുകൊണ്ട് കുറച്ചു വർക്കുകൾ കിട്ടിത്തുടങ്ങി അത് കൃത്യമായി ചെയ്തു കൊടുക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്നും ഒരു വരുമാനം കിട്ടിത്തുടങ്ങി.

ഇപ്പോൾ കാര്യങ്ങൾ ഒരുവിധം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്….

ഞായറാഴ്ച ദിവസങ്ങളിൽ പിഎസ്സിയുടെ കോച്ചിംഗ് ക്ലാസിനും കൂടി ചെന്ന് ചേർന്നു
മൂന്നു ടെസ്റ്റ് എഴുതി ഇതുവരെയും ഒന്നും ആയിട്ടില്ല റിസൾട്ട്നു വേണ്ടി കാത്തിരിക്കുകയാണ്.

psc കോച്ചിംഗ് സെന്ററിലെ ഒരു അദ്ധ്യാപകന് അമ്മുവിനോട് ഒരു താൽപര്യം തോന്നി അദ്ദേഹം അത് അവളോട് നേരിട്ട് പറയുകയും ചെയ്തു.

ഈ കാര്യങ്ങൾക്കൊന്നും ഞാൻ മറുപടി പറയില്ല സാർ എന്റെ കാര്യങ്ങൾക്കെല്ലാം തീരുമാനമെടുക്കുന്നത് അമ്മയാണ്. സാറിന് അങ്ങനെ ഒരു താല്പര്യം ഉണ്ടെങ്കിൽ വീട്ടിൽ വന്ന് അമ്മയോട് സംസാരിക്കണം.

വളരെ വൈകാതെ തന്നെ അയാൾ അമ്മയുമായി അമ്മുവിന്റെ വീട്ടിലെത്തി.
അവരുടെ വീടും ചുറ്റുപാടും കണ്ടതിൽ നിന്ന് തന്നെ ആ വീട്ടിലെ ബുദ്ധിമുട്ടും അവസ്ഥയും അയാളുടെ അമ്മയ്ക്ക് മനസ്സിലായി.

എനിക്ക് ആണും പെണ്ണും ആയി ഇവൻ മാത്രമേയുള്ളൂ. ഇവന്റെ അച്ഛന്റെ മരണത്തിനുശേഷം വളരെ കഷ്ടപ്പെട്ടാണ് ഞാൻ ഇവനെ വളർത്തിയതു. ദൈവം സഹായിച്ചു അവനിപ്പോൾ ഒരു ഗവണ്മെന്റ് ജോലിയുണ്ട്. അവനു ഈ കൊച്ചിനെ ഇഷ്ടമാണ്.

സുമിത്രക്കു സമ്മതം ആണെങ്കിൽ നമുക്ക് ഈ വിവാഹം നടത്താം. പൊന്നും പണവും ഒന്നും വേണ്ട..എനിക്ക് നിന്റെ മകളെ മാത്രം മതി.. ഞാനെന്റെ മോളായി നോക്കിക്കോളാം.

എന്റെ മോൻ ഒറ്റയ്ക്കാണ് വളർന്നത്. അതുകൊണ്ടുതന്നെ അവനു കൂട പിറക്കുകളുടെ സ്നേഹം ലഭിച്ചിട്ടില്ല അമ്മുവിന്റെ അനിയത്തിമാരെ അവൻ സ്വന്തം അനിയത്തിമാരെ പോലെ കരുതും നമുക്കൊരു കുടുംബം പോലെ സന്തോഷത്തോടുകൂടി താമസിക്കാം.

ഞാൻ മാത്രമാണ് സംസാരിക്കുന്നതു സുമിത്ര അഭിപ്രായം ഒന്നും പറയുന്നില്ലല്ലോ..

ഞാനെന്തു പറയാനാണ് എനിക്ക് സന്തോഷമേയുള്ളൂ. സ്വന്തക്കാരെന്നു പറയാൻ ആകെ ഒരു അമ്മാവൻ മാത്രമേ ഉള്ളൂ അദ്ദേഹത്തോട് ഒന്ന് സംസാരിക്കണം.

മുൻപൊരിക്കൽ അമ്മുവിനെ ഒരാലോചനയുമായി ഇവിടെ വന്നിരുന്നു അത് നടക്കില്ലെന്നറിഞ്ഞ് അന്ന് പോയതാണ് പിന്നെ ഒന്ന് രണ്ട് വർഷമായി ഇങ്ങോട്ട് കാണാനേയില്ല..

അവിടെ വരെ ചെന്ന് ഈ വിവരം ഒന്നും പറയണം…

മതി എന്തായാലും വിവരം ഞങ്ങളെ അറിയിച്ചാൽ മതി.

അടുത്ത ദിവസം തന്നെ സുമിത്ര അമ്മാവനെ കാണുന്നതിനു വേണ്ടി പുറപ്പെട്ടു.

ആ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ ഉമ്മറത്തെ കസേരയിൽ ചാരി ഇരിപ്പുണ്ട് അമ്മാവൻ. സുമിത്രയെ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല..

ഞാൻ അമ്മാവനോട് ഒരു കാര്യം പറയുന്നതിന് വേണ്ടി വന്നതാണ്. അമ്മുവിന് ഒരു ആലോചന വന്നിട്ടുണ്ട് സ്കൂളിലെ മാഷ് ആണ്.. അവർക്ക് പൊന്നും പണവും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതിയെന്നാണ് പറയുന്നത്.

അന്വേഷിച്ചപ്പോൾ നല്ല ആൾക്കാരാണ് അതുകൊണ്ട് നടത്തിയാലോ എന്നാണ് ആലോചിക്കുന്നത്. അമ്മാവൻ വന്ന് നിന്ന് വേണ്ട എല്ലാം ചെയ്തു തരണം.
എവിടെ കർത്തിക അവളെ കണ്ടില്ലല്ലോ കുറെ കാലമായി അവളെ ഒന്ന് കണ്ടിട്ട്..

അമ്മാവൻ നെടുവീർപ്പോടുകൂടി കസേരയിൽ എഴുന്നേറ്റിരുന്നു. തോളിലെ തോർത്തുപിടിച്ച് കണ്ണുകളൊപ്പി..

അവൾ പോയി സുമിത്രേ ഒരു വർഷമായി അവൾ മരിച്ചിട്ട്.

അന്ന് ഞാൻ നിന്റെ മകൾക്ക് വേണ്ടി കൊണ്ടുവന്നില്ലേ ഒരു ആലോചന അയാൾക്ക് അവളെ കല്യാണം കഴിച്ചു കൊടുത്തു. അവൻ ഒരു ദുഷ്ടനായിരുന്നു അറിയാൻ വൈകി.മോൾക്ക്‌ ഒരാളുമായി ഇഷ്ടം ഉണ്ടായിരുന്നു.

ഞാൻ അത് സമ്മതിച്ചതുമാണ്.. പക്ഷെ ഇവന്റെ സ്വത്തും പണവും കണ്ടു കണ്ണ് മഞ്ഞളിച്ചു പോയി…. അയാൾ വിതുമ്പി..

പോകുന്ന നാട്ടിൽ എല്ലാം ഓരോ പെണ്ണ് അതായിരുന്നു അവന്റെ കണക്ക്. വീട്ടിലെ ജോലിക്കാരെ പോലും വെറുതെ വിടില്ല അതെന്റെ മോൾ കണ്ടുപിടിച്ചു.

കൊന്നു കെട്ടി തൂക്കിയതാണ് എന്നൊക്കെയാണ് ആൾക്കാർ പറയുന്നത്. എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല… എന്റെ മോളെ എനിക്ക് നഷ്ടപ്പെട്ടു…

അവൾക്കൊട്ടും ഇഷ്ടമില്ലാത്തതായിരുന്നു ഞാൻ നിർബന്ധിച്ചാണ് ഈ ബന്ധത്തിലേക്ക് തള്ളിവിട്ടത്. നിന്റെ തീരുമാനമായിരുന്നു സുമിത്ര നല്ലത്.. ജീവിക്കേണ്ടതു അവരല്ലേ അവരുടെ തീരുമാനമാണ് ഉചിതം…

നിന്റെ മകൾക്ക് നല്ലൊരു ഭാവിയുണ്ടാ യല്ലോ….ദൈവം അനുഗ്രഹിക്കട്ടെ… ഇപ്പോഴത്തെ അവസ്ഥയിൽ വരാൻ കഴിയില്ല പക്ഷേ എങ്കിലും എന്റെ പ്രാർത്ഥന കാണും…

തിരികെ ഇറങ്ങി വരുമ്പോൾ അന്ന് തന്റെ മകൾ എടുത്ത് തീരുമാനം എത്ര ശരിയായിരുന്നു എന്ന് സുമിത്രക്ക് മനസ്സിലായി..

എടുത്തുചാടി ഓരോന്ന് ചെയ്തു കഴിയുമ്പോൾ ഇതുപോലെത്തെ വിഷമവും നമ്മൾ കാണേണ്ടിവരും.. സമാധാനപൂർവ്വം എന്ത് ചെയ്താലും അത് വിജയിക്കും…

Leave a Reply

Your email address will not be published. Required fields are marked *