ദേവദുര്‍ഗ്ഗ
(രചന: Dhipy Diju)
‘ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം… പിന്നേം ചാടിയാല്‍ ചട്ടീല്…’
‘അതു തന്നെ… ഇവള്‍ നമ്മളെയൊക്കെ എന്തു ഉണ്ടാക്കുമെന്നാ പറയണേ…??? വെറുമൊരു പെണ്ണാണ്… നമ്മള്‍ ചവച്ചു തുപ്പിയ വെറും ചണ്ടി…’
അര്‍ദ്ധനഗ്നയായി കിടക്കുന്ന ദുര്‍ഗ്ഗയെ നോക്കി അവര്‍ ആര്‍ത്തു ചിരിച്ചു.
‘അല്ലേലും ഇവള്‍ക്കൊക്കെ വേണ്ടി ചോദിക്കാന്‍ ആരുണ്ടായിട്ടാ… ഇവനെ വിശ്വസിച്ചു അനാഥാലയത്തില്‍ നിന്നു ചാടി പോന്നതല്ലേ…??? ഇനി തിരിച്ചു ചെന്നാല്‍ അവര്‍ കൈനീട്ടി സ്വീകരിക്കുമെന്നോര്‍ത്താണോ…??? നീയൊന്നും ജീവിക്കേണ്ടെടീ… പോയി ചാകാന്‍ നോക്കൂ… അതാ നിനക്ക് നല്ലത്…’
‘പോലീസ് കേസ് കൊടുക്കാമെന്നു വല്ല ചിന്ത ഉണ്ടെങ്കില്‍ പൊന്നുമോളെ… നീ വെറും ‘ഇര’ മാത്രമാകും…
പത്രക്കാര്‍ക്കും വക്കീലന്മാര്‍ക്കും വീണ്ടും വീണ്ടും തുണിയുരിയാന്‍ ഒരു പ്രദര്‍ശനവസ്തു… അത്ര തന്നെ… നല്ല ചുള ഇറക്കി നിന്‍റെ മുന്നിലൂടെ തന്നെ ഞങ്ങളൊക്കെ പുഷ്പം പോലെ ഇറങ്ങി പോരുകയും ചെയ്യും… എന്താ വല്ല സംശയവുമുണ്ടോ…???’
‘ഇതാ എടുത്തോ… തല്‍ക്കാലം നിന്‍റെ ഇന്നത്തെ ദിവസത്തെ കൂലിയായി കണക്കാക്കി ഒരക്ഷരം മിണ്ടാതെ ഇവിടുന്നു ചാലാകാന്‍ നോക്കു മോളെ…’
കൂട്ടത്തില്‍ ഒരുവന്‍ കുറച്ചു നോട്ടുകള്‍ അവള്‍ക്ക് നേരെ എറിഞ്ഞു കൊടുത്തു പുറത്തേക്കിറങ്ങി. ഒരിക്കല്‍ കൂടി അവളെ തിരിഞ്ഞു നോക്കി അവന്‍ തുടര്‍ന്നു.
‘അപ്പോള്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ…??? ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കാന്‍ മുതിര്‍ന്നാല്‍ പൊന്നു മോളെ… നീയൊന്നും പിന്നെ ഈ ലോകം കാണില്ല…’
അവന്‍ ചൂണ്ടുവിരല്‍ താക്കീത് നല്‍കും പോലെ ചുഴറ്റി പിന്‍തിരിഞ്ഞു മറ്റുള്ളവരുടെ ഒപ്പം ഇറങ്ങി പോയി.
ദുര്‍ഗ്ഗയുടെ കണ്ണുകളില്‍ നിന്നും അശ്രുകണങ്ങള്‍ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു. എഴുന്നേറ്റു നിന്നിട്ട് കാലുകള്‍ വേച്ചു പോകുന്നു. ചെന്നായ്ക്കള്‍ കീറിയെറിഞ്ഞ അവളുടെ വസ്ത്രങ്ങള്‍ അവള്‍ പെറുക്കിയെടുത്തു ഉടുത്തു. ദേഹമാസകലം നീറുന്നു.
തറയില്‍ ചിതറി കിടക്കുന്ന നോട്ടുകളിലേയ്ക്ക് അവള്‍ അവജ്ഞയോടെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു.
‘ഹും… നിഷ്കളങ്കപ്രണയത്തിന് ലഭിച്ച സമ്മാനം…’
അവള്‍ക്ക് സ്വയം വെറുപ്പു തോന്നി. വെളിയിലെ ഇരുട്ടിലേയ്ക്ക് എഴുന്നേറ്റു നടക്കുമ്പോള്‍ അവളുടെ മനസ്സു മുഴുവന്‍ ആത്മഹത്യ എന്ന ഒരു ചിന്ത മാത്രമായിരുന്നു.
ഇരുളിന്‍റെ മറകീറി മുന്നോട്ടു നീങ്ങവേ അവളുടെ കണ്ണുകള്‍ ഒരു കാഴ്ച്ചയില്‍ ഉടക്കി.
മതിലില്‍ ഒട്ടിച്ചിരിക്കുന്ന ഒരു പോസ്റ്റര്‍. ‘നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ…’
ഒരായിരം കത്തിച്ച മെഴുകുതിരികള്‍ക്കിടയില്‍ കണ്ട ആ വാക്കുകള്‍ അവളെ ഒന്നു ചിന്തിപ്പിച്ചു.
‘വധശിക്ഷ… അവളുടെ ജീവന്‍ കളയേണ്ടി വന്നു ആ കാമഭ്രാന്തന്മാര്‍ക്ക് വധശിക്ഷ നേടി കൊടുക്കാന്‍… എന്നിട്ടും… ഞാനടക്കം എത്രയോ പെണ്‍കുട്ടികള്‍… കുഞ്ഞുങ്ങള്‍ ദിവസവും പലരുടെയും കാമവെറിക്ക് പാത്രമാകുന്നു… എല്ലാം കഴിഞ്ഞു മാനം നഷ്ടപ്പെട്ട പെണ്ണുങ്ങള്‍ മാനഹാനി എന്ന പേടിയില്‍ ഒന്നുകില്‍ എല്ലാം മറച്ചു വച്ചു ജീവിക്കുന്നു…
ജീവിതം മുഴുവന്‍ എരിഞ്ഞെരിഞ്ഞ്… അല്ലെങ്കില്‍ ആത്മഹത്യ… എന്തു കൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് മാത്രം എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ…??? ആണുങ്ങള്‍ ആണ് എന്ന ഹുങ്കും നിയമം വിലയ്ക്ക് വാങ്ങാനാകും എന്ന ചിന്തയുമല്ലേ ഇവന്മാരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്…??? പെണ്ണ് മനസ്സു മുഴുവന്‍ നല്‍കി സ്നേഹിച്ചാലും അവളുടെ ശരീരത്തെ മാത്രം കാംക്ഷിക്കുന്ന അധമന്മാര്‍…!!!’
‘ചിന്ത വരണം ഇവര്‍ക്ക് കൂടി… പെണ്ണിനെ കാമക്കണ്ണോടെ തൊട്ടാല്‍ കൈ പൊള്ളുമെന്ന്… ഞാന്‍ ആത്മഹത്യ ചെയ്തു അവന്മാരെ അങ്ങനെ വിജയിക്കാന്‍ വിടണോ…??? വേണ്ട… അവര്‍ അനുഭവിക്കണം… മനസ്സിലാക്കണം ഒരു പെണ്ണിനെ കൊണ്ട് എന്തു സാധിക്കുമെന്ന്…’
ചിലകാര്യങ്ങള്‍ മനസ്സില്‍ തീരുമാനിച്ചു ഉറപ്പിച്ചു അവള്‍ ആ രാത്രി യാത്ര തിരിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ‘റാണി ദുര്‍ഗ്ഗാവതി’ എന്ന ഒരു ഐഡിയില്‍ നിന്ന് ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. മുഖം മറച്ചു ഒരു റാണിയെ പോലുള്ള വേഷം ധരിച്ച്
‘ഹലോ ഫ്രണ്ട്സ്… ഞാന്‍ ദുര്‍ഗ്ഗ… പഴങ്കഥകളിലെ ധീരപോരാളി… റാണി ദുര്‍ഗ്ഗാവതി… എന്‍റെ പ്രായത്തില്‍ ഉള്ള പല പെണ്‍കുട്ടികള്‍ക്കും സംഭവിക്കുന്നതു പോലെ ഒരു അബദ്ധം എനിക്കും സംഭവിച്ചു… എന്താണെന്നല്ലേ…???
കപടപ്രണയം കാട്ടി വന്ന ഒരുത്തനെയങ്ങ് കണ്ണടച്ചു വിശ്വസിച്ചു… ഒരുമിച്ചു ജീവിക്കാന്‍ ഇറങ്ങി വരണം എന്നു പറഞ്ഞപ്പോള്‍ കൂടെ ഇറങ്ങി പോയി… ഇവിടെ വരെ എന്‍റെ തെറ്റ്… ഇവിടെ വരെ മാത്രം….!!!’
അവള്‍ ഒന്നു നിര്‍ത്തി.
‘ഞാന്‍ ജീവനേക്കാള്‍ വിശ്വസിച്ച അവനും അവന്‍റെ കൂട്ടുകാരും ചേര്‍ന്ന് എന്നെ ഒരു രാത്രി മുഴുവന്‍ മാറി മാറി ഉപയോഗിച്ചു… എന്നെ അവിടെ ഉപേക്ഷിച്ചു പോകുമ്പോള്‍ അവന്മാര്‍ എന്നോടു പറഞ്ഞിരുന്നു… ഒന്നുകില്‍ ചാകാന്‍… അല്ലെങ്കില്‍ ആരോടും ഒരക്ഷരം മിണ്ടാതിരിക്കാന്‍…
കാരണം അവന്മാര്‍ക്ക് നന്നായി അറിയാമായിരുന്നു നമ്മുടെ നിയമങ്ങളിലെ പഴുതുകളെ കുറിച്ച്… പരാതിയുമായി ചെല്ലുന്ന പെണ്‍കുട്ടികളെ വലിച്ചു കീറുന്ന നമ്മുടെ മാധ്യമധര്‍മ്മത്തെക്കുറിച്ച്… അതു തന്നെയല്ലേ എല്ലായിടത്തും നടക്കുന്നത്…??? തങ്ങള്‍ ഇങ്ങനെ ചെയ്താലും ചോദിക്കാന്‍ ആരുമില്ലെന്ന ദാര്‍ഷ്ട്യം…’
ഒരു പുച്ഛച്ചിരി അവളുടെ ചുണ്ടുകളില്‍ വിടര്‍ന്നു.
‘എന്നാല്‍ ഇനി അങ്ങനെ ഉണ്ടാവില്ല…’
അവള്‍ കറുത്ത കവര്‍ വച്ചു തല മൂടപ്പെട്ടു കസേരകളില്‍ കെട്ടിയിട്ട മൂന്നു പേരെ ക്യാമറ തിരിച്ചു കാണിച്ചു.
‘ഒരു പക്ഷേ ഞാന്‍ പിടിക്കപ്പെട്ടേക്കാം… മറ്റുള്ളവരുടെ കണ്ണില്‍ തെറ്റുകാരി ആയേക്കാം… എന്നാല്‍…ഇനി ഇങ്ങനെയുള്ളവന്മാരെ ശിക്ഷിക്കാന്‍ ആയിരം ദുര്‍ഗ്ഗാവതിമാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും… ഒരു പെണ്ണിനെ കാമത്തോടെ തൊടാന്‍ ഏതൊരുവനും ഭയപ്പെടുന്ന രീതിയില്‍… അതിന് ഇത് ഒരു താക്കീതാവട്ടെ…’
അവള്‍ കൈയ്യിലിരുന്ന തീപ്പെട്ടി ഉരച്ചു ആ മൂന്നു പേരുടെ അടുത്തേക്ക് എറിഞ്ഞു. നിമിഷങ്ങള്‍ കൊണ്ട് അവര്‍ എരിഞ്ഞു ചാരമായി.
‘നിയമങ്ങളില്‍ ഉള്ള പഴുതുകള്‍ എന്നു മൂടപ്പെട്ടു നീതി നടപ്പാകുന്നോ അതു വരെ റാണി ദുര്‍ഗ്ഗാവതി ഉണ്ടാകും… നിങ്ങള്‍ക്കിടയില്‍… ഓരോ പെണ്ണിനും സംരക്ഷണവലയമായി…. അതു കൊണ്ട് കാമവെറിയന്മാരെ… ജാഗ്രതൈ…!!!’